Sunday 3 June 2018

64. ഏഹൂദും ഷംഗൂറും


ബൈബിള്‍ക്കഥകള്‍ - 64

ഒത്ത്നിയേലിൻ്റെ മരണത്തോടെ, ഇസ്രായേൽ വീണ്ടും കർത്താവിനെ മറന്നുതുടങ്ങി. ബാൽദേവനേയും അഷേരാദേവിയേയും അവർ വീണ്ടും ആരാധിച്ചു. ബാലിൻ്റെയും അഷേരയുടേയും ഉത്സവദിനങ്ങൾ ഇസ്രായേലിൽ അത്യുത്സാഹത്തോടെ കൊണ്ടാടി. കർത്താവിൻ്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. 

മൊവാബിലെ രാജാവായിരുന്ന എഗലോനെ കർത്താവു ശക്തിപ്പെടുത്തി. അമോന്യരും അമലേക്യരും അവന്റെ സഖ്യകക്ഷികളായി. അഹലോൻ തൻ്റെ സഖ്യരാജ്യങ്ങളോടുചേർന്നു് ഇസ്രായേലിനെയാക്രമിച്ചു.

പ്രതിരോധത്തിനു നേതൃത്വംനല്കാൻ ഇസ്രായേലിൽ ആരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചെറുത്തുനില്പുകൾക്ക് നാഴികകളുടെ ആയുസ്സുപോലുമുണ്ടായതുമില്ല. എഗലോൻ്റെ സൈനികർ ഇസ്രായേലിൻ്റെ മുക്കുംമൂലയുംവരെ തങ്ങളുടെ നിയന്ത്രണത്തിലായി.

കാലം, മുമ്പോട്ടുള്ള പ്രയാണംതുടർന്നു. എഗലോൻ ഇസ്രായേലിനെ ഉരുക്കുമുഷ്ടികളാൽ ഞെരിച്ചു. ഇസ്രായേലിലെ ഗോതമ്പുവയലുകളും മുന്തിരിത്തോട്ടങ്ങളും ഈന്തപ്പനകളും സമൃദ്ധമായ വിളവുനല്കി. പച്ചനിറഞ്ഞ, ഇസ്രായേൽമലനിരകളിൽ മേഞ്ഞുനടന്ന ചെമ്മരിയാടുകളൂടെ രോമക്കുപ്പായങ്ങൾ ആവശ്യത്തിലേറെ കമ്പിളി നല്കി. എന്നാൽ ഇതെല്ലാം മൊവാബിനെയാണു സമ്പന്നമാക്കിയതു്. ഇസ്രായേൽജനം ദാരിദ്ര്യത്താൽ വലഞ്ഞു. ഇസ്രായേൽക്കാരുടെ കുഞ്ഞുങ്ങൾ എന്നും വിശന്നുകരഞ്ഞാണുറങ്ങിയത്.

പീഡനങ്ങളുടെയും പട്ടിണിയുടെയും പതിനെട്ടുവർഷങ്ങൾ കടന്നുപോയി. ബാൽദേവനെയും അഷേറാദേവിയേയും വെടിഞ്ഞ്, ഇസ്രായേൽ വീണ്ടും കർത്താവിങ്കലേക്കു തിരിഞ്ഞുതുടങ്ങി. ഉപവാസത്തോടെയും കണ്ണീരോടെയും ജനങ്ങൾ കർത്താവിനെ വിളിച്ചപേക്ഷിച്ചു.

ഇസ്രായേലിനോടു കർത്താവിനലിവുതോന്നി. ബഞ്ചമിൻഗോത്രത്തിലെ ഗേരയുടെ മകനായ ഏഹൂദിനെ, ഇസ്രായേലിൻ്റെ വിമോചകനായി കർത്താവു തിരഞ്ഞെടുത്തു.

കർത്താവിൻ്റെയാത്മാവു് ഏഹൂദിനോടൊപ്പമുണ്ടായിരുന്നു. അവൻ ഇസ്രായേലിലെ പ്രമുഖരുമായി രഹസ്യമായി ചർച്ചകൾനടത്തി. "ഇസ്രായേലിൻ്റെ മുക്കിലുംമൂലയിലും മൊവാബ്യസൈനികരുണ്ടു്. അതുകൊണ്ടുതന്നെ ഒരു സായുധകലാപം വിജയിക്കാൻ ബുദ്ധിമുട്ടാണു്. വിജയിച്ചാൽത്തന്നെ ഇസ്രായേലിനു വലിയ ആൾനാശം സംഭവിച്ചേക്കാം. അതുകൊണ്ടു നമുക്കു മൊവാബുരാജാവായ എഗലോനുമായി സന്ധിചെയ്യാനായി ചർച്ചകൾ നടത്താം. ഇസ്രായേലിനെ സമാധാനത്തിൽവിടാൻ നമുക്ക് അവനോടാവശ്യപ്പെടാം. എന്നാൽ, സമാധാനചർച്ചകൾക്കായി ഞാൻ പോകുമ്പോഴും ഇസ്രായേലിലെ മുഴുവൻ ജനങ്ങളും മോവാബ്യർക്കെതിരെ ഒരു സായുധകലാപത്തിനു സജ്ജരായിരിക്കണം. "

ഏഹൂദിൻ്റെ നിർദ്ദേശങ്ങൾ ജനം സ്വീകരിച്ചു.

ഇസ്രായേൽജനം തങ്ങളാൽക്കഴിയുന്നത്ര സ്വർണ്ണവും വെള്ളിയും സമാഹരിച്ചു. അവയെല്ലാം മൊവാബുരാജാവായ എഗലോനു കാഴ്ചനല്കുന്നതിനായി ഏഹൂദിനെയേല്പിച്ചു. ഏതാനും ചുമട്ടുകാരുടെ സഹായത്തോടെ, ഇസ്രായേൽജനംനല്കിയ കാഴ്ചവസ്തുക്കളുമായി, ഏഹൂദ് മൊവാബിലേക്കു പുറപ്പെട്ടു.

യാത്രപുറപ്പെടുന്നതിനുമുമ്പായി, ഒരു മുഴം നീളവും ഇരുതലയ്ക്കും മൂർച്ചയുമുള്ള ഒരു വാളുണ്ടാക്കി. വലതുതുടയിൽ കെട്ടിയുറപ്പിച്ച തുകലുറയിൽ അതു സുരക്ഷിതമായി വച്ചതിനുശേഷമാണ് ഏഹൂദ് വസ്ത്രം ധരിച്ചത്.

ഗിൽഗാലിലെ ശിലാവിഗ്രഹങ്ങൾക്കടുത്തുള്ള വേനൽക്കാലവസതിയിൽ വിശ്രമിക്കുകയായിരുന്നു എഗലോൻ. ഏഹൂദ് അവിടെയെത്തി, ഇസ്രായേലിൻ്റെ കാഴ്ചവസ്തുക്കൾ രാജാവിനുമുമ്പിൽ സമർപ്പിച്ചു. അവിടെനിന്നു പുറത്തിറങ്ങിയ ഏഹൂദ്, ചുമട്ടുകാരെ പറഞ്ഞുവിട്ടിട്ടു് എഗലോൻ്റെ വസതിയിൽ തിരികെയെത്തി. അവൻ രാജാവിനോടു പറഞ്ഞു.

"മഹാനായ എഗലോൻരാജാവു നീണാൾ വാഴട്ടെ! എനിക്കു്, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ടു്."

തന്നോടൊപ്പമുണ്ടായിരുന്ന പരിചാരകരോടു് പുറത്തിറങ്ങിനില്ക്കാൻ രാജാവാവശ്യപ്പെട്ടു.

ഏഹൂദ് വീണ്ടും പറഞ്ഞു: ''ദൈവത്തിൽനിന്നു് അങ്ങേയ്ക്കുള്ളൊരു സന്ദേശമാണ് എൻ്റെ പക്കലുള്ളതു്."

അതുകേട്ടപ്പോൾ എഗലോൻ തൻ്റെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് ഏഹൂദിനടുത്തുവന്നു നിന്നു. അയാൾ തടിച്ചുകൊഴുത്ത ഒരു മനുഷ്യനായിരുന്നു. ഏഹൂദ്, തൻ്റെ വലതുതുടയിൽ മറച്ചുവച്ചിരുന്ന വാൾ, ഇടതുകൈയാൽ പെട്ടെന്നു വലിച്ചൂരി, എഗലോൻ്റെ വയറ്റിലേക്കു കുത്തിയിറക്കി. വലതുകൈയാൽ അവൻ്റെ വായ് ബലമായമർത്തിയടച്ചുപിടിച്ചു. വാൾ, പിടിയുൾപ്പെടെ എഗലോൻ്റെ വയറിൽ തറഞ്ഞുകയറി. മുറിയുടെ വാതിൽ താക്കോലിട്ടുപൂട്ടി, ഏഹൂദ് പുറത്തുകടന്നു.

ഏഹൂദ് പോകുന്നതുകണ്ടപ്പോൾ പരിചാരകർ മടങ്ങിവന്നു. മുറി പൂട്ടിയിട്ടിരുന്നതിനാൽ രാജാവ്, മുറി അകത്തുനിന്നു പൂട്ടി, ദിനചര്യയ്ക്കുള്ള രഹസ്യമുറിയിൽ പോയിരിക്കുമെന്നു് അവർ കരുതി.

ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ, കാര്യവിചാരകൻ്റെ കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ കൊണ്ടുവന്നു വാതിൽ തുറന്നു. മുറിയിൽക്കടന്നപ്പോൾ, തറയിൽ മരിച്ചുകിടക്കുന്ന രാജാവിനെയാണവർ കണ്ടതു്. പിടിയോളം ഉള്ളിലേക്കു കയറിയ വാൾപ്പിടിയുടെ ചുറ്റും കൊഴുപ്പു മൂടിക്കിടന്നു.

രാജാവു കൊലചെയ്യപ്പെട്ടുവെന്നു മൊവാബ്യർ തിരിച്ചറിഞ്ഞ സമയത്തിനുള്ളിൽ ഏഹൂദ് ഏറെ ദൂരത്തിലുള്ള സെയിറിലെത്തിക്കഴിഞ്ഞിരുന്നു. അവന്‍ എഫ്രായിം മലമ്പ്രദേശത്തെത്തിയപ്പോള്‍ കാഹളംമുഴക്കി. മുൻനിശ്ചയപ്രകാരം അവിടെ കാത്തുനിന്നിരുന്ന ഇസ്രായേല്‍ജനം, മലയില്‍നിന്ന്‌ അവൻ്റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.

ഏഹൂദ് ജനങ്ങളോടു പറഞ്ഞു: ''കര്‍ത്താവ്,‌ നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളിലേല്പിച്ചിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം വരുവിൻ."

ജനങ്ങൾ ആയുധമേന്തി അവൻ്റെയൊപ്പം പോയി. മൊവാബിന്‌ എതിരേയുള്ള ജോർദ്ദാൻ്റെ കടവുകള്‍ അവർ പിടിച്ചടക്കി. രാജാവു വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ മൊവാബ്യർ പരിഭ്രാന്തരായി. സൈനികർപോലും ഭയന്നു. ധീരന്മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ ഇസ്രായേൽക്കാർ അന്നു കൊലപ്പെടുത്തി. ഒരുവന്‍പോലും രക്‌ഷപെട്ടില്ല.

ആ ദിവസം മൊവാബ് പൂർണ്ണമായും ഇസ്രായേലിനധീനമായി. പിന്നീടു് ഏഹൂദും അവൻ്റെ പിൻഗാമിയായി ഷംഗൂറും ഇസ്രായേലിൽ ന്യായപാലനം നടത്തി. ഷംഗൂറിൻ്റെ കാലത്തു ഫിലിസ്ത്യർ ഇസ്രായേലിനെതിരേ പോരിനിറങ്ങി. ആയുധധാരികളായ ഫിലിസ്ത്യർക്കെതിരേ ചാട്ടവാർമാത്രം കൈയിലേന്തി ഷംഗൂർ പോരാടി. അറുനൂറു ഫിലിസ്ത്യർ ഷംഗൂറിൻ്റെ ചാട്ടവാറടിയേറ്റുവീണു മരിച്ചു.

ഏഹൂദും തുടർന്നു ഷംഗൂറും ഇസ്രായേലിനെ നയിച്ചഎണ്‍പതുവര്‍ഷങ്ങൾ ഇസ്രായേലിലെങ്ങും ശാന്തിയും സമാധാനവും കളിയാടി.

No comments:

Post a Comment