Sunday 20 May 2018

ന്യായാധിപന്മാർ - ആമുഖം

ബൈബിളിലെ ഏഴാമത്തെ പുസ്തകമാണ്, 'ന്യായാധിപന്മാർ' (Judges). പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നതുപോലെയുള്ള ന്യായപാലകന്മാർക്കു പകരം യുദ്ധവീരന്മാരായ കുറേയേറെ യോദ്ധാക്കളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.

ആറാമത്തെ പുസ്തകമായ, ജോഷ്വായുടെ പുസ്തകത്തിലെ കഥകൾക്ക്, ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിനുമുമ്പു ജീവിച്ചിരുന്ന മദ്ധ്യപൂർവേഷ്യൻ ജനസമൂഹങ്ങളുടെയും രാജാക്കന്മാരുടേയും ചരിത്രവും പേരുകളുമായി സാമ്യങ്ങളുള്ളപ്പോൾ, ന്യായാധിപന്മാരുടെ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളിൽ, ബി.സി. പന്ത്രണ്ടും പതിനൊന്നും നൂറ്റാണ്ടുകളിലെ ചരിത്രത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്ന യഹൂദവ്യാഖ്യാനം കണ്ടെത്താൻ സാധിക്കും.

ഇസ്രായേൽജനം കർത്താവായ യഹോവയെ വെടിഞ്ഞ്, ബാൽദേവനേയും അഷേരാദേവിയേയും ആരാധിക്കുകയും ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ചുറ്റുവട്ടങ്ങളിൽ താമസിച്ചിരുന്ന മറ്റുജനതകളുടെ വിശ്വാസങ്ങളിലും പൂജകളിലും ബലികളിലും പങ്കാളികളാകുകയുംചെയ്തപ്പോൾ, കർത്താവ് അവരെ ശത്രുക്കൾക്കു് ഏല്പിച്ചുകൊടുത്തു. കാനാന്യർ, മൊവാബ്യർ, ഫിലിസ്ത്യർ, അമ്മോന്യർ, മിദിയാൻകാർ തുടങ്ങിയവർ ഇസ്രായേലിനെതിരേ പ്രബലരാകുകയും ഇസ്രായേലിനെ ആക്രമിച്ചു നശിപ്പിക്കുകയും ഇസ്രായേലികളായ നിരവധിപേരെ പിടിച്ചെടുത്തു് അടിമകളാക്കുകയുംചെയ്തു.

ഇസ്രായേൽ തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ്, കർത്താവിലേക്കു തിരിയുകയും കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുകയുംചെയ്തപ്പോഴെല്ലാം, ഇസ്രായേലിലെ ചില നേതാക്കളെ ദൈവം വിമോചകരായി ഉയർത്തിക്കൊണ്ടുവരികയും ഇസ്രായേലിനെ ശത്രുക്കളുടെ പിടിയിൽനിന്നു മോചിപ്പിക്കുകയുംചെയ്തു. ഇസ്രയേലിലെ ഈ നേതാക്കളാണു ന്യായാധിപന്മാർ എന്നറിയപ്പെടുന്നതു്.
എന്നാൽ ഇസ്രായേൽ വീണ്ടുംവീണ്ടും തങ്ങളുടെ തെറ്റുകളാവർത്തിക്കുകയും തെറ്റുമനസ്സിലാകുമ്പോൾ കർത്താവിലേക്കു തിരിയുകയുംചെയ്യുന്നതു തുടർന്നു. അത്തരത്തിൽ, രണ്ടു നൂറ്റാണ്ടുകാലത്തിനിടെ ഒത്ത്നിയേൽ, ഏഹൂദ് ഷംഗർ, ദബോറ, ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്താ, ഇബ്സാൻഏലോൻ, അബ്സോൺ, സാംസൺ എന്നീ പന്ത്രണ്ടുപേർ ഇസ്രായേലിന്റെ ന്യായാധിപന്മാരായെത്തി.

ദൈവികപ്രേരണയാൽ, ഇസ്രായേലിന്റെ വിമോചകരായി പ്രവർത്തിച്ച, (മുകളിൽ പേരുപറഞ്ഞ) യുദ്ധവീരന്മാരായ നേതാക്കന്മാരുടെ ജീവിതവും പോരാട്ടങ്ങളുമാണ് 'ന്യായാധിപന്മാർ (Judges) എന്ന പുസ്തകത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മുമ്പിലേക്കെത്തുന്നതു്.  അതോടൊപ്പം, ജോഷ്വായുടെ കാലശേഷമുള്ള കാനാൻദേശത്തിന്റെ സ്ഥിതി, ഇസ്രായേലിനെതിരെ പ്രബലപ്പെടുന്ന തദ്ദേശീയ ജനവിഭാഗങ്ങളുടെ കഥകൾ, യാക്കോബിന്റെ കാലംമുതൽ ജോഷ്വയുടെ കാലംവരെ, ഒറ്റക്കെട്ടായി മുന്നേറിയിരുന്ന ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ ചില ഭിന്നതകളും കലഹങ്ങളും മാത്സര്യങ്ങളും വേരിട്ടു തുടങ്ങുന്നതിന്റെ ചിത്രങ്ങൾ തുടങ്ങിയവയും ന്യായാധിപന്മാരുടെ പുസ്തകത്തിൽ കാണാം.

ആമുഖം അല്പം നീണ്ടുപോയതിനാൽ കഥാകഥനം അടുത്തയാഴ്ചയിലാരംഭിക്കാം.

No comments:

Post a Comment