Sunday 13 May 2018

62. നിറവേറിയ വാഗ്ദാനം


ബൈബിള്‍ക്കഥകള്‍ - 62

ജോഷ്വാ ഇസ്രായേൽശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറഞ്ഞു: 

"നമുക്കു വിശ്രമിക്കാനുള്ള സമയമായിട്ടില്ല. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങൾക്കും ഭൂമി അവകാശമായി ലഭിക്കണമെങ്കിൽ, ചുറ്റുവട്ടത്തുള്ള കൂടുതൽദേശങ്ങൾ നമ്മൾ പിടിച്ചടക്കണം. ഗാസാ, അഷ്ദോദ്, അഷ്കലോൺ, എക്രോൺ, എക്രോണിന്റെ അതിർത്തിമുതൽ ഈജിപ്തിനു കിഴക്കുവരെയുള്ള ദേശങ്ങൾ, ലബനോൻ, ഗബാല്യരുടെ ദേശം, ഗഷൂര്യരുടെ ദേശങ്ങൾ, സിദോന്യരുടെ ദേശങ്ങൾ തുടങ്ങിയവയെല്ലാം ആക്രമിച്ചുകീഴടക്കി, അന്നാട്ടുകാരെയെല്ലാം ഉന്മൂലനംചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ, അലസതവെടിയുക; നമുക്കായി കർത്താവു വാഗ്ദാനംനല്കിയിട്ടുള്ള ദേശങ്ങൾ കീഴടക്കാനായി നമ്മൾ യുദ്ധംചെയ്യുമ്പോൾ, അവിടുന്നു നമ്മോടൊപ്പം യുദ്ധംചെയ്യും.

എനിക്ക്, എൺപത്തിയഞ്ചുവയസ്സു പൂർത്തിയായിരിക്കുന്നു. എങ്കിലും കർത്താവിന്റെ കൃപയാൽ, മുപ്പതുകാരന്റെ കരുത്തോടെ വാളും കുന്തവുമുപയോഗിച്ചു പോരാടാൻ എനിക്കു കഴിയും. തയ്യാറാകുക, ഈ ദേശമെല്ലാം പിടിച്ചെടുക്കുന്നതുവരെ നമുക്കു പോരാടാം. ഞാൻ നിങ്ങൾക്കൊപ്പം, മുമ്പേ നടക്കാം''

ഇസ്രായേൽ വീണ്ടും യുദ്ധസജ്ജമായി. ചുറ്റുവട്ടത്തുള്ള നാട്ടുരാജ്യങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. അവർ ഒറ്റയ്ക്കും കൂട്ടായും ചെറുത്തുനില്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരാൾപോലുമവശേഷിക്കാതെ, മുഴുവൻപേരെയും ഇസ്രായേൽ വാളിനിരയാക്കി. ആ രാജ്യങ്ങളിലെ സ്വത്തുവകകളും കന്നുകാലികളെയും ഇസ്രായേൽ കൊള്ളയടിച്ചു.

കാനാൻദേശം പൂർണ്ണമായും ഇസ്രായേലിനു സ്വന്തമായി. വിരലിലെണ്ണാവുന്ന ചിലരൊഴികേ, അന്നാട്ടുകാർ മുഴുവൻ,  ഉന്മൂലനംചെയ്യപ്പെട്ടു.

ഹിവ്യവംശജരായ ഗിബയോൻനിവാസികൾ ഇസ്രായേലുമായി സന്ധിചെയ്തിരുന്നതിനാൽ അവർമാത്രം ഇസ്രായേല്യർക്കിടയിൽ ജീവനോടെയവശേഷിച്ചു.

പിടിച്ചെടുത്ത പ്രദേശങ്ങൾ, നറുക്കെടുപ്പിലൂടെ ഇസ്രായേലിലെ പതിനൊന്നുഗോത്രങ്ങൾക്കായി വീതിച്ചുനല്കി. ലേവി ഗോത്രജർ പുരോഹിതഗണവും ഇസ്രായേലിന്റെ പൊതുസ്വത്തുമായതിനാൽ അവർക്കായി പ്രത്യേക ദേശം നല്കിയില്ല.

കർത്താവു മോശയോടു കല്പിച്ചതനുസരിച്ചു്, ഏഴു് *അഭയനഗരങ്ങളും ജോഷ്വാ നിർമ്മിച്ചു. ഗലീലിയിലെ കേദഷ്, എഫ്രായിമിലെ ഷെക്കം, കിര്യാത്ത് അർബ, ഹെബ്രോൺ, ബേസർ, റാമോത്ത്, ഗോലാൻ എന്നിവയാണു് ഇസ്രായേലിലെ അഭയനഗരങ്ങൾ.. 

പിതാക്കന്മാരായ അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും നല്കിയ വാഗ്ദാനം കർത്താവു നിറവേറ്റി. ഇസ്രായേലിനു നൽകുമെന്നു പിതാക്കന്മാരോടു കർത്താവു വാഗ്ദാനംനൽകിയ ദേശം, ഇസ്രായേലിനു സ്വന്തമായി.

'ഇസ്രായേല്‍ഗോത്രങ്ങള്‍ക്കെല്ലാം ദേശം വിഭജിച്ചു നല്കിയശേഷം, റൂബന്‍, ഗാദ് ഗോത്രങ്ങളേയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തേയും ജോഷ്വാ തന്റെയടുത്തു വിളിച്ചുകൂട്ടി.

"കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാമനുസരിച്ച നിങ്ങളെ ഞാനഭിനന്ദിക്കുന്നു. ദേശംമുഴുവന്‍ പിടിച്ചടക്കി, ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങള്‍ക്കുമായി വിഭജിച്ചുനല്കുന്നതുവരെ നിങ്ങള്‍ മുന്നണിയില്‍നിന്നു യുദ്ധംചെയ്തു. ജോര്‍ദ്ദാനക്കരെ, മോശ നിങ്ങള്‍ക്കവകാശമായി നല്കിയ ദേശത്തേക്കു് ഇനി നിങ്ങള്‍ക്കു മടങ്ങാം. മോശ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളും നിയമങ്ങളുമനുസരിക്കുന്നതില്‍ പ്രത്യേകശ്രദ്ധവയ്ക്കണമെന്നു ഞാന്‍ നിങ്ങളെയോര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടെ അവിടുത്തെ ആരാധിക്കുകയുംചെയ്യുന്നതില്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഉത്സുകരായിരിക്കണം."

ജോഷ്വാ അവരെയനുഗ്രഹിച്ചു യാത്രയാക്കി. തങ്ങളുടെ സഹോദരഗോത്രങ്ങളോടു യാത്രപറഞ്ഞ്, മനാസ്സെയുടെ അർദ്ധഗോത്രവും റൂബന്‍, ഗാദ് ഗോത്രങ്ങളും ജോര്‍ദ്ദാനക്കരെ, അവര്‍ക്കവകാശമായി ലഭിച്ച ദേശങ്ങളിലേക്കു യാത്രയായി.

ഇസ്രായേല്‍ഭവനങ്ങളിലെല്ലാം സന്തോഷവും സമൃദ്ധിയുംനിറഞ്ഞ വര്‍ഷങ്ങള്‍ കടന്നുവന്നു. കാലം, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ അതിന്റെ പ്രയാണം തുടര്‍ന്നു. തനിക്കു നൂറ്റിപ്പത്തുവയസ്സു പൂര്‍ത്തിയായ ദിവസം, ജോഷ്വാ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും ഷെക്കമില്‍ വിളിച്ചുകൂട്ടി.

"സകല മനുഷ്യരും പോകേണ്ടവഴിയേ, ഞാനും കടന്നുപോകാനുള്ള സമയമടുത്തിരിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു വാഗ്ദാനംനല്കിയിരുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സഫലമായിരിക്കുന്നുവെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. നിങ്ങള്‍ അവിടുത്തെ ഉടമ്പടിലംഘിച്ചു്, അന്യദേവന്മാരെ സേവിക്കുകയും അതുവഴി, കര്‍ത്താവിന്റെ കോപം ജ്വലിപ്പിക്കുകയും ചെയ്യരുതു്. അങ്ങനെ ചെയ്താല്‍, കര്‍ത്താവുനല്കിയ ദേശത്തുനിന്നു നിങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യാനും നിങ്ങളുടെമേല്‍ സകലതിന്മകളും വരുത്താനും കര്‍ത്താവു മടിക്കില്ലെന്നും നിങ്ങളറിയണം. വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ, തന്റെ കല്പനകള്‍ ലംഘിക്കുന്നവരുടെമേലുണ്ടാകുമെന്നു കർത്താവു മുന്നറിയിപ്പുനല്കിയിട്ടുള്ള ശാപങ്ങളും അവിടുന്നു നിറവേറ്റുമെന്നോര്‍ക്കുക.

ഇന്നുവരെ കര്‍ത്താവു നമ്മളെ നയിച്ച വഴികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. 

നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം, യൂഫ്രട്ടീസിനക്കരെ മെസപ്പെട്ടോമിയായില്‍ ജനിച്ചുവളര്‍ന്നു. അബ്രഹാമിന്റെ പിതാവായ തേരഹ് വരെയുള്ള തലമുറകള്‍ അന്യദേവന്മാരെ സേവിക്കുകയും അവരുടെ വിഗ്രഹങ്ങളെ പൂജിക്കുകയുംചെയ്തിരുന്നു. എന്നാല്‍ പിതാവായ അബ്രഹാമിനെ, കര്‍ത്താവു വിളിച്ചുവേര്‍തിരിച്ചു, ജോര്‍ദ്ദാന്‍ നദീതീരത്തു് കാനാന്‍ദേശത്തുകൂടെ നയിച്ചു.

അബ്രഹാമിനു പുത്രനായി ഇസഹാക്കിനെയും ഇസഹാക്കിനു യാക്കോബിനേയും കര്‍ത്താവു നല്കി. യാക്കോബിനെ, 'ഇസ്രായേല്‍' എന്നു കര്‍ത്താവു വിളിച്ചു. യാക്കോബിന്റെ പന്ത്രണ്ടുമക്കളുടെ പരമ്പരകളായ നമ്മൾ, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളായി.

കാനാന്‍ദേശത്തു ക്ഷാമകാലമായപ്പോള്‍ ഇസ്രായേലും മക്കളും ഈജിപ്തിലേക്കു പോയി. ഇസ്രായേലിന്റെ പുത്രനായ ജോസഫ്, ഫറവോകഴിഞ്ഞാല്‍ ഈജിപ്തിലെ സര്‍വ്വാധികാരങ്ങളൂം കൈയാളുന്ന ഭരണാധികാരിയാകാന്‍ കര്‍ത്താവിടയാക്കി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ജോസഫിനെയറിയാത്ത ഫറവോമാരുടെ പുതിയ തലമുറകള്‍ അധികാരത്തിലെത്തി. ഇസ്രായേല്‍ജനത്തെ അവരടിമകളാക്കി.

കര്‍ത്താവു മോശയേയും അഹറോനെയും ഫറവോയ്ക്കു മുമ്പിലേക്കയച്ചു. ഈജിപ്തിനുമേല്‍ മഹാമാരികളയച്ച്, കര്‍ത്താവു നമ്മളെ അവിടെനിന്നു മോചിപ്പിച്ചു.

നമ്മുടെ പിതാക്കന്മാര്‍ ചെങ്കടല്‍ത്തീരത്തെത്തിയപ്പോള്‍, ഈജിപ്തുകാരുടെ സൈന്യം അവരെ പിന്തുടര്‍ന്നെത്തി. കര്‍ത്താവു ചെങ്കടല്‍ രണ്ടായിപ്പിളര്‍ത്തി, ഇസ്രായേലിനെ മറുകര കടത്തി. രഥങ്ങളൂം കുതിരപ്പടകളുമായി പിന്തുടര്‍ന്ന ഈജിപ്തുകാരെ, കര്‍ത്താവു ചെങ്കടലില്‍ മുക്കിക്കളഞ്ഞു.

ജോര്‍ദ്ദാനു മറുകരെ, അമോര്യരുടെ നാട്ടിലേക്കു കര്‍ത്താവു നമ്മെ നയിച്ചു. അമോര്യര്‍ നമുക്കെതിരായി യുദ്ധംചെയ്തെങ്കിലും കര്‍ത്താവവരെ നമുക്കേല്പിച്ചുതന്നു.

മൊവാബു രാജാവായ ബാലാക്ക്, ഇസ്രയേലിനെ ശപിക്കാനായി ബാലാം പ്രവാചകനെ അളയച്ചു വരുത്തി. എന്നാല്‍ അവന്‍ നമ്മെ അനുഗ്രഹിക്കുന്നതിനു കര്‍ത്താവിടയാക്കി.

നമ്മള്‍ ജോര്‍ദ്ദാന്‍കടന്നു ജറീക്കോയിലെത്തി. ഇന്നാട്ടിലുണ്ടായിരുന്ന സകലരെയും യുദ്ധത്തില്‍ വധിച്ചു്, ദേശം പിടിച്ചടക്കാന്‍ കര്‍ത്താവു നമ്മെ സഹായിച്ചു. നമ്മളദ്ധ്വാനിക്കാത്ത ഭൂമിയും പണിയാത്ത പട്ടണങ്ങളും നമുക്കു ലഭിച്ചു. നമ്മള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവു തോട്ടത്തിന്റെയും ഫലം നമ്മളിന്നനുഭവിക്കുന്നു. നമ്മുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു്, നമുക്കിതെല്ലാം സാദ്ധ്യമായത്.

അതിനാല്‍ കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാർത്ഥതയോടും വിശ്വസ്തയോടുംകൂടെ അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. യൂഫ്രട്ടീസ് നദിക്കരയിലെ മെസപ്പൊട്ടോമിയയിലും നൈല്‍നദീതീരത്തെ ഈജിപ്തിലും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയുപേക്ഷിച്ചു്, കര്‍ത്താവിനെയാരാധിക്കുവിന്‍. ഇവിടെ, ഈ ജോര്‍ദ്ദാന്‍തീരത്തെ അമോര്യര്‍ സേവിച്ചിരുന്ന ദേവന്മാരെയും നിങ്ങള്‍ പിഞ്ചെല്ലരുത്.

കര്‍ത്താവു പരിശുദ്ധനായ ദൈവമാണ്, അസഹിഷ്ണുവായ ദൈവം! നിങ്ങളുടെ പാപങ്ങളുമതിക്രമങ്ങളും അവിടുന്നു ക്ഷമിക്കില്ല. കര്‍ത്താവിനെയുപേക്ഷിച്ചു്, അന്യദേവന്മാരെ സേവിച്ചാല്‍, അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നിങ്ങള്‍ക്കു നന്മകള്‍നല്കിയ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും."

"ഞങ്ങള്‍ കത്താവിനെമാത്രം സേവിക്കും." ജനങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

'"കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിനു നിങ്ങള്‍തന്നെ സാക്ഷി.'' ജോഷ്വാ പറഞ്ഞു.

"അതേ, ഞങ്ങള്‍തന്നെ സാക്ഷി. ഞങ്ങള്‍ കര്‍ത്താവിനെവിട്ടു് അന്യദേവന്മാരെ സേവിക്കാനിടയാകാതിരിക്കട്ടെ. നമ്മളേയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു കൊണ്ടുപോരുകയും നമ്മുടെ കണ്മുമ്പില്‍, മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നമ്മുടെ വഴികളിലും നാം കടന്നുപോയ ജനതകളുടെയിടയിലും നമ്മളെ സംരക്ഷിക്കുകയുംചെയ്തതു നമ്മുടെ ദൈവമായ കര്‍ത്താവാണു്. ഈ ദേശത്തു വസിച്ചിരുന്ന സകലജനതകളേയും തുരത്തി, ഇവിടം നമുക്കവകാശമായി നല്കിയതും കര്‍ത്താവാണു്. അതിനാല്‍ ഞങ്ങളും ഞങ്ങളുടെ തലമുറകളും കര്‍ത്താവിനെ സേവിക്കും. അവിടുന്നുമാത്രമാണു ഞങ്ങളുടെ ദൈവം." 

ഇസ്രായേൽശ്രേഷ്ഠന്മാർ ജനങ്ങളെല്ലാം കേൾക്കേ ഉറക്കെ പ്രഘോഷിച്ചു.

"നിങ്ങളുടെയിടയിലുള്ള അന്യദേവന്മാരെയുപേക്ഷിച്ച്, നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിലേക്കു തിരിയിട്ടെ!'' 

ജോഷ്വാ, കര്‍ത്താവിന്റെ നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്കു നല്കുകയും ഇസ്രായേല്‍ജനതയും കര്‍ത്താവുമായി പുതിയൊരുടമ്പടി സ്ഥാപിക്കുകയും ചെയ്തു. കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ ജോഷ്വാ ഈ ഉടമ്പടിയെഴുതി. പിന്നീടു് വലിയൊരു കല്ലുയര്‍ത്തി കര്‍ത്താവിന്റെ കൂടാരത്തിനുമുമ്പില്‍, ഒരു ഓക്കുമരച്ചുവട്ടില്‍ സ്ഥാപിച്ചു.

"നമ്മുടെ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഈ കല്ല്, ഞാനിവിടെ സ്ഥാപിക്കുന്നു. നിങ്ങള്‍, നിങ്ങളുടെ ദൈവത്തോടു് അവിശ്വസ്തമായി പെരുമാറാതിരിക്കാന്‍ ഇതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ."

ഈജിപ്തില്‍നിന്നു കൊണ്ടുവന്ന, ജോസഫിന്റെ അസ്ഥികള്‍, ഷെക്കമില്‍ സംസ്കരിച്ചു. പിതാവായ യാക്കോബ്, ഹമോറില്‍നിന്നു നൂറു വെള്ളിനാണയത്തിനു വാങ്ങിയതായിരുന്നു ആ സ്ഥലം.

അധികംവൈകാതെ ജോഷ്വാ അന്തരിച്ചു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുള്ള തിമ്നാത്ത്സേറയില്‍ സംസ്കരിച്ചു. അഹറോന്റെ പുത്രനും പ്രധാനപുരോഹിതനുമായിരുന്ന ഏലിയാസറും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുതന്നെയുള്ള ഗിബയായില്‍ സംസ്കരിച്ചു.
------------------------------------------------------------------------

ബൈബിള്‍ പഴയനിയമത്തിലെ ആറാമത്തെ പുസ്തകമായ 'ജോഷ്വാ ' പൂര്‍ണ്ണമായി. അടുത്തയാഴ്ച മുതല്‍ ഏഴാമത്തെ പുസ്തകമായ 'ന്യായാധിപന്മാര്‍' (Judges) ആരംഭിക്കുന്നു.

No comments:

Post a Comment