Sunday 25 February 2018

52. അതുല്യനായ പ്രവാചകൻ



ബൈബിള്‍ക്കഥകള്‍ - 52


സ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ തങ്ങള്‍  മറ്റുള്ളരോടൊപ്പം ദേശം പിടിച്ചടക്കാൻ യുദ്ധരംഗത്തുണ്ടാകുമെന്ന്, റൂബൻ, ഗാദ്, മനാസ്സെ എന്നീ ഗോത്രങ്ങളുടെ തലവന്മാർ മോശയോടുറപ്പു പറഞ്ഞു.

"കർത്താവിന്റെ ഹിതമെന്തെന്നറിഞ്ഞതിനുശേഷം ഞാൻ നിങ്ങളോടു സംസാരിക്കാം." മോശ അവരോടു പറഞ്ഞു.

മോശ, എലിയാസറിന്റെയും ജോഷ്വായുടെയുമൊപ്പം കര്‍ത്താവിനുമുമ്പില്‍ പ്രാര്‍ത്ഥിച്ചു. 

അന്നു സായാഹ്നത്തിൽ, എല്ലാ ഇസ്രായേൽശ്രേഷ്ഠന്മാരുടെയും സാന്നിദ്ധ്യത്തിൽ, റൂബന്‍, ഗാദ്, മനാസ്സെ എന്നീ  ഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: "ശത്രുക്കളെയെല്ലാം കീഴടക്കി, ദേശം പിടിച്ചടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം ആയുധവുമണിഞ്ഞ്, ജോര്‍ദ്ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍, ദേശം കര്‍ത്താവിന്റെമുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയുംമുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും. അങ്ങനെചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യുകയാണ്. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്നു മറക്കരുത്. 

കർത്താവിന്റെയും എന്റെയുംമുമ്പിൽ നിങ്ങൾനല്കിയ വാഗ്ദാനംപാലിക്കാൻ ഒരുക്കമാണെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ കുട്ടികള്‍ക്കുമായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും ഇവിടെ പണിതുകൊള്ളുവിന്‍; ഈ ദേശം നിങ്ങളുടെ അവകാശമായിരിക്കും."

പുരോഹിതനായ എലെയാസറിന്റെയും  നൂനിന്റെ പുത്രന്‍ ജോഷ്വയുടേയുംനേരെ മോശ തിരിഞ്ഞു: 

"നിങ്ങള്‍ ജോര്‍ദ്ദാന്‍നദി കടക്കുംമുമ്പേ, ഞാന്‍ നിത്യനിദ്രയിൽ എന്റെ പിതാക്കന്മാരോടു ചേരും. അതിനാല്‍ റൂബന്‍, ഗാദ്, മനാസ്സേ ഗോത്രങ്ങളോടുള്ള എന്റെ വാഗ്ദാനം പാലിക്കേണ്ടതു നിങ്ങളാണ്. ഗാദിന്റെയും റൂബന്റെയും മനാസ്സേയുടെയും പുത്രന്മാര്‍, നിങ്ങളോടൊപ്പം ജോര്‍ദ്ദാന്‍കടന്നു കര്‍ത്താവിന്റെമുമ്പില്‍ പോകുകയും നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തു ദേശം കീഴടക്കുകയുംചെയ്താല്‍, ഗിലയാദുദേശം അവര്‍ക്കവകാശമായി കൊടുക്കണം. അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശംമുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്റെ അര്‍ദ്ധഗോത്രമായ  മനാസ്സെയുടെ പിന്‍തലമുറക്കാര്‍ക്കും നല്കുക. എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍, എന്റെയീ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയില്ല."

ഗാദിന്റെയും റൂബന്റെയും മനാസ്സെയുടെയും പിന്‍തലമുറക്കാര്‍ പറഞ്ഞു: "പ്രവാചകനായ മോശവഴി, കര്‍ത്താവരുളിച്ചെയ്തതുപോലെ, ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഇസ്രായേല്‍മുഴുവനും മുമ്പില്‍ ഞങ്ങള്‍ ഉറപ്പുനല്കുന്നു."

ഗിലയാദ് ദേശം അവകാശമായി കിട്ടിയവര്‍ക്കായി ഇസ്രായേല്‍ജനം ഒരുമിച്ച്, കോട്ടകെട്ടി, കോട്ടവാതിലും നിര്‍മ്മിച്ചു. യുദ്ധശേഷിയുള്ള പുരുഷന്മാര്‍ ഇല്ലാത്തപ്പോള്‍പ്പോലും ശത്രുക്കള്‍ക്കു കടന്നുകയറാന്‍ പറ്റാത്തവിധം പട്ടണത്തെ സുരക്ഷിതമാക്കി.

മോശ ഒരിക്കല്‍ക്കൂടെ ഇസ്രായേല്‍ശ്രേഷ്ഠന്മാരെ തനിക്കുമുമ്പില്‍ വിളിച്ചുകൂട്ടി.

"ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍, തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ്, അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണം. നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു. നിങ്ങള്‍ ഗോത്രംഗോത്രമായി നറുക്കിട്ടുവേണം  ദേശമവകാശമാക്കാൻ. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെവീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. 

തദ്ദേശവാസികളെ നിങ്ങൾ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെയുപദ്രവിക്കും. കര്‍ത്താവ്, അവരോടുചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.

ലേവിഗോത്രം പുരോഹിതരായതിനാല്‍, ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍ കൊടുക്കണം. പട്ടണങ്ങള്‍ക്കുചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങളവര്‍ക്കു നല്‍കണം. എല്ലാ ഗോത്രങ്ങൾക്കുമൊപ്പം പുരോഹിതർ ഉണ്ടായിരിക്കണം. അവർക്കു  മറ്റവകാശങ്ങളുണ്ടാകുകയില്ല.

നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു താമാസമുറപ്പിക്കുമ്പോൾ, അബദ്ധവശാല്‍ ആരെങ്കിലു ആരെയെങ്കിലും വധിച്ചാൽ, കുറ്റവാളിക്ക് ഓടിയൊളിക്കാന്‍ സങ്കേതനഗരങ്ങളായി ചില പട്ടണങ്ങള്‍ നിങ്ങൾ തിരഞ്ഞെടുക്കണം. വിധിനിര്‍ണ്ണയത്തിനായി, കൊലപാതകി  സമൂഹത്തിന്റെമുമ്പില്‍നില്ക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാന്‍, രക്തത്തിനു പ്രതികാരംചെയ്യുന്നവനില്‍നിന്ന് അഭയംതേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍. നിങ്ങളുടെ പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരങ്ങളായിരിക്കും. സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദ്ദാനിക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ദേശത്തും കൊടുക്കണം.

ഇസ്രായേലിലെ സ്ത്രീകള്‍ക്ക്, പിതാവിന്റെ സമ്പത്തിന്റെ ഒരോഹരി നല്കണം. ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പൂര്‍ണ്ണമായും പുത്രിക്കു കൊടുക്കണം. പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്മാര്‍ക്കു കൊടുക്കണം. സഹോദരന്മാരുമില്ലെങ്കില്‍ പിതൃസഹോദരന്മാര്‍ക്കു കൊടുക്കണം. പിതൃസഹോദരന്മാരുമില്ലെങ്കില്‍ അവന്റെയവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവുമടുത്ത ബന്ധുവിനു കൊടുക്കണം.

ഇസ്രായേല്‍പുത്രിമാര്‍ക്കു തങ്ങള്‍ക്കിഷ്ടമുള്ളവരുമായി വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍നിന്നുമാത്രമായിരിക്കണം. മറ്റുള്ളവർക്കിടയിൽ അവർ തങ്ങൾക്കു വരനെ തിരയരുത്. കാരണം, ഇസ്രായേല്‍ജനത്തിന്റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം."

ജോഷ്വായും എലിയാസറുമടക്കമുള്ള ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍, മോശയുടെ വാക്കുകള്‍ പാലിക്കപ്പെടുമെന്നു കര്‍ത്താവിന്റെ മുമ്പില്‍ പ്രതിജ്ഞചെയ്തു.

കുറച്ചുദിവസങ്ങൾ ശാന്തമായി കടന്നുപോയി. മോശ എല്ലായ്‌പോഴും പ്രാർത്ഥനയിൽ സമയം ചെലവഴിച്ചു.

തന്റെ ആത്മാവു ശരീരത്തെ പിരിയാനുള്ള മണിക്കൂറുകള്‍ അടുക്കുന്നുവെന്നു മനസ്സിലായപ്പോള്‍ അവൻ  ഇസ്രായേല്‍ജനതയെ മുഴുവന്‍ വിളിച്ചുകൂട്ടി, ജെറീക്കൊയുടെ എതിര്‍വശത്തുള്ള നെബോമലയിലെ പീസ്‌ഗാ എന്ന ഉയര്‍ന്ന സ്ഥലത്തേക്കു കയറി. മോശയുടെ പിന്‍ഗാമിയും നൂനിന്റെ പുത്രനുമായ ജോഷ്വായും മോശയ്ക്കൊപ്പം കയറി. ജനക്കൂട്ടം പിസ്ഗയുടെ താഴ്വാരത്തില്‍ നിന്നു.

ആകാശത്തിലേക്കു കൈകളുയര്‍ത്തി, ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടു മോശ ഉദ്ഘോഷിച്ചു.

"ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ. എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍, വര്‍ഷധാരപോലെയുമാകട്ടെ.

കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി, പരിപൂര്‍ണ്ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്.      

അവിടുത്തെ മുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണവരുടേത്. ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനുള്ള പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?

കഴിഞ്ഞുപോയ കാലങ്ങളോര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങളനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായംചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.      

അത്യുന്നതന്‍, ജനതകള്‍ക്കവരുടെ പൈതൃകം വീതിച്ചുകൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്നു വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്നു ജനതകള്‍ക്കതിര്‍ത്തി നിശ്ചയിച്ചു. കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും! അവിടുന്നവനെ മരുഭൂമിയില്‍, ശൂന്യതയോരിയിടുന്ന മണലാരണ്യത്തില്‍ക്കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താല്പര്യപൂര്‍വ്വം പരിചരിച്ച്, തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.      

കൂടു ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെമുകളില്‍ ചിറകടിക്കുകയും, വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയുംചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല. ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്നവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍നിന്ന് എണ്ണയും അവിടുന്നവനു കുടിക്കാന്‍ കൊടുത്തു. കാലിക്കൂട്ടത്തില്‍നിന്നു തൈരും ആട്ടിന്‍പറ്റങ്ങളില്‍നിന്നു പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു."

ജോഷ്വായും മോശയ്ക്കൊപ്പം കരങ്ങളുയര്‍ത്തി ദൈവത്തെ മഹത്വപ്പെടുത്തി.

പിന്നെ മോശ ജനക്കൂട്ടത്തോടു പറഞ്ഞു: "ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്ന നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോടാജ്ഞാപിക്കുന്നതിനായി, അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദ്ദാനക്കരെ കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും."

പിന്നീട്, മോശ ജനങ്ങള്‍ക്കുനേരെ കൈകള്‍നീട്ടി. "ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞുപൊഴിക്കും. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളുമായ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടനിന്നെപ്പോലെ, മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീയവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും."

ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളേയും പേരുചൊല്ലിപ്പറഞ്ഞ്, മോശയവരെ അനുഗ്രഹിച്ചു.

ജനങ്ങള്‍ പിരിഞ്ഞുപോയപ്പോള്‍ കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഈ മലയില്‍ അല്പംകൂടെ ഉയരത്തില്‍ക്കയറി, ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായിനല്കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക. നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ പിതാക്കന്മാരോടു ചേരുകയും ചെയ്തതുപോലെ ഇന്നു നീയും മരിച്ചു നിന്റെ പിതാക്കന്മാരോടു ചേരും. "

*നെബുമലയിലെ പിസ്ഗായില്‍ കര്‍ത്താവുപറഞ്ഞ, ഗിരിശൃംഗത്തിനുമുകളില്‍ മോശ കയറി. കര്‍ത്താവവന് എല്ലാ പ്രദേശങ്ങളും കാണിച്ചുകൊടുത്തു - വേഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും, നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും, നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍വരെയുള്ള സമതലവും അവൻ കണ്ടു.  

അനന്തരം, കര്‍ത്താവു മോശയോടു പറഞ്ഞു: "നിന്റെ സന്തതികള്‍ക്കു നല്കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെയനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല. എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനുസമീപം ഇസ്രായേല്‍ജനത്തിന്റെമുമ്പില്‍വച്ചു നീയെന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല."       

നെബുമലയില്‍നിന്നിറങ്ങിയ ദിവസംതന്നെ, മൊവാബുദേശത്തുവച്ച് നൂറ്റിയിരുപതാം വയസ്സില്‍ മോശ മരിച്ചു. മരിക്കുന്നതുവരെ അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോചെയ്തിരുന്നില്ല.    
മൊവാബുദേശത്തെ ബത്പെയോറിനെതിരേയുള്ള താഴ്‌വരയില്‍ അവനെ സംസ്‌കരിച്ചു.      

ഇസ്രായേല്‍ മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വ, ഇസ്രായേലിന്റെ നേതൃത്വമേറ്റെടുത്തു. മോശ അവന്റെമേല്‍ കൈകള്‍ വച്ച്, അവനെ അഭിഷേകംചെയ്തിരുന്നതിനാല്‍ ജ്ഞാനത്തിന്റെ ആത്മാവിനാല്‍ അവന്‍ പൂരിതനായിരുന്നു. ഇസ്രായേല്‍ജനം അവന്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.    

കര്‍ത്താവു മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലിലുണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി, ഈജിപ്തില്‍ ഫറവോയ്ക്കും അവന്റെ ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവനുമെതിരായി  പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും എക്കാലവും അതുല്യനായ നേതാവായിരുന്നു മോശ ....!

No comments:

Post a Comment