Sunday 11 February 2018

50. ബാലാമിന്റെ പ്രവചനങ്ങള്‍

ബൈബിള്‍ കഥകള്‍ - 50

പുലര്‍ച്ചെ, പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍പ്പതിക്കുന്നതിനുമുമ്പേ, ബാലാക്ക് തന്റെ ഭൃത്യന്മാര്‍ക്കൊപ്പം ബാലാമിന്റെ കൂടാരത്തിലെത്തി. അയാളവനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പര്‍വ്വതശിഖരത്തില്‍നിന്നുകൊണ്ട് ബാലാം ഇസ്രായേല്‍പ്പാളയം വീക്ഷിച്ചു. 

കുറച്ചുനേരത്തെ മൌനത്തിനുശേഷം ബാലാം പറഞ്ഞു:

"നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്, ഏഴു ബലിപീഠങ്ങളൊരുക്കുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഇവിടെയെത്തിക്കുക."

മദ്ധ്യാഹ്നസൂര്യന്‍ തലയ്ക്കുമുകളില്‍ ജ്വലിക്കുന്നതിനുമുമ്പേ, ബാലാം ആവശ്യപ്പെട്ടതെല്ലാം ബാലാക്ക് ഒരുക്കിക്കഴിഞ്ഞിരുന്നു.

ബാലാം ഓരോ ബലിപീഠത്തിലും ഒരു മുട്ടാടിനെയും ഒരു കാളയെയുംവീതം ബലിയര്‍പ്പിച്ചു.

ബലിമൃഗങ്ങളുടെ മാംസം, അഗ്നിനാളങ്ങള്‍ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബാലാം ബാലാക്കിനോടു പറഞ്ഞു: "ഇവിടെ ഈ ദഹനബലികള്‍ക്കരികെ എന്നെ കാത്തുനില്‍ക്കുക. ഞാന്‍ ഏകാന്തമായ ഒരിടത്തേക്കു പോകട്ടെ. ഈ ബലികളില്‍ പ്രീതനെങ്കില്‍ ഒരുപക്ഷേ ദൈവമെന്നോടു സംസാരിച്ചേക്കാം. അതെന്തുതന്നെയായാലും ഞാന്‍ നിന്നെയറിയിക്കാം."

കുറെക്കൂടെ ഉയര്‍ന്ന ഒരു പര്‍വ്വതശിഖരത്തിലേക്കു ബാലാം കയറിപ്പോയി. അവിടെ പ്രാർത്ഥനാ നിമഗ്നനായിരിക്കുമ്പോൾ ബാലാമിന്റെ ആന്തരീകകർണ്ണങ്ങളിൽ കര്തതാവിന്റെ ശബ്ദംകേട്ടു.: "ബാലാക്കിന്റെയടുത്തേക്കു മടങ്ങിച്ചെല്ലുക. അവനോടു പറയേണ്ട വാക്കുകള്‍ അപ്പോള്‍ ഞാന്‍ നിന്റെ അധരങ്ങളില്‍ നിക്ഷേപിക്കും."

ബാലാം മടങ്ങിയെത്തുമ്പോള്‍ ബാലാക്കും മൊവാബിലെ പ്രഭുക്കന്മാരും ദഹനബലിയുടെയരികില്‍ത്തന്നെ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

അവരുടെ അടുത്തെത്തിയപ്പോള്‍ ബാലാം പ്രവചിച്ചുതുടങ്ങി:

"ആരാമില്‍നിന്നു ബാലാക്ക് എന്നെ കൊണ്ടുവന്നു; പൗരസ്ത്യഗിരികളില്‍നിന്നു മൊവാബു രാജാവെന്നെ വരുത്തി. യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്സിക്കുകയെന്നു മൊവാബിലെ രാജാവായ ബാലാം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിനുത്തരം പറയൂ, ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്സിക്കാത്തവനെ ഞാനെങ്ങനെ ഭര്‍ത്സിക്കും? പാറക്കെട്ടുകളില്‍നിന്നു ഞാനവനെക്കാണുന്നു; മലമുകളില്‍നിന്നു ഞാനവനെ നിരീക്ഷിക്കുന്നു: ഇതാ വേറിട്ടു പാര്‍ക്കുന്നൊരു ജനം; മറ്റു ജനതകളോട് ഇടകലരാത്തൊരു ജനം. യാക്കോബിന്റെ ധൂളിയെ എണ്ണാനാര്‍ക്കു കഴിയും? ഇസ്രായേലിന്റെ ജനസഞ്ചയത്തെ ആരു തിട്ടപ്പെടുത്തും? നീതിമാന്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്റേതുപോലെയാകട്ടെ!"
     
ബാലാക്ക് ബാലാമിനോടു ചോദിച്ചു: "നീയെന്താണീ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെക്കൊണ്ടുവന്നു; എന്നാല്‍, നീയവരെ അനുഗ്രഹിക്കുന്നോ?"

"അക്കാണുന്ന ജനതയിൽ ഒരുവനെപ്പോലും എനിക്കറിയില്ല. ബാലാക്ക് രാജാവാകട്ടെ, ഞാൻ ചോദിക്കുന്നതെന്തും എനിക്കു നല്കാന് സന്നദ്ധനാണ്. എങ്കിലും ദൈവം തോന്നിക്കുന്ന വചനമല്ലാതെ മറ്റെന്താണു ഞാന്‍ സംസാരിക്കേണ്ടത്?" ബാലാം ഒരു മറുചോദ്യമാണു ബാലാക്കിനു മറുപടിയായി നല്കിയത്..

ബാലാക്ക് പറഞ്ഞു: "ഒരുപക്ഷേ, നിനക്കൊരു മിഥ്യാദര്‍ശനം ലഭിച്ചതാകാം. എന്റെകൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്കവരെക്കാണാം. ഏറ്റവുമടുത്തു നില്‍ക്കുന്നവരെമാത്രം കണ്ടാല്‍മതി; എല്ലാവരെയും കാണേണ്ട. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക"

പിറ്റേന്നവന്‍, സോഫിം വയലിനപ്പുറം പിസ്ഗാ മലയിലേക്കു ബാലാമിനെ കൊണ്ടുപോയി. അവിടെയും ഏഴു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിക്കുകയും ചെയ്തു. 

ബാമോത്ത്ബാല്‍ പൂജാഗിരിയിലെന്നപോലെ പിസ്താമലയിലും കര്‍ത്താവിന്റെ സന്ദേശം സ്വീകരിച്ച്, ബാലാം ബാലാക്കിന്റെയും മൊവാബ്യപ്രഭുക്കന്മാരുടെയുംപക്കല്‍ മടങ്ങിയെത്തി. അവനെക്കണ്ടപ്പോള്‍ ബാലാക്ക് അവനോടു ചോദിച്ചു: "നിന്റെ ദൈവമെന്താണരുളിച്ചെയ്തത്?"    

ബാലാം പ്രവചിച്ചു തുടങ്ങി : "ബാലാക്ക്, നീ  ഉണര്‍ന്നു ശ്രവിക്കുക; സിപ്പോറിന്റെ പുത്രാ, ശ്രദ്ധിച്ചു കേള്‍ക്കുക. വ്യാജംപറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത്, അവിടുന്നു നിറവേറ്റാതിരിക്കുമോ? ഇതാ അനുഗ്രഹിക്കാന്‍ എനിക്കാജ്ഞ ലഭിച്ചു. അവിടുന്നനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.    

യാക്കോബില്‍ അവിടുന്നു തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ്, അവരോടുകൂടെയുണ്ട്. ദൈവം ഈജിപ്തില്‍നിന്ന് അവരെക്കൊണ്ടുവരുന്നു; കാട്ടുപോത്തിന്റേതിനു തുല്യമായ ബലമവര്‍ക്കുണ്ട്. യാക്കോബിന് ആഭിചാരമേല്ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിനെന്ന്‌ ഇസ്രായേലിനെക്കുറിച്ചു പറയേണ്ട സമയമാണിത്. ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തംകുടിക്കാതെ അടങ്ങുകയുമില്ല."
     
"നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ." ബാലാക്ക് കോപിഷ്ഠനായി.

"ദൈവം കല്പിക്കുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?" ബാലാം ബാലാക്കിനോടു ചോദിച്ചു.    

ബാലാക്ക് അവനോടു പറഞ്ഞു: "മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ ദൈവം സമ്മതിച്ചേക്കും."  

മൂന്നാംദിവസം, യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്ക് അവന്‍ ബാലാമിനെ കൊണ്ടുപോയി.

ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു ദൈവത്തിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, ആദ്യത്തെ രണ്ടിടങ്ങളിലുംചെയ്തതുപോലെ ബലിപീഠങ്ങള്‍ നിര്‍മ്മിച്ച് ദഹനബലികളര്‍പ്പിക്കാന്‍നില്‍ക്കാതെ, ബാലാം, മരുഭൂമിയിലെ ഇസ്രായേല്‍പ്പാളയങ്ങളിലേക്കു മുഖംതിരിച്ചു നിന്നു. ഗോത്രങ്ങളനുസരിച്ച്, ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നത് അവന്‍ കണ്ടു. കർത്താവിന്റെയാത്മാവ്, അവന്റെമേലാവസിച്ചു.      

ബാലാം പ്രവചിച്ചു തുടങ്ങി: "ബയോറിന്റെ മകനായ ബാലാമിന്റെ പ്രവചനം കേള്‍ക്കുക, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം ശ്രദ്ധിക്കുക. ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വ്വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:      
യാക്കോബേ, നിന്റെ കൂടാരങ്ങളെത്ര മനോഹരം, ഇസ്രായേലേ, നിന്റെ പാളയങ്ങളും! വിശാലമായ താഴ്‌വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍ പോലെയും, കര്‍ത്താവു നട്ട അകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും അവ വിരാജിക്കുന്നു. അവന്റെ ഭരണികളില്‍നിന്നു വെള്ളം കവിഞ്ഞൊഴുകും, വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും. അവന്റെ രാജാവ്, മറ്റേതൊരു രാജാവിനേയുംകാള്‍ ഉന്നതനായിരിക്കും. അവന്റെ രാജ്യം മഹത്വമണിയും. ദൈവം ഈജിപ്തില്‍നിന്ന് അവനെക്കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്ഥികള്‍ അവന്‍ തകര്‍ക്കും; അവന്റെ അസ്ത്രങ്ങള്‍ അവരെ പിളര്‍ക്കും. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെയുണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!"    

ബാലാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: "എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീയവരെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ത്തന്നെ നിന്റെ ദേശത്തേക്കോടിക്കൊള്ളുക. വലിയ ബഹുമതികള്‍നല്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, നിന്റെ ദൈവം നിനക്കതു നിഷേധിച്ചിരിക്കുന്നു. ഇപ്പോള്‍ ജീവന്‍ തിരികെക്കിട്ടുന്നതുപോലും, ഞാന്‍ നിന്നെ എന്റെ അതിഥിയായി ക്ഷണിച്ചുവരുത്തിയതുകൊണ്ടുമാത്രമാണെന്നു മറക്കേണ്ട!"

"നിന്റെ ദൂതന്മാരോടു ഞാന്‍ ആദ്യംതന്നെ പറഞ്ഞില്ലേ, ബാലാക്ക് തന്റെ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും എന്റെ ദൈവത്തിന്റെ കല്പനയ്ക്കപ്പുറം സ്വമേധയാ നന്മയോ തിന്മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; ദൈവമരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയുമെന്ന്! ഇതാ ഇപ്പോള്‍ എന്റെ ദേശത്തേക്കു ഞാന്‍ മടങ്ങുന്നു. 

ഭാവിയില്‍ ഇസ്രായേല്‍, നിന്റെ ജനത്തോടെന്തു ചെയ്യുമെന്നുകൂടെ ഞാനറിയിക്കാം: ഞാനവനെക്കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാനവനെ ദര്‍ശിക്കുന്നു, എന്നാലടുത്തല്ല. യാക്കോബില്‍നിന്നൊരു നക്ഷത്രമുദിക്കും, ഇസ്രായേലില്‍നിന്നൊരു ചെങ്കോലുയരും, അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഏദോം അന്യാധീനമാകും; ശത്രുവായ സെയിറും! ഇസ്രായേലോ സുധീരം മുന്നേറും. ഭരണംനടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍ നശിപ്പിക്കപ്പെടും. ഹാ, ദൈവമിതുചെയ്യുമ്പോള്‍ ആരു ജീവനോടിരിക്കും!"

ബാലാമിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ, ബാലക്കിന്റെ ഭടന്മാർ അവനെ അടിച്ചോടിച്ചു. ബാലാക്ക് ക്രോധത്തോടെ തന്റെ പ്രഭുക്കന്മാരോടൊപ്പം മടങ്ങിപ്പോയി.

രാജകീയ പ്രൌഢിയില്‍ പ്രഭുക്കന്മാരുടെ അകമ്പടിയോടെ മോവാബിലെത്തിയ  ബാലാം നിശബ്ദനായി തന്റെ രണ്ടനുചരന്മാര്‍ക്കൊപ്പം സ്വദേശത്തേക്കോടിപ്പോയി
-------------------------------------------------------------------------------------------------

അടിക്കുറിപ്പുകള്‍

1.മൊവാബ് രാജാവായ ബാലാക്ക് ഇസ്രായേലിനെതിരായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്, ഇസ്രായേലിലെ ഏറ്റവും പ്രമുഖനായ രാജാവായിത്തീര്‍ന്ന ദാവീദ്, മൊവാബുകാരിയായ റൂത്തിന്റെ പ്രപൌത്രനായിരുന്നു. (റൂത്തിന്റെ പുത്രനായ ഓബദിന്റെ പുത്രന്‍ ജെസ്സെയായിരുന്നു ദാവീദിന്റെ പിതാവ്.) ദാവീദിന്റെ ഇരുപത്തിയെട്ടാം തലമുറയിലാണ് യേശു ജനിക്കുന്നത്. ബൈബിളിലെ ഒരുപുസ്തകം മൊവാബ്യയായ റൂത്തിന്റെ പേരിലാണ്.

2. ആദ്യഭാഗങ്ങള്‍ വായിക്കാത്തവര്‍ക്ക്: അബ്രഹാമിന്റെ പൌത്രനും ഇസഹാക്കിന്റെ പുത്രനുമായ യാക്കോബിന്റെ മറ്റൊരു പേരാണു ഇസ്രായേല്‍. ഇസ്രായേലിന്റെ പന്ത്രണ്ടുമക്കളുടെ പിന്‍തലമുറകളാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍

No comments:

Post a Comment