Sunday 4 February 2018

49. സംസാരിക്കുന്ന കഴുത

ബൈബിൾക്കഥകൾ  - 49

ബാലാം തന്റെ കഴുതപ്പുറത്തേറി, ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം പുറപ്പെട്ടു. തന്റെ രണ്ടു ഭൃത്യന്മാരെയും അയാള്‍ തന്റെയൊപ്പം കൂട്ടി.

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കതിരണിഞ്ഞുനില്‍ക്കുന്ന കോതമ്പുപാടത്തിന്റെ വരമ്പിലുള്ള വഴിയിലൂടെ ബാലാമിന്റെ കഴുത നടന്നു. കാറ്റിലാടിയുലയുന്ന കോതമ്പു കതിരുകള്‍ അതിനെ പ്രലോഭിച്ചില്ല. എന്നാല്‍ ബാലാമിനും സഹചരന്മാര്‍ക്കും ദൃഷ്ടിഗോചരമല്ലാതിരുന്ന ഒരു കാഴ്ചയില്‍ ബാലാമിന്റെ കഴുത ചകിതനായി.

കര്‍ത്താവിന്റെ ദൂതന്‍ ഊരിയവാളുമായി വഴിതടഞ്ഞു നില്‍ക്കുന്നതു ബാലാമിന്റെ കഴുത കണ്ടു. അതു ഭയത്തോടെ വയലിലേക്കു ചാടി. ജീനിയില്‍ മുറുകെപ്പിടിക്കാനയതിനാല്‍ ബാലാം കഴുതപ്പുറത്തുനിന്നു വീണില്ല.

വഴിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു. കര്‍ത്താവിന്റെ ദൂതന്‍ അപ്രത്യക്ഷനായതിനാല്‍ അതു വീണ്ടും വഴിയിലേക്കു തിരികെ വന്നു.

വയല്‍വരമ്പു കടന്ന്, ബാലാമും കൂട്ടരും മുന്തിരിത്തോട്ടങ്ങളുടെ മതിലുകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയിലേക്കു കടന്നു. അപ്പോള്‍ കഴുത വീണ്ടും കര്‍ത്താവിന്റെ ദൂതനെക്കണ്ടു. അതു ഭയത്തോടെ മതിലിനോടു ചേര്‍ന്ന് ഒതുങ്ങാന്‍ ശ്രമിച്ചു. ബാലാമിന്റെ കാല്‍ മതിലിലുരഞ്ഞു. ബാലാം കഴുതയെ വീണ്ടുമടിച്ചു. മാലാഖ അപ്രത്യക്ഷനായതിനാല്‍, കഴുത വീണ്ടും മുമ്പോട്ടു നടന്നു.

അല്പദൂരത്തിനപ്പുറം, എതിരെ ഒരാള്‍ വന്നാല്‍ കടന്നുപോകാനാവാത്തത്ര ഒതുങ്ങിയ ഒരിടത്ത് കര്‍ത്താവിന്റെ ദൂതനെ, കഴുത വീണ്ടും കണ്ടു. അതു ഭയത്തോടെ നിലത്തോടു ചേര്‍ന്നുകിടന്നു.

തന്റെ കഴുത തുടര്‍ച്ചയായി നിഷേധംകാണിക്കുന്നതിനാല്‍ ബാലാം കോപിഷ്ഠനായി. അവന്‍ കഴുതയെ കഠിനമായി മര്‍ദ്ദിച്ചു.

പെട്ടെന്ന് വലിയൊരദ്ഭുതം സംഭവിച്ചു.

ബാലാമിന്റെ കഴുത, മനുഷ്യരെപ്പോലെ സംസാരിച്ചുതുടങ്ങി. അതു ബാലാമിനോടു ചോദിച്ചു: "ഇതാ മൂന്നുതവണയായി നീയെന്നെയടിക്കുന്നു. ഞാന്‍ നിന്നോടെന്തു ദ്രോഹംചെയ്തിട്ടാണു നീയെന്നെയിങ്ങനെ ഉപദ്രവിക്കുന്നത്?"

"ങ്ഹും... എന്തു ദ്രോഹംചെയ്തെന്നോ? നീയെന്നെ അവഹേളിക്കുകയാണ്. കൈയില്‍ വാളുണ്ടായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളഞ്ഞേനെ!"

"ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന, നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോടിങ്ങനെ ചെയ്തിട്ടുണ്ടോ?"

"ഇല്ല" ബാലാം സമ്മതിച്ചു.

പെട്ടെന്നു ബാലാമിനു ബോധോദയമുണ്ടായി. 'ഒരു കഴുതയോടല്ലേ ഞാനിപ്പോള്‍ സംസാരിക്കുന്നത്? ഇതെങ്ങനെ സംഭവിച്ചു?' അയാള്‍ ചിന്തിച്ചുനിന്നപ്പോള്‍ കര്‍ത്താവയാളുടെ ഉള്‍ക്കണ്ണു തുറന്നു. ഊരിയ വാളേന്തി, വഴിയില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെക്കണ്ട് അയാള്‍ മണ്ണില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: "കഴുതയെ മൂന്നു പ്രാവശ്യം നീ അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെത്തടയാന്‍ ഞാന്‍ വന്നിരിക്കുന്നു. മൂന്നു പ്രാവശ്യവും കഴുത എന്നെക്കണ്ടാണു തിരിഞ്ഞുപോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെവിടുകയുംചെയ്യുമായിരുന്നു."

അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: കര്‍ത്താവ് അനുവദിച്ചതിനാലാണല്ലോ ഞാന്‍ പുറപ്പെട്ടത്... കര്‍ത്താവിന്റെ ഹിതം മനസ്സിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയെങ്കില്‍ ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്തുപോയി; അങ്ങെനിക്കെതിരേ വഴിയില്‍നിന്നതും ഞാനറിഞ്ഞില്ല. ഇതു കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയെങ്കില്‍ ഞാന്‍ തിരിച്ചുപൊയ്‌ക്കൊള്ളാം."


"വേണ്ട, നീ ഇവരുടെകൂടെ പോയിക്കൊള്ളൂ. എന്നാല്‍ ഇതൊരു മുന്നറിയിപ്പായി കരുതുക. കര്‍ത്താവു നിന്നോടു കല്പിക്കുന്നതല്ലാതെ ഒന്നും നീ ചെയ്യരുത്."

ബാലാം യാത്രതുടര്‍ന്നു.

ബാലാം വരുന്നെന്നു കേട്ടപ്പോള്‍, അവനെ എതിരേല്‍ക്കാനായി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തുള്ള ഈര്‍മൊവാബുവരെ ബാലാക്ക് ചെന്നു.

ബാലാമിനെ രാജോചിതമായി സ്വീകരിച്ചുകൊണ്ട് ബാലാക്ക് ചോദിച്ചു. "ഞാനാദ്യമാളയച്ചപ്പോള്‍ നീയെന്താണു വരാന്‍ മടിച്ചത്? നിനക്കുചിതമായ ബഹുമതിനല്കാന്‍ എനിക്കു കഴിവില്ലെന്നു നീ കരുതുന്നുവോ?"

ബാലാം പറഞ്ഞു: "ഞാനിതാ വന്നല്ലോ. എന്നാല്‍, ഒന്നോര്‍ക്കുക, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവില്ല, ദൈവം തോന്നിക്കുന്ന വചനംമാത്രമാണ് എനിക്കു പറയാനുളളത്."      

ബാലാമിന്റെ ബഹുമാനാര്‍ത്ഥം, ബാലാക്ക് കാളകളെയും ആടുകളെയും ബലികഴിച്ച്, ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും വിരുന്നൊരുക്കി. 

പിറ്റേന്നു രാവിലെ അയാള്‍, ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നുകൊണ്ട്, ഇസ്രായേല്‍പാളയം ബാലാമിനു കാണിച്ചുകൊടുത്തു.

No comments:

Post a Comment