Sunday 15 October 2017

33. പെസഹാക്കുഞ്ഞാടിന്റെ രക്തം

ബൈബിൾക്കഥകൾ 33

"ഇസ്രായേല്‍ജനതയെ വിട്ടയയ്ക്കാന്‍ ഫവോയ്ക്ക് ഇനിയും മനസ്സുതോന്നാതെന്തേ? സകലത്തിന്റെയും കര്‍ത്താവായ യഹോവയേ, അങ്ങു കൂടുതല്‍ ശക്തിയോടെ ഇടപെടണമേ!" മോശ കര്‍ത്താവിനുമുമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു.

കർത്താവിൻ്റെ മൃദുശബ്ദം മോശയുടെ ആന്തരിക കർണ്ണങ്ങൾ ശ്രവിച്ചു: "ഇനിയുമൊരു മഹാമാരികൂടെ ഞാന്‍ ഈജിപ്തിനുമേലയയ്ക്കും. പിന്നെ നിങ്ങള്‍ അവനോടപേക്ഷിക്കേണ്ടാ, എത്രയുംപെട്ടെന്ന് ഈജിപ്തില്‍നിന്നു വിട്ടുപോകാന്‍ അവന്‍ നിങ്ങളോടപേക്ഷിക്കും. ഫറവോയും അവന്റെ സേവകരും ഈജിപ്തിലെ ജനംമുഴുവന്‍, മോശയൊരു മഹാപുരുഷനാണെന്നുകരുതുന്ന ദിനങ്ങള്‍ വരും. എല്ലാ ഇസ്രായേല്‍ജനങ്ങളും ഈജിപ്തുകാരുടെ പക്കല്‍നിന്നു സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങാന്‍ നീ പറയൂ. അവരതു നല്കും. ഞങ്ങളുടെ ആഭരണങ്ങളൊന്നും തിരികേത്തരേണ്ട, നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്നു ദൂരെയെവിടെയെങ്കിലും പോയാല്‍മതിയെന്ന് ഈജിപ്തുകാര്‍പറയുന്ന ദിനങ്ങള്‍ വരുന്നു. നിങ്ങളുടെ അദ്ധ്വാനമാണ് ഈ നാടിനെ സമൃദ്ധിയിലേക്കുയര്‍ത്തിയത്. അതിനാല്‍ ഈജിപ്തിലെ സ്വര്‍ണ്ണവും വെള്ളിയും നിങ്ങളോടൊപ്പം കൊണ്ടുപോകാന്‍ മടിക്കേണ്ടതില്ല. അതു നിങ്ങള്‍ക്കവകാശപ്പെട്ട സമ്പത്താണ്‌.

നീ ഒരിക്കൽക്കൂടെ ഫറവോയെ ചെന്നു കാണുക. സംഹാരദൂതന്റെ ആഗമനത്തെക്കുറിച്ച് അവനു മുന്നറിയിപ്പു നല്കുക.. "

മോശ യാഹ്‌വെയ്ക്കു നന്ദി പറഞ്ഞു സ്തുതിച്ചു.

അന്നുതന്നെ മോശയും അഹറോനും ഫറവോയെ സന്ദര്‍ശിച്ചു. മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു സംസാരിച്ചു.

"ഇനിയും നീ ഇസ്രായേല്‍ ജനതയെ തടഞ്ഞുവച്ചാല്‍ കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. സിംഹാസനത്തിലിരിക്കുന്ന ഫറവോമുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെ ഈജിപ്തിലെ എല്ലാ മനുഷ്യരുടേയും കടിഞ്ഞൂല്‍സന്താനങ്ങള്‍ മരിക്കും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ ചാകും. ഇസ്രായേല്‍ക്കാര്‍ക്കും ഈജിപ്തുകാര്‍ക്കുമിടയില്‍ കര്‍ത്താവു ഭേദംകല്പിക്കുകയുംചെയ്യും.

ഇതു നിനക്കു ലഭിക്കുന്ന അവസാനത്തെ അവസരമാണെന്നോർക്കുക...'"

ഫറവോ ആ വാക്കുകള്‍ക്കും വിലനല്കിയില്ല. മോശ കോപത്തോടെ അവിടംവിട്ടിറങ്ങി.

കര്‍ത്താവു മോശയോടു കല്പിച്ചു: "ഇസ്രായേല്‍മക്കളോടു പറയുവിന്‍, ഇന്നു നിങ്ങള്‍ വര്‍ഷത്തിന്റെ ആദ്യമാസത്തിലെ ആദ്യദിവസമായിക്കരുതണം. ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഒരോ കുടുംബത്തിനും ഒരാട്ടിന്‍കുട്ടിയെവീതം കരുതിവയ്ക്കണം. തിരഞ്ഞെടുക്കുന്ന ആട്ടിന്‍കുട്ടി ഒരു വയസ്സുള്ളതും ഊനമറ്റതുമായിരിക്കണം. ഏതെങ്കിലുമൊരു കുടുംബം ആട്ടിന്‍കുട്ടിയെ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണംനോക്കി അയല്‍ക്കുടുംബത്തേയും പങ്കുചേര്‍ക്കുക. പത്താംദിവസംമുതല്‍ പതിന്നാലാം ദിവസംവരെ ആ ആട്ടിന്‍കുട്ടിയെ പ്രത്യേകമായി സൂക്ഷിക്കണം. പതിന്നാലാംദിവസം ഇസ്രായേല്‍സമൂഹം മുഴുവന്‍, അങ്ങനെ മാറ്റിനിറുത്തിയ ആട്ടിന്‍കുട്ടികളെ കൊല്ലണം. അതിന്റെ രക്തത്തില്‍നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പ്പടിയിലും പുരട്ടണം. അതിന്റെ മാംസം തീയില്‍ച്ചുട്ട്, പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളുംചേര്‍ത്ത്, അന്നുരാത്രിയില്‍ ഭക്ഷിക്കണം. ചുട്ടല്ലാതെ, വെള്ളത്തില്‍ വേവിച്ചോ, അല്ലാതെയോ ഭക്ഷിക്കരുത്. പാകംചെയ്ത വീട്ടില്‍വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍നിന്ന് അല്പംപോലും പുറത്തുകൊണ്ടുപോകരുത്., അരമുറുക്കി, പാദരക്ഷകളണിഞ്ഞ്, വടി കൈയിലേന്തി, തിടുക്കത്തിലാണതു ഭക്ഷിക്കേണ്ടത്. കാരണം അതു കര്‍ത്താവിന്റെ പെസഹയാണ്. ആ രാത്രിയില്‍ എന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം അവന്‍ സംഹരിക്കും. കട്ടിളയിലുള്ള, പെസഹാക്കുഞ്ഞാടിന്റെ രക്തം, നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. കുഞ്ഞാടിന്റെ രക്തംതളിച്ച വീടുകളെ സംഹാരദൂതനുപദ്രവിക്കുകയില്ല. ഒരു സ്മരണാദിവസമായി നിങ്ങള്‍ വര്‍ഷംതോറും ഇതേദിവസം പെസഹാത്തിരുനാള്‍ ആചരിക്കണം."

"ഇനിവരുന്ന തലമുറകള്‍തോറും നിങ്ങളുടെ സന്തതിപരമ്പരകള്‍ എല്ലാവര്‍ഷവും കര്‍ത്താവിന്റെ പെസഹാത്തിരുനാള്‍ ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം, ഈ ദിവസം കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോയി, ഈജിപ്തിലെ ആദ്യജാതാരെ സംഹരിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരെ സംരക്ഷിച്ചതിന്റെ അനുസ്മരണമാണ് ഈ തിരുനാള്‍ ആചരിക്കുന്നത്"

കര്‍ത്താവിന്റെ കല്പന മോശയും അഹറോനും ഇസ്രായേല്‍ജനതയെ അറിയിച്ചു.

ജോസഫ് ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യംചെയ്യിച്ചിരുന്നതനുസരിച്ച്, കാനാന്‍ദേശത്തേക്കു കൊണ്ടുപോകാനായി, പരിമളദ്രവ്യങ്ങള്‍ പുരട്ടി സംരക്ഷിച്ചിരുന്ന ജോസഫിന്റെ മൃതശരീരം,
മോശ ഒരുക്കിവച്ചു.

ജനങ്ങളെല്ലാം മോശ പറഞ്ഞതുപോലെ ചെയ്തു.


രണ്ടാഴ്ചകൾകൂടെക്കടന്നുപോയി

പെസഹാദിവസം സൂര്യാസ്തമയംകഴിഞ്ഞപ്പോള്‍മുതല്‍ ഈജിപ്തിലെങ്ങും കൂട്ടനിലവിളിയുയര്‍ന്നുതുടങ്ങി. ഫറവോയുടെ കൊട്ടാരംമുതല്‍, കുടിലുകളിലും മാളികകളിലും ജയിലറകളിലുംവരെ ആദ്യസന്താനമായി ജനിച്ച, ഈജിപ്തുകാരായ മനുഷ്യരും ഈജിപ്തുകാരുടെ വളർത്തുമൃഗങ്ങളും പ്രായഭേദമെന്യേ, ജീവന്‍വെടിഞ്ഞു.

ആ രാത്രിയില്‍ത്തന്നെ ഫറവോ മോശയേയും അഹറോനേയും വിളിപ്പിച്ചു.

"ഇസ്രായേല്‍ക്കാരെ മുഴുവനും അവരുടെ ആടുമാടുകളെയും സകലസമ്പത്തിനുമൊപ്പം ഈജിപ്തില്‍നിന്നു കൊണ്ടുപോയിക്കൊള്ളൂ. നിങ്ങള്‍ പോയി കര്‍ത്താവിനു ബലിയര്‍പ്പിക്കൂ. എന്നെയും ഈജിപ്തിനെയും അനുഗ്രഹിക്കൂ. കാണുന്നില്ലേ, ഈജിപ്തുമുഴുവന്‍ നശിച്ചുകൊണ്ടിരിക്കുകയാണ്."

ഈജിപ്തിലെ ജനങ്ങളും ഇസ്രായേല്‍ക്കാരെ നിര്‍ബ്ബന്ധിച്ചു. "ഞങ്ങളുടെ പൊന്നും വെള്ളിയുമെല്ലാം നിങ്ങള്‍ക്കു നല്‍കാം. ഈ ദേശം വിട്ടുപോയിക്കൊള്ളൂ. ഇല്ലെങ്കില്‍ ഞങ്ങളെല്ലാവരും മരിക്കും."

നേരംപുലരുന്നതിനുമുമ്പുതന്നെ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം പുറപ്പെട്ടു. ഇസ്രായേല്‍ ജനം ഈജിപ്തിലെത്തിയിട്ട്, നാനൂറ്റിമുപ്പതു സംവത്സരങ്ങള്‍ പൂര്‍ത്തിയായ ദിവസമായിരുന്നു, അന്ന്!

ഈജിപ്തിന്റെ അതിര്‍ത്തിയായ സുക്കൊത്തിലേക്കാണ് അവര്‍ നടന്നത്. സ്ത്രീകളെയും കുട്ടികളെയും കൂടാതെ ആറുലക്ഷം പുരുഷന്മാര്‍ ആ സംഘത്തിലുണ്ടായിരുന്നു!

തിടുക്കത്തില്‍ പുറപ്പെട്ടതിനാല്‍ യാത്രയ്ക്കുള്ള ആഹാരമൊരുക്കാനോ മാവു പുളിപ്പിക്കാനോ അവര്‍ക്കു സമയം ലഭിച്ചില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു.

ദിവസങ്ങള്‍ കടന്നുപോയി. ഈജിപ്തു ശാന്തമായിത്തുടങ്ങി. ഫറവോ തന്റെ ആലോചനാസംഘത്തെ ഒരിക്കൽക്കൂടെ വിളിച്ചുകൂട്ടി.

"നമ്മുടെമേല്‍പ്പതിച്ച ദുരന്തത്തില്‍ മനംനൊന്ത്, ഞാന്‍ വിഡ്ഢിത്തം പ്രവര്‍ത്തിച്ചുപോയി. നമ്മുടെ അടിമകളായ ഇസ്രായേല്‍ക്കാരെ വിട്ടയച്ചതു ഭോഷത്തംതന്നെയാണ്. ഈജിപ്തിലെ ജോലികള്‍ചെയ്യാന്‍ ഇനിയാരാണുള്ളത്?"

ഇസ്രായേല്‍ക്കാരെ തിരികെക്കൊണ്ടുവരണമെന്നുതന്നെയായിരുന്നു ആലോചനാസംഘത്തിലെ മുഴുവന്‍പേരുടെയും അഭിപ്രായം.

"ആടുമാടുകളും സ്ത്രീകളും കുട്ടികളുമൊക്കെയായി അവര്‍ക്ക് ഒരുപാടുദൂരം സഞ്ചരിക്കാനാകില്ല. മികച്ച കുതിരകളും തേരുകളുമായി സൈന്യമൊരുങ്ങട്ടേ! മുഴുവന്‍ ഇസ്രായേൽക്കാരെയും ഈജിപ്തിലേക്കു മടക്കിക്കൊണ്ടുവരട്ടേ!" ഫറവോ കല്പനപുറപ്പെടുവിച്ചു.

കുതിരപ്പടയാളികളും തേരുകളുമടങ്ങിയ വലിയൊരു സൈന്യം ഇസ്രായേൽക്കാരെ പിടികൂടി, തിരികെക്കൊണ്ടുവരാനായി പുറപ്പെട്ടു.

No comments:

Post a Comment