Sunday 1 October 2017

31. മഹാമാരികള്‍

ബൈബിൾക്കഥകൾ - 31

തവളകളുടെ ശല്യമില്ലാതാക്കാൻ, ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരുടെ മാന്ത്രികവിദ്യകളാല്‍ അവര്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും തവളകളെ ഈജിപ്തിലേക്കു വരുത്തി. എന്നാല്‍ ഒന്നിനെപ്പോലും ഈജിപ്തിനു പുറത്തേക്കയയ്ക്കാന്‍ അവര്‍ക്കായില്ല...

ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ഏഴുദിനരാത്രങ്ങള്‍ ഈജിപ്തുകാര്‍ പിന്നിട്ടു. ഇസ്രായേല്‍ക്കാരുടെ ഗ്രാമങ്ങള്‍മാത്രം ദുരിതങ്ങളില്‍നിന്നകന്നുനിന്നു.

തന്റെ മന്ത്രവാദികള്‍ക്ക് ഈജിപ്തിനെ ഈ ദുസ്ഥിതിയില്‍നിന്നു മോചിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോള്‍ ഫറവോ മോശയേയും അഹറോനെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.

"എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും ഈ തവളകളെയകറ്റിക്കളയുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു  പ്രാര്‍ത്ഥിക്കുവിന്‍; ഈജിപ്തിൽനിന്ന് ഈ ശല്യം പൂർണ്ണമായൊഴിഞ്ഞുപോയാൽ, കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി നിങ്ങളുടെ ജനതയെ ഞാന്‍ വിട്ടയയ്ക്കാം."       

മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു പറഞ്ഞു: "തവളകളെ ഈജിപ്തിലെ ഭവനങ്ങളില്‍നിന്നും  രാജകൊട്ടാരത്തില്‍നിന്നുമകറ്റി, നദിയിലൊതുക്കിനിറുത്തുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും."  

ഫറവോയോടു പറഞ്ഞതുപോലെ, ശുദ്ധജലം ലഭിക്കാനും തവളകളുടെ ശല്യമൊഴിവാക്കാനുമായി മോശ കര്‍ത്താവിനോടപേക്ഷിച്ചു.   
വീടുകളിലും അങ്കണങ്ങളിലും വയലുകളിലും അധികമായുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി. ജനങ്ങളവയെ വലിയ കൂനകളായിക്കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ വലിയ കുഴികളുണ്ടാക്കി അവയെയെല്ലാം മൂടിക്കളഞ്ഞു.  

ഈജിപ്തിലെ നദികളിലെ ജലമെല്ലാം  ശുദ്ധീകരിക്കപ്പെട്ടു.

തവളകളുടെ ശല്യത്തിൽനിന്ന്, നാടിനു സ്വൈരംലഭിച്ചെന്നുകണ്ടപ്പോള്‍ ഫറവോയുടെ മനസ്സുമാറി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല. 

ദിവസങ്ങള്‍കഴിഞ്ഞിട്ടും ഫറവോ വാക്കുപാലിക്കുന്നില്ലെന്നുകണ്ട മോശ, കൊട്ടാരത്തിലെത്തി ഫറവോയെക്കാണാന്‍ ശ്രമിച്ചു. എന്നാല്‍ കാവല്‍ക്കാര്‍ അവനെ കടത്തിവിട്ടില്ല.

മോശ കുപിതനായി അഹറോനോടു പറഞ്ഞു: "ഇതാ, എൻ്റെ വടികൊണ്ടു നിലത്തെ പൂഴിയിലടിക്കുക. അപ്പോൾ അതു പേനായിത്തീര്‍ന്ന്, ഈജിപ്തുമുഴുവന്‍ വ്യാപിക്കും."        
അഹറോന്‍ മോശയിൽനിന്നു വടി വാങ്ങി. കാവല്‍ക്കാരുടെ മുമ്പില്‍വച്ചുതന്നെ നിലത്തെ പൂഴിയിലടിച്ചു. അപ്പോൾമുതൽ പൂഴിയിൽനിന്നു പേനുകൾ പുറത്തുവന്നുതുടങ്ങി. കൊട്ടാരവാതുക്കൽനിന്നു തുടങ്ങി, ഈജിപ്തിൻ്റെ അതിർത്തികൾവരെ അതു വ്യാപിച്ചു. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുതുടങ്ങി. ഗോഷൻപ്രവിശ്യയിൽമാത്രം പേനുകളുടെ ശല്യമുണ്ടായിരുന്നില്ല.

ഫറവോ തൻ്റെ മന്ത്രവാദികളെ വിളിപ്പിച്ചു. ഈജിപ്തിലെ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: "ഈ മനുഷ്യരോടൊപ്പം ദൈവകരം പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ നിസ്സഹായരാണ്."

എങ്കിലും ഫറവോ മനസ്സുമാറ്റിയില്ല.

പിറ്റേന്ന്, ഫറവോ സ്നാനത്തിനായി നദിയിലേക്കുവരുന്ന വഴിയില്‍, മോശ അഹറോനോടൊപ്പം കാത്തുനിന്നു.

ഫറവോയെക്കണ്ടപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

"കര്‍ത്താവിപ്രകാരം പറയുന്നു: എന്നെയാരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയുംമേല്‍ ഞാന്‍ ഈച്ചകളെയയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും. എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിറുത്തും; അവിടെ ഈച്ചകളുണ്ടായിരിക്കില്ല. അങ്ങനെ, ഞാനാണു ഭൂമിയില്‍ സകലത്തിന്റെയും കര്‍ത്താവെന്നു നീ ഗ്രഹിക്കും."

ഫറവോ അവരെ ശ്രദ്ധിച്ചതേയില്ല.  

അന്നുരാത്രിമുതൽ ഈജിപ്തുരാജ്യംമുഴുവന്‍ ഈച്ചകളുടെ കൂട്ടങ്ങൾവന്നു നിറഞ്ഞുതുടങ്ങി. 

പിറ്റേന്നു പ്രഭാതത്തിൽ, ഫറവോ മോശയെയും അഹറോനെയും  കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "എന്തിനു നിങ്ങള്‍ രാജ്യംവിട്ടുപോകണം? ഇസ്രയേൽക്കാരും ഈജിപ്തിൻ്റെ പൗരന്മാർതന്നെയാണല്ലോ. നിങ്ങള്‍ ഈജിപ്തിനുള്ളില്‍ എവിടെവേണമെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍."

മോശ പറഞ്ഞു: "അതു ശരിയാകില്ല. ഈജിപ്തുകാര്‍ക്കരോചകമായ വസ്തുക്കളാണു കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. അതിനാല്‍, അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍, അവർ ചിലപ്പോൾ ഞങ്ങളെ കല്ലെറിയും. 

അതിനാൽ കര്‍ത്താവിന്റെ കല്പനപോലെ, മൂന്നുദിവസത്തെ യാത്രചെയ്തു മരുഭൂമിയിലെത്തി, അവിടെവച്ചു ഞങ്ങള്‍, അവിടുത്തേയ്ക്കു ബലിയര്‍പ്പിക്കണം."

"നിങ്ങൾ നിങ്ങളുടെ ദൈവത്തിനു ബലിയർപ്പിക്കുന്നതിനു ഞാനെതിരല്ല. എന്നാൽ, എന്തു സംഭവിച്ചാലും രാജ്യത്തിനു പുറത്തേക്കുപോകാന്‍ നിങ്ങളെ ഞാനനുവദിക്കുകയില്ല. നിങ്ങള്‍ പോയാല്‍ തിരിച്ചുവരുകയില്ല. ഈജിപ്തിലെ വയലുകളിലും ഇഷ്ടികച്ചൂളകളിലും കെട്ടിടനിര്‍മ്മാണസ്ഥലങ്ങളിലും പണിചെയ്യാന്‍ ആളില്ലാതെയാകും."

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ സംസാരിച്ചുതുടങ്ങി. "നീയിനിയും ഞങ്ങളെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ത്താവിന്റെ കരം, വയലിലുള്ള നിന്റെ മൃഗങ്ങളുടെമേല്‍ പതിക്കും; അവയെ മഹാമാരി ബാധിക്കും. ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കുതമ്മില്‍ കര്‍ത്താവു ഭേദംകല്പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല. കര്‍ത്താവു നാളെ, ഈ രാജ്യത്തിതുചെയ്യുമെന്നു സമയവും നിശ്ചയിച്ചിരിക്കുന്നു."

ഫറവോ അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
 
അടുത്ത ദിവസംതന്നെ മോശപ്രവചിച്ചതുപോലെ സംഭവിച്ചു. കുതിര, കഴുത, ഒട്ടകം, കാള, ആട് തുടങ്ങി, ഈജിപ്തുകാരുടെ മൃഗങ്ങളില്‍ പകുതിയിലധികവും ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളെല്ലാം സുരക്ഷിതമായിരുന്നു.

ഈജിപ്തിലെങ്ങും ഈച്ചകളും പേനുകളൂം അപ്പൊഴും പെരുകിക്കൊണ്ടിരുന്നു

രാജ്യത്തു കനത്ത നാശനഷ്ടങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഫറവോ മനസ്സുമാറ്റിയില്ല. ഈജിപ്തിലെ ഇസ്രായേല്‍ക്കാരെ അഹോരാത്രം പണിയെടുപ്പിച്ച് രാജ്യത്തിനുണ്ടായ നഷ്ടംനികത്താന്‍ ഫറവോ തൻ്റെ ഉദ്യോഗസ്ഥർക്കു നിര്‍ദ്ദേശംനല്കി. ഇസ്രായേല്‍ക്കാരുടെ യാതനകള്‍ വര്‍ദ്ധിച്ചു.

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയെ സന്ദര്‍ശിച്ചു. ചൂളയില്‍നിന്നെടുത്ത കുറെ ചാരം അവര്‍ കൈകളില്‍ കരുതിയിരുന്നു
 
"ഇസ്രായേല്‍ജനതയെ പീഡിപ്പിക്കുന്ന നിന്റെയും നിന്റെ ജനതയുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍നിറയാനായി ഞങ്ങളിതാ ഈ ചാരം അന്തരീക്ഷത്തിലേക്കു വിതറുന്നു."


മോശ, ചാരം മുകളിലെക്കെറിഞ്ഞതിനുശേഷം കൊട്ടാരംവിട്ടിറങ്ങി.

ഏറെവൈകാതെ ഈജിപ്തുകാർക്കെല്ലാം ശരീരത്തിൽ ചൊറിച്ചിലുണ്ടായിത്തുടങ്ങി. പോകെപ്പോകെ മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടായി. 

എന്നാൽ ഇസ്രായേൽക്കാരിലൊരാൾക്കുപോലും ശരീരംചൊറിയുകയോ വ്രണങ്ങളുണ്ടാകുകയോ ചെയ്തില്ല..

ഈച്ചകളും പേനുകളും ശരീരമാകെ നിറയുന്ന വ്രണങ്ങളുമായി, ഈജിപ്തിലെ ജനങ്ങൾ കഷ്ടതയിലായി. ഈജിപ്തിലെ വൈദ്യന്മാരും മന്ത്രവാദികളും കിണഞ്ഞു ശ്രമിച്ചിട്ടും ആർക്കും സൗഖ്യംലഭിച്ചില്ല.

എങ്കിലും ഫറവോ മനസ്സു മാറ്റിയില്ല.

No comments:

Post a Comment