Sunday 29 October 2017

35. ചെങ്കടലിനു നടുവില്‍

ബൈബിൾക്കഥകൾ 35


ഈജിപ്തുസൈന്യം ഇസ്രായേല്‍ജനതയുടെനേരെ അടുത്തുകൊണ്ടിരിക്കവേ, ജനക്കൂട്ടം മോശയ്ക്കും അഹറോനുമെതിരെ ശാപവാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സ്ത്രീകൾ അലമുറയിട്ടുകരയുകയും ശപിക്കുകയുംചെയ്തു...

മോശ കൈകൾവിരിച്ചുനിന്നു പ്രാര്‍ത്ഥിച്ചു. കര്‍ത്താവു മോശയോടു പറഞ്ഞു: "നീ എന്തിനെന്നെ വിളിച്ചുകരയുന്നു? മുമ്പോട്ടുതന്നെപോകാന്‍ ഇസ്രായേല്‍ക്കാരോടു പറയുക. നിൻ്റെ വടിയെടുത്ത്, കടലിനുനേരെ നീട്ടുക!"

കണ്‍മുമ്പില്‍ പരന്നുകിടക്കുന്ന ചെങ്കടലിനുനേരെ മോശ നോക്കി. ആരെയും വിഴുങ്ങാന്‍മടിയില്ലാത്ത കടലിനെജയിക്കാന്‍, കര്‍ത്താവു തങ്ങളെ സഹായിക്കുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു.

മോശ തൻ്റെ ഇടയവടി, ചെങ്കടലിനുനേരെ നീട്ടി. അപ്പോള്‍ കടലിനുമീതേ, ഒരു കിഴക്കന്‍കാറ്റു വീശിത്തുടങ്ങി. 

കര്‍ത്താവിന്റെ മേഘസ്തംഭം ഇസ്രായേല്‍ജനതയുടെ പിന്നിലേക്കു മാറി, ആകാശത്തു നിലയുറപ്പിച്ചു. ഈജിപ്തുകാരുടെമുമ്പില്‍ മൂടല്‍മഞ്ഞു നിറഞ്ഞു. മുമ്പോട്ടു യാത്രചെയ്യാന്‍ അവര്‍ക്കു സാധിക്കാത്തവിധം കാഴ്ചമറഞ്ഞു. തൊട്ടടുത്തുനിൽക്കുന്നവർക്കുമാത്രമേ പരസ്പരം കാണാൻ കഴിയുമായിരുന്നുള്ളൂ.

ഫറവോയുടെ സൈന്യാധിപന്‍ സേനാംഗങ്ങളോടു പറഞ്ഞു. "ഈ മൂടല്‍മഞ്ഞുമാറുംവരെ നമുക്കിവിടെ കൂടാരമടിക്കാം. ഇസ്രായേലുകാര്‍ നമ്മുടെ കണ്മുമ്പിൽത്തന്നെയുണ്ട്. അവർക്കിനി, ചെങ്കടല്‍ത്തീരത്തുനിന്നു മുമ്പോട്ടു പോകാൻ വഴിയേതുമില്ലല്ലോ... അതിനാൽ നമ്മൾ തിരക്കുകൂട്ടേണ്ടതില്ല, അവര്‍ നമ്മുടെ കൈകളിലകപ്പെട്ടുകഴിഞ്ഞു."

രാത്രിയില്‍ മേഘസ്തംഭംമാറി, അഗ്നിസ്തൂപം ആകാശത്തു പ്രത്യക്ഷപ്പെട്ടു. മൂടല്‍മഞ്ഞിനിടയില്‍ ആകാശത്തുകണ്ട അഗ്നിനാളങ്ങള്‍ ഈജിപ്തുകാരെ പരിഭ്രാന്തരാക്കി.

കിഴക്കൻകാറ്റ്, കൂടുൽ ശക്തമായി.
കടലിലെ ജലം, കാറ്റിൻ്റെ ശക്തിയാൽ വിഭജിക്കപ്പെട്ടു. വലിയ ജനക്കൂട്ടത്തിനു കടന്നുപോകാന്‍തക്ക വീതിയില്‍, കടലിനുകുറുകേ വരണ്ടഭൂമി പ്രത്യക്ഷമായി; അതിൻ്റെ ഇരുവശങ്ങളിലും വെള്ളം, മതിലുപോലെ ഉയര്‍ന്നുനിന്നു.

ഇസ്രയേൽജനം വിസ്മയഭരിതരായി. അപ്രതീക്ഷിതമായ ഒരദ്ഭുതമേകി, ചെങ്കടലിനുനടുവിലൊരു രാജപാതതുറന്ന കര്‍ത്താവിനെ, ജനക്കൂട്ടം വീണ്ടുമുറക്കെസ്തുതിച്ചു. 

കനത്ത മൂടല്‍മഞ്ഞുമൂലം മുന്നില്‍ നടക്കുന്നതൊന്നും കാണാനാകാതെകുഴങ്ങിയ ഈജിപ്തുകാര്‍ ഇസ്രായേൽക്കാരുടെ ദൈവസ്തുതികളുടെ ശബ്ദംകേട്ടു. തങ്ങള്‍ക്കും കടലിനുംമദ്ധ്യേ കുടുങ്ങിപ്പോയ ഇസ്രായേല്‍ജനത്തിന്റെ വിലാപങ്ങളുടെ ശബ്ദമാണതെന്നു് ഈജിപ്തുകാര്‍ കരുതി.

കടലിനുകുറുകേ, ഉണങ്ങിയ മണ്ണിലൂടെ ഇസ്രായേല്‍ജനം മുമ്പോട്ടു  നടന്നു. എല്ലാവര്‍ക്കും പിന്നിലായി, മോശയും അഹറോനും.. അവര്‍ക്കും പിന്നിൽ, കര്‍ത്താവിന്റെ അഗ്നിസ്തംഭം ആകാശത്തിലൂടെ നീങ്ങി. അപ്പോൾ ഇസ്രായേൽക്കാർക്കും ഈജിപ്തുകാർക്കുമിടയിലെ മൂടല്‍മഞ്ഞ്, അലിഞ്ഞില്ലാതായി. അഗ്നിസ്തംഭത്തിൻ്റെ വെളിച്ചത്തിൽ, ഇസ്രായേൽക്കാർ ചെങ്കടല്‍കടക്കുന്നത്, ഫറവോയുടെ പടയാളികള്‍ കണ്ടു.


ആദ്യമുണ്ടായ നടുക്കത്തില്‍നിന്നുണര്‍ന്ന സൈന്യം, അവരെ പിന്തുടര്‍ന്നു. ചെങ്കടലിനു നടുവിലൂടെ ഇസ്രായേല്‍ക്കാര്‍പോയ വഴിയിലൂടെതന്നെ സൈന്യവും മുമ്പോട്ടു നീങ്ങി. അവര്‍ ചെങ്കടലിനു മദ്ധ്യത്തിലെത്തിയപ്പോഴേയ്ക്കും ഇസ്രായേല്‍ജനംമുഴുവൻ കടല്‍കടന്നുകഴിഞ്ഞിരുന്നു.

കര്‍ത്താവു മോശയോടു പറഞ്ഞു. "പിന്തിരിഞ്ഞ്, നിന്റെ കരം വീണ്ടും ചെങ്കടലിനുനേരേ നീട്ടുക."

മോശ ചെങ്കടലിനുനേരെ ഒരിക്കല്‍ക്കൂടെ തന്റെ വലതുകരം നീട്ടി. വശങ്ങളില്‍ ഉയര്‍ന്നുനിന്ന ജലമതില്‍ തകര്‍ന്നു. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടി. വെള്ളം മടങ്ങിവന്ന്, ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരകളേയും മൂടി. അവരിലൊരാള്‍പോലും രക്ഷപ്പെട്ടില്ല. 

നേരംപുലര്‍ന്നപ്പോള്‍ ചെങ്കടല്‍ പഴയതുപോലെയായി. ഇസ്രായേല്‍ക്കാരെ പിന്തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യംമുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞിരുന്നു. എന്നിട്ടും ഒന്നുമറിയാത്തതുപോലെ,  കടല്‍ക്കാറ്റിന്റെ തലോടലേറ്റ്, ചെങ്കടലിലെ ഓളങ്ങൾ, കാറ്റിനോടു കളിപറഞ്ഞു ചിരിച്ചു; 

കര്‍ത്താവിന്റെ കരങ്ങളുടെ ശക്തിയെന്തെന്നനുഭവിച്ചറിഞ്ഞ ഇസ്രായേല്‍ക്കാർ, കര്‍ത്താവിനെ ഭയപ്പെട്ടു. മോശയ്ക്കും അഹറോനുമെതിരായി ശാപവാക്കുകളുതിര്‍ക്കുകയും കര്‍ത്താവിനെതിരെ പിറുപിറുക്കുകയുംചെയ്തതിന് അവർ മോശയോടു മാപ്പുചോദിച്ചു.

അഹറോന്റെ സഹോദരിയായ മിറിയാം തപ്പു കൈയിലെടുത്തു; കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അവളൊരു ഗാനമാലപിച്ചു. സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെയനുഗമിച്ചു. ‍

മുഴുവന്‍ ജനങ്ങളും  ആഹ്ലാദത്തോടെ ദൈവസ്തുതികളാലപിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നു. ആദിവസം മുഴുവൻ അവർക്ക് ആഘോഷത്തിൻ്റെ ദിവസമായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും അവർ ദൈവത്തെ സ്തുതിച്ചു.

No comments:

Post a Comment