Sunday 24 September 2017

30. സർപ്പങ്ങളും തവളകളും രക്തമൊഴുകുന്ന നൈൽനദിയും

ബൈബിൾക്കഥകൾ - 30

ഒരു ദര്‍ശനത്തില്‍ കര്‍ത്താവു മോശയോടു പറഞ്ഞു: "വിവേകശൂന്യനായ ഭരണാധികാരി തനിക്കുമാത്രമല്ല, തന്റെ ജനങ്ങള്‍ക്കും നാശംവരുത്തും. ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീയുടനെ കാണും. അവന്‍ സ്വമനസ്സാലെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്റെ ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവനവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുചേരും."

മോശ കര്‍ത്താവിനോടു പറഞ്ഞു: "ഇസ്രായേല്‍മക്കള്‍പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ?"

"നീ പോവുക, ഞാന്‍ നിന്നോടൊപ്പമുണ്ടാകും."

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയുടെ മുന്നിലെത്തി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ ഫറവോ തയ്യാറായില്ല. 

"ഇസ്രായേൽക്കാരെ ഈജിപ്തിൽനിന്നു വിട്ടയയ്ക്കാൻ ഫറവോ സ്വമനസ്സാലെ സമ്മതിക്കുന്നില്ലെങ്കിൽ ശക്തമായ അദ്ഭുതപ്രവൃത്തികളിലൂടെ കർത്താവുതന്നെ അവരെ വിമോചിപ്പിക്കും..." മോശയ്ക്കുവേണ്ടി അഹറോൻ ഫറവോയോടു പറഞ്ഞു.

രാജസദസ്സിനു മുന്നില്‍, മോശ തന്റെ വടി, തറയിലേക്കിട്ടു. അത് ഒരുഗ്രസര്‍പ്പമായി ഫണംവിടർത്തി.. 


ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന മാന്ത്രികദണ്ഡുകള്‍ നിലത്തിട്ടു. അവയും സര്‍പ്പങ്ങളായിത്തീര്‍ന്നു. എന്നാല്‍ മോശയുടെ സര്‍പ്പം ഈജിപ്തിലെ മന്ത്രവാദികളുടെ സര്‍പ്പങ്ങളെയെല്ലാം വിഴുങ്ങിക്കളഞ്ഞു.

മോശ കരംനീട്ടി, തന്റെ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചു. അതു വീണ്ടും വടിയായി മാറി.  മന്ത്രവാദികളുടെ മാന്ത്രികദണ്ഡുകളൊന്നും തിരികെക്കിട്ടിയില്ല..

ഇതെല്ലാം കണ്ടിട്ടും ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ തയ്യാറായിരുന്നില്ല. 

"നിൻ്റെ കൺകെട്ടുവിദ്യകൾകണ്ടു ഞാൻ പരിഭ്രമിക്കുമെന്നു കരുതിയോ? മിദിയാനിലെ കൺകെട്ടുകാരേക്കാൾ മികച്ച മാന്ത്രികർ ഈജിപ്തിലുണ്ട്. നിങ്ങൾ വന്നിടത്തേക്കുതന്നെ മടങ്ങിപ്പോയ്ക്കൊള്ളൂ..."

മോശയും അഹറോനും നിരാശരായി മടങ്ങി.
മോശ വിജനപ്രദേശത്തേക്കു പോയി, കര്‍ത്താവിനോടു കരഞ്ഞുപ്രാര്‍ത്ഥിച്ചു. കര്‍ത്താവിന്റെ മൃദുസ്വരം മോശയുടെ കാതില്‍ക്കേട്ടു.

"നീ നാളെ പുലര്‍ച്ചേ, നൈലിൻ്റെ തീരത്തേക്കു പോകുക. ഫറവോ അവിടെയെത്തുമ്പോള്‍ വീണ്ടും അവനോടാവശ്യപ്പെടുക. അവന്‍ അനുസരിക്കാന്‍ സന്നദ്ധനല്ലെങ്കില്‍ സര്‍പ്പമായിമാറിയ വടി നൈല്‍നദിയുടെനേരേ നീട്ടുക. നൈലിലെ ജലം രക്തമായിമാറും."

പിറ്റേന്നു പുലര്‍ച്ചെ, മോശ അഹറോനോടൊപ്പം നൈല്‍നദീതീരത്ത്, ഫറവോയുടെ കടവിനുമുന്നില്‍ കാത്തുനിന്നു.

ഫറവോ കടവിലെത്തിയപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്, എന്നെ അങ്ങയുടെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ തന്നെയാരാധിക്കാന്‍ തന്റെ ജനത്തെയയയ്ക്കുക എന്നാവശ്യപ്പെടാനാണ്. എന്നാല്‍, അങ്ങ് ഇതുവരെയതനുസരിച്ചില്ല. കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. മോശയുടെ കൈയിലുള്ള വടികൊണ്ട് അവന്‍ നൈലിലെ ജലത്തിന്മേലടിക്കും. ജലം രക്തമയമായി മാറും. നദിയിലെ മത്സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധംവമിക്കും. നദിയിൽനിന്നു വെള്ളംകുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും."

ഫറവോ ആ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അവനവരെ ശ്രദ്ധിച്ചതേയില്ല.

ഫറവോയുടെയും അവന്റെ സേവകരുടെയും മുമ്പില്‍വച്ച് മോശ വടിയുയര്‍ത്തി, നദീജലത്തിന്മേലടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി. ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരംചെയ്തു.

നദിയിലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. നദിയില്‍ ദുര്‍ഗന്ധംവമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍നിന്നു വെള്ളം കുടിക്കാന്‍കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലൊഴികെ മറ്റൊരിടത്തും കുടിവെള്ളം കിട്ടാതായി.

എങ്കിലും ഫറവോ തന്റെ തീരുമാനത്തിലുറച്ചുനിന്നു. മോശ അഹറോനോടൊപ്പം ഒരിക്കല്‍ക്കൂടെ കൊട്ടാരത്തിലെത്തി.

അഹറോന്‍ മോശയോടു സംസാരിച്ചു: "കര്‍ത്താവു കല്പിക്കുന്നു: എന്നെയാരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെയയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും. നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.      
നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും."

ഫറവോ ആ വാക്കുകള്‍ക്കും വിലകല്പിച്ചില്ല.

മോശ കൊട്ടാരംവിട്ടിറങ്ങി. അവന്‍ അഹറോനോടു പറഞ്ഞു. "എൻ്റെ വടി കൈയിലെടുത്ത്, നദികളുടെയും തോടുകളുടെയും കുളങ്ങളുടെയുംമേല്‍നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക."

അഹറോന്‍ അപ്രകാരംചെയ്തു. തവളകളെക്കൊണ്ട്, ഈജിപ്തുദേശംമുഴുവന്‍ നിറഞ്ഞു. ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍ വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ദിനരാത്രങ്ങളാണ് ഈജിപ്തുകാരെക്കാത്തിരുന്നത്.... എങ്കിലും തന്റെ തീരുമാനത്തില്‍നിന്നു ഫറവോ പിന്തിരിഞ്ഞില്ല...

അവൻ, ഇസ്രായേൽക്കാരുടെമേലുള്ള പീഡനങ്ങൾ വർദ്ധിപ്പിച്ചു. 

No comments:

Post a Comment