Monday, 28 August 2017

അഹറോന്‍

അഹറോന്‍ ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. നേരമിനിയും പുലര്‍ന്നിട്ടില്ല. ചുറ്റും കട്ടപിടിച്ച ഇരുട്ടുമാത്രം. ആ ശബ്ദം ഞാന്‍ വ്യക്തമായി കേട്ടതാണ്. അയാള്‍ സ്വയം പറഞ്ഞു.

"അഹറോന്‍, അഹറോന്‍ നാളെത്തന്നെ നീ മിദിയാനിലേക്കു പുറപ്പെടണം. അവിടെ നീ മോശയുമായി കണ്ടുമുട്ടും. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന്, ഇസ്രായേലിനെ അവന്‍ പുറത്തുകൊണ്ടുവരും. എല്ലാക്കാര്യങ്ങളിലും അവനു സഹായിയായി നിന്നെയും ഞാന്‍ ചുമതലപ്പെടുത്തുന്നു. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും" 

കേട്ടതു സത്യമോ മിത്യയോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഗംഭീരമായ ആ മൃദുസ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എന്തായാലും മിദിയാനിലേക്കു പോകുവാന്‍തന്നെ അഹറോന്‍ തീരുമാനിച്ചു.

മോശയുടെ പിതൃസഹോദരപുത്രനായിരുന്നു അഹറോന്‍. ഇസ്രായേല്‍വംശത്തില്‍പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന രാജകല്പന പുറപ്പെടുംമുമ്പു ജനിച്ചവനെങ്കിലും മോശയേക്കാള്‍ മൂന്നോ നാലോ വയസ്സിനുമാത്രം മുതിര്‍ന്നയാളായിരുന്നു അയാള്‍.

പഴയൊരു തോല്‍ക്കുടത്തില്‍ കുടിവെള്ളവും കൂടാരമടിക്കാനുള്ള തുണിയുംമാത്രമെടുത്ത്‌, നേരം പുലരുന്നതിനുമുമ്പുതന്നെ, കാല്‍നടയായി അയാള്‍ പുറപ്പെട്ടു. 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ മിദിയാനില്‍, ഹോറബ് മലയുടെ താഴ്വാരത്തില്‍ അയാളെത്തി. അപ്പോഴേക്കും അഹറോന്‍ ആകെ തളര്‍ന്നിരുന്നു. കണ്ണെത്താദൂരത്തോളം മലനിരകള്‍ ... പിന്നെ അവിടവിടെയായി കുറേ കുറ്റിച്ചെടികള്‍ ... മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല.

ഈജിപ്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒളിച്ചോടിയ മോശയെ എങ്ങനെ കണ്ടുപിടിക്കാനാണ്? സത്യമോ മിഥ്യയോ എന്നറിയാത്ത ഒരു ശബ്ദംകേട്ട് ഇറങ്ങിപ്പുറപ്പെട്ടതു വിഡ്ഢിത്തമായെന്ന് അഹറോനു തോന്നി.

അയാള്‍ അടുത്തുകണ്ട ഒരു പാറയുടെ അടുത്തു മുട്ടുകുത്തി. കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, യാചനാരൂപത്തില്‍ നീട്ടിപ്പിടിച്ച കൈകളോടെ അഹറോന്‍ കരഞ്ഞു.

" കര്‍ത്താവായ യാഹ്്വേ, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, അങ്ങാണ് എന്നോടു സംസാരിച്ചതെങ്കില്‍ മോശയെ കണ്ടെത്താന്‍ അങ്ങുതന്നെ എന്നെ സഹായിക്കണേ...!"

ക്ഷീണിച്ചു തളര്‍ന്നിരുന്നതിനാല്‍ അയാള്‍ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി.

ആരൊ തട്ടിവിളിക്കുന്നതറിഞ്ഞാണ് പിന്നെ അഹറോന്‍ കണ്ണുതുറന്നത്. തന്റെ മുന്നില്‍നില്‍ക്കുന്ന വ്യക്തിയെക്കണ്ട്, അഹറോന്‍ അദ്ഭുതസ്തബ്ധനായി!

"കര്‍ത്താവേ, അങ്ങുതന്നെയാണ് എന്നോടു സംസാരിച്ചതെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി!"

അഹറോന്‍ ചാടിയെഴുന്നേറ്റു മോശയെ ആലിംഗനംചെയ്തു.

മോശ അഹറോനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഹോറെബ് മലയില്‍ അഗ്നിയുടെ നടുവില്‍നിന്നു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം മോശ അയാള്‍ക്കു വിശദീകരിച്ചുകൊടുത്തു.


"കര്‍ത്താവു നമ്മോടൊപ്പമുണ്ടെങ്കില്‍ ഫറവോ നമുക്കുമുമ്പില്‍ മുട്ടുമടക്കും. നമുക്ക് ഇനിയുമധികം വൈകേണ്ട, നിന്റെ ഭാര്യയോടും മക്കളോടും യാത്രപറഞ്ഞുവരൂ, നമുക്കുടനെ ഈജിപ്തിലേക്കു പുറപ്പെടാം."

മോശയുടെ അനുഭവങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അഹറോന്‍ ആവേശത്തോടെ പറഞ്ഞു.