Sunday 17 September 2017

29. ഫറവോയുടെ മുമ്പില്‍

ബൈബിൾക്കഥകൾ 29


സിപ്പോറയുടെയും ജത്രോയുടെയും അനുമതിയോടെ മോശയും അഹറോനും ഈജിപ്തിലേക്കു യാത്രയായി.

നീണ്ടവര്‍ഷങ്ങള്‍ക്കൊടുവില്‍ മോശ വീണ്ടും ഈജിപ്തില്‍ കാലുകുത്തി. ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അവിടെനിന്ന് ഓടിയൊളിക്കുമ്പോള്‍ ചിന്തിച്ചിരുന്നതേയില്ല, ഇങ്ങനെയൊരു മടക്കയാത്ര! ഇസ്രായേല്‍ജനത്തിന്റെ നായകനായി, അടിമത്തത്തിന്റെ നാട്ടില്‍നിന്ന് ആ ജനതയെ മോചിപ്പിക്കാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനായി, ഒരു മടക്കയാത്ര!

ഇസ്രായേല്‍ജനതയുടെ താവളത്തിലെത്തിയ മോശയും അഹറോനും ഒരു സന്ധ്യയില്‍, ഇസ്രായേല്‍ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി.

കര്‍ത്താവു മോശയോടു പറഞ്ഞ കാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിച്ചു. മോശ അവരുടെമുമ്പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ജനം വിശ്വസിക്കുകയുംചെയ്തു. കർത്താവ്, ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നുംകേട്ടപ്പോള്‍, അവര്‍ തലകുനിച്ച്, കര്‍ത്താവിനെയാരാധിച്ചു.

പിറ്റേന്നുതന്നെ മോശയും അഹറോനും ഫറവോയുടെ മുമ്പിലെത്തി. മോശയുടെ വളർത്തമ്മയുടെ സഹോദരപുത്രനായിരുന്നു ഫറോവോയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരുന്നത്.

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്‍വന്ന്, എന്റെ ബഹുമാനാര്‍ത്ഥം പൂജാമഹോത്സവമാഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക."

ഫറവോ പൊട്ടിച്ചിരിച്ചു. "മോശേ, എന്റെ കളിക്കൂട്ടുകാരനായി ഈ കൊട്ടാരത്തില്‍ വളര്‍ന്നതുകൊണ്ടുമാത്രമാണു നിനക്കിപ്പോള്‍ എന്റെ മുമ്പില്‍വന്നിങ്ങനെ പുലമ്പാനാകുന്നത്! എന്റെ പിതാവു ജീവിച്ചിരുന്നെങ്കില്‍ ഈ ദേശത്തുകടക്കാന്‍പോലും നീ ധൈര്യപ്പെടുമായിരുന്നില്ലല്ലോ!"


മോശയും അഹറോനും നിശബ്ദരായി നിന്നു.

"ആട്ടെ ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാനെന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? നിന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു. ഈജിപ്തില്‍ നല്ല വൈദ്യന്മാരുണ്ട്. നിന്നെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ ഞാനവരോടു കല്പിക്കാം!"

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ മറുപടി പറഞ്ഞു: "ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ച്ചെന്ന്, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളുടെ ജനതയെയനുവദിക്കുക. അല്ലെങ്കില്‍, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും."

ഫറവോ കോപിച്ചു. "ഇസ്രായേല്‍ക്കാരെ അലസന്മാരാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്. ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്‍!"

കാവല്‍സൈനികര്‍ മോശയേയും അഹറോനെയും കൊട്ടാരത്തില്‍നിന്നു പുറത്തേക്കു പിടിച്ചുകൊണ്ടുപോയി. നഗരകവാടത്തിനു വെളിയില്‍ അവരെ ഇറക്കിവിട്ടു.

ഫറവോ മന്ത്രിമാരെ വിളിച്ചു.

"ഇസ്രായേല്‍ക്കാര്‍ അലസന്മാരായാല്‍ രാജ്യപുരോഗതി തടസ്സപ്പെടും. അതിനാല്‍ അവരെക്കൊണ്ടു കൂടുതല്‍ ജോലിചെയ്യിക്കണം. പകലത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഉറങ്ങാനല്ലാതെ, മറ്റുചിന്തകള്‍ക്കു സമയമുണ്ടാകരുത്. അങ്ങനെ മോശയെപ്പോലുള്ള ഭ്രാന്തന്മാരുടെ ജല്പനങ്ങള്‍ക്ക് അവര്‍ ചെവിയോര്‍ക്കാതിരിക്കട്ടെ!"

ഇസ്രായേല്‍ക്കാരുടെ മേലാളന്മാര്‍ക്കെല്ലാം രാജകല്പന ലഭിച്ചു. ഇഷ്ടികച്ചൂളകളില്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ അവര്‍ക്കാവശ്യമായ വൈക്കോല്‍ സ്വയംശേഖരിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ മുമ്പുണ്ടായിരുന്ന അതേ എണ്ണം ഇഷ്ടികകള്‍ ദിനംപ്രതി ഉണ്ടാക്കാനായില്ലെങ്കില്‍ കഠിനമായ മര്‍ദ്ദനമേല്ക്കേണ്ടതായിവന്നു.

ഇസ്രായേല്‍വംശജരായ ചില മേല്‍നോട്ടക്കാര്‍ ഫറവോയെ മുഖംകാണിച്ചു. "അങ്ങയുടെ ദാസന്മാരോട് എന്താണിപ്രകാരം പെരുമാറുന്നത്? അങ്ങയുടെ ദാസന്മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എന്നാല്‍ ഇഷ്ടികയുണ്ടാക്കുവിനെന്ന് അവര്‍ കല്പിക്കുന്നു; അങ്ങയുടെ ദാസന്മാരെ കഠിനമായി പ്രഹരിക്കുന്നു."

ഫറവോ മറുപടി പറഞ്ഞു: "നിങ്ങളലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ പോകട്ടെയെന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പോയി ജോലിചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്."

ഇസ്രായേല്‍ക്കാരായ മേലാളന്മാര്‍ ധര്‍മ്മസങ്കടത്തിലായി.

അവര്‍ മോശയേയും അഹറോനെയും ചെന്നുകണ്ടു. "നിങ്ങളെന്തിനു ഞങ്ങളുടെയടുക്കല്‍ വന്നു? ഫറവോയുടെയും അവന്റെ സേവകരുടെയുംമുമ്പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങളവരുടെ കൈയില്‍ വാള്‍കൊടുത്തിരിക്കുന്നു. ഞങ്ങളുടെ യാതനകള്‍ നിങ്ങളിരട്ടിയാക്കി!"

മോശയ്ക്കുത്തരമുണ്ടായിരുന്നില്ല. അയാള്‍ ഫറവോയുടെ ഒപ്പം വിജനപ്രദേശത്തേക്കു പോയി. ഒരു മരച്ചുവട്ടില്‍ മുട്ടുകുത്തി മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. 

"കര്‍ത്താവേ, അങ്ങെന്തിനാണ് ജനത്തോടിത്ര ക്രൂരമായിപെരുമാറുന്നത്? എന്തിനാണ് അങ്ങെന്നെ ഇങ്ങോട്ടയച്ചത്? ഞാന്‍ അങ്ങയുടെനാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങാകട്ടെ, അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല. കര്‍ത്താവേ, ഞാനിനി എന്തുചെയ്യണം?

No comments:

Post a Comment