Sunday 3 September 2017

27. അഗ്നിയെരിയുന്ന മുള്‍പ്പടര്‍പ്പ്

ബൈബിൾക്കഥകൾ 27


ഹോറബ് മലയുടെ ചരുവില്‍, വലിയൊരു മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ആകാശത്തെരിയുന്ന സൂര്യന്റെ വെളിച്ചത്തെ നിഷ്പ്രഭമാക്കുന്നൊരു പ്രകാശസാഗരം അവിടെ നിറഞ്ഞുനില്‍ക്കുന്നു. 


ജത്രോയുടെ ആടുകളെ മേയ്ക്കുവാന്‍ മലയടിവാരത്തിലെത്തിയ മോശ, അത്ഭുതപരതന്ത്രനായി ആ കാഴ്ച കണ്ടുനിന്നു. വലിയ പ്രഭാപൂരത്തോടെ  മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിജ്വാലകള്‍ ഉയരുന്നെങ്കിലും മുള്‍ച്ചെടികളില്‍ ഒന്നുപോലും കത്തുന്നുണ്ടായിരുന്നില്ല.

ഇതെന്തൊരദ്ഭുതമാണെന്നറിയാന്‍ മോശ അല്പംകൂടെയടുത്തേക്ക്, ആ മുള്‍പ്പടര്‍പ്പിനരികിലേക്കു ചെന്നു.

"മോശേ, മോശേ..." 

ആരോ വിളിക്കുന്നതുകേട്ടു മോശ ചുറ്റും നോക്കി. പക്ഷേ ആരെയും കണ്ടില്ല.

"മോശേ, മോശേ..."  അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു വീണ്ടും അതേശബ്ദം. 

"ഇതാ ഞാന്‍ .. " എവിടെയുമാരെയും കണ്ടില്ലെങ്കിലും മോശ ഉത്തരംനല്കി.

"അടുത്തു വരരുത്. നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്." 

മോശ തന്റെ ചെരുപ്പുകളഴിച്ചുമാറ്റി, വിധേയത്തഭാവത്തോടെ നിന്നു.

"ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" 

മോശ പെട്ടെന്നു മുഖംമറച്ചു. ദൈവം തന്റെ സമീപത്തുണ്ടെന്നു തിരിച്ചറിവ് അവനെ ഭയപ്പെടുത്തി.

കര്‍ത്താവു പറഞ്ഞു: "ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ പക്കലെത്തി. ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്ന് അവരെ മോചിപ്പിക്കാനും തേനും പാലുമൊഴുകുന്ന കാനാൻദേശത്തേക്ക് അവരെ നയിക്കാനുമാണ്, ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്കു നയിക്കുന്നതിനു നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കത്തേക്കയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം."

"കര്‍ത്താവേ, ഫറവോയുടെ മുമ്പില്‍നില്‍ക്കാനും ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാനും ഞാനാരാണ്?" മോശ വിക്കി വിക്കിച്ചോദിച്ചു

"ഭയപ്പെടേണ്ട, നീ പോവുക, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും."

"കർത്താവേ, അവരെന്നെ വിശ്വസിക്കുമോ? കര്‍ത്താവെനിക്കു പ്രത്യക്ഷപ്പെട്ടുവെന്നു പറഞ്ഞാൽ, ഞാന്‍ കള്ളംപറയുകയാണെന്ന് അവര്‍ പറയില്ലേ?"

"നിന്റെ കൈയിലിപ്പോൾ എന്താണുള്ളത്?" 

"ഒരു വടി." ഇടയന്മാർ സാധാരണ കൈയിൽ കൊണ്ടുനടക്കാറുള്ള, അറ്റം വളഞ്ഞ ഒരു വടി, മോശയുടെ കൈയിലുമുണ്ടായിരുന്നു.

"അതു നിലത്തിടുക." 

കർത്താവു പറഞ്ഞതനുസരിച്ച്,
മോശ തന്റെ വടി താഴെയിട്ടു. അദ്ഭുതം! അതൊരു സര്‍പ്പമായിമാറി. 

"കൈനീട്ടി, അതിന്റെ വാലില്‍പ്പിടിക്കൂ."

മോശ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചപ്പോള്‍ അതുവീണ്ടും വടിയായിത്തീര്‍ന്നു.

"അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവു നിനക്കു പ്രത്യക്ഷനായെന്ന്‍ അവര്‍ വിശ്വസിക്കാന്‍വേണ്ടിയാണിത്. നിന്റെ കൈ മാറില്‍ വയ്ക്കൂ."

മോശ അതുപോലെ ചെയ്തു. 

"ഇനി കൈ തിരിച്ചെടുക്കൂ." 

മാറിൽനിന്നു തിരിച്ചെടുത്ത മോശയുടെ കൈ, മഞ്ഞുപോലെ വെളുത്തിരുന്നു.

കര്‍ത്താവു കല്പിച്ചു: "കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക." 

അവനപ്രകാരം ചെയ്തു. മാറിടത്തില്‍നിന്നു കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വ്വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.

"ആദ്യത്തെയടയാളം അവര്‍ വിശ്വസിച്ചില്ലെങ്കില്‍ രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും. ഈ രണ്ടടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയുംചെയ്‌താല്‍, നദിയില്‍നിന്നു കുറേ വെള്ളമെടുത്തു കരയിലൊഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും."

ഈ അദ്ഭുതങ്ങൾക്കൊടുവിലും മോശ ശങ്കയോടെതന്നെ നിന്നു. അവൻ കര്‍ത്താവിനോടു പറഞ്ഞു: "കര്‍ത്താവേ,  ഞാന്‍ ജന്മനാ വിക്കനാണ്. അങ്ങു സംസാരിച്ചതിനുശേഷവും അതങ്ങനെതന്നെ! മാത്രമല്ലാ എനിക്കല്പംപോലും വാക്ചാതുര്യവുമില്ല."

കര്‍ത്താവു ചോദിച്ചു: "ആരാണു മനുഷ്യനു സംസാരശക്തി നല്കിയത്? ആരാണവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും." 

എന്നാൽ മോശ ഈജിപ്തിലേക്കുപോകാൻ തയ്യാറായിരുന്നില്ല. അവൻ വീണ്ടുമപേക്ഷിച്ചു: "കര്‍ത്താവേ, ദയവുചെയ്ത്, മറ്റാരെയെങ്കിലുമയയ്‌ക്കേണമേ! ഞാന്‍ ഒട്ടും കഴിവില്ലാത്തവനാണ്."

മോശയുടെ അവിശ്വാസംകണ്ടു കര്‍ത്താവു കോപിച്ചു.

"ലേവ്യനായ അഹറോനെ ഞാന്‍ നിന്നോടോപ്പമയയ്ക്കാം. അവന്‍ നന്നായി സംസാരിക്കുമെന്നു നിനക്കറിയാമല്ലോ. അവന്‍ നിന്നെക്കാണാന്‍ വരും. പറയേണ്ടതെന്തെന്ന് നീയവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും. അവന്‍ നിന്റെ വക്താവായിരിക്കും; നിനക്കുപകരം അവന്‍ ജനത്തോടു സംസാരിക്കും; നീ അവനു ദൈവതുല്യനായ പ്രവാചകനായിരിക്കും. ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലകള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. മോശ ചുറ്റും നോക്കി. ഹോറബ്മലയുടെ താഴ്വാരങ്ങള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായിരുന്നു. അഗ്നിമദ്ധ്യത്തിലായിരുന്ന മുൾച്ചെടിക്കോ ചുറ്റുമുള്ള സസ്യങ്ങൾക്കോ ചെറിയ വാട്ടംപോലുമുണ്ടായിരുന്നില്ല.

ആടുകള്‍ ഇളംനാമ്പുകള്‍തേടി മേഞ്ഞുനടക്കുന്നുണ്ട്. മോശ ഭീതിയോടെ, ആ മുള്‍പ്പടര്‍പ്പിലേക്കു നോക്കി മുട്ടുകുത്തി നിന്നു.

No comments:

Post a Comment