Wednesday, 16 August 2017

ഗര്‍ഷോം

ഉറക്കച്ചടവുള്ള കണ്ണുകളോടെ മോശ, തന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യരെ നോക്കി.

തന്റെ വളര്‍ത്തമ്മയുടെ വിശ്വസ്ഥരായ കാവല്‍പ്പടയാളികളില്‍പ്പെട്ട അവരെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍, തന്നെപ്പിടികൂടി ഫറവോയുടെ മുന്നില്‍ ഹാജരാക്കുമെന്നു മോശ ഭയന്നു.

"ഞങ്ങള്‍, അങ്ങയെ സഹായിക്കാനെത്തിയവരാണ്. ഫറവോ അതീവ കോപിഷ്ഠനാണെന്നറിയുക. മോശയെ എവിടെ കണ്ടാലും പിടിച്ചുകെട്ടി ചങ്ങലയില്‍ പൂട്ടി രാജസന്നിധിയില്‍ എത്തിക്കാനാണു കല്പന. അങ്ങ്,  ഒരു ഈജിപ്തുകാരനെ വധിച്ചു എന്നറിഞ്ഞതില്‍ അങ്ങയുടെ അമ്മയ്ക്കും അമര്‍ഷമുണ്ട്. എന്നാല്‍ അങ്ങയോടുള്ള സ്നേഹം അതിനേക്കാള്‍ വലുതായതിനാല്‍ അങ്ങു ശിക്ഷിക്കപ്പെടാന്‍ അമ്മ ആഗ്രഹിക്കുന്നില്ല. ഇതാ ഉണങ്ങിയ അത്തിപ്പഴങ്ങളും മുന്തിരിയും സ്വര്‍ണ്ണനാണയങ്ങളുമായി ഞങ്ങളെ അയച്ചിരിക്കുന്നു. മറ്റു പടയാളികളിലാരും അങ്ങയെ കാണുന്നതിനുമുമ്പ്, ഞങ്ങള്‍ക്കങ്ങയെ കാണാനായാതു ദൈവാനുഗ്രഹം. എത്രയും പെട്ടെന്ന്, ഈജിപ്തിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക. താങ്കള്‍ സുരക്ഷിതനായി രക്ഷപ്പെടാന്‍ ഈയൊരു മാര്‍ഗ്ഗംമാത്രമേയുള്ളൂവെന്ന്, ഞങ്ങള്‍ക്കെന്നതുപോലെ, ഈജിപ്തിലെ പട്ടാളക്കാര്‍ക്കെല്ലാമറിയാം."

മോശ വിങ്ങിക്കരഞ്ഞു. അമ്മയുടെ സ്നേഹത്തെയോര്‍ത്ത് അയാള്‍ തറയില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

"എ്എ്എ്എന്നോടുള്ള കരുതലിന് അ്അ്അ്അമ്മയോടു ഞാനെന്നും ക് ക് ക് കടപ്പാടുള്ളവാനാണ്. ന് ന് ന് നിങ്ങള്‍ക്കും നന്ദി. അ്അ്അ്അമ്മയെ എന്റെ പ്രണാമങ്ങളറിയിക്കൂ."

പടയാളികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ കുതിരപ്പുറത്തു സുരക്ഷിതമായി വച്ച്, മോശ മിദിയാന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

രണ്ടു ദിവസങ്ങള്‍ക്കുശേഷം, മോശ മിദിയാന്‍ മലനിരകള്‍ കടന്നു. വഴിയില്‍ കുറേ ഓക്കുമരങ്ങളും അവയ്ക്കിടയില്‍ ഒരു കിണറും കണ്ടു.  അയാള്‍ ഒരു ഓക്കു മരച്ചുവട്ടില്‍ മയങ്ങാന്‍ കിടന്നു.

"ഈ കിണറിലെ വെള്ളം ഞങ്ങളുടെ ആടുകള്‍ക്കുമാത്രമുള്ളതാണ്‌. ഇവിടെ നിന്നുവെള്ളമെടുക്കാന്‍ വരുന്നോ, കള്ളിപ്പെണ്ണുങ്ങള്‍ ...  പെണ്ണാണെന്നോര്‍ക്കില്ല, തല്ലിത്തലപിളര്‍ന്നുകളയും ഞങ്ങള്‍"

വലിയൊരു ബഹളംകേട്ടാണു മോശയുണര്‍ന്നത്. തങ്ങളുടെ ആടുകളുമായി, കിണറില്‍നിന്നു വെള്ളംകോരാനെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശകാരം ചൊരിയുകയാണ്, ഇടയന്മാരായ  നാലഞ്ചു പുരുഷന്മാര്‍.

മോശ പെണ്‍കുട്ടികളുടെ സഹായത്തിനെത്തി. "എ്എ്എ്എന്താണിവിടെ ബഹളം? വ്്വ്്വ്്വെള്ളം എല്ലാവര്‍ക്കും അ്അ്അ് അവകാശപ്പെട്ടതല്ലേ?"

കോക്പിറ്റ് ഭാഷയില്‍ മോശ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും മോശയുടെ വേഷത്തില്‍നിന്നും അയാളൊരു ഈജിപ്തുകാരനാണെന്നും ചലനങ്ങളില്‍നിന്നും തികഞ്ഞൊരഭ്യാസിയാണെന്നും മനസ്സിലാക്കിയ ഇടയന്മാര്‍ വഴക്കിനു നില്‍ക്കാതെ പിന്മാറി. പെണ്‍കുട്ടികള്‍ വെള്ളംകോരിയെടുത്തു മടങ്ങി.

മിദിയാനിലെ പുരോഹിതനായ റവുവേലിന്റെ ഏഴു പെണ്മക്കളില്‍ മുതിര്‍ന്ന രണ്ടുപേരായിരുന്നു അവര്‍. അവരുടെ അമ്മ മരിച്ചുപോയിരുന്നു.

പതിവിലും നേരത്തേ മക്കള്‍ വെള്ളവുമായി വരുന്നതു കണ്ട് റവുവേല്‍ ചോദിച്ചു. " ഇന്നു നിങ്ങള്‍ ഒരുപാടു നേരത്തേ തിരിച്ചെത്തിയല്ലോ."

"ഈജിപ്തുകാരനായ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിച്ചു. ഇടയന്മാരില്‍നിന്നു ഞങ്ങളെ രക്ഷിച്ച അയാള്‍, ഞങ്ങളുടെ ആടുകള്‍ക്കു വെള്ളംകോരികൊടുക്കുകപോലും ചെയ്തു. "

"എന്നിട്ടു നിങ്ങള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കാതിരുന്നതെന്തേ? ഒരുനേരത്തെ ഭക്ഷണം അയാള്‍ക്കു കൊടുക്കുന്നതല്ലേ മര്യാദ?"

"അയാള്‍ ഒരു ഈജിപ്തുകാരന്‍. പോരാത്തതിന്, ഞങ്ങള്‍ക്കയാളുടെ ഭാഷയുമറിയില്ല."

റവുവേല്‍ മക്കളോടൊപ്പം കിണറിന്‍കരയില്‍ ചെന്നു. ഹീബ്രു കലര്‍ന്ന കോപ്ടിക് ഭാഷയില്‍ അയാള്‍ മോശയുമായി സംസാരിച്ചു. ശുദ്ധമായ ഹീബ്രു ഭാഷയില്‍ മോശ മറുപടി പറഞ്ഞപ്പോള്‍ റവുവേല്‍ അദ്ഭുതംകൂറി."

അന്നു മോശ റവുവേലിന്റെ വീട്ടില്‍നിന്നും അത്താഴംകഴിച്ചു.

മോശ ലേവി ഗോത്രജനാണെന്നു മനസ്സിലായപ്പോള്‍ റവുവേല്‍ പറഞ്ഞു.

"എനിക്കു പുത്രന്മാര്‍ ആരുമില്ല. നമ്മള്‍ രണ്ടാളും ലേവിഗോത്രക്കാരായതിനാല്‍ നിനക്കു സമ്മതമെങ്കില്‍ എന്റെ മൂത്തപുത്രിയായ സിപ്പോറയെ ഞാന്‍ നിനക്കു വിവാഹംകഴിച്ചുതരാം. നിനക്ക് എന്നോടൊപ്പം താമസിക്കാം."

മോശയ്ക്കും സിപ്പോറയ്ക്കും സമ്മതമായിരുന്നു.

മോശ സിപ്പോറയെ വിവാഹംചെയ്തു മിദിയാനില്‍ താമസമാക്കി. അമ്മായിയപ്പന്റെ ആടുകളെ മേയിക്കുന്ന ജോലി മോശയേറ്റെടുത്തു.

ഈജിപ്തിലെ ഫറവോ മരിച്ചു. മോശയുടെ വളര്‍ത്തമ്മയുടെ സഹോദരന്‍ പുതിയ ഫറവോയായി അധികാരമേറ്റു.  ഈജിപ്തില്‍ ജനിക്കുന്ന ഹെബ്രായരായ ആണ്‍കുട്ടികളെമുഴുവന്‍ കൊന്നുകളഞ്ഞാല്‍ കാലാന്തരത്തില്‍ അടിമപ്പണി ചെയ്യിക്കാന്‍ പുരുഷന്മാര്‍ ഇല്ലാതാകുമെന്നു മനസ്സിലാക്കിയ പുതിയ ഫറവോ, പിതാവിന്റെ കല്പന തിരുത്തി. ഇനിമുതല്‍ ഈജിപ്തില്‍ ജനിക്കുന്ന ഹെബ്രായരായ ആണ്‍കുഞ്ഞുങ്ങളെ കൊല്ലേണ്ടതില്ല. എന്നാല്‍ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമായ ഹെബ്രായരായ പുരുഷന്മാരെല്ലാം ഫറവോയ്ക്കുവേണ്ടി അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്ന നിയമം നടപ്പിലാക്കി.

മിദിയാനില്‍ മോശയും സിപ്പോറയും സന്തോഷത്തോടെ ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. ഗര്‍ഷോം എന്നു മോശ അവനു പേരിട്ടു."ഞാന്‍ പ്രവാസി"എന്നായിരുന്നു ഗര്‍ഷോം എന്ന വാക്കിന്‍റെ അര്‍ത്ഥം.

ഈജിപ്തില്‍ അടിമകളായി കഴിഞ്ഞ ഇസ്രായേല്‍ജനത നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നെടുവീര്‍പ്പുകള്‍ ദൈവസന്നിധിയിലെത്തി.