Wednesday, 26 July 2017

ഇസ്രായേല്‍വംശം

ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമടക്കം തങ്ങള്‍ക്കുള്ളതെല്ലാം ശേഖരിച്ച്, ഇസ്രായേലും മക്കളും യാത്രയ്ക്കൊരുങ്ങി.

ഫറവോ അയച്ച ഇരട്ടക്കുതിരകളെപ്പൂട്ടിയ രഥങ്ങളില്‍ അവര്‍ ഇജിപ്തിലേക്കു പുറപ്പെട്ടു.ക്ഷാമവും വരള്‍ച്ചയും കീഴടക്കിയ കാനാന്‍ദേശം അവരുടെ പിന്നില്‍ മറഞ്ഞു.

ജോസഫ് തന്റെ പിതാവിനെ സ്വീകരിക്കാന്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളുമായി അറുപത്തിയാറുപേരടങ്ങുന്ന സംഘത്തെ ജോസഫ് സ്വീകരിച്ചു. അയാള്‍ ഇസ്രായേലിന്റെ കാല്‍ക്കല്‍ വീണുതേങ്ങി.

ഇസ്രായേല്‍ പുത്രനെ മാറോടുചേര്‍ത്തു. രണ്ടുപേരും കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം മിഴികളില്‍ നീര്‍മണികളുതിര്‍ന്നു.

ജോസഫിന്റെ ഭാര്യയായ അസ്നയും മക്കളായ മനാസ്സെയും എഫ്രായിമും യാക്കോബിന്റെ കാല്‍തൊട്ടു വന്ദിച്ചു. 

"മരിച്ചുപോയെന്നു ഞാന്‍ കരുതിയ എന്റെ ഓമനമകനെ സര്‍വ്വൈശ്വര്യങ്ങളും അധികാരങ്ങളുമുള്ളവനായും അവന്റെ പിതാവിനെയും സഹോദരങ്ങളെയും താങ്ങുവാന്‍ കരുത്തുള്ളവനായും തിരികെ നല്കിയ യഹോവ വാഴ്ത്തപ്പെടട്ടെ!" യാക്കോബു ദൈവത്തെ സ്തുതിച്ചു.

തന്റെ സഹോദരന്മാരില്‍ അഞ്ചുപേരോടൊപ്പം ജോസഫ് ഫറവോയെ മുഖംകാണിച്ചു.

ഫറവോ ജോസഫിനോടു സന്തോഷത്തോടെ പറഞ്ഞു: നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നിരിക്കുന്നു.  ഈജിപ്തുദേശംമുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും നിനക്കു പാര്‍പ്പിക്കാം. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അതല്ലേ നല്ലത്? അതല്ലെങ്കില്‍ റംസേസ് പൂര്‍ണ്ണമായും അവര്‍ക്കവകാശമായി നല്കൂ."

ഫറവോ, തന്റെ കാലികളുടെ പരിപാലനച്ചുമതല ജോസഫിന്റെ സഹോദരന്മാരുടെ അധികാരത്തിലാക്കി. 

പിറ്റേന്ന്, ജോസഫ് യാക്കോബുമായി ഫറവോയുടെ മുമ്പിലെത്തി. ഇസ്രായേല്‍ ഫറവോയെ അനുഗ്രഹിച്ചുകൊണ്ടു പ്രാര്‍ത്ഥിചു.

വൃദ്ധനെങ്കിലും ആരോഗദൃഢഗാത്രനായ യാക്കോബിനോടു ഫറവോ ചോദിച്ചു: " അങ്ങേയ്ക്കിപ്പോള്‍ എത്രവയസ്സുണ്ട്?"

ഇസ്രായേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ജീവിതം എത്ര ഹ്രസ്വമാണ്. എന്റെയീ ദേശാടനജീവിതം ഇപ്പോള്‍ നൂറ്റിമുപ്പതു സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു! എങ്കിലും കഴിഞ്ഞുപോയ വര്‍ഷങ്ങളെല്ലാം നിമിഷദൈര്‍ഘ്യങ്ങള്‍മാത്രമുള്ള സ്മരണകളായി കണ്‍മുമ്പിലുണ്ട്."

"അങ്ങയുടെ മകനെപ്പോലെതന്നെ എന്നെയും കരുതുക.അങ്ങയ്ക്കിവിടെ ഒന്നിനും കുറവുണ്ടാകുകയില്ല." ഫറവോ ഉറപ്പുനല്കി.

ഒരിക്കല്‍ക്കൂടെ ഫറവോയെ അനുഗ്രഹിച്ച്, ഇസ്രായേല്‍ മടങ്ങി. 

ഈജിപ്തിലെ ഏറ്റവും ഫലപുഷ്ടമായ റംസേസ് പ്രവിഷ്യയിലെ ഗോഷന്‍ദേശം മുഴുവന്‍ ജോസഫ് തന്റെ സഹോദരന്മാര്‍ക്കായി നല്കി. 

കാനാന്‍ദേശത്തുനിന്നു വന്ന അറുപത്തിയാറുപേരും ജോസഫ്, ഭാര്യ അസ്നം, മക്കളായ മനാസ്സെ, എഫ്രായിം എന്നിവരുമുള്‍പ്പെടെയുള്ള എഴുപതുപേര്‍ ഇസ്രായേല്‍ജനമെന്ന് ഈജിപ്തില്‍ അറിയപ്പെട്ടുതുടങ്ങി.

ക്ഷാമം കൂടുതല്‍ രൂക്ഷമായി. ജനങ്ങളുടെ കൈവശം പണമില്ലാതെയായി. അവര്‍ തങ്ങളുടെ കന്നുകാലികളെയും വയലുകളും ധാന്യത്തിനായി വിറ്റു. ആടുമാടുകള്‍ക്കും കുതിരകള്‍ക്കും കഴുതകള്‍ക്കുംപകരമായി ജോസഫ്അവര്‍ക്കു ധാന്യം നല്കി. വയലുകളെല്ലാം, അവന്‍, ഫറവോയുടെപേരില്‍ എഴുതിവാങ്ങി.

ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ വയലുകളെല്ലാം ഫറവോയുടെതുമാത്രമായി. 

അപ്പോള്‍ ജോസഫ് ഈജിപ്തിലെങ്ങും ഒരു വിളംബരം പുറപ്പെടുവിച്ചു. 

"ഈജിപ്തിലെ ജനതകള്‍മുഴുവന്‍ അറിയുന്നതിന്, ദൈവകൃപയാല്‍ ഈജിപ്തിന്റെ സിംഹാസനസ്ഥനായ ഫറവോയുടെ വിശ്വസ്തദാസനും ഭരണത്തിലെ രണ്ടാമനുമായ ജോസഫ് പുറപ്പെടുവിക്കുന്ന വിളംബരം. എന്തെന്നാല്‍, ഈജിപ്തിലെ കൊടിയ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പട്ടിണികൂടാതെ, നമ്മള്‍ കടന്നുകൂടി. നമുക്കു ചുറ്റുമുള്ള ദേശങ്ങളിലെ ജനങ്ങള്‍ക്കും ധാന്യം നല്കാന്‍ ദൈവാനുഗ്രഹത്താല്‍ നമുക്കു സാധിച്ചു. 

ഈജിപ്തിലെ വിളഭൂമികളെല്ലാം ഫറവോയുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞു. അവയില്‍ കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്ന ഏവനും അതിനുള്ള പാട്ടാവകാശവും കൃഷിയിറക്കാന്‍ ആവശ്യമായ വിത്തും ഫറവോയുടെ സംഭരണശാലകളില്‍നിന്നു വിതരണംചെയ്യുന്നതാണ്. എന്നാല്‍ ലഭിക്കുന്ന വിളവിന്റെ അഞ്ചിലൊന്ന്, പാട്ടമായി സര്‍ക്കാരിലേക്കടയ്ക്കേണ്ടതാണ്"

ഈജിപ്തിലെ പുരോഹിതന്മാരൊഴികെ തനിക്കും തന്റെ സഹോദരന്മാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും "അഞ്ചിലൊന്നു ഫറവോയ്ക്ക്'' എന്നനിയമം ജോസഫ് ബാധകമാക്കി.

ഈജിപ്തില്‍വീണ്ടും സമൃദ്ധിയുടെ നാളുകള്‍ പുലര്‍ന്നു.

കാലം ശരവേഗത്തില്‍ പാഞ്ഞു.

യാക്കോബ് മരണത്തിനു കീഴടങ്ങി. ഇസ്രായേലിനോടുള്ള ബഹുമാനാര്‍ത്ഥം എഴുപതു ദിവസങ്ങള്‍ ഈജിപ്തിലെങ്ങും വിലാപകാലമായി ഫറവോ പ്രഖ്യാപിച്ചു.

ഈജിപ്തിലെ ആചാരമനുസരിച്ച്, നാല്പതു ദിവസംകൊണ്ട് ഇസ്രായേലിന്റെ ശരീരം, നിത്യകാലത്തേക്കു നശിക്കാതിരിക്കുന്നതിനായി വൈദ്യന്മാര്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി, ഒരുക്കി.

വിലാപകാലം കഴിഞ്ഞപ്പോള്‍ യാക്കോബിന്റെ അന്ത്യാഭിലാഷമനുസരിച്ച്, ഫറവോയുടെ അനുമതിയോടെ, മൃതദേഹം മാമ്രേക്കു കിഴക്ക്, കാനാന്‍ദേശത്തുള്ള മക്‌പെലായില്‍ അബ്രഹാം ഹിത്യനായ എഫ്രോണില്‍നിന്നു വാങ്ങിയ ഗുഹയില്‍ സംസ്കരിക്കാനായി കൊണ്ടുപോയി. പിതാക്കന്മാരായ അബ്രാഹാമിനെയും ഭാര്യ സാറയെയും ഇസഹാക്കിനെയും ഭാര്യ റബേക്കയേയും ഇസ്രായേലിന്റെ ഭാര്യ ലെയയെയും സംസ്കരിച്ചത് ആ ഗുഹയില്‍ത്തെന്നെയായിരുന്നു. 

ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്‍മാരും ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും രഥങ്ങളും കുതിരക്കാരും ഉള്‍പ്പെടെ  വലിയൊരു സംഘമാളുകള്‍ മൃതസംസ്കാരത്തില്‍ പങ്കെടുക്കാന്‍ കാനാന്‍ദേശത്തെത്തിയിരുന്നു.

ഋതുക്കള്‍ പലവട്ടം പിന്നെയും മാറിവന്നു. ജോസഫിനെത്തേടിയും വാര്‍ദ്ധക്യമെത്തി. പിതാക്കന്മാരുടെ വഴിയെമടങ്ങാന്‍ തനിക്കുകാലമായെന്നു തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തംമക്കളായ മനാസ്സെയേയും എഫ്രായിമിനെയും തന്റെ സഹോദരന്മാരുടെ മക്കള്‍ എല്ലാവരെയും ജോസഫ് ഒരുമിച്ചു വിളിച്ചുകൂട്ടി.

ജോസഫ് പറഞ്ഞു: "ദൈവം എനിക്കു ദീര്‍ഘായുസ്സു നല്കി. എന്റെ മക്കളുടെ മൂന്നാം തലമുറയിലെ മക്കളെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവമൊരിക്കല്‍ നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെനിന്നുകൊണ്ടു പോകണം. പിതാക്കന്മാരെ അടക്കംചെയ്തിടത്ത് എന്നെയും അടക്കം ചെയ്യണം"

ഇതു പാലിക്കുമെന്നു ‍ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു.

മരിക്കുമ്പോള്‍ ജോസഫിനു നൂറ്റിപ്പത്തു വയസ്സു പ്രായമുണ്ടായിരുന്നു. അവന്റെ മരണത്തില്‍ ഈജിപ്തുമുഴുവന്‍ ദുഃഖിച്ചു.ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു. ഈജിപ്തിലെ വൈദ്യന്മാര്‍ ജോസഫിന്റെ മൃതദേഹത്തില്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി. ഇസ്രായേല്‍ജനത പാര്‍ക്കുന്ന ഗാഷാന്‍ദേശത്ത്,ഒരു ശവകുടീരത്തില്‍ ജോസഫിന്റെ ശരീരം സൂക്ഷിച്ചു.

വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും കാലപ്രവാഹം തുടര്‍ന്നു. ഇസ്രായേല്യര്‍ വലിയൊരു ജനതയായി പെറ്റുപെരുകി. അവര്‍ വളരെയധികം ശക്തിപ്രാപിച്ച്, ഈജിപ്തിലെങ്ങും നിറഞ്ഞു.

ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാരുടേയും ജനങ്ങളുടെയും തലമുറകള്‍ കടന്നുവന്നപ്പോഴും, ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കാതെ ഏകദൈവത്തെ ആരാധിച്ചിരുന്ന ഇസ്രായേല്‍ജനത, മറ്റുള്ളവരില്‍നിന്നു വേര്‍പെട്ടുനിന്നു.