Sunday, 30 July 2017

മോശ

നാലു നൂറ്റാണ്ടുകള്‍ കടന്നുപോയി. ഇസ്രായേല്‍ജനത ഈജിപ്തില്‍ വലിയൊരു ജനതതിയായിത്തീര്‍ന്നു.
കാലാന്തരത്തില്‍ ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാര്‍ സിംഹാസനാരൂഢരായി.
ഈജിപ്തുകാരേക്കാള്‍ പ്രബലരായി വളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിയത്. കാലാന്തരത്തില്‍ഈജിപ്തിന്റെ ഭരണം ഇസ്രായേലിന്‍റെ കൈയിലെത്തിയെക്കാനുള്ള സാദ്ധ്യതയെ ഫറവോ തള്ളിക്കളഞ്ഞില്ല.
ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.
"ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."
ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഇസ്രയേല്യരെ ഫറവോ കഠിനജോലികള്‍ക്കായി നിയോഗിച്ചു. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായി നിയമിച്ചു.
ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യരെ ജോലിക്കു നിയോഗിച്ചു. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന *സ്തൂപാകൃതിയിലുള്ള സ്മാരകങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കുമെല്ലാം ഇസ്രേയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായി അദ്ധ്വാനിച്ചാലും ദിവസത്തില്‍ പലതവണ മേല്‍നോട്ടക്കാരുടെ ചാട്ടകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചു. എല്ലാക്കഷ്ടതകള്‍ക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെ കഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചില്ല.
എങ്കിലും വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം വര്‍ദ്ധിക്കുകയും വ്യാപിക്കുകയും ചെയ്തു.
ഫറവോ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരം ചെയ്തു.
"ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇനിമേല്‍ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ. അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലണം. പെണ്‍കുഞ്ഞുങ്ങള്‍ ജീവിച്ചുകൊള്ളട്ടെ. ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്ക് അര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു."
വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായി. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ചു രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.
ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു.
ഈജിപ്തിലെ ഇസ്രായേല്‍സമൂഹം മുഴുവന്‍ കര്‍ത്താവിനെ വിളിച്ചു കരഞ്ഞു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്, ഉത്തരം ലഭിച്ചില്ല. എങ്കിലും കര്‍ത്താവിന് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കു ശുഭകരമായ ഭാവിയും പ്രത്യാശയും വാഗ്ദാനംചെയ്യുന്നൊരു പദ്ധതി.
ഇസ്രായേലില്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ **ലേവിയുടെ ഗോത്രത്തില്‍പ്പെട്ട ഒരു ദമ്പതിക്ക്, ഒരാണ്‍കുഞ്ഞു പിറന്നു. അവന്റെ മാതാപിതാക്കള്‍ മൂന്നുമാസം അവനെ രഹസ്യമായി വളര്‍ത്തി. ഇനിയും അവനെ രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ടുകൊണ്ട്, ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും താറുംതേച്ചു പിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി.
കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു. അവനു മൂത്ത ഒരു സഹോദരിയുണ്ടായിരുന്നു. അവളും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ അവള്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍ അവള്‍ അമ്മയ്ക്കൊപ്പം മടങ്ങിയില്ല. കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍ അവള്‍ ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം ഒളിച്ചിരുന്നു കരഞ്ഞു.
കുറച്ചു സമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കണ്ട പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.
"തമ്പുരാട്ടീ, ഇതേതോ ***ഹെബ്രായ സ്ത്രീയുടെ കുഞ്ഞാണെന്നു തോന്നുന്നു. ഇതിനെ നമുക്കു നദിയിലെറിയാം." ദാസിമാര്‍ പറഞ്ഞു.
ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. അവള്‍ക്കവനോട് അനുകമ്പ തോന്നി.
"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്... ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ മാറോടണച്ചു.
രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് അവന്റെ സഹോദരി കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. എന്നിട്ടു രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.
"തമ്പുരാട്ടീ, ഈ കുഞ്ഞിനു മുലയൂട്ടാന്‍ ഞാനൊരു ഹെബ്രായ സ്ത്രീയെ വിളിച്ചുകൊണ്ടു വരട്ടെ?" അവള്‍ ചോദിച്ചു.
രാജകുമാരി സമ്മതിച്ചു. അവള്‍ വീട്ടിലേക്കോടി. അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.
"എനിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.
അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു.
രാജകുമാരി അവനെ മോശ എന്നു പേരുവിളിച്ചു. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ മോശയെ ഉപദ്രവിച്ചില്ല.
ഇസ്രായേലിലെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍ കല്പിച്ച, അതേ ഫറവോയുടെ പുത്രിയുടെ മകനായി, രാജകൊട്ടാരത്തില്‍ മോശവളര്‍ന്നു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ അവനു നല്‍കി.
ഫറവോയുടെ കരങ്ങളില്‍നിന്നും ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍ അതിനേക്കാള്‍ സുരക്ഷിതമായൊരു സ്ഥലം ഈജിപ്തില്‍ മറ്റൊരിടത്തുമില്ലെന്നു കര്‍ത്താവറിഞ്ഞിരുന്നു!
---------------------------------------------------------------------

*പിരമിഡ്
** യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയും ചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത ഇപ്പോഴും താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.
*** ഹെബ്രായ ഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)