Sunday 17 June 2018

66. ഗിദയോന്‍

ബൈബിള്‍ക്കഥകള്‍ 66

കൃതഘ്നതയുടെ വിത്തുകള്‍ ഇസ്രായേലിന്റെ ഹൃദയത്തില്‍ വീണ്ടും വേരുപാകിവളര്‍ന്നുതുടങ്ങി. ജീവജലത്തിന്റെ ഉറവയായ കര്‍ത്താവിനെവിട്ട്, ജലമില്ലാത്ത പൊട്ടക്കിണറുകളിലേക്ക് ഇസ്രായേല്‍ ശ്രദ്ധയൂന്നി. 

ഇസ്രായേലില്‍ അന്യദേവന്മാര്‍ക്കു പൂജാഗിരികളുണ്ടായി. ബാലിനും അഷേരായ്ക്കും യാഗപീഠങ്ങളുയര്‍ന്നു. അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് തങ്ങളെ ഇറക്കിക്കൊണ്ടുവരികയും അന്യജനതകള്‍ കൈയടക്കിയിരുന്ന കാനാന്‍ദേശം ഇസ്രായേലിന് അവകാശമായി നല്കുകയുംചെയ്ത കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേല്‍ അവഗണിച്ചു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. മിദിയാന്‍വംശജരെ അവിടുന്നു ശക്തിപ്പെടുത്തി. ഇസ്രായേലിനുമേല്‍ മിദിയാന്‍വംശജര്‍ ആധിപത്യംപുലര്‍ത്തിത്തുടങ്ങി. 

ഇസ്രായേലുകാര്‍ ഗോതമ്പുവയലുകളില്‍ വിത്തുവിതച്ചാലുടന്‍ മിദിയാന്‍കാരും അമലേക്യരും മറ്റുപൌരസ്ത്യദേശവാസികളും ഇസ്രായേലിനെ ആക്രമിക്കുക പതിവായി. ഗാസയുടെ പരിസരപ്രദേശങ്ങള്‍വരെയുള്ള വിളവുകളെല്ലാം ശത്രുക്കള്‍ സ്ഥിരമായി നശിപ്പിച്ചു. അവരെ ഭയന്ന്, പര്‍വ്വതങ്ങളില്‍ ഗുഹകളും മാളങ്ങളും ദുര്‍ഗ്ഗങ്ങളുംനിര്‍മ്മിച്ച്, ഇസ്രായേലുകാര്‍ക്ക് ഒളിച്ചുതാമസിക്കേണ്ടിവന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിനുള്ള വകപോലും ദുര്‍ലഭമായി. ഏഴുവര്‍ഷത്തോളം ഈ നിലയില്‍ കടന്നുപോയിട്ടും ഇസ്രായേലിലെ ഭൂരിപക്ഷവും കര്‍ത്താവിലേക്കു തിരിഞ്ഞില്ല. എന്നാല്‍ ഇസ്രായേലിലെ എല്ലാഗോത്രങ്ങളില്‍നിന്നും കുറച്ചുപേര്‍മാത്രം വീണ്ടും കര്‍ത്താവിനെ വിളിച്ചുപ്രാര്‍ത്ഥിച്ചുതുടങ്ങിയിരുന്നു. . . 

ഇസ്രായേലിലെ ഓഫ്രാ എന്ന പട്ടണത്തില്‍ മനാസ്സെഗോത്രത്തില്‍പ്പെട്ട യോവാഷ് എന്നൊരാള്‍ താമസിച്ചിരുന്നു. അയാള്‍ തന്റെ ഭൂമിയില്‍, ബാല്‍ദേവനായി ഒരു യാഗപീഠം നിര്‍മ്മിച്ചുനല്കിയിരുന്നു. എന്നാല്‍ യോവാഷിന്റെ പുത്രനായ ഗിദയോനാകട്ടെ, കര്‍ത്താവിനെമാത്രമേ ആരാധിച്ചിരുന്നുള്ളൂ. 


ഒരുദിവസം, യോവാഷിന്റെ ഓക്കുമരത്തിനടുത്ത്, മിദിയാന്‍കാര്‍ക്കു കണ്ടുപിടിക്കാത്തവിധം  രഹസ്യമായി സ്ഥാപിച്ച മുന്തിരിച്ചക്കില്‍, ഗിദയോന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ *കര്‍ത്താവിന്റെ ദൂതന്‍ അവനുമുമ്പില്‍ പ്രത്യക്ഷനായി.

“ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവു നിന്നോടുകൂടെ.” 

മാലാഖയുടെ അഭിവാദനം ശ്രവിച്ച ഗിദയോന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സുമുഖനായൊരുവന്‍ പുഞ്ചിരിയോടെ, തന്നെ നോക്കുന്നതുകണ്ടു. എന്നാല്‍ അതാരാണെന്നവനു മനസ്സ്സിലായില്ല. 

എങ്കിലുമവൻ മറുപടി പറഞ്ഞു

“പ്രഭോ, കര്‍ത്താവു ഞങ്ങളോടുകൂടെയുണ്ടെങ്കില്‍ ഇതെല്ലാം എന്തുകൊണ്ടു സംഭവിക്കുന്നു? ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നുവെന്നുപറഞ്ഞ്, ഞങ്ങളുടെ പിതാക്കന്മാര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്ന, കര്‍ത്താവിന്റെ  അദ്ഭുതപ്രവൃത്തികള്‍ ഇപ്പോളെവിടെ? അവിടുന്നു ഞങ്ങളെയുപേക്ഷിച്ചു മിദിയാന്‍കാരെ ഞങ്ങള്‍ക്കെതിരെ പ്രബലരാക്കുന്നുവല്ലോ!”

“നിന്നോടു സംസാരിക്കാന്‍ കര്‍ത്താവയച്ച ദൂതനാണു ഞാന്‍. കര്‍ത്താവു നിന്നോടരുള്‍ചെയ്യുന്നു: നിന്റെ സര്‍വ്വശക്തിയോടുംകൂടെപ്പോയി ഇസ്രായേലിനെ മിദിയാന്‍കാരില്‍നിന്നു സംരക്ഷിക്കുക.”

ഗിദയോന്‍ മാലാഖയുടെമുമ്പില്‍ താണുവണങ്ങി. “കര്‍ത്താവേ, മിദിയാൻകാരോടു പോരിനിറങ്ങാൻ ഞാനാരാണ്! മനാസ്സെയുടെ ഗോത്രത്തിലെ ഏറ്റവും ദുര്‍ബ്ബലമായ അബിയേസര്‍വംശത്തിലാണു ഞാന്‍ പിറന്നത്. എന്റെ കുടുംബത്തിലെ ഏറ്റവും നിസ്സാരനാണു ഞാന്‍. കൃഷിപ്പണികളല്ലാതെ മറ്റൊന്നുമെനിക്കറിയില്ല.”

“കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കും. ഒറ്റയാളെയെന്നതുപോലെ, മിദിയാന്‍കാരെ നീ സംഹരിക്കും.”

“കര്‍ത്താവെന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നതെന്നതിന്, ഒരടയാളം തരണം. എന്റെ കാഴ്ചവസ്തുക്കള്‍ അങ്ങേയ്ക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ എനിക്കു സമയംതരണം.”

മാലാഖ പറഞ്ഞു: “നീ വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.” 

ഗിദയോന്‍ വീട്ടിലേക്കോടി. കൊഴുത്ത ഒരാട്ടിന്‍കുട്ടിയെ കൊന്നുപാകംചെയ്തു. ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവുമുണ്ടാക്കി. 
അവന്‍ തിരികെയെത്തിയപ്പോള്‍, ഒരു പാറ ചൂണ്ടിക്കാട്ടി മാലാഖ പറഞ്ഞു: “ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും ഈ പാറമേല്‍ വയ്ക്കുക. ചാറ് അതിന്മേലൊഴിക്കുക.” 

ഗിദയോന്‍ അപ്രകാരംചെയ്തപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ അവന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രത്താല്‍ അവയെ സ്പര്‍ശിച്ചു.  പാറയില്‍നിന്നുയര്‍ന്ന തീയില്‍ അപ്പവും മാംസവും ദഹിച്ചുപോയി.
അതു കര്‍ത്താവിന്റെ ദൂതനായിരുന്നുവെന്നു ഗിദയോനുറപ്പായി.

“കര്‍ത്താവേ, ഞാനങ്ങയുടെ ദൂതനെ മുഖാഭിമുഖം കണ്ടിരിക്കുന്നു.” അവന്‍ ദൂതനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

“നീ എന്നെ നമസ്കരിക്കേണ്ടാ, കർത്താവിനെമാത്രമാരാധിക്കുക... ഭയപ്പെടേണ്ട, നീ മരിക്കുകയില്ല. സമാധാനമായിരിക്കുക, കല്പിക്കപ്പെട്ടതുപോലെ ചെയ്യുക. ” മാലാഖ ഗിദയോന്റെ ദൃഷ്ടികളില്‍നിന്ന് അപ്രത്യക്ഷനായി.

അന്നുരാത്രിയില്‍, ഒരു സ്വപ്നദർശനത്തിൽ കര്‍ത്താവു ഗിദയോനോടു കല്പിച്ചു. “നിന്റെ പിതാവു നിര്‍മ്മിച്ച ബാലിന്റെ ബലിപീഠമിടിച്ചുനിരത്തി, അതിനുസമീപമുള്ള അഷേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുക. അവിടെ കല്ലുകളടുക്കി, നിന്റെ ദൈവമായ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കണം. നിന്റെ പിതാവിന് ഏഴുവയസ്സുള്ള രണ്ടു കാളകളുള്ളതിലൊന്നിനെ അഷേരാപ്രതിമയുടെ തടികത്തിച്ച്, ദഹനബലിയായി അര്‍പ്പിക്കണം.”

തന്റെ കുടുംബക്കാരെയും പട്ടണവാസികളെയും ഭയന്നിരുന്നതിനാല്‍ പിറ്റേന്നു പകല്‍ അവനതു ചെയ്തില്ല. എന്നാല്‍ രാത്രിയായപ്പോള്‍ തന്റെ വേലക്കാരില്‍, വിശ്വസ്തരായ പത്തുപേരെയുംകൂട്ടിക്കൊണ്ടുപോയി, കര്‍ത്താവു കല്പിച്ചതുപോലെ ഗിദയോന്‍ ചെയ്തു.

നേരംപുലര്‍ന്നപ്പോള്‍ ബാലിന്റെ യാഗപീഠവും  അതിനടുത്തുണ്ടായിരുന്ന അഷേരാപ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിക്കപ്പെട്ട മറ്റൊരു യാഗപീഠത്തില്‍ ബലിയര്‍പ്പിച്ചിരിക്കുന്നതും പട്ടണവാസികള്‍ കണ്ടു. 

“ഇതുചെയ്യാന്‍ ധൈര്യപ്പെട്ടതാരാണ്” അവര്‍ പരസ്പരം ചോദിച്ചു.

അവരുടെ അന്വേഷണത്തില്‍ യോവാഷിന്റെ പുത്രനായ ഗിദയോനാണതുചെയ്തതെന്നു വ്യക്തമായി. പട്ടണവാസികള്‍ ഒന്നുചേര്‍ന്നു യോവാഷിന്റെ ഭവനത്തിലെത്തി. എന്നാല്‍ ഗിദയോന്‍ അവിടെയുണ്ടായിരുന്നില്ല. നേരംപുലരുന്നതിനുമുമ്പേ അയാള്‍ തന്റെ പത്തു ഭൃത്യന്മാരോടൊപ്പം ഒളിസങ്കേതത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. 

ജനക്കൂട്ടം യോവാഷിനുനേരേയലറി. "നിന്റെ മകന്‍ ബാലിന്റെ യാഗപീഠം തകര്‍ത്തു. അഷേരാപ്രതിഷ്ഠ വെണ്ണീറാക്കി. അവനെവിടെയായാലും അവനെ ഞങ്ങള്‍ക്കു വിട്ടുതരിക! അവന്‍ വധിക്കപ്പെടണം.”

(ഗിദയോന്റെ കഥ അടുത്തയാഴ്ചയില്‍ തുടരും ....)

------------------------------------------------------------------------
*കര്‍ത്താവിന്റെ ദൂതന്‍ - മാലാഖ

No comments:

Post a Comment