Sunday 10 June 2018

65. ദബോറയും ബാറക്കും

ബൈബിള്‍ക്കഥകള്‍ 65

കര്‍ത്താവില്‍നിന്നു ലഭിച്ച നന്മകള്‍മറന്ന്, ഇസ്രായേല്‍ജനം വീണ്ടും അവിശ്വസ്തതയുടെ വഴികളിലൂടെ സഞ്ചരിച്ചു. മറ്റുദേവന്മാര്‍ക്കു മുമ്പില്‍ ശിരസ്സുനമിച്ച്, കര്‍ത്താവിനെതിരായി ഇസ്രായേല്‍ തിന്മചെയ്തു. 

കര്‍ത്താവ്, ഹസോര്‍രാജ്യത്തിന്റെ  അധിപനായിരുന്ന യാബീനുമുമ്പില്‍ ഇസ്രായേലിനെ വിട്ടുകൊടുത്തു. 

യാബീനും അവന്റെ സേനാനായകനായ സിസേറയുംചേര്‍ന്ന് ഇസ്രായേലിനെ ഹസോറിന്റെ നുകത്തിനുകീഴിലാക്കി.  ഇസ്രായേല്‍ജനത, നീണ്ട
ഇരുപതുവര്‍ഷക്കാലം അവരുടെ ക്രൂരമായ അടിമത്തത്തിൻകീഴിൽ പീഡിപ്പിക്കപ്പെട്ടു. 

അപ്പോൾ ഇസ്രായേല്‍ജനം പശ്ചാത്തപിക്കുകയും വീണ്ടും കര്‍ത്താവില്‍ ദൃഷ്ടിയുറപ്പിക്കുകയുംചെയ്തു. അവർ കണ്ണീരോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

കർത്താവിന് ഇസ്രായേലിനോട് അനുകമ്പതോന്നി. ലപ്പിദോത്തിന്റെ ഭാര്യയായ ദബോറയെ കര്‍ത്താവ് ഒരു പ്രവാചികയായുയര്‍ത്തി. അവള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ ന്യായപാലനം നടത്തിത്തുടങ്ങി.

കര്‍ത്താവില്‍നിന്നു ലഭിച്ച ഒരു വെളിപാടില്‍പ്രേരിതയായി, നഫ്താലിയിലെ കേദഷ് എന്ന ഗ്രാമത്തിലെ നിവാസിയായിരുന്ന ബാറക്കിനെ അവള്‍ ആളയച്ചു തന്റെപക്കല്‍ വരുത്തി. ബാറക്ക് ദബോറയുടെ മുമ്പിലെത്തിയപ്പോള്‍ അവളവനോടു പറഞ്ഞു.

“ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്പിക്കുന്നു. നഫ്താലിഗോത്രത്തില്‍നിന്നും സെബുലൂണ്‍ഗോത്രത്തില്‍നിന്നുമായി പതിനായിരംപേരെ തിരഞ്ഞെടുത്ത്, അവരെ യുദ്ധസന്നദ്ധരാക്കി, താബോര്‍ മലയിലേക്കു നയിക്കുക. കിഷോന്‍നദിയുടെ തീരത്തെത്തുമ്പോള്‍ യാബീന്റെ സേനാനായകനായ സിസേറ തന്റെ സൈന്യത്തോടൊപ്പമെത്തി നിന്നെയെതിരിടാന്‍ കര്‍ത്താവിടയാക്കും. കര്‍ത്താവവനെ നിന്റെ കൈകളിലേല്പിച്ചുതരും.”

ബാറക്ക് പറഞ്ഞു: “കര്‍ത്താവു നിന്നോടുകൂടെയുണ്ടെന്നും കര്‍ത്താവിന്റെ വചനമാണു നീ പറയുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ യുദ്ധത്തിനായി താബോര്‍മലയിലേക്കു പോകാം. നീ കൂടെയില്ലെങ്കില്‍ ഞാന്‍ പോകില്ല.”

ദബോറ, ബാറക്കിനെ അടിമുടിനോക്കി. “ഞാന്‍ നിന്നോടൊപ്പം വരാം. എന്നാല്‍ നിന്റെയീ വഴി, നിന്നെ മഹത്വത്തിലെത്തിക്കില്ല. സിസേറയുടെ സൈന്യത്തെ നീ കീഴ്പ്പെടുത്തും. എന്നാല്‍ കര്‍ത്താവവനെ ഒരു സ്ത്രീയുടെ കൈകളിലേല്പിക്കും. അവളവനെ വധിക്കും.”

ദബോറ ബാറക്കിനോടൊപ്പം കേദഷിലേക്കു പോയി. കേദഷിൽനിന്ന്, ബാറക്ക്, നഫ്താലി – സെബുലൂണ്‍ ഗോത്രങ്ങളില്‍പ്പെട്ടവരെ അവൻ വിളിച്ചുകൂട്ടി. അവരില്‍നിന്ന്, യുദ്ധംചെയ്യാന്‍പ്രാപ്തരായ പതിനായിരംപേരെ തിരഞ്ഞെടുക്കുകയുംചെയ്തു. 

ആയുധങ്ങളേന്തിയ പതിനായിരം കാലാള്‍പ്പടയാളികള്‍ക്കൊപ്പം ബാറക്ക് താബോര്‍മലയിലെത്തി. ദബോറാപ്രവാചികയും അവരോടൊപ്പമുണ്ടായിരുന്നു. 

ഇസ്രായേല്‍ജനം സൈനികസന്നാഹങ്ങളോടെ താബോര്‍മലയില്‍ താവളമടിച്ചെന്നുകേട്ടപ്പോള്‍, സിസേറ തന്റെ സൈനികര്‍ക്കൊപ്പം അവരെ നേരിടാനെത്തി. തൊള്ളായിരം ഇരുമ്പുരഥങ്ങള്‍ സിസേറയുടെ സൈന്യത്തിനൊപ്പമുണ്ടായിരുന്നു. 

കിഷോന്‍നദിക്കരയില്‍ സിസേറയും സൈന്യവുമെത്തിയത് താബോര്‍മലയുടെ മുകളില്‍നിന്ന് ബാറക്ക് കണ്ടു. സിസേറയുടെ രഥങ്ങള്‍ തന്റെ സൈനികരെ തകര്‍ത്തുകളയുമെന്നു ബാറക്ക് ഭയന്നു.

“നിന്നെ നയിക്കുന്നതു കര്‍ത്താവല്ലേ? മുന്നേറുക, കര്‍ത്താവവനെ നിന്റെ കൈകളിലേല്പിക്കുന്ന ദിവസമാണിന്ന്.” 
ചഞ്ചലചിത്തനായിപ്പോയ ബാറക്കിനെ, ദബോറ ധൈര്യപ്പെടുത്തി. 

ബാറക്ക് തന്റെ സൈനികര്‍ക്കൊപ്പം താഴേയ്ക്കിറങ്ങി. താബോര്‍മലയുടെ മുകളില്‍നിന്നു ഇസ്രായേലിന്റെ അമ്പുകളും കുന്തങ്ങളും താഴ്വരയിലുള്ള സിസേറയ്ക്കും സൈനികര്‍ക്കുംനേരെ പാഞ്ഞുചെന്നു. '

മുകളിൽനിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ഹാസോർസൈനികർക്കായില്ല.

സിസേറയുടെ സൈന്യം ചിതറിക്കപ്പെട്ടു. സൈനികര്‍ രഥങ്ങളുപേക്ഷിച്ച് ഇറങ്ങിയോടി. സൈന്യാധിപനായ സിസേറ രഥത്തില്‍നിന്നിറങ്ങി പിന്തിരിഞ്ഞോടി. 

ഇസ്രായേല്‍ ആവേശത്തോടെ താബോര്‍മലയുടെ താഴേയ്ക്കിറങ്ങി. അവർ സിസേറയുടെ സൈനികരെ പിന്തുടര്‍ന്നുകൊലപ്പെടുത്തി. സൈനികരിൽ ഒരാള്‍പോലും ജീവനോടെയവശേഷിച്ചില്ല. എന്നാല്‍ സിസേറയെമാത്രം അവര്‍ക്കു പിടികൂടാനായില്ല. 

സിസേറ, അവിടെനിന്നു രക്ഷപ്പെട്ട്, കേന്യനായ ഹേബറിന്റെ കൂടാരത്തിലഭയംതേടി. യാബീന്‍രാജാവും ഹേബറിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നതിനാലാണ് അവന്‍ ഹേബറിന്റെ കൂടാരം അഭയസങ്കേതമായി തിരഞ്ഞെടുത്തത്. 

എന്നാല്‍ ഇസ്രായേലുമായി ഹേബറിനുള്ള ബന്ധമെന്തെന്നു സിസേറയറിഞ്ഞിരുന്നില്ല. മോശയുടെ അമ്മായിയപ്പൻ്റെ പിന്‍തലമുറക്കാരനായിരുന്നു ഹേബര്‍. 

ഹേബറിന്റെ ഭാര്യ ജായേല്‍, സിസേറയെ തന്റെ കൂടാരത്തില്‍ സ്വീകരിച്ചു. അവനു കുടിക്കാന്‍ പാല്‍ നല്കി. 

സിസേറ പറഞ്ഞു. “നീ കൂടാരത്തിനു പുറത്തുനില്ക്കണം. ആരെങ്കിലും എന്നെ പിന്തുടര്‍ന്നു വന്നാല്‍ ഇവിടെ ആരും വന്നിട്ടില്ലെന്നു പറയണം.” 

"ഭയപ്പെടേണ്ടാ, നീ കൂടാരത്തിൽ വിശ്രമിച്ചുകൊള്ളുക. ഞാൻ വേണ്ടതു ചെയ്തുകൊള്ളാം." ജായേല്‍ സിസേറയ്ക്കു പുതയ്ക്കാനൊരു കരിമ്പടം നല്കി. ക്ഷീണിതനായിരുന്നതിനാൽ അവന്‍ പുതച്ചുകിടന്നുറങ്ങി.

അപ്പോൾ സിസേറയുടെ അമ്മ, അവളുടെ മുറിയുടെ കിളിവാതിലിലൂടെ പുറത്തേക്കുനോക്കി നില്ക്കുകയായിരുന്നു. കാരണമറിയാത്തൊരു ഭയം, അവളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു.

"അവന്റെ രഥം വരാന്‍ വൈകുന്നതെന്താണ്? കുതിരക്കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലല്ലോ...."

അവള്‍ സ്വയം ആശ്വസിപ്പിച്ചു. "അവന്‍ യുദ്ധത്തിനുപോയതല്ലേ! ഇപ്പോള്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊള്ളമുതല്‍ പങ്കുവയ്ക്കുകയാകും. അവന്റെ പടയാളികള്‍ ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെവീതം ലഭിച്ചേക്കാം. എനിക്കണിയാന്‍ ചിത്രപ്പണികള്‍ചെയ്ത മനോഹരവസ്ത്രങ്ങള്‍ അവന്‍ കൊണ്ടുവരാതിരിക്കില്ല...''

ജായേൽ കൂടാരത്തിൽക്കടന്നു നോക്കി. സിസേറ ഗാഢനിദ്രയിലാണ്ടിരുന്നു.

അവൾ പുറത്തിറങ്ങി, കൂടാരത്തിന്റെ ഒരു മരയാണിയും ഒരു കൂടവുമെടുത്തുകൊണ്ടുവന്നു. സിസേറ, ക്ഷീണിച്ചു തളര്‍ന്നുറങ്ങിക്കഴിഞ്ഞിരുന്നു. അവള്‍, അവന്റെ തലയിൽ കൂടത്താലടിച്ചു.  

സിസേറ അലറിക്കരഞ്ഞുപിടഞ്ഞു.

ജായേൽ അവൻ്റെ ചെന്നിയിലേക്കു  മരയാണിയടിച്ചുകയറ്റി. നിലത്തിറങ്ങുവോളം അവന്റെ തലതകര്‍ത്ത്, അവളത് തറയിലടിച്ചുറപ്പിച്ചു. 


സിസേറയെ അന്വേഷിച്ചിറങ്ങിയ ബാറക്കും സംഘവും ജായേലിന്റെ കൂടാരവാതിൽക്കലെത്തി. 

വസ്ത്രത്തിലും കരങ്ങളിലും രക്തംപുരണ്ടു നില്ക്കുന്ന ജായേലിനെ അവർ കണ്ടു.

“വരിക, നീയന്വേഷിച്ചുവരുന്നവനെ ഞാന്‍ നിനക്കു കാണിച്ചുതരാം.” ജായേലവനെ കൂടാരത്തിലേക്കു ക്ഷണിച്ചു. ചെന്നിയില്‍ മരയാണി തറച്ചു മരിച്ചുകിടക്കുന്ന സിസേറയെ അവന്‍ കണ്ടു.

ശത്രുരാജ്യത്തിൻ്റെ സൈന്യാധിപനെ വധിച്ച ജായേൽ, ഇസ്രായേലിൻ്റെ ധീരനായികയായി. 

സൈനികരും സേനാനായകനും നഷ്ടമായ യാബീന്‍രാജാവിനെ ബാറക്ക്‌ ജീവനോടെ പിടികൂടി. എന്നാല്‍ അവനെ വധിച്ചില്ല. ജീവിതകാലംമുഴുവന്‍ യാബീനെ അവൻ ബന്ധനത്തിൽ സൂക്ഷിച്ചു.

യാബീൻ്റെമേൽനേടിയ വിജയം, ബാറക്കിന് ആത്മവിശ്വാസം നല്കി.

ദബോറ പ്രവാചികയുടെ ഉപദേശങ്ങള്‍ സ്വീകരിച്ച്, നാല്പതുവര്‍ഷക്കാലം അവൻ ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന്റെ കാലത്ത് ഇസ്രായേല്‍ കര്‍ത്താവിനെമാത്രമാരാധിച്ചു. ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.

No comments:

Post a Comment