Sunday 14 January 2018

46. അഹറോൻ വിടവാങ്ങുന്നു

ബൈബിള്‍ക്കഥകള്‍ - 46

കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞു: "ജനങ്ങളുടെമുമ്പില്‍ എന്നെ മഹത്വപ്പെടുത്തുംവിധം ദൃഢമായി നിങ്ങളെന്നില്‍ വിശ്വസിക്കാതിരുന്നതിനാല്‍ ഞാന്‍ ഇസ്രായേലിനുനല്കുന്ന ദേശത്തില്‍, അവരെക്കൊണ്ടെത്തിക്കുന്നതു നിങ്ങളായിരിക്കില്ല."

സീനായ്‌മലയുടെ താഴ്വാരത്തിലൂടെ സഞ്ചരിച്ച്, ഇസ്രായേല്‍ വീണ്ടും സീന്‍മരുഭൂമിയിലെത്തി. അവിടെ കാദേഷ് എന്ന പ്രദേശത്ത് അവര്‍ താവളമടിച്ചു. കാദെഷില്‍, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്ടിലൊരിടത്തും നീരുറവകളുണ്ടായിരുന്നില്ല. മരുഭൂമിയുടെ രൗദ്രത ജനങ്ങളെ തളര്‍ത്തി. കുടിക്കാന്‍ ശുദ്ധജലം ഒരിടത്തും ലഭിച്ചില്ല.

"ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിനുമുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍.... ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഈ മരുഭൂമിയില്‍ക്കിടന്നു ചാകാന്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിനീ ദുഷിച്ചസ്ഥലത്തേക്കു കൊണ്ടുവന്നു?"

ജനങ്ങള്‍ മോശയ്ക്കും അഹറോനുമെതിരായി വീണ്ടുമൊന്നിച്ചുകൂടി. "ഗോതമ്പോ, മാതളപ്പഴമോ, മുന്തിരിയോ അത്തിപ്പഴമോ കണ്ട നാളുകൾപോലും വിസ്മൃതിയിലായി.... ഇവിടെ, ഈ മരുഭൂമിയിൽ, തൊണ്ട നനയ്ക്കാന്‍ ഒരിറ്റുവെള്ളംപോലും കിട്ടാനില്ലല്ലോ..."

ജനങ്ങളുടെ പരാതികള്‍ക്കു മറുപടി നല്കാനാകാതെ മോശയും അഹറോനും വലഞ്ഞു. അവര്‍ സമാഗമകൂടാരത്തിന്റെ മുന്നിലെത്തി. കൂടാരവാതില്‍ക്കല്‍ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണു നമസ്കരിച്ചു. കര്‍ത്താവിന്റെ മഹത്വം മേഘസ്തംഭത്തില്‍, കൂടാരത്തിനു മുകളില്‍ പ്രത്യക്ഷമായി.

അവിടുന്നു മോശയോടു പറഞ്ഞു: "നീയും നിന്റെ സഹോദരന്‍ അഹറോനുംകൂടെ ജനങ്ങളെ പാറകൂട്ടങ്ങള്‍ക്കരികില്‍ വിളിച്ചു കൂട്ടുക. അവരുടെ മുമ്പില്‍വച്ച്, വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടാജ്ഞാപിക്കുക. അതു നിന്നെയനുസരിക്കും."

കര്‍ത്താവിന്റെ കല്പനപ്രകാരം മോശയും അഹറോനും സമൂഹത്തെ മുഴുവന്‍ പാറക്കൂട്ടത്തിനരികെ വിളിച്ചുകൂട്ടി. മോശയ്ക്കു വേണ്ടി അഹറോന്‍ സംസാരിച്ചു. "കർത്താവു നിങ്ങൾക്കായിചെയ്തുതന്ന വൻകാര്യങ്ങളൊന്നുമോർക്കാതെ, നിങ്ങളെന്തിനു പിറുപിറുക്കുന്നു? നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നുപോലും ജലം പുറപ്പെടുവിക്കാൻ കർത്താവിനുകഴിയില്ലേ?"


മോശ വടിയുയര്‍ത്തി, രണ്ടുവട്ടം പാറമേലടിച്ചു. പാറയില്‍നിന്ന് ഒരുറവ പുറപ്പെട്ടു. മനുഷ്യരും മൃഗങ്ങളും ദാഹംതീര്‍ത്തു.

കാദെഷില്‍, പാറയില്‍നിന്നു ജലം ലഭിച്ച സ്ഥലത്തിനു മെറീബാ എന്നു മോശ പേരിട്ടു. 

ഇസ്രായേല്‍ജനം കാദെഷിലായിരിക്കുമ്പോള്‍ അഹറോന്റെ സഹോദരിയായ മിറിയാം മരിച്ചു. ഇസ്രായേല്‍മുഴുവന്‍ അവളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അവളുടെ മൃതദേഹം മെറീബയില്‍ സംസ്കരിച്ചു. 

അവളെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, ഇസ്രായേല്‍, കാദെഷില്‍നിന്നു യാത്ര പുറപ്പെടാന്‍ തയ്യാറായി. അതിനടുത്തുള്ള ഏദോം എന്ന രാജ്യത്തുകൂടെ കടന്നുപോകാന്‍ മോശയാഗ്രഹിച്ചു. അവന്‍ ഏദോം രാജാവിന്റെ പക്കലേക്കു ദൂതന്മാരെയയച്ചു.

ദൂതന്മാര്‍ രാജസന്നിധിയിലെത്തി. "നിങ്ങളുടെ രാജ്യത്തുകൂടെ കടന്നുപോകാന്‍ ഞങ്ങളെയനുവദിക്കണം. നിങ്ങളുടെ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കില്ല, നിങ്ങളുടെ കിണറുകളിലെ വെള്ളം ഞങ്ങള്‍ കുടിക്കില്ല. ഇടംവലം തിരിയാതെ രാജപാതയിലൂടെമാത്രം സഞ്ചരിച്ചു ഞങ്ങള്‍ നിങ്ങളുടെ രാജ്യംകടന്നു പോയിക്കൊള്ളാം."

എന്നാല്‍ ഏദോംരാജാവ് അനുവാദംനല്കിയില്ല.

ദൂതന്മാര്‍ വീണ്ടും പറഞ്ഞു. "പൊതുവഴിയിലൂടെ കടന്നുപോകണമെന്നല്ലാതെ മറ്റൊന്നും ഞങ്ങളാവശ്യപ്പെടുന്നില്ല. ഞങ്ങളോ ഞങ്ങളുടെ കാലികളോ നിങ്ങളുടെ കിണറുകളില്‍നിന്നു വെള്ളം കുടിക്കാനിടയായാല്‍ അതിനു നിങ്ങളാവശ്യപ്പെടുന്ന വില ഞങ്ങള്‍ തന്നുകൊള്ളാം."

ഇസ്രായേല്‍ ഈജിപ്തിലേക്കു പോയതുമുതല്‍ അവിടെനിന്നു മടങ്ങിയതുവരെയുള്ള കഥകള്‍ ഏദോംരാജാവറിഞ്ഞിരുന്നു. ഈജിപ്തിലുണ്ടായ മഹാമാരികളും ചെങ്കടലില്‍ ഈജിപ്തുസൈന്യത്തിനുണ്ടായ ദുരന്തവുമറിഞ്ഞിരുന്നതിനാല്‍ ഇസ്രായേലിനെ തന്റെ ദേശത്തു പ്രവേശിപ്പിക്കാന്‍ രാജാവു ഭയന്നു.

"ഇല്ല, നിങ്ങള്‍ എന്റെ രാജ്യത്തു പ്രവേശിക്കാന്‍ ഞാനനുവദിക്കുകയില്ല. ഇപ്പോള്‍ ദൂതന്മാര്‍ക്കു സുരക്ഷിതരായി മടങ്ങിപ്പോകാം. എന്നാല്‍ മറ്റാരെങ്കിലും ഈ ദേശത്തുകടന്നാല്‍ ഏദോംസൈന്യത്തിന്റെ കരുത്തു നിങ്ങളറിയും."

ദൂതന്മാര്‍ മടങ്ങിയെത്തി മോശയെ വിവരങ്ങളറിയിച്ചു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  ഏദോമിൻ്റെ സൈന്യനിര തമ്പടിച്ചു.

ദൂതന്മാരറിയിച്ച കാര്യങ്ങള്‍ മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരുമായി ചര്‍ച്ചചെയ്തു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  സൈന്യമണിനിരന്നെന്ന വിവരവും ഇസ്രായേല്‍ജനതയറിഞ്ഞു.

"ഇസ്രായേലിന്റെ അവിശ്വാസംമൂലം കര്‍ത്താവു കോപിഷ്ഠനായിരിക്കുന്നതിനാല്‍ ഏദോംരാജാവുമായി യുദ്ധത്തിലേര്‍പ്പെടുന്നതു വലിയ പരാജയത്തിലേക്കു നമ്മളെ നയിക്കുമെന്നാണ് എനിക്കു തോന്നുന്നത്." അഹറോന്‍ അഭിപ്രായപ്പെട്ടു. 

മോശയ്ക്കും ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ക്കും അതു ശരിയാണെന്ന അഭിപ്രായംതന്നെയാണുണ്ടായിരുന്നത്.

അതിനാല്‍ ഇസ്രായേല്‍ അവിടെനിന്നു പിന്‍വാങ്ങി, മരുഭൂമിയിലൂടെതന്നെ യാത്രചെയ്ത്‌, ഹോര്‍മലയുടെ താഴ്വാരത്തിലെത്തി.

അവിടെവച്ച്, കര്‍ത്താവു മോശയോടും അഹറോനോടുമായി പറഞ്ഞു: "അഹറോന്‍ തന്റെ പിതാക്കന്മാരോടുചേരാന്‍ കാലമായിരിക്കുന്നു. അതിനാൽ സ്ഥാനവസ്ത്രമഴിച്ച് അഹറോൻ്റെ പുത്രനായ ഏലിയാസറെ എല്പിക്കുക..."

കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേലിനെ അറിയിച്ചു.. സമൂഹംമുഴുവൻ അഹറോനുവേണ്ടി പ്രാർത്ഥിച്ചു. ഇസ്രായേൽജനതയ്ക്കുവേണ്ടി അഹറോൻചെയ്ത എല്ലാക്കാര്യങ്ങൾക്കും ശ്രേഷ്ഠന്മാർ നന്ദിയറിയിച്ചു.

ഇസ്രായേല്‍ജനംമുഴുവന്‍ നോക്കിനില്‍ക്കേ, അഹറോനും മോശയും അഹറോന്റെ പുത്രനായ എലിയാസറിനോടൊപ്പം ഹോര്‍മലയിലേക്കു കയറിപ്പോയി. മലമുകളില്‍വച്ച്, അഹറോന്റെ സ്ഥാനവസ്ത്രങ്ങളഴിച്ച്, മോശ എലിയാസറിനെ അണിയിച്ചു.

അഹറോന്‍, തന്റെ പുത്രനെ മാറോടുചേര്‍ത്ത് ആലിംഗനംചെയ്തു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചതിനുശേഷം തലയില്‍ കൈവച്ചനുഗ്രഹിച്ചു.

മോശയും എലിയാസറും അഹറോനെ ചുംബിച്ചു.

അഹറോന്‍, കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. കര്‍ത്താവിനു നന്ദിപറഞ്ഞു സ്തുതിച്ചുകൊണ്ടിരിക്കേ, തളര്‍ന്നു പിന്നിലേക്കു മറിഞ്ഞുവീണു. പാറയില്‍വീഴാതെ മോശയും എലിയാസറും അവന്റെ മൃതദേഹം കൈകളില്‍ത്താങ്ങി. '

അവരവനെ അവിടത്തന്നെയുണ്ടായിരുന്ന ചെറിയൊരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം കല്ലുകൊണ്ടടച്ചതിനുശേഷം,  മലയില്‍നിന്നിറങ്ങിവന്ന് അഹറോന്റെ മരണവാര്‍ത്ത അവര്‍
ഇസ്രായെല്യരെ അറിയിച്ചു. പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നെങ്കിലും ജനങ്ങളെല്ലാവരും ദുഃഖിതരായി. അഹറോന്റെ സ്മരണകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍മുഴുവന്‍ മുപ്പതുദിവസം ദുഃഖമാചരിച്ചു.

മുപ്പതുദിവസങ്ങള്‍ക്കുശേഷം കൂടാരങ്ങളഴിച്ച്, അവർ യാത്രതുടര്‍ന്നു.

No comments:

Post a Comment