Sunday, 28 May 2017

മരണത്തിന്‍റെ വഴികള്‍

ഷെക്കം പട്ടണത്തില്‍ പുരയിടംവാങ്ങി, യാക്കോബവിടെ കൂടാരമടിച്ചു. ഒരുദിവസം യാക്കോബിന്‍റെ ഏകപുത്രിയായിരുന്ന ദീന, ഷെക്കമിലെ സ്ത്രീകളെ സന്ദര്‍ശിച്ചു പരിചയപ്പെടാനായി പട്ടണത്തിലേക്കുപോയി. 

ഒരു ദുരന്തമാണ് അവിടെ അവളെക്കാത്തിരുന്നത്. ഷെക്കമിലെ പ്രഭുവായിരുന്ന ഹാമോറിന്‍റെ പുത്രന്‍ അവളെ ആക്രമിച്ചു. 

തങ്ങളുടെ ഏകസഹോദരി ബലാത്സംഗംചെയ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ യാക്കോബിന്‍റെ മക്കള്‍ കോപത്താല്‍ ജ്വലിച്ചു.  പതിനൊന്നു സഹോദരന്മാര്‍ തങ്ങളുടെ ഏകസഹോദരിക്കായി പ്രതികാരത്തിനിറങ്ങി. 

ലേവിയും ശിമയോനുംചേര്‍ന്ന്‍, ഹാമാറിനെയും അവന്‍റെ കുടുംബത്തിലെ സകലരെയും ശിരച്ഛേദംചെയ്തു. തങ്ങളുടെ സഹോദരിയുടെ മാനത്തിന്‍റെ വിലയെന്തെന്ന് അവര്‍ ഷെക്കം നിവാസികളെയറിയിച്ചു. അവരുടെ കണ്‍മുമ്പിലെത്തിയ ഷെക്കംനിവാസികളായ പുരുഷന്മാരുടെയെല്ലാം കബന്ധങ്ങള്‍ തെരുവിലുരുണ്ടു.

യാക്കോബു മക്കളെയെല്ലാം വിളിച്ചുകൂട്ടി.

"നിങ്ങള്‍ എന്താണീചെയ്തത്? നമ്മള്‍ ഈ പട്ടണത്തില്‍ തികച്ചും അപരിചിതരാണ്. ബന്ധുബലവുമില്ല. പട്ടണനിവാസികള്‍ ഒന്നിച്ചുകൂടി ആക്രമിച്ചാല്‍ നമുക്കു പിടിച്ചുനില്ക്കാനാകുമോ?"

"ഞങ്ങളുടെ സഹോദരിയെ അപമാനിച്ചവരെ ഞങ്ങള്‍ വേറെന്തുചെയ്യണം?" ശിമയോന്‍ പിതാവിനോടു കയര്‍ത്തു.

പെനുവേലിലെ കര്‍ത്താവിന്‍റെ ബലിപീഠത്തിനുമുമ്പില്‍ യാക്കോബു മുട്ടുകുത്തി. 

കര്‍ത്താവ് അവനു ദര്‍ശനംനല്കി.

"ഈ നാട്ടിലുള്ള മുഴുവന്‍പേരുടെയും മനസ്സില്‍ നിന്നെയും മക്കളെയുംകുറിച്ചു ഞാന്‍ ഭയമുളവാക്കും. നിന്‍റെ സഹോദരനെ ഭയന്നു നീ ഒളിച്ചോടിയപ്പോള്‍ നിനക്കുമുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട ബഥേലില്‍ എനിക്കായി നീയൊരു ബലിപീഠം നിര്‍മ്മിക്കുക."

യാക്കോബ് ഭാര്യമാരെയും മക്കളേയും വിളിച്ചു പറഞ്ഞു. "നിങ്ങളുടെപക്കലുള്ള അന്യദേവന്മാരെയെല്ലാം ദൂരെക്കളയുക; എല്ലാവരും യാത്രയ്ക്കു തയ്യാറാകൂ.. നമുക്കു ബേഥേലിലേക്കു പോകാം. എന്‍റെകഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെകൂടെയുണ്ടായിരുന്നവനുമായ കര്‍ത്താവിനു ഞാന്‍ അവിടെ ഒരു ബലിപീഠം പണിയും." 

എല്ലാവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങള്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്‍റെ ചുവട്ടില്‍ അവ കുഴിച്ചുമൂടി. അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍യാത്രചെയ്തപ്പോള്‍ ആരും യാക്കോബിനെയോ  മക്കളെയോ ഉപദ്രവിച്ചില്ല. 

ബഥേലിലെത്തിയപ്പോള്‍ റബേക്കയുടെ പരിചാരികയായിരുന്ന ദബോറയുടെ ആത്മാവിനെ കര്‍ത്താവു തിരികെവിളിച്ചു. അവര്‍ അവളെ അവിടെ അടക്കംചെയ്തു.

കര്‍ത്താവിനു ബലിപീഠംനിര്‍മ്മിച്ചു ബലിയര്‍പ്പിച്ചശേഷം യാക്കോബും കുടുംബവും വീണ്ടും യാത്രതുടര്‍ന്നു. ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ പിതാവായ ഇസഹാക്കിന്‍റെയടുത്തേക്കെത്താനായി യാക്കോബു കൊതിച്ചു. 

റാഹേലിന്‍റെ ഗര്‍ഭപാത്രം ഒരിക്കല്‍ക്കൂടി ഫലമണിഞ്ഞു. എഫ്രാത്ത എന്ന സ്ഥലത്തെത്തിയപ്പോള്‍ അവള്‍ക്കു പ്രസവവേദനയുണ്ടായി. റാഹേല്‍ ഒരു പുത്രനു ജന്മംനല്കി. എന്നാല്‍ അവനെ മുലയൂട്ടുന്നതിനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല. 

യാക്കോബ് ഉറക്കെ കരഞ്ഞു. മറ്റാരെയുംകാളധികമായി അവന്‍റെ ഹൃദയം റാഹേലില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. എഫ്രാത്തയ്ക്കടുത്തുള്ള ബത്ത്ലഹെമില്‍ അവളുടെ മൃതദേഹം സംസ്കരിച്ചു. 

റാഹേലിന്‍റെ രണ്ടാമത്തെ പുത്രനു ബഞ്ചമിന്‍ എന്നാണു യാക്കോബു പേരിട്ടത്.

യാക്കോബു യാത്രതുടര്‍ന്നു. ഏറെവൈകാതെ പിതാവായ  ഇസഹാക്കിന്‍റെ ഭവനത്തില്‍ അവന്‍ മടങ്ങിയെത്തി. നീണ്ടവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യാക്കോബു തന്‍റെ മാതാപിതാക്കളെ ചുംബിച്ചു. 

ഇസഹാക്കു പതിമൂന്നു പേരക്കുട്ടികളുടെയും തലയില്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു. 

നൂറ്റിയെമ്പതുവയസ്സു പ്രായമായപ്പോള്‍ ഇസഹാക്കു സ്വര്‍ഗ്ഗംപൂകി. എസാവും യാക്കോബുംചേര്‍ന്ന് അബ്രഹാമിന്‍റെ കല്ലറയ്ക്കരികില്‍ തങ്ങളുടെ പിതാവിനു ഖബറിടമൊരുക്കി.

പിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും താമസിച്ചിരുന്ന കാനാന്‍ദേശത്തുതന്നെ യാക്കോബും കുടുംബവും വാസമുറപ്പിച്ചു,