Sunday 11 June 2017

15. ഇസ്രായേല്‍

ബൈബിൾക്കഥകൾ - 15


യാക്കോബ് കാനാന്‍ദേശത്തേക്കുള്ള വഴിയുടെ അവസാനമൈലുകളിലേക്കെത്തി. ജോർദ്ദാൻനദി സമീപസ്ഥമായി.

പിതൃഭവനത്തിലെത്തുമ്പോള്‍ സഹോദരനായ എസാവ് എങ്ങനെയാകും പ്രതികരിക്കുകയെന്ന ചിന്ത യാക്കോബിനെയലട്ടി. അതിനാല്‍ തനിക്കുമുമ്പേ, അവൻ ചില ദൂതന്മാരെ സഹോദരന്റെപക്കലേക്കയച്ചു.

"നിങ്ങള്‍ എന്റെ സഹോദരനായ എസാവിനെ ചെന്നുകാണണം. നിന്റെ സഹോദരനായ യാക്കോബിനോടു ദയതോന്നണം. അറിവില്ലായ്മമൂലം ചെറിയപ്രായത്തില്‍ച്ചെയ്ത അപരാധങ്ങള്‍ മറന്നുകളയണം എന്നപേക്ഷിക്കാനായി അവന്‍ ഞങ്ങളെ അങ്ങയുടെപക്കലേക്കയച്ചിരിക്കുന്നു എന്നു പറയണം."

ദൂതന്മാര്‍ മടങ്ങിയെത്തുന്നതുവരെ യാക്കോബ് വഴിയിലൊരിടത്തു കൂടാരമടിച്ചുതാമസിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ദൂതന്മാര്‍ മടങ്ങിയെത്തി. "ഞങ്ങള്‍ അങ്ങയുടെ ജ്യേഷ്ഠനെക്കണ്ട് അങ്ങുപറഞ്ഞ കാര്യങ്ങളറിയിച്ചു. അങ്ങയെക്കാണാനായി, അദ്ദേഹം ഇങ്ങോട്ടു വരുന്നുണ്ട്. അവന്റെ നാന്നൂറു ദാസന്മാർ അവന്ന് അകമ്പടിയായുണ്ട്."

അതുകേട്ടപ്പോൾ, യാക്കോബ് കൂടുതലസ്വസ്ഥനായി. അവന്‍ തന്റെ ആടുമാടുകളെയും ഇടയന്മാരെയും ദാസീദാസന്മാരെയും രണ്ടുഗണമായി തിരിച്ചു. എസാവും അനുയായികളുംവന്ന്, ഒരു ഗണത്തെയാക്രമിച്ചാല്‍ മറ്റേഗണത്തിന് എങ്ങനെയെങ്കിലും ഓടിരക്ഷപ്പെടാനാകുമെന്ന് അവന്‍ കണക്കുകൂട്ടി.

എങ്കിലും എന്തുസംഭവിക്കുമെന്ന അനിശ്ചിതത്വം അവനെ കൂടുതല്‍ ആകുലനാക്കി. അവന്‍ ഏകാന്തതയില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:

"എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവേ, പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കു മടങ്ങുകയെന്ന അങ്ങയുടെ കല്പനയനുസരിച്ചാണല്ലോ ഞാന്‍ എന്റെ പിതൃഭവനത്തിലേക്കു യാത്രതിരിച്ചത്! എന്റെ സഹോദരനായ എസാവിന്റെ കൈയില്‍നിന്ന് അങ്ങുതന്നെ എന്നെ രക്ഷിക്കേണമേ! അവന്‍ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉന്മൂലനംചെയ്യുമെന്നു ഞാന്‍ ഭയക്കുന്നു.

വെറുംകൈയോടെ നാടുവിട്ടോടിയ എന്നോട്‌, അങ്ങുകാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒരിക്കലും അര്‍ഹനായിരുന്നില്ലെന്നു ഞാനറിയുന്നു. എങ്കിലും കര്‍ത്താവേ, എന്നെയനുഗ്രഹിച്ച്, എന്റെ സന്തതികളെ ഭൂമിയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമാക്കുമെന്ന് അങ്ങെനിക്കുനല്കിയ വാഗ്ദാനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ജീവന്‍ അങ്ങു സംരക്ഷിക്കണമേ!"

പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവനു മറ്റൊരാശയംതോന്നി.

സഹോദരനായ ഏസാവിനായി അവനൊരു സമ്മാനമൊരുക്കി. ഇരുന്നൂറു പെണ്‍കോലാടുകൾ, ഇരുപത് ആണ്‍കോലാടുകൾ, ഇരുന്നൂറു പെണ്‍ചെമ്മരിയാടുകൾ, ഇരുപതു മുട്ടാടുകൾ, കറവയുള്ള മുപ്പത് ഒട്ടകങ്ങള്‍, അവയുടെ കിടാക്കള്‍, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍ പത്ത് ആണ്‍കഴുതകള്‍ എന്നിവയെ അവന്‍ മാറ്റിനിറുത്തി.

ഈ ഓരോ കൂട്ടത്തെയും തന്റെ ഭൃത്യന്മാരെയേല്പിച്ചതിനുശേഷം യാക്കോബ് അവരോടു പറഞ്ഞു: "നിങ്ങള്‍ മുമ്പേ പോവുക. ഏറ്റവും മുന്നില്‍ കോലാട്ടിന്‍കൂട്ടം, അതിനുപിന്നില്‍ ചെമ്മരിയാടുകള്‍, പിന്നീട് ഒട്ടകക്കൂട്ടം, അതിനുപിന്നില്‍ പശുക്കളുടെയും കഴുതകളുടെയും കൂട്ടങ്ങള്‍. കൂട്ടങ്ങള്‍തമ്മില്‍ കൃത്യമായ അകലമുണ്ടായിരിക്കണം.

ഏറ്റവുംമുമ്പേപോകേണ്ടവനോട്‌ അവന്‍ പറഞ്ഞു: "വഴിയില്‍ എന്റെ സഹോദരനെ കണ്ടുമുട്ടുമ്പോള്‍, ഇങ്ങനെ പറയുക, ഇവ അങ്ങയുടെ ദാസനായ യാക്കോബ്, തന്റെ യജമാനനായ ഏസാവിനു തന്നുവിട്ട ഉപഹാരമാണ്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്."

മറ്റു കൂട്ടങ്ങളെ നടത്തിയിരുന്ന ദാസന്മാരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്പിച്ചു.

ആ രാത്രിയില്‍ യാക്കോബ് തന്റെ കുടുംബത്തെയും ദാസീദാസന്മാരെയും യോബാക്ക് എന്ന കടവിലൂടെ ജോര്‍ദ്ദാന്‍നദിയുടെ മറുകരകടത്തി. യാക്കോബുമാത്രം നദിക്കക്കരെ പ്രാർത്ഥനയ്ക്കായിത്തങ്ങി.

ആ രാത്രിയില്‍ യാക്കോബ് ഏകനായപ്പോള്‍ അപരിചിതനായ ഒരാള്‍ അവനുമായി മല്പിടുത്തത്തിനെത്തി. മല്പിടുത്തം രാത്രിമുഴുവന്‍ നീണ്ടുനിന്നു. തുല്യശക്തരെന്നുതോന്നുംവിധം രണ്ടുപേരും പരസ്പരം കീഴടങ്ങാതെ പിടിച്ചുനിന്നു.

നേരംപുലരാറായപ്പോള്‍ അപരിചിതന്‍ യാക്കോബിന്റെ അരക്കെട്ടില്‍ത്തട്ടി. യാക്കോബിന്റെ അരക്കെട്ടിലെ കുഴതെറ്റി. എന്നിട്ടും യാക്കോബ് പിടിവിട്ടില്ല.

അപരിചിതന്‍ പറഞ്ഞു. “നേരംപുലരാറായി. ഞാന്‍ പോകട്ടെ!”

താനുമായി മല്ലയുദ്ധംനടത്തിയയാൾ സാധാരണനായ ഒരു മനുഷ്യനല്ലെന്ന്, യാക്കോബ് തിരിച്ചറിഞ്ഞിരുന്നു.

“ഇല്ല, എന്നെയനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടില്ല!” യാക്കോബ് പറഞ്ഞു.

“നിന്റെ പേരെന്താണ്?” അപരിചിതന്‍ ചോദിച്ചു.

“യാക്കോബ്”

“അല്ല, ഇനിമേല്‍ നീ യാക്കോബല്ല, നീ ഇസ്രായേല്‍ എന്നറിയപ്പെടും. കാരണം, നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടുജയിച്ചവനാണ്!” അവന്‍ യാക്കോബിനെയനുഗ്രഹിച്ചു. പിന്നെ യാക്കോബിന്റെ കണ്ണുകളിൽനിന്നു മറഞ്ഞു.

യാക്കോബ് ചുറ്റുംനോക്കി. അവിടെങ്ങും ആരുമുണ്ടായിരുന്നില്ല.

“ഓ! ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടു! എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ!” അവൻ അതിശയത്തോടെ പറഞ്ഞു.

യാക്കോബ് ആ സ്ഥലത്തിനു *പെനുവേല്‍ എന്നു പേരിട്ടു. സൂര്യനുദിച്ചപ്പോള്‍ അവൻ പെനുവേല്‍ കടന്നു. തുടയിലെ ഉളുക്കുമൂലം അവന്‍ ഞൊണ്ടിയാണു നടന്നത്.

പെനുവേല്‍കടന്ന് ജോർദ്ദാന്റെ മറുകരെയിലെത്തി, തന്റെ സംഘത്തോടുചേർന്നപ്പോൾ, അകലെനിന്നുവരുന്ന ഒരു ജനക്കൂട്ടത്തെ യാക്കോബു കണ്ടു. അത് എസാവാകുമെന്ന് അവന്‍ കരുതി. അവന്‍ മക്കളെയും ഭാര്യമാരെയും വേര്‍തിരിച്ചു. പരിചാരികമാരെയും അവരുടെ മക്കളെയും മുമ്പില്‍ നിറുത്തി. ലെയയേയും മക്കളെയും അതിനുപിന്നിലും റാഹെലിനെയും അവളുടെ പുത്രനായ ജോസഫിനെയും ഏറ്റവും പിന്നിലും നിറുത്തി. ഏറ്റവും മുന്നില്‍ യാക്കോബ് നടന്നു. ഏസാവ് അടുത്തുവരുന്നതുകണ്ടപ്പോള്‍ ഏഴുതവണ നിലംമുട്ടെത്താണ്, യാക്കോബ് സഹോദരനെ വണങ്ങി.

അനുജന്റെ ബഹുമാനപ്രകടനംകണ്ട ഏസാവ്, ഓടിയെത്തി, യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. രണ്ടുപേരും കരഞ്ഞുപോയി.

കുറച്ചുനേരത്തിനുശേഷംമാത്രമാണ്, യാക്കോബിനു പിന്നിലുള്ളവരെ എസാവു ശ്രദ്ധിച്ചത്. 

“അങ്ങയുടെ ദാസനു ദൈവം കനിഞ്ഞുനല്കിയ മക്കളാണിവര്‍.” യാക്കോബു തന്റെ മക്കളെയും അവരുടെ അമ്മമാരെയും ജ്യേഷ്ഠനു പരിചയപ്പെടുത്തി. എല്ലാവരും എസാവിനെ താണുവണങ്ങി.

“നിനക്കുമുമ്പേ, നീ എനിക്കായി അയച്ച സമ്മാനങ്ങള്‍ ഞാന്‍ കണ്ടു. സഹോദരാ, എനിക്കു ധാരാളം സമ്പത്തുണ്ട്. അതുകൊണ്ട്, എനിക്കതൊന്നും വേണ്ട. നിന്റേതു നീതന്നെയെടുത്തുകൊള്ളുക. നിന്നെ വീണ്ടും കാണാനായതുതന്നെയാണ്, എനിക്കു കിട്ടാവുന്ന വലിയ സമ്മാനം!”

“അങ്ങനെയല്ല, ദൈവത്തിന്റെ മുഖംകാണുന്നതുപോലെയാണു ഞാനങ്ങയുടെ മുഖംകാണുന്നത്. എത്ര ദയാപൂര്‍വ്വമാണ് അങ്ങിന്നെന്നെ സ്വീകരിച്ചത്! ഞാനങ്ങയോടുചെയ്ത ദ്രോഹങ്ങള്‍ അങ്ങു പൂര്‍ണ്ണമായും ക്ഷമിച്ചെങ്കില്‍ എന്റെ സമ്മാനങ്ങള്‍ സ്വീകരിക്കണം.”

യാക്കോബിന്റെ നിര്‍ബ്ബന്ധത്തിനുവഴങ്ങി, അവന്‍ നല്കിയ സമ്മാനങ്ങള്‍ എസാവു സ്വീകരിച്ചു.

“നമ്മുടെ മാതാപിതാക്കളിപ്പോളും കിരിയാത്ത് അര്‍ബായിലെ മാമ്രോണിലാണു താമസിക്കുന്നത്. ഞാനാകട്ടെ സെയിര്‍ എന്ന ദേശത്തിലും. നമുക്കൊരുമിച്ച്, ആദ്യം എന്റെ വീട്ടിലേക്കു യാത്രതുടരാം. അതിനുശേഷം പോയി ആബയെക്കാണാം” എസാവു പറഞ്ഞു.

“അങ്ങേയ്ക്കറിയാമല്ലോ, മക്കളെല്ലാവരും ക്ഷീണിതരാണ്. ആടുമാടുകളും തളര്‍ന്നിരിക്കുന്നു. മക്കളുടേയും ആടുമാടുകളുടേയും നടപ്പിനൊപ്പം ഞാന്‍ പതുക്കെ നടന്ന്, സെയിറില്‍ അങ്ങയുടെയടുത്തെത്താം. “

“എന്റെയാളുകളില്‍ കുറച്ചുപേരെ നിന്റെ സഹായത്തിനായി നിറുത്തണമോ?”

“അതുവേണ്ട; എനിക്കെന്നും അങ്ങയുടെ സ്നേഹവും വാത്സല്യവുംമാത്രം മതി.”

യാക്കോബിനേയും മക്കളേയും ആലിംഗനംചെയ്തശേഷം എസാവു മടങ്ങിപ്പോയി.

യാക്കോബ്, യാത്രാമദ്ധ്യേ, ഷെക്കം എന്ന പട്ടണത്തില്‍ നൂറു നാണയത്തിനു പറമ്പു വാങ്ങി, അവിടെ കൂടാരമടിച്ചു. അതിനടുത്തായി കര്‍ത്താവിന് ഒരു ബലിപീഠം പണിതു. #ഏല്‍ഏലോഹെയ്ഇസ്രായേല്‍ എന്ന് ആ ബലിപീഠത്തിനു പേരിട്ടു.

--------------
യാക്കോബിന്റെ യാത്ര തുടരുന്നു....


--------------------------------------------------------------------------------------------------


* പെനുവേല്‍ - ദൈവത്തിന്റെ മുഖം.

#ഏല്‍ഏലോഹെയ് ഇസ്രായേല്‍ - ഇസ്രായേലിന്റെ ദൈവമായ ദൈവം.











No comments:

Post a Comment