Sunday, 3 September 2017

27. അഗ്നിയെരിയുന്ന മുള്‍പ്പടര്‍പ്പ്

ബൈബിൾക്കഥകൾ 27


ഹോറബ് മലയുടെ ചരുവില്‍, വലിയൊരു മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ആകാശത്തെരിയുന്ന സൂര്യന്റെ വെളിച്ചത്തെ നിഷ്പ്രഭമാക്കുന്നൊരു പ്രകാശസാഗരം അവിടെ നിറഞ്ഞുനില്‍ക്കുന്നു. 


ജത്രോയുടെ ആടുകളെ മേയ്ക്കുവാന്‍ മലയടിവാരത്തിലെത്തിയ മോശ, അത്ഭുതപരതന്ത്രനായി ആ കാഴ്ച കണ്ടുനിന്നു. വലിയ പ്രഭാപൂരത്തോടെ  മുള്‍പ്പടര്‍പ്പിനുനടുവില്‍ അഗ്നിജ്വാലകള്‍ ഉയരുന്നെങ്കിലും മുള്‍ച്ചെടികളില്‍ ഒന്നുപോലും കത്തുന്നുണ്ടായിരുന്നില്ല.

ഇതെന്തൊരദ്ഭുതമാണെന്നറിയാന്‍ മോശ അല്പംകൂടെയടുത്തേക്ക്, ആ മുള്‍പ്പടര്‍പ്പിനരികിലേക്കു ചെന്നു.

"മോശേ, മോശേ..." 

ആരോ വിളിക്കുന്നതുകേട്ടു മോശ ചുറ്റും നോക്കി. പക്ഷേ ആരെയും കണ്ടില്ല.

"മോശേ, മോശേ..."  അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു വീണ്ടും അതേശബ്ദം. 

"ഇതാ ഞാന്‍ .. " എവിടെയുമാരെയും കണ്ടില്ലെങ്കിലും മോശ ഉത്തരംനല്കി.

"അടുത്തു വരരുത്. നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്." 

മോശ തന്റെ ചെരുപ്പുകളഴിച്ചുമാറ്റി, വിധേയത്തഭാവത്തോടെ നിന്നു.

"ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" 

മോശ പെട്ടെന്നു മുഖംമറച്ചു. ദൈവം തന്റെ സമീപത്തുണ്ടെന്നു തിരിച്ചറിവ് അവനെ ഭയപ്പെടുത്തി.

കര്‍ത്താവു പറഞ്ഞു: "ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ പക്കലെത്തി. ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്ന് അവരെ മോചിപ്പിക്കാനും തേനും പാലുമൊഴുകുന്ന കാനാൻദേശത്തേക്ക് അവരെ നയിക്കാനുമാണ്, ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്കു നയിക്കുന്നതിനു നിന്നെ ഞാന്‍ ചുമതലപ്പെടുത്തുന്നു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കത്തേക്കയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം."

"കര്‍ത്താവേ, ഫറവോയുടെ മുമ്പില്‍നില്‍ക്കാനും ഇസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാനും ഞാനാരാണ്?" മോശ വിക്കി വിക്കിച്ചോദിച്ചു

"ഭയപ്പെടേണ്ട, നീ പോവുക, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും."

"കർത്താവേ, അവരെന്നെ വിശ്വസിക്കുമോ? കര്‍ത്താവെനിക്കു പ്രത്യക്ഷപ്പെട്ടുവെന്നു പറഞ്ഞാൽ, ഞാന്‍ കള്ളംപറയുകയാണെന്ന് അവര്‍ പറയില്ലേ?"

"നിന്റെ കൈയിലിപ്പോൾ എന്താണുള്ളത്?" 

"ഒരു വടി." ഇടയന്മാർ സാധാരണ കൈയിൽ കൊണ്ടുനടക്കാറുള്ള, അറ്റം വളഞ്ഞ ഒരു വടി, മോശയുടെ കൈയിലുമുണ്ടായിരുന്നു.

"അതു നിലത്തിടുക." 

കർത്താവു പറഞ്ഞതനുസരിച്ച്,
മോശ തന്റെ വടി താഴെയിട്ടു. അദ്ഭുതം! അതൊരു സര്‍പ്പമായിമാറി. 

"കൈനീട്ടി, അതിന്റെ വാലില്‍പ്പിടിക്കൂ."

മോശ സര്‍പ്പത്തിന്റെ വാലില്‍പ്പിടിച്ചപ്പോള്‍ അതുവീണ്ടും വടിയായിത്തീര്‍ന്നു.

"അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവു നിനക്കു പ്രത്യക്ഷനായെന്ന്‍ അവര്‍ വിശ്വസിക്കാന്‍വേണ്ടിയാണിത്. നിന്റെ കൈ മാറില്‍ വയ്ക്കൂ."

മോശ അതുപോലെ ചെയ്തു. 

"ഇനി കൈ തിരിച്ചെടുക്കൂ." 

മാറിൽനിന്നു തിരിച്ചെടുത്ത മോശയുടെ കൈ, മഞ്ഞുപോലെ വെളുത്തിരുന്നു.

കര്‍ത്താവു കല്പിച്ചു: "കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക." 

അവനപ്രകാരം ചെയ്തു. മാറിടത്തില്‍നിന്നു കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വ്വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.

"ആദ്യത്തെയടയാളം അവര്‍ വിശ്വസിച്ചില്ലെങ്കില്‍ രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും. ഈ രണ്ടടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയുംചെയ്‌താല്‍, നദിയില്‍നിന്നു കുറേ വെള്ളമെടുത്തു കരയിലൊഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും."

ഈ അദ്ഭുതങ്ങൾക്കൊടുവിലും മോശ ശങ്കയോടെതന്നെ നിന്നു. അവൻ കര്‍ത്താവിനോടു പറഞ്ഞു: "കര്‍ത്താവേ,  ഞാന്‍ ജന്മനാ വിക്കനാണ്. അങ്ങു സംസാരിച്ചതിനുശേഷവും അതങ്ങനെതന്നെ! മാത്രമല്ലാ എനിക്കല്പംപോലും വാക്ചാതുര്യവുമില്ല."

കര്‍ത്താവു ചോദിച്ചു: "ആരാണു മനുഷ്യനു സംസാരശക്തി നല്കിയത്? ആരാണവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും." 

എന്നാൽ മോശ ഈജിപ്തിലേക്കുപോകാൻ തയ്യാറായിരുന്നില്ല. അവൻ വീണ്ടുമപേക്ഷിച്ചു: "കര്‍ത്താവേ, ദയവുചെയ്ത്, മറ്റാരെയെങ്കിലുമയയ്‌ക്കേണമേ! ഞാന്‍ ഒട്ടും കഴിവില്ലാത്തവനാണ്."

മോശയുടെ അവിശ്വാസംകണ്ടു കര്‍ത്താവു കോപിച്ചു.

"ലേവ്യനായ അഹറോനെ ഞാന്‍ നിന്നോടോപ്പമയയ്ക്കാം. അവന്‍ നന്നായി സംസാരിക്കുമെന്നു നിനക്കറിയാമല്ലോ. അവന്‍ നിന്നെക്കാണാന്‍ വരും. പറയേണ്ടതെന്തെന്ന് നീയവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും. അവന്‍ നിന്റെ വക്താവായിരിക്കും; നിനക്കുപകരം അവന്‍ ജനത്തോടു സംസാരിക്കും; നീ അവനു ദൈവതുല്യനായ പ്രവാചകനായിരിക്കും. ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലകള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. മോശ ചുറ്റും നോക്കി. ഹോറബ്മലയുടെ താഴ്വാരങ്ങള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായിരുന്നു. അഗ്നിമദ്ധ്യത്തിലായിരുന്ന മുൾച്ചെടിക്കോ ചുറ്റുമുള്ള സസ്യങ്ങൾക്കോ ചെറിയ വാട്ടംപോലുമുണ്ടായിരുന്നില്ല.

ആടുകള്‍ ഇളംനാമ്പുകള്‍തേടി മേഞ്ഞുനടക്കുന്നുണ്ട്. മോശ ഭീതിയോടെ, ആ മുള്‍പ്പടര്‍പ്പിലേക്കു നോക്കി മുട്ടുകുത്തി നിന്നു.

Sunday, 27 August 2017

26. ഗര്‍ഷോം

ബൈബിൾക്കഥകൾ 26

തന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യരെ, ഉറക്കച്ചടവുള്ള കണ്ണുകളോടെ മോശ നോക്കിക്കണ്ടു.

തന്റെ വളര്‍ത്തമ്മയുടെ വിശ്വസ്ഥരായ കാവല്‍പ്പടയാളികളില്‍പ്പെട്ട അവരെ അയാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. അവര്‍, തന്നെപ്പിടികൂടി ഫറവോയുടെ മുന്നില്‍ ഹാജരാക്കുമെന്നു മോശ ഭയന്നു.

"ഫറവോ അതീവ കോപിഷ്ഠനാണെന്നറിയുക. മോശയെ എവിടെക്കണ്ടാലും പിടിച്ചുകെട്ടി ചങ്ങലയില്‍പ്പൂട്ടി രാജസന്നിധിയിലെത്തിക്കാനാണു കല്പന. 


അങ്ങ്, ഒരു ഈജിപ്തുകാരനെ വധിച്ചു എന്നറിഞ്ഞതില്‍ അങ്ങയുടെ അമ്മയ്ക്കും അമര്‍ഷമുണ്ട്. എന്നാൽ അങ്ങയോടുള്ള സ്നേഹം അതിനേക്കാള്‍ വലുതായതിനാല്‍ അങ്ങു ശിക്ഷിക്കപ്പെടാന്‍ തമ്പുരാട്ടിയാഗ്രഹിക്കുന്നില്ല. 
അതിനാൽ ഞങ്ങളിപ്പോൾ, അങ്ങയെ സഹായിക്കാനെത്തിയവരാണ്. 

ഇതാ ഉണങ്ങിയ അത്തിപ്പഴങ്ങളും മുന്തിരിയും സ്വര്‍ണ്ണനാണയങ്ങളുമായി തമ്പുരാട്ടി ഞങ്ങളെ അയച്ചിരിക്കുന്നു. മറ്റു പടയാളികളിലാരും അങ്ങയെ കാണുന്നതിനുമുമ്പ്, ഞങ്ങള്‍ക്കങ്ങയെ കാണാനായാതു ദൈവാനുഗ്രഹം. എത്രയും പെട്ടെന്ന്, ഈജിപ്തിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക. താങ്കള്‍ സുരക്ഷിതനായി രക്ഷപ്പെടാന്‍ ഈയൊരു മാര്‍ഗ്ഗംമാത്രമേയുള്ളൂവെന്ന്, ഞങ്ങള്‍ക്കെന്നതുപോലെ, ഈജിപ്തിലെ പട്ടാളക്കാര്‍ക്കെല്ലാമറിയാം. അങ്ങയെത്തേടി മറ്റാരെങ്കിലും ഇവിടെയെത്തുന്നതിനുമുമ്പു രക്ഷപ്പെടുക.

ഇനിയൊരിക്കലും ഈജിപ്തിലേക്കു മടങ്ങിവരരുതെന്നുകൂടെ തമ്പുരാട്ടി അങ്ങയോടാവശ്യപ്പെടുന്നു."

മോശ വിങ്ങിക്കരഞ്ഞു. അമ്മയുടെ സ്നേഹത്തെയോര്‍ത്ത് അയാള്‍ തറയില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

"എ്എ്എ്എന്നോടുള്ള കരുതലിന് അ്അ്അ്അമ്മയോടു ഞാനെന്നും ക് ക് ക് കടപ്പാടുള്ളവാനാണ്. ന് ന് ന് നിങ്ങള്‍ക്കും നന്ദി. അ്അ്അ്അമ്മയെ എന്റെ പ്രണാമങ്ങളറിയിക്കൂ. എ്എ്എ്എവിടെയായിരുന്നാലും അ്അ്അ്അമ്മയുടെ മുഖം എൻ്റെ ഹൃദയത്തിലെന്നും ത് ത് ത് തെളിഞ്ഞു നില്ക്കും"

പടയാളികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ കുതിരപ്പുറത്തു സുരക്ഷിതമായി വച്ച്, മോശ അവരോടു വിടപറഞ്ഞു. മിദിയാന്‍ ലക്ഷ്യമാക്കി, അവൻ യാത്രതുടര്‍ന്നു.

രണ്ടു ദിവസങ്ങള്‍ക്കുശേഷം, മോശ മിദിയാന്‍ മലനിരകള്‍ കടന്നു. വഴിയില്‍ കുറേ ഓക്കുമരങ്ങളും അവയ്ക്കിടയില്‍ ഒരു കിണറും കണ്ടു. അയാള്‍ ഒരു ഓക്കു മരച്ചുവട്ടില്‍ മയങ്ങാന്‍ കിടന്നു.

"ഈ കിണറിലെ വെള്ളം, ഞങ്ങളുടെ ആടുകള്‍ക്കുമാത്രമുള്ളതാണ്‌. ഇവിടെനിന്നു വെള്ളമെടുക്കാന്‍ വരുന്നോ, കള്ളിപ്പെണ്ണുങ്ങള്‍ ... പെണ്ണാണെന്നോര്‍ക്കില്ല, തല്ലിത്തലപിളര്‍ന്നുകളയും ഞങ്ങള്‍"

വലിയൊരു ബഹളംകേട്ടാണു മോശയുണര്‍ന്നത്. തങ്ങളുടെ ആടുകളുമായി, കിണറില്‍നിന്നു വെള്ളംകോരാനെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശകാരംചൊരിയുകയാണ്, ഇടയന്മാരായ നാലഞ്ചുപുരുഷന്മാര്‍.

മോശ പെണ്‍കുട്ടികളുടെ സഹായത്തിനെത്തി. "എ്എ്എ്എന്താണിവിടെ ബഹളം? വ് വ് വ് വെള്ളം എല്ലാവര്‍ക്കും അ്അ്അ് അവകാശപ്പെട്ടതല്ലേ?"

 ഈജിപ്ഷ്യൻഭാഷയില്‍ മോശ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും മോശയുടെ വേഷത്തില്‍നിന്നും അയാളൊരു ഈജിപ്തുകാരനാണെന്നും ചലനങ്ങളില്‍നിന്നും തികഞ്ഞൊരഭ്യാസിയാണെന്നും മനസ്സിലാക്കിയ ഇടയന്മാര്‍ വഴക്കിനുനില്‍ക്കാതെ പിന്മാറി. പെണ്‍കുട്ടികള്‍ വെള്ളംകോരിയെടുത്തു മടങ്ങി. വെള്ളംകോരാൻ മോശയുമവരെ സഹായിച്ചു.


മിദിയാനിലെ പുരോഹിതനായ റവുവേലിന്റെ ഏഴു പെണ്മക്കളില്‍ മുതിര്‍ന്ന രണ്ടുപേരായിരുന്നു അവര്‍. അവരുടെ അമ്മ മരിച്ചുപോയിരുന്നു.

പതിവിലും നേരത്തേ മക്കള്‍ വെള്ളവുമായി വരുന്നതുകണ്ട് റവുവേല്‍ ചോദിച്ചു. " ഇന്നു നിങ്ങള്‍ ഒരുപാടു നേരത്തേ തിരിച്ചെത്തിയല്ലോ."

"ഈജിപ്തുകാരനായ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിച്ചു. ഇടയന്മാരില്‍നിന്നു ഞങ്ങളെ രക്ഷിച്ച അയാള്‍, ഞങ്ങളുടെ ആടുകള്‍ക്കു വെള്ളംകോരികൊടുക്കുകപോലും ചെയ്തു."

"എന്നിട്ടു നിങ്ങള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കാതിരുന്നതെന്തേ? ഒരുനേരത്തെ ഭക്ഷണം അയാള്‍ക്കുകൊടുക്കുന്നതല്ലേ മര്യാദ?"

"അയാള്‍ ഒരു ഈജിപ്തുകാരന്‍. പോരാത്തതിന്, ഞങ്ങള്‍ക്കയാളുടെ ഭാഷയുമറിയില്ല."

റവുവേല്‍ മക്കളോടൊപ്പം കിണറിന്‍കരയില്‍ ചെന്നു. ഹീബ്രുകലര്‍ന്ന ഈജിപ്ഷ്യൻഭാഷയില്‍ അയാള്‍ മോശയുമായി സംസാരിച്ചു. ഹീബ്രുഭാഷയില്‍ മോശ മറുപടിപറഞ്ഞപ്പോള്‍ റവുവേല്‍ അദ്ഭുതംകൂറി.

അന്നുരാത്രി മോശ റവുവേലിന്റെ വീട്ടില്‍നിന്ന് അത്താഴംകഴിച്ചു. ഈജിപ്തിലെ വിശേഷങ്ങളെല്ലാം വുവേൽ മോശയോടു ചോദിച്ചറിഞ്ഞു. മോശ ലേവി ഗോത്രജനാണെന്നു മനസ്സിലായപ്പോള്‍ റവുവേല്‍ പറഞ്ഞു.

"വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽനിന്ന് ഒളിച്ചോടിപ്പോന്ന ലേവിവംശജനാണു ഞാൻ. എനിക്കു പുത്രന്മാരാരുമില്ല. നമ്മള്‍ രണ്ടാളും ലേവിഗോത്രക്കാരായതിനാല്‍ നിനക്കു സമ്മതമെങ്കില്‍ എന്റെ മൂത്തപുത്രിയായ സിപ്പോറയെ ഞാന്‍ നിനക്കു വിവാഹംകഴിച്ചുതരാം. നിനക്ക് എന്നോടൊപ്പം താമസിക്കുകയുംചെയ്യാം."

മോശയ്ക്കും സിപ്പോറയ്ക്കും സമ്മതമായിരുന്നു.

മോശ സിപ്പോറയെ വിവാഹംചെയ്തു മിദിയാനില്‍ താമസമാക്കി. അമ്മായിയപ്പന്റെ ആടുകളെമേയിക്കുന്ന ജോലി മോശയേറ്റെടുത്തു.

മോശയും സിപ്പോറയും സന്തോഷത്തോടെ മിദിയാനിൽത്തന്നെ ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. *മോശ അവനു ഗര്‍ഷോം എന്നു 
പേരിട്ടു.

ഏറെക്കാലംവൈകാതെ, ഫറവോ മരിച്ചു. ഫറവോയുടെ പുത്രൻ ബാലനായിരുന്നതിനാൽ പുതിയ ഫറവോയായി മോശയുടെ വളർത്തമ്മ അധികാരമേറ്റു. 
ഈജിപ്തില്‍ജനിക്കുന്ന ഹെബ്രായരായ ആണ്‍കുട്ടികളെമുഴുവന്‍ കൊന്നുകളയണമെന്ന കല്പന തിരുത്തപ്പെട്ടു. എന്നാല്‍ പതിനഞ്ചു വയസ്സിനുമുകളില്‍പ്രായമായ ഹെബ്രായരായ പുരുഷന്മാരെല്ലാം ഫറവോയ്ക്കുവേണ്ടി അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്ന പുതിയനിയമം ഈജിപ്തിൽ നടപ്പിലായി.


എങ്കിലും ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ മോശ ധൈര്യപ്പെട്ടില്ല. കാലചക്രം പിന്നെയുമുരുണ്ടു. മോശയുടെ വളർത്തമ്മയും മരണമെന്ന അനിവാര്യതയ്ക്കു കീഴടങ്ങി.  

പഴയ ഫറവോയുടെപുത്രൻ അധികാരത്തിലെത്തി. ഹെബ്രായർക്കുനേരെയുള്ള പീഡനങ്ങൾക്കു വ്യാപ്തികൂടുകയായിരുന്നു. വയലുകളിൽപ്പണിയെടുക്കുകയും വണ്ടിവലിക്കുകയുംചെയ്യുന്ന മാടുകൾക്കു ലഭിക്കുന്ന പരിഗണനപോലും ഹെബ്രായർക്കു
ലഭിക്കാതെയായി.  

ഇസ്രായേല്‍ജനത കർത്താവിൻ്റെ നാമംവിളിച്ചു നെടുവീര്‍പ്പിട്ടു അവരുടെ നെടുവീര്‍പ്പുകളും
നിലവിളിയും ദൈവസന്നിധിയിലെത്തി.
---------------------------------------------------------

 *"ഞാന്‍ പ്രവാസി"എന്നാണ് ഗര്‍ഷോം എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം.

Sunday, 20 August 2017

25. ഭയന്നോടിയ കുറ്റവാളി

ബൈബിൾക്കഥകൾ 25

സുന്ദരനും അരോഗദൃഢഗാത്രനുമായി മോശ വളര്‍ന്നു. എല്ലാ യുദ്ധമുറകളും അവനഭ്യസിച്ചു. സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്നു എന്നതൊഴികെ മറ്റൊന്നിലുമവൻ പിന്നിലായിരുന്നില്ല.

ഫറവോയുടെ കൊട്ടാരത്തിലാണു വളര്‍ന്നതെങ്കിലും താന്‍ ഇസ്രായേല്‍വംശജനാണെന്ന്,  മോശ തിരിച്ചറിഞ്ഞിരുന്നു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളുമനുഭവിച്ചു താന്‍ വളരുമ്പോള്‍ തന്റെ ജനത ഈജിപ്തിലെങ്ങും അടിമകളെപ്പോലെ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവന്‍ മനസ്സിലാക്കി. ഇസ്രായേല്‍വംശജര്‍ക്ക് ഈജിപ്തില്‍നേരിടേണ്ടിവരുന്ന യാതനകൾ നേരില്‍കണ്ടറിയണമെന്നും അവരുടെ രക്ഷയ്ക്കായി എന്തെങ്കിലും  ചെയ്യണമെന്നും മോശ അതിയായി ആഗ്രഹിച്ചിരുന്നു..

രാജ്യംമുഴുവൻ ചുറ്റിക്കാണാനായി,
വളര്‍ത്തമ്മയുടെ അനുവാദത്തോടെ അവന്‍ ഒറ്റയ്ക്കു പുറപ്പെട്ടു. മരുഭൂമിയോടുചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങളിലും കുമ്മായച്ചൂളകളിലുമാണ്‌ ഇസ്രായേല്‍ക്കാരെ പണിക്കു നിയോഗിച്ചിട്ടുള്ളതെന്നറിഞ്ഞിരുന്നതിനാല്‍, മോശ തന്റെ കുതിരയെ അത്തരം വിദൂരസ്ഥലങ്ങളിലേക്കാണു നയിച്ചത്.

മരുഭൂമിയോടു ചേര്‍ന്നുള്ള ഒരുവഴിയിലൂടെ ഭാരംനിറച്ചൊരു കൈവണ്ടിവലിച്ചുകൊണ്ടു കിതച്ചുകിതച്ചോടുകയായിരുന്നു ഒരിസ്രായേല്‍ക്കാരന്‍.  അവന്റെ വേഗമല്പം കുറഞ്ഞാല്‍ വണ്ടിയിലിരിക്കുന്ന മേല്‍നോട്ടക്കാരന്റെ ചാട്ട അവന്റെ മുതുകില്‍ ആഞ്ഞുപതിക്കുന്നുണ്ട്. പുളഞ്ഞുകൊണ്ട് അയാള്‍ തനിക്കാവുംവിധം വണ്ടി വലിച്ചുകൊണ്ടോടി.

മോശ, കുതിരയെ 
കൈവണ്ടിയുടെ പാർശ്വത്തിലൂടെ നടത്തി.

"ഹ്ഹ്ഹ്ഹേ, മനുഷ്യാ, ഇയാളും നിങ്ങളെപ്പോലെ ഒ് ഒ് ഒ് ഒ് രു മനുഷ്യനല്ലേ? ന് ന് ന് നിങ്ങള്‍ എന്തിനയാളെയടിക്കുന്നു? അ്അ്അ്അയാള്‍ ആകെ തളര്‍ന്നിരിക്കുന്നതു ന് ന് ന് നിങ്ങള്‍ കാണുന്നില്ലേ? ന് ന് ന് നിങ്ങള്‍കൂടെ അയാള്‍ക്കൊപ്പം വ് വ് വ് വണ്ടിവലിക്കാന്‍ സഹായിച്ചാല്‍ ന് ന് ന് നിങ്ങള്‍ക്കു പെട്ടെന്നുതന്നെ എ്എ്എ്എത്തേണ്ടിടത്തെത്താമല്ലോ."

ഒരു ഹെബ്രായനൊപ്പം വണ്ടിവലിക്കാൻ ഈജിപ്തുകാരനായ തന്നോടു പറയുന്ന ഇവനാരാണ്? മേല്‍നോട്ടക്കാരന്‍ മോശയെ അടിമുടി നോക്കി. 

ഈജിപ്തുകാരുടെ വസ്ത്രധാരണമാണെങ്കിലും കാഴ്ചയില്‍ ഒരു ഹെബ്രായനെപ്പോലെ തോന്നിക്കുന്നൊരു മനുഷ്യൻ. എന്നാല്‍ ഒരു ഹെബ്രായന്‍ കുതിരപ്പുറത്തു സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല. ഇത്രയും മോടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഹെബ്രായര്‍ക്കാകില്ല. ഒരുപക്ഷേ, ഇവൻ ആൾമാറാട്ടക്കാരനായൊരു മോഷ്ടാവാകാം. 

അയാള്‍ ചാട്ട ചുഴറ്റിക്കൊണ്ടു വണ്ടിയില്‍നിന്നു ചാടിയിറങ്ങി.

"എന്നോടു കല്പിക്കാന്‍ നീയാരാണെടാ വിക്കാ? ഹെബ്രായര്‍ ഈജിപ്തിന്റെ അടിമകളാണ്. അടിമകളെക്കൊണ്ട് എങ്ങനെ പണിയെടുപ്പിക്കണമെന്നു നീയെന്നെ പഠിപ്പിക്കേണ്ട." അയാളുടെ ചാട്ട മോശയ്ക്കു നേരെയുയര്‍ന്നു. ഫറവോയുടെ കളരിയില്‍ പഠിച്ചിറങ്ങിയ, തികഞ്ഞ ഒരഭ്യാസിയെയാണു താന്‍ നേരിടുന്നതെന്ന് അയാളറിഞ്ഞില്ല

മോശ ഒഴിഞ്ഞുമാറി. അടുത്ത നിമിഷം അയാള്‍ മോശയുടെ ബലിഷ്ഠങ്ങളായ കൈകള്‍ക്കുള്ളിലമരുകയുംചെയ്തു.


മോശ ചുറ്റുംനോക്കി. അടുത്തെങ്ങുമാരുമില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിമാത്രം. മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല. 

ഈജിപ്തുകാരനായ ആ മനുഷ്യനെ മോശ വഴിവക്കിലെ മണലിലേക്കു വീഴ്ത്തി. കമിഴ്ന്നുവീണ അയാളുടെ കൈകൾ പിന്നിലേക്കുചേർത്തുപിടിച്ച്, അയാളുടെമേൽ കയറിയിരുന്നു. ആ മനുഷ്യൻ്റെ മുഖം മണലിലേക്ക് അമര്‍ത്തിപ്പിടിച്ചു. ഈജിപ്തുകാരൻ കുതറിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരുത്തനായ എതിരാളിയിൽനിന്നു രക്ഷപ്പെടാൻ അയാൾക്കു സാധിച്ചില്ല. അയാള്‍ മരിച്ചുവെന്നുറപ്പായപ്പോള്‍ മോശ അയാളുടെ മൃതദേഹം അകലേയ്ക്കു വലിച്ചിഴച്ച് മണലില്‍ കുഴിച്ചുമൂടി..

വണ്ടിവലിച്ചിരുന്ന ഇസ്രായേൽക്കാരൻ, വഴിയിൽമുട്ടുകുത്തി നെറ്റിമണ്ണോടുചേർത്തു കമിഴ്ന്നുകിടന്നു
കിതച്ചു. അയാൾ ആകെത്തളർന്നിരുന്നു. മോശ അയാളുടെ സമീപമെത്തി. തന്റെ തോല്‍ക്കുടത്തില്‍നിന്നും  അയാൾക്കു കുടിക്കാന്‍ മോശ വെള്ളംകൊടുത്തു. അയാളെ സുരക്ഷിതസ്ഥാനത്തു കൊണ്ടുവിടുകയും ചെയ്തു.

അടുത്തദിവസവും മോശ സഞ്ചാരം തുടർന്നു. വഴിയിൽ ഇസ്രായേല്‍ക്കാരായ രണ്ടുപേര്‍തമ്മില്‍ വഴക്കുകൂടുന്നതു മോശ കണ്ടു. മോശ അവരുടെ സമീപമെത്തി.

"ന് ന് ന് ന് നിങ്ങള്‍ രണ്ടുപേരും ഇ്ഇ്ഇ്ഇസ്രായേല്‍ക്കാരല്ലേ? ന് ന് ന് ന് നിങ്ങളെന്തിനാണു പരസ്പരം ശ് ശ് ശ് ശണ്ഠകൂടുന്നത്?"മോശ അവരെ പിടിച്ചുമാറ്റിക്കൊണ്ടു ചോദിച്ചു. 

മോശയുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി, അവര്‍ രണ്ടുപേരുമൊന്നായി മോശയ്ക്കെതിരേ തിരിഞ്ഞു.

"നിന്നെ ഞങ്ങളുടെ ന്യായാധിപനായി ആരു നിയമിച്ചു? ആ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലാമെന്നാണോ നീ കരുതുന്നത്?" അവര്‍ ചോദിച്ചു.

മോശ ഞെട്ടിപ്പോയി.

താന്‍ചെയ്ത കൊലപാതകത്തെക്കുറിച്ച്, പലരുമറിഞ്ഞുകഴിഞ്ഞെന്ന്  അവനു മനസ്സിലായി. ഈ വാര്‍ത്ത, ഫറവോയുടെ ചെവിയിലെത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍  നടുങ്ങിപ്പോയി. 

പിന്നെ ഒരു നിമിഷംപോലും മോശ അവിടെ നിന്നില്ല. അയാള്‍ അപ്പോൾത്തന്നെ തൻ്റെ കുതിരയെപ്പായിച്ചു. കൊട്ടാരത്തിലേക്കുള്ള മടക്കം അപകടകരമായിരിക്കുമെന്നു മോശയ്ക്കുറപ്പായിരുന്നു. അതിനാൽ തല്ക്കാലം ഈജിപ്തുവിട്ടുപോകാൻതന്നെ അവൻ തീരുമാനിച്ചു. ഈജിപ്തിന്റെ അതിര്‍ത്തിക്കുപുറത്തുള്ള മിദിയാന്‍ദേശം സുരക്ഷിതമായിരിക്കുമെന്ന ചിന്തയാല്‍ മോശ അങ്ങോട്ടു തിരിച്ചു.

ദിവസംമുഴുവന്‍ നിറുത്താതെ യാത്രചെയ്ത മോശയും കുതിരയും തളര്‍ന്നു. മിദിയാനിലേക്കുള്ള വിജനമായ മലമ്പാതയില്‍, ഒരരുവിയോടെ സമീപം മോശ കുതിരയെ നിറുത്തി. അരുവിയിൽനിന്നു വെള്ളം കുടിപ്പിച്ചശേഷം, കുതിരയെ ഒരു വൃക്ഷത്തില്‍ക്കെട്ടി. അരുവിയോടുചേർന്നുള്ള പാറക്കെട്ടിലെ ഒരു ഗുഹയിൽ അല്പനേരം വിശ്രമിക്കാനായിക്കിടന്ന മോശ, അറിയാതെയുറങ്ങിപ്പോയി. ക്ഷീണംനിമിത്തം അവന്‍ ഗാഢനിദ്രയിലാണ്ടു.

എത്രനേരമുറങ്ങിയെന്ന് അവനറിഞ്ഞില്ല. ആരോ പേരുചൊല്ലി, തട്ടിവിളിക്കുന്നതറിഞ്ഞാണ് അവനുണര്‍ന്നത്.

ഉറക്കച്ചടവോടെ കണ്‍തുറന്ന മോശ, തന്റെ മുന്നില്‍ നില്‍ക്കുന്നവരെക്കണ്ടു നടുങ്ങി.

ഫറവോയുടെ കൊട്ടാരത്തിലെ, അന്തഃപുരത്തിന്റെ കാവൽച്ചുമതലയുള്ള രണ്ടു പട്ടാളക്കാര്‍ ....

Sunday, 13 August 2017

24. മോശ

ബൈബിൾക്കഥകൾ 24

നാലു നൂറ്റാണ്ടുകള്‍ കടന്നുപോയി. ഇസ്രായേല്‍ജനത ഈജിപ്തില്‍ വലിയൊരു ജനതതിയായി വളര്‍ന്നു. ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാര്‍ ഈജിപ്തിൽ സിംഹാസനാരൂഢരായി. ജോസഫ് ഈജിപ്തിനുവേണ്ടിച്ചെയ്തതൊക്കെയും വിസ്മൃതിയിലായി. ഇസ്രായേൽക്കാർ, ഈജിപ്തുകാരുടെ കണ്ണിലെക്കരടായിമാറി.

ഈജിപ്തുകാരേക്കാള്‍ പ്രബലരായിവളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിക്കണ്ടത്. കാലാന്തരത്തില്‍ ഈജിപ്തിന്റെ ഭരണം, ഇസ്രായേലിന്‍റെ കൈയിലെത്തിയേക്കാനുള്ള സാദ്ധ്യത, ഫറവോയെ നിർന്നിദ്രനാക്കി.

ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.

"രാജ്യത്ത്, ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."

ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഫറവോ കഠിനജോലികള്‍ക്കായി ഇസ്രയേല്യരെമാത്രം നിയോഗിച്ചുതുടങ്ങി. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായും നിയമിച്ചു.

ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യർ ജോലിക്കാരായി. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായുയർത്തുന്ന ∆സ്തൂപാകൃതിയുള്ള സ്മാരകനിർമ്മിതികളുടെ ജോലികള്‍ക്കുമെല്ലാം ഇസ്രയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായദ്ധ്വാനിച്ചാലും, ദിവസത്തില്‍ പലതവണ, മേല്‍നോട്ടക്കാരുടെ ചാട്ടവാറുകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചിരുന്നു. എന്നാലോ, എല്ലാക്കഷ്ടതകള്‍ക്കും കഠിനാദ്ധ്വാനങ്ങൾക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെകഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചിരുന്നുമില്ല.

വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം എണ്ണത്തിൽ വീണ്ടും വര്‍ദ്ധിക്കുകയും ഈജിപ്തിലെങ്ങും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇസ്രായേല്യരുടെ വംശവർദ്ധന നിയന്ത്രിക്കാനായി, ഫറവോ, വിചിത്രവും ക്രൂരവുമായ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരംചെയ്തു.

"ഫറവോ തിരുമനസ്സിൽനിന്നറിയിക്കുന്നതെന്തെന്നാൽ....  ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇന്നുമുതൽ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ.... അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍.... ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലേണ്ടതാണ്.... പെണ്‍കുഞ്ഞുങ്ങളും ഇന്നലെവരെ ജനിച്ച ആൺകുഞ്ഞുങ്ങളും ജീവിച്ചുകൊള്ളട്ടെ.... ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്കര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു....."

*ലേവിയുടെ ഗോത്രത്തില്‍പ്പെട്ട അമ്രാമും ഭാര്യ യോക്കെബദും വിളംബരംകട്ടു ഞെട്ടി. കാരണം, യോക്കെബദിൻ്റെ ഉദരത്തിൽ അവരുടെ മൂന്നാമത്തെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.

ഏഴുവയസ്സുകാരിയായ മിറിയാമിനേയും രണ്ടര വയസ്സുകാരനായ അഹറോനേയും ചേർത്തുപിടിച്ചുകൊണ്ട്, അമ്രാമും യോക്കെബദും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനുവേണ്ടി കർത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു.

വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായിത്തീർന്നു. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ച്, രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.

ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെക്കുറവായിരുന്നു.

ഈജിപ്തിലെ ഇസ്രായേല്‍സമൂഹംമുഴുവന്‍ കര്‍ത്താവിനെ വിളിച്ചുകരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിച്ചില്ല. എന്നാൽ ദൈവത്തിനു് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ശുഭകരമായൊരു ഭാവി അവിടുന്നൊരുക്കുന്നുണ്ടായിരുന്നു..

ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ അമ്രാമിനും യോക്കെബദിനും ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. 
അവരവനെ നൈൽനദിയിലെറിഞ്ഞില്ല. പരിശോധനകൾക്കായെത്തുന്ന രാജകിങ്കരന്മാരുടെ കണ്ണിൽപ്പെടാതെ അവരവനെയൊളിപ്പിച്ചു. മൂന്നുമാസം ആ കുഞ്ഞിനെയവർ രഹസ്യമായി വളര്‍ത്തി. അവനെയിനിയും രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ്ച്ചെടിയുടെ തണ്ടുണക്കിയെടുത്ത്, അതുകൊണ്ടു ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും കീലും തേച്ചുപിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി. കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു.

യോക്കെബദിൻ്റെ  കുഞ്ഞിപുത്രിയായ മിറിയാമും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍, അവൾ അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയില്ല. തന്റെ കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍, ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം അവളൊളിച്ചിരുന്നുകരഞ്ഞു.

കുറച്ചുസമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കിടന്ന പേടകം അവളുടെ ശ്രദ്ധയിൽപ്പെട്ടു. പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.

"തമ്പുരാട്ടീ, ഇതേതോ ¶ഹെബ്രായസ്ത്രീയുടെ കുഞ്ഞാണെന്നു തോന്നുന്നു. ഇതിനെ നമുക്കു നദിയിലെറിഞ്ഞുകളയാം." ദാസിമാര്‍ പറഞ്ഞു.

ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. കർത്താവിന്റെ ആത്മാവ് അപ്പോർ അവളിൽനിറഞ്ഞു. അവള്‍ക്കവനോട് അനുകമ്പതോന്നി.

"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്...! ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ തന്റെ മാറോടണച്ചു.

രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് മിറിയാം കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. ഒന്നുമറിയാത്തവളെപ്പോലെ അവൾ രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.

"തമ്പുരാട്ടീ, ഈ കുഞ്ഞിനെ എവിടെനിന്നു കിട്ടി? കുഞ്ഞു കരയുന്നുണ്ടല്ലോ! ഇതിനെ മുലയൂട്ടാന്‍ ഞാനേതെങ്കിലുമൊരു ഹെബ്രായസ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടെ?" അവള്‍ ചോദിച്ചു.

"അങ്ങനെയാരെയെങ്കിലും നിനക്കറിയാമോ?"

"മ്ഹും, രണ്ടുദിവസംമുമ്പു പിറന്ന ആൺകുഞ്ഞിനെ നദിയിലെറിഞ്ഞുകളയേണ്ടിവന്നതിനാൽ ദുഃഖിച്ചിരിക്കുന്ന ഒരമ്മയെ എനിക്കറിയാം. ആയമ്മയെ ഞാൻ വിളിച്ചുകൊണ്ടുവരട്ടേ?"

"എന്നാൽ വേഗമവളെ വിളിച്ചുകൊണ്ടുവരു..." രാജകുമാരി സമ്മതിച്ചു. മിറിയാം വീട്ടിലേക്കോടി. വൈകാതെതന്നെ അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.

"എനിക്കുവേണ്ടി, ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.

അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു. അവന്റെ മുലകുടിമാറുന്നതുവരെ അവന്റെയമ്മയും ഫറവോയുടെ കൊട്ടാരത്തിൽ താമസിച്ചു. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിന്, അവൾക്കു കൊട്ടാരത്തിൽനിന്നു ശമ്പളം ലഭിച്ചു.

രാജകുമാരി ആ കുഞ്ഞിനെ മോശ എന്നാണു പേരുവിളിച്ചത്. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ, മോശയെ കൊട്ടാരത്തിൽ വളരാനനുവദിച്ചു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ മോശയ്ക്കും നല്കി.

ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍കല്പിച്ച, അതേ ഫറവോയുടെ കൊട്ടാരത്തില്‍, ഫറവോയുടെ പുത്രിയുടെ വളർത്തുപുത്രനായി മോശവളര്‍ന്നു. 

ഫറവോയുടെ കരങ്ങളില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍, അതിനേക്കാള്‍ സുരക്ഷിതമായ മറ്റൊരിടവും ഈജിപ്തിലുണ്ടായിരുന്നില്ല!

അവിടെയവൻ അക്ഷരാഭ്യാസവും ആയുധാഭ്യാസവും നേടി. കുതിര സവാരിയും യുദ്ധമുറകളും പരിശീലിച്ചു. വളർത്തമ്മയ്ക്കു പ്രിയങ്കരനായി,  രാജകുമാരന്മാരിലൊരുവനെപ്പോലെ മോശ വളർന്നു.

കൊട്ടാരത്തിൽ വളരുന്ന സ്വന്തമനുജനെ അകലെനിന്നു കണ്ട്, മിറിയാമും അഹറോനും സ്വന്തം വീട്ടിലും വളർന്നു.
----------------------------------------------------------------
∆പിരമിഡ്

•യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയുംചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.

¶ഹെബ്രായഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)

Sunday, 6 August 2017

23. ഇസ്രായേല്‍വംശം

ബൈബിൾക്കഥകൾ 23

ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമടക്കം തങ്ങള്‍ക്കുള്ളതെല്ലാം ശേഖരിച്ച്, ഇസ്രായേലും മക്കളും യാത്രയ്ക്കൊരുങ്ങി.

ഫറവോ അയച്ച, ഇരട്ടക്കുതിരകളെപ്പൂട്ടിയ രഥങ്ങളില്‍ അവര്‍ ഇജിപ്തിലേക്കു പുറപ്പെട്ടു. ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമായി ദാസന്മാർ പിന്നിൽ നടന്നു. ക്ഷാമവും വരള്‍ച്ചയും കീഴടക്കിയ കാനാന്‍ദേശം അവരുടെ പിന്നില്‍മറഞ്ഞു.

ജോസഫ്, തന്റെ പിതാവിനെ സ്വീകരിക്കാന്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളുമായി അറുപത്തിയാറുപേരടങ്ങുന്ന സംഘത്തെ ജോസഫ് സ്വീകരിച്ചു. അയാള്‍ ഇസ്രായേലിന്റെ കാല്‍ക്കല്‍ വീണുതേങ്ങി.

ഇസ്രായേല്‍ തൻ്റെ പുത്രനെ മാറോടുചേര്‍ത്തു. രണ്ടുപേരും കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം മിഴികളില്‍ നീര്‍മണികളുതിര്‍ന്നു.

ജോസഫിന്റെ ഭാര്യയായ അസ്നയും മക്കളായ മനാസ്സെയും എഫ്രായിമും യാക്കോബിന്റെ കാല്‍തൊട്ടു വന്ദിച്ചു. 

"മരിച്ചുപോയെന്നു ഞാന്‍കരുതിയ എന്റെ ഓമനമകനെ, സര്‍വ്വൈശ്വര്യങ്ങളും അധികാരങ്ങളുമുള്ളവനായും അവന്റെ പിതാവിനെയും സഹോദരങ്ങളെയും താങ്ങുവാന്‍ കരുത്തുള്ളവനായും തിരികെനല്കിയ യഹോവ വാഴ്ത്തപ്പെടട്ടെ!" യാക്കോബു ദൈവത്തെ സ്തുതിച്ചു.

തന്റെ സഹോദരന്മാരില്‍ അഞ്ചുപേരോടൊപ്പം ജോസഫ് ഫറവോയെ മുഖംകാണിച്ചു.

ഫറവോ ജോസഫിനോടു സന്തോഷത്തോടെ പറഞ്ഞു: "നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നതു സന്തോഷകരംതന്നെ! ഈജിപ്തുദേശംമുഴുവനും നിനക്കധീനമാണ്. നാട്ടില്‍, ഏറ്റവും നല്ലസ്ഥലത്ത് നിന്റെ പിതാവിനെയും സഹോദരന്മാരെയും നിനക്കു പാര്‍പ്പിക്കാം. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അതല്ലേ നല്ലത്? അതല്ലെങ്കില്‍ റംസേസ് പൂര്‍ണ്ണമായും അവര്‍ക്കവകാശമായി നല്കൂ."

ഫറവോ, തന്റെ കാലികളുടെ പരിപാലനച്ചുമതല ജോസഫിന്റെ സഹോദരന്മാരുടെ അധികാരത്തിലാക്കി. 

പിറ്റേന്ന്, ജോസഫ് പിതാവുമായി ഫറവോയുടെ മുമ്പിലെത്തി. ഇസ്രായേല്‍ ഫറവോയെ അനുഗ്രഹിച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചു.

വൃദ്ധനെങ്കിലും ആരോഗദൃഢഗാത്രനായ യാക്കോബിനോടു ഫറവോ ചോദിച്ചു: " അങ്ങേയ്ക്കിപ്പോള്‍ എത്രവയസ്സുണ്ട്?"

ഇസ്രായേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ജീവിതമെത്ര ഹ്രസ്വമാണ്. എന്റെയീ ദേശാടനജീവിതം ഇപ്പോള്‍ നൂറ്റിമുപ്പതു സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു! എങ്കിലും കഴിഞ്ഞുപോയ വര്‍ഷങ്ങളെല്ലാം നിമിഷദൈര്‍ഘ്യങ്ങള്‍മാത്രമുള്ള സ്മരണകളായി കണ്‍മുമ്പിലുണ്ട്."

"അങ്ങയുടെ മകനെപ്പോലെതന്നെ എന്നെയും കരുതുക. അങ്ങയ്ക്കിവിടെ ഒന്നിനും കുറവുണ്ടാകുകയില്ല." ഫറവോ ഉറപ്പുനല്കി.

ഒരിക്കല്‍ക്കൂടെ ഫറവോയെ അനുഗ്രഹിച്ച്, ഇസ്രായേല്‍ മടങ്ങി. 

ഈജിപ്തിലെ ഏറ്റവും ഫലപുഷ്ടമായ റംസേസ് പ്രവിശ്യയിലെ ഗോഷന്‍ദേശംമുഴുവന്‍ ജോസഫ് തന്റെ സഹോദരന്മാര്‍ക്കായി നല്കി. 

കാനാന്‍ദേശത്തുനിന്നുവന്ന അറുപത്തിയാറുപേരും ജോസഫ്, ഭാര്യ അസ്നം, മക്കളായ മനാസ്സെ, എഫ്രായിം എന്നിവരുമുള്‍പ്പെടെയുള്ള എഴുപതുപേര്‍ ഇസ്രായേല്‍ജനമെന്നപേരിൽ ഈജിപ്തില്‍ അറിയപ്പെട്ടുതുടങ്ങി.

ക്ഷാമം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരുന്നു. ധാന്യംവാങ്ങാൻ ജനങ്ങളുടെ കൈവശം പണമില്ലാതെയായി. അവര്‍ തങ്ങളുടെ കന്നുകാലികളെയും വയലുകളും ധാന്യത്തിനായി വിറ്റു. ആടുമാടുകള്‍ക്കും കുതിരകള്‍ക്കും കഴുതകള്‍ക്കുംപകരമായി ജോസഫ് അവര്‍ക്കു ധാന്യംനല്കി. വയലുകളെല്ലാം അവന്‍, ഫറവോയുടെപേരില്‍ എഴുതിവാങ്ങി.

ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ വയലുകളെല്ലാം ഫറവോയുടെതുമാത്രമായിത്തീർന്നു. 

അപ്പോള്‍ ജോസഫ് ഈജിപ്തിലെങ്ങും ഒരു വിളംബരം പുറപ്പെടുവിച്ചു. 

"ഈജിപ്തിലെ ജനങ്ങള്‍മുഴുവന്‍ അറിയുന്നതിന്, ദൈവകൃപയാല്‍ ഈജിപ്തിന്റെ സിംഹാസനസ്ഥനായ ഫറവോയുടെ വിശ്വസ്തദാസനും ഭരണത്തിലെ രണ്ടാമനുമായ സാഫ്നാത്ത് ഫനായ പുറപ്പെടുവിക്കുന്ന വിളംബരം.... എന്തെന്നാല്‍, ഈജിപ്തിലെ കൊടിയക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പട്ടിണികൂടാതെ, നമ്മള്‍ കടന്നുകൂടി. നമുക്കുചുറ്റുമുള്ളദേശങ്ങളിലെ ജനങ്ങള്‍ക്കും ധാന്യംനല്കാന്‍ ദൈവാനുഗ്രഹത്താല്‍ നമുക്കു സാധിച്ചു. 

ഈജിപ്തിലെ വിളഭൂമികളെല്ലാം ഇപ്പോൾ ഫറവോയുടെ ഉടമസ്ഥതയിലാണ്. അവയില്‍ കൃഷിചെയ്യാനാഗ്രഹിക്കുന്ന ഏവനും അതിനുള്ള പാട്ടാവകാശവും കൃഷിയിറക്കാന്‍ ആവശ്യമായ വിത്തും ഫറവോയുടെ സംഭരണശാലകളില്‍നിന്നു വിതരണംചെയ്യുന്നതാണ്. എന്നാല്‍ ലഭിക്കുന്ന വിളവിന്റെ അഞ്ചിലൊന്ന്, പാട്ടമായി രാജഭണ്ഡാരത്തിലേയ്ക്കടയ്ക്കേണ്ടതാണ്"

ഈജിപ്തിലെ പുരോഹിതന്മാരൊഴികെ തനിക്കും തന്റെ സഹോദരന്മാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും "അഞ്ചിലൊന്നു ഫറവോയ്ക്ക്'' എന്ന നിയമം ജോസഫ് ബാധകമാക്കി.

ഈജിപ്തില്‍വീണ്ടും സമൃദ്ധിയുടെ നാളുകള്‍ പുലര്‍ന്നു.

കാലം ശരവേഗത്തില്‍പ്പാഞ്ഞു.

യാക്കോബ് മരണത്തിനു കീഴടങ്ങി. ഇസ്രായേലിനോടുള്ള ബഹുമാനാര്‍ത്ഥം, എഴുപതുദിവസങ്ങള്‍ ഈജിപ്തിലെങ്ങും വിലാപകാലമായി ഫറവോ പ്രഖ്യാപിച്ചു.

ഈജിപ്തിലെ ആചാരമനുസരിച്ച്, നാല്പതു ദിവസംകൊണ്ട് ഇസ്രായേലിന്റെ മൃതശരീരം, വൈദ്യന്മാര്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി, നിത്യകാലത്തേക്കു നശിക്കാതിരിക്കുന്നതിനായൊരുക്കി.

വിലാപകാലംകഴിഞ്ഞപ്പോള്‍ യാക്കോബിന്റെ അന്ത്യാഭിലാഷമനുസരിച്ച്, ഫറവോയുടെ അനുമതിയോടെ, മൃതദേഹം മാമ്രേയ്ക്കു കിഴക്ക്, കാനാന്‍ദേശത്തുള്ള മക്‌പെലായില്‍, ഹിത്യനായ എഫ്രോണില്‍നിന്ന്, അബ്രഹാം വാങ്ങിയ ഗുഹയില്‍ സംസ്കരിക്കാനായി കൊണ്ടുപോയി. പിതാക്കന്മാരായ അബ്രാഹാമിനെയും ഭാര്യ സാറയെയും ഇസഹാക്കിനെയും ഭാര്യ റബേക്കയേയും ഇസ്രായേലിന്റെ ഭാര്യ ലെയയേയും സംസ്കരിച്ചത് ആ ഗുഹയില്‍ത്തെന്നെയായിരുന്നു. 

ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്മാരും ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും രഥങ്ങളും കുതിരക്കാരുമുള്‍പ്പെടെ  വലിയൊരു സംഘമാളുകള്‍ മൃതസംസ്കാരത്തില്‍പ്പങ്കെടുക്കാന്‍ കാനാന്‍ദേശത്തെത്തിയിരുന്നു.

ഋതുക്കള്‍ പലവട്ടം പിന്നെയും മാറിവന്നു. ജോസഫിനെത്തേടിയും വാര്‍ദ്ധക്യമെത്തി. പിതാക്കന്മാരുടെ വഴിയേമടങ്ങാന്‍ തനിക്കുകാലമായെന്നു തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തംമക്കളായ മനാസ്സെയേയും എഫ്രായിമിനെയും തന്റെ സഹോദരന്മാരുടെ മക്കളെല്ലാവരെയും ജോസഫ് ഒരുമിച്ചു വിളിച്ചുകൂട്ടി.

ജോസഫ് പറഞ്ഞു: "ദൈവമെനിക്കു ദീര്‍ഘായുസ്സു നല്കി. എന്റെ മക്കളുടെ മൂന്നാം തലമുറയിലെ മക്കളെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവമൊരിക്കല്‍ നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹാമിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്തനാട്ടിലേക്ക്, അവിടുന്നു നിങ്ങളെ തിരികെക്കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, എന്റെ ഭൗതികാവശിഷ്ടങ്ങള്‍, നിങ്ങൾ ഇവിടെനിന്നു കൊണ്ടുപോകണം. പിതാക്കന്മാരെ അടക്കംചെയ്തിടത്ത് എന്നെയുമടക്കംചെയ്യണം"

ഇതു പാലിക്കുമെന്ന്, ‍ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞചെയ്യിച്ചു.

മരിക്കുമ്പോള്‍ ജോസഫിനു നൂറ്റിപ്പത്തു വയസ്സുപ്രായമുണ്ടായിരുന്നു. അവന്റെ മരണത്തില്‍ ഈജിപ്തുമുഴുവന്‍ ദുഃഖിച്ചു. ജനങ്ങള്‍ പൊട്ടിക്കരഞ്ഞു. ഈജിപ്തിലെ വൈദ്യന്മാര്‍ ജോസഫിന്റെ മൃതദേഹത്തില്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി. ഇസ്രായേല്‍ജനത പാര്‍ക്കുന്ന ഗാഷാന്‍ദേശത്ത്,ഒരു ശവകുടീരത്തില്‍ ജോസഫിന്റെ ശരീരം സൂക്ഷിച്ചു.

വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും കാലപ്രവാഹം തുടര്‍ന്നു. ഇസ്രായേല്യര്‍ വലിയൊരു ജനതയായി പെറ്റുപെരുകി. അവര്‍ വളരെയധികം ശക്തിപ്രാപിച്ച്, ഈജിപ്തിലെങ്ങും നിറഞ്ഞു.

ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാരുടേയും ജനങ്ങളുടെയും തലമുറകള്‍ കടന്നുവന്നപ്പോഴും, ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കാതെ, കർത്താവിനെമാത്രമാരാധിച്ചിരുന്ന ഇസ്രായേല്‍ജനത, മറ്റുള്ളവരില്‍നിന്നു വേര്‍പെട്ടുനിന്നു.

Sunday, 30 July 2017

22. കിനാവുപോലെ ജീവിതം...

(ബൈബിൾക്കഥകൾ 22)

സാഫ്നത്ത് ഫനായയുടെ വെള്ളിക്കപ്പ്, ബെഞ്ചമിന്റെ ചാക്കില്‍നിന്നുകിട്ടിയതുകണ്ട സഹോദരന്മാര്‍ പതിനൊന്നുപേരും ഭയന്നുവിറച്ചുപോയി. പതിനൊന്നുപേരും തങ്ങളുടെ വസ്ത്രംകീറി.

"കര്‍ത്താവായ യാഹ് വെയെ സാക്ഷിയാക്കി ഞാന്‍പറയുന്നു, സത്യമായും ഇതൊന്നും ഞാനെടുത്തതല്ല." ബെഞ്ചമിന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

"എന്നോടു വിശദീകരിക്കുന്നതില്‍ കാര്യമില്ല, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ യജമാനനോടു പറയൂ. വിചാരണനടത്തുന്നതും ശിക്ഷാവിധി നിശ്ചയിക്കുന്നതും അദ്ദേഹംതന്നെ!" കാര്യസ്ഥന്‍ പതിനൊന്നുപേരേയും അവരുടെ സാധനങ്ങള്‍ക്കൊപ്പം സാഫ്നത്ത് ഫനായയുടെ കൊട്ടാരത്തിലേക്കു തിരികെക്കൊണ്ടുപോയി.

കൊട്ടാരത്തിലെ ദര്‍ബാര്‍മുറിയില്‍ ജോസഫ് അവരെ കാത്തുനിന്നിരുന്നു. അവനെക്കണ്ടതും സഹോദരന്മാര്‍ പതിനൊന്നുപേരും അവന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. പടയാളികള്‍ എല്ലാവരെയും പിടിച്ചെഴുന്നേല്പിച്ചു.

"എന്നെപ്പോലൊരുവന് അധികം തലപുകയ്ക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍പറ്റുമെന്നു നിങ്ങള്‍ ചിന്തിച്ചില്ലേ?" ജോസഫ് ചോദിച്ചു.

യൂദാ പറഞ്ഞു. "ഞങ്ങളുടെ നിരപരാധിത്തം എങ്ങനെ തെളിയിക്കുമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെളിവുകള്‍ ഞങ്ങള്‍ക്കെതിരാണുതാനും! ദൈവഹിതം ഞങ്ങള്‍ക്കെതിരായതിനാല്‍ ഞങ്ങളെല്ലാവരും ഇന്നുമുതല്‍ അങ്ങയുടെ അടിമകളാണ്."

"ഞാന്‍ ഈജിപ്തിനുമുഴുവന്‍ അധികാരിയാണ്; എനിക്കുമുകളില്‍ ഫറവോയും ദൈവവുംമാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാന്‍ അനീതി പ്രവര്‍ത്തിക്കുകയില്ല; വെള്ളിക്കപ്പ് ആരുടെ ചാക്കില്‍നിന്നു ലഭിച്ചോ അവന്‍മാത്രം എനിക്കടിമയായിരിക്കുക. ബാക്കിയുള്ളവര്‍ക്കു ധാന്യവുമായി മടങ്ങിപ്പോകാം."

യൂദാ, ജോസഫിനു സമീപത്തുചെന്നു കൈകള്‍ നെഞ്ചോടുചേര്‍ത്തു തലകുനിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു: "മഹാനായ സാഫ്നത്ത് ഫനായ, ഈജിപ്തില്‍ അങ്ങേയ്ക്കുതുല്യനായി ഫറവോയല്ലാതെ വേറെയാരുമില്ലെന്ന് ഏഴയായ ഞാനറിയുന്നു. അങ്ങയുടെ കല്പനകള്‍ ഫറവോപോലും ചോദ്യംചെയ്യില്ലെന്നും ലോകര്‍ക്കെല്ലാമറിയാം. എങ്കിലും എനിക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ദയവുണ്ടാകണം."

"കുറ്റാരോപിതര്‍ക്കു സ്വന്തംഭാഗം വിശദമാക്കാനുള്ള അവസരം ഈജിപ്തിലെ ഭരണാധികാരികള്‍ നല്‍കാറുണ്ട്. അതുകൊണ്ടു പറയാനുള്ളതെന്താണെങ്കിലും പറഞ്ഞുകൊള്ളൂ."

ഈജിപ്തിലേക്ക് ആദ്യംവന്നപ്പോള്‍മുതല്‍ രണ്ടാംതവണ ബഞ്ചമിനുമായി പോന്നതുവരെയുള്ള കാര്യങ്ങള്‍ യൂദാ, ജോസഫിനോടു വിശദീകരിച്ചു.

"ഞങ്ങളുടെ ഈ ഇളയസഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ വൃദ്ധനായ പിതാവു പിന്നെ ജീവനോടെയുണ്ടാകില്ല. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെടുത്തുകൊണ്ടാണ് അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ അടിമയാക്കിയിട്ട് എന്റെ അനുജനെ മടക്കിയയക്കാന്‍ ദയവുണ്ടാകണം."

സഹോദരങ്ങളുടെ ദൈന്യഭാവവും യൂദായുടെ വാക്കുകളും ജോസഫിനെ വല്ലാതെയുലച്ചു. അവനു വികാരവിക്ഷോഭമടക്കാന്‍കഴിഞ്ഞില്ല. തന്റെ സഹോദരന്മാരൊഴികെ മറ്റെല്ലാവരും മുറിയില്‍നിന്നു പുറത്തുപോകാന്‍ ജോസഫ് ആജ്ഞാപിച്ചു.

സഹോദരന്മാര്‍ മാത്രമായപ്പോള്‍ അവന്‍ യൂദായെ തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

അത്രനേരവും ഈജിപ്ഷ്യൻഭാഷയിൽമാത്രം സംസാരിച്ചിരുന്ന ജോസഫ്, ദ്വിഭാഷിയെക്കൂടാതെ ഹെബ്രായഭാഷയിൽ അവരോടു സംസാരിച്ചുതുടങ്ങി.

"നിങ്ങള്‍ക്കിനിയുമെന്നെ മനസ്സിലായില്ലേ? എന്റെയടുത്തു വരൂ; എന്റെ കണ്ണുകളിലേക്കു നോക്കൂ... ഈജിപ്തില്‍ കച്ചവടംനടത്താനെത്തിയ വണിക്കുകള്‍ക്കു നിങ്ങള്‍വിറ്റ നിങ്ങളുടെ സഹോദരനാണു ഞാന്‍ .."

"ജോസഫ്..."

 "സാഫ്നത്ത് ഫനായ...."

"അതേ, ഈജിപ്തില്‍ സാഫ്നത്ഫനായ എന്നറിയപ്പെടുന്ന ഇസ്രായേല്‍പ്പുത്രനായ ജോസഫ് .... നിങ്ങളെ പരീക്ഷിക്കാനായി, നിങ്ങളുടെ ചാക്കുകളില്‍ പണവും പാനപാത്രവും വച്ചത് എന്റെ ആജ്ഞാനുസരണമാണ്... ഇത്തരത്തില്‍ നിങ്ങളെ വിഷമിപ്പിച്ചതിനു നിങ്ങള്‍ എന്നോടു പൊറുക്കുക..."

സഹോദരങ്ങള്‍ വിസ്മയത്തോടെ ജോസഫിനെ നോക്കി. റൂബന്‍ കരങ്ങള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തെ പുകഴ്ത്തി. ആര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല...

"അന്നു നിങ്ങള്‍ അങ്ങനെചെയ്തതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട. നമ്മുടെ പിതാവായ ഇസ്രായേലിനു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായരീതിയില്‍ നമുക്കു രക്ഷനല്‍കാനുമായി നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കുമുമ്പേ എന്നെ ഇവിടെയ്ക്കയച്ചതാണ്! നിങ്ങളല്ല, കര്‍ത്താവായ യാഹോവയാണ് എന്നെ ഇങ്ങോട്ടയച്ചത്... ദൈവമെന്നെ ഫറവോയ്ക്കു പിതൃതുല്യനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്നതിനപ്പുറം അവനു മറ്റൊരു വാക്കില്ല.ദൈവമെന്നെ ഈജിപ്തുമുഴുവന്റെയും അധിപനാക്കിയിരിക്കുന്നു. നിങ്ങള്‍ വേഗംപോയി നമ്മുടെ പിതാവിനെ ഇങ്ങോട്ടു കൊണ്ടുവരണം. ക്ഷാമംതീരാന്‍ ഇനിയും അഞ്ചുവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈജിപ്തില്‍ നിങ്ങള്‍ക്കൊന്നിനും കുറവുണ്ടാകുകയില്ല. "

പന്ത്രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ബെഞ്ചമിന്‍ ജോസഫിന്റെ തോളില്‍ തലചായ്ച്ചു.

ജോസഫിന്റെ സഹോദരന്മാര്‍ വന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ഫറവോ അത്യധികം സന്തോഷിച്ചു. അവരുടെ ബഹുമാനത്തിനായി ഫറവോയുടെ കൊട്ടാരത്തില്‍ ഗംഭീരമായ വിരുന്നൊരുങ്ങി. കൊട്ടാരനര്‍ത്തകരും ഗായകരും വിരുന്നിനു മാറ്റുകൂട്ടി.

ഫറവോ ജോസഫിനോടു പറഞ്ഞു:

"ഈജിപ്തിലെ ഏറ്റവും നല്ലതെല്ലാം, സാഫ്നത്ത് ഫനായ, നിനക്കവകാശപ്പെട്ടതാണ്. നിന്റെ പിതാവിനെയും നിന്റെ സഹോദരന്മാരുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടുവരാന്‍ രഥങ്ങളയയ്കൂ. നിറയെ കാഴ്ചവസ്തുക്കളുമായി ഈജിപ്തിലെ രഥങ്ങള്‍ കാനാന്‍ദേശത്തേക്കു പുറപ്പെടട്ടെ!"

ഈജിപ്തിലെ മികച്ചവസ്തുക്കള്‍ ഇസ്രായേലിനുള്ള സമ്മാനങ്ങളായി ഫറവോ കൊടുത്തയച്ചു. ജോസഫിന്റെ സഹോദരന്മാര്‍ ആര്‍ഭാടപൂര്‍വ്വം സ്വദേശത്തേക്കു യാത്രയായി.

വരേണ്ടസമയം കഴിഞ്ഞിട്ടും മക്കള്‍ തിരിച്ചെത്താത്തതിനാല്‍ ഇസ്രായേല്‍ അസ്വസ്ഥനായിരുന്നു. അയാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ബെഞ്ചമിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളുപിടഞ്ഞു, കൂടുതല്‍ തീക്ഷ്ണതയോടെ കര്‍ത്താവിനുമുമ്പില്‍ തന്റെ ഹൃദയംചൊരിഞ്ഞു.

പിറ്റേന്നുപുലര്‍ച്ചേ, കുതിരക്കുളമ്പടികളുടെ ശബ്ദംകേട്ടാണ് ഇസ്രായേല്‍ ഉറക്കമുണര്‍ന്നത്. കൂടാരത്തിനു വെളിയിലിറങ്ങിനോക്കി. പൊടിയുയര്‍ത്തി പാഞ്ഞുവരുന്ന രഥങ്ങള്‍കണ്ട് അയാള്‍ ഭയന്നു.

ആദ്യമെത്തിയ രഥത്തില്‍നിന്നു റൂബന്‍ ചാടിയിറങ്ങി, പിതാവിനടുത്തേക്ക് ഓടിയെത്തി...

"ആബാ, കര്‍ത്താവായ യാഹോവയ്ക്കു മഹത്വമുണ്ടാകട്ടെ! ജോസഫ് ജീവിച്ചിരിക്കുന്നു... ഈജിപ്തിന്റെ അധികാരിയായ സാഫ്നത്ത് ഫനായ നമ്മുടെ ജോസഫാണ്..."

ഒരു നിമിഷം ഇസ്രായേല്‍ സ്തബ്ധനായി...

ഞാനൊരു കിനാവുകാണുകയാണോ? അതോ ഒരു സ്വര്‍ഗ്ഗീയദര്‍ശനമോ? അയാള്‍ അസ്വസ്ഥനായി... ദേഹത്തു നുള്ളിനോക്കി. താനുണര്‍ന്നിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം യാഥാര്‍ത്ഥ്യംതന്നെ!

എങ്കിലും അവനു വിശ്വസിക്കാനായില്ല.

"നോക്കൂ അങ്ങയെയും നമ്മുടെ കുടുംബംമുഴുവനെയും ഈജിപ്തിലേക്കു കൊണ്ടുചെല്ലാന്‍ ജോസഫ് അയച്ചുതന്ന രഥങ്ങളും കുതിരകളും. സമ്പന്നമായ ഈജിപ്തിന്റെ മുഴുവന്‍ അധികാരി നമ്മുടെ ജോസഫാണ്. നമ്മള്‍ നാടോടികളായ ഇടയന്മാര്‍ ... എന്നിട്ടും ഇത്രവലിയ സന്നാഹങ്ങള്‍ നമുക്കായി ഒരുക്കാന്‍  ദൈവം ഞങ്ങളുടെ സഹോദരനെ ഈജിപ്തിന്റെ മുഴുവന്‍ ഉടയവനാക്കി..."

കാണുകയും കേള്‍ക്കുകയുംചെയ്യുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍ യാക്കോബിനു പിന്നെയുമേറെ സമയം വേണ്ടിവന്നു.

ഒടുവില്‍ അയാള്‍ പറഞ്ഞു: "എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്... ഞാന്‍പോയി അവനെക്കാണും. കര്‍ത്താവായ യാഹോവയ്ക്കു സ്തുതി!"

അന്നുരാത്രി ഒരു ദര്‍ശനത്തില്‍ ദൈവം ഇസ്രായേലിനെ വിളിച്ചു: 

"ഇസ്രായേൽ... ഇസ്രായേൽ..."

"ഇതാ ഞാന്‍" അയാള്‍ പ്രത്യുത്തരംനല്കി. 

"നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെ വരും. അവിടെ, നിന്നെ വലിയൊരു ജനതയായി ഞാൻ വളര്‍ത്തും. നിന്നെ തിരികെ ഇവിടേയ്ക്കു കൊണ്ടുവരികയുംചെയ്യും. നിന്റെ മരണസമയത്ത്, ജോസഫ് നിന്നെ ശുശ്രൂഷിക്കും"

ആ രാത്രിയിൽ ഇസ്രായേല്‍ ശാന്തനായുറങ്ങി.

Sunday, 23 July 2017

21. ബഞ്ചമിൻ

(ബൈബിള്‍ക്കഥകള്‍ 21) 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ റൂബനും ശിമയോനൊഴികെയുള്ള സഹോദരങ്ങളും ധാന്യശേഖരവുമായി കാനാന്‍ദേശത്തു തിരികെയെത്തി. സംഭവിച്ചതെല്ലാം അവര്‍ പിതാവിനോടു വിശദമായി വിവരിച്ചുകേള്‍പ്പിച്ചു. 

"ഈജിപ്തിന്‍റെ  അധികാരിയായ സാഫ്നത്ത് ഫാനായ വളരെ പരുഷമായാണു ഞങ്ങളോടു പെരുമാറിയത്. ഞങ്ങള്‍ ചാരന്മാരാണെന്ന് അദ്ദേഹമാരോപിച്ചു. ഞങ്ങള്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞെങ്കിലും അദ്ദേഹമതൊന്നും വിശ്വസിച്ചില്ല. നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍, നിങ്ങളുടെ ഇളയസഹോദരനെ ഇവിടേയ്ക്കു കൂട്ടിക്കൊണ്ടുവരിക. അതുവരെ  നിങ്ങളിലൊരാള്‍ ഇവിടെ തടവുകാരനായിക്കഴിയട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു. അതിന്‍പ്രകാരം ശിമയോനെ അവിടെ തടവിലാക്കിയതിനുശേഷമാണു ധാന്യവുമായിപ്പോരാന്‍ ഞങ്ങളെയനുവദിച്ചത്.

അവര്‍പറഞ്ഞ വിവരങ്ങളറിഞ്ഞ്, ഇസ്രായേല്‍ ഉറക്കെക്കരഞ്ഞു..

'നിങ്ങളെന്നെ ദുരിതത്തിലാഴ്ത്തുന്നു. പണംകൊടുക്കാതെ, മോഷ്ടിച്ചതുപോലെ, നിങ്ങള്‍ ധാന്യവുമായിവന്നു. ജോസഫിനെ എനിക്കു നഷ്ടമായി. ഇപ്പോള്‍ ശിമയോനുംപോയി! ഇനി നിങ്ങള്‍ക്കു ബെഞ്ചമിനെക്കൂടെ കൊണ്ടുപോകണോ? ഇല്ല, ഞാനവനെ നിങ്ങള്‍ക്കൊപ്പം വിടില്ല."

"ആബാ, പണംകൊടുത്തുതന്നെയാണു ഞങ്ങള്‍ ധാന്യം വാങ്ങിയത്. എന്നാല്‍ ആ പണം, എങ്ങനെ ഞങ്ങളുടെ ചാക്കുകളില്‍ തിരികെവന്നുവെന്നു ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ അതവര്‍ക്കുപറ്റിയ ഒരു കൈയബദ്ധമാകാം. എങ്കിലും തിരികെ വീണ്ടും ഈജിപ്തിലെത്തുമ്പോള്‍ ഒന്നുകുറയാതെ മുഴുവന്‍ സ്വര്‍ണ്ണനാണയങ്ങളും  ഞങ്ങള്‍ തിരികെക്കൊടുത്തുകൊള്ളാം. ബെഞ്ചമിനെ എന്നോടൊപ്പം വിടുക. ഞാനവനെ സുരക്ഷിതനായി തിരികെയെത്തിക്കാം. ഇല്ലെങ്കില്‍ എന്റെ രണ്ടുമക്കളെയും അങ്ങു കൊന്നുകളയൂ." റൂബന്‍ പിതാവിനുമുന്നില്‍ വിതുമ്പി.

"വൃദ്ധനായ എന്നെ നിങ്ങള്‍ ദുഃഖത്തോടെ പാതാളത്തിലേക്കു തള്ളിവിടും! നിന്‍റെ മക്കളും എന്‍റെ കുഞ്ഞുങ്ങളല്ലേ? അവര്‍ക്കെന്തെങ്കിലുംസംഭവിച്ചാല്‍ എനിക്കു നോവുകയില്ലേ? കര്‍ത്താവേ, എന്തൊരു ദുരിതമാണിത്" ഇസ്രായേല്‍ ഉറക്കെക്കരഞ്ഞുകൊണ്ടു ബെഞ്ചമിനെ ഇറുകെപ്പുണര്‍ന്നു.

ബെഞ്ചമിനെ ഈജിപ്തിലേക്കു കൊണ്ടുപോകാന്‍ ഇസ്രായേല്‍ സമ്മതിച്ചില്ല. 

ദിവസങ്ങൾ കഴിഞ്ഞുപോകവേ, ക്ഷാമംകൊടുമ്പിരിക്കൊണ്ടു. ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യമെല്ലാം തീരാറായി. 

"നിങ്ങള്‍ ഒരിക്കല്‍ക്കൂടെ ഈജിപ്തിലേക്കുപോയി ധാന്യം വാങ്ങണം." ഇസ്രായേല്‍ മക്കളെവിളിച്ചു പറഞ്ഞു.

റൂബന്‍ പിതാവിനോടു പറഞ്ഞു: "ബെഞ്ചമിനെക്കൂടാതെ ചെന്നാല്‍ ഞങ്ങളെക്കാണാന്‍പോലും തയ്യാറാകില്ലെന്നു സാഫ്നാത്ത് ഫനായ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവനെക്കൂടെ ഞങ്ങള്‍ക്കൊപ്പമയയ്ക്കണം."

"നിങ്ങളെന്തിന് അവനെക്കുറിച്ചയളോടു പറഞ്ഞു? അതല്ലേ ഈ ദുരിതത്തിനുകാരണം?"

"നമ്മുടെ കുടുംബകാര്യങ്ങളെല്ലാം അയാള്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. ഇങ്ങനെയൊരു ചതിയെക്കുറിച്ചറിയാതെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു." ദാന്‍ പിതാവിനോടു വിശദീകരിച്ചു.

യൂദാ, മുന്നോട്ടുവന്നു പറഞ്ഞു: "നമ്മള്‍ രണ്ടാംവട്ടംപോയി ഈജിപ്തില്‍നിന്നു ധാന്യംകൊണ്ടുവരാനുള്ള സമയംകഴിഞ്ഞു. ഇനിയും പോകാന്‍കഴിയാതെവന്നാല്‍ അങ്ങയും ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളുമെല്ലാം പട്ടിണികിടന്നു മരിച്ചുപോകും. ബെഞ്ചമിനെ ഞങ്ങളോടൊപ്പമയയ്ക്കൂ. അവനെ തിരികെ അങ്ങയുടെപക്കലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാനേല്ക്കുന്നു. എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍ കര്‍ത്താവെന്നെ ശിക്ഷിക്കട്ടെ"

ബെഞ്ചമിന്‍ പിതാവിനോടു പറഞ്ഞു. "ആബാ, എന്‍റെ സഹോദരന്മാരുടെ വാക്കുകള്‍ അങ്ങുകേള്‍ക്കണം. ഞാന്‍ അവരോടൊപ്പം പോകാം. ഇല്ലെങ്കില്‍ നമ്മളെല്ലാവരും വിശന്നുമരിക്കും. അങ്ങയുടെയും പിതാക്കന്മാരുടെയും ദൈവമായ കര്‍ത്താവ്, ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പമുണ്ടായിരിക്കാനായി ആബാ പ്രാര്‍ത്ഥിക്കുക."

ഒടുവില്‍, മനസ്സില്ലാമനസ്സോടെ ഇസായേല്‍, ബഞ്ചമിനു യാത്രാനുവാദം നല്കി.

"നമ്മുടെ കൈവശം ഇനിയും ബാക്കിയുള്ള മികച്ച പട്ടുതുണികളും സുഗന്ധദ്രവ്യങ്ങളും തേനും സാഫ്നത്ത് ഫനായയ്ക്കു കാഴ്ചനല്കാനായി കൈവശംവയ്ക്കുക. കഴിഞ്ഞതവണ അബദ്ധത്തില്‍ ചാക്കുകളില്‍പ്പെട്ടുപോയ സ്വര്‍ണ്ണനാണയത്തിന്‍റെ ഇരട്ടി മടക്കികൊടുക്കണം. ഇനി വാങ്ങാനുള്ള ധാന്യത്തിനുള്ള പണവും കൈയില്‍ക്കരുതണം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍, ബെഞ്ചമിനേയും ശിമയോനെയും അയാള്‍ തിരികെ അയക്കട്ടെ. അതല്ല,ദൈവഹിതം മറിച്ചാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ!"

ഇസ്രായേല്‍, മക്കളെ അനുഗ്രഹിച്ചു യാത്രയാക്കി.


ഇസ്രായേലിന്റെ സന്തതികള്‍, ജോസഫിന്റെ പതിനൊന്നു സഹോദരങ്ങൾ, ഒരിക്കല്‍ക്കൂടെ ജോസഫിനുമുന്നില്‍ താണുവണങ്ങി. ബെഞ്ചമിനെക്കണ്ടപ്പോള്‍ അയാളുടെ ഹൃദയം ആര്‍ദ്രമായി. എങ്കിലും ഒന്നും പുറത്തുകാണിക്കാതെ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ഈജിപ്ഷ്യൻഭാഷയില്‍ പറഞ്ഞു.

"ഇവരെ എന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുക. ഒരു കൊഴുത്ത കാളക്കുട്ടിയെക്കൊന്നു സദ്യയൊരുക്കുക. ഞാനിന്ന് ഇവരോടൊപ്പമാണു ഭക്ഷണംകഴിക്കുന്നത്. എന്നാല്‍ തല്ക്കാലം അവരിതറിയേണ്ട" 

ആജ്ഞാനുസരണം കാര്യസ്ഥന്‍ അവരെ ജോസഫിന്‍റെ കൊട്ടാരത്തിലെത്തിച്ചു. പരിചാരകരെ വിളിച്ച്, അവരുടെ കഴുതകളെ തൊഴുത്തില്‍ക്കെട്ടി, വെള്ളംകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാത്തതിനാല്‍ അവര്‍ ഭയന്നു. 

"ഒരുപക്ഷേ, നമ്മളെ ബന്ധിച്ച്, അടിമകളാക്കുകയും നമ്മുടെ പണവും കഴുതകളും തട്ടിയെടുക്കുകയുമാകാം അയാളുടെയുദ്ദ്യേശ്യം." അവര്‍ ഭയത്തോടെ പരസ്പരം പറഞ്ഞു.

റൂബന്‍ കാര്യസ്ഥന്റെ കാല്‍ക്കല്‍വീണു. അയാളവനെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ ദ്വിഭാഷിയുടെ സഹായത്തോടെ അവനോടു സംസാരിച്ചു.

റൂബന്‍ പറഞ്ഞു. "യജമാനനേ, മുമ്പൊരിക്കല്‍, ധാന്യംവാങ്ങാന്‍വന്നപ്പോള്‍, ഞങ്ങൾതന്ന പണംമുഴുവന്‍ ഞങ്ങളുടെ ചാക്കുകളില്‍നിന്നുതന്നെ തിരികെക്കിട്ടി. സത്യത്തില്‍ അതെങ്ങനെ സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ആ പണം ഇരട്ടിയായി ഞങ്ങളിപ്പോള്‍ തിരികെക്കൊണ്ടുവന്നിട്ടുണ്ട്."

കാര്യസ്ഥന്‍ ചിരിച്ചു. "എനിക്കോര്‍മ്മയുണ്ട്; അന്നു ഞാനാണു നിങ്ങളോടു പണംവാങ്ങിയത്. മുഴുവന്‍ പണവും നിങ്ങള്‍ തന്നതാണ്. അതു രാജഭണ്ഡാരത്തിലെത്തുകയുംചെയ്തു. നിങ്ങളുടെ ചാക്കുകളില്‍നിന്നു പണം കിട്ടിയെങ്കിൽ, അതവിടെ നിക്ഷേപിച്ചതു നിങ്ങളുടെ ദൈവമാകും " 
അവരെ സാഫ്നത്ത് ഫനായയുടെ ഭവനത്തോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തിലിരുത്തി, കാര്യസ്ഥന്‍ അവിടെനിന്നുപോയി. വീഞ്ഞും അത്തിപ്പഴങ്ങളുമായെത്തിയ പരിചാരകര്‍ അവരെ സല്‍ക്കരിച്ചു. അതിനിടയില്‍ ഒരാള്‍ ശിമയോനെ അവിടേയ്ക്കു കൊണ്ടുവന്നു. സഹോദരന്മാര്‍ ആഹ്ലാദത്തോടെ അവനെപ്പുണര്‍ന്നുചുംബിച്ചു.

അവിടെ തനിക്കുലഭിച്ച സുഖസൗകര്യങ്ങള്‍ ശിമയോന്‍ സഹോദരന്മാരോടു വിവരിച്ചു. " എല്ലാദിവസവും സായന്തനങ്ങളില്‍, കുറേനേരം സാഫ്നത്ത് ഫനായ എന്റെയടുത്തുവന്നു സംസാരിച്ചിരിക്കും. നമ്മുടെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അവനെന്നോടു ചോദിച്ചു. എല്ലാക്കാര്യങ്ങളും സത്യസന്ധമായി ഞാനവനോടു പറഞ്ഞു. ജോസഫിനെക്കുറിച്ചുള്ള കാര്യങ്ങള്‍കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നെനിക്കു തോന്നി."

"നമ്മുടെ പിതാക്കന്മാരുടെ ദൈവം അവന്റെ ഹൃദയത്തില്‍ നമ്മെക്കുറിച്ച് അലിവുനിറയ്ക്കുന്നതാകാം." അവര്‍ ഒന്നിച്ചു ദൈവത്തെ സ്തുതിച്ചു. ഒരു പരിചാരകന്‍ അവരുടെ ഭാണ്ഡങ്ങള്‍ അവിടെക്കൊണ്ടുവന്നു. ജോസഫ് വരുന്നതിനുമുമ്പായി അവര്‍ അവനുള്ള സമ്മാനങ്ങള്‍ ഒരുക്കിവച്ചു.

ഉച്ചയോടെ ജോസഫ് വന്നു. സഹോദരന്മാരെല്ലാവരും അവനെ താണുവണങ്ങി. ജോസഫ് ബെഞ്ചമിനെ അടുത്തുവിളിച്ചു തന്നോടുചേര്‍ത്തുനിര്‍ത്തി. 

 "ഇവനാണോ നിങ്ങളുടെ ഇളയസഹോദരന്‍? കുഞ്ഞേ, ദൈവം നിന്നെയനുഗ്രഹിക്കട്ടെ!" ദ്വിഭാഷി ജോസഫിൻ്റെ വാക്കുകൾ ഹെബ്രായഭാഷയിൽ പരിഭാഷപ്പെടുത്തി

തനിക്കു കരയാതിരിക്കാനാകില്ലെന്നുതോന്നിയതിനാല്‍ ജോസഫ് അടുത്തൊരുമുറിയില്‍ക്കയറി കതകടച്ചു. മനസ്സുതുറന്നു കരഞ്ഞു. പിന്നെ മുഖംകഴുകി, സഹോദരന്മാരുടെയടുത്തു വന്നു.

ജോസഫിനും സഹോദരന്മാര്‍ക്കുമായിമാത്രം ഒരു ഭക്ഷണമുറിയൊരുങ്ങി. ജോസഫ് തന്റെ കൈയാല്‍ സഹോദരന്മാര്‍ക്കു ഭക്ഷണം വിളമ്പി. സഹോദരന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണംകഴിച്ചു. എല്ലാവരുടെയും മനസ്സു സന്തോഷത്താല്‍ നിറഞ്ഞു.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം അവരുടെ ചാക്കുകളില്‍ അന്നുതന്നെ നിറച്ചു. 'ആ രാത്രി, അവരവിടെത്തങ്ങി. പിറ്റേന്നു നേരംപുലർന്നപ്പോൾത്തന്നെ ധാന്യംനിറച്ച ചാക്കുകളുമായി അവര്‍ മടക്കയാത്രയാരംഭിച്ചു. അവരെ യാത്രയാക്കാനായി ജോസഫുമെത്തിയിരുന്നു.

സഹോദരന്മാര്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ടുനടന്നു. എന്നാല്‍ അവരുടെ സന്തോഷം, അധികനേരം നീണ്ടുനിന്നില്ല. മൂന്നുനാലുനാഴികദൂരത്തെ യാത്രപിന്നിട്ടപ്പോള്‍ ജോസഫിന്റെ കാര്യസ്ഥന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കുതിരപ്പടയാളികള്‍ അവരുടെയടുത്തെത്തി.

"നിങ്ങള്‍ എന്തിനു നന്മയ്ക്കുപകരം തിന്മചെയ്യുന്നു? നിങ്ങള്‍ മോഷ്ടിച്ച പൊന്‍പണം നിങ്ങള്‍തന്നെ എടുത്തുകൊള്ളൂ, എന്നാല്‍ എന്തിനെന്റെ യജമാനന്റെ വെള്ളിക്കപ്പു മോഷ്ടിച്ചു? അതിലല്ലേ യജമാനന്‍ പാനംചെയ്യുന്നത്? അതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനങ്ങള്‍നടത്തുന്നത്?"

"ഇല്ല, അങ്ങയുടെ ദാസന്മാര്‍ അങ്ങനെ ചെയ്യില്ല. കഴിഞ്ഞതവണ അറിയാതെകിട്ടിയ പണത്തിന്‍റെ ഇരട്ടി, ഞങ്ങള്‍ മടക്കികൊണ്ടുവന്നില്ലേ? ഞങ്ങളെ അങ്ങേയ്ക്കു വിശ്വസിക്കാം."

"ഇവരുടെ ചാക്കുകള്‍ പരിശോധിക്കൂ. ആരുടെ ചാക്കില്‍നിന്നാണോ വെള്ളിക്കപ്പു കിട്ടുന്നത്, അവന്‍ എന്റെ യജമാനന്റെ അടിമയായിരിക്കും." കാര്യസ്ഥന്‍ പടയാളികള്‍ക്കു നിര്‍ദ്ദേശംനല്കി.

പടയാളികള്‍ ചാക്കുകളഴിച്ചുപരിശോധിച്ചു. ധാന്യത്തിനായി അവര്‍നല്കിയ സ്വര്‍ണ്ണനാണയങ്ങള്‍ എല്ലാ ചാക്കുകളിലുമുണ്ടായിരുന്നു. 

എന്താണു സംഭവിക്കുന്നതെന്നു റൂബനും സഹോദരങ്ങള്‍ക്കും മനസ്സിലായില്ല...

ഒടുവില്‍ ബെഞ്ചമിന്റെ ചാക്കഴിച്ചു.

അതിലതാ പൊന്‍പണത്തോടൊപ്പം രത്നങ്ങള്‍പതിച്ച, മനോഹരമായ ഒരു വെള്ളിക്കപ്പ്...

സഹോദരങ്ങള്‍ പതിനൊന്നുപേരും സ്തബ്ധരായി നിന്നുപോയി!

Sunday, 16 July 2017

20. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും

ബൈബിള്‍ കഥകള്‍ - 20 


ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. തനിക്കുകീഴില്‍ രണ്ടാമനായി, സകല അധികാരങ്ങളും നല്കി, അവനെ വാഴിച്ചു. ഈജിപ്തിലെ സകലജനങ്ങളും സാഫ്നത്ത് ഫനായയുടെമുമ്പില്‍ മുട്ടുമടക്കി. അവനെക്കാള്‍ ശക്തനായി, ഫറോവയൊഴികെ ഈജിപ്തില്‍ മറ്റൊരുവൻപോലുമില്ലായിരുന്നു. 

ഫറവോയ്ക്കു ദൈവംനല്കിയ സ്വപ്നദര്‍ശനംപോലെ ഈജിപ്തില്‍ സമൃദ്ധിയുടെ നാളുകളെത്തി. വയലുകള്‍ നൂറുമേനിയും അതിലധികവും വിളവുനല്കി. എല്ലാത്തരം വിളവുകളുടെയും പകുതിയിലേറെ എല്ലായിടത്തും മിച്ചമായിരുന്നു. സമ്പന്നതയുടെ നാളുകളില്‍ ജോസഫ് ഈജിപ്തിലെങ്ങും സംഭരണശാലകള്‍ നിർമ്മിച്ചു. അരിയും ഗോതമ്പും മറ്റെല്ലാത്തരം ധാന്യങ്ങളും ജോസഫ് സംഭരിച്ചു. ഈജിപ്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും വലിയവലിയ സംഭരണശാലകളിലെല്ലാം ധാന്യങ്ങള്‍ നിറഞ്ഞു. പത്തോ പതിനഞ്ചോവർഷം ഈജിപ്തുകാര്‍ ഭക്ഷിച്ചാലും തീരാത്തത്ര ധാന്യശേഖരം ജോസഫിന്റെ കലവറകളിലെത്തി.

ഈജിപ്തിലെ സമൃദ്ധിയുടെ നാളുകളില്‍ ജോസഫിന്റെയും അസ്നമിന്റെയും ദാമ്പത്യവല്ലരിയില്‍ രണ്ടുപുഷ്പങ്ങള്‍ വിടര്‍ന്നു . കടിഞ്ഞൂല്‍പ്പുത്രനു മനാസ്സെ എന്ന്‍ അവര്‍ പേരുവിളിച്ചു. മനാസ്സെയ്ക്കു മൂന്നുവയസ്സുള്ളപ്പോള്‍, അവരുടെ രണ്ടാമത്തെ പുത്രനായ എഫ്രായിം ജനിച്ചു.

സമൃദ്ധിയുടെ ഏഴുവർഷങ്ങള്‍ അതിവേഗം കടന്നുപോയി. ഉഷ്ണക്കാറ്റിന്റെ അകമ്പടിയോടെ ക്ഷാമത്തിന്റെ വർഷങ്ങള്‍ വരവായി. മഴയില്ലാതെയായി. രൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങളും വയലുകളും വിളവുനല്കാതെയായി.

ജനങ്ങൾ തങ്ങളുടെ വീടുകളിൽക്കരുതിവച്ചിരുന്ന ധാന്യശേഖരംതീർന്നപ്പോൾ, ജോസഫിന്റെ ധാന്യക്കലവറകള്‍ തുറന്നു. ന്യായമായ വിലയില്‍ ഈജിപ്തിലെ പൗരന്മാര്‍ അവിടെനിന്നു ധാന്യംവാങ്ങി. 


ഈജിപ്തില്‍മാത്രമല്ല, ചുറ്റുവട്ടത്തുള്ള എല്ലാദേശങ്ങളിലും ക്ഷാമം അതിരൂക്ഷമായി. കാനാന്‍ദേശത്തും വറുതിയുടെ നാളുകളായിരുന്നു. ഇസ്രായേലിന്റെ കുടുംബവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈജിപ്തിലൊഴികെ എല്ലാദേശങ്ങളിലും പട്ടിണി കൊടിനാട്ടി. ഈജിപ്തില്‍ ധാന്യശേഖരമുണ്ടെന്നറിഞ്ഞപ്പോള്‍, തന്റെ പുത്രന്മാരെ ഇസ്രായേല്‍ ഈജിപ്തിലേക്കയച്ചു. റാഹേലിന്റെ ഇളയപുത്രനായ ബെഞ്ചമിനെമാത്രം ഇസ്രായേൽ തന്റെയൊപ്പം നിറുത്തി.

ഈജിപ്തിലെ പൗരന്മാര്‍ക്കു ധാന്യം വില്‍ക്കുവാന്‍മാത്രമേ സംഭരണശാലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  അനുവാദമുണ്ടായിരുന്നുള്ളൂ. ധാന്യംവേണ്ട വിദേശികള്‍ ജോസഫിനെ നേരില്‍ക്കണ്ട് അപേക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ടു റൂബനും സഹോദരങ്ങളും ജോസഫിന്റെ കൊട്ടാരത്തിലെത്തി. സിംഹാസനത്തില്‍ ഉപവിഷ്ടനായ ജോസഫിനെ അവര്‍ താണുവണങ്ങി. 

ഒരു നിമിഷാര്‍ദ്ധത്തില്‍ ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, പതിനേഴാംവയസ്സില്‍, ഒരു രാത്രിയില്‍ താന്‍കണ്ട സ്വപ്നം അപ്പോള്‍ അവന്റെ ഓര്‍മ്മയിലെത്തി.

ജോസഫും സഹോദരങ്ങളും വയലില്‍ കൊയ്തുകൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റുനിന്നു. പതിനൊന്നു സഹോദരന്മാരുടെയും കറ്റകള്‍ ജോസഫിന്റെ കറ്റയെ താണുവണങ്ങി. വീണ്ടുമൊരു സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും ജോസഫിന്റെ മുമ്പിലെത്തി അവനെ താണുവണങ്ങി.

തന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിക്കുന്ന സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും ജോസഫ് അതു പ്രകടമാക്കിയില്ല. ഹീബ്രുഭാഷയില്‍ സംസാരിച്ചതുമില്ല. ഹീബ്രു അറിയുന്ന ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഈജിപ്ഷ്യൻ ഭാഷയിലാണു ജോസഫ് തന്റെ സഹോദരന്മാരോടു സംസാരിച്ചത്.

“വിദേശികളായ നിങ്ങള്‍ എന്തിനിവിടെ വന്നു? ഈജിപ്തിന്റെ സമൃദ്ധിയെക്കുറിച്ചു കേട്ടറിഞ്ഞ്, ഹെബ്രായരാജാവയച്ച ചാരന്മാരല്ലേ നിങ്ങള്‍? രാജ്യത്തെ ഒറ്റുനോക്കി, ആക്രമിക്കാനുള്ള പഴുതുകണ്ടെത്തുകയല്ലേ നിങ്ങളുടെ ലക്ഷ്യം?”

ജോസഫിന്റെ ചോദ്യംകേട്ടു ഭയത്തോടെ റൂബന്‍ പറഞ്ഞു: “അല്ല, പ്രഭോ. അങ്ങയുടെ ദാസന്മാര്‍മാത്രമാണു ഞങ്ങള്‍. ദാരിദ്ര്യത്താല്‍വലഞ്ഞപ്പോള്‍, ധാന്യംവാങ്ങാനായി ഈ ദേശത്തു വന്നവരാണ്.”  

“നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഒന്നു ഞാനുറപ്പുതരാം.  നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കുകയില്ല. മറിച്ച്, ഈജിപ്തിനെതിരേ ചാരവൃത്തിക്കു വന്നവരാണെങ്കില്‍, തലയരിഞ്ഞ നിങ്ങളുടെ ശരീരങ്ങള്‍ ഈജിപ്തിലെ കഴുകന്മാര്‍ ഭക്ഷിക്കും.”

“ഞങ്ങള്‍ സത്യസന്ധരാണു പ്രഭോ. ഞങ്ങള്‍ പത്തുപേരും ഒരേ ആളുടെ മക്കളാണ്. ഞങ്ങള്‍ പന്ത്രണ്ടുപുത്രന്മാരാണ്. പതിനൊന്നാമന്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ വൃദ്ധനായ പിതാവിനെ ശുശ്രൂഷിക്കാനായി ഭവനത്തില്‍ത്തന്നെയുണ്ട്‌.”

“നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍ ഒരാള്‍പോയി നിങ്ങളുടെ ഇളയസഹോദരനെ കൂട്ടിക്കൊണ്ടു വരിക. അതുവരെ മറ്റുള്ളവര്‍ ഇവിടെ നില്ക്കട്ടെ.”

റൂബന്‍ പറഞ്ഞു: “വൃദ്ധനായ പിതാവ് അവനെ ഗാഢമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ഒരനുജന്‍ മരിച്ചതിനുശേഷം ഇളയവനെ തന്റെയടുത്തുനിന്നു മാറിനില്ക്കാന്‍ പിതാവ് അനുവദിക്കാറേയില്ല.”

“നിങ്ങളുടെ കഥകള്‍കേട്ടിരിക്കാന്‍ എനിക്കു സമയമില്ല. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളില്‍ത്തന്നെയാണ്. എന്തുവേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.”

തന്റെ കൊട്ടാരത്തിനോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തില്‍ അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ജോസഫ് ഉത്തരവിട്ടു. തടവുകാരാണെങ്കിലും അവര്‍ക്ക്  ഏറ്റവും മികച്ച സൗകര്യങ്ങളും പരിചരണവും നല്കണമെന്നും ഒന്നിനും കുറവുണ്ടാകരുതെന്നും അയാള്‍ തന്റെ ദാസന്മാര്‍ക്കു രഹസ്യമായി നിര്‍ദ്ദേശംനല്കി.

എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ജോസഫ് സഹോദരന്മാരെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ദ്വിഭാഷിയുടെ സഹായത്തോടെമാത്രം അവരുമായി സംസാരിച്ചു. മൂന്നാംദിവസം ജോസഫെത്തുമ്പോള്‍ ഹെബ്രായഭാഷയില്‍ അവര്‍ സംസാരിക്കുന്നത് അവന്‍ കേട്ടു. 

ശിമയോന്‍ പറഞ്ഞു: “ജോസഫിനോടു നമ്മള്‍ചെയ്ത പാപത്തിന്റെ ശിക്ഷയാണിത്. അവനന്നു ഹൃദയംപൊട്ടിക്കരഞ്ഞിട്ടും നമ്മളവനോടു ദയകാട്ടിയില്ല.”

“കുട്ടിയെ ഒന്നുംചെയ്യരുതെന്ന്, ഞാനന്നു പറഞ്ഞതാണ്. മൂത്തവനായ എന്റെ വാക്കുകള്‍ നിങ്ങള്‍ വിലവച്ചില്ല. അവന്റെ രക്തം ഇപ്പോള്‍ നമ്മളോടു പ്രതികാരംചെയ്യുന്നു.” റൂബന്‍ കരഞ്ഞുപോയി.

അപ്പോള്‍ ജോസഫ് അവരുടെ മുന്നിലേക്കു ചെന്നു. 

ജോസഫിന്റെ ഹൃദയം അവരോടുള്ള സ്നേഹത്താല്‍ തുടിച്ചു. ബഞ്ചമിനെയും ആബയേയും കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. എങ്കിലും അവന്‍ അവര്‍ക്കുമുമ്പില്‍ സ്വയംവെളിപ്പെടുത്തിയില്ല.

തങ്ങള്‍ പറഞ്ഞത്, സഫ്നാത്ത് ഫനായ കേട്ടുവെന്നു റൂബനും സഹോദരന്മാരുമറിഞ്ഞു. എന്നാല്‍ അവനു ഹീബ്രു മനസ്സിലാകില്ലെന്ന്  അവര്‍ കരുതി.

ശിമയോനെ ബന്ധിക്കാന്‍ ജോസഫ് ഭൃത്യന്മാരോടാജ്ഞാപിച്ചു. എന്താണു സംഭവിക്കാന്‍പോകുന്നതെന്നറിയാതെ എല്ലാവരും വല്ലാതെ ഭയന്നു. 

ജോസഫ് റൂബനോടു പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന പൊന്‍നാണയങ്ങളുടെ തൂക്കത്തിനനുസരിച്ചുള്ള ധാന്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. നിങ്ങള്‍ ചാരന്മാരല്ലെങ്കില്‍ അതുമായി മടങ്ങിപ്പോയി നിങ്ങളുടെ ഇളയസഹോദരനുമായി തിരികേവരുക. അതുവരെ നിങ്ങളുടെ ഈ സഹോദരന്‍ ഈജിപ്തിന്റെ തടവറയില്‍ക്കഴിയും.”

ശിമയോനെ അവരുടെ അടുക്കല്‍നിന്നു മാറ്റി, ബന്ധനമഴിച്ച്, എല്ലാ സൗകര്യങ്ങളുമുള്ള മറ്റൊരു ഗൃഹത്തില്‍ താമസിപ്പിക്കാന്‍ ജോസഫ് രഹസ്യനിര്‍ദ്ദേശംനല്കി.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം ചാക്കുകളില്‍ നിറയ്ക്കാനും അവര്‍തരുന്ന പണംമുഴുവന്‍ കിഴികളിലാക്കി, ഓരോരുത്തരുടെയും ചാക്കിനുള്ളില്‍, ഏറ്റവുംമുകളിലായി തിരികെവയ്ക്കാനും ജോസഫ് ജോലിക്കാരോടു നിര്‍ദ്ദേശിച്ചു.  

ഗത്യന്തരമില്ലാതെ, ശിമയോനെ ഈജിപ്തില്‍വിട്ട്, ധാന്യം കഴുതപ്പുറത്തുകയറ്റി, പിറ്റേന്നുപുലര്‍ച്ചെ, അവര്‍ കാനാന്‍ദേശത്തേക്കു മടങ്ങി. ഒരു പകലിന്റെ യാത്രയ്ക്കുശേഷം രാത്രിയില്‍ത്താമസിക്കാന്‍ അവര്‍ ഒരു സത്രത്തിലെത്തി.  
കഴുതകളെ സത്രത്തിലെ തൊഴുത്തില്‍ കെട്ടിയശേഷം ധാന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ പണംമുഴുവന്‍ ചാക്കുകളിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഭയത്തോടെ പരസ്പരം നോക്കി.

“കര്‍ത്താവെന്താണു നമ്മളോടിങ്ങനെ ചെയ്യുന്നത്? ഇനിയെന്താവും സംഭവിക്കുക? നമുക്കു മടങ്ങിപ്പോയി പണം തിരികെയേല്പിച്ചാലോ?”

“ഇപ്പോള്‍ത്തന്നെ നമ്മള്‍ ഒരുപാടു വൈകിയിരിക്കുന്നു. മടങ്ങിപ്പോയാല്‍ നമ്മളിനിയും രണ്ടുദിവസംകൂടെ വൈകും. നമ്മളെക്കാണാതായാല്‍ ആബാ വിഷമിക്കും. അതുകൊണ്ട്, എന്തുംവരട്ടെ; നമുക്കു നാട്ടിലേക്കുള്ള യാത്രതുടരാം. ബെഞ്ചമിനുമായി തിരികെവരുമ്പോള്‍ പണം സാഫ്നത്ത് ഫനായയ്ക്കു മടക്കിനല്കാം.” റൂബന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ അംഗീകരിച്ചു. 

എങ്കിലും ആ രാത്രിയില്‍ അവരിലൊരാൾക്കുപോലും ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
_________________________________________________________________

¶ സാഫ്നത്ത് ഫനായ് – ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday, 9 July 2017

19. ഈജിപ്തിന്റെ അധിപൻ


ബൈബിൾക്കഥകൾ - 19


ഫറവോ നൈൽനദീതീരത്തു നില്ക്കുകയായിരുന്നു. പെട്ടെന്നു്, തടിച്ചുകൊഴുത്ത ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ നദീതടത്തിലെ പുല്‍ത്തകിടിയില്‍ മേയാനിറങ്ങി. ഏഴുപശുക്കളും ലക്ഷണമൊത്തവയായിരുന്നു. ഫറവോ നോക്കിനില്ക്കേ മെലിഞ്ഞതും വിരൂപികളുമായ ഏഴുപശുക്കള്‍കൂടെ നൈലില്‍നിന്നു കയറിവന്നു. നദീതീരത്തുനിന്നിരുന്ന അഴകുള്ള, കൊഴുത്തപശുക്കളെ മെലിഞ്ഞുവിരൂപരായ പശുക്കള്‍ വിഴുങ്ങിക്കളഞ്ഞു.

ഫറവോ ഞെട്ടിയുണര്‍ന്നു.

മുനിഞ്ഞുകത്തുന്ന കിടപ്പറദീപത്തിന്റെ അരണ്ടവെളിച്ചത്തിൽ, താൻ പള്ളിമെത്തയിലാണെന്നും കണ്ടതു് ഒരുകിനാവുമാത്രമാണെന്നും അയാൾ തിരിച്ചറിഞ്ഞു.

ഈ കിനാവിന്റെ അർത്ഥമെന്താകുമെന്നു ചിന്തിച്ചുകിടന്ന്, ഫറവോ വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നംകൂടെ അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞുതുടങ്ങി.

പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ ഒരു കോതമ്പുചെടിയിൽ വളര്‍ന്നുപൊങ്ങി. ഇളംകാറ്റിൽ ആ ധാന്യക്കതിരുകൾ ഊയലാടവേ, ഉണങ്ങിക്കരിഞ്ഞ, ശുഷ്കമായ ഏഴു കതിരുകള്‍കൂടെ അതേ ചെടിയിൽനിന്നുയര്‍ന്നുവന്നു.      
ശോഷിച്ചുണങ്ങിയ ആ കതിരുകള്‍ പുഷ്ടിയുമഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ വീണ്ടും ഞെട്ടിയുണർന്നു. വിചിത്രങ്ങളായ രണ്ടു സ്വപ്നങ്ങളും അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു. ചിന്താഭാരത്താൽ, ഉറക്കമയാളെ വിട്ടൊഴിഞ്ഞു. ഫറവോ അസ്വസ്ഥനായി.      

പുലർച്ചേതന്നെ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ ഫറവോ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കുമതിനു കഴിഞ്ഞില്ല.      

അപ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെക്കുറിച്ചോർത്തു. അവൻ ഫറവോയോടുണർത്തിച്ചു:
       
"അവിടുത്തെ ഹിതത്തിനെതിരായി പ്രവർത്തിച്ചപ്പോൾ അങ്ങ് എന്നെയും പാചകപ്രമാണിയെയും തടവിലിട്ടിരുന്നതോർക്കുന്നില്ലേ? അന്നൊരു രാത്രിയിൽ ഞങ്ങള്‍ക്കു രണ്ടുപേർക്കും ഓരോ സ്വപ്നങ്ങളുണ്ടായി..       
അതിന്റെ അർത്ഥമെന്തെന്നു ഞങ്ങൾക്കു മനസ്സിലായില്ല.

ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവ് തടവിലുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, അവന്‍ ഞങ്ങള്‍ക്കതു വ്യാഖ്യാനിച്ചുതന്നു. അതുപോലെതന്നെ സംഭവിച്ചു. എന്നെ എന്റെ ഉദ്യോഗത്തില്‍ അവിടുന്നു പുനർനിയമിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയുംചെയ്തു."
       
പിന്നെ വൈകിയില്ല, ജോസഫിനെ കൊട്ടാരത്തിലെത്തിക്കാൻ ഫറവോ ദൂതനെയയച്ചു. ക്ഷൗരംചെയ്യിച്ചു്, പുതുവസ്ത്രങ്ങളുമണിയിച്ചു്,  അവരവനെ ഫറവോയുടെ മുമ്പിലെത്തിച്ചു. 

ജോസഫ്, ഫറവോയുടെമുമ്പിൽ താണുകുനിഞ്ഞ്, ഉപചാരമർപ്പിച്ചു. കാനാൻദേശത്തെ പൊട്ടക്കിണറിൽക്കിടക്കുമ്പോഴും ഈജിപ്തിലെ അടിമച്ചന്തയിൽ വില്പനച്ചരക്കായി നിൽക്കുമ്പോഴും പോത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങളെ തിരസ്കരിച്ചപ്പോഴും കൂടെയുണ്ടായിരുന്ന കർത്താവു്, അപ്പോഴും ജോസഫിനോടുകൂടെയുണ്ടായിരുന്നു.

"നിനക്കു സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടെന്നു ഞാനറിഞ്ഞു. എന്റെ സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിച്ചാൽ നിനക്കു ഞാൻ വലിയസമ്മാനങ്ങൾ നല്കും."

"അതെന്റെ കഴിവല്ല; എന്നാല്‍ ദൈവമാണു് അങ്ങേയ്ക്കു സ്വപ്നംനല്കിയതെങ്കിൽ, എന്റെ പിതാക്കന്മാരുടെ ദൈവമായ കർത്താവു്, തൃപ്തികരമായ വ്യാഖ്യാനം എന്നിലൂടെ  അങ്ങേയ്ക്കു നല്കും." ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
      
ഫറവോ, താൻകണ്ട സ്വപ്നം ജോസഫിനോടു പറഞ്ഞു: "സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു. കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു. അവ നദീതീരത്തെ പുല്‍ത്തകിടിയില്‍ മേയാൻതുടങ്ങി. അപ്പോൾ മെലിഞ്ഞുവിരൂപരായ ഏഴുപശുക്കൾകൂടെ നദിയിൽനിന്നു കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശോഷിച്ചുവിരൂപരായ ആ പശുക്കൾ,‍ ആദ്യം ഞാൻകണ്ട ഏഴു കൊഴുത്തപശുക്കളെ വിഴുങ്ങിക്കളഞ്ഞു, എന്നാല്‍ മെലിഞ്ഞ പശുക്കള്‍ മുമ്പെന്നപോലെ, ശോഷിച്ചുതന്നെ കാണപ്പെട്ടു. 

വീണ്ടുമൊരു സ്വപ്നത്തില്‍ പുഷ്ടിയുമഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു. അധികംവൈകാതെ ശുഷ്‌കിച്ചതും വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍കൂടെ ആ തണ്ടിൽ പൊങ്ങിവന്നു. ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.

ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനായി  ഈജിപ്തിലെ മന്ത്രവാദികളെയും ജ്ഞാനികളെയും ഞാൻ വിളിച്ചെങ്കിലും അതു വ്യാഖ്യാനിച്ചുതരുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല."      

പറഞ്ഞു നിറുത്തിയിട്ടു്, ഫറവോ പ്രതീക്ഷയോടെ ജോസഫിന്റെ മുഖത്തേക്കു നോക്കി. 

ജോസഫ് പറഞ്ഞു: "ഈ സ്വപ്നങ്ങൾ അങ്ങേയ്ക്കു നല്കിയ കർത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ.. രണ്ടുസ്വപ്നങ്ങളുടെയും അര്‍ത്ഥം ഒന്നുതന്നെ! ദൈവം അങ്ങയോടു ഭാവി കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.       
ഏഴു കൊഴുത്തപശുക്കള്‍ സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളാണ്; ഏഴു നല്ല കതിരുകളും സമൃദ്ധിനിറഞ്ഞ ഏഴുവര്‍ഷങ്ങൾതന്നെ; പുറകേവന്ന മെലിഞ്ഞു വിരൂപികളായ ഏഴുപശുക്കളും ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകളും ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാണ്.       

ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു. പിന്നീടുവരുന്ന ഏഴുവർഷങ്ങളോ, കഠിനമായ ക്ഷാമത്തിന്റെ കാലമായിരിക്കും. സമൃദ്ധിയുടെ കാലം ഈജിപ്തുകാർ മറന്നുപോകുംവിധം ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
ആദ്യത്തെ ഏഴുവർഷങ്ങളുടെ സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. അത്രയ്ക്കു രൂക്ഷമായ ക്ഷാമമാണു വരാനിരിക്കുന്നതു്.       

ഇക്കാര്യം ഉടനെതന്നെ ദൈവം നടപ്പിലാക്കുമെന്നതിനാലാണ്, വ്യത്യസ്തരീതികളിൽ സ്വപ്നമാവർത്തിച്ചതു്."     

ഫറവോ അല്പനേരം ആലോചനയിൽ മുഴുകി.

"ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ തരണംചെയ്യാൻ ഞാനെന്തു ചെയ്യണമെന്നാണു് നിന്റെ അഭിപ്രായം." അയാൾ ജോസഫിനോടുതന്നെ ഉപദേശമാരാഞ്ഞു.

"വിവേകിയും ബുദ്ധിമാനുമായ ഒരാളെക്കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി അങ്ങയാളെ നിയമിക്കണം. അവനുകീഴിൽ എല്ലായിടത്തും ഫറവോയ്ക്കായി സംഭരണശാലകൾ നിർമ്മിക്കണം. സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നെങ്കിലും ഈ സംഭരണശാലകളിൽ ശേഖരിക്കണം!     

ഈജിപ്തില്‍ ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെനേരിടാനുള്ള കരുതല്‍ധാന്യമായിരിക്കുമത്. അങ്ങനെ നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

സ്വപ്നങ്ങൾക്കു ജോസഫ് നല്കിയ വ്യാഖ്യാനവും പരിഹാരനിർദ്ദേശവും ഫറവോയ്ക്കിഷ്ടപ്പെട്ടു.
     
ജോസഫിനെ വിശ്രമമുറിയിലിരുത്താൻ  നിർദ്ദേശംനല്കിയശേഷം അയാൾ തന്റെ കാര്യവിചാരകന്മാരുമായി കൂടിയാലോചിച്ചു: "ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെക്കണ്ടെത്താന്‍ നമുക്കുകഴിയുമോ? ധാന്യശേഖരണത്തിന്റെ ചുമതല, നമുക്ക് ഇവനെത്തന്നെയേല്പിക്കാം." ഫറവോ പറഞ്ഞു. ഫറവോയുടെ നിർദ്ദേശത്തെക്കുറിച്ച്, ഒരാൾക്കുപോലും എതിരഭിപ്രായമില്ലായിരുന്നു.

ഫറവോ ജോസഫിന്റെയടുത്തു മടങ്ങിവന്നു പറഞ്ഞു:       
"ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ടും നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ലാത്തതുകൊണ്ടും നീ എന്റെ നാടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും."

തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്ത്, അയാൾ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങളും  സ്വര്‍ണ്ണമാലയും ധരിപ്പിച്ചു. ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. 
ഈജിപ്തു രാജ്യത്തിനുമുഴുവന്‍ അധിപനായി അവനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഫറവോ തുല്യംചാർത്തി. 

ഫറവോ ജോസഫിനോടു പറഞ്ഞു: "ഞാന്‍ ഈജിപ്തിന്റെ ഫറവോയാണ്. ഇനി നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല."  

സാഫ്നത്ത് ഫനായയ്ക്കു സഞ്ചരിക്കാൻ ഫറവോയുടെ രണ്ടാംരഥം വിട്ടുകൊടുത്തു. ഓനിലെ പുരോഹിതനായിരുന്ന പൊത്തിഫെറായുടെ മകള്‍ അസ്‌നത്തുമായി ഫറവോ സാഫ്നത്ത് ഫനായിയുടെ വിവാഹവുംനടത്തി. 
       
ജോസഫ് ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ജോസഫിനെ ജയിലിലടച്ച അവന്റെ പഴയ യജമാനൻ, കാലാൾപ്പടയുടെ നായകനായ പോത്തിഫർ, തന്റെ പടയാളികൾക്കൊപ്പം ജോസഫിന്റെ രഥത്തിനു മുമ്പിലോടി. 

"മുട്ടുമടക്കുവിൻ, ഈജിപ്തിന്റെ സർവ്വാധിപൻ രഥത്തിലെഴുന്നള്ളുന്നു..." പോത്തിഫറും പടയാളികളും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു....

- - - - - - - - - - - - - - - - -

 ¶സാഫ്നത്ത് ഫനായ  - ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday, 2 July 2017

18. വഴികാട്ടുന്ന സ്വപ്നങ്ങള്‍

ബൈബിൾക്കഥകൾ 18

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകന്മാരിലൊരുവനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലിക്കാരനായി അയാൾക്കൊരടിമയെ വേണമായിരുന്നു.

വടിവൊത്ത, കരുത്തൻശരീരമുള്ള, സുമുഖനായ ജോസഫിനുവേണ്ടിയുള്ള വിലപേശലുകൾനടക്കുന്നതിനിടയിലാണ്, അയാൾ അടിമച്ചന്തയിലെത്തിയത്. പോത്തിഫറിനു ജോസഫിനെ ഇഷ്ടമായി. വിലപേശലുകൾക്കൊടുവിൽ അയാളവനെത്തന്നെ വിലയ്ക്കുവാങ്ങുകയുംചെയ്തു.

പുതിയ അടിമയുമായി അയാൾ ഭവനത്തിലെത്തി. അവർ പടിവാതിൽകടക്കുംമുമ്പ്, ഫറവോയുടെ ഒരു ദൂതനുമവിടെയെത്തി. ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചുകൊണ്ടുള്ള, ഉത്തരവുമായാണ് ദൂതനെത്തിയത്. 

പുതിയ അടിമയുടെ വരവാണ് തനിക്ക് ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ നിശ്ചയിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട കാര്യങ്ങളിലെല്ലാം കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ, ജോസഫ് യജമാനന്റെ ഭവനത്തിന്റെയും എല്ലാ സ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായിത്തീർന്നു

പോത്തിഫറിന്റെ കുടുംബാംഗങ്ങൾക്കും ദാസീദാസന്മാർക്കും ജോസഫ് പ്രിയങ്കരനായിരുന്നു. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. അവിടുത്തെത്തിരക്കുകൾക്കിടയിൽ, പിതൃഭവനത്തെക്കുറിച്ചോ ജ്യേഷ്ഠന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചോ ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

ജോസഫിന്റെ ആകർഷകമായ വ്യക്തിത്തവും സൗമ്യമായ പെരുമാറ്റവും കരുത്തുറ്റ ശരീരവും
പോത്തിഫറിന്റെ ഭാര്യയെ ഭ്രമിപ്പിച്ചു. അവൻ അവളുടെ സ്വപ്നങ്ങളിലിടംപിടിച്ചു. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു. ഭർത്താവു വീട്ടിലില്ലാത്തപ്പോളെല്ലാം ജോസഫിനോടു കളിതമാശകൾ പറഞ്ഞുകൊണ്ട്, അവനോടൊപ്പമായിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

അവൻ പിന്തിരിപ്പിക്കാൻശ്രമിച്ചെങ്കിലും അവൾ, അവനിൽനിന്നകന്നില്ല. പകരം കൂടുതൽകൂടുതൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം നിലമറന്ന്, തന്നോടൊപ്പം ശയിക്കാനായിപ്പോലും അവളവനെ ക്ഷണിച്ചു!

“അദ്ദേഹത്തിനു നിന്നെ വലിയവിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ട്, യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹമെന്റെ മേല്‍നോട്ടത്തില്‍വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ! കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്നാലിതാ, എന്റെമേല്‍ നിനക്കു ഞാനധികാരംതരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. എന്റെ ദൈവമായ കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്, അവള്‍ നിശ്ചയിച്ചു.


എന്നാൽ കഴിയുന്നതും അവളുടെ കണ്മുമ്പില്‍ച്ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍, അവനറിയാതെ അവളവന്റെ പിന്നിലെത്തി, അവനെത്തന്നോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളുമിതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെപോകുന്നില്ല.” ജോസഫ് കുതറിയോടി. അവളവനെ പിടിച്ചുനിറുത്താൻശ്രമിച്ചെങ്കിലും അവന്റെ മേലങ്കിമാത്രമേ അവളുടെ കൈകളില്‍ക്കിട്ടിയുള്ളൂ. മേലങ്കിയുപേക്ഷിച്ച്, അവനോടി രക്ഷപ്പെട്ടു.

അവള്‍ തന്റെ വസ്ത്രംകീറി.. പിന്നെ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു: “എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു *ഹെബ്രായനെ എന്തിനാണീ വീട്ടിൽ നിറുത്തിയിരിക്കുന്നത്? അവനിതാ എന്നെ കടന്നുപിടിക്കാൻപോലും ധൈര്യംകാണിച്ചിരിക്കുന്നു...”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെയപമാനിക്കാന്‍ശ്രമിച്ചു. അവനെന്നെ കടന്നുപിടിച്ചു. ഞാനലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.” ജോസഫിന്റെ പുറങ്കുപ്പായവും തന്റെ, കീറിയവസ്ത്രവും അവൾ ഭർത്താവിനു തെളിവായി നല്കി.

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. ജോസഫിൽനിന്ന് ഇങ്ങനെയൊരു പ്രവൃത്തിയുണ്ടാകുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. അയാള്‍ ജോസഫിനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്കൊന്നും അവനുത്തരം പറഞ്ഞില്ല. അവന്റെ മൗനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

ജോസഫ് തടവറയിലടയ്ക്കപ്പെട്ടു. കാരാഗൃഹവാതിൽ പിന്നിൽനിന്നടഞ്ഞപ്പോൾ, അവൻ തറയില്‍ മുട്ടുകുത്തി. ഏറെനാളുകൾക്കുശേഷം പിതൃഭവനത്തെക്കുറിച്ചു  വീണ്ടുമവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് തീവ്രമായ  ആഗ്രഹംതോന്നി. ആബായുടേയും അമ്മമാരുടേയും ചേച്ചിയുടേയും മുഖങ്ങൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു. അവന്‍ കര്‍ത്താവിനുമുമ്പില്‍ കണ്ണുനീര്‍ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായിരുന്നു. അവിടുന്ന്, കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോടു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടംതന്നെ ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കർത്താവവനെയനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടിവന്നിരുന്നില്ല.

അങ്ങനെയിരിക്കേ, അപ്രതീക്ഷിതമായി, രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രങ്ങളായ, അവരിരുവരെയും ജോസഫ്കഴിഞ്ഞിരുന്ന കാരാഗൃഹത്തിലാണടച്ചത്.

മറ്റുതടവുകാരെയെന്നപോലെ, കാരാഗൃഹമേധാവി, അവരെയും ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് തടവുകാരുടെ മുറികളില്‍ പതിവു സന്ദര്‍ശനത്തിനായെത്തി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ ഓരോ സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമായ കര്‍ത്താവില്‍നിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: "മൂന്നു ശാഖകളുള്ളൊരു മുന്തിരിവള്ളിയാണു സ്വപ്നത്തില്‍ ഞാൻ കണ്ടത്. അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.അപ്പോള്‍ എന്റെ കൈയിൽ ഫറവോയുടെ പാനപാത്രമുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞ്, പാനപാത്രത്തിലൊഴിച്ച്, ഫറവോയ്ക്കു നല്കി. ഇതാണു ഞാൻകണ്ട സ്വപ്നം. ഇതിന്റെയർത്ഥമെന്താണെന്നു പറഞ്ഞുതരാൻപറ്റിയ ആരെയെങ്കിലും നിനക്കറിയാമോ?"

"ഞാൻ പറഞ്ഞുതരുന്നതിൽ വിരോധമുണ്ടോ?" ജോസഫ് പുഞ്ചിരിയോടെ ചോദിച്ചു.

അല്പനേരം മൗനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മുന്തിരിവള്ളിയുടെ മൂന്നു ശാഖകള്‍, മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെപ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും. അതാണ് ഈ സ്വപ്നമർത്ഥമാക്കുന്നത്."

ഒരു നിമിഷത്തെ മൗനത്തിനുശേഷം ജോസഫ് തുടർന്നു:

"എനിക്കു താങ്കളോടൊരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍മ്മിക്കണം, എന്നോടു കാരുണ്യംകാണിക്കണം. ഒരു കുറ്റവുംചെയ്യാതെയാണ്, വിചാരണപോലുംകൂടാതെ ഞാനീ തടവറയിൽക്കഴിയുന്നത്. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞ്, നിങ്ങളെ ഞാന്‍ മോചിപ്പിക്കുകയുംചെയ്യും”

പാചകനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു: “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”

അല്പനേരം ധ്യാനനിമഗ്നനായിരുന്നശേഷം
ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല! മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” 
പാചകക്കാരന്‍ ദുഃഖംസഹിക്കാനാകാതെ കരഞ്ഞു. "എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!"

ജോസഫ് അതിനു മറുപടി നല്കിയില്ല. അയാളെതന്നോടുചേർത്തുപിടിച്ച്, അവൻ അയാളുടെ തോളിൽത്തട്ടി ആശ്വസിപ്പിക്കാൻശ്രമിച്ചു.

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയുംകുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പ്രവചിച്ചതുപോലെ, ഫറവോ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാനും വിധിച്ചു.

പാനപാത്രവാഹകൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ അയാൾ ജോസഫിനെക്കുറിച്ച് ഓര്‍മ്മിച്ചതേയില്ല; തടവറയിലെ ദിനങ്ങൾ അയാള്‍ മറന്നുകളഞ്ഞു.

ഋതുക്കൾ മാറിമറിഞ്ഞു. ജോസഫിന്റെ തടവറജീവിതം പിന്നെയും രണ്ടുവർഷങ്ങൾ പിന്നിട്ടു. ജോസഫിനു മുപ്പതുവയസ്സു പൂർത്തിയായി. ഈജിപ്തിലെത്തിയിട്ടു പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടെന്ന് അവനോർത്തു. ഇനിയെന്നെങ്കിലും പുറംലോകം കാണുവാനാകുമോയെന്ന് അറിഞ്ഞുകൂടെങ്കിലും സഹതടവുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനുംകിട്ടുന്ന അവസരങ്ങളൊന്നും ജോസഫ് പാഴാക്കിയില്ല.

----------------------------------------------------------------------------------------
*ഹെബ്രായൻ - ഹീബ്രുഭാഷ സംസാരിക്കുന്നയാൾ