Sunday, 6 August 2017

23. ഇസ്രായേല്‍വംശം

ബൈബിൾക്കഥകൾ 23

ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമടക്കം തങ്ങള്‍ക്കുള്ളതെല്ലാം ശേഖരിച്ച്, ഇസ്രായേലും മക്കളും യാത്രയ്ക്കൊരുങ്ങി.

ഫറവോ അയച്ച, ഇരട്ടക്കുതിരകളെപ്പൂട്ടിയ രഥങ്ങളില്‍ അവര്‍ ഇജിപ്തിലേക്കു പുറപ്പെട്ടു. ആടുമാടുകളും കഴുതകളും ഒട്ടകങ്ങളുമായി ദാസന്മാർ പിന്നിൽ നടന്നു. ക്ഷാമവും വരള്‍ച്ചയും കീഴടക്കിയ കാനാന്‍ദേശം അവരുടെ പിന്നില്‍മറഞ്ഞു.

ജോസഫ്, തന്റെ പിതാവിനെ സ്വീകരിക്കാന്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. യാക്കോബും മക്കളും മരുമക്കളും പേരക്കുട്ടികളുമായി അറുപത്തിയാറുപേരടങ്ങുന്ന സംഘത്തെ ജോസഫ് സ്വീകരിച്ചു. അയാള്‍ ഇസ്രായേലിന്റെ കാല്‍ക്കല്‍ വീണുതേങ്ങി.

ഇസ്രായേല്‍ തൻ്റെ പുത്രനെ മാറോടുചേര്‍ത്തു. രണ്ടുപേരും കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം മിഴികളില്‍ നീര്‍മണികളുതിര്‍ന്നു.

ജോസഫിന്റെ ഭാര്യയായ അസ്നയും മക്കളായ മനാസ്സെയും എഫ്രായിമും യാക്കോബിന്റെ കാല്‍തൊട്ടു വന്ദിച്ചു. 

"മരിച്ചുപോയെന്നു ഞാന്‍കരുതിയ എന്റെ ഓമനമകനെ, സര്‍വ്വൈശ്വര്യങ്ങളും അധികാരങ്ങളുമുള്ളവനായും അവന്റെ പിതാവിനെയും സഹോദരങ്ങളെയും താങ്ങുവാന്‍ കരുത്തുള്ളവനായും തിരികെനല്കിയ യഹോവ വാഴ്ത്തപ്പെടട്ടെ!" യാക്കോബു ദൈവത്തെ സ്തുതിച്ചു.

തന്റെ സഹോദരന്മാരില്‍ അഞ്ചുപേരോടൊപ്പം ജോസഫ് ഫറവോയെ മുഖംകാണിച്ചു.

ഫറവോ ജോസഫിനോടു സന്തോഷത്തോടെ പറഞ്ഞു: "നിന്റെ പിതാവും സഹോദരന്മാരും നിന്റെയടുത്തേക്കു വന്നതു സന്തോഷകരംതന്നെ! ഈജിപ്തുദേശംമുഴുവനും നിനക്കധീനമാണ്. നാട്ടില്‍, ഏറ്റവും നല്ലസ്ഥലത്ത് നിന്റെ പിതാവിനെയും സഹോദരന്മാരെയും നിനക്കു പാര്‍പ്പിക്കാം. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അതല്ലേ നല്ലത്? അതല്ലെങ്കില്‍ റംസേസ് പൂര്‍ണ്ണമായും അവര്‍ക്കവകാശമായി നല്കൂ."

ഫറവോ, തന്റെ കാലികളുടെ പരിപാലനച്ചുമതല ജോസഫിന്റെ സഹോദരന്മാരുടെ അധികാരത്തിലാക്കി. 

പിറ്റേന്ന്, ജോസഫ് പിതാവുമായി ഫറവോയുടെ മുമ്പിലെത്തി. ഇസ്രായേല്‍ ഫറവോയെ അനുഗ്രഹിച്ചുകൊണ്ടു പ്രാര്‍ത്ഥിച്ചു.

വൃദ്ധനെങ്കിലും ആരോഗദൃഢഗാത്രനായ യാക്കോബിനോടു ഫറവോ ചോദിച്ചു: " അങ്ങേയ്ക്കിപ്പോള്‍ എത്രവയസ്സുണ്ട്?"

ഇസ്രായേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ജീവിതമെത്ര ഹ്രസ്വമാണ്. എന്റെയീ ദേശാടനജീവിതം ഇപ്പോള്‍ നൂറ്റിമുപ്പതു സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു! എങ്കിലും കഴിഞ്ഞുപോയ വര്‍ഷങ്ങളെല്ലാം നിമിഷദൈര്‍ഘ്യങ്ങള്‍മാത്രമുള്ള സ്മരണകളായി കണ്‍മുമ്പിലുണ്ട്."

"അങ്ങയുടെ മകനെപ്പോലെതന്നെ എന്നെയും കരുതുക. അങ്ങയ്ക്കിവിടെ ഒന്നിനും കുറവുണ്ടാകുകയില്ല." ഫറവോ ഉറപ്പുനല്കി.

ഒരിക്കല്‍ക്കൂടെ ഫറവോയെ അനുഗ്രഹിച്ച്, ഇസ്രായേല്‍ മടങ്ങി. 

ഈജിപ്തിലെ ഏറ്റവും ഫലപുഷ്ടമായ റംസേസ് പ്രവിശ്യയിലെ ഗോഷന്‍ദേശംമുഴുവന്‍ ജോസഫ് തന്റെ സഹോദരന്മാര്‍ക്കായി നല്കി. 

കാനാന്‍ദേശത്തുനിന്നുവന്ന അറുപത്തിയാറുപേരും ജോസഫ്, ഭാര്യ അസ്നം, മക്കളായ മനാസ്സെ, എഫ്രായിം എന്നിവരുമുള്‍പ്പെടെയുള്ള എഴുപതുപേര്‍ ഇസ്രായേല്‍ജനമെന്നപേരിൽ ഈജിപ്തില്‍ അറിയപ്പെട്ടുതുടങ്ങി.

ക്ഷാമം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരുന്നു. ധാന്യംവാങ്ങാൻ ജനങ്ങളുടെ കൈവശം പണമില്ലാതെയായി. അവര്‍ തങ്ങളുടെ കന്നുകാലികളെയും വയലുകളും ധാന്യത്തിനായി വിറ്റു. ആടുമാടുകള്‍ക്കും കുതിരകള്‍ക്കും കഴുതകള്‍ക്കുംപകരമായി ജോസഫ് അവര്‍ക്കു ധാന്യംനല്കി. വയലുകളെല്ലാം അവന്‍, ഫറവോയുടെപേരില്‍ എഴുതിവാങ്ങി.

ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈജിപ്തിലെ വയലുകളെല്ലാം ഫറവോയുടെതുമാത്രമായിത്തീർന്നു. 

അപ്പോള്‍ ജോസഫ് ഈജിപ്തിലെങ്ങും ഒരു വിളംബരം പുറപ്പെടുവിച്ചു. 

"ഈജിപ്തിലെ ജനങ്ങള്‍മുഴുവന്‍ അറിയുന്നതിന്, ദൈവകൃപയാല്‍ ഈജിപ്തിന്റെ സിംഹാസനസ്ഥനായ ഫറവോയുടെ വിശ്വസ്തദാസനും ഭരണത്തിലെ രണ്ടാമനുമായ സാഫ്നാത്ത് ഫനായ പുറപ്പെടുവിക്കുന്ന വിളംബരം.... എന്തെന്നാല്‍, ഈജിപ്തിലെ കൊടിയക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ പട്ടിണികൂടാതെ, നമ്മള്‍ കടന്നുകൂടി. നമുക്കുചുറ്റുമുള്ളദേശങ്ങളിലെ ജനങ്ങള്‍ക്കും ധാന്യംനല്കാന്‍ ദൈവാനുഗ്രഹത്താല്‍ നമുക്കു സാധിച്ചു. 

ഈജിപ്തിലെ വിളഭൂമികളെല്ലാം ഇപ്പോൾ ഫറവോയുടെ ഉടമസ്ഥതയിലാണ്. അവയില്‍ കൃഷിചെയ്യാനാഗ്രഹിക്കുന്ന ഏവനും അതിനുള്ള പാട്ടാവകാശവും കൃഷിയിറക്കാന്‍ ആവശ്യമായ വിത്തും ഫറവോയുടെ സംഭരണശാലകളില്‍നിന്നു വിതരണംചെയ്യുന്നതാണ്. എന്നാല്‍ ലഭിക്കുന്ന വിളവിന്റെ അഞ്ചിലൊന്ന്, പാട്ടമായി രാജഭണ്ഡാരത്തിലേയ്ക്കടയ്ക്കേണ്ടതാണ്"

ഈജിപ്തിലെ പുരോഹിതന്മാരൊഴികെ തനിക്കും തന്റെ സഹോദരന്മാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും "അഞ്ചിലൊന്നു ഫറവോയ്ക്ക്'' എന്ന നിയമം ജോസഫ് ബാധകമാക്കി.

ഈജിപ്തില്‍വീണ്ടും സമൃദ്ധിയുടെ നാളുകള്‍ പുലര്‍ന്നു.

കാലം ശരവേഗത്തില്‍പ്പാഞ്ഞു.

യാക്കോബ് മരണത്തിനു കീഴടങ്ങി. ഇസ്രായേലിനോടുള്ള ബഹുമാനാര്‍ത്ഥം, എഴുപതുദിവസങ്ങള്‍ ഈജിപ്തിലെങ്ങും വിലാപകാലമായി ഫറവോ പ്രഖ്യാപിച്ചു.

ഈജിപ്തിലെ ആചാരമനുസരിച്ച്, നാല്പതു ദിവസംകൊണ്ട് ഇസ്രായേലിന്റെ മൃതശരീരം, വൈദ്യന്മാര്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി, നിത്യകാലത്തേക്കു നശിക്കാതിരിക്കുന്നതിനായൊരുക്കി.

വിലാപകാലംകഴിഞ്ഞപ്പോള്‍ യാക്കോബിന്റെ അന്ത്യാഭിലാഷമനുസരിച്ച്, ഫറവോയുടെ അനുമതിയോടെ, മൃതദേഹം മാമ്രേയ്ക്കു കിഴക്ക്, കാനാന്‍ദേശത്തുള്ള മക്‌പെലായില്‍, ഹിത്യനായ എഫ്രോണില്‍നിന്ന്, അബ്രഹാം വാങ്ങിയ ഗുഹയില്‍ സംസ്കരിക്കാനായി കൊണ്ടുപോയി. പിതാക്കന്മാരായ അബ്രാഹാമിനെയും ഭാര്യ സാറയെയും ഇസഹാക്കിനെയും ഭാര്യ റബേക്കയേയും ഇസ്രായേലിന്റെ ഭാര്യ ലെയയേയും സംസ്കരിച്ചത് ആ ഗുഹയില്‍ത്തെന്നെയായിരുന്നു. 

ഫറവോയുടെ വേലക്കാരും കൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ തലവന്മാരും ജോസഫിന്റെ വീട്ടുകാരും സഹോദരന്മാരും രഥങ്ങളും കുതിരക്കാരുമുള്‍പ്പെടെ  വലിയൊരു സംഘമാളുകള്‍ മൃതസംസ്കാരത്തില്‍പ്പങ്കെടുക്കാന്‍ കാനാന്‍ദേശത്തെത്തിയിരുന്നു.

ഋതുക്കള്‍ പലവട്ടം പിന്നെയും മാറിവന്നു. ജോസഫിനെത്തേടിയും വാര്‍ദ്ധക്യമെത്തി. പിതാക്കന്മാരുടെ വഴിയേമടങ്ങാന്‍ തനിക്കുകാലമായെന്നു തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തംമക്കളായ മനാസ്സെയേയും എഫ്രായിമിനെയും തന്റെ സഹോദരന്മാരുടെ മക്കളെല്ലാവരെയും ജോസഫ് ഒരുമിച്ചു വിളിച്ചുകൂട്ടി.

ജോസഫ് പറഞ്ഞു: "ദൈവമെനിക്കു ദീര്‍ഘായുസ്സു നല്കി. എന്റെ മക്കളുടെ മൂന്നാം തലമുറയിലെ മക്കളെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവമൊരിക്കല്‍ നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹാമിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനംചെയ്തനാട്ടിലേക്ക്, അവിടുന്നു നിങ്ങളെ തിരികെക്കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, എന്റെ ഭൗതികാവശിഷ്ടങ്ങള്‍, നിങ്ങൾ ഇവിടെനിന്നു കൊണ്ടുപോകണം. പിതാക്കന്മാരെ അടക്കംചെയ്തിടത്ത് എന്നെയുമടക്കംചെയ്യണം"

ഇതു പാലിക്കുമെന്ന്, ‍ജോസഫ് അവരെക്കൊണ്ടു പ്രതിജ്ഞചെയ്യിച്ചു.

മരിക്കുമ്പോള്‍ ജോസഫിനു നൂറ്റിപ്പത്തു വയസ്സുപ്രായമുണ്ടായിരുന്നു. അവന്റെ മരണത്തില്‍ ഈജിപ്തുമുഴുവന്‍ ദുഃഖിച്ചു. ജനങ്ങള്‍ പൊട്ടിക്കരഞ്ഞു. ഈജിപ്തിലെ വൈദ്യന്മാര്‍ ജോസഫിന്റെ മൃതദേഹത്തില്‍ മരുന്നുകളും പരിമളദ്രവ്യങ്ങളും പൂശി. ഇസ്രായേല്‍ജനത പാര്‍ക്കുന്ന ഗാഷാന്‍ദേശത്ത്,ഒരു ശവകുടീരത്തില്‍ ജോസഫിന്റെ ശരീരം സൂക്ഷിച്ചു.

വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും കാലപ്രവാഹം തുടര്‍ന്നു. ഇസ്രായേല്യര്‍ വലിയൊരു ജനതയായി പെറ്റുപെരുകി. അവര്‍ വളരെയധികം ശക്തിപ്രാപിച്ച്, ഈജിപ്തിലെങ്ങും നിറഞ്ഞു.

ജോസഫിനെക്കുറിച്ചറിയാത്ത ഫറവോമാരുടേയും ജനങ്ങളുടെയും തലമുറകള്‍ കടന്നുവന്നപ്പോഴും, ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കാതെ, കർത്താവിനെമാത്രമാരാധിച്ചിരുന്ന ഇസ്രായേല്‍ജനത, മറ്റുള്ളവരില്‍നിന്നു വേര്‍പെട്ടുനിന്നു.

Sunday, 30 July 2017

22. കിനാവുപോലെ ജീവിതം...

(ബൈബിൾക്കഥകൾ 22)

സാഫ്നത്ത് ഫനായയുടെ വെള്ളിക്കപ്പ്, ബെഞ്ചമിന്റെ ചാക്കില്‍നിന്നുകിട്ടിയതുകണ്ട സഹോദരന്മാര്‍ പതിനൊന്നുപേരും ഭയന്നുവിറച്ചുപോയി. പതിനൊന്നുപേരും തങ്ങളുടെ വസ്ത്രംകീറി.

"കര്‍ത്താവായ യാഹ് വെയെ സാക്ഷിയാക്കി ഞാന്‍പറയുന്നു, സത്യമായും ഇതൊന്നും ഞാനെടുത്തതല്ല." ബെഞ്ചമിന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

"എന്നോടു വിശദീകരിക്കുന്നതില്‍ കാര്യമില്ല, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ യജമാനനോടു പറയൂ. വിചാരണനടത്തുന്നതും ശിക്ഷാവിധി നിശ്ചയിക്കുന്നതും അദ്ദേഹംതന്നെ!" കാര്യസ്ഥന്‍ പതിനൊന്നുപേരേയും അവരുടെ സാധനങ്ങള്‍ക്കൊപ്പം സാഫ്നത്ത് ഫനായയുടെ കൊട്ടാരത്തിലേക്കു തിരികെക്കൊണ്ടുപോയി.

കൊട്ടാരത്തിലെ ദര്‍ബാര്‍മുറിയില്‍ ജോസഫ് അവരെ കാത്തുനിന്നിരുന്നു. അവനെക്കണ്ടതും സഹോദരന്മാര്‍ പതിനൊന്നുപേരും അവന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. പടയാളികള്‍ എല്ലാവരെയും പിടിച്ചെഴുന്നേല്പിച്ചു.

"എന്നെപ്പോലൊരുവന് അധികം തലപുകയ്ക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍പറ്റുമെന്നു നിങ്ങള്‍ ചിന്തിച്ചില്ലേ?" ജോസഫ് ചോദിച്ചു.

യൂദാ പറഞ്ഞു. "ഞങ്ങളുടെ നിരപരാധിത്തം എങ്ങനെ തെളിയിക്കുമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെളിവുകള്‍ ഞങ്ങള്‍ക്കെതിരാണുതാനും! ദൈവഹിതം ഞങ്ങള്‍ക്കെതിരായതിനാല്‍ ഞങ്ങളെല്ലാവരും ഇന്നുമുതല്‍ അങ്ങയുടെ അടിമകളാണ്."

"ഞാന്‍ ഈജിപ്തിനുമുഴുവന്‍ അധികാരിയാണ്; എനിക്കുമുകളില്‍ ഫറവോയും ദൈവവുംമാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാന്‍ അനീതി പ്രവര്‍ത്തിക്കുകയില്ല; വെള്ളിക്കപ്പ് ആരുടെ ചാക്കില്‍നിന്നു ലഭിച്ചോ അവന്‍മാത്രം എനിക്കടിമയായിരിക്കുക. ബാക്കിയുള്ളവര്‍ക്കു ധാന്യവുമായി മടങ്ങിപ്പോകാം."

യൂദാ, ജോസഫിനു സമീപത്തുചെന്നു കൈകള്‍ നെഞ്ചോടുചേര്‍ത്തു തലകുനിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു: "മഹാനായ സാഫ്നത്ത് ഫനായ, ഈജിപ്തില്‍ അങ്ങേയ്ക്കുതുല്യനായി ഫറവോയല്ലാതെ വേറെയാരുമില്ലെന്ന് ഏഴയായ ഞാനറിയുന്നു. അങ്ങയുടെ കല്പനകള്‍ ഫറവോപോലും ചോദ്യംചെയ്യില്ലെന്നും ലോകര്‍ക്കെല്ലാമറിയാം. എങ്കിലും എനിക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ദയവുണ്ടാകണം."

"കുറ്റാരോപിതര്‍ക്കു സ്വന്തംഭാഗം വിശദമാക്കാനുള്ള അവസരം ഈജിപ്തിലെ ഭരണാധികാരികള്‍ നല്‍കാറുണ്ട്. അതുകൊണ്ടു പറയാനുള്ളതെന്താണെങ്കിലും പറഞ്ഞുകൊള്ളൂ."

ഈജിപ്തിലേക്ക് ആദ്യംവന്നപ്പോള്‍മുതല്‍ രണ്ടാംതവണ ബഞ്ചമിനുമായി പോന്നതുവരെയുള്ള കാര്യങ്ങള്‍ യൂദാ, ജോസഫിനോടു വിശദീകരിച്ചു.

"ഞങ്ങളുടെ ഈ ഇളയസഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ വൃദ്ധനായ പിതാവു പിന്നെ ജീവനോടെയുണ്ടാകില്ല. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെടുത്തുകൊണ്ടാണ് അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ അടിമയാക്കിയിട്ട് എന്റെ അനുജനെ മടക്കിയയക്കാന്‍ ദയവുണ്ടാകണം."

സഹോദരങ്ങളുടെ ദൈന്യഭാവവും യൂദായുടെ വാക്കുകളും ജോസഫിനെ വല്ലാതെയുലച്ചു. അവനു വികാരവിക്ഷോഭമടക്കാന്‍കഴിഞ്ഞില്ല. തന്റെ സഹോദരന്മാരൊഴികെ മറ്റെല്ലാവരും മുറിയില്‍നിന്നു പുറത്തുപോകാന്‍ ജോസഫ് ആജ്ഞാപിച്ചു.

സഹോദരന്മാര്‍ മാത്രമായപ്പോള്‍ അവന്‍ യൂദായെ തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

അത്രനേരവും ഈജിപ്ഷ്യൻഭാഷയിൽമാത്രം സംസാരിച്ചിരുന്ന ജോസഫ്, ദ്വിഭാഷിയെക്കൂടാതെ ഹെബ്രായഭാഷയിൽ അവരോടു സംസാരിച്ചുതുടങ്ങി.

"നിങ്ങള്‍ക്കിനിയുമെന്നെ മനസ്സിലായില്ലേ? എന്റെയടുത്തു വരൂ; എന്റെ കണ്ണുകളിലേക്കു നോക്കൂ... ഈജിപ്തില്‍ കച്ചവടംനടത്താനെത്തിയ വണിക്കുകള്‍ക്കു നിങ്ങള്‍വിറ്റ നിങ്ങളുടെ സഹോദരനാണു ഞാന്‍ .."

"ജോസഫ്..."

 "സാഫ്നത്ത് ഫനായ...."

"അതേ, ഈജിപ്തില്‍ സാഫ്നത്ഫനായ എന്നറിയപ്പെടുന്ന ഇസ്രായേല്‍പ്പുത്രനായ ജോസഫ് .... നിങ്ങളെ പരീക്ഷിക്കാനായി, നിങ്ങളുടെ ചാക്കുകളില്‍ പണവും പാനപാത്രവും വച്ചത് എന്റെ ആജ്ഞാനുസരണമാണ്... ഇത്തരത്തില്‍ നിങ്ങളെ വിഷമിപ്പിച്ചതിനു നിങ്ങള്‍ എന്നോടു പൊറുക്കുക..."

സഹോദരങ്ങള്‍ വിസ്മയത്തോടെ ജോസഫിനെ നോക്കി. റൂബന്‍ കരങ്ങള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തെ പുകഴ്ത്തി. ആര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല...

"അന്നു നിങ്ങള്‍ അങ്ങനെചെയ്തതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട. നമ്മുടെ പിതാവായ ഇസ്രായേലിനു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായരീതിയില്‍ നമുക്കു രക്ഷനല്‍കാനുമായി നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കുമുമ്പേ എന്നെ ഇവിടെയ്ക്കയച്ചതാണ്! നിങ്ങളല്ല, കര്‍ത്താവായ യാഹോവയാണ് എന്നെ ഇങ്ങോട്ടയച്ചത്... ദൈവമെന്നെ ഫറവോയ്ക്കു പിതൃതുല്യനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്നതിനപ്പുറം അവനു മറ്റൊരു വാക്കില്ല.ദൈവമെന്നെ ഈജിപ്തുമുഴുവന്റെയും അധിപനാക്കിയിരിക്കുന്നു. നിങ്ങള്‍ വേഗംപോയി നമ്മുടെ പിതാവിനെ ഇങ്ങോട്ടു കൊണ്ടുവരണം. ക്ഷാമംതീരാന്‍ ഇനിയും അഞ്ചുവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈജിപ്തില്‍ നിങ്ങള്‍ക്കൊന്നിനും കുറവുണ്ടാകുകയില്ല. "

പന്ത്രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ബെഞ്ചമിന്‍ ജോസഫിന്റെ തോളില്‍ തലചായ്ച്ചു.

ജോസഫിന്റെ സഹോദരന്മാര്‍ വന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ഫറവോ അത്യധികം സന്തോഷിച്ചു. അവരുടെ ബഹുമാനത്തിനായി ഫറവോയുടെ കൊട്ടാരത്തില്‍ ഗംഭീരമായ വിരുന്നൊരുങ്ങി. കൊട്ടാരനര്‍ത്തകരും ഗായകരും വിരുന്നിനു മാറ്റുകൂട്ടി.

ഫറവോ ജോസഫിനോടു പറഞ്ഞു:

"ഈജിപ്തിലെ ഏറ്റവും നല്ലതെല്ലാം, സാഫ്നത്ത് ഫനായ, നിനക്കവകാശപ്പെട്ടതാണ്. നിന്റെ പിതാവിനെയും നിന്റെ സഹോദരന്മാരുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടുവരാന്‍ രഥങ്ങളയയ്കൂ. നിറയെ കാഴ്ചവസ്തുക്കളുമായി ഈജിപ്തിലെ രഥങ്ങള്‍ കാനാന്‍ദേശത്തേക്കു പുറപ്പെടട്ടെ!"

ഈജിപ്തിലെ മികച്ചവസ്തുക്കള്‍ ഇസ്രായേലിനുള്ള സമ്മാനങ്ങളായി ഫറവോ കൊടുത്തയച്ചു. ജോസഫിന്റെ സഹോദരന്മാര്‍ ആര്‍ഭാടപൂര്‍വ്വം സ്വദേശത്തേക്കു യാത്രയായി.

വരേണ്ടസമയം കഴിഞ്ഞിട്ടും മക്കള്‍ തിരിച്ചെത്താത്തതിനാല്‍ ഇസ്രായേല്‍ അസ്വസ്ഥനായിരുന്നു. അയാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ബെഞ്ചമിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളുപിടഞ്ഞു, കൂടുതല്‍ തീക്ഷ്ണതയോടെ കര്‍ത്താവിനുമുമ്പില്‍ തന്റെ ഹൃദയംചൊരിഞ്ഞു.

പിറ്റേന്നുപുലര്‍ച്ചേ, കുതിരക്കുളമ്പടികളുടെ ശബ്ദംകേട്ടാണ് ഇസ്രായേല്‍ ഉറക്കമുണര്‍ന്നത്. കൂടാരത്തിനു വെളിയിലിറങ്ങിനോക്കി. പൊടിയുയര്‍ത്തി പാഞ്ഞുവരുന്ന രഥങ്ങള്‍കണ്ട് അയാള്‍ ഭയന്നു.

ആദ്യമെത്തിയ രഥത്തില്‍നിന്നു റൂബന്‍ ചാടിയിറങ്ങി, പിതാവിനടുത്തേക്ക് ഓടിയെത്തി...

"ആബാ, കര്‍ത്താവായ യാഹോവയ്ക്കു മഹത്വമുണ്ടാകട്ടെ! ജോസഫ് ജീവിച്ചിരിക്കുന്നു... ഈജിപ്തിന്റെ അധികാരിയായ സാഫ്നത്ത് ഫനായ നമ്മുടെ ജോസഫാണ്..."

ഒരു നിമിഷം ഇസ്രായേല്‍ സ്തബ്ധനായി...

ഞാനൊരു കിനാവുകാണുകയാണോ? അതോ ഒരു സ്വര്‍ഗ്ഗീയദര്‍ശനമോ? അയാള്‍ അസ്വസ്ഥനായി... ദേഹത്തു നുള്ളിനോക്കി. താനുണര്‍ന്നിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം യാഥാര്‍ത്ഥ്യംതന്നെ!

എങ്കിലും അവനു വിശ്വസിക്കാനായില്ല.

"നോക്കൂ അങ്ങയെയും നമ്മുടെ കുടുംബംമുഴുവനെയും ഈജിപ്തിലേക്കു കൊണ്ടുചെല്ലാന്‍ ജോസഫ് അയച്ചുതന്ന രഥങ്ങളും കുതിരകളും. സമ്പന്നമായ ഈജിപ്തിന്റെ മുഴുവന്‍ അധികാരി നമ്മുടെ ജോസഫാണ്. നമ്മള്‍ നാടോടികളായ ഇടയന്മാര്‍ ... എന്നിട്ടും ഇത്രവലിയ സന്നാഹങ്ങള്‍ നമുക്കായി ഒരുക്കാന്‍  ദൈവം ഞങ്ങളുടെ സഹോദരനെ ഈജിപ്തിന്റെ മുഴുവന്‍ ഉടയവനാക്കി..."

കാണുകയും കേള്‍ക്കുകയുംചെയ്യുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍ യാക്കോബിനു പിന്നെയുമേറെ സമയം വേണ്ടിവന്നു.

ഒടുവില്‍ അയാള്‍ പറഞ്ഞു: "എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്... ഞാന്‍പോയി അവനെക്കാണും. കര്‍ത്താവായ യാഹോവയ്ക്കു സ്തുതി!"

അന്നുരാത്രി ഒരു ദര്‍ശനത്തില്‍ ദൈവം ഇസ്രായേലിനെ വിളിച്ചു: 

"ഇസ്രായേൽ... ഇസ്രായേൽ..."

"ഇതാ ഞാന്‍" അയാള്‍ പ്രത്യുത്തരംനല്കി. 

"നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെ വരും. അവിടെ, നിന്നെ വലിയൊരു ജനതയായി ഞാൻ വളര്‍ത്തും. നിന്നെ തിരികെ ഇവിടേയ്ക്കു കൊണ്ടുവരികയുംചെയ്യും. നിന്റെ മരണസമയത്ത്, ജോസഫ് നിന്നെ ശുശ്രൂഷിക്കും"

ആ രാത്രിയിൽ ഇസ്രായേല്‍ ശാന്തനായുറങ്ങി.

Sunday, 23 July 2017

21. ബഞ്ചമിൻ

(ബൈബിള്‍ക്കഥകള്‍ 21) 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ റൂബനും ശിമയോനൊഴികെയുള്ള സഹോദരങ്ങളും ധാന്യശേഖരവുമായി കാനാന്‍ദേശത്തു തിരികെയെത്തി. സംഭവിച്ചതെല്ലാം അവര്‍ പിതാവിനോടു വിശദമായി വിവരിച്ചുകേള്‍പ്പിച്ചു. 

"ഈജിപ്തിന്‍റെ  അധികാരിയായ സാഫ്നത്ത് ഫാനായ വളരെ പരുഷമായാണു ഞങ്ങളോടു പെരുമാറിയത്. ഞങ്ങള്‍ ചാരന്മാരാണെന്ന് അദ്ദേഹമാരോപിച്ചു. ഞങ്ങള്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞെങ്കിലും അദ്ദേഹമതൊന്നും വിശ്വസിച്ചില്ല. നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍, നിങ്ങളുടെ ഇളയസഹോദരനെ ഇവിടേയ്ക്കു കൂട്ടിക്കൊണ്ടുവരിക. അതുവരെ  നിങ്ങളിലൊരാള്‍ ഇവിടെ തടവുകാരനായിക്കഴിയട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു. അതിന്‍പ്രകാരം ശിമയോനെ അവിടെ തടവിലാക്കിയതിനുശേഷമാണു ധാന്യവുമായിപ്പോരാന്‍ ഞങ്ങളെയനുവദിച്ചത്.

അവര്‍പറഞ്ഞ വിവരങ്ങളറിഞ്ഞ്, ഇസ്രായേല്‍ ഉറക്കെക്കരഞ്ഞു..

'നിങ്ങളെന്നെ ദുരിതത്തിലാഴ്ത്തുന്നു. പണംകൊടുക്കാതെ, മോഷ്ടിച്ചതുപോലെ, നിങ്ങള്‍ ധാന്യവുമായിവന്നു. ജോസഫിനെ എനിക്കു നഷ്ടമായി. ഇപ്പോള്‍ ശിമയോനുംപോയി! ഇനി നിങ്ങള്‍ക്കു ബെഞ്ചമിനെക്കൂടെ കൊണ്ടുപോകണോ? ഇല്ല, ഞാനവനെ നിങ്ങള്‍ക്കൊപ്പം വിടില്ല."

"ആബാ, പണംകൊടുത്തുതന്നെയാണു ഞങ്ങള്‍ ധാന്യം വാങ്ങിയത്. എന്നാല്‍ ആ പണം, എങ്ങനെ ഞങ്ങളുടെ ചാക്കുകളില്‍ തിരികെവന്നുവെന്നു ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ അതവര്‍ക്കുപറ്റിയ ഒരു കൈയബദ്ധമാകാം. എങ്കിലും തിരികെ വീണ്ടും ഈജിപ്തിലെത്തുമ്പോള്‍ ഒന്നുകുറയാതെ മുഴുവന്‍ സ്വര്‍ണ്ണനാണയങ്ങളും  ഞങ്ങള്‍ തിരികെക്കൊടുത്തുകൊള്ളാം. ബെഞ്ചമിനെ എന്നോടൊപ്പം വിടുക. ഞാനവനെ സുരക്ഷിതനായി തിരികെയെത്തിക്കാം. ഇല്ലെങ്കില്‍ എന്റെ രണ്ടുമക്കളെയും അങ്ങു കൊന്നുകളയൂ." റൂബന്‍ പിതാവിനുമുന്നില്‍ വിതുമ്പി.

"വൃദ്ധനായ എന്നെ നിങ്ങള്‍ ദുഃഖത്തോടെ പാതാളത്തിലേക്കു തള്ളിവിടും! നിന്‍റെ മക്കളും എന്‍റെ കുഞ്ഞുങ്ങളല്ലേ? അവര്‍ക്കെന്തെങ്കിലുംസംഭവിച്ചാല്‍ എനിക്കു നോവുകയില്ലേ? കര്‍ത്താവേ, എന്തൊരു ദുരിതമാണിത്" ഇസ്രായേല്‍ ഉറക്കെക്കരഞ്ഞുകൊണ്ടു ബെഞ്ചമിനെ ഇറുകെപ്പുണര്‍ന്നു.

ബെഞ്ചമിനെ ഈജിപ്തിലേക്കു കൊണ്ടുപോകാന്‍ ഇസ്രായേല്‍ സമ്മതിച്ചില്ല. 

ദിവസങ്ങൾ കഴിഞ്ഞുപോകവേ, ക്ഷാമംകൊടുമ്പിരിക്കൊണ്ടു. ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യമെല്ലാം തീരാറായി. 

"നിങ്ങള്‍ ഒരിക്കല്‍ക്കൂടെ ഈജിപ്തിലേക്കുപോയി ധാന്യം വാങ്ങണം." ഇസ്രായേല്‍ മക്കളെവിളിച്ചു പറഞ്ഞു.

റൂബന്‍ പിതാവിനോടു പറഞ്ഞു: "ബെഞ്ചമിനെക്കൂടാതെ ചെന്നാല്‍ ഞങ്ങളെക്കാണാന്‍പോലും തയ്യാറാകില്ലെന്നു സാഫ്നാത്ത് ഫനായ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവനെക്കൂടെ ഞങ്ങള്‍ക്കൊപ്പമയയ്ക്കണം."

"നിങ്ങളെന്തിന് അവനെക്കുറിച്ചയളോടു പറഞ്ഞു? അതല്ലേ ഈ ദുരിതത്തിനുകാരണം?"

"നമ്മുടെ കുടുംബകാര്യങ്ങളെല്ലാം അയാള്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. ഇങ്ങനെയൊരു ചതിയെക്കുറിച്ചറിയാതെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു." ദാന്‍ പിതാവിനോടു വിശദീകരിച്ചു.

യൂദാ, മുന്നോട്ടുവന്നു പറഞ്ഞു: "നമ്മള്‍ രണ്ടാംവട്ടംപോയി ഈജിപ്തില്‍നിന്നു ധാന്യംകൊണ്ടുവരാനുള്ള സമയംകഴിഞ്ഞു. ഇനിയും പോകാന്‍കഴിയാതെവന്നാല്‍ അങ്ങയും ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളുമെല്ലാം പട്ടിണികിടന്നു മരിച്ചുപോകും. ബെഞ്ചമിനെ ഞങ്ങളോടൊപ്പമയയ്ക്കൂ. അവനെ തിരികെ അങ്ങയുടെപക്കലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാനേല്ക്കുന്നു. എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍ കര്‍ത്താവെന്നെ ശിക്ഷിക്കട്ടെ"

ബെഞ്ചമിന്‍ പിതാവിനോടു പറഞ്ഞു. "ആബാ, എന്‍റെ സഹോദരന്മാരുടെ വാക്കുകള്‍ അങ്ങുകേള്‍ക്കണം. ഞാന്‍ അവരോടൊപ്പം പോകാം. ഇല്ലെങ്കില്‍ നമ്മളെല്ലാവരും വിശന്നുമരിക്കും. അങ്ങയുടെയും പിതാക്കന്മാരുടെയും ദൈവമായ കര്‍ത്താവ്, ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പമുണ്ടായിരിക്കാനായി ആബാ പ്രാര്‍ത്ഥിക്കുക."

ഒടുവില്‍, മനസ്സില്ലാമനസ്സോടെ ഇസായേല്‍, ബഞ്ചമിനു യാത്രാനുവാദം നല്കി.

"നമ്മുടെ കൈവശം ഇനിയും ബാക്കിയുള്ള മികച്ച പട്ടുതുണികളും സുഗന്ധദ്രവ്യങ്ങളും തേനും സാഫ്നത്ത് ഫനായയ്ക്കു കാഴ്ചനല്കാനായി കൈവശംവയ്ക്കുക. കഴിഞ്ഞതവണ അബദ്ധത്തില്‍ ചാക്കുകളില്‍പ്പെട്ടുപോയ സ്വര്‍ണ്ണനാണയത്തിന്‍റെ ഇരട്ടി മടക്കികൊടുക്കണം. ഇനി വാങ്ങാനുള്ള ധാന്യത്തിനുള്ള പണവും കൈയില്‍ക്കരുതണം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍, ബെഞ്ചമിനേയും ശിമയോനെയും അയാള്‍ തിരികെ അയക്കട്ടെ. അതല്ല,ദൈവഹിതം മറിച്ചാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ!"

ഇസ്രായേല്‍, മക്കളെ അനുഗ്രഹിച്ചു യാത്രയാക്കി.


ഇസ്രായേലിന്റെ സന്തതികള്‍, ജോസഫിന്റെ പതിനൊന്നു സഹോദരങ്ങൾ, ഒരിക്കല്‍ക്കൂടെ ജോസഫിനുമുന്നില്‍ താണുവണങ്ങി. ബെഞ്ചമിനെക്കണ്ടപ്പോള്‍ അയാളുടെ ഹൃദയം ആര്‍ദ്രമായി. എങ്കിലും ഒന്നും പുറത്തുകാണിക്കാതെ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ഈജിപ്ഷ്യൻഭാഷയില്‍ പറഞ്ഞു.

"ഇവരെ എന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുക. ഒരു കൊഴുത്ത കാളക്കുട്ടിയെക്കൊന്നു സദ്യയൊരുക്കുക. ഞാനിന്ന് ഇവരോടൊപ്പമാണു ഭക്ഷണംകഴിക്കുന്നത്. എന്നാല്‍ തല്ക്കാലം അവരിതറിയേണ്ട" 

ആജ്ഞാനുസരണം കാര്യസ്ഥന്‍ അവരെ ജോസഫിന്‍റെ കൊട്ടാരത്തിലെത്തിച്ചു. പരിചാരകരെ വിളിച്ച്, അവരുടെ കഴുതകളെ തൊഴുത്തില്‍ക്കെട്ടി, വെള്ളംകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാത്തതിനാല്‍ അവര്‍ ഭയന്നു. 

"ഒരുപക്ഷേ, നമ്മളെ ബന്ധിച്ച്, അടിമകളാക്കുകയും നമ്മുടെ പണവും കഴുതകളും തട്ടിയെടുക്കുകയുമാകാം അയാളുടെയുദ്ദ്യേശ്യം." അവര്‍ ഭയത്തോടെ പരസ്പരം പറഞ്ഞു.

റൂബന്‍ കാര്യസ്ഥന്റെ കാല്‍ക്കല്‍വീണു. അയാളവനെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ ദ്വിഭാഷിയുടെ സഹായത്തോടെ അവനോടു സംസാരിച്ചു.

റൂബന്‍ പറഞ്ഞു. "യജമാനനേ, മുമ്പൊരിക്കല്‍, ധാന്യംവാങ്ങാന്‍വന്നപ്പോള്‍, ഞങ്ങൾതന്ന പണംമുഴുവന്‍ ഞങ്ങളുടെ ചാക്കുകളില്‍നിന്നുതന്നെ തിരികെക്കിട്ടി. സത്യത്തില്‍ അതെങ്ങനെ സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ആ പണം ഇരട്ടിയായി ഞങ്ങളിപ്പോള്‍ തിരികെക്കൊണ്ടുവന്നിട്ടുണ്ട്."

കാര്യസ്ഥന്‍ ചിരിച്ചു. "എനിക്കോര്‍മ്മയുണ്ട്; അന്നു ഞാനാണു നിങ്ങളോടു പണംവാങ്ങിയത്. മുഴുവന്‍ പണവും നിങ്ങള്‍ തന്നതാണ്. അതു രാജഭണ്ഡാരത്തിലെത്തുകയുംചെയ്തു. നിങ്ങളുടെ ചാക്കുകളില്‍നിന്നു പണം കിട്ടിയെങ്കിൽ, അതവിടെ നിക്ഷേപിച്ചതു നിങ്ങളുടെ ദൈവമാകും " 
അവരെ സാഫ്നത്ത് ഫനായയുടെ ഭവനത്തോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തിലിരുത്തി, കാര്യസ്ഥന്‍ അവിടെനിന്നുപോയി. വീഞ്ഞും അത്തിപ്പഴങ്ങളുമായെത്തിയ പരിചാരകര്‍ അവരെ സല്‍ക്കരിച്ചു. അതിനിടയില്‍ ഒരാള്‍ ശിമയോനെ അവിടേയ്ക്കു കൊണ്ടുവന്നു. സഹോദരന്മാര്‍ ആഹ്ലാദത്തോടെ അവനെപ്പുണര്‍ന്നുചുംബിച്ചു.

അവിടെ തനിക്കുലഭിച്ച സുഖസൗകര്യങ്ങള്‍ ശിമയോന്‍ സഹോദരന്മാരോടു വിവരിച്ചു. " എല്ലാദിവസവും സായന്തനങ്ങളില്‍, കുറേനേരം സാഫ്നത്ത് ഫനായ എന്റെയടുത്തുവന്നു സംസാരിച്ചിരിക്കും. നമ്മുടെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അവനെന്നോടു ചോദിച്ചു. എല്ലാക്കാര്യങ്ങളും സത്യസന്ധമായി ഞാനവനോടു പറഞ്ഞു. ജോസഫിനെക്കുറിച്ചുള്ള കാര്യങ്ങള്‍കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നെനിക്കു തോന്നി."

"നമ്മുടെ പിതാക്കന്മാരുടെ ദൈവം അവന്റെ ഹൃദയത്തില്‍ നമ്മെക്കുറിച്ച് അലിവുനിറയ്ക്കുന്നതാകാം." അവര്‍ ഒന്നിച്ചു ദൈവത്തെ സ്തുതിച്ചു. ഒരു പരിചാരകന്‍ അവരുടെ ഭാണ്ഡങ്ങള്‍ അവിടെക്കൊണ്ടുവന്നു. ജോസഫ് വരുന്നതിനുമുമ്പായി അവര്‍ അവനുള്ള സമ്മാനങ്ങള്‍ ഒരുക്കിവച്ചു.

ഉച്ചയോടെ ജോസഫ് വന്നു. സഹോദരന്മാരെല്ലാവരും അവനെ താണുവണങ്ങി. ജോസഫ് ബെഞ്ചമിനെ അടുത്തുവിളിച്ചു തന്നോടുചേര്‍ത്തുനിര്‍ത്തി. 

 "ഇവനാണോ നിങ്ങളുടെ ഇളയസഹോദരന്‍? കുഞ്ഞേ, ദൈവം നിന്നെയനുഗ്രഹിക്കട്ടെ!" ദ്വിഭാഷി ജോസഫിൻ്റെ വാക്കുകൾ ഹെബ്രായഭാഷയിൽ പരിഭാഷപ്പെടുത്തി

തനിക്കു കരയാതിരിക്കാനാകില്ലെന്നുതോന്നിയതിനാല്‍ ജോസഫ് അടുത്തൊരുമുറിയില്‍ക്കയറി കതകടച്ചു. മനസ്സുതുറന്നു കരഞ്ഞു. പിന്നെ മുഖംകഴുകി, സഹോദരന്മാരുടെയടുത്തു വന്നു.

ജോസഫിനും സഹോദരന്മാര്‍ക്കുമായിമാത്രം ഒരു ഭക്ഷണമുറിയൊരുങ്ങി. ജോസഫ് തന്റെ കൈയാല്‍ സഹോദരന്മാര്‍ക്കു ഭക്ഷണം വിളമ്പി. സഹോദരന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണംകഴിച്ചു. എല്ലാവരുടെയും മനസ്സു സന്തോഷത്താല്‍ നിറഞ്ഞു.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം അവരുടെ ചാക്കുകളില്‍ അന്നുതന്നെ നിറച്ചു. 'ആ രാത്രി, അവരവിടെത്തങ്ങി. പിറ്റേന്നു നേരംപുലർന്നപ്പോൾത്തന്നെ ധാന്യംനിറച്ച ചാക്കുകളുമായി അവര്‍ മടക്കയാത്രയാരംഭിച്ചു. അവരെ യാത്രയാക്കാനായി ജോസഫുമെത്തിയിരുന്നു.

സഹോദരന്മാര്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ടുനടന്നു. എന്നാല്‍ അവരുടെ സന്തോഷം, അധികനേരം നീണ്ടുനിന്നില്ല. മൂന്നുനാലുനാഴികദൂരത്തെ യാത്രപിന്നിട്ടപ്പോള്‍ ജോസഫിന്റെ കാര്യസ്ഥന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കുതിരപ്പടയാളികള്‍ അവരുടെയടുത്തെത്തി.

"നിങ്ങള്‍ എന്തിനു നന്മയ്ക്കുപകരം തിന്മചെയ്യുന്നു? നിങ്ങള്‍ മോഷ്ടിച്ച പൊന്‍പണം നിങ്ങള്‍തന്നെ എടുത്തുകൊള്ളൂ, എന്നാല്‍ എന്തിനെന്റെ യജമാനന്റെ വെള്ളിക്കപ്പു മോഷ്ടിച്ചു? അതിലല്ലേ യജമാനന്‍ പാനംചെയ്യുന്നത്? അതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനങ്ങള്‍നടത്തുന്നത്?"

"ഇല്ല, അങ്ങയുടെ ദാസന്മാര്‍ അങ്ങനെ ചെയ്യില്ല. കഴിഞ്ഞതവണ അറിയാതെകിട്ടിയ പണത്തിന്‍റെ ഇരട്ടി, ഞങ്ങള്‍ മടക്കികൊണ്ടുവന്നില്ലേ? ഞങ്ങളെ അങ്ങേയ്ക്കു വിശ്വസിക്കാം."

"ഇവരുടെ ചാക്കുകള്‍ പരിശോധിക്കൂ. ആരുടെ ചാക്കില്‍നിന്നാണോ വെള്ളിക്കപ്പു കിട്ടുന്നത്, അവന്‍ എന്റെ യജമാനന്റെ അടിമയായിരിക്കും." കാര്യസ്ഥന്‍ പടയാളികള്‍ക്കു നിര്‍ദ്ദേശംനല്കി.

പടയാളികള്‍ ചാക്കുകളഴിച്ചുപരിശോധിച്ചു. ധാന്യത്തിനായി അവര്‍നല്കിയ സ്വര്‍ണ്ണനാണയങ്ങള്‍ എല്ലാ ചാക്കുകളിലുമുണ്ടായിരുന്നു. 

എന്താണു സംഭവിക്കുന്നതെന്നു റൂബനും സഹോദരങ്ങള്‍ക്കും മനസ്സിലായില്ല...

ഒടുവില്‍ ബെഞ്ചമിന്റെ ചാക്കഴിച്ചു.

അതിലതാ പൊന്‍പണത്തോടൊപ്പം രത്നങ്ങള്‍പതിച്ച, മനോഹരമായ ഒരു വെള്ളിക്കപ്പ്...

സഹോദരങ്ങള്‍ പതിനൊന്നുപേരും സ്തബ്ധരായി നിന്നുപോയി!

Sunday, 16 July 2017

20. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും

ബൈബിള്‍ കഥകള്‍ - 20 


ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. തനിക്കുകീഴില്‍ രണ്ടാമനായി, സകല അധികാരങ്ങളും നല്കി, അവനെ വാഴിച്ചു. ഈജിപ്തിലെ സകലജനങ്ങളും സാഫ്നത്ത് ഫനായയുടെമുമ്പില്‍ മുട്ടുമടക്കി. അവനെക്കാള്‍ ശക്തനായി, ഫറോവയൊഴികെ ഈജിപ്തില്‍ മറ്റൊരുവൻപോലുമില്ലായിരുന്നു. 

ഫറവോയ്ക്കു ദൈവംനല്കിയ സ്വപ്നദര്‍ശനംപോലെ ഈജിപ്തില്‍ സമൃദ്ധിയുടെ നാളുകളെത്തി. വയലുകള്‍ നൂറുമേനിയും അതിലധികവും വിളവുനല്കി. എല്ലാത്തരം വിളവുകളുടെയും പകുതിയിലേറെ എല്ലായിടത്തും മിച്ചമായിരുന്നു. സമ്പന്നതയുടെ നാളുകളില്‍ ജോസഫ് ഈജിപ്തിലെങ്ങും സംഭരണശാലകള്‍ നിർമ്മിച്ചു. അരിയും ഗോതമ്പും മറ്റെല്ലാത്തരം ധാന്യങ്ങളും ജോസഫ് സംഭരിച്ചു. ഈജിപ്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും വലിയവലിയ സംഭരണശാലകളിലെല്ലാം ധാന്യങ്ങള്‍ നിറഞ്ഞു. പത്തോ പതിനഞ്ചോവർഷം ഈജിപ്തുകാര്‍ ഭക്ഷിച്ചാലും തീരാത്തത്ര ധാന്യശേഖരം ജോസഫിന്റെ കലവറകളിലെത്തി.

ഈജിപ്തിലെ സമൃദ്ധിയുടെ നാളുകളില്‍ ജോസഫിന്റെയും അസ്നമിന്റെയും ദാമ്പത്യവല്ലരിയില്‍ രണ്ടുപുഷ്പങ്ങള്‍ വിടര്‍ന്നു . കടിഞ്ഞൂല്‍പ്പുത്രനു മനാസ്സെ എന്ന്‍ അവര്‍ പേരുവിളിച്ചു. മനാസ്സെയ്ക്കു മൂന്നുവയസ്സുള്ളപ്പോള്‍, അവരുടെ രണ്ടാമത്തെ പുത്രനായ എഫ്രായിം ജനിച്ചു.

സമൃദ്ധിയുടെ ഏഴുവർഷങ്ങള്‍ അതിവേഗം കടന്നുപോയി. ഉഷ്ണക്കാറ്റിന്റെ അകമ്പടിയോടെ ക്ഷാമത്തിന്റെ വർഷങ്ങള്‍ വരവായി. മഴയില്ലാതെയായി. രൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങളും വയലുകളും വിളവുനല്കാതെയായി.

ജനങ്ങൾ തങ്ങളുടെ വീടുകളിൽക്കരുതിവച്ചിരുന്ന ധാന്യശേഖരംതീർന്നപ്പോൾ, ജോസഫിന്റെ ധാന്യക്കലവറകള്‍ തുറന്നു. ന്യായമായ വിലയില്‍ ഈജിപ്തിലെ പൗരന്മാര്‍ അവിടെനിന്നു ധാന്യംവാങ്ങി. 


ഈജിപ്തില്‍മാത്രമല്ല, ചുറ്റുവട്ടത്തുള്ള എല്ലാദേശങ്ങളിലും ക്ഷാമം അതിരൂക്ഷമായി. കാനാന്‍ദേശത്തും വറുതിയുടെ നാളുകളായിരുന്നു. ഇസ്രായേലിന്റെ കുടുംബവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈജിപ്തിലൊഴികെ എല്ലാദേശങ്ങളിലും പട്ടിണി കൊടിനാട്ടി. ഈജിപ്തില്‍ ധാന്യശേഖരമുണ്ടെന്നറിഞ്ഞപ്പോള്‍, തന്റെ പുത്രന്മാരെ ഇസ്രായേല്‍ ഈജിപ്തിലേക്കയച്ചു. റാഹേലിന്റെ ഇളയപുത്രനായ ബെഞ്ചമിനെമാത്രം ഇസ്രായേൽ തന്റെയൊപ്പം നിറുത്തി.

ഈജിപ്തിലെ പൗരന്മാര്‍ക്കു ധാന്യം വില്‍ക്കുവാന്‍മാത്രമേ സംഭരണശാലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  അനുവാദമുണ്ടായിരുന്നുള്ളൂ. ധാന്യംവേണ്ട വിദേശികള്‍ ജോസഫിനെ നേരില്‍ക്കണ്ട് അപേക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ടു റൂബനും സഹോദരങ്ങളും ജോസഫിന്റെ കൊട്ടാരത്തിലെത്തി. സിംഹാസനത്തില്‍ ഉപവിഷ്ടനായ ജോസഫിനെ അവര്‍ താണുവണങ്ങി. 

ഒരു നിമിഷാര്‍ദ്ധത്തില്‍ ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, പതിനേഴാംവയസ്സില്‍, ഒരു രാത്രിയില്‍ താന്‍കണ്ട സ്വപ്നം അപ്പോള്‍ അവന്റെ ഓര്‍മ്മയിലെത്തി.

ജോസഫും സഹോദരങ്ങളും വയലില്‍ കൊയ്തുകൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റുനിന്നു. പതിനൊന്നു സഹോദരന്മാരുടെയും കറ്റകള്‍ ജോസഫിന്റെ കറ്റയെ താണുവണങ്ങി. വീണ്ടുമൊരു സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും ജോസഫിന്റെ മുമ്പിലെത്തി അവനെ താണുവണങ്ങി.

തന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിക്കുന്ന സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും ജോസഫ് അതു പ്രകടമാക്കിയില്ല. ഹീബ്രുഭാഷയില്‍ സംസാരിച്ചതുമില്ല. ഹീബ്രു അറിയുന്ന ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഈജിപ്ഷ്യൻ ഭാഷയിലാണു ജോസഫ് തന്റെ സഹോദരന്മാരോടു സംസാരിച്ചത്.

“വിദേശികളായ നിങ്ങള്‍ എന്തിനിവിടെ വന്നു? ഈജിപ്തിന്റെ സമൃദ്ധിയെക്കുറിച്ചു കേട്ടറിഞ്ഞ്, ഹെബ്രായരാജാവയച്ച ചാരന്മാരല്ലേ നിങ്ങള്‍? രാജ്യത്തെ ഒറ്റുനോക്കി, ആക്രമിക്കാനുള്ള പഴുതുകണ്ടെത്തുകയല്ലേ നിങ്ങളുടെ ലക്ഷ്യം?”

ജോസഫിന്റെ ചോദ്യംകേട്ടു ഭയത്തോടെ റൂബന്‍ പറഞ്ഞു: “അല്ല, പ്രഭോ. അങ്ങയുടെ ദാസന്മാര്‍മാത്രമാണു ഞങ്ങള്‍. ദാരിദ്ര്യത്താല്‍വലഞ്ഞപ്പോള്‍, ധാന്യംവാങ്ങാനായി ഈ ദേശത്തു വന്നവരാണ്.”  

“നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഒന്നു ഞാനുറപ്പുതരാം.  നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കുകയില്ല. മറിച്ച്, ഈജിപ്തിനെതിരേ ചാരവൃത്തിക്കു വന്നവരാണെങ്കില്‍, തലയരിഞ്ഞ നിങ്ങളുടെ ശരീരങ്ങള്‍ ഈജിപ്തിലെ കഴുകന്മാര്‍ ഭക്ഷിക്കും.”

“ഞങ്ങള്‍ സത്യസന്ധരാണു പ്രഭോ. ഞങ്ങള്‍ പത്തുപേരും ഒരേ ആളുടെ മക്കളാണ്. ഞങ്ങള്‍ പന്ത്രണ്ടുപുത്രന്മാരാണ്. പതിനൊന്നാമന്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ വൃദ്ധനായ പിതാവിനെ ശുശ്രൂഷിക്കാനായി ഭവനത്തില്‍ത്തന്നെയുണ്ട്‌.”

“നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍ ഒരാള്‍പോയി നിങ്ങളുടെ ഇളയസഹോദരനെ കൂട്ടിക്കൊണ്ടു വരിക. അതുവരെ മറ്റുള്ളവര്‍ ഇവിടെ നില്ക്കട്ടെ.”

റൂബന്‍ പറഞ്ഞു: “വൃദ്ധനായ പിതാവ് അവനെ ഗാഢമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ഒരനുജന്‍ മരിച്ചതിനുശേഷം ഇളയവനെ തന്റെയടുത്തുനിന്നു മാറിനില്ക്കാന്‍ പിതാവ് അനുവദിക്കാറേയില്ല.”

“നിങ്ങളുടെ കഥകള്‍കേട്ടിരിക്കാന്‍ എനിക്കു സമയമില്ല. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളില്‍ത്തന്നെയാണ്. എന്തുവേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.”

തന്റെ കൊട്ടാരത്തിനോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തില്‍ അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ജോസഫ് ഉത്തരവിട്ടു. തടവുകാരാണെങ്കിലും അവര്‍ക്ക്  ഏറ്റവും മികച്ച സൗകര്യങ്ങളും പരിചരണവും നല്കണമെന്നും ഒന്നിനും കുറവുണ്ടാകരുതെന്നും അയാള്‍ തന്റെ ദാസന്മാര്‍ക്കു രഹസ്യമായി നിര്‍ദ്ദേശംനല്കി.

എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ജോസഫ് സഹോദരന്മാരെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ദ്വിഭാഷിയുടെ സഹായത്തോടെമാത്രം അവരുമായി സംസാരിച്ചു. മൂന്നാംദിവസം ജോസഫെത്തുമ്പോള്‍ ഹെബ്രായഭാഷയില്‍ അവര്‍ സംസാരിക്കുന്നത് അവന്‍ കേട്ടു. 

ശിമയോന്‍ പറഞ്ഞു: “ജോസഫിനോടു നമ്മള്‍ചെയ്ത പാപത്തിന്റെ ശിക്ഷയാണിത്. അവനന്നു ഹൃദയംപൊട്ടിക്കരഞ്ഞിട്ടും നമ്മളവനോടു ദയകാട്ടിയില്ല.”

“കുട്ടിയെ ഒന്നുംചെയ്യരുതെന്ന്, ഞാനന്നു പറഞ്ഞതാണ്. മൂത്തവനായ എന്റെ വാക്കുകള്‍ നിങ്ങള്‍ വിലവച്ചില്ല. അവന്റെ രക്തം ഇപ്പോള്‍ നമ്മളോടു പ്രതികാരംചെയ്യുന്നു.” റൂബന്‍ കരഞ്ഞുപോയി.

അപ്പോള്‍ ജോസഫ് അവരുടെ മുന്നിലേക്കു ചെന്നു. 

ജോസഫിന്റെ ഹൃദയം അവരോടുള്ള സ്നേഹത്താല്‍ തുടിച്ചു. ബഞ്ചമിനെയും ആബയേയും കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. എങ്കിലും അവന്‍ അവര്‍ക്കുമുമ്പില്‍ സ്വയംവെളിപ്പെടുത്തിയില്ല.

തങ്ങള്‍ പറഞ്ഞത്, സഫ്നാത്ത് ഫനായ കേട്ടുവെന്നു റൂബനും സഹോദരന്മാരുമറിഞ്ഞു. എന്നാല്‍ അവനു ഹീബ്രു മനസ്സിലാകില്ലെന്ന്  അവര്‍ കരുതി.

ശിമയോനെ ബന്ധിക്കാന്‍ ജോസഫ് ഭൃത്യന്മാരോടാജ്ഞാപിച്ചു. എന്താണു സംഭവിക്കാന്‍പോകുന്നതെന്നറിയാതെ എല്ലാവരും വല്ലാതെ ഭയന്നു. 

ജോസഫ് റൂബനോടു പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന പൊന്‍നാണയങ്ങളുടെ തൂക്കത്തിനനുസരിച്ചുള്ള ധാന്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. നിങ്ങള്‍ ചാരന്മാരല്ലെങ്കില്‍ അതുമായി മടങ്ങിപ്പോയി നിങ്ങളുടെ ഇളയസഹോദരനുമായി തിരികേവരുക. അതുവരെ നിങ്ങളുടെ ഈ സഹോദരന്‍ ഈജിപ്തിന്റെ തടവറയില്‍ക്കഴിയും.”

ശിമയോനെ അവരുടെ അടുക്കല്‍നിന്നു മാറ്റി, ബന്ധനമഴിച്ച്, എല്ലാ സൗകര്യങ്ങളുമുള്ള മറ്റൊരു ഗൃഹത്തില്‍ താമസിപ്പിക്കാന്‍ ജോസഫ് രഹസ്യനിര്‍ദ്ദേശംനല്കി.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം ചാക്കുകളില്‍ നിറയ്ക്കാനും അവര്‍തരുന്ന പണംമുഴുവന്‍ കിഴികളിലാക്കി, ഓരോരുത്തരുടെയും ചാക്കിനുള്ളില്‍, ഏറ്റവുംമുകളിലായി തിരികെവയ്ക്കാനും ജോസഫ് ജോലിക്കാരോടു നിര്‍ദ്ദേശിച്ചു.  

ഗത്യന്തരമില്ലാതെ, ശിമയോനെ ഈജിപ്തില്‍വിട്ട്, ധാന്യം കഴുതപ്പുറത്തുകയറ്റി, പിറ്റേന്നുപുലര്‍ച്ചെ, അവര്‍ കാനാന്‍ദേശത്തേക്കു മടങ്ങി. ഒരു പകലിന്റെ യാത്രയ്ക്കുശേഷം രാത്രിയില്‍ത്താമസിക്കാന്‍ അവര്‍ ഒരു സത്രത്തിലെത്തി.  
കഴുതകളെ സത്രത്തിലെ തൊഴുത്തില്‍ കെട്ടിയശേഷം ധാന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ പണംമുഴുവന്‍ ചാക്കുകളിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഭയത്തോടെ പരസ്പരം നോക്കി.

“കര്‍ത്താവെന്താണു നമ്മളോടിങ്ങനെ ചെയ്യുന്നത്? ഇനിയെന്താവും സംഭവിക്കുക? നമുക്കു മടങ്ങിപ്പോയി പണം തിരികെയേല്പിച്ചാലോ?”

“ഇപ്പോള്‍ത്തന്നെ നമ്മള്‍ ഒരുപാടു വൈകിയിരിക്കുന്നു. മടങ്ങിപ്പോയാല്‍ നമ്മളിനിയും രണ്ടുദിവസംകൂടെ വൈകും. നമ്മളെക്കാണാതായാല്‍ ആബാ വിഷമിക്കും. അതുകൊണ്ട്, എന്തുംവരട്ടെ; നമുക്കു നാട്ടിലേക്കുള്ള യാത്രതുടരാം. ബെഞ്ചമിനുമായി തിരികെവരുമ്പോള്‍ പണം സാഫ്നത്ത് ഫനായയ്ക്കു മടക്കിനല്കാം.” റൂബന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ അംഗീകരിച്ചു. 

എങ്കിലും ആ രാത്രിയില്‍ അവരിലൊരാൾക്കുപോലും ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
_________________________________________________________________

¶ സാഫ്നത്ത് ഫനായ് – ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday, 9 July 2017

19. ഈജിപ്തിന്റെ അധിപൻ


ബൈബിൾക്കഥകൾ - 19


ഫറവോ നൈൽനദീതീരത്തു നില്ക്കുകയായിരുന്നു. പെട്ടെന്നു്, തടിച്ചുകൊഴുത്ത ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ നദീതടത്തിലെ പുല്‍ത്തകിടിയില്‍ മേയാനിറങ്ങി. ഏഴുപശുക്കളും ലക്ഷണമൊത്തവയായിരുന്നു. ഫറവോ നോക്കിനില്ക്കേ മെലിഞ്ഞതും വിരൂപികളുമായ ഏഴുപശുക്കള്‍കൂടെ നൈലില്‍നിന്നു കയറിവന്നു. നദീതീരത്തുനിന്നിരുന്ന അഴകുള്ള, കൊഴുത്തപശുക്കളെ മെലിഞ്ഞുവിരൂപരായ പശുക്കള്‍ വിഴുങ്ങിക്കളഞ്ഞു.

ഫറവോ ഞെട്ടിയുണര്‍ന്നു.

മുനിഞ്ഞുകത്തുന്ന കിടപ്പറദീപത്തിന്റെ അരണ്ടവെളിച്ചത്തിൽ, താൻ പള്ളിമെത്തയിലാണെന്നും കണ്ടതു് ഒരുകിനാവുമാത്രമാണെന്നും അയാൾ തിരിച്ചറിഞ്ഞു.

ഈ കിനാവിന്റെ അർത്ഥമെന്താകുമെന്നു ചിന്തിച്ചുകിടന്ന്, ഫറവോ വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നംകൂടെ അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞുതുടങ്ങി.

പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ ഒരു കോതമ്പുചെടിയിൽ വളര്‍ന്നുപൊങ്ങി. ഇളംകാറ്റിൽ ആ ധാന്യക്കതിരുകൾ ഊയലാടവേ, ഉണങ്ങിക്കരിഞ്ഞ, ശുഷ്കമായ ഏഴു കതിരുകള്‍കൂടെ അതേ ചെടിയിൽനിന്നുയര്‍ന്നുവന്നു.      
ശോഷിച്ചുണങ്ങിയ ആ കതിരുകള്‍ പുഷ്ടിയുമഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ വീണ്ടും ഞെട്ടിയുണർന്നു. വിചിത്രങ്ങളായ രണ്ടു സ്വപ്നങ്ങളും അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു. ചിന്താഭാരത്താൽ, ഉറക്കമയാളെ വിട്ടൊഴിഞ്ഞു. ഫറവോ അസ്വസ്ഥനായി.      

പുലർച്ചേതന്നെ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ ഫറവോ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കുമതിനു കഴിഞ്ഞില്ല.      

അപ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെക്കുറിച്ചോർത്തു. അവൻ ഫറവോയോടുണർത്തിച്ചു:
       
"അവിടുത്തെ ഹിതത്തിനെതിരായി പ്രവർത്തിച്ചപ്പോൾ അങ്ങ് എന്നെയും പാചകപ്രമാണിയെയും തടവിലിട്ടിരുന്നതോർക്കുന്നില്ലേ? അന്നൊരു രാത്രിയിൽ ഞങ്ങള്‍ക്കു രണ്ടുപേർക്കും ഓരോ സ്വപ്നങ്ങളുണ്ടായി..       
അതിന്റെ അർത്ഥമെന്തെന്നു ഞങ്ങൾക്കു മനസ്സിലായില്ല.

ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവ് തടവിലുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, അവന്‍ ഞങ്ങള്‍ക്കതു വ്യാഖ്യാനിച്ചുതന്നു. അതുപോലെതന്നെ സംഭവിച്ചു. എന്നെ എന്റെ ഉദ്യോഗത്തില്‍ അവിടുന്നു പുനർനിയമിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയുംചെയ്തു."
       
പിന്നെ വൈകിയില്ല, ജോസഫിനെ കൊട്ടാരത്തിലെത്തിക്കാൻ ഫറവോ ദൂതനെയയച്ചു. ക്ഷൗരംചെയ്യിച്ചു്, പുതുവസ്ത്രങ്ങളുമണിയിച്ചു്,  അവരവനെ ഫറവോയുടെ മുമ്പിലെത്തിച്ചു. 

ജോസഫ്, ഫറവോയുടെമുമ്പിൽ താണുകുനിഞ്ഞ്, ഉപചാരമർപ്പിച്ചു. കാനാൻദേശത്തെ പൊട്ടക്കിണറിൽക്കിടക്കുമ്പോഴും ഈജിപ്തിലെ അടിമച്ചന്തയിൽ വില്പനച്ചരക്കായി നിൽക്കുമ്പോഴും പോത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങളെ തിരസ്കരിച്ചപ്പോഴും കൂടെയുണ്ടായിരുന്ന കർത്താവു്, അപ്പോഴും ജോസഫിനോടുകൂടെയുണ്ടായിരുന്നു.

"നിനക്കു സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടെന്നു ഞാനറിഞ്ഞു. എന്റെ സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിച്ചാൽ നിനക്കു ഞാൻ വലിയസമ്മാനങ്ങൾ നല്കും."

"അതെന്റെ കഴിവല്ല; എന്നാല്‍ ദൈവമാണു് അങ്ങേയ്ക്കു സ്വപ്നംനല്കിയതെങ്കിൽ, എന്റെ പിതാക്കന്മാരുടെ ദൈവമായ കർത്താവു്, തൃപ്തികരമായ വ്യാഖ്യാനം എന്നിലൂടെ  അങ്ങേയ്ക്കു നല്കും." ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
      
ഫറവോ, താൻകണ്ട സ്വപ്നം ജോസഫിനോടു പറഞ്ഞു: "സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു. കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു. അവ നദീതീരത്തെ പുല്‍ത്തകിടിയില്‍ മേയാൻതുടങ്ങി. അപ്പോൾ മെലിഞ്ഞുവിരൂപരായ ഏഴുപശുക്കൾകൂടെ നദിയിൽനിന്നു കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശോഷിച്ചുവിരൂപരായ ആ പശുക്കൾ,‍ ആദ്യം ഞാൻകണ്ട ഏഴു കൊഴുത്തപശുക്കളെ വിഴുങ്ങിക്കളഞ്ഞു, എന്നാല്‍ മെലിഞ്ഞ പശുക്കള്‍ മുമ്പെന്നപോലെ, ശോഷിച്ചുതന്നെ കാണപ്പെട്ടു. 

വീണ്ടുമൊരു സ്വപ്നത്തില്‍ പുഷ്ടിയുമഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു. അധികംവൈകാതെ ശുഷ്‌കിച്ചതും വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍കൂടെ ആ തണ്ടിൽ പൊങ്ങിവന്നു. ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.

ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനായി  ഈജിപ്തിലെ മന്ത്രവാദികളെയും ജ്ഞാനികളെയും ഞാൻ വിളിച്ചെങ്കിലും അതു വ്യാഖ്യാനിച്ചുതരുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല."      

പറഞ്ഞു നിറുത്തിയിട്ടു്, ഫറവോ പ്രതീക്ഷയോടെ ജോസഫിന്റെ മുഖത്തേക്കു നോക്കി. 

ജോസഫ് പറഞ്ഞു: "ഈ സ്വപ്നങ്ങൾ അങ്ങേയ്ക്കു നല്കിയ കർത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ.. രണ്ടുസ്വപ്നങ്ങളുടെയും അര്‍ത്ഥം ഒന്നുതന്നെ! ദൈവം അങ്ങയോടു ഭാവി കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.       
ഏഴു കൊഴുത്തപശുക്കള്‍ സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളാണ്; ഏഴു നല്ല കതിരുകളും സമൃദ്ധിനിറഞ്ഞ ഏഴുവര്‍ഷങ്ങൾതന്നെ; പുറകേവന്ന മെലിഞ്ഞു വിരൂപികളായ ഏഴുപശുക്കളും ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകളും ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാണ്.       

ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു. പിന്നീടുവരുന്ന ഏഴുവർഷങ്ങളോ, കഠിനമായ ക്ഷാമത്തിന്റെ കാലമായിരിക്കും. സമൃദ്ധിയുടെ കാലം ഈജിപ്തുകാർ മറന്നുപോകുംവിധം ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
ആദ്യത്തെ ഏഴുവർഷങ്ങളുടെ സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. അത്രയ്ക്കു രൂക്ഷമായ ക്ഷാമമാണു വരാനിരിക്കുന്നതു്.       

ഇക്കാര്യം ഉടനെതന്നെ ദൈവം നടപ്പിലാക്കുമെന്നതിനാലാണ്, വ്യത്യസ്തരീതികളിൽ സ്വപ്നമാവർത്തിച്ചതു്."     

ഫറവോ അല്പനേരം ആലോചനയിൽ മുഴുകി.

"ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ തരണംചെയ്യാൻ ഞാനെന്തു ചെയ്യണമെന്നാണു് നിന്റെ അഭിപ്രായം." അയാൾ ജോസഫിനോടുതന്നെ ഉപദേശമാരാഞ്ഞു.

"വിവേകിയും ബുദ്ധിമാനുമായ ഒരാളെക്കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി അങ്ങയാളെ നിയമിക്കണം. അവനുകീഴിൽ എല്ലായിടത്തും ഫറവോയ്ക്കായി സംഭരണശാലകൾ നിർമ്മിക്കണം. സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നെങ്കിലും ഈ സംഭരണശാലകളിൽ ശേഖരിക്കണം!     

ഈജിപ്തില്‍ ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെനേരിടാനുള്ള കരുതല്‍ധാന്യമായിരിക്കുമത്. അങ്ങനെ നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

സ്വപ്നങ്ങൾക്കു ജോസഫ് നല്കിയ വ്യാഖ്യാനവും പരിഹാരനിർദ്ദേശവും ഫറവോയ്ക്കിഷ്ടപ്പെട്ടു.
     
ജോസഫിനെ വിശ്രമമുറിയിലിരുത്താൻ  നിർദ്ദേശംനല്കിയശേഷം അയാൾ തന്റെ കാര്യവിചാരകന്മാരുമായി കൂടിയാലോചിച്ചു: "ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെക്കണ്ടെത്താന്‍ നമുക്കുകഴിയുമോ? ധാന്യശേഖരണത്തിന്റെ ചുമതല, നമുക്ക് ഇവനെത്തന്നെയേല്പിക്കാം." ഫറവോ പറഞ്ഞു. ഫറവോയുടെ നിർദ്ദേശത്തെക്കുറിച്ച്, ഒരാൾക്കുപോലും എതിരഭിപ്രായമില്ലായിരുന്നു.

ഫറവോ ജോസഫിന്റെയടുത്തു മടങ്ങിവന്നു പറഞ്ഞു:       
"ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ടും നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ലാത്തതുകൊണ്ടും നീ എന്റെ നാടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും."

തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്ത്, അയാൾ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങളും  സ്വര്‍ണ്ണമാലയും ധരിപ്പിച്ചു. ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. 
ഈജിപ്തു രാജ്യത്തിനുമുഴുവന്‍ അധിപനായി അവനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഫറവോ തുല്യംചാർത്തി. 

ഫറവോ ജോസഫിനോടു പറഞ്ഞു: "ഞാന്‍ ഈജിപ്തിന്റെ ഫറവോയാണ്. ഇനി നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല."  

സാഫ്നത്ത് ഫനായയ്ക്കു സഞ്ചരിക്കാൻ ഫറവോയുടെ രണ്ടാംരഥം വിട്ടുകൊടുത്തു. ഓനിലെ പുരോഹിതനായിരുന്ന പൊത്തിഫെറായുടെ മകള്‍ അസ്‌നത്തുമായി ഫറവോ സാഫ്നത്ത് ഫനായിയുടെ വിവാഹവുംനടത്തി. 
       
ജോസഫ് ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ജോസഫിനെ ജയിലിലടച്ച അവന്റെ പഴയ യജമാനൻ, കാലാൾപ്പടയുടെ നായകനായ പോത്തിഫർ, തന്റെ പടയാളികൾക്കൊപ്പം ജോസഫിന്റെ രഥത്തിനു മുമ്പിലോടി. 

"മുട്ടുമടക്കുവിൻ, ഈജിപ്തിന്റെ സർവ്വാധിപൻ രഥത്തിലെഴുന്നള്ളുന്നു..." പോത്തിഫറും പടയാളികളും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു....

- - - - - - - - - - - - - - - - -

 ¶സാഫ്നത്ത് ഫനായ  - ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday, 2 July 2017

18. വഴികാട്ടുന്ന സ്വപ്നങ്ങള്‍

ബൈബിൾക്കഥകൾ 18

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകന്മാരിലൊരുവനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലിക്കാരനായി അയാൾക്കൊരടിമയെ വേണമായിരുന്നു.

വടിവൊത്ത, കരുത്തൻശരീരമുള്ള, സുമുഖനായ ജോസഫിനുവേണ്ടിയുള്ള വിലപേശലുകൾനടക്കുന്നതിനിടയിലാണ്, അയാൾ അടിമച്ചന്തയിലെത്തിയത്. പോത്തിഫറിനു ജോസഫിനെ ഇഷ്ടമായി. വിലപേശലുകൾക്കൊടുവിൽ അയാളവനെത്തന്നെ വിലയ്ക്കുവാങ്ങുകയുംചെയ്തു.

പുതിയ അടിമയുമായി അയാൾ ഭവനത്തിലെത്തി. അവർ പടിവാതിൽകടക്കുംമുമ്പ്, ഫറവോയുടെ ഒരു ദൂതനുമവിടെയെത്തി. ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചുകൊണ്ടുള്ള, ഉത്തരവുമായാണ് ദൂതനെത്തിയത്. 

പുതിയ അടിമയുടെ വരവാണ് തനിക്ക് ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ നിശ്ചയിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട കാര്യങ്ങളിലെല്ലാം കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ, ജോസഫ് യജമാനന്റെ ഭവനത്തിന്റെയും എല്ലാ സ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായിത്തീർന്നു

പോത്തിഫറിന്റെ കുടുംബാംഗങ്ങൾക്കും ദാസീദാസന്മാർക്കും ജോസഫ് പ്രിയങ്കരനായിരുന്നു. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. അവിടുത്തെത്തിരക്കുകൾക്കിടയിൽ, പിതൃഭവനത്തെക്കുറിച്ചോ ജ്യേഷ്ഠന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചോ ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

ജോസഫിന്റെ ആകർഷകമായ വ്യക്തിത്തവും സൗമ്യമായ പെരുമാറ്റവും കരുത്തുറ്റ ശരീരവും
പോത്തിഫറിന്റെ ഭാര്യയെ ഭ്രമിപ്പിച്ചു. അവൻ അവളുടെ സ്വപ്നങ്ങളിലിടംപിടിച്ചു. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു. ഭർത്താവു വീട്ടിലില്ലാത്തപ്പോളെല്ലാം ജോസഫിനോടു കളിതമാശകൾ പറഞ്ഞുകൊണ്ട്, അവനോടൊപ്പമായിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

അവൻ പിന്തിരിപ്പിക്കാൻശ്രമിച്ചെങ്കിലും അവൾ, അവനിൽനിന്നകന്നില്ല. പകരം കൂടുതൽകൂടുതൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം നിലമറന്ന്, തന്നോടൊപ്പം ശയിക്കാനായിപ്പോലും അവളവനെ ക്ഷണിച്ചു!

“അദ്ദേഹത്തിനു നിന്നെ വലിയവിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ട്, യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹമെന്റെ മേല്‍നോട്ടത്തില്‍വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ! കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്നാലിതാ, എന്റെമേല്‍ നിനക്കു ഞാനധികാരംതരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. എന്റെ ദൈവമായ കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്, അവള്‍ നിശ്ചയിച്ചു.


എന്നാൽ കഴിയുന്നതും അവളുടെ കണ്മുമ്പില്‍ച്ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍, അവനറിയാതെ അവളവന്റെ പിന്നിലെത്തി, അവനെത്തന്നോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളുമിതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെപോകുന്നില്ല.” ജോസഫ് കുതറിയോടി. അവളവനെ പിടിച്ചുനിറുത്താൻശ്രമിച്ചെങ്കിലും അവന്റെ മേലങ്കിമാത്രമേ അവളുടെ കൈകളില്‍ക്കിട്ടിയുള്ളൂ. മേലങ്കിയുപേക്ഷിച്ച്, അവനോടി രക്ഷപ്പെട്ടു.

അവള്‍ തന്റെ വസ്ത്രംകീറി.. പിന്നെ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു: “എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു *ഹെബ്രായനെ എന്തിനാണീ വീട്ടിൽ നിറുത്തിയിരിക്കുന്നത്? അവനിതാ എന്നെ കടന്നുപിടിക്കാൻപോലും ധൈര്യംകാണിച്ചിരിക്കുന്നു...”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെയപമാനിക്കാന്‍ശ്രമിച്ചു. അവനെന്നെ കടന്നുപിടിച്ചു. ഞാനലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.” ജോസഫിന്റെ പുറങ്കുപ്പായവും തന്റെ, കീറിയവസ്ത്രവും അവൾ ഭർത്താവിനു തെളിവായി നല്കി.

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. ജോസഫിൽനിന്ന് ഇങ്ങനെയൊരു പ്രവൃത്തിയുണ്ടാകുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. അയാള്‍ ജോസഫിനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്കൊന്നും അവനുത്തരം പറഞ്ഞില്ല. അവന്റെ മൗനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

ജോസഫ് തടവറയിലടയ്ക്കപ്പെട്ടു. കാരാഗൃഹവാതിൽ പിന്നിൽനിന്നടഞ്ഞപ്പോൾ, അവൻ തറയില്‍ മുട്ടുകുത്തി. ഏറെനാളുകൾക്കുശേഷം പിതൃഭവനത്തെക്കുറിച്ചു  വീണ്ടുമവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് തീവ്രമായ  ആഗ്രഹംതോന്നി. ആബായുടേയും അമ്മമാരുടേയും ചേച്ചിയുടേയും മുഖങ്ങൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു. അവന്‍ കര്‍ത്താവിനുമുമ്പില്‍ കണ്ണുനീര്‍ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായിരുന്നു. അവിടുന്ന്, കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോടു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടംതന്നെ ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കർത്താവവനെയനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടിവന്നിരുന്നില്ല.

അങ്ങനെയിരിക്കേ, അപ്രതീക്ഷിതമായി, രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രങ്ങളായ, അവരിരുവരെയും ജോസഫ്കഴിഞ്ഞിരുന്ന കാരാഗൃഹത്തിലാണടച്ചത്.

മറ്റുതടവുകാരെയെന്നപോലെ, കാരാഗൃഹമേധാവി, അവരെയും ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് തടവുകാരുടെ മുറികളില്‍ പതിവു സന്ദര്‍ശനത്തിനായെത്തി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ ഓരോ സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമായ കര്‍ത്താവില്‍നിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: "മൂന്നു ശാഖകളുള്ളൊരു മുന്തിരിവള്ളിയാണു സ്വപ്നത്തില്‍ ഞാൻ കണ്ടത്. അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.അപ്പോള്‍ എന്റെ കൈയിൽ ഫറവോയുടെ പാനപാത്രമുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞ്, പാനപാത്രത്തിലൊഴിച്ച്, ഫറവോയ്ക്കു നല്കി. ഇതാണു ഞാൻകണ്ട സ്വപ്നം. ഇതിന്റെയർത്ഥമെന്താണെന്നു പറഞ്ഞുതരാൻപറ്റിയ ആരെയെങ്കിലും നിനക്കറിയാമോ?"

"ഞാൻ പറഞ്ഞുതരുന്നതിൽ വിരോധമുണ്ടോ?" ജോസഫ് പുഞ്ചിരിയോടെ ചോദിച്ചു.

അല്പനേരം മൗനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മുന്തിരിവള്ളിയുടെ മൂന്നു ശാഖകള്‍, മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെപ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും. അതാണ് ഈ സ്വപ്നമർത്ഥമാക്കുന്നത്."

ഒരു നിമിഷത്തെ മൗനത്തിനുശേഷം ജോസഫ് തുടർന്നു:

"എനിക്കു താങ്കളോടൊരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍മ്മിക്കണം, എന്നോടു കാരുണ്യംകാണിക്കണം. ഒരു കുറ്റവുംചെയ്യാതെയാണ്, വിചാരണപോലുംകൂടാതെ ഞാനീ തടവറയിൽക്കഴിയുന്നത്. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞ്, നിങ്ങളെ ഞാന്‍ മോചിപ്പിക്കുകയുംചെയ്യും”

പാചകനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു: “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”

അല്പനേരം ധ്യാനനിമഗ്നനായിരുന്നശേഷം
ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല! മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” 
പാചകക്കാരന്‍ ദുഃഖംസഹിക്കാനാകാതെ കരഞ്ഞു. "എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!"

ജോസഫ് അതിനു മറുപടി നല്കിയില്ല. അയാളെതന്നോടുചേർത്തുപിടിച്ച്, അവൻ അയാളുടെ തോളിൽത്തട്ടി ആശ്വസിപ്പിക്കാൻശ്രമിച്ചു.

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയുംകുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പ്രവചിച്ചതുപോലെ, ഫറവോ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാനും വിധിച്ചു.

പാനപാത്രവാഹകൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ അയാൾ ജോസഫിനെക്കുറിച്ച് ഓര്‍മ്മിച്ചതേയില്ല; തടവറയിലെ ദിനങ്ങൾ അയാള്‍ മറന്നുകളഞ്ഞു.

ഋതുക്കൾ മാറിമറിഞ്ഞു. ജോസഫിന്റെ തടവറജീവിതം പിന്നെയും രണ്ടുവർഷങ്ങൾ പിന്നിട്ടു. ജോസഫിനു മുപ്പതുവയസ്സു പൂർത്തിയായി. ഈജിപ്തിലെത്തിയിട്ടു പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടെന്ന് അവനോർത്തു. ഇനിയെന്നെങ്കിലും പുറംലോകം കാണുവാനാകുമോയെന്ന് അറിഞ്ഞുകൂടെങ്കിലും സഹതടവുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനുംകിട്ടുന്ന അവസരങ്ങളൊന്നും ജോസഫ് പാഴാക്കിയില്ല.

----------------------------------------------------------------------------------------
*ഹെബ്രായൻ - ഹീബ്രുഭാഷ സംസാരിക്കുന്നയാൾ

Sunday, 25 June 2017

17. ജോസഫ്

ബൈബിൾക്കഥകൾ 17

അമ്മയുടെ അമ്മിഞ്ഞപ്പാൽകുടിക്കാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും ബഞ്ചമിന്‍ അമ്മയുടെ അഭാവമറിഞ്ഞതേയില്ല. പെറ്റമ്മയെ നഷ്ടമായപ്പോൾ മൂന്നമ്മമാരുടെ വാത്സല്യം അവനെപ്പൊതിഞ്ഞുനിന്നു. ലെയയും സിൽഫയും ബിൽഹയും മാതൃതുല്യമായ വാത്സല്യത്തോടെ റാഹേലിന്റെു മകനെ പരിചരിച്ചു. ദീനയും പതിനൊന്നു സഹോദരന്മാരും തങ്ങളുടെ കുഞ്ഞനിയനെ ഹൃദയത്തോടുചേര്‍ത്തു സ്നേഹിച്ചു.

എന്നാല്‍ അവര്‍ക്കാര്‍ക്കും ബഞ്ചമിനോടുള്ള സ്നേഹത്തിന്റെ ചെറിയോരളവുപോലും റാഹേലിന്റെു മൂത്തപുത്രനായ ജോസഫിനോടുണ്ടായിരുന്നില്ല. പിതാവായ ഇസ്രായേല്‍മാത്രം അവനെ അകമഴിഞ്ഞു സ്നേഹിച്ചു. ഇസ്രായേലിനു റാഹേലിനോടുണ്ടായിരുന്ന സ്നേഹത്തിന്റെ തീവ്രത, അവളുടെ കടിഞ്ഞൂല്‍പ്പുത്രനോടുള്ള വാത്സല്യമായി. 

തങ്ങളിലാരെയുംകാളധികമായി പിതാവു ജോസഫിനെ സ്നേഹിക്കുന്നതിനാലാകാം, സഹോദരങ്ങള്‍ അവനെ അത്യധികം വെറുത്തു. ജോസഫിനോടു സൗമ്യമായി സംസാരിക്കാന്‍പോലും അവരാരും താല്പര്യംകാണിച്ചില്ല.

ജോസഫ് അതികോമളനായ ഒരു ബാലനായിരുന്നു. സുന്ദരമായ മുഖവും ബലിഷ്ഠമായ ശരീരവും എല്ലായ്പോഴും ചുണ്ടുകളില്‍ വിടര്‍ന്നുനിന്നിരുന്ന പുഞ്ചിരിയും അവനെ ആകര്‍ഷണീയനാക്കി. സഹോദരന്മാര്‍ കോപിച്ചാലും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. 

സഹോദരങ്ങൾ അവനെയൊറ്റപ്പെടുത്തുമ്പോളും ഏകനായിപ്പോകുമ്പോളുമെല്ലാം അവൻ കർത്താവിനോടു കൂട്ടുകൂടി... പ്രാർത്ഥനയിലാനന്ദംകണ്ടെത്തി. 

കര്‍ത്താവിന്റെ ആത്മാവു ജോസഫിനോടൊത്തുണ്ടായിരുന്നു. സ്വപ്നങ്ങളിലൂടെ കര്‍ത്താവവനു വെളിപ്പെടുത്തലുകള്‍ നല്കി.

ജോസഫിനു പതിനേഴുവയസ്സുള്ളപ്പോള്‍, ഒരു രാത്രിയില്‍ അവനൊരു സ്വപ്നദര്‍ശനമുണ്ടായി. പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണത്തിനിരിക്കുമ്പോള്‍, താന്‍കണ്ട സ്വപ്നത്തെപ്പറ്റി ജോസഫ് സഹോദരന്മാരോടു പറഞ്ഞു.


“നമ്മളെല്ലാവരും വയലില്‍ കോതമ്പു കൊയ്യുകയായിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചു. പെട്ടെന്ന്‍, എന്റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങളുടെ കറ്റകളെല്ലാം എന്റെ കറ്റയുടെ ചുറ്റുംവന്ന്, അതിനെ താണുവണങ്ങി.”

“നിന്റെ ആഗ്രഹം കൊള്ളാല്ലോ, നീ ഞങ്ങളുടെമേല്‍ ആധിപത്യംസ്ഥാപിക്കുമെന്നു പറയാന്‍ശ്രമിക്കുന്നോ?”മൂത്തവനായ റൂബന്‍ അവനോടു കയര്‍ത്തു.

“അല്ലെങ്കില്‍ത്തന്നെ, ആബയെ വശത്താക്കി കാര്യംനേടാന്‍ അവന്‍ കേമനാണ്. ഇനിയിപ്പോള്‍ നമ്മളെല്ലാം അവനെ താണുവണങ്ങാത്തതിന്റെ കുഴപ്പംമാത്രമേ ബാക്കിയുള്ളൂ.” യൂദായും ലേവിയും സെബുലൂണും ഗാദും റൂബനോടുചേര്‍ന്നു ജോസഫിനോടു ദേഷ്യപ്പെട്ടു.

പ്രാതലിനിടയില്‍ മക്കളുടെ ബഹളംകേട്ട്, ഇസ്രായേല്‍ അവിടേയ്ക്കുവന്നു.

“ആബാ, ഞാനിന്നലെക്കണ്ടൊരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞതിനാണ് ഇവരെന്നോടു ദേഷ്യപ്പെടുന്നത്.”

ജോസഫ് പിതാവിന്റെ സംരക്ഷണംതേടി. താൻകണ്ട സ്വപ്നത്തെക്കുറിച്ച് അവൻ ഇസ്രയേലിനോടു പറഞ്ഞു.

"ഒരുസ്വപ്നംകൂടെ ഞാന്‍ കണ്ടു. ആ സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്റെുമുമ്പില്‍വന്ന്‍ എന്നെ താണുവണങ്ങി.”

“എന്ത്? നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥമെന്താണ്? ഞാനും നിന്റെ‍ അമ്മയും സഹോദരങ്ങളും നിന്നെ താണുവണങ്ങുമെന്നോ?” ഇസ്രായേലും ജോസഫിനോടു ദേഷ്യപ്പെട്ടു.

ആബയും തനിക്കെതിരാണെന്നു തോന്നിയതിനാല്‍ ജോസഫ് കരഞ്ഞു. അവനൊറ്റയ്ക്ക് ആടുകളുടെ ആലയ്ക്കടുത്തേക്കു പോയിരുന്നു.

ജോസഫിന്റെ സ്വപ്നത്തെക്കുറിച്ചറിഞ്ഞപ്പോൾ സഹോദരങ്ങള്‍ക്ക് അവനോടുള്ള ദേഷ്യംകൂടി. ഇസ്രായേലാകട്ടെ, മകന്‍കണ്ട സ്വപ്നങ്ങളെക്കുറിച്ചു ധ്യാനിച്ചു. കര്‍ത്താവിന്റെ ഹിതം എന്തുതന്നെയായാലും അതു നിറവേറട്ടെയെന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു.

ഗ്രീഷ്മസൂര്യന്റെ കിരണങ്ങള്‍ക്കു കാഠിന്യമേറി. കാനാന്‍ദേശത്തെ പുല്‍മേടുകള്‍ കരിഞ്ഞുതുടങ്ങി.

ആടുകള്‍ക്കു തീറ്റകിട്ടാന്‍ പ്രയാസമായപ്പോള്‍ റൂബന്‍ പിതാവിനോടു പറഞ്ഞു: “ആബാ, ഞങ്ങള്‍ ആടുകളെയുംകൊണ്ടു ഷെക്കമിലേക്കു പോകട്ടേ? അവിടെയിപ്പൊഴും പച്ചയായ മേച്ചില്‍പ്പുറങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.”

പിതാവിന്റെ അനുമതിയോടെ റൂബനും സഹോദരന്മാരും ഷെക്കമിലേക്കു തിരിച്ചു. ജോസഫിനെ അവര്‍ കൂടെക്കൂട്ടിയില്ല. ബഞ്ചമിന്‍ ബാലനായിരുന്നതിനാല്‍ അവനും ഭവനത്തില്‍ത്തന്നെ നിന്നു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു. “ഷെക്കമില്‍പ്പോയി, നിന്റെ സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരൂ.”

പിതാവിന്റെ ആജ്ഞാനുസരണം  ജോസഫ് സഹോദരങ്ങളെയന്വേഷിച്ചിറങ്ങി. അവന്‍ യാക്കോബിന്റെ, ഷെക്കെമിലുള്ള  പുരയിടത്തിലെത്തി. 

വേനലിന്റെ കാഠിന്യത്തിന് അവിടെയും കുറവൊന്നുമില്ല. ഷെക്കമിലെ പുല്‍മേടുകളും സൂര്യാംശുക്കളുടെ താഢനമേറ്റു തളര്‍ന്നുകഴിഞ്ഞു. പൊള്ളുന്ന വെയിലത്ത്, പലയിടത്തുമന്വേഷിച്ചലഞ്ഞെങ്കിലും ഷെക്കെമിലൊരിടത്തും സഹോദരന്മാരെക്കണ്ടെത്താന്‍ ജോസഫിനായില്ല.

ഒടുവിലൊരാള്‍ അവനോടു പറഞ്ഞു: ”ഒരുമിച്ച് ആടുമേയിച്ചിരുന്ന പത്തു സഹോദരന്മാരേയാണോ നീയന്വേഷിക്കുന്നത്? അവര്‍ ഇവിടെനിന്നു പോകുന്നതു ഞാന്‍ കണ്ടല്ലോ. ഞാനവരുമായി സംസാരിച്ചിരുന്നു. ദോത്താനിലേക്കു പോകുന്നുവെന്നാണവര്‍ പറഞ്ഞത്.”

ജോസഫ് ഷെക്കമില്‍നിന്നു ദോത്താനിലേക്കു നടന്നു.

താഴ്വരയിലൂടെ ജോസഫ് നടന്നുവരുന്നത്, അകലെനിന്നുതന്നെ സഹോദരന്മാര്‍ കണ്ടു. ദൂരെവച്ചുതന്നെ അവരവനെ തിരിച്ചറിഞ്ഞു.

“നോക്കൂ, സ്വപ്നക്കാരന്‍ വരുന്നുണ്ട്.”

“അവനെന്തിനിപ്പോള്‍ ഇങ്ങോട്ടു വരുന്നു?”

“എന്തായാലും ഇതു നമുക്കുകിട്ടിയ നല്ലോരവസരമാണ്. അവനെ നമുക്കിന്ന് ഈ ഭൂമുഖത്തുനിന്നില്ലാതാക്കാം.”

“അതുശരിയാണ്. അവന്റെ സ്വപ്നങ്ങള്‍ക്കിനി എന്തുസംഭവിക്കുമെന്നു നമുക്കു കാണാമല്ലോ!”

ജോസഫിനെ കൊല്ലാന്‍തന്നെ അവന്റെ ജ്യേഷ്ഠന്മാര്‍ തീരുമാനിച്ചു. മൂത്തവനായ റൂബന്‍മാത്രം അതിനെയെതിര്‍ത്തു. ജോസഫിനെ സഹോദരന്മാരിൽനിന്നുരക്ഷിച്ച്, പിതാവിന്റെപക്കല്‍ തിരിച്ചെത്തിക്കണമെന്ന്‌ അവന്‍ കരുതി.

“നിങ്ങളെന്താണീപ്പറയുന്നത്? എന്തൊക്കെയായാലും അവന്‍ നമ്മുടെ അനുജനല്ലേ? അവന്റെ രക്തംചിന്തണമെന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നിങ്ങളിലൊരാൾപോലും അവനെ ദേഹോപദ്രവമേല്പിക്കാനിടയാകരുത്.”

അപ്പോള്‍ ജോസഫ് അവരുടെയടുത്തെത്തി. ഒരുപാടു ദിവസങ്ങളിലെ അലച്ചിലിനൊടുവില്‍ സഹോദരന്മാരെ കണ്ടെത്താനായതില്‍ അവന്‍ വളരെയേറെ സന്തോഷിച്ചു. 

ജോസഫ് അടുത്തെത്തിയപ്പോള്‍ റൂബനൊഴികെയുള്ള ഒമ്പതുപേരുംചേര്‍ന്ന് അവന്റെ മേലങ്കി അഴിച്ചെടുത്തതിനുശേഷം, അടുത്തുണ്ടായിരുന്ന വെള്ളമില്ലാത്തൊരു പൊട്ടക്കിണറിനുള്ളിലേക്ക് അവനെ തള്ളിയിട്ടു. എന്താണു സംഭവിക്കുന്നതെന്നു ജോസഫിനു മനസ്സിലായില്ല. അവന്റെ വിലാപമത്രയും ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചത്.

“ഈ പ്രദേശത്ത്, കൂടുതല്‍ പുല്ലുള്ള സ്ഥലങ്ങളുണ്ടോയെന്നു ഞാനന്വേഷിച്ചുവരാം. വൈകുന്നേരമാകുമ്പോള്‍ അതാ അങ്ങകലെ കാണുന്ന കുന്നിന്‍മുകളിലേക്കു നിങ്ങള്‍ വന്നോളൂ, ഞാനവിടെയുണ്ടാകും.” റൂബന്‍ അവിടെനിന്നു പോയി. സഹോദരന്മാര്‍ തന്നെത്തേടിവരുമ്പോള്‍ മറുവഴിയിലൂടെവന്നു ജോസഫിനെ രക്ഷിക്കാമെന്ന് അവന്‍ കരുതിയിരുന്നു.

റൂബന്‍പോയി, കുറച്ചിടകഴിഞ്ഞപ്പോള്‍ മിദിയാനില്‍നി‍ന്ന് ഈജിപ്തിലേക്കു കച്ചവടത്തിനായിപ്പോകുന്ന ഇസ്മയേല്യരായ വണിക്കുകളുടെ ഒരുസംഘം അകലെനിന്നു വരുന്നതുകണ്ട്, യൂദാ സഹോദരന്മാരോടു പറഞ്ഞു. “അവന്‍ ആ പൊട്ടക്കിണറ്റില്‍ക്കിടന്നു മരിച്ചിട്ടു നമുക്കെന്തു പ്രയോജനം? നമുക്ക് അവനെയാ കച്ചവടക്കാര്‍ക്ക് അടിമയായി വില്ക്കാം.”


അവര്‍ ജോസഫിനെ കുഴിയില്‍നിന്നു കയറ്റി, ഇരുപതുവെള്ളിക്കാശിനു വിറ്റു. പിന്നെ റൂബന്‍പറഞ്ഞ കുന്നിന്‍പ്രദേശത്തേക്കുപോയി. 

ജോസഫിനെവാങ്ങിയ ഇസ്മയേല്യർ, അവനെ ബന്ധിച്ച്, ഈജിപ്തിലേക്കു യാത്രതുടര്‍ന്നു. ജോസഫിന്റെ ചുണ്ടുകളിലെ മായാത്തപുഞ്ചിരി മാഞ്ഞുപോയി. കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണീര്‍ വറ്റിയതല്ലാതെ ജോസഫിനെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കര്‍ത്താവുപോലും തന്നെ കൈവെടിഞ്ഞെന്ന് അവനുതോന്നി. എങ്കിലും അവന്‍ തേങ്ങലോടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "ദൈവമേ, എന്നെ കൈവെടിയരുതേ, അങ്ങു ചെയ്യുന്നതെല്ലാം എന്റെ നന്മയ്ക്കുവേണ്ടിമാത്രമാകുമെന്ന്, ഞാനുറപ്പായി വിശ്വസിക്കുന്നു."

റൂബന്‍ മടങ്ങിയെത്തിയപ്പോള്‍ കിണറിനുള്ളില്‍ ജോസഫിനെ കണ്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞുകൊണ്ടു തന്റെ വസ്ത്രംകീറി. അവന്‍ സഹോദരന്മാരുടെയടുത്തു പാഞ്ഞെത്തി.

“കുട്ടിയെ അവിടെക്കാണുന്നില്ല. ഞാനിനി എന്തുചെയ്യും? ആബയോടെന്തു പറയും?”

ശിമയോന്‍ പറഞ്ഞു: “ഇതാ അവന് ആബകൊടുത്ത പുതിയ മേല്‍വസ്ത്രമിവിടെയുണ്ട്. നമുക്ക് ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു മടങ്ങാം. ഒരാടിനെക്കൊന്ന്‍, അതിന്റെ രക്തം, ജോസഫിന്റെ മേല്‍വസ്ത്രത്തില്‍പ്പുരട്ടി ആബയ്ക്കു കൊടുക്കാം.”

അവര്‍ വീട്ടില്‍ത്തിരിച്ചെത്തി.

“ആബാ, ഞങ്ങള്‍ക്കു വഴിയില്‍നിന്ന്, ചോരയില്‍പ്പുരണ്ട ഈ മേല്‍വസ്ത്രം കിട്ടി. ഇതു ജോസഫിന്റേതുപോലെ തോന്നിയതിനാല്‍ ഞങ്ങള്‍ എടുത്തുകൊണ്ടുപോന്നു."

ഇസ്രായേല്‍ മേലങ്കി തിരിച്ചറിഞ്ഞു.

“ഏതെങ്കിലും കാട്ടുമൃഗം അവനെ കൊന്നുതിന്നുകാണും. ഈ മേലങ്കിയല്ലാതെ അവന്റെ ശരീരമോ അസ്ഥികൂടമോ ഞങ്ങള്‍ കണ്ടില്ല.”

ഇസ്രായേല്‍ മകനെയോര്‍ത്തു വിലപിച്ചു. ചാക്കുവസ്ത്രമുടുത്ത് ഉപവാസത്തോടെ അയാള്‍ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. മറ്റു പുത്രന്മാർക്കോ പുത്രിക്കോ ലെയയ്ക്കോ അയാളെ ആശ്വസിപ്പിക്കാന്‍കഴിഞ്ഞില്ല.

വണിക്കുകള്‍ ഈജിപ്തിലെത്തി. അവര്‍ ജോസഫിനെ ഈജിപ്തിലെ അടിമച്ചന്തയില്‍ വില്പനയ്ക്കായി നിറുത്തി. 

അന്ന്, ജോസഫിനു പതിനെട്ടുവയസ്സുതികഞ്ഞ ദിവസമായിരുന്നു!

Sunday, 18 June 2017

16. മരണത്തിന്‍റെ വഴികള്‍


ബൈബിൾക്കഥകൾ - 16


ഷെക്കംപട്ടണത്തില്‍ പുരയിടംവാങ്ങി, യാക്കോബവിടെ കൂടാരമടിച്ചു. ഒരുദിവസം യാക്കോബിന്‍റെ ഏകപുത്രിയായിരുന്ന ദീന, ഷെക്കമിലെ സ്ത്രീകളെ സന്ദര്‍ശിച്ചു പരിചയപ്പെടാനായി പട്ടണത്തിലേക്കുപോയി. 

ഒരു ദുരന്തമാണ് അവിടെ അവളെക്കാത്തിരുന്നത്. ഷെക്കമിലെ പ്രഭുവായിരുന്ന ഹാമോറിന്‍റെ പുത്രന്‍ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു. അവൻ അവളെയാക്രമിച്ചു കീഴ്പ്പെടുത്തി... 


തങ്ങളുടെ ഏകസഹോദരി ബലാത്സംഗംചെയ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ യാക്കോബിന്‍റെ മക്കള്‍ കോപത്താല്‍ ജ്വലിച്ചു. പതിനൊന്നു സഹോദരന്മാര്‍ തങ്ങളുടെ സഹോദരിക്കായി പ്രതികാരത്തിനിറങ്ങി. അവരുടെ കോപാഗ്നിയെത്തടയാൻ ഷെക്കംകാർക്കായില്ല.

ലേവിയും ശിമയോനുംചേര്‍ന്ന്‍, ഹാമോറിനെയും അവന്‍റെ കുടുംബത്തിലെ സകലരെയും ശിരച്ഛേദംചെയ്തു. തങ്ങളുടെ സഹോദരിയുടെ മാനത്തിന്‍റെ വിലയെന്തെന്ന് അവര്‍ ഷെക്കംനിവാസികളെയറിയിച്ചു. അവരുടെ കണ്‍മുമ്പിലെത്തിയ ഷെക്കംനിവാസികളായ പുരുഷന്മാരുടെയെല്ലാം കബന്ധങ്ങള്‍ തെരുവിലുരുണ്ടു. 

വലിയൊരു കൂട്ടക്കൊലയ്ക്കുശേഷമാണ് യാക്കോബിന്റെ മക്കൾ കൂടാരത്തിലേക്കു മടങ്ങിയത്. യാക്കോബു മക്കളെയെല്ലാം വിളിച്ചുകൂട്ടി. അയാൾ വല്ലാതെ ഭയന്നിരുന്നു.

"നിങ്ങള്‍ എന്താണീചെയ്തത്? നമ്മള്‍ ഈ പട്ടണത്തില്‍ തികച്ചും അപരിചിതരാണ്. ബന്ധുബലവുമില്ല. പട്ടണനിവാസികള്‍ ഒന്നിച്ചുകൂടി ആക്രമിച്ചാല്‍ നമുക്കു പിടിച്ചുനില്ക്കാനാകുമോ?"

"ഞങ്ങളുടെ സഹോദരിയെ അപമാനിച്ചവരെ ഞങ്ങള്‍ വേറെന്തുചെയ്യണം?" ശിമയോന്‍ പിതാവിനോടു കയര്‍ത്തു.

കര്‍ത്താവിന്‍റെ ബലിപീഠത്തിനുമുമ്പില്‍ യാക്കോബു മുട്ടുകുത്തി. സുരക്ഷിതരായി ഷെക്കമിൽനിന്നു മടങ്ങിപ്പോകാൻ സംരക്ഷണംനല്കണമേയെന്നു പ്രാർത്ഥിച്ചു.

കര്‍ത്താവവനു ദര്‍ശനംനല്കി.

"ഈ നാട്ടിലുള്ള മുഴുവന്‍പേരുടെയും മനസ്സില്‍ നിന്നെയും മക്കളെയുംകുറിച്ചു ഞാന്‍ ഭയമുളവാക്കും. ഇന്നുതന്നെ ഷെക്കമിൽനിന്നു പുറപ്പെടുക. നിന്‍റെ സഹോദരനെഭയന്ന്, നീ ഒളിച്ചോടിയപ്പോള്‍ നിനക്കു ഞാന്‍ ദർശനംനല്കിയ ബഥേലില്‍, നീയെനിക്കായൊരു ബലിപീഠം നിര്‍മ്മിക്കുക."

യാക്കോബ് ഭാര്യമാരെയും മക്കളേയുംവിളിച്ചു പറഞ്ഞു. "നിങ്ങളുടെപക്കലുള്ള അന്യദേവന്മാരെയെല്ലാം ദൂരെക്കളയുക; എല്ലാവരും യാത്രയ്ക്കു തയ്യാറാകൂ.. നമുക്കു ബേഥേലിലേക്കു പോകാം. എന്‍റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെകൂടെയുണ്ടായിരുന്നവനുമായ കര്‍ത്താവിനു ഞാന്‍ അവിടെയൊരു ബലിപീഠം പണിയും." 

എല്ലാവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങള്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്‍റെ ചുവട്ടില്‍ അവയെല്ലാം കുഴിച്ചുമൂടി. അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാമുള്ളവർക്ക്, ദൈവമവരോടു ഭീതിയുളവാക്കി. അതുകൊണ്ട്, അവര്‍ യാത്രചെയ്തപ്പോള്‍ യാക്കോബിനെയോ  മക്കളെയോ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല.. 

കര്‍ത്താവിനു ബലിപീഠംനിര്‍മ്മിച്ചു ബലിയര്‍പ്പിച്ചശേഷം, യാക്കോബും കുടുംബവും വീണ്ടും യാത്രതുടര്‍ന്നു. ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ പിതാവായ ഇസഹാക്കിന്‍റെയടുത്തേക്കെത്താനായി യാക്കോബു കൊതിച്ചു. 

യാത്രയ്ക്കിടയിൽ, റാഹേലിന്‍റെ ഗര്‍ഭപാത്രം ഒരിക്കല്‍ക്കൂടെ ഫലമണിഞ്ഞു. എഫ്രാത്ത എന്ന സ്ഥലത്തെത്തിയപ്പോള്‍ അവള്‍ക്കു പ്രസവവേദനയുണ്ടായി. റാഹേല്‍ ഒരു പുത്രനു ജന്മംനല്കി. എന്നാല്‍ അവനെ മുലയൂട്ടുന്നതിനുള്ള ഭാഗ്യം അവള്‍ക്കുണ്ടായിരുന്നില്ല. തന്റെ രണ്ടാമത്തെ പുത്രനു ജന്മംനല്കി ഏറെവൈകാതെ, റാഹേൽ നിത്യനിദ്രയിലാമഗ്നയായി.

യാക്കോബ് ഉറക്കെ കരഞ്ഞു. മറ്റാരെയുംകാളധികമായി അവന്‍റെ ഹൃദയം റാഹേലിലലിഞ്ഞുചേര്‍ന്നിരുന്നു. എഫ്രാത്തയ്ക്കടുത്തുള്ള ബത്ത്ലഹെമില്‍  അവളുടെ മൃതദേഹം സംസ്കരിച്ചു. അവിടെ കൂടാരമടിച്ച് കുറച്ചുനാൾ അവർ ബത്ത്ലഹെമില്‍ത്താമസിച്ചു.

റാഹേലിന്‍റെ രണ്ടാമത്തെ പുത്രനു ബഞ്ചമിന്‍ എന്നാണു യാക്കോബു പേരിട്ടത്.

ബത്ത്ലഹേമിൽനിന്നു പുറപ്പെട്ട്,
യാക്കോബും സംഘവും സഹോദരനായ ഏസാവിന്റെ വീട്ടിലെത്തി. അവനോടൊപ്പം കുറച്ചുദിവസങ്ങൾ ചിലവഴിച്ചശേഷം പിതൃഭവനത്തിലേക്കുള്ള യാത്ര തുടർന്നു.

ഏറെവൈകാതെ പിതാവായ ഇസഹാക്കിന്‍റെ ഭവനത്തില്‍ അവന്‍ മടങ്ങിയെത്തി. നീണ്ടവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യാക്കോബു തന്‍റെ മാതാപിതാക്കളെ ചുംബിച്ചു. 

ഇസഹാക്ക്, പതിമൂന്നു പേരക്കുട്ടികളുടെയും തലയില്‍ കൈവച്ച് അവരെയനുഗ്രഹിച്ചു. 

നൂറ്റിയെൺപതുവയസ്സു പ്രായമായപ്പോള്‍ ഇസഹാക്ക് സ്വര്‍ഗ്ഗംപൂകി. എസാവും യാക്കോബുംചേര്‍ന്ന് അബ്രഹാമിന്‍റെ കല്ലറയ്ക്കരികില്‍ത്തന്നെ തങ്ങളുടെ പിതാവിനു ഖബറിടമൊരുക്കി.

പിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും താമസിച്ചിരുന്ന കാനാന്‍ദേശത്തുതന്നെ, യാക്കോബും കുടുംബവും വാസമുറപ്പിച്ചു, 

Sunday, 11 June 2017

15. ഇസ്രായേല്‍

ബൈബിൾക്കഥകൾ - 15


യാക്കോബ് കാനാന്‍ദേശത്തേക്കുള്ള വഴിയുടെ അവസാനമൈലുകളിലേക്കെത്തി. ജോർദ്ദാൻനദി സമീപസ്ഥമായി.

പിതൃഭവനത്തിലെത്തുമ്പോള്‍ സഹോദരനായ എസാവ് എങ്ങനെയാകും പ്രതികരിക്കുകയെന്ന ചിന്ത യാക്കോബിനെയലട്ടി. അതിനാല്‍ തനിക്കുമുമ്പേ, അവൻ ചില ദൂതന്മാരെ സഹോദരന്റെപക്കലേക്കയച്ചു.

"നിങ്ങള്‍ എന്റെ സഹോദരനായ എസാവിനെ ചെന്നുകാണണം. നിന്റെ സഹോദരനായ യാക്കോബിനോടു ദയതോന്നണം. അറിവില്ലായ്മമൂലം ചെറിയപ്രായത്തില്‍ച്ചെയ്ത അപരാധങ്ങള്‍ മറന്നുകളയണം എന്നപേക്ഷിക്കാനായി അവന്‍ ഞങ്ങളെ അങ്ങയുടെപക്കലേക്കയച്ചിരിക്കുന്നു എന്നു പറയണം."

ദൂതന്മാര്‍ മടങ്ങിയെത്തുന്നതുവരെ യാക്കോബ് വഴിയിലൊരിടത്തു കൂടാരമടിച്ചുതാമസിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ദൂതന്മാര്‍ മടങ്ങിയെത്തി. "ഞങ്ങള്‍ അങ്ങയുടെ ജ്യേഷ്ഠനെക്കണ്ട് അങ്ങുപറഞ്ഞ കാര്യങ്ങളറിയിച്ചു. അങ്ങയെക്കാണാനായി, അദ്ദേഹം ഇങ്ങോട്ടു വരുന്നുണ്ട്. അവന്റെ നാന്നൂറു ദാസന്മാർ അവന്ന് അകമ്പടിയായുണ്ട്."

അതുകേട്ടപ്പോൾ, യാക്കോബ് കൂടുതലസ്വസ്ഥനായി. അവന്‍ തന്റെ ആടുമാടുകളെയും ഇടയന്മാരെയും ദാസീദാസന്മാരെയും രണ്ടുഗണമായി തിരിച്ചു. എസാവും അനുയായികളുംവന്ന്, ഒരു ഗണത്തെയാക്രമിച്ചാല്‍ മറ്റേഗണത്തിന് എങ്ങനെയെങ്കിലും ഓടിരക്ഷപ്പെടാനാകുമെന്ന് അവന്‍ കണക്കുകൂട്ടി.

എങ്കിലും എന്തുസംഭവിക്കുമെന്ന അനിശ്ചിതത്വം അവനെ കൂടുതല്‍ ആകുലനാക്കി. അവന്‍ ഏകാന്തതയില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:

"എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവേ, പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കു മടങ്ങുകയെന്ന അങ്ങയുടെ കല്പനയനുസരിച്ചാണല്ലോ ഞാന്‍ എന്റെ പിതൃഭവനത്തിലേക്കു യാത്രതിരിച്ചത്! എന്റെ സഹോദരനായ എസാവിന്റെ കൈയില്‍നിന്ന് അങ്ങുതന്നെ എന്നെ രക്ഷിക്കേണമേ! അവന്‍ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉന്മൂലനംചെയ്യുമെന്നു ഞാന്‍ ഭയക്കുന്നു.

വെറുംകൈയോടെ നാടുവിട്ടോടിയ എന്നോട്‌, അങ്ങുകാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒരിക്കലും അര്‍ഹനായിരുന്നില്ലെന്നു ഞാനറിയുന്നു. എങ്കിലും കര്‍ത്താവേ, എന്നെയനുഗ്രഹിച്ച്, എന്റെ സന്തതികളെ ഭൂമിയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമാക്കുമെന്ന് അങ്ങെനിക്കുനല്കിയ വാഗ്ദാനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ജീവന്‍ അങ്ങു സംരക്ഷിക്കണമേ!"

പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവനു മറ്റൊരാശയംതോന്നി.

സഹോദരനായ ഏസാവിനായി അവനൊരു സമ്മാനമൊരുക്കി. ഇരുന്നൂറു പെണ്‍കോലാടുകൾ, ഇരുപത് ആണ്‍കോലാടുകൾ, ഇരുന്നൂറു പെണ്‍ചെമ്മരിയാടുകൾ, ഇരുപതു മുട്ടാടുകൾ, കറവയുള്ള മുപ്പത് ഒട്ടകങ്ങള്‍, അവയുടെ കിടാക്കള്‍, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍ പത്ത് ആണ്‍കഴുതകള്‍ എന്നിവയെ അവന്‍ മാറ്റിനിറുത്തി.

ഈ ഓരോ കൂട്ടത്തെയും തന്റെ ഭൃത്യന്മാരെയേല്പിച്ചതിനുശേഷം യാക്കോബ് അവരോടു പറഞ്ഞു: "നിങ്ങള്‍ മുമ്പേ പോവുക. ഏറ്റവും മുന്നില്‍ കോലാട്ടിന്‍കൂട്ടം, അതിനുപിന്നില്‍ ചെമ്മരിയാടുകള്‍, പിന്നീട് ഒട്ടകക്കൂട്ടം, അതിനുപിന്നില്‍ പശുക്കളുടെയും കഴുതകളുടെയും കൂട്ടങ്ങള്‍. കൂട്ടങ്ങള്‍തമ്മില്‍ കൃത്യമായ അകലമുണ്ടായിരിക്കണം.

ഏറ്റവുംമുമ്പേപോകേണ്ടവനോട്‌ അവന്‍ പറഞ്ഞു: "വഴിയില്‍ എന്റെ സഹോദരനെ കണ്ടുമുട്ടുമ്പോള്‍, ഇങ്ങനെ പറയുക, ഇവ അങ്ങയുടെ ദാസനായ യാക്കോബ്, തന്റെ യജമാനനായ ഏസാവിനു തന്നുവിട്ട ഉപഹാരമാണ്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്."

മറ്റു കൂട്ടങ്ങളെ നടത്തിയിരുന്ന ദാസന്മാരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്പിച്ചു.

ആ രാത്രിയില്‍ യാക്കോബ് തന്റെ കുടുംബത്തെയും ദാസീദാസന്മാരെയും യോബാക്ക് എന്ന കടവിലൂടെ ജോര്‍ദ്ദാന്‍നദിയുടെ മറുകരകടത്തി. യാക്കോബുമാത്രം നദിക്കക്കരെ പ്രാർത്ഥനയ്ക്കായിത്തങ്ങി.

ആ രാത്രിയില്‍ യാക്കോബ് ഏകനായപ്പോള്‍ അപരിചിതനായ ഒരാള്‍ അവനുമായി മല്പിടുത്തത്തിനെത്തി. മല്പിടുത്തം രാത്രിമുഴുവന്‍ നീണ്ടുനിന്നു. തുല്യശക്തരെന്നുതോന്നുംവിധം രണ്ടുപേരും പരസ്പരം കീഴടങ്ങാതെ പിടിച്ചുനിന്നു.

നേരംപുലരാറായപ്പോള്‍ അപരിചിതന്‍ യാക്കോബിന്റെ അരക്കെട്ടില്‍ത്തട്ടി. യാക്കോബിന്റെ അരക്കെട്ടിലെ കുഴതെറ്റി. എന്നിട്ടും യാക്കോബ് പിടിവിട്ടില്ല.

അപരിചിതന്‍ പറഞ്ഞു. “നേരംപുലരാറായി. ഞാന്‍ പോകട്ടെ!”

താനുമായി മല്ലയുദ്ധംനടത്തിയയാൾ സാധാരണനായ ഒരു മനുഷ്യനല്ലെന്ന്, യാക്കോബ് തിരിച്ചറിഞ്ഞിരുന്നു.

“ഇല്ല, എന്നെയനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടില്ല!” യാക്കോബ് പറഞ്ഞു.

“നിന്റെ പേരെന്താണ്?” അപരിചിതന്‍ ചോദിച്ചു.

“യാക്കോബ്”

“അല്ല, ഇനിമേല്‍ നീ യാക്കോബല്ല, നീ ഇസ്രായേല്‍ എന്നറിയപ്പെടും. കാരണം, നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടുജയിച്ചവനാണ്!” അവന്‍ യാക്കോബിനെയനുഗ്രഹിച്ചു. പിന്നെ യാക്കോബിന്റെ കണ്ണുകളിൽനിന്നു മറഞ്ഞു.

യാക്കോബ് ചുറ്റുംനോക്കി. അവിടെങ്ങും ആരുമുണ്ടായിരുന്നില്ല.

“ഓ! ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടു! എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ!” അവൻ അതിശയത്തോടെ പറഞ്ഞു.

യാക്കോബ് ആ സ്ഥലത്തിനു *പെനുവേല്‍ എന്നു പേരിട്ടു. സൂര്യനുദിച്ചപ്പോള്‍ അവൻ പെനുവേല്‍ കടന്നു. തുടയിലെ ഉളുക്കുമൂലം അവന്‍ ഞൊണ്ടിയാണു നടന്നത്.

പെനുവേല്‍കടന്ന് ജോർദ്ദാന്റെ മറുകരെയിലെത്തി, തന്റെ സംഘത്തോടുചേർന്നപ്പോൾ, അകലെനിന്നുവരുന്ന ഒരു ജനക്കൂട്ടത്തെ യാക്കോബു കണ്ടു. അത് എസാവാകുമെന്ന് അവന്‍ കരുതി. അവന്‍ മക്കളെയും ഭാര്യമാരെയും വേര്‍തിരിച്ചു. പരിചാരികമാരെയും അവരുടെ മക്കളെയും മുമ്പില്‍ നിറുത്തി. ലെയയേയും മക്കളെയും അതിനുപിന്നിലും റാഹെലിനെയും അവളുടെ പുത്രനായ ജോസഫിനെയും ഏറ്റവും പിന്നിലും നിറുത്തി. ഏറ്റവും മുന്നില്‍ യാക്കോബ് നടന്നു. ഏസാവ് അടുത്തുവരുന്നതുകണ്ടപ്പോള്‍ ഏഴുതവണ നിലംമുട്ടെത്താണ്, യാക്കോബ് സഹോദരനെ വണങ്ങി.

അനുജന്റെ ബഹുമാനപ്രകടനംകണ്ട ഏസാവ്, ഓടിയെത്തി, യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. രണ്ടുപേരും കരഞ്ഞുപോയി.

കുറച്ചുനേരത്തിനുശേഷംമാത്രമാണ്, യാക്കോബിനു പിന്നിലുള്ളവരെ എസാവു ശ്രദ്ധിച്ചത്. 

“അങ്ങയുടെ ദാസനു ദൈവം കനിഞ്ഞുനല്കിയ മക്കളാണിവര്‍.” യാക്കോബു തന്റെ മക്കളെയും അവരുടെ അമ്മമാരെയും ജ്യേഷ്ഠനു പരിചയപ്പെടുത്തി. എല്ലാവരും എസാവിനെ താണുവണങ്ങി.

“നിനക്കുമുമ്പേ, നീ എനിക്കായി അയച്ച സമ്മാനങ്ങള്‍ ഞാന്‍ കണ്ടു. സഹോദരാ, എനിക്കു ധാരാളം സമ്പത്തുണ്ട്. അതുകൊണ്ട്, എനിക്കതൊന്നും വേണ്ട. നിന്റേതു നീതന്നെയെടുത്തുകൊള്ളുക. നിന്നെ വീണ്ടും കാണാനായതുതന്നെയാണ്, എനിക്കു കിട്ടാവുന്ന വലിയ സമ്മാനം!”

“അങ്ങനെയല്ല, ദൈവത്തിന്റെ മുഖംകാണുന്നതുപോലെയാണു ഞാനങ്ങയുടെ മുഖംകാണുന്നത്. എത്ര ദയാപൂര്‍വ്വമാണ് അങ്ങിന്നെന്നെ സ്വീകരിച്ചത്! ഞാനങ്ങയോടുചെയ്ത ദ്രോഹങ്ങള്‍ അങ്ങു പൂര്‍ണ്ണമായും ക്ഷമിച്ചെങ്കില്‍ എന്റെ സമ്മാനങ്ങള്‍ സ്വീകരിക്കണം.”

യാക്കോബിന്റെ നിര്‍ബ്ബന്ധത്തിനുവഴങ്ങി, അവന്‍ നല്കിയ സമ്മാനങ്ങള്‍ എസാവു സ്വീകരിച്ചു.

“നമ്മുടെ മാതാപിതാക്കളിപ്പോളും കിരിയാത്ത് അര്‍ബായിലെ മാമ്രോണിലാണു താമസിക്കുന്നത്. ഞാനാകട്ടെ സെയിര്‍ എന്ന ദേശത്തിലും. നമുക്കൊരുമിച്ച്, ആദ്യം എന്റെ വീട്ടിലേക്കു യാത്രതുടരാം. അതിനുശേഷം പോയി ആബയെക്കാണാം” എസാവു പറഞ്ഞു.

“അങ്ങേയ്ക്കറിയാമല്ലോ, മക്കളെല്ലാവരും ക്ഷീണിതരാണ്. ആടുമാടുകളും തളര്‍ന്നിരിക്കുന്നു. മക്കളുടേയും ആടുമാടുകളുടേയും നടപ്പിനൊപ്പം ഞാന്‍ പതുക്കെ നടന്ന്, സെയിറില്‍ അങ്ങയുടെയടുത്തെത്താം. “

“എന്റെയാളുകളില്‍ കുറച്ചുപേരെ നിന്റെ സഹായത്തിനായി നിറുത്തണമോ?”

“അതുവേണ്ട; എനിക്കെന്നും അങ്ങയുടെ സ്നേഹവും വാത്സല്യവുംമാത്രം മതി.”

യാക്കോബിനേയും മക്കളേയും ആലിംഗനംചെയ്തശേഷം എസാവു മടങ്ങിപ്പോയി.

യാക്കോബ്, യാത്രാമദ്ധ്യേ, ഷെക്കം എന്ന പട്ടണത്തില്‍ നൂറു നാണയത്തിനു പറമ്പു വാങ്ങി, അവിടെ കൂടാരമടിച്ചു. അതിനടുത്തായി കര്‍ത്താവിന് ഒരു ബലിപീഠം പണിതു. #ഏല്‍ഏലോഹെയ്ഇസ്രായേല്‍ എന്ന് ആ ബലിപീഠത്തിനു പേരിട്ടു.

--------------
യാക്കോബിന്റെ യാത്ര തുടരുന്നു....


--------------------------------------------------------------------------------------------------


* പെനുവേല്‍ - ദൈവത്തിന്റെ മുഖം.

#ഏല്‍ഏലോഹെയ് ഇസ്രായേല്‍ - ഇസ്രായേലിന്റെ ദൈവമായ ദൈവം.











Sunday, 4 June 2017

14. മടക്കയാത്ര

ബൈബിൾക്കഥകൾ - 14 

രാര്‍പ്രകാരമുള്ള വര്‍ഷങ്ങള്‍ കഴിഞ്ഞ്, പിന്നെയും നിരവധിവർഷങ്ങൾ യാക്കോബ്, ലാബാനുവേണ്ടി ജോലിചെയ്തു. എങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ ലാബാന്‍ യാക്കോബിനെയനുവദിച്ചില്ല. 

യാക്കോബ്, അമ്മാവന്റെയടുത്തെത്തി പറഞ്ഞു: "എന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുംവേണ്ടിയാണു ഞാനിത്രകാലം അങ്ങയെ സേവിച്ചതു്. ഇനി അവരെയെനിക്കു വിട്ടുതരിക. ഞാന്‍ എന്റെ നാട്ടിലേക്കു മടങ്ങട്ടേ!."

"നീ വരുന്നതിനുമുമ്പു് വളരെക്കുറച്ചു് ആടുമാടുകള്‍മാത്രമാണു് എനിക്കുണ്ടായിരുന്നതു്. ഇന്നതു് അത്യധികം പെരുകി. നീമൂലമാണ്, നിന്റെ ദൈവമായ കര്‍ത്താവു് എന്നെയനുഗ്രഹിച്ചതെന്നു് എനിക്കറിയാം. എന്നോടു താല്പര്യമുണ്ടെങ്കില്‍ നീ പോകരുതു്."

"ഞാന്‍ ജോലിചെയ്തിടത്തെല്ലാം കര്‍ത്താവു് അങ്ങയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടു്. അങ്ങയുടെയും പുത്രന്മാരുടേയും സമ്പത്തു വര്‍ദ്ധിച്ചു. എന്നാല്‍ എന്റെ കുടുബത്തിനുവേണ്ടി ഇനിയെന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുന്നതു്?"

"ഞാന്‍ നിനക്കെന്തു തരണം?" ലാബാന്‍ ചോദിച്ചു.

"അങ്ങ് ഒന്നുമെനിക്കു വെറുതേ തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കാമെങ്കില്‍ ഞാനിനിയും അങ്ങയുടെ ആടുകളെ മേയിച്ചുകൊള്ളാം."

"എന്താണു നിന്റെ വ്യവസ്ഥ?"

"അങ്ങു് എനിക്കു നല്കുന്ന ആടുകളില്‍ പൊട്ടോ പുള്ളിയോഉള്ള കോലാടുകളും കറുത്ത ചെമ്മരിയാടുകളും എന്റെ പ്രതിഫലമായിരിക്കണം."

ലാബാന്‍ ചിരിച്ചു. 'ശുദ്ധ വിഡ്ഢിത്തം' എന്ന ആത്മഗതത്തോടെ അയാള്‍ മരുമകന്റെ വ്യവസ്ഥ സമ്മതിച്ചു.

ലാബാന്‍ അന്നുതന്നെ യാക്കോബിനു നല്കിയിരുന്ന ആട്ടിന്‍കൂട്ടത്തില്‍നിന്ന്, കറുത്ത ചെമ്മരിയാടുകളേയും പൊട്ടുംപുള്ളിയുമുള്ള കോലാടുകളേയും വേര്‍തിരിച്ചു. അവയെ തന്റെ പുത്രന്മാരെയേല്പിച്ചതിനുശേഷം ബാക്കി ആടുകളെ യാക്കോബിനു തിരികെയേല്പിച്ചു

യാക്കോബിന്റെ പുത്രന്മാരുടെ പക്കലുണ്ടായിരുന്ന ആടുകളിൽ, 
കറുത്ത ചെമ്മരിയാടുകളും പൊട്ടുംപുള്ളിയുമുള്ള കോലാടുകളുമല്ലാത്തവയെ അവരുടെ പക്കൽനിന്നു വേർതിരിച്ച് അവയേയും യാക്കോബിനെയേല്പിച്ചു.

അങ്ങനെ, പുതിയ വ്യവസ്ഥ യാക്കോബിനു .കൂലിയായി ലഭിക്കേണ്ട ആടുകളൊന്നുപോലും അവന്റെ പക്കലില്ലെന്ന് ലാബാൻ ഉറപ്പുവരുത്തി.

യാക്കോബിന്റെയാടുകൾ തന്റെ പുത്രന്മാരുടെ ഉടമസ്ഥതയിലുള്ള ആടുകളുമായി ഇണചേരില്ലെന്നുറപ്പുവരുത്താനായി, മൂന്നുദിവസത്തെ യാത്രാദൂരമുള്ള ഒരു സ്ഥലത്തേക്കു യാക്കോബിനെ മാറ്റിപ്പാര്‍പ്പിച്ചു.

യാക്കോബു് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. നിദ്രയില്‍ കര്‍ത്താവു് അവനൊരു ദര്‍ശനം നല്കി.

"ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാനറിയുന്നു. യാക്കോബേ, നീ ശിരസ്സുയര്‍ത്തി നോക്കുക. ഇണചേരുന്ന കോലാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണു്. ചെമ്മരിയാടുകളോ കറുത്തവയും"

യാക്കോബു് കുറേ വൃക്ഷക്കൊമ്പുകള്‍ വെട്ടിയെടുത്തു് അങ്ങിങ്ങു വെളുപ്പുകാണുന്നവിധം തൊലിയുരിഞ്ഞു. ആടുകള്‍ വെള്ളംകുടിക്കാനെത്തുന്ന പാത്തികള്‍ക്കുമുമ്പില്‍, അവയ്ക്കു കാണാനാകുന്ന വിധത്തില്‍ ആ കമ്പുകള്‍ നാട്ടി. വെള്ളം കുടിക്കാനെത്തുമ്പോളാണു് ആടുകള്‍ ഇണചേരുന്നതു്. ഈ കമ്പുകളുടെ മുമ്പില്‍ ഇണചേര്‍ന്ന ആടുകള്‍ക്കു്, പൊട്ടും പുള്ളിയും വരയുമുള്ള കുഞ്ഞുങ്ങളുണ്ടായി. കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുമ്പില്‍ നാട്ടി. എന്നാല്‍ മെലിഞ്ഞവയ്ക്കു മുമ്പില്‍ നാട്ടിയില്ല. അങ്ങനെ കരുത്തുള്ള ആടുകള്‍ യാക്കോബിന്റെയും മെലിഞ്ഞവ ലാബാന്റേതുമായി. ഏറെ വൈകാതെ യാക്കോബിന്റെ ആടുമാടുകള്‍ വര്‍ദ്ധിച്ചു. കമ്പിളിയും പാലും മാംസവും സമ്യദ്ധമായി. യാക്കോബ് കഴുതകളേയും ഒട്ടകങ്ങളേയും വാങ്ങി. അവൻ സമ്പന്നനായി. അവനു ധാരാളം ദാസീദാസന്മാരുമുണ്ടായി.

കര്‍ത്താവു യാക്കോബിനു പ്രത്യക്ഷനായി. "നിന്റെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംനല്കിയ നാട്ടിലേക്കു നീ മടങ്ങിപ്പോവുക. ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും"

യാക്കോബു തന്റെ ഭാര്യമാരെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ പിതാവിനുവേണ്ടി ഞാനെങ്ങനെയാണു ജോലിചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും അമ്മാവൻ എന്നെ ചതിക്കുകയാണുചെയ്തത്. എന്നാല്‍ എന്റെ പിതാവിന്റെ ദൈവം എന്നോടൊത്തുണ്ടു്. എന്നെയിനിയും ദ്രോഹിക്കാന്‍ ദൈവമനുവദിക്കുകയില്ല. പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലിയെന്നു് അമ്മാവനെന്നോടു പറഞ്ഞാല്‍ എല്ലാ ആടുകളും പുള്ളിയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും വരയുള്ളവയായിരിക്കും കൂലിയെന്നുപറഞ്ഞാല്‍ ആടുകളൊക്കെ വരയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും. എന്നാലിപ്പോള്‍ ഇവിടംവിട്ടു മടങ്ങിപ്പോകാന്‍ കര്‍ത്താവെന്നോടു് ആവശ്യപ്പെടുന്നു"

ലെയ പറഞ്ഞു. "ഞങ്ങളുടെ പിതാവിന്റെ വീട്ടില്‍നിന്ന്, ഞങ്ങള്‍ക്കുള്ള ഓഹരിയൊന്നും കിട്ടിയിട്ടില്ല. 'അങ്ങേയ്ക്കു ശരിയെന്നു തോന്നുന്നതുചെയ്യുക"

"ഞങ്ങളുടെ പിതാവും സഹോദരന്മാരും നമ്മളെ അന്യരെപ്പോലെയാണു കണക്കാക്കുന്നതു്. ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക. ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്" റാഹേലും സഹോദരിയെ പിന്താങ്ങി.

ലെയയും റാഹേലും പിതൃഭവനത്തില്‍നിന്നും തങ്ങള്‍ക്കുവേണ്ടതെല്ലാമെടുത്തു. റാഹേലാകട്ടെ പിതാവിന്റെ കുലദൈവങ്ങളുടെ വിഗ്രഹങ്ങള്‍പോലും തന്റെ ഭാണ്ഡത്തിലാക്കി. യാക്കോബു് തനിക്കവകാശപ്പെട്ട ആടുമാടുകളേയും തെളിച്ചുകൊണ്ടു് ഭാര്യമാരോടും മക്കളോടും ദാസീദാസന്മാരോടുമൊത്തു് തന്റെ പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു.

മൂന്നുദിവസങ്ങള്‍ക്കുശേഷം മാത്രമാണു് യാക്കോബു് ഒളിച്ചോടിയ വാര്‍ത്ത ലാബാനറിഞ്ഞതു്. തന്റെ കുലദൈവ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്നും ലാബാനറിഞ്ഞു. ലാബാന്‍ കോപത്തോടെ തന്റെ പരിവാരങ്ങളോടൊത്തു്, യാക്കോബിനുപിന്നാലേ പാഞ്ഞു.

ഏഴുദിവസങ്ങള്‍ക്കുശേഷം ലാബാനും കൂട്ടരും ഗിലയാദ് മലനിരകകള്‍ക്കു മുകളിലെത്തി. അപ്പോൾ താഴെ, മലയുടെ താഴ്വാരത്തിലൂടെ നിങ്ങുന്ന യാക്കോബിന്റെ സംഘത്തെ അവർ കണ്ടു. ഒരു ദിവസത്തെ യാത്രയിൽ അവരെ പിടികൂടാനാകുമെന്നു ലാബാൻ കണക്കുകൂട്ടി.

അന്നുരാത്രി ഒരുസ്വപ്നത്തില്‍  കര്‍ത്താവു ലാബാനോടു പറഞ്ഞു: "അബ്രഹത്തിന്റെയും ഇസഹക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍! എന്റെ ദാസനായ യാക്കോബിനോടു കയര്‍ത്തു സംസാരിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. "

പിറ്റേന്നു പുലര്‍ച്ചെ, ലാബാനും സംഘവും യാത്ര തുടർന്നു. ഉച്ചയ്ക്കുമുമ്പേ, അവർ
യാക്കോബിന്റെ സമീപമെത്തി.

ലാബാന്‍ ചോദിച്ചു: "നീയെന്തിനാണ് ഒളിച്ചോടിയത്? എന്റെ മക്കളേയും പേരക്കുട്ടികളെയും യുദ്ധത്തടവുകാരെപ്പോലെ കടത്തുന്നതെന്തിനു്? എന്റെ പുത്രിമാരെയും കുഞ്ഞുങ്ങളെയും ചുംബിച്ചു സന്തോഷത്തോടെ യാത്രയാക്കാന്‍ എനിക്കവസരംതരാതിരുന്നതു ശരിയാണോ? വേണമെങ്കില്‍, ഇപ്പോള്‍ നിന്നെയുപദ്രവിക്കാന്‍ എനിക്കും എന്റെയാളുകള്‍ക്കും സാധിക്കും. എന്നാല്‍ നിന്നെ ഉപദ്രവിക്കരുതെന്ന് നിന്റെ ദൈവമായ കര്‍ത്താവു് ഒരു സ്വപ്നദര്‍ശനത്തില്‍ എന്നോടു നിര്‍ദ്ദേശിച്ചിരുന്നു."

"മടക്കയാത്രയ്ക്കായി ഞാൻ അനുവാദംചോദിച്ചാൽ, അങ്ങയുടെ പുത്രിമാരെ അങ്ങു ബലംപ്രയോഗിച്ച് എന്നില്‍നിന്നു പിടിച്ചെടുക്കുമോയെന്നു ഞാന്‍ ഭയന്നു. അതിനാലാണ്, അങ്ങയുടെ അനുവാദമില്ലാതെ യാത്രതിരിച്ചതു്."

"എങ്കില്‍ നീയെന്തിന് എന്റെ കുലദൈവങ്ങളെ കട്ടെടുത്തു?"

റാഹേല്‍ ദേവന്മാരെ മോഷ്ടിച്ചകാര്യം യാക്കോബറിഞ്ഞിരുന്നില്ല. അവന്‍ പറഞ്ഞു: "ഇല്ല, എന്റെതല്ലാത്തതൊന്നും ഞാനെടുത്തിട്ടില്ല. അങ്ങയുടെ ദേവന്മാര്‍ ഞങ്ങളിലാരുടെയെങ്കിലുംപക്കല്‍ക്കണ്ടാല്‍ അങ്ങേയ്ക്കിഷ്ടമുള്ളതുപോലെ അയാളോടു ചെയ്തുകൊള്ളുക."

ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു.
 
റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിപ്പിച്ച് അതിന്മേല്‍ കയറിരുന്നു. ലാബാനും കൂട്ടരും കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. 

ലാബാൻ റാഹേലിനടുത്തെത്തിയപ്പോൾ അവൾ പിതാവിനോടു പറഞ്ഞു: "അങ്ങയുടെ മുമ്പില്‍ ഞാൻ എഴുന്നേല്‍ക്കാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്." 

അവൾ പിതാവിനുമുമ്പിൽ ശിരസ്സു നമിച്ചു.

ലാബാനു വിഗ്രഹങ്ങള്‍ കണ്ടെടുക്കാനായില്ലെന്നറിഞ്ഞപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു: "എന്റെപേരിലുള്ള കുറ്റമെന്താണു്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണു ഞാന്‍ ചെയ്തത്?"


"നീ കോപിക്കേണ്ട. നിന്റെ ഭാര്യമാര്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികളെല്ലാം എന്റെയും കുഞ്ഞുങ്ങളാണ്. എന്റെ പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്കുംവേണ്ടി എന്താണെനിക്കിന്നു ചെയ്യാന്‍ കഴിയുക? എന്നെ നിസ്സഹായനാക്കി നീയിവരുമായി നാടുവിട്ടില്ലേ?"

അന്നുരാത്രി ലാബാന്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മരുമകനുമൊപ്പം അത്താഴം കഴിച്ചു. പിറ്റേന്നു രാവിലെ തന്റെ മക്കളേയും പേരക്കുട്ടികളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം അവന്‍ തന്റെ വീട്ടിലേക്കു മടങ്ങി.

യാക്കോബും കുടുംബവും കാനാന്‍ദേശത്തേക്കുള്ള യാത്രതുടര്‍ന്നു.



- യാക്കോബിന്റെ കഥ അവസാനിക്കുന്നില്ല.-