Sunday, 25 March 2018

55. സ്മാരകശിലകള്‍

ബൈബിള്‍ക്കഥകള്‍ - 55

ജനം ജോര്‍ദ്ദാന്‍ കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: "ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെവീതം പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക: ജോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം."

ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത ജോഷ്വ, അവരോടു പറഞ്ഞു; "നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനുമുമ്പേ ജോര്‍ദ്ദാന്റെമദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ലു ചുമലില്‍ എടുക്കണം. ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും. ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു. ഭാവിയില്‍, നിങ്ങളുടെ മക്കളോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍ ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെടുകയും ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍ കടന്നുവെന്നും നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം. അങ്ങനെ, ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യും. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കട്ടെ."

ജോഷ്വ ആജ്ഞാപിച്ചതുപോലെ ജനങ്ങള്‍ ചെയ്തു. അപ്പോള്‍ സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദാനില്‍നിന്നു കയറിവരാന്‍ ജോഷ്വ കല്പിച്ചു. വാഗ്ദാനപേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയതുപോലെയൊഴുകിക്കരകവിഞ്ഞു.

ഇസ്രായേല്‍ജനത്തിനു മറുകര കടക്കാന്‍വേണ്ടി കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ ജോര്‍ദ്ദാന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും ഭയവിഹ്വലരായി. ഇസ്രായേല്‍ജനത്തെ ഭയന്ന്, ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കി. ആരും കോട്ടവാതിലിലൂടെ പുറത്തേക്കു പോവുകയോ അകത്തേക്കു കടക്കുകയോ ചെയ്തില്ല.

അനുകൂലസാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍, ഇസ്രായേലിലെ പുരുഷന്മാരെ മുഴുവന്‍ പരിച്ഛേദനംചെയ്യാന്‍ ജോഷ്വാ തീരുമാനിച്ചു.

ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം, നീണ്ട നാല്പതുവര്‍ഷക്കാലം മരുഭൂമിയിലൂടെ നടന്നു. കര്‍ത്താവിന്റെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍, ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ജോഷ്വായും കാലെബുമൊഴികെ യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം ആ യാത്രയ്ക്കിടയില്‍ മരിച്ചുപോയി; യാത്രയ്ക്കിടയില്‍പ്പിറന്ന, പുതിയതലമുറയില്‍പ്പെട്ടവരാരും പരിച്ഛേദനംചെയ്യപ്പെട്ടിരുന്നില്ല. അതിനാല്‍ കല്‍ക്കത്തിയുണ്ടാക്കി, മുഴുവന്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ജോഷ്വാ പരിച്ഛേദനംചെയ്തു. പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു. ഇസ്രായേലിനെക്കുറിച്ചുള്ള ഭയം തദ്ദേശീയരിലെല്ലാം രൂഢമൂലമായിരുന്നതിനാല്‍ ആരുമവരെ ശല്യപ്പെടുത്താനെത്തിയില്ല.

ആ മാസം പതിനാലാം ദിവസം വൈകുന്നേരം, ഇസ്രായേല്‍ജനം അവിടെ പെസഹാ ആഘോഷിച്ചു. ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഇസ്രായേല്‍ക്കാര്‍ ഭക്ഷിച്ചു. പിറ്റേന്നുമുതല്‍ ആകാശത്തുനിന്നു മന്നാ വര്‍ഷിക്കാതായായി. ഇസ്രായേല്‍ജനത്തിനു പിന്നീടൊരിക്കലും മന്നാ ലഭിച്ചിട്ടില്ല. അക്കൊല്ലംമുതല്‍ കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് അവര്‍ ഉപജീവനംനടത്തിത്തുടങ്ങി.

പെസഹാ ആഘോഷങ്ങള്‍ക്കുശേഷം, യുദ്ധശേഷിയുള്ളയെല്ലാം ജോഷ്വാ ഒന്നിച്ചു ചേർത്തു. ജോഷ്വാ അവരെ നയിച്ചു. ജെറീക്കോ കീഴടക്കാനായുള്ള പടനീക്കത്തിനു തുടക്കമായി. 

ആറു ലക്ഷത്തോളമംഗസംഖ്യയുള്ള ജോഷ്വായുടെ സൈന്യം, ജറീക്കോക്കോട്ടയുടെ സമീപത്തേക്കടുത്തു. 

 ഊരിയ വാളുമായി അതികായനായ ഒരു സൈനികൻ അവരുടെ മുന്നിലെത്തി. ആയുധമേന്തിയ ഇസ്രായേൽ സൈന്യത്തിനു മുമ്പിൽ, ആരെയും കൂസാതെ വാളേന്തിനില്‍ക്കുന്ന സുധീരനായ ആ പടയാളിയെക്കണ്ട ജോഷ്വാ അദ്ഭുതപ്പെട്ടു. തന്റെ യുദ്ധവീരന്മാരോട്, നില്‍ക്കുവാന്‍ ആംഗ്യംകാട്ടിയശേഷം, ജോഷ്വാ തൻ്റെ വാളൂരി. കർത്താവിൻ്റെ നാമത്തെ ഉറക്കെ സ്തുതിച്ചുകൊണ്ട് അയാള്‍ അവന്റെയടുത്തേക്കു ചെന്നു. 

ജോഷ്വാ, തന്നെ സമീപിക്കുന്നതു കണ്ടപ്പോഴും, ആ മനുഷ്യന്‍ വാളുയര്‍ത്തി, നിര്‍വ്വികാരനും നിശ്ചലനുമായിത്തന്നെ നിന്നു. 
ജോഷ്വാ, അയാളുടെ മുന്നിലെത്തി, അല്പനേരം അവന്റെ  മുഖത്തേക്കു നോക്കിനിന്നു. പിന്നെ ഭയമറിയാത്ത ആ കണ്ണുകളിലേക്കു നോക്കിച്ചോദിച്ചു:

"നീയാരാണ്? നീ ഞങ്ങളുടെപക്ഷത്തോ, അതോ ശത്രുപക്ഷത്തോ?"

Sunday, 18 March 2018

54. ജോര്‍ദ്ദാന്‍നദിയിലെ രാജപാത

ബൈബിള്‍ക്കഥകള്‍ - 54

പുറത്ത്, ഭടന്മാരുടെ കാലൊച്ചകള്‍ വീടിനടുത്തേക്കുവരുന്ന ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ, ഇസ്രായേല്‍ച്ചാരന്മാരെ ചണനൂലുകള്‍ അട്ടിയായി അടുക്കിവച്ചിരുന്ന ഒരു മുറിക്കുള്ളില്‍, റാഹാബ് ഒളിപ്പിച്ചിരുന്നു.

"ഇപ്പോള്‍ നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ ഞങ്ങളെയേല്പിക്കുക. അവര്‍ നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണ്"  ജെറീക്കോയിലെ രാജഭടന്മാര്‍, വാതില്‍തുറന്നു പുറത്തെത്തിയ റാഹാബിനോടാവശ്യപ്പെട്ടു.

അവള്‍ ഭയത്തോടെ പറഞ്ഞു: "ഇന്നു സന്ധ്യയ്ക്ക് ഇവിടെ ചിലര്‍ വന്നിരുന്നുവെന്നതു സത്യമാണ്. അവരെവിടുത്തുകാരാണെന്നെനിക്കറിയില്ല. ഒരുപാടു വൈകാതെതന്നെ അവര്‍ ഇവിടെനിന്നു മടങ്ങിപ്പോയി. അവരെവിടെയ്ക്കാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ"

"ഞങ്ങള്‍ക്കു നിന്റെ വീടൊന്നു പരിശോധിക്കണം." ഭടന്മാരിലൊരുവന്‍ വാതിലിലൂടെ അകത്തുകടന്നു,

ഒന്നു പരുങ്ങിയെങ്കിലും റാഹാബ് ധൈര്യമവലംബിച്ചു പറഞ്ഞു:

"നിങ്ങള്‍ വീടുമുഴുവന്‍ പരിശോധിക്കുന്നതില്‍ എനിക്കു വിരോധമില്ല; എന്നാല്‍ സമയംകളയാതെ, വേഗം പട്ടണവാതുക്കല്‍പ്പോയി അന്വേഷിച്ചാല്‍ അവര്‍ കടന്നുകളയുന്നതിനുമുമ്പുതന്നെ നിങ്ങള്‍ക്കവരെ പിടികൂടാനാകും." 

"അവള്‍ പറയുന്നതു സത്യമാകും; വരൂ, നമുക്കു കൊട്ടവാതുക്കല്‍നിന്നു ജോര്‍ദ്ദാന്റെ കടവിലേക്കുള്ള വഴിയില്‍ അവരെത്തിരയാം."

പുറത്തുനിന്നിരുന്ന ഭടന്മാര്‍, അകത്തേയ്ക്കു കയറിയ ആളെ തിരികെവിളിച്ചു. അവര്‍ തിടുക്കത്തില്‍ അവിടെനിന്നു യാത്രയായി.

ഒരു ദീര്‍ഘനിശ്വാസത്തോടെ റാഹാബ് അകത്തേയ്ക്കുകയറി.

അവള്‍ ഇസ്രായേല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു; "ഈജിപ്തില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവന്നനാള്‍മുതല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ നയിച്ചതെങ്ങനെയെന്നു ഞാന്‍ കേട്ടിട്ടുണ്ട്. രാത്രിചെലവഴിക്കാന്‍ എന്റെയടുക്കല്‍ വന്നിട്ടുള്ളവരെല്ലാം നിങ്ങളെക്കുറിച്ചു ഭീതിയോടെമാത്രമാണു സംസാരിച്ചിട്ടുള്ളത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ദേശം നിങ്ങള്‍ക്കുതരാന്‍ നിശ്ചയിച്ചിരിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളെ എന്റെ രാജാവിനു നിങ്ങളെ  ഏല്പിച്ചുകൊടുത്താലും നിങ്ങളുടെയാളുകൾ എന്റെ രാജ്യം പിടിച്ചടക്കുമെന്നെനിക്കറിയാം. അതുകൊണ്ട് ഞാനൊരിക്കല്‍ക്കൂടെ നിങ്ങളോടപേക്ഷിക്കുന്നു,  എന്നോടും എന്റെ ബന്ധുജനങ്ങളോടും നിങ്ങള്‍ കാരുണ്യംകാണിക്കണം."

"ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍, നിന്റെ വീടിന്റെ ജനാലകളില്‍ ചുവന്നചരടുകള്‍  കെട്ടിയലങ്കരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുക്കളെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം. ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോയാല്‍ അവന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, ഈ വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍, അവന്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും. ഇക്കാര്യങ്ങള്‍ നീ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും."

റാഹാബ് ആശ്വാസത്തോടെ പറഞ്ഞു: "നിങ്ങളുടെ കാരുണ്യത്തിനു നന്ദി. പട്ടണവാസികള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുവിന്‍. വീടുകളിലെ വിളക്കുകളെല്ലാമണയുമ്പോള്‍, കോട്ടമതിലിനുനേരേ തുറക്കുന്ന  ജനലിലൂടെ നിങ്ങള്‍ക്കു കോട്ടചാടിക്കടക്കാം. നിങ്ങളെ അന്വേഷിക്കുന്നവര്‍ ജോര്‍ദ്ദാന്‍കടവിനെ ലക്ഷ്യമാക്കിയാകും പോയിട്ടുണ്ടാകുക; അതുകൊണ്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച്, മലമുകളിലേക്കു കയറുക, അവിടെനിന്ന് കോട്ടയുടെ ഉള്ളിലുള്ള ഈ രാജ്യം മുഴുവൻ വ്യക്തമായിക്കാണാം. ആരുംനിങ്ങളെ പിന്തുടരാനില്ലെന്നുറപ്പുവരുത്തിയശേഷം, നിങ്ങൾക്കു ജോര്‍ദ്ദാന്‍നദി കടക്കാം."

ജനല്‍വഴി, കോട്ട ചാടിക്കടക്കാനുതാകുംവിധം ചണനൂലിനാല്‍ തീര്‍ത്ത നീളമുള്ള ഒരുവടം അവളവര്‍ക്കു നല്കി. പട്ടണംമുഴുവന്‍ ഉറങ്ങിയപ്പോള്‍, അവര്‍ കോട്ട ചാടിക്കടന്നു. മൂന്നുദിവസം മലമുകളില്‍ ഒളിച്ചുതാമസിച്ച്, ജെറീക്കോയെ വ്യക്തമായി മനസ്സിലാക്കിയശേഷം, നാലാംദിവസം അവര്‍ ജോഷ്വയുടെപക്കല്‍ മടങ്ങിയെത്തി.

"ആ ദേശം കര്‍ത്താവു നമുക്കേല്പിച്ചുതന്നിരിക്കുന്നുവെന്നതു തീര്‍ച്ചയാണ്. കാരണം,അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്" അവര്‍ എല്ലാക്കാര്യങ്ങളും ജോഷ്വയോടു വിശദമായിപ്പറഞ്ഞു. മലമുകളിൽനിന്നു കണ്ട ജെറീക്കോയുടെ ഒരു രൂപരേഖ തുകൽച്ചുരുളിൽ വരച്ചു ജോഷ്വവയ്ക്കു കൈമാറുകയുംചെയ്തു. 

റാഹാബിനു നല്കിയ വാഗ്ദാനം പാലിക്കപ്പെടുമെന്ന്, ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ മുമ്പില്‍വച്ച്, ജോഷ്വാ അവര്‍ക്കുറപ്പു നല്കി.

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ജനം ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍കരയിലെത്തി. കരകവിഞ്ഞൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുടെ കരയില്‍ ജോഷ്വാ മുട്ടുകുത്തിനിന്നു. കര്‍ത്താവായ യാഹ്വേയുടെ കാരുണ്യത്തിനായി പ്രാര്‍ത്ഥനാനിരതനായ ജോഷ്വായോടു കര്‍ത്താവു പറഞ്ഞു: "ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് ജനമറിയുന്നതിനുവേണ്ടി, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ഞാന്‍ പറയുന്നതുപോലെ ചെയ്യുക."

ജോഷ്വ ജനത്തോടു പറഞ്ഞു: "ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ പാളയത്തിലുടനീളം നടന്നു ജനങ്ങളോടു പറഞ്ഞു: "എല്ലാവരും ആത്മാവിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിൻ... നിങ്ങളുടെ ദൈവവും കര്‍ത്താവുമായ യാഹ്വേയുടെ വാഗ്ദാനപേടകം, ലേവ്യപുരോഹിതന്മാര്‍ സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെയനുഗമിക്കുവിന്‍. ഈ വഴിയിലൂടെ ഇതിനുമുമ്പ്‌ നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരം മുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്."

ഒടുവിലിതാ, വാഗ്ദത്തദേശം പിടിച്ചടക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേലിന്റെ പുതുതലമുറ ആവേശഭരിതരായിരുന്നു...
മൂന്നാംദിവസം, മനസ്സും ശരീരവും വിശുദ്ധീകരിച്ച്, ജനംമുഴുവന്‍ ജോര്‍ദ്ദാന്‍നദി കടക്കാന്‍ തയ്യാറായി. 

ജോഷ്വാ ജനങ്ങളെമുഴുവന്‍ വിളിച്ചുകൂട്ടി പറഞ്ഞു: "ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും നിങ്ങളറിയണം. അതിനാൽ ആർക്കുമാശങ്കവേണ്ടാ. നിങ്ങളുടെ ആകുലതകളെല്ലാം കർത്താവിനു സമര്പ്പിച്ച്, അവിടുത്തെ ശക്തിയിലാശ്രയിക്കുവിൻ.

നിങ്ങളുടെ പിതാക്കന്മാർ ചെങ്കടൽ കടന്നതുപോലെതന്നെ, നിങ്ങളിന്നു ജോർദ്ദാൻ കടക്കും. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍, ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും."     

വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍നദീതീരത്തെത്തി. കരയിലേക്കു കടന്നെത്തുമോയെന്നു തോന്നുംവിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജോർദ്ദാൻനദി അവരെ ഭയപ്പെടുത്തിയില്ല.

പേടകം വഹിച്ചിരുന്ന പുരോഹിതന്മാർ ആദ്യം നദീതീരത്തെത്തി. പുരോഹിതരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു.. കരകവിയുംവിധമൊഴുകിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക്, സാവധാനം നിലച്ചുതുടങ്ങി. പാദങ്ങൾമാത്രം പൂർണ്ണമായി നനയുംവിധം പുരോഹിതന്മാർ നടിയിലേക്കിറങ്ങിനിന്നു... സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ, ജലം ചിറപോലെ പൊങ്ങി. അതിനപ്പുറമുള്ള വെള്ളം മുഴുവൻ, അരാബാ ഉപ്പുകടലിലേക്കൊഴുകി, നിശ്ശേഷം വാര്‍ന്നുപോയി. 

ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.       

ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട്, പുരോഹിതന്മാര്‍ ജോര്‍ദ്ദാന്റെ മദ്ധ്യത്തില്‍ വരണ്ടനിലത്തുനിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെത്തന്നെ നിന്നു.

Sunday, 11 March 2018

53. ജെറീക്കോയിലെ ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 53

മോശയെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വയോടു കര്‍ത്താവു പറഞ്ഞു:

"നീയും ഇസ്രായേല്‍ജനം മുഴുവനും ഉടനെ തയ്യാറാവുക. ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കു പോവുക. മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. നിന്റെ ആയുഷ്കാലത്തൊരിക്കലും നിന്നെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന ദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്. മോശ നല്കിയിട്ടുള്ള എല്ലാ നിയമങ്ങളും നിങ്ങളനുസരിക്കണം. അവയില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധിപ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും. ശക്തനും ധീരനുമായിരിക്കുക, നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും. ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും."

ജോഷ്വാ ഇസ്രായേല്‍പ്രമാണിമാരെ വിളിച്ചുചേര്‍ത്തു. "നമ്മുടെ ജനങ്ങളെ മുഴുവന്‍ യുദ്ധസജ്ജരാക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ജോര്‍ദ്ദാന്‍നദികടക്കും."

അവര്‍ ജോഷ്വയോടു പറഞ്ഞു: "നമ്മുടെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ! നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം. മോശയെയെന്നപോലെ, എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ നിന്നെയുമനുസരിക്കും. നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!"

കാനാന്‍ദേശം കീഴടക്കുന്നതിനു മുന്നോടിയായി, ആ നാടിന്റെ ശക്തിയും ബലഹീനതകളും തിരിച്ചറിയുന്നതിനായി രണ്ടുചെറുപ്പക്കാരെ ജോഷ്വാ ചാരന്മാരായി നിയോഗിച്ചു.

"നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, മോശയുടെ നിര്‍ദ്ദേശാനുസരണം ഞാനും കാലെബും മറ്റുപത്തുപേര്‍ക്കൊപ്പം ചാരപ്രവര്‍ത്തനങ്ങള്‍ക്കായികടന്നുചെന്ന നാട്ടിലേക്കാണു ഞാന്‍ നിങ്ങളെ ഇന്നയയ്ക്കുന്നത്. ദേശംമുഴുവന്‍ നിരീക്ഷിക്കുക, കോട്ടകളാല്‍ സുരക്ഷിതമാക്കിയ ജെറീക്കോപ്പട്ടണം പ്രത്യേകമായി ശ്രദ്ധിക്കുക. കാരണം നമ്മള്‍ അവിടെനിന്നായിരിക്കും യുദ്ധമാരംഭിക്കുക. ധൈര്യമായി പോയിവരിക, ദൈവമായ കര്‍ത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും."

പകൽ കോട്ടയ്ക്കുചുറ്റുമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ,
അസ്തമയത്തിനു രണ്ടുനാഴികമാത്രം ബാക്കിയുള്ളപ്പോഴാണ് ഇസ്രായേല്‍ച്ചാരന്മാര്‍ ജറീക്കോക്കോട്ടവാതിലിലൂടെ പട്ടണത്തിനുള്ളിലേക്കെത്തിയത്.

അപരിചിതരായ രണ്ടുപേര്‍ കോട്ടവാതില്‍കടന്നു ജറീക്കോപട്ടണത്തില്‍ പ്രവേശിച്ചതു കാവല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ദൂതന്മാര്‍ മുഖാന്തിരം അവര്‍ രാജാവിനെ വിവരമറിയിച്ചു.

ഫറവോയുടെ സൈന്യത്തെമുഴുവന്‍ ചെങ്കടലില്‍ മുക്കിക്കൊല്ലുകയും സീനായ് മരുഭൂമി കുറുകെക്കടന്നെത്തി, ജോര്‍ദ്ദാനക്കരെയുള്ള പ്രമുഖരായ രാജാക്കന്മാരെയെല്ലാം നിര്‍മ്മൂലരാക്കിയുംചെയ്ത  ഇസ്രായേലികളെന്ന നാടോടിക്കൂട്ടത്തെക്കുറിച്ച്, നേരത്തേതന്നെ കേട്ടറിഞ്ഞിരുന്ന ജറീക്കോരാജാവു ചകിതനായി.

"അതവര്‍തന്നെയാകും; ഇസ്രായേലിന്റെ ചാരന്മാര്‍! എത്രയുംപെട്ടെന്ന് അവരെ പിടികൂടി, ബന്ധിച്ചു രാജസന്നിധിയില്‍ ഹാജരാക്കുക" രാജാവു കല്പനനല്കി.

രാത്രിയില്‍ സുരക്ഷിതമായി കഴിയാനൊരിടമാണ് ഇസ്രായേൽച്ചാരന്മാർ ആദ്യം തിരഞ്ഞത്. ഏതെങ്കിലുമൊരു ഗണികാഗൃഹം കണ്ടെത്തുന്നതാവും ഏറ്റവുമുചിതമെന്ന് അവര്‍ കരുതി. അതിനായി അവരന്വേഷിച്ചുതുടങ്ങി. ഇരുട്ടുവീണുതുടങ്ങുന്നതിനുമുമ്പേ, പട്ടണവാതുക്കല്‍നിന്ന് അധികമകലെയല്ലാതെ, അത്തരത്തില്‍ ഒരു വേശ്യാഗൃഹത്തിൻ്റെ വാതിൽ അവര്‍ക്കായി തുറന്നുകിട്ടി.


കോമാളന്മാരായ യുവാക്കള്‍ക്കുമുമ്പില്‍ കാമോദ്ദീപകമായ കടാക്ഷങ്ങളോടെ റാഹാബ് നിന്നു. ധരിച്ചിരിക്കുന്ന നേര്‍മ്മയാര്‍ന്ന വസ്ത്രം അവളുടെ ശരീരവടിവുകള്‍ വ്യക്തമാക്കുന്നുണ്ട്.

"ഈ രാത്രിയിൽ എന്നെത്തേടിയെത്തിയ സ്നേഹിതരേ, സന്തോഷത്തോടെ അകത്തേക്കു വരൂ..."

യുവാക്കള്‍ അവളെ അടിമുടി നോക്കി. പിന്നെ പറഞ്ഞു; "ഞങ്ങള്‍ക്കു നിന്റെ ശരീരമാവശ്യമില്ല. അപരിചിതരായവര്‍ക്ക്, എപ്പോഴും വരാന്‍പറ്റിയതു നിന്നെപ്പോലുള്ളവരുടെ വീടുകളായതിനാലാണു ഞങ്ങളിപ്പോള്‍ ഇവിടെ വന്നത്. കര്‍ത്താവായ ദൈവത്തിന്റെ ദാസന്മാരും ഇസ്രായേല്‍ജനതയില്‍പ്പെട്ടവരുമാണു ഞങ്ങള്‍. "

ഇസ്രായേലെന്നു കേട്ടപ്പോള്‍ത്തന്നെ റാഹാബ് ഭയന്നു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. മുഖം വിവര്‍ണ്ണമായി. ഇസ്രായേല്‍ജനതയെക്കുറിച്ചുള്ള ഭയം, ജെറീക്കോനിവാസികള്‍ക്കിടയില്‍ അത്രയ്ക്കു രൂഢമൂലമായിരുന്നു

"ഇന്നുരാത്രി സുരക്ഷിതമായി കഴിയാന്‍ നീ ഞങ്ങളെ സഹായിക്കണം. നിങ്ങളുടെ രാജ്യത്തിൻ്റെ ശക്തിയും ദൗർബല്യവുമെന്താണെന്നും ഞങ്ങൾക്കറിയണം. നിൻ്റെ സന്ദർശകരായ കൊട്ടാരപ്രമുഖരിൽനിന്ന്, അത്തരംകാര്യങ്ങളിൽ നിനക്കറിവുണ്ടാകുമെന്നു ഞങ്ങൾക്കറിയാം. നീ ഞങ്ങളെ സഹായിച്ചാല്‍ തക്കപ്രതിഫലം ഞങ്ങള്‍ നിനക്കു നല്കും."

റാഹാബ് അല്പനേരം ചിന്താമഗ്നയായി. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. "ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ പ്രവര്‍ത്തിച്ചാല്‍, നിങ്ങളെന്നോടും എന്റെ പ്രിയമുള്ളവരോടും കാരുണ്യംകാണിക്കുമെന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥംചെയ്യണം. എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍രക്ഷിക്കുമെന്നതിന്, എനിക്കു നിങ്ങളുറപ്പുതരണം."

"നീയിന്നു ഞങ്ങളെ സഹായിച്ചാല്‍, നിൻ്റെയോ നിൻ്റെ പ്രിയപ്പെട്ടവരുടേയോ ജീവനുപകരം, ഞങ്ങൾ ഞങ്ങളുടെ ജീവന്‍കൊടുക്കും. കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കുമെന്ന്, കർത്താവിൻ്റെ നാമത്തിൽ ഞങ്ങള്‍ നിനക്കുറപ്പു നല്കുന്നു."

റാഹാബ് അവരെ വീടിനുള്ളിൽക്കയറ്റി വാതിലടച്ചു.

ജെറീക്കോയിലെ ഭടന്മാര്‍ പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ക്കായി തിരഞ്ഞു. വേശ്യയായ റാഹാബിന്റെ വീട്ടില്‍ അപരിചിതരായ രണ്ടുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞതിനാല്‍ ജെറീക്കോമതിലിനോടുചേര്‍ത്തു നിര്‍മ്മിച്ച,  ആ വേശ്യാഗൃഹത്തിലും പരിശോധനയ്ക്കായി അവരെത്തി.

കതകില്‍മുട്ടുന്നതുകേട്ടു വാതില്‍തുറന്ന റാഹാബ്, രാജഭടന്മാരെക്കണ്ടു ഭയന്നു.

ഭടന്മാര്‍ അവളോടു പറഞ്ഞു: "നിന്റെയടുത്ത്, അന്യദേശക്കാരായ രണ്ടു യുവാക്കൾ വന്നിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.  അവരെ ഞങ്ങളെയേല്പിക്കുക. നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണവർ..."  

Sunday, 25 February 2018

52. അതുല്യനായ പ്രവാചകൻ



ബൈബിള്‍ക്കഥകള്‍ - 52


സ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ തങ്ങള്‍  മറ്റുള്ളരോടൊപ്പം ദേശം പിടിച്ചടക്കാൻ യുദ്ധരംഗത്തുണ്ടാകുമെന്ന്, റൂബൻ, ഗാദ്, മനാസ്സെ എന്നീ ഗോത്രങ്ങളുടെ തലവന്മാർ മോശയോടുറപ്പു പറഞ്ഞു.

"കർത്താവിന്റെ ഹിതമെന്തെന്നറിഞ്ഞതിനുശേഷം ഞാൻ നിങ്ങളോടു സംസാരിക്കാം." മോശ അവരോടു പറഞ്ഞു.

മോശ, എലിയാസറിന്റെയും ജോഷ്വായുടെയുമൊപ്പം കര്‍ത്താവിനുമുമ്പില്‍ പ്രാര്‍ത്ഥിച്ചു. 

അന്നു സായാഹ്നത്തിൽ, എല്ലാ ഇസ്രായേൽശ്രേഷ്ഠന്മാരുടെയും സാന്നിദ്ധ്യത്തിൽ, റൂബന്‍, ഗാദ്, മനാസ്സെ എന്നീ  ഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: "ശത്രുക്കളെയെല്ലാം കീഴടക്കി, ദേശം പിടിച്ചടക്കുന്നതുവരെ, നിങ്ങളില്‍ യുദ്ധശേഷിയുള്ളവരെല്ലാം ആയുധവുമണിഞ്ഞ്, ജോര്‍ദ്ദാന്റെ മറുകരയിലേക്കു പോകുമെങ്കില്‍, ദേശം കര്‍ത്താവിന്റെമുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെയും ഇസ്രായേലിന്റെയുംമുമ്പില്‍ കുറ്റമില്ലാത്തവരായിരിക്കും; ഈ ദേശം കര്‍ത്താവിന്റെ മുമ്പില്‍ നിങ്ങളുടെ അവകാശമായിരിക്കുകയും ചെയ്യും. അങ്ങനെചെയ്യുന്നില്ലെങ്കില്‍ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യുകയാണ്. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്നു മറക്കരുത്. 

കർത്താവിന്റെയും എന്റെയുംമുമ്പിൽ നിങ്ങൾനല്കിയ വാഗ്ദാനംപാലിക്കാൻ ഒരുക്കമാണെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ കുട്ടികള്‍ക്കുമായി പട്ടണങ്ങളും ആടുകള്‍ക്ക് ആലകളും ഇവിടെ പണിതുകൊള്ളുവിന്‍; ഈ ദേശം നിങ്ങളുടെ അവകാശമായിരിക്കും."

പുരോഹിതനായ എലെയാസറിന്റെയും  നൂനിന്റെ പുത്രന്‍ ജോഷ്വയുടേയുംനേരെ മോശ തിരിഞ്ഞു: 

"നിങ്ങള്‍ ജോര്‍ദ്ദാന്‍നദി കടക്കുംമുമ്പേ, ഞാന്‍ നിത്യനിദ്രയിൽ എന്റെ പിതാക്കന്മാരോടു ചേരും. അതിനാല്‍ റൂബന്‍, ഗാദ്, മനാസ്സേ ഗോത്രങ്ങളോടുള്ള എന്റെ വാഗ്ദാനം പാലിക്കേണ്ടതു നിങ്ങളാണ്. ഗാദിന്റെയും റൂബന്റെയും മനാസ്സേയുടെയും പുത്രന്മാര്‍, നിങ്ങളോടൊപ്പം ജോര്‍ദ്ദാന്‍കടന്നു കര്‍ത്താവിന്റെമുമ്പില്‍ പോകുകയും നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തു ദേശം കീഴടക്കുകയുംചെയ്താല്‍, ഗിലയാദുദേശം അവര്‍ക്കവകാശമായി കൊടുക്കണം. അമോര്യരാജാവായ സീഹോന്റെയും ബാഷാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങളടങ്ങുന്ന പ്രദേശംമുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്റെയും റൂബന്റെയും ഗോത്രങ്ങള്‍ക്കും ജോസഫിന്റെ അര്‍ദ്ധഗോത്രമായ  മനാസ്സെയുടെ പിന്‍തലമുറക്കാര്‍ക്കും നല്കുക. എന്നാല്‍, അവര്‍ നിങ്ങളോടൊപ്പം യുദ്ധസന്നദ്ധരായി വരുന്നില്ലെങ്കില്‍, എന്റെയീ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയില്ല."

ഗാദിന്റെയും റൂബന്റെയും മനാസ്സെയുടെയും പിന്‍തലമുറക്കാര്‍ പറഞ്ഞു: "പ്രവാചകനായ മോശവഴി, കര്‍ത്താവരുളിച്ചെയ്തതുപോലെ, ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഇസ്രായേല്‍മുഴുവനും മുമ്പില്‍ ഞങ്ങള്‍ ഉറപ്പുനല്കുന്നു."

ഗിലയാദ് ദേശം അവകാശമായി കിട്ടിയവര്‍ക്കായി ഇസ്രായേല്‍ജനം ഒരുമിച്ച്, കോട്ടകെട്ടി, കോട്ടവാതിലും നിര്‍മ്മിച്ചു. യുദ്ധശേഷിയുള്ള പുരുഷന്മാര്‍ ഇല്ലാത്തപ്പോള്‍പ്പോലും ശത്രുക്കള്‍ക്കു കടന്നുകയറാന്‍ പറ്റാത്തവിധം പട്ടണത്തെ സുരക്ഷിതമാക്കി.

മോശ ഒരിക്കല്‍ക്കൂടെ ഇസ്രായേല്‍ശ്രേഷ്ഠന്മാരെ തനിക്കുമുമ്പില്‍ വിളിച്ചുകൂട്ടി.

"ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍, തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ്, അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണം. നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു. നിങ്ങള്‍ ഗോത്രംഗോത്രമായി നറുക്കിട്ടുവേണം  ദേശമവകാശമാക്കാൻ. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെവീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. 

തദ്ദേശവാസികളെ നിങ്ങൾ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെയുപദ്രവിക്കും. കര്‍ത്താവ്, അവരോടുചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.

ലേവിഗോത്രം പുരോഹിതരായതിനാല്‍, ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍ കൊടുക്കണം. പട്ടണങ്ങള്‍ക്കുചുറ്റും മേച്ചില്‍ സ്ഥലങ്ങളും നിങ്ങളവര്‍ക്കു നല്‍കണം. എല്ലാ ഗോത്രങ്ങൾക്കുമൊപ്പം പുരോഹിതർ ഉണ്ടായിരിക്കണം. അവർക്കു  മറ്റവകാശങ്ങളുണ്ടാകുകയില്ല.

നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു താമാസമുറപ്പിക്കുമ്പോൾ, അബദ്ധവശാല്‍ ആരെങ്കിലു ആരെയെങ്കിലും വധിച്ചാൽ, കുറ്റവാളിക്ക് ഓടിയൊളിക്കാന്‍ സങ്കേതനഗരങ്ങളായി ചില പട്ടണങ്ങള്‍ നിങ്ങൾ തിരഞ്ഞെടുക്കണം. വിധിനിര്‍ണ്ണയത്തിനായി, കൊലപാതകി  സമൂഹത്തിന്റെമുമ്പില്‍നില്ക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാന്‍, രക്തത്തിനു പ്രതികാരംചെയ്യുന്നവനില്‍നിന്ന് അഭയംതേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍. നിങ്ങളുടെ പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരങ്ങളായിരിക്കും. സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദ്ദാനിക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ദേശത്തും കൊടുക്കണം.

ഇസ്രായേലിലെ സ്ത്രീകള്‍ക്ക്, പിതാവിന്റെ സമ്പത്തിന്റെ ഒരോഹരി നല്കണം. ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പൂര്‍ണ്ണമായും പുത്രിക്കു കൊടുക്കണം. പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്മാര്‍ക്കു കൊടുക്കണം. സഹോദരന്മാരുമില്ലെങ്കില്‍ പിതൃസഹോദരന്മാര്‍ക്കു കൊടുക്കണം. പിതൃസഹോദരന്മാരുമില്ലെങ്കില്‍ അവന്റെയവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവുമടുത്ത ബന്ധുവിനു കൊടുക്കണം.

ഇസ്രായേല്‍പുത്രിമാര്‍ക്കു തങ്ങള്‍ക്കിഷ്ടമുള്ളവരുമായി വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍നിന്നുമാത്രമായിരിക്കണം. മറ്റുള്ളവർക്കിടയിൽ അവർ തങ്ങൾക്കു വരനെ തിരയരുത്. കാരണം, ഇസ്രായേല്‍ജനത്തിന്റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം."

ജോഷ്വായും എലിയാസറുമടക്കമുള്ള ഇസ്രായേല്‍ ശ്രേഷ്ഠന്മാര്‍, മോശയുടെ വാക്കുകള്‍ പാലിക്കപ്പെടുമെന്നു കര്‍ത്താവിന്റെ മുമ്പില്‍ പ്രതിജ്ഞചെയ്തു.

കുറച്ചുദിവസങ്ങൾ ശാന്തമായി കടന്നുപോയി. മോശ എല്ലായ്‌പോഴും പ്രാർത്ഥനയിൽ സമയം ചെലവഴിച്ചു.

തന്റെ ആത്മാവു ശരീരത്തെ പിരിയാനുള്ള മണിക്കൂറുകള്‍ അടുക്കുന്നുവെന്നു മനസ്സിലായപ്പോള്‍ അവൻ  ഇസ്രായേല്‍ജനതയെ മുഴുവന്‍ വിളിച്ചുകൂട്ടി, ജെറീക്കൊയുടെ എതിര്‍വശത്തുള്ള നെബോമലയിലെ പീസ്‌ഗാ എന്ന ഉയര്‍ന്ന സ്ഥലത്തേക്കു കയറി. മോശയുടെ പിന്‍ഗാമിയും നൂനിന്റെ പുത്രനുമായ ജോഷ്വായും മോശയ്ക്കൊപ്പം കയറി. ജനക്കൂട്ടം പിസ്ഗയുടെ താഴ്വാരത്തില്‍ നിന്നു.

ആകാശത്തിലേക്കു കൈകളുയര്‍ത്തി, ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടു മോശ ഉദ്ഘോഷിച്ചു.

"ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ. എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍, വര്‍ഷധാരപോലെയുമാകട്ടെ.

കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി, പരിപൂര്‍ണ്ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്.      

അവിടുത്തെ മുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണവരുടേത്. ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനുള്ള പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?

കഴിഞ്ഞുപോയ കാലങ്ങളോര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങളനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായംചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.      

അത്യുന്നതന്‍, ജനതകള്‍ക്കവരുടെ പൈതൃകം വീതിച്ചുകൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്നു വേര്‍തിരിച്ചപ്പോള്‍, ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്നു ജനതകള്‍ക്കതിര്‍ത്തി നിശ്ചയിച്ചു. കര്‍ത്താവിന്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും! അവിടുന്നവനെ മരുഭൂമിയില്‍, ശൂന്യതയോരിയിടുന്ന മണലാരണ്യത്തില്‍ക്കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താല്പര്യപൂര്‍വ്വം പരിചരിച്ച്, തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.      

കൂടു ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെമുകളില്‍ ചിറകടിക്കുകയും, വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയുംചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല. ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്നവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍നിന്ന് എണ്ണയും അവിടുന്നവനു കുടിക്കാന്‍ കൊടുത്തു. കാലിക്കൂട്ടത്തില്‍നിന്നു തൈരും ആട്ടിന്‍പറ്റങ്ങളില്‍നിന്നു പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയും കാലിക്കൂട്ടത്തിന്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനം ചെയ്തു."

ജോഷ്വായും മോശയ്ക്കൊപ്പം കരങ്ങളുയര്‍ത്തി ദൈവത്തെ മഹത്വപ്പെടുത്തി.

പിന്നെ മോശ ജനക്കൂട്ടത്തോടു പറഞ്ഞു: "ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്ന നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോടാജ്ഞാപിക്കുന്നതിനായി, അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദ്ദാനക്കരെ കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും."

പിന്നീട്, മോശ ജനങ്ങള്‍ക്കുനേരെ കൈകള്‍നീട്ടി. "ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞുപൊഴിക്കും. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളുമായ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടനിന്നെപ്പോലെ, മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീയവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും."

ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളേയും പേരുചൊല്ലിപ്പറഞ്ഞ്, മോശയവരെ അനുഗ്രഹിച്ചു.

ജനങ്ങള്‍ പിരിഞ്ഞുപോയപ്പോള്‍ കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഈ മലയില്‍ അല്പംകൂടെ ഉയരത്തില്‍ക്കയറി, ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായിനല്കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക. നിന്റെ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്റെ പിതാക്കന്മാരോടു ചേരുകയും ചെയ്തതുപോലെ ഇന്നു നീയും മരിച്ചു നിന്റെ പിതാക്കന്മാരോടു ചേരും. "

*നെബുമലയിലെ പിസ്ഗായില്‍ കര്‍ത്താവുപറഞ്ഞ, ഗിരിശൃംഗത്തിനുമുകളില്‍ മോശ കയറി. കര്‍ത്താവവന് എല്ലാ പ്രദേശങ്ങളും കാണിച്ചുകൊടുത്തു - വേഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും, നഫ്താലി മുഴുവനും എഫ്രായിമിന്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും, നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍വരെയുള്ള സമതലവും അവൻ കണ്ടു.  

അനന്തരം, കര്‍ത്താവു മോശയോടു പറഞ്ഞു: "നിന്റെ സന്തതികള്‍ക്കു നല്കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെയനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല. എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനുസമീപം ഇസ്രായേല്‍ജനത്തിന്റെമുമ്പില്‍വച്ചു നീയെന്നോട് അവിശ്വസ്തമായി പെരുമാറി; എന്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല."       

നെബുമലയില്‍നിന്നിറങ്ങിയ ദിവസംതന്നെ, മൊവാബുദേശത്തുവച്ച് നൂറ്റിയിരുപതാം വയസ്സില്‍ മോശ മരിച്ചു. മരിക്കുന്നതുവരെ അവന്റെ കണ്ണു മങ്ങുകയോ ശക്തി ക്ഷയിക്കുകയോചെയ്തിരുന്നില്ല.    
മൊവാബുദേശത്തെ ബത്പെയോറിനെതിരേയുള്ള താഴ്‌വരയില്‍ അവനെ സംസ്‌കരിച്ചു.      

ഇസ്രായേല്‍ മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെ ഓര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വ, ഇസ്രായേലിന്റെ നേതൃത്വമേറ്റെടുത്തു. മോശ അവന്റെമേല്‍ കൈകള്‍ വച്ച്, അവനെ അഭിഷേകംചെയ്തിരുന്നതിനാല്‍ ജ്ഞാനത്തിന്റെ ആത്മാവിനാല്‍ അവന്‍ പൂരിതനായിരുന്നു. ഇസ്രായേല്‍ജനം അവന്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.    

കര്‍ത്താവു മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലിലുണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി, ഈജിപ്തില്‍ ഫറവോയ്ക്കും അവന്റെ ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവനുമെതിരായി  പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും എക്കാലവും അതുല്യനായ നേതാവായിരുന്നു മോശ ....!

Sunday, 18 February 2018

51. വാഗ്ദത്തദേശത്തിന്റെ കവാടത്തില്‍

ബൈബിള്‍ക്കഥകള്‍ - 51

ഇസ്രായേൽ ഷിത്തിമിൽ കൂടാരമടിച്ചു. ബാലാം ഇസ്രായേലിനെ അനുഗ്രഹിച്ചതിനാൽ മൊവാബ് രാജാവായ ബാലക്ക് ഇസ്രയേലുമായി യുദ്ധത്തിനൊരുമ്പെട്ടില്ല.

ഷിത്തിമില്‍ കൂടാരമടിച്ചു പാര്‍ക്കുന്നകാലത്ത്, ഇസ്രായേല്‍ജനം, മൊവാബ്യരായ സ്ത്രീകളുമായി പ്രണയത്തിലാകുകയും അവിഹിതബന്ധങ്ങളിലേര്‍പ്പെടുകയും അവരുടെ ദേവീദേവന്മാരെ ആരാധിച്ചുതുടങ്ങുകയും ചെയ്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനുമേല്‍ ജ്വലിച്ചു. ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു. കൂടാരങ്ങളില്‍ മരണം താണ്ഡവമാടി. അഹറോന്റെ പേരക്കുട്ടിയായ ഫിനെഹാസിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ വ്യഭിചാരികളെ അവരുടെ കുടുംബത്തോടൊപ്പം ഉന്മൂലനംചെയ്തു. അതോടെ ഇസ്രായേലിലെ മഹാമാരിക്ക് അറുതിയായി.

മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും അഹറോന്റെ പുത്രനും പുരോഹിതനുമായ എലെയാസറിനോടും അരുളിച്ചെയ്തു : "ഇസ്രായേല്‍ സമൂഹത്തിലെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്ക്, ഗോത്രംഗോത്രമായെടുക്കുക."

ആദ്യവട്ടം ജനസംഖ്യാ കണക്കെടുത്തതുപോലെ ഓരോ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ വീണ്ടും കണക്കെടുപ്പുകള്‍ നടത്തി. പന്ത്രണ്ടുഗോത്രങ്ങളിലുമായി,  ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള ആറുലക്ഷത്തി ഒരായിരത്തിയെഴൂനൂറ്റിമുപ്പതുപേര്‍ ഉണ്ടായിരുന്നു.

എന്നാല്‍, മോശയും അഹറോനുംചേര്‍ന്ന് സീനായ് മരുഭൂമിയില്‍വച്ചുനടത്തിയ കണക്കെടുപ്പില്‍പ്പെട്ടവരില്‍ യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുമൊഴികെ ഒരാള്‍പോലും രണ്ടാമത്തെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ടില്ലെന്ന്. ഇസ്രായേല്‍ജനത തിരിച്ചറിഞ്ഞു. അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്ന കര്‍ത്താവിന്റെ കല്പന പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു!

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "സീൻമരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെമുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യംനല്കാതെ, നീ, എന്റെ കല്പന ലംഘിച്ചു. അതിനാല്‍ ഇസ്രായേലിനു ഞാന്‍നല്കുന്ന കാനാന്‍ദേശത്തു നീ പ്രവേശിക്കുകയില്ല. അബാറിം മലയില്‍ക്കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക. അതു കണ്ടുകഴിയുമ്പോള്‍ നിന്റെ സഹോദരന്‍ അഹറോനെപ്പോലെ നീയും പിതാക്കന്മാരോടു ചേരും."

"കര്‍ത്താവേ, എനിക്കു പകരമായി ഈ ജനത്തെ നയിക്കാന്‍ ഒരാളെ അങ്ങു നിയോഗിക്കണമേ! അല്ലെങ്കില്‍ ഇടയിനില്ലാത്ത ആടുകളെപ്പോലെ ഈ ജനം ചിതറിപ്പോകും." കര്‍ത്താവിന്റെ ഇഷ്ടം തന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാന്‍ പൂര്‍ണ്ണമനസ്സോടെ സമ്മതിക്കുമ്പോഴും താന്‍ നയിച്ചുകൊണ്ടുവന്ന ജനത്തിന്റെ നന്മയ്ക്കായി മോശ പ്രാര്‍ത്ഥിച്ചു.

"നൂനിന്റെ പുത്രനായ ജോഷ്വയെ വിളിച്ച്, അവന്റെ ശിരസ്സില്‍ നീ കൈവയ്ക്കുക.  പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പില്‍നിറുത്തി, അവര്‍ കാണ്‍കെ നീ അവനെ നിയോഗിക്കുക. ഇസ്രായേല്‍ജനം അവനെ അനുസരിക്കേണ്ടതിന്, നിന്റെ അധികാരം അവനു നല്കുക. പുരോഹിതനായ എലെയാസറിന്റെമുമ്പില്‍ അവന്‍ നില്‍ക്കണം. കർത്താവായ എന്റെ തീരുമാനം അവനുവേണ്ടി, എലെയാസര്‍ അന്വേഷിച്ചറിയണം. ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളിലും ജോഷ്വയുടെ നേതൃത്വത്തിനു വഴങ്ങണമെന്നു, നീ ജനത്തെയറിയിക്കുക."

കര്‍ത്താവു കല്പിച്ചതുപോലെ, മോശ ജോഷ്വയെ വിളിച്ച്, പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പാകെ നിറുത്തി. കല്പനപോലെ, അവന്റെമേല്‍ കൈവച്ച്, അവനെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചു.

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ജനത്തെ യുദ്ധസന്നദ്ധരാക്കുക. ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക; അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും. യോര്‍ദ്ദാനക്കരെ, കാനാന്‍ദേശത്തേക്ക്, ഇസ്രായേലിനെ നയിക്കുന്നതു ജോഷ്വായായിരിക്കും."

മിദിയാനെതിരായി ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ പോരാടി. ഇസ്രായേലിനു തങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാൻ അനുവാദംനിഷേധിച്ച, അഞ്ചു മിദിയാന്‍രാജാക്കന്മാരെ ഇസ്രായേല്‍ വധിച്ചു.

ഇസ്രായേല്‍ജനം യോര്‍ദ്ദാന്‍ കടക്കുന്നതിനുമുമ്പേ, റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങളിലെ ശ്രേഷ്ഠന്മാര്‍ മോശയെ സന്ദര്‍ശിച്ചു പറഞ്ഞു: "ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളതാണല്ലോ. മിദിയാനിലെ യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലങ്ങളായതിനാല്‍,അവ ഞങ്ങള്‍ക്ക് അവകാശമായി നല്കണം. ദയവായി ഞങ്ങളെ യോര്‍ദ്ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുത്."

മോശ കോപിച്ചു: "ഇസ്രായേലിലെ നിങ്ങളുടെ സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെയിരിക്കാനോ? കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു നല്കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍നിന്ന്, നിങ്ങളവരെ നിരുത്സാഹരാക്കുകയാണു ചെയ്യുന്നത്. 

നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു. അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളംചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേലിനു നല്കിയിരുന്ന നാട്ടിലേക്കുപോകുന്നതില്‍ ജനങ്ങളെ നിരുത്സാഹരാക്കി. അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ജോഷ്വയും കാലെബുമൊഴികെ മറ്റാരും കാനാന്‍ദേശത്തു കടക്കുകയില്ലെന്ന കര്‍ത്താവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്നു നിങ്ങള്‍ക്കുമറിവുള്ളതല്ലേ?" അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും നമ്മളെ മരുഭൂമിയിലുപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും."

മോശയുടെ വാക്കുകള്‍ കേട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.

"ഇസ്രായേല്‍ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ, ആയുധമേന്തി, ഞങ്ങൾ യുദ്ധത്തിനൊരുങ്ങി, അവര്‍ക്കുമുമ്പേ പോകാം. എന്നാല്‍ ഞങ്ങളിവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി ആലകളും കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ. ഞങ്ങള്‍ യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കാമല്ലോ. ഇസ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല. കിഴക്കു ജോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്കവകാശം ലഭിച്ചിട്ടുള്ളതിനാല്‍, ജോര്‍ദ്ദാന്റെ മറുകരയും അതിനപ്പുറവും മറ്റുള്ളരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല." റൂബന്റെയും ഗാദിന്റെയും  ഗോത്രത്തലവന്മാരും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ പിന്‍തലമുറക്കാരും മോശയോടു പറഞ്ഞു.

Sunday, 11 February 2018

50. ബാലാമിന്റെ പ്രവചനങ്ങള്‍

ബൈബിള്‍ കഥകള്‍ - 50

പുലര്‍ച്ചെ, പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍പ്പതിക്കുന്നതിനുമുമ്പേ, ബാലാക്ക് തന്റെ ഭൃത്യന്മാര്‍ക്കൊപ്പം ബാലാമിന്റെ കൂടാരത്തിലെത്തി. അയാളവനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പര്‍വ്വതശിഖരത്തില്‍നിന്നുകൊണ്ട് ബാലാം ഇസ്രായേല്‍പ്പാളയം വീക്ഷിച്ചു. 

കുറച്ചുനേരത്തെ മൌനത്തിനുശേഷം ബാലാം പറഞ്ഞു:

"നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്, ഏഴു ബലിപീഠങ്ങളൊരുക്കുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഇവിടെയെത്തിക്കുക."

മദ്ധ്യാഹ്നസൂര്യന്‍ തലയ്ക്കുമുകളില്‍ ജ്വലിക്കുന്നതിനുമുമ്പേ, ബാലാം ആവശ്യപ്പെട്ടതെല്ലാം ബാലാക്ക് ഒരുക്കിക്കഴിഞ്ഞിരുന്നു.

ബാലാം ഓരോ ബലിപീഠത്തിലും ഒരു മുട്ടാടിനെയും ഒരു കാളയെയുംവീതം ബലിയര്‍പ്പിച്ചു.

ബലിമൃഗങ്ങളുടെ മാംസം, അഗ്നിനാളങ്ങള്‍ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബാലാം ബാലാക്കിനോടു പറഞ്ഞു: "ഇവിടെ ഈ ദഹനബലികള്‍ക്കരികെ എന്നെ കാത്തുനില്‍ക്കുക. ഞാന്‍ ഏകാന്തമായ ഒരിടത്തേക്കു പോകട്ടെ. ഈ ബലികളില്‍ പ്രീതനെങ്കില്‍ ഒരുപക്ഷേ ദൈവമെന്നോടു സംസാരിച്ചേക്കാം. അതെന്തുതന്നെയായാലും ഞാന്‍ നിന്നെയറിയിക്കാം."

കുറെക്കൂടെ ഉയര്‍ന്ന ഒരു പര്‍വ്വതശിഖരത്തിലേക്കു ബാലാം കയറിപ്പോയി. അവിടെ പ്രാർത്ഥനാ നിമഗ്നനായിരിക്കുമ്പോൾ ബാലാമിന്റെ ആന്തരീകകർണ്ണങ്ങളിൽ കര്തതാവിന്റെ ശബ്ദംകേട്ടു.: "ബാലാക്കിന്റെയടുത്തേക്കു മടങ്ങിച്ചെല്ലുക. അവനോടു പറയേണ്ട വാക്കുകള്‍ അപ്പോള്‍ ഞാന്‍ നിന്റെ അധരങ്ങളില്‍ നിക്ഷേപിക്കും."

ബാലാം മടങ്ങിയെത്തുമ്പോള്‍ ബാലാക്കും മൊവാബിലെ പ്രഭുക്കന്മാരും ദഹനബലിയുടെയരികില്‍ത്തന്നെ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

അവരുടെ അടുത്തെത്തിയപ്പോള്‍ ബാലാം പ്രവചിച്ചുതുടങ്ങി:

"ആരാമില്‍നിന്നു ബാലാക്ക് എന്നെ കൊണ്ടുവന്നു; പൗരസ്ത്യഗിരികളില്‍നിന്നു മൊവാബു രാജാവെന്നെ വരുത്തി. യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്സിക്കുകയെന്നു മൊവാബിലെ രാജാവായ ബാലാം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിനുത്തരം പറയൂ, ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്സിക്കാത്തവനെ ഞാനെങ്ങനെ ഭര്‍ത്സിക്കും? പാറക്കെട്ടുകളില്‍നിന്നു ഞാനവനെക്കാണുന്നു; മലമുകളില്‍നിന്നു ഞാനവനെ നിരീക്ഷിക്കുന്നു: ഇതാ വേറിട്ടു പാര്‍ക്കുന്നൊരു ജനം; മറ്റു ജനതകളോട് ഇടകലരാത്തൊരു ജനം. യാക്കോബിന്റെ ധൂളിയെ എണ്ണാനാര്‍ക്കു കഴിയും? ഇസ്രായേലിന്റെ ജനസഞ്ചയത്തെ ആരു തിട്ടപ്പെടുത്തും? നീതിമാന്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്റേതുപോലെയാകട്ടെ!"
     
ബാലാക്ക് ബാലാമിനോടു ചോദിച്ചു: "നീയെന്താണീ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെക്കൊണ്ടുവന്നു; എന്നാല്‍, നീയവരെ അനുഗ്രഹിക്കുന്നോ?"

"അക്കാണുന്ന ജനതയിൽ ഒരുവനെപ്പോലും എനിക്കറിയില്ല. ബാലാക്ക് രാജാവാകട്ടെ, ഞാൻ ചോദിക്കുന്നതെന്തും എനിക്കു നല്കാന് സന്നദ്ധനാണ്. എങ്കിലും ദൈവം തോന്നിക്കുന്ന വചനമല്ലാതെ മറ്റെന്താണു ഞാന്‍ സംസാരിക്കേണ്ടത്?" ബാലാം ഒരു മറുചോദ്യമാണു ബാലാക്കിനു മറുപടിയായി നല്കിയത്..

ബാലാക്ക് പറഞ്ഞു: "ഒരുപക്ഷേ, നിനക്കൊരു മിഥ്യാദര്‍ശനം ലഭിച്ചതാകാം. എന്റെകൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്കവരെക്കാണാം. ഏറ്റവുമടുത്തു നില്‍ക്കുന്നവരെമാത്രം കണ്ടാല്‍മതി; എല്ലാവരെയും കാണേണ്ട. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക"

പിറ്റേന്നവന്‍, സോഫിം വയലിനപ്പുറം പിസ്ഗാ മലയിലേക്കു ബാലാമിനെ കൊണ്ടുപോയി. അവിടെയും ഏഴു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിക്കുകയും ചെയ്തു. 

ബാമോത്ത്ബാല്‍ പൂജാഗിരിയിലെന്നപോലെ പിസ്താമലയിലും കര്‍ത്താവിന്റെ സന്ദേശം സ്വീകരിച്ച്, ബാലാം ബാലാക്കിന്റെയും മൊവാബ്യപ്രഭുക്കന്മാരുടെയുംപക്കല്‍ മടങ്ങിയെത്തി. അവനെക്കണ്ടപ്പോള്‍ ബാലാക്ക് അവനോടു ചോദിച്ചു: "നിന്റെ ദൈവമെന്താണരുളിച്ചെയ്തത്?"    

ബാലാം പ്രവചിച്ചു തുടങ്ങി : "ബാലാക്ക്, നീ  ഉണര്‍ന്നു ശ്രവിക്കുക; സിപ്പോറിന്റെ പുത്രാ, ശ്രദ്ധിച്ചു കേള്‍ക്കുക. വ്യാജംപറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത്, അവിടുന്നു നിറവേറ്റാതിരിക്കുമോ? ഇതാ അനുഗ്രഹിക്കാന്‍ എനിക്കാജ്ഞ ലഭിച്ചു. അവിടുന്നനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.    

യാക്കോബില്‍ അവിടുന്നു തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ്, അവരോടുകൂടെയുണ്ട്. ദൈവം ഈജിപ്തില്‍നിന്ന് അവരെക്കൊണ്ടുവരുന്നു; കാട്ടുപോത്തിന്റേതിനു തുല്യമായ ബലമവര്‍ക്കുണ്ട്. യാക്കോബിന് ആഭിചാരമേല്ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിനെന്ന്‌ ഇസ്രായേലിനെക്കുറിച്ചു പറയേണ്ട സമയമാണിത്. ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തംകുടിക്കാതെ അടങ്ങുകയുമില്ല."
     
"നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ." ബാലാക്ക് കോപിഷ്ഠനായി.

"ദൈവം കല്പിക്കുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?" ബാലാം ബാലാക്കിനോടു ചോദിച്ചു.    

ബാലാക്ക് അവനോടു പറഞ്ഞു: "മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ ദൈവം സമ്മതിച്ചേക്കും."  

മൂന്നാംദിവസം, യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്ക് അവന്‍ ബാലാമിനെ കൊണ്ടുപോയി.

ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു ദൈവത്തിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, ആദ്യത്തെ രണ്ടിടങ്ങളിലുംചെയ്തതുപോലെ ബലിപീഠങ്ങള്‍ നിര്‍മ്മിച്ച് ദഹനബലികളര്‍പ്പിക്കാന്‍നില്‍ക്കാതെ, ബാലാം, മരുഭൂമിയിലെ ഇസ്രായേല്‍പ്പാളയങ്ങളിലേക്കു മുഖംതിരിച്ചു നിന്നു. ഗോത്രങ്ങളനുസരിച്ച്, ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നത് അവന്‍ കണ്ടു. കർത്താവിന്റെയാത്മാവ്, അവന്റെമേലാവസിച്ചു.      

ബാലാം പ്രവചിച്ചു തുടങ്ങി: "ബയോറിന്റെ മകനായ ബാലാമിന്റെ പ്രവചനം കേള്‍ക്കുക, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം ശ്രദ്ധിക്കുക. ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വ്വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:      
യാക്കോബേ, നിന്റെ കൂടാരങ്ങളെത്ര മനോഹരം, ഇസ്രായേലേ, നിന്റെ പാളയങ്ങളും! വിശാലമായ താഴ്‌വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍ പോലെയും, കര്‍ത്താവു നട്ട അകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും അവ വിരാജിക്കുന്നു. അവന്റെ ഭരണികളില്‍നിന്നു വെള്ളം കവിഞ്ഞൊഴുകും, വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും. അവന്റെ രാജാവ്, മറ്റേതൊരു രാജാവിനേയുംകാള്‍ ഉന്നതനായിരിക്കും. അവന്റെ രാജ്യം മഹത്വമണിയും. ദൈവം ഈജിപ്തില്‍നിന്ന് അവനെക്കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്ഥികള്‍ അവന്‍ തകര്‍ക്കും; അവന്റെ അസ്ത്രങ്ങള്‍ അവരെ പിളര്‍ക്കും. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെയുണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!"    

ബാലാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: "എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീയവരെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ത്തന്നെ നിന്റെ ദേശത്തേക്കോടിക്കൊള്ളുക. വലിയ ബഹുമതികള്‍നല്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, നിന്റെ ദൈവം നിനക്കതു നിഷേധിച്ചിരിക്കുന്നു. ഇപ്പോള്‍ ജീവന്‍ തിരികെക്കിട്ടുന്നതുപോലും, ഞാന്‍ നിന്നെ എന്റെ അതിഥിയായി ക്ഷണിച്ചുവരുത്തിയതുകൊണ്ടുമാത്രമാണെന്നു മറക്കേണ്ട!"

"നിന്റെ ദൂതന്മാരോടു ഞാന്‍ ആദ്യംതന്നെ പറഞ്ഞില്ലേ, ബാലാക്ക് തന്റെ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും എന്റെ ദൈവത്തിന്റെ കല്പനയ്ക്കപ്പുറം സ്വമേധയാ നന്മയോ തിന്മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; ദൈവമരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയുമെന്ന്! ഇതാ ഇപ്പോള്‍ എന്റെ ദേശത്തേക്കു ഞാന്‍ മടങ്ങുന്നു. 

ഭാവിയില്‍ ഇസ്രായേല്‍, നിന്റെ ജനത്തോടെന്തു ചെയ്യുമെന്നുകൂടെ ഞാനറിയിക്കാം: ഞാനവനെക്കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാനവനെ ദര്‍ശിക്കുന്നു, എന്നാലടുത്തല്ല. യാക്കോബില്‍നിന്നൊരു നക്ഷത്രമുദിക്കും, ഇസ്രായേലില്‍നിന്നൊരു ചെങ്കോലുയരും, അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഏദോം അന്യാധീനമാകും; ശത്രുവായ സെയിറും! ഇസ്രായേലോ സുധീരം മുന്നേറും. ഭരണംനടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍ നശിപ്പിക്കപ്പെടും. ഹാ, ദൈവമിതുചെയ്യുമ്പോള്‍ ആരു ജീവനോടിരിക്കും!"

ബാലാമിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ, ബാലക്കിന്റെ ഭടന്മാർ അവനെ അടിച്ചോടിച്ചു. ബാലാക്ക് ക്രോധത്തോടെ തന്റെ പ്രഭുക്കന്മാരോടൊപ്പം മടങ്ങിപ്പോയി.

രാജകീയ പ്രൌഢിയില്‍ പ്രഭുക്കന്മാരുടെ അകമ്പടിയോടെ മോവാബിലെത്തിയ  ബാലാം നിശബ്ദനായി തന്റെ രണ്ടനുചരന്മാര്‍ക്കൊപ്പം സ്വദേശത്തേക്കോടിപ്പോയി
-------------------------------------------------------------------------------------------------

അടിക്കുറിപ്പുകള്‍

1.മൊവാബ് രാജാവായ ബാലാക്ക് ഇസ്രായേലിനെതിരായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്, ഇസ്രായേലിലെ ഏറ്റവും പ്രമുഖനായ രാജാവായിത്തീര്‍ന്ന ദാവീദ്, മൊവാബുകാരിയായ റൂത്തിന്റെ പ്രപൌത്രനായിരുന്നു. (റൂത്തിന്റെ പുത്രനായ ഓബദിന്റെ പുത്രന്‍ ജെസ്സെയായിരുന്നു ദാവീദിന്റെ പിതാവ്.) ദാവീദിന്റെ ഇരുപത്തിയെട്ടാം തലമുറയിലാണ് യേശു ജനിക്കുന്നത്. ബൈബിളിലെ ഒരുപുസ്തകം മൊവാബ്യയായ റൂത്തിന്റെ പേരിലാണ്.

2. ആദ്യഭാഗങ്ങള്‍ വായിക്കാത്തവര്‍ക്ക്: അബ്രഹാമിന്റെ പൌത്രനും ഇസഹാക്കിന്റെ പുത്രനുമായ യാക്കോബിന്റെ മറ്റൊരു പേരാണു ഇസ്രായേല്‍. ഇസ്രായേലിന്റെ പന്ത്രണ്ടുമക്കളുടെ പിന്‍തലമുറകളാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍

Sunday, 4 February 2018

49. സംസാരിക്കുന്ന കഴുത

ബൈബിൾക്കഥകൾ  - 49

ബാലാം തന്റെ കഴുതപ്പുറത്തേറി, ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം പുറപ്പെട്ടു. തന്റെ രണ്ടു ഭൃത്യന്മാരെയും അയാള്‍ തന്റെയൊപ്പം കൂട്ടി.

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കതിരണിഞ്ഞുനില്‍ക്കുന്ന കോതമ്പുപാടത്തിന്റെ വരമ്പിലുള്ള വഴിയിലൂടെ ബാലാമിന്റെ കഴുത നടന്നു. കാറ്റിലാടിയുലയുന്ന കോതമ്പു കതിരുകള്‍ അതിനെ പ്രലോഭിച്ചില്ല. എന്നാല്‍ ബാലാമിനും സഹചരന്മാര്‍ക്കും ദൃഷ്ടിഗോചരമല്ലാതിരുന്ന ഒരു കാഴ്ചയില്‍ ബാലാമിന്റെ കഴുത ചകിതനായി.

കര്‍ത്താവിന്റെ ദൂതന്‍ ഊരിയവാളുമായി വഴിതടഞ്ഞു നില്‍ക്കുന്നതു ബാലാമിന്റെ കഴുത കണ്ടു. അതു ഭയത്തോടെ വയലിലേക്കു ചാടി. ജീനിയില്‍ മുറുകെപ്പിടിക്കാനയതിനാല്‍ ബാലാം കഴുതപ്പുറത്തുനിന്നു വീണില്ല.

വഴിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു. കര്‍ത്താവിന്റെ ദൂതന്‍ അപ്രത്യക്ഷനായതിനാല്‍ അതു വീണ്ടും വഴിയിലേക്കു തിരികെ വന്നു.

വയല്‍വരമ്പു കടന്ന്, ബാലാമും കൂട്ടരും മുന്തിരിത്തോട്ടങ്ങളുടെ മതിലുകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയിലേക്കു കടന്നു. അപ്പോള്‍ കഴുത വീണ്ടും കര്‍ത്താവിന്റെ ദൂതനെക്കണ്ടു. അതു ഭയത്തോടെ മതിലിനോടു ചേര്‍ന്ന് ഒതുങ്ങാന്‍ ശ്രമിച്ചു. ബാലാമിന്റെ കാല്‍ മതിലിലുരഞ്ഞു. ബാലാം കഴുതയെ വീണ്ടുമടിച്ചു. മാലാഖ അപ്രത്യക്ഷനായതിനാല്‍, കഴുത വീണ്ടും മുമ്പോട്ടു നടന്നു.

അല്പദൂരത്തിനപ്പുറം, എതിരെ ഒരാള്‍ വന്നാല്‍ കടന്നുപോകാനാവാത്തത്ര ഒതുങ്ങിയ ഒരിടത്ത് കര്‍ത്താവിന്റെ ദൂതനെ, കഴുത വീണ്ടും കണ്ടു. അതു ഭയത്തോടെ നിലത്തോടു ചേര്‍ന്നുകിടന്നു.

തന്റെ കഴുത തുടര്‍ച്ചയായി നിഷേധംകാണിക്കുന്നതിനാല്‍ ബാലാം കോപിഷ്ഠനായി. അവന്‍ കഴുതയെ കഠിനമായി മര്‍ദ്ദിച്ചു.

പെട്ടെന്ന് വലിയൊരദ്ഭുതം സംഭവിച്ചു.

ബാലാമിന്റെ കഴുത, മനുഷ്യരെപ്പോലെ സംസാരിച്ചുതുടങ്ങി. അതു ബാലാമിനോടു ചോദിച്ചു: "ഇതാ മൂന്നുതവണയായി നീയെന്നെയടിക്കുന്നു. ഞാന്‍ നിന്നോടെന്തു ദ്രോഹംചെയ്തിട്ടാണു നീയെന്നെയിങ്ങനെ ഉപദ്രവിക്കുന്നത്?"

"ങ്ഹും... എന്തു ദ്രോഹംചെയ്തെന്നോ? നീയെന്നെ അവഹേളിക്കുകയാണ്. കൈയില്‍ വാളുണ്ടായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊന്നുകളഞ്ഞേനെ!"

"ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന, നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോടിങ്ങനെ ചെയ്തിട്ടുണ്ടോ?"

"ഇല്ല" ബാലാം സമ്മതിച്ചു.

പെട്ടെന്നു ബാലാമിനു ബോധോദയമുണ്ടായി. 'ഒരു കഴുതയോടല്ലേ ഞാനിപ്പോള്‍ സംസാരിക്കുന്നത്? ഇതെങ്ങനെ സംഭവിച്ചു?' അയാള്‍ ചിന്തിച്ചുനിന്നപ്പോള്‍ കര്‍ത്താവയാളുടെ ഉള്‍ക്കണ്ണു തുറന്നു. ഊരിയ വാളേന്തി, വഴിയില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെക്കണ്ട് അയാള്‍ മണ്ണില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.

കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: "കഴുതയെ മൂന്നു പ്രാവശ്യം നീ അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെത്തടയാന്‍ ഞാന്‍ വന്നിരിക്കുന്നു. മൂന്നു പ്രാവശ്യവും കഴുത എന്നെക്കണ്ടാണു തിരിഞ്ഞുപോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെവിടുകയുംചെയ്യുമായിരുന്നു."

അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: കര്‍ത്താവ് അനുവദിച്ചതിനാലാണല്ലോ ഞാന്‍ പുറപ്പെട്ടത്... കര്‍ത്താവിന്റെ ഹിതം മനസ്സിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയെങ്കില്‍ ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്തുപോയി; അങ്ങെനിക്കെതിരേ വഴിയില്‍നിന്നതും ഞാനറിഞ്ഞില്ല. ഇതു കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയെങ്കില്‍ ഞാന്‍ തിരിച്ചുപൊയ്‌ക്കൊള്ളാം."


"വേണ്ട, നീ ഇവരുടെകൂടെ പോയിക്കൊള്ളൂ. എന്നാല്‍ ഇതൊരു മുന്നറിയിപ്പായി കരുതുക. കര്‍ത്താവു നിന്നോടു കല്പിക്കുന്നതല്ലാതെ ഒന്നും നീ ചെയ്യരുത്."

ബാലാം യാത്രതുടര്‍ന്നു.

ബാലാം വരുന്നെന്നു കേട്ടപ്പോള്‍, അവനെ എതിരേല്‍ക്കാനായി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തുള്ള ഈര്‍മൊവാബുവരെ ബാലാക്ക് ചെന്നു.

ബാലാമിനെ രാജോചിതമായി സ്വീകരിച്ചുകൊണ്ട് ബാലാക്ക് ചോദിച്ചു. "ഞാനാദ്യമാളയച്ചപ്പോള്‍ നീയെന്താണു വരാന്‍ മടിച്ചത്? നിനക്കുചിതമായ ബഹുമതിനല്കാന്‍ എനിക്കു കഴിവില്ലെന്നു നീ കരുതുന്നുവോ?"

ബാലാം പറഞ്ഞു: "ഞാനിതാ വന്നല്ലോ. എന്നാല്‍, ഒന്നോര്‍ക്കുക, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവില്ല, ദൈവം തോന്നിക്കുന്ന വചനംമാത്രമാണ് എനിക്കു പറയാനുളളത്."      

ബാലാമിന്റെ ബഹുമാനാര്‍ത്ഥം, ബാലാക്ക് കാളകളെയും ആടുകളെയും ബലികഴിച്ച്, ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും വിരുന്നൊരുക്കി. 

പിറ്റേന്നു രാവിലെ അയാള്‍, ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നുകൊണ്ട്, ഇസ്രായേല്‍പാളയം ബാലാമിനു കാണിച്ചുകൊടുത്തു.

Sunday, 28 January 2018

48. ബാലാക്കും ബാലാമും

ബൈബിൾക്കഥകള്‍ - 48

മോശ വീണ്ടും ജനങ്ങളെ മുമ്പോട്ടു നയിച്ചു.
അമോര്യ രാജാവായ സീഹോന്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ അവനെതിരെ യുദ്ധത്തിനു തയ്യാറായി. അതിശക്തമായ ഒരു സൈന്യമാണ് അമോര്യർക്കുണ്ടായിരുന്നത്. അവർ സർവ്വസന്നാഹങ്ങളുമായി ഇസ്രയേലിനെതിരേ വന്നു

യുദ്ധക്കളത്തിൽ ജോഷ്വാ ഇസ്രായേലിനെ നയിച്ചു. മോശയും എലീയാസാറും കർത്താവിനുമുമ്പിൽ കൈകളുയർത്തി  പ്രാർത്ഥിച്ചു. ഹെബ്രോണ്‍നഗരത്തില്‍വച്ചുണ്ടായ യുദ്ധത്തില്‍ സീഹോനെയും അവന്റെ സൈനികപ്രമുഖരെയും ഇസ്രായേല്‍ വധിച്ചു.
യുദ്ധവിജയത്തിനും വിശ്രമത്തിനുംശേഷം ഇസ്രായേൽ യാത്രതുടർന്നു. മരുഭൂമിയിൽനിന്നുമാറി, ബാഷാൻദേശത്തുകൂടെയാണ് മോശ തന്റെ ജനങ്ങളെ നയിച്ചത്. ബാഷാൻ രാജാവായ ഓഗ്,, തന്റെ ദേശത്തുകൂടെ കടന്നുപോകാൻ അവരെയനുവദിച്ചില്ല.

ഹെബ്രോനില്‍നിന്ന് ബാഷാനിലൂടെ കടന്നുപോകാന്‍ശ്രമിച്ച ഇസ്രായേലിനെ ഓഗ് തടഞ്ഞു. ജോഷ്വായുടെ സൈന്യം അവനോടേറ്റുമുട്ടി. കര്‍ത്താവിന്റെ കരം ഇസ്രായേലിനോടൊപ്പമുണ്ടായിരുന്നു. ഓഗിനേയും പുത്രന്മാരെയും ബാഷാനിലെ സകലജനങ്ങളെയും ഇസ്രായേല്‍ നശിപ്പിച്ചു. ബാഷാന്‍നഗരം അഗ്നിക്കിരയായി.

മുമ്പിലെത്തുന്ന തടസ്സങ്ങളെയെല്ലാം തച്ചുതകർത്ത്,,ഇസ്രായേല്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു.

മൂന്നു യുദ്ധങ്ങളിലെ വിജയം ഇസ്രായേലിനു വലിയ ആത്മധൈര്യം നല്കി. ജോഷ്വാ, ഇസ്രായേലിന്റെ സൈന്യത്തലവനായി, മുഴുവൻ ഇസ്രായേൽക്കാരുടെയും ഹൃദയത്തിലിടംപിടിച്ചു.
ജോര്‍ദ്ദാന്റെ കരയിൽ, ജറീക്കോയുടെ എതിര്‍വശത്തായി മൊവാബുസമതലത്തില്‍ അവര്‍ പാളയമടിച്ചു.

സിപ്പോറിന്റെ പുത്രനായ ബാലാക്ക് ആയിരുന്നു അപ്പോള്‍ മൊവാബിലെ രാജാവ്.

സീഹോനോടും ഒഗിനോടും ഇസ്രായേല്‍ചെയ്തകാര്യങ്ങള്‍കേട്ടറിഞ്ഞ ബാലാക്ക്, അസ്വസ്ഥനായി. ഇസ്രായേലിനെപ്രതി അവനും അവന്റെ രാജ്യം മുഴുവനും ചകിതരായി.  

ഈ ജനം, തന്നെയും തന്റെ രാജ്യത്തേയും കീഴടക്കുന്നതിനുമുമ്പ്, എങ്ങനെ അവരെ നശിപ്പിക്കാനാകുമെന്ന്, അയാള്‍ തന്റെ രാജ്യപ്രമുഖന്മാരുമായി കൂടിയാലോചന നടത്തി.

"ഈ ജനത വളരെ ശക്തരാണ്. കാള, വയലിലെ പുല്ലുതിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. അവരെ പ്രതിരോധിക്കാന്‍ നമുക്കെന്തുചെയ്യാന്‍ സാധിക്കും?"

"അമോര്യരാജാവായിരുന്ന സീഹോനും  ബാഷാന്‍ രാജാവായിരുന്ന ഓഗും നമ്മളെക്കാള്‍ ശക്തരായിരുന്നു. ആരാദ് രാജ്യത്തേയും അവർ ആക്രമിച്ചു നശിപ്പിച്ചു. ശക്തരായ ആ രാജാക്കന്മാരെയെല്ലാം വധിച്ച്,.ആ അവരുടെ രാജ്യങ്ങള്‍ നശിപ്പിച്ച ഈ ജനതയോടു യുദ്ധംചെയ്തു ജയിക്കാന്‍ നമുക്കാവില്ല."

പിന്നെന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്, രാജപ്രമാണികള്‍ക്കെല്ലാം ഒരുത്തരമേയുണ്ടായിരുന്നുള്ളൂ...

ബാലാം....! പ്രവാചകനായ ബാലാം!

"ബാലാം ഈ ജനതയെ ശപിച്ചാല്‍ അവര്‍ നശിക്കുകതന്നെ ചെയ്യും!!!" എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.

രാജാവായ ബാലാക്കിനും ആ അഭിപ്രായത്തോടു യോജിപ്പായിരുന്നു. ദൈവപുരുഷനായ ബാലാമിന്റെ അമാനുഷിക ശക്തിവൈഭവങ്ങള്‍ ബാലാക്കും കേട്ടറിഞ്ഞിരുന്നു.

അമോവിന്റെ ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്തുള്ള പെത്തോറിലാണ് ബാലാം പ്രവാചകന്റെ ഭവനം. ബാലാക്ക് രാജാവ്, മൊവാബിലെയും മിദിയാനിലേയും പ്രമാണിമാരെ തന്റെ ദൂതന്മാരായി ബാലാമിന്റെ ഭവനത്തിലേക്കയച്ചു. ബാലാമിനു ദക്ഷിണയായി വലിയ സ്വര്‍ണ്ണശേഖരവും അവര്‍ കൊണ്ടുപോയി.
ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങളിവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി.

ബാലാക്കിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി. 

വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശങ്ങളെയെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ, ബാലാമിന്റെ സഹായംകൂടിയേതീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം.

അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."

സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌, എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."

ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.


ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങള്‍ ഇവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി. 

ബാലിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി.  വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശമെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ ബാലാക്കിന്റെ സഹായംകൂടിയേ തീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം 
അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.       

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."       
സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌ എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."
      
ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെതന്നെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.

Sunday, 21 January 2018

47. പിച്ചളസര്‍പ്പം

ബൈബിള്‍ക്കഥകള്‍ - 47

ആരാദ് എന്ന രാജ്യത്തില്‍പ്പെട്ട, അത്താറിം എന്ന ദേശത്തിനു സമീപത്തുകൂടെ ഇസ്രായേല്‍ജനത കടന്നുപോയി. 

ഈജിപ്തില്‍നിന്നൊളിച്ചോടിയ കുറേ അടിമകള്‍ തന്റെ തന്റെ രാജ്യാതിര്‍ത്തിയോടുചേര്‍ന്നു കടന്നുപോകുന്നതായി ആരാദ് രാജാവു തന്റെ ചാരന്മാരില്‍നിന്നറിഞ്ഞു. അവന്‍ തന്റെ സൈന്യത്തോടൊപ്പംചെന്ന്, ഇസ്രായേലിനെ ആക്രമിച്ചു. 

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇസ്രായേല്‍ നടുങ്ങി.

കുറേപ്പേരെ ആരാദുകാർ തടവുകാരായി പിടിച്ചുകൊണ്ടുപോയി.

മോശ ഏലിയാസറിനൊപ്പം കര്‍ത്താവിനുമുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. "ക് ക് ക് കര്‍ത്താവേ, ഞ് ഞ് ഞ് ഞങ്ങളവരുടെ ദേശത്തു കാല്‍കുത്തിയില്ല, അവര്‍ക്കെതിരായി യാതൊരു തിന്മയും ചെയ്തില്ല. എ്എ്എ്എന്നിട്ടും അവര്‍ ഞങ്ങളെയാക്രമിച്ചു. ഞ് ഞ് ഞ് ഞങ്ങളുടെ സഹോദരന്മാരെ തടവുകാരാക്കി... ക് ക് ക് കര്‍ത്താവേ, അങ്ങയുടെ ജനതയോടു കരുണകാണിക്കണമേ... അവരെ ഞങ്ങളുടെ കൈകളില്‍ എല്പിച്ചുതരണമേ... അ്അ്അ്അങ്ങയുടെ ശക്തമായ കരങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഞങ്ങളവരെ ഉന്മൂലനംചെയ്യും... അവരുടെ ദേശം തകര്‍ക്കും ... അ്അ്അ്അങ്ങാണു കര്‍ത്താവെന്നു സകലജനതകളുമറിയട്ടെ! എന്നാല്‍ കര്‍ത്താവേ, അ്അ്അ്അങ്ങു കല്പിക്കാത്ത ഒരുദേശത്തും ഞങ്ങള്‍ വസിക്കില്ല, ഒ്ഒ്ഒ്ഒരു സമ്പത്തും ഞങ്ങള്‍ കൈയടക്കില്ലാ..."

ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ആരാദ് രാജ്യത്തിനെതിരെ പ്രത്യാക്രമണത്തിനു തയ്യാറാടുത്തു. ആരാദിന്റെ വലിയ സൈന്യത്തിനുമുമ്പില്‍ ഇസ്രായേല്‍സേന വളരെ നിസ്സാരമായിരുന്നു. 

ജോഷ്വാ അവൻ്റെ സൈന്യത്തോടു പറഞ്ഞു: "കരബലത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു നമ്മള്‍ ഈ യുദ്ധം ജയിക്കാന്‍പോകുന്നത്. നിങ്ങൾ ധൈര്യമായിപ്പോരാടണം. നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും... " ജോഷ്വായുടെ വാക്കുകൾ സൈനികരെ ശക്തിപ്പെടുത്തി. അവർ ആവേശത്തോടെ പോർക്കളത്തിൽപ്പോരാടി.

ജോഷ്വയുംകൂട്ടരും പടക്കളത്തിലായിരിക്കുമ്പോഴെല്ലാം മോശയും എലിയാസറും കര്‍ത്താവിന്റെ മുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

സൈനികപരിശീലനംനേടിയിട്ടില്ലാത്ത നാടോടിക്കൂട്ടത്തെ, പെട്ടെന്നു തോല്പിച്ചു തടവുകാരായിപ്പിടിക്കാമെന്ന് ആരാദുരാജാവു കരുതി.

എന്നാല്‍ കര്‍ത്താവ് ഇസ്രായേലിനൊപ്പമുണ്ടായിരുന്നു.

ഉയര്‍ത്തിയ കരങ്ങളോടെ കര്‍ത്താവിനുമുമ്പില്‍ മുട്ടുമടക്കിയ മോശയുടെ കരങ്ങള്‍ താണില്ല;  മോശയുടെ കരങ്ങൾ ഉയർന്നുനിന്ന സമയമത്രയും ജോഷ്വയുടെ വാള്‍ത്തല ശത്രുക്കളുടെമുമ്പിലും താണില്ല.


ആരാദ് രാജാവു തടവുകാരായിപ്പിടിച്ച ഇസ്രായേല്‍ക്കാരെയെല്ലാം ജോഷ്വാ മോചിപ്പിച്ചു. ആരാദ് രാജാവും അവന്റെ സൈനികരും ദേശവാസികളും ഒന്നൊഴിയാതെ വാളിനിരയായി. അവരുടെ പട്ടണങ്ങള്‍ ഇസ്രായേല്‍ അഗ്നിക്കിരയാക്കി...

ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ആഹ്ലാദാരവങ്ങളുയര്‍ന്നു. കര്‍ത്താവുനല്കിയ വിജയത്തെപ്രതി ഏലിയാസര്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിജയാഘോഷങ്ങൾക്കുശേഷം, കൂടാരങ്ങളഴിച്ച്, ഹോര്‍മലയില്‍നിന്നു ചെങ്കടലിനുനേരെയുള്ള വഴിയിലൂടെ ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു.

താവളമടിക്കാൻപറ്റിയ  ഇടംകിട്ടാതെ അവരുടെ യാത്ര തുടർന്നു. ദിവസങ്ങള്‍ കടന്നുപോകവേ, ജനം അക്ഷമരായിത്തുടങ്ങി.  ദൈവത്തിനും മോശയ്ക്കുമെതിരായി വീണ്ടും  പിറുപിറുപ്പുയർന്നു.

"എത്രനാളായി ഈ അലച്ചില്‍ തുടങ്ങിയിട്ട്? ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; ആകാശത്തുനിന്നു പൊഴിയുന്ന ഈ വിലകെട്ട അപ്പംതിന്നു ഞങ്ങള്‍ മടുത്തു."

മോശയും ജോഷ്വായും ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമണിഞ്ഞില്ല.

അവര്‍ കര്‍ത്താവിനെതിരായി ശാപവാക്കുകളുതിര്‍ത്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരായി ജ്വലിച്ചു. ഇസ്രായേല്‍പ്പാളയത്തിനുചുറ്റും ആഗ്നേയസര്‍പ്പങ്ങളിഴഞ്ഞു. കൂടാരങ്ങൾക്കുള്ളിലും അവയിഴഞ്ഞെത്തി. നിരവധിപേരെ സര്‍പ്പങ്ങള്‍ കൊത്തി. അവയുടെ ദംശനമേറ്റവര്‍ അധികംവൈകാതെ പിടഞ്ഞുമരിച്ചു. തങ്ങള്‍ക്കുചുറ്റും ഇഴഞ്ഞുനീങ്ങുന്ന മരണദൂതന്മാര്‍ ഇസ്രായേല്‍ജനതയെ പരിഭ്രാന്തരാക്കി.

ജനങ്ങള്‍ മോശയുടെ അടുക്കല്‍വന്നു സാഷ്ടാംഗം നമസ്കരിച്ചു കരഞ്ഞു: "അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ച ഞങ്ങള്‍ വലിയ പാപമാണു ചെയ്തത്. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കേണമേ!"

മോശയ്ക്കു തന്റെ ജനത്തോട് അലിവുതോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കര്‍ത്താവു മോശയോടു പറഞ്ഞു: "*ഒരു പിച്ചളസര്‍പ്പത്തെയുണ്ടാക്കി പാളയത്തില്‍ എവിടെനിന്നും കാണാനാകുംവിധം വടിയിലുയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല."


കര്‍ത്താവിന്റെ കല്പനയനുസരിച്ച്, മോശ പിച്ചളകൊണ്ട്, ഒരു സര്‍പ്പത്തെയുണ്ടാക്കി. അതിനെ വടിയിലുയര്‍ത്തിനിറുത്തി; സര്‍പ്പദംശനമേറ്റവരില്‍ ജീവനോടെ അവശേഷിച്ചവര്‍ ഉയര്‍ത്തിനിറുത്തിയ പിച്ചളസര്‍പ്പത്തെ നോക്കി; അവരുടെ ജീവന്‍ നഷ്ടപ്പെട്ടില്ല.

ഇസ്രായേല്‍പ്പാളയത്തിലെ ആഗ്നേയസര്‍പ്പങ്ങള്‍ വന്നതുപോലെതന്നെ എവിടെയ്ക്കോ ഇഴഞ്ഞുപോയി. എല്ലായിടത്തും ശാന്തത കൈവന്നു.

--------------------- --------------------- --------------------- 

Sunday, 14 January 2018

46. അഹറോൻ വിടവാങ്ങുന്നു

ബൈബിള്‍ക്കഥകള്‍ - 46

കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞു: "ജനങ്ങളുടെമുമ്പില്‍ എന്നെ മഹത്വപ്പെടുത്തുംവിധം ദൃഢമായി നിങ്ങളെന്നില്‍ വിശ്വസിക്കാതിരുന്നതിനാല്‍ ഞാന്‍ ഇസ്രായേലിനുനല്കുന്ന ദേശത്തില്‍, അവരെക്കൊണ്ടെത്തിക്കുന്നതു നിങ്ങളായിരിക്കില്ല."

സീനായ്‌മലയുടെ താഴ്വാരത്തിലൂടെ സഞ്ചരിച്ച്, ഇസ്രായേല്‍ വീണ്ടും സീന്‍മരുഭൂമിയിലെത്തി. അവിടെ കാദേഷ് എന്ന പ്രദേശത്ത് അവര്‍ താവളമടിച്ചു. കാദെഷില്‍, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്ടിലൊരിടത്തും നീരുറവകളുണ്ടായിരുന്നില്ല. മരുഭൂമിയുടെ രൗദ്രത ജനങ്ങളെ തളര്‍ത്തി. കുടിക്കാന്‍ ശുദ്ധജലം ഒരിടത്തും ലഭിച്ചില്ല.

"ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിനുമുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍.... ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഈ മരുഭൂമിയില്‍ക്കിടന്നു ചാകാന്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിനീ ദുഷിച്ചസ്ഥലത്തേക്കു കൊണ്ടുവന്നു?"

ജനങ്ങള്‍ മോശയ്ക്കും അഹറോനുമെതിരായി വീണ്ടുമൊന്നിച്ചുകൂടി. "ഗോതമ്പോ, മാതളപ്പഴമോ, മുന്തിരിയോ അത്തിപ്പഴമോ കണ്ട നാളുകൾപോലും വിസ്മൃതിയിലായി.... ഇവിടെ, ഈ മരുഭൂമിയിൽ, തൊണ്ട നനയ്ക്കാന്‍ ഒരിറ്റുവെള്ളംപോലും കിട്ടാനില്ലല്ലോ..."

ജനങ്ങളുടെ പരാതികള്‍ക്കു മറുപടി നല്കാനാകാതെ മോശയും അഹറോനും വലഞ്ഞു. അവര്‍ സമാഗമകൂടാരത്തിന്റെ മുന്നിലെത്തി. കൂടാരവാതില്‍ക്കല്‍ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണു നമസ്കരിച്ചു. കര്‍ത്താവിന്റെ മഹത്വം മേഘസ്തംഭത്തില്‍, കൂടാരത്തിനു മുകളില്‍ പ്രത്യക്ഷമായി.

അവിടുന്നു മോശയോടു പറഞ്ഞു: "നീയും നിന്റെ സഹോദരന്‍ അഹറോനുംകൂടെ ജനങ്ങളെ പാറകൂട്ടങ്ങള്‍ക്കരികില്‍ വിളിച്ചു കൂട്ടുക. അവരുടെ മുമ്പില്‍വച്ച്, വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടാജ്ഞാപിക്കുക. അതു നിന്നെയനുസരിക്കും."

കര്‍ത്താവിന്റെ കല്പനപ്രകാരം മോശയും അഹറോനും സമൂഹത്തെ മുഴുവന്‍ പാറക്കൂട്ടത്തിനരികെ വിളിച്ചുകൂട്ടി. മോശയ്ക്കു വേണ്ടി അഹറോന്‍ സംസാരിച്ചു. "കർത്താവു നിങ്ങൾക്കായിചെയ്തുതന്ന വൻകാര്യങ്ങളൊന്നുമോർക്കാതെ, നിങ്ങളെന്തിനു പിറുപിറുക്കുന്നു? നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നുപോലും ജലം പുറപ്പെടുവിക്കാൻ കർത്താവിനുകഴിയില്ലേ?"


മോശ വടിയുയര്‍ത്തി, രണ്ടുവട്ടം പാറമേലടിച്ചു. പാറയില്‍നിന്ന് ഒരുറവ പുറപ്പെട്ടു. മനുഷ്യരും മൃഗങ്ങളും ദാഹംതീര്‍ത്തു.

കാദെഷില്‍, പാറയില്‍നിന്നു ജലം ലഭിച്ച സ്ഥലത്തിനു മെറീബാ എന്നു മോശ പേരിട്ടു. 

ഇസ്രായേല്‍ജനം കാദെഷിലായിരിക്കുമ്പോള്‍ അഹറോന്റെ സഹോദരിയായ മിറിയാം മരിച്ചു. ഇസ്രായേല്‍മുഴുവന്‍ അവളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അവളുടെ മൃതദേഹം മെറീബയില്‍ സംസ്കരിച്ചു. 

അവളെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, ഇസ്രായേല്‍, കാദെഷില്‍നിന്നു യാത്ര പുറപ്പെടാന്‍ തയ്യാറായി. അതിനടുത്തുള്ള ഏദോം എന്ന രാജ്യത്തുകൂടെ കടന്നുപോകാന്‍ മോശയാഗ്രഹിച്ചു. അവന്‍ ഏദോം രാജാവിന്റെ പക്കലേക്കു ദൂതന്മാരെയയച്ചു.

ദൂതന്മാര്‍ രാജസന്നിധിയിലെത്തി. "നിങ്ങളുടെ രാജ്യത്തുകൂടെ കടന്നുപോകാന്‍ ഞങ്ങളെയനുവദിക്കണം. നിങ്ങളുടെ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കില്ല, നിങ്ങളുടെ കിണറുകളിലെ വെള്ളം ഞങ്ങള്‍ കുടിക്കില്ല. ഇടംവലം തിരിയാതെ രാജപാതയിലൂടെമാത്രം സഞ്ചരിച്ചു ഞങ്ങള്‍ നിങ്ങളുടെ രാജ്യംകടന്നു പോയിക്കൊള്ളാം."

എന്നാല്‍ ഏദോംരാജാവ് അനുവാദംനല്കിയില്ല.

ദൂതന്മാര്‍ വീണ്ടും പറഞ്ഞു. "പൊതുവഴിയിലൂടെ കടന്നുപോകണമെന്നല്ലാതെ മറ്റൊന്നും ഞങ്ങളാവശ്യപ്പെടുന്നില്ല. ഞങ്ങളോ ഞങ്ങളുടെ കാലികളോ നിങ്ങളുടെ കിണറുകളില്‍നിന്നു വെള്ളം കുടിക്കാനിടയായാല്‍ അതിനു നിങ്ങളാവശ്യപ്പെടുന്ന വില ഞങ്ങള്‍ തന്നുകൊള്ളാം."

ഇസ്രായേല്‍ ഈജിപ്തിലേക്കു പോയതുമുതല്‍ അവിടെനിന്നു മടങ്ങിയതുവരെയുള്ള കഥകള്‍ ഏദോംരാജാവറിഞ്ഞിരുന്നു. ഈജിപ്തിലുണ്ടായ മഹാമാരികളും ചെങ്കടലില്‍ ഈജിപ്തുസൈന്യത്തിനുണ്ടായ ദുരന്തവുമറിഞ്ഞിരുന്നതിനാല്‍ ഇസ്രായേലിനെ തന്റെ ദേശത്തു പ്രവേശിപ്പിക്കാന്‍ രാജാവു ഭയന്നു.

"ഇല്ല, നിങ്ങള്‍ എന്റെ രാജ്യത്തു പ്രവേശിക്കാന്‍ ഞാനനുവദിക്കുകയില്ല. ഇപ്പോള്‍ ദൂതന്മാര്‍ക്കു സുരക്ഷിതരായി മടങ്ങിപ്പോകാം. എന്നാല്‍ മറ്റാരെങ്കിലും ഈ ദേശത്തുകടന്നാല്‍ ഏദോംസൈന്യത്തിന്റെ കരുത്തു നിങ്ങളറിയും."

ദൂതന്മാര്‍ മടങ്ങിയെത്തി മോശയെ വിവരങ്ങളറിയിച്ചു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  ഏദോമിൻ്റെ സൈന്യനിര തമ്പടിച്ചു.

ദൂതന്മാരറിയിച്ച കാര്യങ്ങള്‍ മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരുമായി ചര്‍ച്ചചെയ്തു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  സൈന്യമണിനിരന്നെന്ന വിവരവും ഇസ്രായേല്‍ജനതയറിഞ്ഞു.

"ഇസ്രായേലിന്റെ അവിശ്വാസംമൂലം കര്‍ത്താവു കോപിഷ്ഠനായിരിക്കുന്നതിനാല്‍ ഏദോംരാജാവുമായി യുദ്ധത്തിലേര്‍പ്പെടുന്നതു വലിയ പരാജയത്തിലേക്കു നമ്മളെ നയിക്കുമെന്നാണ് എനിക്കു തോന്നുന്നത്." അഹറോന്‍ അഭിപ്രായപ്പെട്ടു. 

മോശയ്ക്കും ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ക്കും അതു ശരിയാണെന്ന അഭിപ്രായംതന്നെയാണുണ്ടായിരുന്നത്.

അതിനാല്‍ ഇസ്രായേല്‍ അവിടെനിന്നു പിന്‍വാങ്ങി, മരുഭൂമിയിലൂടെതന്നെ യാത്രചെയ്ത്‌, ഹോര്‍മലയുടെ താഴ്വാരത്തിലെത്തി.

അവിടെവച്ച്, കര്‍ത്താവു മോശയോടും അഹറോനോടുമായി പറഞ്ഞു: "അഹറോന്‍ തന്റെ പിതാക്കന്മാരോടുചേരാന്‍ കാലമായിരിക്കുന്നു. അതിനാൽ സ്ഥാനവസ്ത്രമഴിച്ച് അഹറോൻ്റെ പുത്രനായ ഏലിയാസറെ എല്പിക്കുക..."

കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേലിനെ അറിയിച്ചു.. സമൂഹംമുഴുവൻ അഹറോനുവേണ്ടി പ്രാർത്ഥിച്ചു. ഇസ്രായേൽജനതയ്ക്കുവേണ്ടി അഹറോൻചെയ്ത എല്ലാക്കാര്യങ്ങൾക്കും ശ്രേഷ്ഠന്മാർ നന്ദിയറിയിച്ചു.

ഇസ്രായേല്‍ജനംമുഴുവന്‍ നോക്കിനില്‍ക്കേ, അഹറോനും മോശയും അഹറോന്റെ പുത്രനായ എലിയാസറിനോടൊപ്പം ഹോര്‍മലയിലേക്കു കയറിപ്പോയി. മലമുകളില്‍വച്ച്, അഹറോന്റെ സ്ഥാനവസ്ത്രങ്ങളഴിച്ച്, മോശ എലിയാസറിനെ അണിയിച്ചു.

അഹറോന്‍, തന്റെ പുത്രനെ മാറോടുചേര്‍ത്ത് ആലിംഗനംചെയ്തു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചതിനുശേഷം തലയില്‍ കൈവച്ചനുഗ്രഹിച്ചു.

മോശയും എലിയാസറും അഹറോനെ ചുംബിച്ചു.

അഹറോന്‍, കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. കര്‍ത്താവിനു നന്ദിപറഞ്ഞു സ്തുതിച്ചുകൊണ്ടിരിക്കേ, തളര്‍ന്നു പിന്നിലേക്കു മറിഞ്ഞുവീണു. പാറയില്‍വീഴാതെ മോശയും എലിയാസറും അവന്റെ മൃതദേഹം കൈകളില്‍ത്താങ്ങി. '

അവരവനെ അവിടത്തന്നെയുണ്ടായിരുന്ന ചെറിയൊരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം കല്ലുകൊണ്ടടച്ചതിനുശേഷം,  മലയില്‍നിന്നിറങ്ങിവന്ന് അഹറോന്റെ മരണവാര്‍ത്ത അവര്‍
ഇസ്രായെല്യരെ അറിയിച്ചു. പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നെങ്കിലും ജനങ്ങളെല്ലാവരും ദുഃഖിതരായി. അഹറോന്റെ സ്മരണകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍മുഴുവന്‍ മുപ്പതുദിവസം ദുഃഖമാചരിച്ചു.

മുപ്പതുദിവസങ്ങള്‍ക്കുശേഷം കൂടാരങ്ങളഴിച്ച്, അവർ യാത്രതുടര്‍ന്നു.