Sunday, 28 January 2018

48. ബാലാക്കും ബാലാമും

ബൈബിൾക്കഥകള്‍ - 48

മോശ വീണ്ടും ജനങ്ങളെ മുമ്പോട്ടു നയിച്ചു.
അമോര്യ രാജാവായ സീഹോന്‍, തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ ഇസ്രായേലിനെ അനുവദിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ അവനെതിരെ യുദ്ധത്തിനു തയ്യാറായി. അതിശക്തമായ ഒരു സൈന്യമാണ് അമോര്യർക്കുണ്ടായിരുന്നത്. അവർ സർവ്വസന്നാഹങ്ങളുമായി ഇസ്രയേലിനെതിരേ വന്നു

യുദ്ധക്കളത്തിൽ ജോഷ്വാ ഇസ്രായേലിനെ നയിച്ചു. മോശയും എലീയാസാറും കർത്താവിനുമുമ്പിൽ കൈകളുയർത്തി  പ്രാർത്ഥിച്ചു. ഹെബ്രോണ്‍നഗരത്തില്‍വച്ചുണ്ടായ യുദ്ധത്തില്‍ സീഹോനെയും അവന്റെ സൈനികപ്രമുഖരെയും ഇസ്രായേല്‍ വധിച്ചു.
യുദ്ധവിജയത്തിനും വിശ്രമത്തിനുംശേഷം ഇസ്രായേൽ യാത്രതുടർന്നു. മരുഭൂമിയിൽനിന്നുമാറി, ബാഷാൻദേശത്തുകൂടെയാണ് മോശ തന്റെ ജനങ്ങളെ നയിച്ചത്. ബാഷാൻ രാജാവായ ഓഗ്,, തന്റെ ദേശത്തുകൂടെ കടന്നുപോകാൻ അവരെയനുവദിച്ചില്ല.

ഹെബ്രോനില്‍നിന്ന് ബാഷാനിലൂടെ കടന്നുപോകാന്‍ശ്രമിച്ച ഇസ്രായേലിനെ ഓഗ് തടഞ്ഞു. ജോഷ്വായുടെ സൈന്യം അവനോടേറ്റുമുട്ടി. കര്‍ത്താവിന്റെ കരം ഇസ്രായേലിനോടൊപ്പമുണ്ടായിരുന്നു. ഓഗിനേയും പുത്രന്മാരെയും ബാഷാനിലെ സകലജനങ്ങളെയും ഇസ്രായേല്‍ നശിപ്പിച്ചു. ബാഷാന്‍നഗരം അഗ്നിക്കിരയായി.

മുമ്പിലെത്തുന്ന തടസ്സങ്ങളെയെല്ലാം തച്ചുതകർത്ത്,,ഇസ്രായേല്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു.

മൂന്നു യുദ്ധങ്ങളിലെ വിജയം ഇസ്രായേലിനു വലിയ ആത്മധൈര്യം നല്കി. ജോഷ്വാ, ഇസ്രായേലിന്റെ സൈന്യത്തലവനായി, മുഴുവൻ ഇസ്രായേൽക്കാരുടെയും ഹൃദയത്തിലിടംപിടിച്ചു.
ജോര്‍ദ്ദാന്റെ കരയിൽ, ജറീക്കോയുടെ എതിര്‍വശത്തായി മൊവാബുസമതലത്തില്‍ അവര്‍ പാളയമടിച്ചു.

സിപ്പോറിന്റെ പുത്രനായ ബാലാക്ക് ആയിരുന്നു അപ്പോള്‍ മൊവാബിലെ രാജാവ്.

സീഹോനോടും ഒഗിനോടും ഇസ്രായേല്‍ചെയ്തകാര്യങ്ങള്‍കേട്ടറിഞ്ഞ ബാലാക്ക്, അസ്വസ്ഥനായി. ഇസ്രായേലിനെപ്രതി അവനും അവന്റെ രാജ്യം മുഴുവനും ചകിതരായി.  

ഈ ജനം, തന്നെയും തന്റെ രാജ്യത്തേയും കീഴടക്കുന്നതിനുമുമ്പ്, എങ്ങനെ അവരെ നശിപ്പിക്കാനാകുമെന്ന്, അയാള്‍ തന്റെ രാജ്യപ്രമുഖന്മാരുമായി കൂടിയാലോചന നടത്തി.

"ഈ ജനത വളരെ ശക്തരാണ്. കാള, വയലിലെ പുല്ലുതിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. അവരെ പ്രതിരോധിക്കാന്‍ നമുക്കെന്തുചെയ്യാന്‍ സാധിക്കും?"

"അമോര്യരാജാവായിരുന്ന സീഹോനും  ബാഷാന്‍ രാജാവായിരുന്ന ഓഗും നമ്മളെക്കാള്‍ ശക്തരായിരുന്നു. ആരാദ് രാജ്യത്തേയും അവർ ആക്രമിച്ചു നശിപ്പിച്ചു. ശക്തരായ ആ രാജാക്കന്മാരെയെല്ലാം വധിച്ച്,.ആ അവരുടെ രാജ്യങ്ങള്‍ നശിപ്പിച്ച ഈ ജനതയോടു യുദ്ധംചെയ്തു ജയിക്കാന്‍ നമുക്കാവില്ല."

പിന്നെന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന്, രാജപ്രമാണികള്‍ക്കെല്ലാം ഒരുത്തരമേയുണ്ടായിരുന്നുള്ളൂ...

ബാലാം....! പ്രവാചകനായ ബാലാം!

"ബാലാം ഈ ജനതയെ ശപിച്ചാല്‍ അവര്‍ നശിക്കുകതന്നെ ചെയ്യും!!!" എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.

രാജാവായ ബാലാക്കിനും ആ അഭിപ്രായത്തോടു യോജിപ്പായിരുന്നു. ദൈവപുരുഷനായ ബാലാമിന്റെ അമാനുഷിക ശക്തിവൈഭവങ്ങള്‍ ബാലാക്കും കേട്ടറിഞ്ഞിരുന്നു.

അമോവിന്റെ ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്തുള്ള പെത്തോറിലാണ് ബാലാം പ്രവാചകന്റെ ഭവനം. ബാലാക്ക് രാജാവ്, മൊവാബിലെയും മിദിയാനിലേയും പ്രമാണിമാരെ തന്റെ ദൂതന്മാരായി ബാലാമിന്റെ ഭവനത്തിലേക്കയച്ചു. ബാലാമിനു ദക്ഷിണയായി വലിയ സ്വര്‍ണ്ണശേഖരവും അവര്‍ കൊണ്ടുപോയി.
ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങളിവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി.

ബാലാക്കിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി. 

വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശങ്ങളെയെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ, ബാലാമിന്റെ സഹായംകൂടിയേതീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം.

അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."

സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌, എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."

ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.


ദൂതന്മാര്‍ ബാലാമിനെക്കണ്ട്, തങ്ങളുടെ രാജാവിന്റെ സന്ദേശമെഴുതിയ തുകൽച്ചുരുൾ പ്രവാചകനു കൈമാറി.

"ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖമാകെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. അതിനാല്‍, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ നീ വന്നു ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നുവെന്നും എനിക്കറിയാം."

ബാലാക്ക് രാജാവിന്റെ സന്ദേശം വായിച്ച ബാലാം, ദൂതന്മാരെ തന്റെ ഭവനത്തില്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: "ഈ രാത്രി നിങ്ങള്‍ ഇവിടെ താമസിക്കുക.  ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം."

അന്നു രാത്രിയില്‍ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.

രാത്രിയില്‍ ബാലാം ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവമായ കർത്താവ്, ബാലാമിനോടരുളിച്ചെയ്തു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. അവര്‍ അനുഗൃഹീതരായ ജനതയാണ്."

പിറ്റേന്നു രാവിലെ, ബാലാം ബാലാക്കിന്റെ ദൂതന്മാരോടു പറഞ്ഞു. "ഞാന്‍ നിങ്ങളോടുകൂടെ വരുന്നതു ദൈവം വിലക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക." ബാലാക്ക് കൊടുത്തയച്ച സമ്മാനങ്ങളും ബാലാം തിരികെക്കൊടുത്തയച്ചു.

മടങ്ങിയെത്തിയ ദൂതന്മാരുടെ വാക്കുകള്‍ ബാലാക്കിനെ നിരാശനാക്കി. 

ബാലിന്റെ കാര്യോപദേശകർ വീണ്ടുമൊത്തുകൂടി.  വെട്ടുക്കിളിക്കൂട്ടംപോലെ ചെന്നെത്തുന്ന ദേശമെല്ലാം നശിപ്പിക്കുന്ന ഈ നാടോടികളെ ഇല്ലാതാക്കണമെങ്കിൽ ബാലാക്കിന്റെ സഹായംകൂടിയേ തീരൂ എന്നുതന്നെയായിരുന്നൂ  എല്ലാവരുടെയുമഭിപ്രായം 
അതിനാൽ പുതിയൊരു സന്ദേശവുമായി, ആദ്യമയച്ചവരേക്കാള്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ ബാലാം വീണ്ടും ബാലാക്കിന്റെയടുത്തേക്കയച്ചു.       

അവര്‍ ബാലാമിന്റെയടുത്തെത്തി, സന്ദേശമറിയിച്ചു.

"സിപ്പോറിന്റെ മകന്‍ ബാലാക്ക് രാജാവപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക."       
സന്ദേശം വായിച്ചശേഷം, ബാലാക്കിന്റെ ദൂതന്മാരോടു ബാലാം പറഞ്ഞു: "ബാലാക്ക്‌ എന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണ്ണവും തന്നാലും, എന്റെ ദൈവം കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യാന്‍ എനിക്കു സാധിക്കില്ല. ഈ രാത്രി നിങ്ങളിവിടെ താമസിക്കുവിന്‍. ദൈവം കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ."
      
ആ  രാത്രിയില്‍ കർത്താവ്, ബാലാമിനോടു പറഞ്ഞു: "ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ അവരോടൊപ്പം പോകുക. എന്നാല്‍, ഞാനാജ്ഞാപിക്കുന്നതുമാത്രമേ നീ ചെയ്യാവൂ."

പിറ്റേന്ന്, അതിരാവിലെതന്നെ ബാലാം തന്റെ കഴുതയെ തയ്യാറാക്കി. ബാലാക്കിന്റെ ദൂതന്മാര്‍ക്കൊപ്പം അവന്‍ കഴുതപ്പുറത്തു പുറപ്പെട്ടു.

Sunday, 21 January 2018

47. പിച്ചളസര്‍പ്പം

ബൈബിള്‍ക്കഥകള്‍ - 47

ആരാദ് എന്ന രാജ്യത്തില്‍പ്പെട്ട, അത്താറിം എന്ന ദേശത്തിനു സമീപത്തുകൂടെ ഇസ്രായേല്‍ജനത കടന്നുപോയി. 

ഈജിപ്തില്‍നിന്നൊളിച്ചോടിയ കുറേ അടിമകള്‍ തന്റെ തന്റെ രാജ്യാതിര്‍ത്തിയോടുചേര്‍ന്നു കടന്നുപോകുന്നതായി ആരാദ് രാജാവു തന്റെ ചാരന്മാരില്‍നിന്നറിഞ്ഞു. അവന്‍ തന്റെ സൈന്യത്തോടൊപ്പംചെന്ന്, ഇസ്രായേലിനെ ആക്രമിച്ചു. 

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇസ്രായേല്‍ നടുങ്ങി.

കുറേപ്പേരെ ആരാദുകാർ തടവുകാരായി പിടിച്ചുകൊണ്ടുപോയി.

മോശ ഏലിയാസറിനൊപ്പം കര്‍ത്താവിനുമുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. "ക് ക് ക് കര്‍ത്താവേ, ഞ് ഞ് ഞ് ഞങ്ങളവരുടെ ദേശത്തു കാല്‍കുത്തിയില്ല, അവര്‍ക്കെതിരായി യാതൊരു തിന്മയും ചെയ്തില്ല. എ്എ്എ്എന്നിട്ടും അവര്‍ ഞങ്ങളെയാക്രമിച്ചു. ഞ് ഞ് ഞ് ഞങ്ങളുടെ സഹോദരന്മാരെ തടവുകാരാക്കി... ക് ക് ക് കര്‍ത്താവേ, അങ്ങയുടെ ജനതയോടു കരുണകാണിക്കണമേ... അവരെ ഞങ്ങളുടെ കൈകളില്‍ എല്പിച്ചുതരണമേ... അ്അ്അ്അങ്ങയുടെ ശക്തമായ കരങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഞങ്ങളവരെ ഉന്മൂലനംചെയ്യും... അവരുടെ ദേശം തകര്‍ക്കും ... അ്അ്അ്അങ്ങാണു കര്‍ത്താവെന്നു സകലജനതകളുമറിയട്ടെ! എന്നാല്‍ കര്‍ത്താവേ, അ്അ്അ്അങ്ങു കല്പിക്കാത്ത ഒരുദേശത്തും ഞങ്ങള്‍ വസിക്കില്ല, ഒ്ഒ്ഒ്ഒരു സമ്പത്തും ഞങ്ങള്‍ കൈയടക്കില്ലാ..."

ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ആരാദ് രാജ്യത്തിനെതിരെ പ്രത്യാക്രമണത്തിനു തയ്യാറാടുത്തു. ആരാദിന്റെ വലിയ സൈന്യത്തിനുമുമ്പില്‍ ഇസ്രായേല്‍സേന വളരെ നിസ്സാരമായിരുന്നു. 

ജോഷ്വാ അവൻ്റെ സൈന്യത്തോടു പറഞ്ഞു: "കരബലത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു നമ്മള്‍ ഈ യുദ്ധം ജയിക്കാന്‍പോകുന്നത്. നിങ്ങൾ ധൈര്യമായിപ്പോരാടണം. നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും... " ജോഷ്വായുടെ വാക്കുകൾ സൈനികരെ ശക്തിപ്പെടുത്തി. അവർ ആവേശത്തോടെ പോർക്കളത്തിൽപ്പോരാടി.

ജോഷ്വയുംകൂട്ടരും പടക്കളത്തിലായിരിക്കുമ്പോഴെല്ലാം മോശയും എലിയാസറും കര്‍ത്താവിന്റെ മുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

സൈനികപരിശീലനംനേടിയിട്ടില്ലാത്ത നാടോടിക്കൂട്ടത്തെ, പെട്ടെന്നു തോല്പിച്ചു തടവുകാരായിപ്പിടിക്കാമെന്ന് ആരാദുരാജാവു കരുതി.

എന്നാല്‍ കര്‍ത്താവ് ഇസ്രായേലിനൊപ്പമുണ്ടായിരുന്നു.

ഉയര്‍ത്തിയ കരങ്ങളോടെ കര്‍ത്താവിനുമുമ്പില്‍ മുട്ടുമടക്കിയ മോശയുടെ കരങ്ങള്‍ താണില്ല;  മോശയുടെ കരങ്ങൾ ഉയർന്നുനിന്ന സമയമത്രയും ജോഷ്വയുടെ വാള്‍ത്തല ശത്രുക്കളുടെമുമ്പിലും താണില്ല.


ആരാദ് രാജാവു തടവുകാരായിപ്പിടിച്ച ഇസ്രായേല്‍ക്കാരെയെല്ലാം ജോഷ്വാ മോചിപ്പിച്ചു. ആരാദ് രാജാവും അവന്റെ സൈനികരും ദേശവാസികളും ഒന്നൊഴിയാതെ വാളിനിരയായി. അവരുടെ പട്ടണങ്ങള്‍ ഇസ്രായേല്‍ അഗ്നിക്കിരയാക്കി...

ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ആഹ്ലാദാരവങ്ങളുയര്‍ന്നു. കര്‍ത്താവുനല്കിയ വിജയത്തെപ്രതി ഏലിയാസര്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിജയാഘോഷങ്ങൾക്കുശേഷം, കൂടാരങ്ങളഴിച്ച്, ഹോര്‍മലയില്‍നിന്നു ചെങ്കടലിനുനേരെയുള്ള വഴിയിലൂടെ ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു.

താവളമടിക്കാൻപറ്റിയ  ഇടംകിട്ടാതെ അവരുടെ യാത്ര തുടർന്നു. ദിവസങ്ങള്‍ കടന്നുപോകവേ, ജനം അക്ഷമരായിത്തുടങ്ങി.  ദൈവത്തിനും മോശയ്ക്കുമെതിരായി വീണ്ടും  പിറുപിറുപ്പുയർന്നു.

"എത്രനാളായി ഈ അലച്ചില്‍ തുടങ്ങിയിട്ട്? ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; ആകാശത്തുനിന്നു പൊഴിയുന്ന ഈ വിലകെട്ട അപ്പംതിന്നു ഞങ്ങള്‍ മടുത്തു."

മോശയും ജോഷ്വായും ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമണിഞ്ഞില്ല.

അവര്‍ കര്‍ത്താവിനെതിരായി ശാപവാക്കുകളുതിര്‍ത്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരായി ജ്വലിച്ചു. ഇസ്രായേല്‍പ്പാളയത്തിനുചുറ്റും ആഗ്നേയസര്‍പ്പങ്ങളിഴഞ്ഞു. കൂടാരങ്ങൾക്കുള്ളിലും അവയിഴഞ്ഞെത്തി. നിരവധിപേരെ സര്‍പ്പങ്ങള്‍ കൊത്തി. അവയുടെ ദംശനമേറ്റവര്‍ അധികംവൈകാതെ പിടഞ്ഞുമരിച്ചു. തങ്ങള്‍ക്കുചുറ്റും ഇഴഞ്ഞുനീങ്ങുന്ന മരണദൂതന്മാര്‍ ഇസ്രായേല്‍ജനതയെ പരിഭ്രാന്തരാക്കി.

ജനങ്ങള്‍ മോശയുടെ അടുക്കല്‍വന്നു സാഷ്ടാംഗം നമസ്കരിച്ചു കരഞ്ഞു: "അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ച ഞങ്ങള്‍ വലിയ പാപമാണു ചെയ്തത്. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കേണമേ!"

മോശയ്ക്കു തന്റെ ജനത്തോട് അലിവുതോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കര്‍ത്താവു മോശയോടു പറഞ്ഞു: "*ഒരു പിച്ചളസര്‍പ്പത്തെയുണ്ടാക്കി പാളയത്തില്‍ എവിടെനിന്നും കാണാനാകുംവിധം വടിയിലുയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല."


കര്‍ത്താവിന്റെ കല്പനയനുസരിച്ച്, മോശ പിച്ചളകൊണ്ട്, ഒരു സര്‍പ്പത്തെയുണ്ടാക്കി. അതിനെ വടിയിലുയര്‍ത്തിനിറുത്തി; സര്‍പ്പദംശനമേറ്റവരില്‍ ജീവനോടെ അവശേഷിച്ചവര്‍ ഉയര്‍ത്തിനിറുത്തിയ പിച്ചളസര്‍പ്പത്തെ നോക്കി; അവരുടെ ജീവന്‍ നഷ്ടപ്പെട്ടില്ല.

ഇസ്രായേല്‍പ്പാളയത്തിലെ ആഗ്നേയസര്‍പ്പങ്ങള്‍ വന്നതുപോലെതന്നെ എവിടെയ്ക്കോ ഇഴഞ്ഞുപോയി. എല്ലായിടത്തും ശാന്തത കൈവന്നു.

--------------------- --------------------- --------------------- 

Sunday, 14 January 2018

46. അഹറോൻ വിടവാങ്ങുന്നു

ബൈബിള്‍ക്കഥകള്‍ - 46

കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞു: "ജനങ്ങളുടെമുമ്പില്‍ എന്നെ മഹത്വപ്പെടുത്തുംവിധം ദൃഢമായി നിങ്ങളെന്നില്‍ വിശ്വസിക്കാതിരുന്നതിനാല്‍ ഞാന്‍ ഇസ്രായേലിനുനല്കുന്ന ദേശത്തില്‍, അവരെക്കൊണ്ടെത്തിക്കുന്നതു നിങ്ങളായിരിക്കില്ല."

സീനായ്‌മലയുടെ താഴ്വാരത്തിലൂടെ സഞ്ചരിച്ച്, ഇസ്രായേല്‍ വീണ്ടും സീന്‍മരുഭൂമിയിലെത്തി. അവിടെ കാദേഷ് എന്ന പ്രദേശത്ത് അവര്‍ താവളമടിച്ചു. കാദെഷില്‍, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്ടിലൊരിടത്തും നീരുറവകളുണ്ടായിരുന്നില്ല. മരുഭൂമിയുടെ രൗദ്രത ജനങ്ങളെ തളര്‍ത്തി. കുടിക്കാന്‍ ശുദ്ധജലം ഒരിടത്തും ലഭിച്ചില്ല.

"ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിനുമുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍.... ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഈ മരുഭൂമിയില്‍ക്കിടന്നു ചാകാന്‍, ഈജിപ്തില്‍നിന്നു ഞങ്ങളെ എന്തിനീ ദുഷിച്ചസ്ഥലത്തേക്കു കൊണ്ടുവന്നു?"

ജനങ്ങള്‍ മോശയ്ക്കും അഹറോനുമെതിരായി വീണ്ടുമൊന്നിച്ചുകൂടി. "ഗോതമ്പോ, മാതളപ്പഴമോ, മുന്തിരിയോ അത്തിപ്പഴമോ കണ്ട നാളുകൾപോലും വിസ്മൃതിയിലായി.... ഇവിടെ, ഈ മരുഭൂമിയിൽ, തൊണ്ട നനയ്ക്കാന്‍ ഒരിറ്റുവെള്ളംപോലും കിട്ടാനില്ലല്ലോ..."

ജനങ്ങളുടെ പരാതികള്‍ക്കു മറുപടി നല്കാനാകാതെ മോശയും അഹറോനും വലഞ്ഞു. അവര്‍ സമാഗമകൂടാരത്തിന്റെ മുന്നിലെത്തി. കൂടാരവാതില്‍ക്കല്‍ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണു നമസ്കരിച്ചു. കര്‍ത്താവിന്റെ മഹത്വം മേഘസ്തംഭത്തില്‍, കൂടാരത്തിനു മുകളില്‍ പ്രത്യക്ഷമായി.

അവിടുന്നു മോശയോടു പറഞ്ഞു: "നീയും നിന്റെ സഹോദരന്‍ അഹറോനുംകൂടെ ജനങ്ങളെ പാറകൂട്ടങ്ങള്‍ക്കരികില്‍ വിളിച്ചു കൂട്ടുക. അവരുടെ മുമ്പില്‍വച്ച്, വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടാജ്ഞാപിക്കുക. അതു നിന്നെയനുസരിക്കും."

കര്‍ത്താവിന്റെ കല്പനപ്രകാരം മോശയും അഹറോനും സമൂഹത്തെ മുഴുവന്‍ പാറക്കൂട്ടത്തിനരികെ വിളിച്ചുകൂട്ടി. മോശയ്ക്കു വേണ്ടി അഹറോന്‍ സംസാരിച്ചു. "കർത്താവു നിങ്ങൾക്കായിചെയ്തുതന്ന വൻകാര്യങ്ങളൊന്നുമോർക്കാതെ, നിങ്ങളെന്തിനു പിറുപിറുക്കുന്നു? നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നുപോലും ജലം പുറപ്പെടുവിക്കാൻ കർത്താവിനുകഴിയില്ലേ?"


മോശ വടിയുയര്‍ത്തി, രണ്ടുവട്ടം പാറമേലടിച്ചു. പാറയില്‍നിന്ന് ഒരുറവ പുറപ്പെട്ടു. മനുഷ്യരും മൃഗങ്ങളും ദാഹംതീര്‍ത്തു.

കാദെഷില്‍, പാറയില്‍നിന്നു ജലം ലഭിച്ച സ്ഥലത്തിനു മെറീബാ എന്നു മോശ പേരിട്ടു. 

ഇസ്രായേല്‍ജനം കാദെഷിലായിരിക്കുമ്പോള്‍ അഹറോന്റെ സഹോദരിയായ മിറിയാം മരിച്ചു. ഇസ്രായേല്‍മുഴുവന്‍ അവളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അവളുടെ മൃതദേഹം മെറീബയില്‍ സംസ്കരിച്ചു. 

അവളെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, ഇസ്രായേല്‍, കാദെഷില്‍നിന്നു യാത്ര പുറപ്പെടാന്‍ തയ്യാറായി. അതിനടുത്തുള്ള ഏദോം എന്ന രാജ്യത്തുകൂടെ കടന്നുപോകാന്‍ മോശയാഗ്രഹിച്ചു. അവന്‍ ഏദോം രാജാവിന്റെ പക്കലേക്കു ദൂതന്മാരെയയച്ചു.

ദൂതന്മാര്‍ രാജസന്നിധിയിലെത്തി. "നിങ്ങളുടെ രാജ്യത്തുകൂടെ കടന്നുപോകാന്‍ ഞങ്ങളെയനുവദിക്കണം. നിങ്ങളുടെ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കില്ല, നിങ്ങളുടെ കിണറുകളിലെ വെള്ളം ഞങ്ങള്‍ കുടിക്കില്ല. ഇടംവലം തിരിയാതെ രാജപാതയിലൂടെമാത്രം സഞ്ചരിച്ചു ഞങ്ങള്‍ നിങ്ങളുടെ രാജ്യംകടന്നു പോയിക്കൊള്ളാം."

എന്നാല്‍ ഏദോംരാജാവ് അനുവാദംനല്കിയില്ല.

ദൂതന്മാര്‍ വീണ്ടും പറഞ്ഞു. "പൊതുവഴിയിലൂടെ കടന്നുപോകണമെന്നല്ലാതെ മറ്റൊന്നും ഞങ്ങളാവശ്യപ്പെടുന്നില്ല. ഞങ്ങളോ ഞങ്ങളുടെ കാലികളോ നിങ്ങളുടെ കിണറുകളില്‍നിന്നു വെള്ളം കുടിക്കാനിടയായാല്‍ അതിനു നിങ്ങളാവശ്യപ്പെടുന്ന വില ഞങ്ങള്‍ തന്നുകൊള്ളാം."

ഇസ്രായേല്‍ ഈജിപ്തിലേക്കു പോയതുമുതല്‍ അവിടെനിന്നു മടങ്ങിയതുവരെയുള്ള കഥകള്‍ ഏദോംരാജാവറിഞ്ഞിരുന്നു. ഈജിപ്തിലുണ്ടായ മഹാമാരികളും ചെങ്കടലില്‍ ഈജിപ്തുസൈന്യത്തിനുണ്ടായ ദുരന്തവുമറിഞ്ഞിരുന്നതിനാല്‍ ഇസ്രായേലിനെ തന്റെ ദേശത്തു പ്രവേശിപ്പിക്കാന്‍ രാജാവു ഭയന്നു.

"ഇല്ല, നിങ്ങള്‍ എന്റെ രാജ്യത്തു പ്രവേശിക്കാന്‍ ഞാനനുവദിക്കുകയില്ല. ഇപ്പോള്‍ ദൂതന്മാര്‍ക്കു സുരക്ഷിതരായി മടങ്ങിപ്പോകാം. എന്നാല്‍ മറ്റാരെങ്കിലും ഈ ദേശത്തുകടന്നാല്‍ ഏദോംസൈന്യത്തിന്റെ കരുത്തു നിങ്ങളറിയും."

ദൂതന്മാര്‍ മടങ്ങിയെത്തി മോശയെ വിവരങ്ങളറിയിച്ചു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  ഏദോമിൻ്റെ സൈന്യനിര തമ്പടിച്ചു.

ദൂതന്മാരറിയിച്ച കാര്യങ്ങള്‍ മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരുമായി ചര്‍ച്ചചെയ്തു. ഏദോംഅതിര്‍ത്തിയില്‍ ഇസ്രായേലിനെതിരായി  സൈന്യമണിനിരന്നെന്ന വിവരവും ഇസ്രായേല്‍ജനതയറിഞ്ഞു.

"ഇസ്രായേലിന്റെ അവിശ്വാസംമൂലം കര്‍ത്താവു കോപിഷ്ഠനായിരിക്കുന്നതിനാല്‍ ഏദോംരാജാവുമായി യുദ്ധത്തിലേര്‍പ്പെടുന്നതു വലിയ പരാജയത്തിലേക്കു നമ്മളെ നയിക്കുമെന്നാണ് എനിക്കു തോന്നുന്നത്." അഹറോന്‍ അഭിപ്രായപ്പെട്ടു. 

മോശയ്ക്കും ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ക്കും അതു ശരിയാണെന്ന അഭിപ്രായംതന്നെയാണുണ്ടായിരുന്നത്.

അതിനാല്‍ ഇസ്രായേല്‍ അവിടെനിന്നു പിന്‍വാങ്ങി, മരുഭൂമിയിലൂടെതന്നെ യാത്രചെയ്ത്‌, ഹോര്‍മലയുടെ താഴ്വാരത്തിലെത്തി.

അവിടെവച്ച്, കര്‍ത്താവു മോശയോടും അഹറോനോടുമായി പറഞ്ഞു: "അഹറോന്‍ തന്റെ പിതാക്കന്മാരോടുചേരാന്‍ കാലമായിരിക്കുന്നു. അതിനാൽ സ്ഥാനവസ്ത്രമഴിച്ച് അഹറോൻ്റെ പുത്രനായ ഏലിയാസറെ എല്പിക്കുക..."

കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേലിനെ അറിയിച്ചു.. സമൂഹംമുഴുവൻ അഹറോനുവേണ്ടി പ്രാർത്ഥിച്ചു. ഇസ്രായേൽജനതയ്ക്കുവേണ്ടി അഹറോൻചെയ്ത എല്ലാക്കാര്യങ്ങൾക്കും ശ്രേഷ്ഠന്മാർ നന്ദിയറിയിച്ചു.

ഇസ്രായേല്‍ജനംമുഴുവന്‍ നോക്കിനില്‍ക്കേ, അഹറോനും മോശയും അഹറോന്റെ പുത്രനായ എലിയാസറിനോടൊപ്പം ഹോര്‍മലയിലേക്കു കയറിപ്പോയി. മലമുകളില്‍വച്ച്, അഹറോന്റെ സ്ഥാനവസ്ത്രങ്ങളഴിച്ച്, മോശ എലിയാസറിനെ അണിയിച്ചു.

അഹറോന്‍, തന്റെ പുത്രനെ മാറോടുചേര്‍ത്ത് ആലിംഗനംചെയ്തു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചതിനുശേഷം തലയില്‍ കൈവച്ചനുഗ്രഹിച്ചു.

മോശയും എലിയാസറും അഹറോനെ ചുംബിച്ചു.

അഹറോന്‍, കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. കര്‍ത്താവിനു നന്ദിപറഞ്ഞു സ്തുതിച്ചുകൊണ്ടിരിക്കേ, തളര്‍ന്നു പിന്നിലേക്കു മറിഞ്ഞുവീണു. പാറയില്‍വീഴാതെ മോശയും എലിയാസറും അവന്റെ മൃതദേഹം കൈകളില്‍ത്താങ്ങി. '

അവരവനെ അവിടത്തന്നെയുണ്ടായിരുന്ന ചെറിയൊരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം കല്ലുകൊണ്ടടച്ചതിനുശേഷം,  മലയില്‍നിന്നിറങ്ങിവന്ന് അഹറോന്റെ മരണവാര്‍ത്ത അവര്‍
ഇസ്രായെല്യരെ അറിയിച്ചു. പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നെങ്കിലും ജനങ്ങളെല്ലാവരും ദുഃഖിതരായി. അഹറോന്റെ സ്മരണകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍മുഴുവന്‍ മുപ്പതുദിവസം ദുഃഖമാചരിച്ചു.

മുപ്പതുദിവസങ്ങള്‍ക്കുശേഷം കൂടാരങ്ങളഴിച്ച്, അവർ യാത്രതുടര്‍ന്നു.

Sunday, 7 January 2018

45. കാഴ്ചകള്‍: കാഴ്ചപ്പാടുകള്‍

ബൈബിള്‍ കഥകള്‍ - 45

കാനാന്‍ദേശം ഒറ്റുനോക്കാനായി ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെവീതം തിരഞ്ഞെടുത്ത ശേഷം മോശ അവരെ ഒന്നിച്ചു കൂട്ടി.

"നമ്മള്‍ വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയോടടുക്കുകയാണ്. പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമും ഇസഹാക്കും യാക്കോബും ജീവിക്കുകയും മരിക്കുകയും അന്ത്യവിശ്രമംകൊള്ളുകയും നാട്... തലമുറകളോളം നമുക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത, തേനുംപാലുമൊഴുകുന്ന നാട്...!
നമ്മള്‍ ഈജിപ്തില്‍ പ്രവാസികളായിരുന്നപ്പോള്‍ അന്യജനതകള്‍ ദേശം കൈയടക്കി. 

അവരെക്കീഴടക്കി നാടുപിടിച്ചടക്കണമെങ്കില്‍, അവിടെ ഇന്നു ജീവിക്കുന്ന ജനതയുടെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ നമ്മളറിയണം. നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍വച്ചാണ്, നമ്മള്‍ യുദ്ധതന്ത്രങ്ങള്‍ മെനയുക. രണ്ടുപേര്‍വീതമുള്ള ഗണങ്ങളായി പോകുക. ആർക്കും നിങ്ങളെക്കുറിച്ചു സംശയമുണ്ടാകാൻ ഇടയാക്കരുത്. കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കട്ടെ."

ചാരന്മാര്‍ യാത്രയായി. മോശ പറഞ്ഞതുപോലെ രണ്ടുപേർവിതമുള്ള ആറുസംഘങ്ങളായി, വ്യത്യസ്തവഴികളിലൂടെയാണ് അവർ സഞ്ചരിച്ചത്.  

സിന്‍മരുഭൂമിമുതല്‍ ഹമാത്തിന്റെ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശങ്ങളില്‍ അവരെത്തി. നെഗെബു കടന്ന്, ഹെബ്രോണിലെത്തി. 

ആ ദേശത്ത്, അഹിമാന്‍, ഷേഷായി, തല്‍മായി തുടങ്ങിയ ജനതകള്‍ വസിച്ചിരുന്നു. അമലേക്യര്‍, ഹിത്യര്‍, ജബൂസ്യര്‍ തുടങ്ങിയ വംശങ്ങളില്‍പ്പെട്ട ജനങ്ങളും ആ നാട്ടിലുണ്ടായിരുന്നു.  ചാരന്മാര്‍ കാനാൻദേശത്തുനിന്നുള്ള കാർഷികഫലങ്ങളും ശേഖരിച്ചു

എഷ്‌ക്കോള്‍ താഴ്‌വരയില്‍നിന്ന് ഒരു മുന്തിരിക്കൊമ്പു കുലകളോടുകൂടെ മുറിച്ചെടുത്തു രണ്ടുപേര്‍ അതു തണ്ടിന്മേല്‍ ചുമന്നുകൊണ്ടു പോന്നു. മാതളപ്പഴങ്ങളും അത്തിപ്പഴങ്ങളും ഒലിവു കായ്കളും അവര്‍ സാധിക്കുന്നത്ര ശേഖരിച്ചു.       


നാല്പതുദിവസങ്ങള്‍ക്കുശേഷം പന്ത്രണ്ടുപേരും കൂടാരങ്ങളില്‍ മടങ്ങിയെത്തി. തങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും അവര്‍ മോശയ്ക്കും ഇസ്രായേല്‍ജനതയ്ക്കുംമുമ്പില്‍ വച്ചു. '

റൂബന്‍ഗോത്രത്തില്‍നിന്നു ചാരവൃത്തിക്കുപോയ ഷമ്മുവാ പറഞ്ഞു.

"തേനുംപാലുമൊഴുകുന്ന നാടെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ആ നാട്. അത്രയ്ക്കു ഫലപുഷ്ടമായ മണ്ണ്! അവിടെനിന്നു ഞങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും ആ നാടിന്റെ സമൃദ്ധിയുടെ അടയാളങ്ങള്‍തന്നെ! 

എന്നാല്‍ അതുപോലെതന്നെ അതിശക്തരും യുദ്ധവീരന്മാരുമാണ് അവിടുത്തെ ജനങ്ങള്‍. വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടവയുമാണ് അവിടുത്തെ പട്ടണങ്ങള്‍. അതുകൊണ്ട് ആ നാടുപിടിച്ചടക്കാന്‍ നമ്മളെപ്പോലെ അശക്തരും നാടോടികളുമായ  ഒരു ജനത ചിന്തിക്കുന്നതുപോലും മരണതുല്യമായ പ്രവൃത്തിയാണ്‌."

അപ്പോള്‍ കാലെബ് എഴുന്നേറ്റുനിന്നു പറഞ്ഞു: "നമുക്കുടനെതന്നെ ആ ദേശം കൈവശപ്പെടുത്താനാകുമെന്ന് എനിക്കുറപ്പുണ്ട്. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. കാരണം, അതു കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്‌."

എഫ്രായിംഗോത്രജനായ ജോഷ്വായൊഴികെ മറ്റു പത്തുപേരും കാലബിനെയെതിർത്തു.

"ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നിനക്കങ്ങനെ തോന്നും. അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിയില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണ്." ശിമയോന്‍ഗോത്രത്തില്‍നിന്നുള്ള ഷാഫാത്ത് പറഞ്ഞു.

"ഇസ്രായേല്‍ജനങ്ങളെ, നിങ്ങള്‍ കേള്‍ക്കണം, ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം, അതിനെ ആക്രമിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യര്‍ അതികായന്മാരാണ്. അവിടെയുള്ള മല്ലന്മാരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ചും അങ്ങനെതന്നെ തോന്നിയിരിക്കണം." ഷാഫത്ത് കുടുതൽ വിശദീകരിച്ചു

ജനങ്ങള്‍ ആ വാക്കുകള്‍ വിശ്വസിച്ചു. കാലബിൻ്റെ വാദങ്ങൾ നിരാകരിച്ച ജനങ്ങൾ, മോശയ്ക്കും അഹറോനുമെതിരെ തിരിഞ്ഞു. 

"അന്യ ജനതകളുടെ വാളിനിരയാക്കാന്‍, നിങ്ങൾ ഞങ്ങളെയീ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കളുടെ അടിമകളായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെപ്പോകുന്നതാണു നമുക്കു നല്ലത്..."

ജനക്കൂട്ടം മോശയോടു പറഞ്ഞു. "ഞങ്ങളെ ഈജിപ്തിലേക്കു തിരികെക്കൊണ്ടുപോകൂ. നിനക്കതിനു കഴിവില്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത്, അവനോടൊപ്പം ഈജിപ്തിലേക്കു മടങ്ങും."

അപ്പോള്‍ മോശയും അഹറോനും ജനങ്ങള്‍ക്കുമുമ്പില്‍ കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്കരിച്ചു. "ന് ന് ന് നിങ്ങളുടെ ഇഷ്ടംപോലെയാകട്ടെ... ദ് ദ് ദ് ദേശമുറ്റുനോക്കാന്‍ പ് പ് പ് പോയവരില്‍ പത്തുപേരും നമ്മൾ പിന്തിരിയണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഭ്ഭ്ഭ്ഭൂരിപക്ഷത്തിന്റെ അഭിപ്രായം നമുക്കു മാനിക്കാം. പ് പ് പ് പരാജയപ്പെടാന്‍വേണ്ടി, ന് ന് ന് നമുക്കൊരു യുദ്ധത്തിനിറങ്ങേണ്ടാ..."

മോശയുടെയും അഹറോന്റെയും പ്രവൃത്തികാണുകയും വാക്കുകള്‍ കേള്‍ക്കുകയുംചെയ്ത ജോഷ്വായും കാലെബും തങ്ങളുടെ വസ്ത്രത്തിന്റെ മേലങ്കി കീറി.

ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു. "ഇസ്രായേല്‍ജനങ്ങളെ, ശ്രേഷ്ഠന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ കേള്‍ക്കണം.

കണ്മുമ്പിൽക്കാണുന്ന കാഴ്ചകളല്ല, നമ്മുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടത്. നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ കാഴ്ചകളെ നമ്മള്‍ വിലയിരുത്തുകയാണു വേണ്ടത്.

ദൈവം തിരഞ്ഞെടുത്ത ജനതയാണു നമ്മളെന്ന ഉറച്ചബോദ്ധ്യമാകണം നമ്മുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തേണ്ടത്. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം ഇന്നിതുവരെ കര്‍ത്താവു നമ്മളെ നയിച്ചതെങ്ങനെയെന്നു ചിന്തിക്കൂ... 

മുമ്പില്‍ ചെങ്കടലും പിന്നില്‍ ഈജിപ്തിന്റെ സേനയുമായിരുന്നിട്ടും നമ്മള്‍ പരാജയപ്പെട്ടോ? നമുക്കു കുടിക്കാന്‍ വെള്ളമില്ലാതായപ്പോള്‍ മാറായിലെ കയ്പുനീര്‍ അവിടുന്നു ശുദ്ധജലമാക്കിയില്ലേ? നമുക്കു ഭക്ഷിക്കാന്‍ ആകാശമിപ്പോഴും മന്നാ പൊഴിക്കുന്നില്ലേ? കിഴക്കന്‍കാറ്റില്‍ കര്‍ത്താവു നമുക്കായി കാടപ്പക്ഷികളെ അയച്ചില്ലേ? 

അതുകൊണ്ടു പ്രിയമുള്ളവരേ, ഇന്ന് അന്യര്‍ കൈവശപ്പെടുത്തിയിരിക്കുന്ന ആ ദേശം കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്. നമ്മുടെ പൂർവ്വപിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും യാക്കോബും ജീവിച്ച മണ്ണാണത്. നമ്മുടെ പന്ത്രണ്ടു ഗോത്രപിതാക്കന്മാർ പിച്ചവച്ചു വളർന്ന ദേശം...! കര്‍ത്താവിന്റെ കൃപയാല്‍ അതു നമുക്കു പിടിച്ചെടുക്കാനാകും. 

അവിടെയുള്ള ജനതയുടെ ശക്തിയെക്കുറിച്ചു ഭയാകുലത വേണ്ടാ... എത്ര ശക്തരായാലും അവര്‍ നമുക്കിരയാണ്. ഇനിയവര്‍ക്കു രക്ഷയില്ല. കാരണം, കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ നാം ഭയപ്പെടേണ്ടതില്ല..."

എന്നാല്‍ ജനക്കൂട്ടം മുഴുവന്‍ ജോഷ്വായ്ക്കും കാലെബിനുമെതിരായിത്തിരിഞ്ഞു. മോശ അവരെത്തടഞ്ഞില്ല. ജനക്കൂട്ടം ജോഷ്വായെയും കാലബിനെയും എറിഞ്ഞുകൊല്ലാന്‍ കല്ലുകള്‍ പെറുക്കി.

അപ്പോള്‍ വലിയൊരിടിമുഴക്കമുണ്ടായി. കര്‍ത്താവിന്റെ മഹത്ത്വം സമാഗമകൂടാരത്തില്‍ പ്രത്യക്ഷമായി.

മോശ തന്റെ തെറ്റുതിരിച്ചറിഞ്ഞു. കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ കരങ്ങളെ ചില നിമിഷത്തേക്കു താന്‍ മറന്നതില്‍ മോശ പാശ്ചാത്തപിച്ചു. അവൻ കർത്താവിനു മുമ്പിൽ സാഷ്ടാംഗംവീണു ക്ഷമായാചനംചെയ്തു.

കര്‍ത്താവ് മോശയോടരുളിച്ചെയ്തു: "ഈ ജനം എത്രത്തോളമെന്നെ പ്രകോപിപ്പിക്കും? നിങ്ങളുടെ മദ്ധ്യേ, ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ നിങ്ങളെന്നെ വിശ്വസിക്കാതിരിക്കും? മഹാമാരിയാല്‍ ഞാനീ ജനതയെ നിര്‍മ്മൂലനം ചെയ്യും. എന്നാല്‍, ഇവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ നിന്നില്‍നിന്നു ഞാന്‍ പുറപ്പെടുവിക്കും."     

മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "അ്അ്അ്അവിടുത്തെ ശക്തമായ കരമാണല്ലോ ഇ്ഇ്ഇഈ ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുപോന്നത്.  കക് ക് ര്‍ത്താവേ, അങ്ങ് ഈ ജനത്തിന്റെ മദ്ധ്യേയുണ്ടെന്ന് അവര്‍ക്കറിയാം. കാരണം, ഞ് ഞ് ഞ് ഞങ്ങളങ്ങയെ അഭിമുഖം കാണുന്നു; അ്അ്അ്അവിടുത്തെ മേഘം, ഞങ്ങളുടെ മുകളില്‍ എപ്പോഴും നില്‍ക്കുന്നു. പ് പ് പ് പകല്‍ മേഘസ്തംഭവും ര് ര് ര് രാത്രിയില്‍ അഗ്നിസ്തംഭവുംകൊണ്ട് അ്അ്അ്അവിടുന്നു ഞങ്ങള്‍ക്കു വഴകാട്ടുന്നു. അതിനാല്‍ ഒരൊറ്റയാളെയെന്നപോലെ അ്അ്അ്അങ്ങീ ജനത്തെ സംഹരിച്ചുകളഞ്ഞാല്‍ ഈഇ്ഇ്ഈജിപ്തുകാര്‍ പറയും: അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത് അ്അ്അ്അവരെയെത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതുകൊണ്ട് മരുഭൂമിയില്‍വച്ച് അവനവരെക്കൊന്നുകളഞ്ഞു. ഇ്ഇ്ഇ്ഈ ദേശത്തു വസിക്കുന്നവരോടും അവരിക്കാര്യം പറയും. 

കര്‍ത്താവേ, അങ്ങരുളിച്ചെയ്തിട്ടുള്ളതുപോലെ അ്അ്അ്അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ക് ക് ക് കര്‍ത്താവു ക്ഷമാശീലനും അചഞ്ചലസ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അ്അ്അ്അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എ്എ്എ്എന്നാല്‍ കുറ്റക്കാരനെ വെറുതെവിടാതെ, പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെപ്പോലും മുമ് മ് മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങരുളിച്ചെയ്തിട്ടുണ്ടല്ലോ. അ്അ്അ്അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തുമുതലിവിടംവരെ ഞങ്ങളോടു ക്ഷമിച്ചതുപോലെ ഇ്ഇ്ഇഇപ്പോഴും ഞങ്ങളുടെയപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു."

അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: "നിന്റെ അപേക്ഷ സ്വീകരിച്ച് ഞാനെൻ്റെ ക്രോധമടക്കുന്നു. എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എന്റെ മഹത്ത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു, എന്റെ മഹത്ത്വവും, ഈജിപ്തിലും മരുഭൂമിയിലുംവച്ചു ഞാന്‍ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പലപ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയുംചെയ്ത ഈ ജനത്തിലാരും, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരാരുമതു കാണുകയില്ല. എന്നാല്‍ എന്റെ ദാസനായ കാലെബിനെ, അവനൊറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവനെന്നെ പൂര്‍ണ്ണമായി അനുഗമിക്കുകയും ചെയ്തു.      

വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും? എനിക്കെതിരേ ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: എന്നും ജീവിക്കുന്നവനായ ഞാന്‍ ശപഥംചെയ്യുന്നു: ഞാന്‍കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും. നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും. നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുംമാത്രം അവിടെ പ്രവേശിക്കും. എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാനവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്‌കരിച്ച ആ ദേശം അവരനുഭവിക്കും.      

നിങ്ങളില്‍ അവസാനത്തെയാള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കൊപ്പം  ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും. നാല്പതുദിവസം നിങ്ങള്‍ ആ ദേശത്തു രഹസ്യനിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷംവീതം നാല്പതുവര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങളറിയും.      
കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാനിതുചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ത്തന്നെ മരിച്ചുവീഴും."    
കര്‍ത്താവറിയിച്ച കാര്യങ്ങള്‍ മോശ ജനങ്ങളോടു പറഞ്ഞു. ജനങ്ങള്‍ പാശ്ചാത്താപത്തോടെ വിലപിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍, ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച പന്ത്രണ്ടുചാരന്മാരിൽ, നൂനിന്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബുമൊഴികെ മറ്റു പത്തുപേരും ജനങ്ങളുടെ മുമ്പില്‍ കുഴഞ്ഞുവീണു മരിച്ചു..

പിറ്റേന്ന് അതിരാവിലെ ജനങ്ങളില്‍ കുറേപ്പേര്‍ എഴുന്നേറ്റു മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: "ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനംചെയ്ത ദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്."    

മോശ പറഞ്ഞു: നിങ്ങളെന്തിനു വീണ്ടും കര്‍ത്താവിന്റെ കല്പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല. ശത്രുക്കളുടെമുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല. അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്‍ക്കും. നിങ്ങളവരുടെ വാളിനിരയാകും.  നിങ്ങൾ കര്‍ത്താവിന്നു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല."      

കര്‍ത്താവിന്റെ വാഗ്ദാനപേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വ്വം മലയിലേക്കു കയറി, അമലേക്യരുടെ നാട്ടില്‍ പ്രവേശിച്ചു..  അമലേക്യരും കാനാന്യരും അവര്‍ക്കെതിരെ പടനയിച്ചെത്തി, ഹോര്‍മാവരെ അവരെ തോല്പിച്ചോടിച്ചു. 
അവരിൽപ്പലരുടേയും ശിരസ്സുകൾ ശത്രുക്കളുടെ വാളിനാൽ ഛേദിക്കപ്പെട്ടു

Sunday, 31 December 2017

44. പന്ത്രണ്ടു ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 44

സ്രയേൽസമൂഹം മുഴുവൻ പശ്ചാത്താപത്തോടെ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണ്, കരഞ്ഞുപ്രാർത്ഥിച്ചു. ജനങ്ങൾ മാനസാന്തരപ്പെട്ടെന്നുകണ്ടപ്പോൾ കര്‍ത്താവു മഹാമാരി പിന്‍വലിച്ചു. 

മഹാമാരിയില്‍പ്പെട്ടു മരിച്ചവരെ മരുഭൂമിയില്‍ത്തന്നെ സംസ്കരിച്ചു. അത്യാഗ്രഹികളെ സംസ്കരിച്ച സ്ഥലം എന്നയർത്ഥത്തിൽ ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നു മോശ പേരിട്ടു. 

മരിച്ചവരെക്കുറിച്ചുള്ള വിലാപകാലംകഴിയുന്നതുവരെ അവർ കിബ്രോത്ത് ഹത്താവയില്‍ത്തന്നെ താമസിച്ചു. മഹാമാരിയിൽനിന്നു സൗഖ്യംപ്രാപിച്ചവർക്ക് അതു നല്ലൊരു വിശ്രമകാലമായി. അവർ യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തു.

കര്‍ത്താവിന്റെ മേഘം സമാഗമകൂടാരത്തില്‍നിന്നു വീണ്ടുമുയര്‍ന്നു. ഇസ്രായേല്‍ജനം തങ്ങളുടെ യാത്ര പുനരാരംഭിച്ചു. കുറച്ചുദിവസങ്ങളിലെ തുടർച്ചയായ യാത്ര, അവരെ ഹസറോത്ത് എന്ന സ്ഥലത്തെത്തിച്ചു. ഇസ്രായേൽ അവിടെത്താവളമടിച്ചു.

മോശയ്ക്ക്, സിപ്പോറയെക്കൂടാതെ കുഷ്യവംശജയായ ഒരു ഭാര്യകൂടെയുണ്ടായിരുന്നു. ഹസറോത്തിൽവച്ച്,
അഹറോൻ്റെ സഹോദരിയായ മിരിയാം അവളുമായിപ്പിണങ്ങി. വിജാതീയസ്ത്രീയായ അവളെയും അവളെപ്രതി, മോശയേയും മിരിയാം പരിഹസിച്ചുസംസാരിച്ചു. അഹറോൻ, മിരിയാമിൻ്റെ വാക്കുകൾകേട്ടെങ്കിലും സഹോദരിയെ തടയുകയോ ശാസിക്കുകയോചെയ്തില്ല.

മോശയ്ക്കെതിരായ പരിഹാസവാക്കുകൾ കർത്താവിൻ്റെ സന്നിധിയിലെത്തി.

കര്‍ത്താവു മേഘസ്തംഭത്തിലിറങ്ങിവന്ന്, സമാഗമകൂടാരവാതില്‍ക്കല്‍നിന്നു. അവിടുന്നു മിരിയാമിനെയും അഹറോനെയും വിളിച്ചു. അവര്‍ മുന്നോട്ടുചെന്നപ്പോള്‍ കർത്താവവരോടു സംസാരിച്ചു: 

"നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാൻ, ദര്‍ശനങ്ങളിലൂടെ അവനെന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയുംചെയ്യും. 

എന്നാൽ, എന്‍റെ ദാസനായ മോശയുടെകാര്യത്തില്‍ അങ്ങനെയല്ല. എന്‍റെ ജനത്തിന്‍റെ മുഴുവന്‍ചുമതലയും ഞാൻ അവനെയേല്പിച്ചിരിക്കുന്നു. ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമല്ലാ,  സ്പഷ്ടമായി, മുഖാഭിമുഖം ഞാനവനുമായി  സംസാരിക്കുന്നു. അവന്‍ എന്‍റെ രൂപം കാണുകയുംചെയ്യുന്നു. എന്നിട്ടും എന്‍റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെങ്ങനെ?"

മിരിയാമും അഹറോനും നിശബ്ദരായി നിന്നു. കര്‍ത്താവിന്‍റെ കോപം, അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുത്തെ മഹത്വം അവരെവിട്ടുപോയി. കര്‍ത്താവിന്‍റെ മേഘം കൂടാരത്തിനു മുകളില്‍നിന്നു നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠംബാധിച്ച്, മഞ്ഞുപോലെ വെളുത്തു. അവളെക്കണ്ട അഹറോന്‍ നടുങ്ങിപ്പോയി.
     
അഹറോന്‍ മോശയുടെ കാല്‍ക്കല്‍വീണു. "പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ഞങ്ങളോടു ക്ഷമിക്കണേ...! ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കുഷ്ഠരോഗംബാധിച്ച്, ശരീരം മുഴുവനഴുകി, പാതിജീവനോടെകഴിയുന്ന അവസ്ഥയിലേയ്ക്ക് എന്‍റെ സഹോദരിയെ തള്ളരുതേ...."  

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "കര്‍ത്താവേ, ഞാന്‍ കേണപേക്ഷിക്കുന്നു, അവളെ സുഖപ്പെടുത്തണമേ!"
   
കര്‍ത്താവു മോശയോടു പറഞ്ഞു: "ഏഴുദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം. അപ്പോള്‍ അവള്‍ സൗഖ്യംപ്രാപിച്ചിരിക്കും."    

മിരിയാമിനെ ഏഴുദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. പാളയത്തിൽനിന്നകലെയായി അവൾക്കായൊരു കൂടാരമൊരുക്കി. അവളെ, തിരികേ ഇസ്രായേൽപ്പാളയത്തിന്നകത്തു പ്രവേശിപ്പിക്കുന്നതുവരെ, ജനങ്ങളെല്ലാം താന്താങ്ങളുടെ  കൂടാരങ്ങളിൽത്തന്നെ കഴിഞ്ഞു. ഏഴുദിവസങ്ങൾക്കുശേഷം മിരിയാം പൂർണ്ണസൗഖ്യം നേടി

അന്നുതന്നെ, ഇസ്രായേൽ, ഹസേറോത്തില്‍നിന്നു പുറപ്പെട്ടു. അഞ്ചുദിവസങ്ങള്‍നീണ്ട തുടർച്ചയായ യാത്രയ്ക്കൊടുവിൽ, അവർ പാരാന്‍മരുഭൂമിയിലെത്തി, പാളയമടിച്ചു. 

പാരാനിൽവച്ചു കര്‍ത്താവു മോശയോടു പറഞ്ഞു. "നിങ്ങളിതാ,  തേനുംപാലുമൊഴുകുന്ന കാനാന്‍ദേശത്തിനു സമീപമെത്തിക്കഴിഞ്ഞു. ആ ദേശം കീഴടക്കുന്നതിനുള്ള പദ്ധതികളും യുദ്ധമുറകളും നിങ്ങൾതന്നെ തയ്യാറാക്കണം. അതിനുവേണ്ടി, ദേശത്തിൻ്റെ കരുത്തും ദൗർബല്യവും തിരിച്ചറിയുംവിധം, ദേശം *ഒറ്റുനോക്കാന്‍ അവിടേയ്ക്കു ചാരന്മാരെയയയ്ക്കുക."

കര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം,
ജോസഫിൻ്റെയും ലേവിയുടേയും ഗോത്രങ്ങളൊഴികെയുള്ളവയിൽനിന്ന്, ഒരു ഗോത്രത്തില്‍നിന്ന്, ഒരാളെന്നക്രമത്തില്‍  പത്തുപേരെയും ജോസഫിൻ്റെ ഗോത്രത്തിൽനിന്നു രണ്ടുപേരെയും തിരഞ്ഞെടുത്തു. പുരോഹിതഗോത്രമായതിനാൽ, ലേവിഗോത്രത്തിൽനിന്ന് ആരെയും ചാരവൃത്തിക്കായി തിരഞ്ഞെടുത്തില്ല..

റൂബന്‍ഗോത്രത്തില്‍നിന്നു  ഷമ്മുവാ; ശിമയോന്‍ഗോത്രത്തില്‍നിന്നു ഷാഫാത്ത്; യൂദാഗോത്രത്തില്‍നിന്നു കാലെബ്; 
ദാന്‍ഗോത്രത്തില്‍നിന്ന് അമ്മിയേല്‍; 
നഫ്താലിഗോത്രത്തില്‍നിന്നു  നഹ്ബി; ഗാദ് ഗോത്രത്തില്‍നിന്നു ഗവുവേല്‍, ആഷേര്‍ഗോത്രത്തില്‍നിന്നു സെത്തൂര്‍; സെബുലൂണ്‍ഗോത്രത്തില്‍നിന്നു ഗദ്ദീയേല്‍; 
ജോസഫിന്‍റെ അർദ്ധഗോത്രങ്ങളില്‍, മനാസ്സേഗോത്രത്തിൽനിന്നു ഗദ്ദി, എഫ്രായിംഗോത്രത്തില്‍നിന്നു ജോഷ്വാ; 
ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു പല്‍തി എന്നിവരായിരുന്നൂ കാനാന്‍ദേശം ഒറ്റുനോക്കാനായി മോശ തിരഞ്ഞെടുത്ത ഗോത്രത്തലവന്മാരായ പന്ത്രണ്ടുപേര്‍.

തങ്ങള്‍ക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത കാനാന്‍ദേശത്തേയ്ക്ക്, ചാരവൃത്തിക്കായി പോകാന്‍ അവര്‍ തയ്യാറെടുത്തു.

പന്ത്രണ്ടുപേരെയും ആശീര്‍വദിച്ചുകൊണ്ടു മോശ പറഞ്ഞു.

"ആ നാട്ടിലെ ജനങ്ങളെങ്ങനെയുള്ളവരാണ്, അവരുടെ രാജാവിനുള്ള സൈനികബലമെത്ര, എന്തൊക്കെയാണു നാടിന്റെ ബലഹീനതകള്‍, നമ്മള്‍ ആ നാടാക്രമിക്കുമ്പോള്‍, രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നാണു യോദ്ധാക്കള്‍ക്കു കടന്നുചെല്ലാനെളുപ്പം തുടങ്ങിയ കാര്യങ്ങളെല്ലാം സൂക്ഷ്മതയോടെ നിങ്ങള്‍ മനസ്സിലാക്കണം. എല്ലായ്പോഴും കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കും. അവിടുത്തെസ്തുതികള്‍ നിങ്ങളുടെ അധരങ്ങളില്‍നിന്ന് ഒരിക്കലുമൊഴിയാതിരിക്കട്ടെ. " 
......................................................

*ഒറ്റുനോക്കുക = രഹസ്യനിരീക്ഷണം നടത്തുക

Sunday, 24 December 2017

43. കാടപ്പക്ഷികള്‍ വീണ്ടും ...

ബൈബിൾക്കഥകൾ 43

"സ്രായേല്‍ജനവും അവര്‍ക്കൊപ്പം ഈജിപ്തില്‍നിന്നുപോന്നവരും കര്‍ത്താവിനെതിരായി വീണ്ടും പിറുപിറുത്തു തുടങ്ങി.

"ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുക? ഈജിപ്തില്‍ വെറുതേകിട്ടിയിരുന്ന മത്സ്യവും പച്ചക്കറികളും ഞങ്ങള്‍ക്കിന്ന് ഓര്‍മ്മകള്‍മാത്രം! ഇവിടെ ഞങ്ങളുടെ പ്രാണനില്ലാതാകുകയാണ്. ഈ *മന്നയല്ലാതെ, ഭക്ഷിക്കാൻ മറ്റെന്തു കിട്ടാനുണ്ടിവിടെ?" ജനങ്ങളിൽപ്പലരും വിലപിക്കുന്നതു മോശ കേട്ടു.

ജനങ്ങളുടെ പിറുപിറുക്കലുകൾ ദൈവസന്നിധിയിലെത്തി. കര്‍ത്താവിന്റെ കോപം ആളിക്കത്തി; ആ കോപാഗ്നി ഇടിമിന്നലായി ആകാശത്തിൽനിന്നിറങ്ങി. പാളയത്തിന്റെ ചിലഭാഗങ്ങള്‍ അഗ്നിയിൽ ദഹിച്ചുപോയി.

ജനം പരിഭ്രാന്തരായി മോശയോടു നിലവിളിച്ചു. വിവേകമില്ലാത്ത പിറുപിറുക്കലുകള്‍ക്ക് കര്‍ത്താവിനോടു മാപ്പുചോദിച്ചുകൊണ്ട്, മോശ സാഷ്ടാംഗംവീണു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

മോശയുടെ ആത്മാര്‍ത്ഥമായ വാക്കുകള്‍ക്കു കര്‍ത്താവു വിലകല്പിച്ചതിനാല്‍ ആകാശത്തിൽനിന്നുള്ള അഗ്നിവർഷം ശമിച്ചു. മിന്നൽപ്പിണരുകൾ അപ്രത്യക്ഷമായി.

"അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങെന്നോടു കൃപകാണിക്കാത്തതെന്തുകൊണ്ടാണ്? ഈ ജനത്തിന്റെ ഭാരമെല്ലാം അങ്ങെന്തിനാണ്  എന്‍റെമേല്‍ ചുമത്തിയിരിക്കുന്നത്? ഈ ജനത്തിനു നല്കാന്‍ എവിടെനിന്നു മാംസംകിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുകയെന്ന് അവര്‍ കരയുന്നത് അങ്ങു കാണുന്നില്ലേ?" മോശ കര്‍ത്താവിനുമുമ്പിൽ തൻ്റെ ഹൃദയഗതങ്ങൾ സമർപ്പിച്ചു.

"ഇനിയും നീ ഒറ്റയ്ക്കീ ഭാരംവഹിക്കേണ്ടാ. ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലുംനിന്ന് എഴുപതുപേരെ വിളിച്ചുകൂട്ടി, സമാഗമകൂടാരത്തിനരികില്‍ കൊണ്ടുവരുക. നിന്‍റെമേലുള്ള ചൈതന്യത്തില്‍നിന്ന് ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. നിന്നോടൊപ്പം അവരും ജനത്തിന്‍റെ ചുമതല വഹിക്കും; നീ  ജനത്തോടു പറയുക: നാളെ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. കര്‍ത്താവ്, നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരും, ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല, നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനംവരുന്നതുവരെ ഒരു മാസത്തേക്കു നിങ്ങളതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ വസിക്കുന്ന കര്‍ത്താവിനെയുപേക്ഷിക്കുകയും ഈജിപ്തില്‍നിന്നു പോന്നത് ബുദ്ധിമോശമായിപ്പോയെന്നു നിങ്ങള്‍ വിലപിക്കുകയും ചെയ്തു."  

"എന്നോടൊത്തുള്ള യോദ്ധാക്കള്‍തന്നെയുണ്ട്, ആറു ലക്ഷംപേര്‍. അതിലുമെത്രയോ ഇരട്ടിയാണു മറ്റുള്ളവര്‍! എന്നിട്ടും ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്കുമെന്ന് അങ്ങു പറയുന്നു, ഇതെങ്ങനെ സംഭവിക്കും?"    

"നീയെന്താണു കരുതുന്നത്? എന്‍റെ കൈകൾക്കു നീളം കുറഞ്ഞുപോയോ? എന്‍റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.  

മോശ ചെന്നു കര്‍ത്താവിന്റെ വാക്കുകള്‍ ജനത്തെയറിയിച്ചു. 

ശ്രേഷ്ഠന്മാരില്‍നിന്ന് എഴുപതുപേരെ തിരഞ്ഞെടുത്തു. അവരോട് സമാഗമകൂടാരത്തിനു  ചുറ്റും നില്ക്കാനാവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരില്‍ എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍നിന്നു പുറത്തുവന്നിരുന്നില്ല.

കര്‍ത്താവു മേഘത്തിലിറങ്ങിവന്നു, അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. സമാഗമകൂടാരത്തിലേക്കുപോകാതെ പാളയത്തിലിരുന്ന എല്‍ദാദ്, മെദാദ് എന്നിവര്‍ക്കും ചൈതന്യം ലഭിച്ചു.  അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.      

എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരു യുവാവ് ഓടിയെത്തി മോശയോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍, മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനായയ ജോഷ്വ പറഞ്ഞു: "പ്രഭോ, അവരെ വിലക്കുക."      

എന്നാൽ മോശ അതു നിരസിച്ചു. അവൻ ജോഷ്വയോടു പറഞ്ഞു: "കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്കുകയുംചെയ്തിരുന്നെങ്കിലെന്നു ഞാനാശിക്കുന്നു. എന്നെക്കാള്‍ വലിയ പ്രവാചകര്‍ നമുക്കിടയിലുണ്ടാകണം...."  

മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങിയപ്പോള്‍ കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ്, കാടപ്പക്ഷികളെ പറത്തിക്കൊണ്ടുവന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാര്‍ദ്ധത്തില്‍ കൂടാരത്തിനുചുറ്റും, രണ്ടുമുഴം കനത്തില്‍ മൂടിക്കിടക്കത്തക്ക വിധം പക്ഷികൾ വന്നുവീണു.  അന്നു പകലും രാത്രിയും പിറ്റേന്നും ജനങ്ങൾ കാടപ്പക്ഷികളെ ശേഖരിച്ചു. ഒരുദിവസത്തെ ആവശ്യത്തിലധികമുണ്ടായിരുന്ന കാടയിറച്ചി, വെയിലില്‍ ഉണക്കിയെടുത്തു.

എന്നാൽ ഇസ്രായേലിന്റെമേലുള്ള കര്‍ത്താവിന്‍റെ കോപം അപ്പോഴും ശമിച്ചിരുന്നില്ല. ഏറെ ദിവസങ്ങൾ കഴിയുംമുമ്പേ, ഇസ്രായേല്‍പാളയത്തില്‍ ഒരു മഹാമാരി പടര്‍ന്നുതുടങ്ങി. ഉണക്കി സൂക്ഷിച്ച കാടയിറച്ചി ഭക്ഷിച്ചുതീരുംമുമ്പേ, മഹാമാരി പടർന്നു.

നിരവധിപേര്‍ രോഗാതുരരാകുകയും മരിച്ചുവീഴുകയുംചെയ്തു..


*മന്ന - ഇവിടെ ക്ലിക്കു ചെയ്യുക

Sunday, 17 December 2017

42. കാനേഷുമാരി

ബൈബിള്‍ കഥകള്‍ - 42

സമാഗമകൂടാരത്തെ ആവരണംചെയ്തുനിന്ന മേഘമുയരുമ്പോള്‍മാത്രം ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു. സീനായ് മരുഭൂമിയുടെ ക്രൌര്യഭാവങ്ങളില്‍പ്പോലും കര്‍ത്താവിന്റെ സംരക്ഷണം ഇസ്രായേല്‍ അനുഭവിച്ചറിഞ്ഞു. ഈജിപ്തില്‍നിന്നു യാത്രപുറപ്പെട്ടു രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാൽ ആ ദിവസംവരെ ഇസ്രായേലില്‍ ഒരാളുടെയും വസ്ത്രംകീറുകയോ തുകല്‍ച്ചെരുപ്പുകള്‍ പൊട്ടുകയോ ചെയ്തിരുന്നില്ല. നിരന്തരമായി കാല്‍നടയാത്രചെയ്തിട്ടും ഒരാളുടെപോലും പാദം നീരുവന്നു വീര്‍ത്തില്ല. 

രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവു മോശയോടു പറഞ്ഞു: "ഇസ്രായേലിലെ *എല്ലാഗോത്രങ്ങളിലുംപെട്ട, എല്ലാ പുരുഷന്മാരുടെയും കണക്കെടുക്കുക. ഇരുപതും അതിലധികവും പ്രായമുള്ള, യുദ്ധംചെയ്യാന്‍തക്ക ആരോഗ്യമുള്ള സകലരെയും ഗണംതിരിച്ചെണ്ണുക. എല്ലാ ഗോത്രങ്ങളില്‍നിന്നും ഓരോ തലവന്മാര്‍ക്കൊപ്പം  നീയും അഹറോനും ഈ കാനേഷുമാരിയ്ക്കു നേതൃത്വംനല്കുക"

ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളില്‍, ലേവിഗോത്രജരൊഴികേയുള്ളവരില്‍, കാനേഷുമാരിയുടെ ചുമതലയേല്‍പ്പിക്കേണ്ടവര്‍ ആരെല്ലാമാണെന്നു കര്‍ത്താവു മോശയ്ക്കു നിര്‍ദ്ദേശം നല്കി. 

കാനേഷുമാരി ആരംഭിക്കുന്നതിനു മുമ്പായി കര്‍ത്താവ് ഒരിക്കല്‍ക്കൂടെ മോശയോടു സംസാരിച്ചു: "ലേവ്യഗോത്രജര്‍ പുരോഹിതഗോത്രമായതിനാല്‍ അവരെയിപ്പോൾ എണ്ണേണ്ടതില്ല. **സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ ചുമതലയിലായിരിക്കണം. അവര്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുകയും യാത്രചെയ്യേണ്ടതായിവരുമ്പോള്‍  കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയുംചെയ്യണം. എല്ലായ്പോഴും ലേവ്യര്‍ സമാഗമകൂടാരത്തിനുചുറ്റുംമാത്രം തങ്ങളുടെ കൂടാരങ്ങളടിക്കണം. യാത്രപുറപ്പെടുമ്പോള്‍ സമാഗമകൂടാരമഴിച്ചിറക്കുന്നതും പുതിയൊരു സ്ഥലത്തെത്തുമ്പോൾ അതു യഥാസ്ഥാനത്തു സ്ഥാപിക്കുന്നതും ലേവ്യരുടെ ചുമതലയാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍ അവന്‍ വധിക്കപ്പെടും."

ഓരോ ഗോത്രത്തിലെയും തലവന്മാര്‍ക്കൊപ്പം ഓരോ ഗോത്രവും ഗണംതിരിഞ്ഞു. കുടുംബക്രമമനുസരിച്ച്, വിശദാംശങ്ങള്‍ പാപ്പിറസ് ചുരുളുകളിലെഴുതി, ഗോത്രത്തലവന്മാര്‍ക്കു സമര്‍പ്പിച്ചു. തലവന്മാര്‍ അവയെല്ലാം ക്രോഡീകരിച്ചു. തലമുറ, വംശം, കുടുംബം, പേര്, ഇവയനുസരിച്ചു കണക്കുകള്‍ തയ്യാറാക്കി. വിശദമായ കണക്കുകളും സംഗ്രഹിച്ച ജനസംഖ്യാക്കണക്കുംരേഖപ്പെടുത്തിയ പാപ്പിറസ് ചുരുളുകള്‍ മോശയുടെ മുമ്പില്‍ സമര്‍പ്പിച്ചു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ, ഇരുപതു ദിവസങ്ങള്‍കൊണ്ടു  കണക്കെടുപ്പു പൂര്‍ത്തിയായി. 

കര്‍ത്താവു പറഞ്ഞു: "ഇനിമേല്‍ ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രകളോടുകൂടിയ പതാകകള്‍ക്കു കീഴില്‍വേണം താവളമടിക്കേണ്ടത്. സമാഗമകൂടാരം എല്ലായ്പോഴും കിഴക്കഭിമുഖമായി സ്ഥാപിക്കണം. സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുഭാഗത്ത്, മോശയും അഹറോനുമുള്‍പ്പെട്ട ലേവിഗോത്രം താവളമടിക്കണം. മറ്റു ഗോത്രങ്ങള്‍, ഇസ്രായേല്‍സന്തതികളുടെ മൂപ്പിളമയനുസരിച്ച്, ക്രമമായി സമാഗമകൂടാരത്തിനുചുറ്റുമായി താവളമടിക്കണം. "
സമാഗമകൂടാരത്തിനു മുമ്പില്‍ സമൂഹത്തിനുമുഴുവന്‍ സമ്മേളിക്കാനാകുന്ന വിസ്തൃതിയില്‍ സ്ഥലമൊഴിച്ചിട്ടശേഷമാണു കൂടാരങ്ങള്‍ സ്ഥാപിച്ചത്. 

കര്‍ത്താവിന്റെ കല്പനയനുസരിച്ച്, അടിച്ചുപരത്തിയ വെള്ളികൊണ്ട്, മോശ രണ്ടു കാഹളങ്ങള്‍ നിര്‍മ്മിച്ചു. കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുമ്പോള്‍ സമൂഹംമുഴുവന്‍ സമാഗമകൂടാരത്തിനു മുമ്പില്‍ സമ്മേളിച്ചു. ഒരു കാഹളംമാത്രം മുഴങ്ങിയാല്‍ ഗോത്രത്തലവന്മാര്‍മാത്രം മോശയോടൊപ്പം സമ്മേളിച്ചു. കൂടാരമഴിച്ചു യാത്രതുടരേണ്ട അവസരങ്ങളില്‍ കാഹളങ്ങള്‍ സന്നാഹധ്വനി മുഴക്കി. അഹറോന്റെ പുത്രന്മാരെയായിരുന്നു കാഹളമൂതാന്‍ മോശ ചുമതലപ്പെടുത്തിയിരുന്നത്.

സമാഗമകൂടാരത്തിനു മുകളില്‍ കര്‍ത്താവിന്റെ മേഘം ആവരണംചെയ്തുനിന്നപ്പോഴെല്ലാം ഇസ്രയേല്യര്‍ പാളയങ്ങളില്‍ വസിച്ചു. മേഘം സമാഗമകൂടാരത്തില്‍നിന്നുയര്‍ന്നപ്പോള്‍ അവര്‍ കൂടാരങ്ങളഴിച്ചു യാത്രതുടര്‍ന്നു. മേഘമുയര്‍ന്നാല്‍, മോശയുടെ കാഹളങ്ങളില്‍നിന്നു സന്നാഹദ്ധ്വനിയുയരും. അപ്പോള്‍ ഇസ്രായേല്‍, കൂടാരങ്ങളഴിച്ചു യാത്രപുറപ്പെടും. 

കാനേഷുമാരി പൂര്‍ത്തിയാക്കിയ, രണ്ടാംവര്‍ഷം രണ്ടാംമാസം ഇരുപതാംദിവസം സമാഗമകൂടാരത്തിനുമുകളില്‍നിന്നു കര്‍ത്താവിന്റെ മേഘമുയര്‍ന്നു. ഇസ്രായേല്‍പ്പാളയത്തില്‍, കാഹളങ്ങളുടെ സന്നാഹദ്ധ്വനിയുയര്‍ന്നു. സമാഗമകൂടാരം വഹിച്ചുകൊണ്ട്, ലേവ്യരാണു മുമ്പില്‍ നടന്നിരുന്നത്. സമാഗമകൂടാരത്തിനു കിഴക്കുഭാഗത്ത് കൂടാരമടിച്ചിരുന്ന ലേവ്യര്‍ക്കുപിന്നാലെ, പ്രദക്ഷിണദിശയില്‍ കൂടാരങ്ങളഴിച്ച്, സമൂഹംമുഴുവന്‍ സംഘത്തിലണിചേര്‍ന്നു. 

കാനേഷുമാരിനടക്കുമ്പോള്‍ മോശയുടെ അമ്മായിയപ്പന്‍ ഇസ്രായേല്‍കൂടാരത്തില്‍ മോശയോടോപ്പമുണ്ടായിരുന്നു. ഇസ്രായേല്‍ സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ മോശ അമ്മായിയപ്പനോടു പറഞ്ഞു.

"കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്നുപറഞ്ഞ ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെകൂടെ വരിക, അങ്ങേയ്ക്കു നന്മയുണ്ടാകും. കാരണം, ഇസ്രായേലിനു കര്‍ത്താവു നന്മ വാഗ്ദാനംചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്ന്  അങ്ങേയ്ക്കറിയാം. അതിനാല്‍ അങ്ങു ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയുമായിരിക്കും. അങ്ങു ഞങ്ങളോടൊപ്പംവന്നാല്‍ കര്‍ത്താവു ഞങ്ങള്‍ക്കുനല്കുന്ന സമൃദ്ധിയില്‍ അങ്ങയ്ക്കും പങ്കുലഭിക്കും."

എന്നാല്‍ അയാള്‍ പറഞ്ഞു. "ഞാന്‍ നിങ്ങൾക്കൊപ്പം വരുന്നില്ല. എന്റെ ദേശത്തേയ്ക്കും ബന്ധുജനങ്ങള്‍ക്കിടയിലേക്കും ഞാന്‍ മടങ്ങിപ്പോകുന്നു. നിനക്കും എന്റെ മകള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും എന്നുമെന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടായിരിക്കും."

മൂന്നുദിവസം തുടര്‍ച്ചയായി അവര്‍ യാത്രചെയ്തു. ജനങ്ങൾ തളർന്നുതുടങ്ങി. കര്‍ത്താവുനല്കിയ അനുഗ്രഹങ്ങളും വാഗ്ദാനംനല്കിയ സമൃദ്ധിയും മറന്ന്, ജനം വീണ്ടും കര്‍ത്താവിനെതിരായി പിറുപിറുത്തുതുടങ്ങി.

------------------------------------
*അബ്രാഹാമിന്റെ പൗത്രനും ഇസഹാക്കിന്റെ പുത്രനുമായ, ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്ന യാക്കോബിനു പന്ത്രണ്ടുപുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നത്. ഇസ്രായേലിന്റെ പന്ത്രണ്ട് ആണ്‍മക്കളുടെ തലമുറകളാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍.
**സാക്ഷ്യകൂടാരം - സമാഗമകൂടാരം

Sunday, 10 December 2017

41. സമാഗമകൂടാരം

ബൈബിള്‍ കഥകള്‍ 41

കര്‍ത്താവു മോശയോടു പറഞ്ഞു:

"ഞാൻ എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന ബോദ്ധ്യം ഹൃദയത്തിലില്ലാത്തതിനാലാണ് ഇസ്രായേൽജനം സ്വർണ്ണക്കാളയെ നിർമ്മിക്കുകയും ആരാധിക്കുകയുചെയ്തത്.

എന്റെ സാന്നിദ്ധ്യം എപ്പോഴും നിങ്ങളോടോപ്പമുണ്ടെന്നു ജനങ്ങൾ തിരിച്ചറിയാൻ, എനിക്കായി നിങ്ങളൊരു കൂടാരം നിര്‍മ്മിക്കണം. അതിനുള്ളില്‍ ഒരു ബലിപീഠവും തിരുസാന്നിദ്ധ്യയപ്പത്തിന്റെ മേശയുമൊരുക്കണം. ഒരു സാക്ഷ്യപേടകമുണ്ടാക്കി, ഉടമ്പടിപത്രിക അതിനുള്ളില്‍ പ്രതിഷ്ഠിക്കണം. 

യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.  ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ സൃഷ്ടിക്കുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക,  എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുമാവശ്യമായ കഴിവുകള്‍ അവനുണ്ട്.. 

അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിനായി അവന്റെ നേതൃത്വത്തില്‍ ശില്പികളെ നിയമിക്കുക. 

അഹറോനെ, നീ വിശുദ്ധവസ്ത്രങ്ങളണിയിക്കുകയും അഭിഷേകംചെയ്തു ശുദ്ധീകരിക്കുകയുംവേണം. അങ്ങനെ, അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. അവന്റെ പുത്രന്മാരെയും അങ്കികളണിയിക്കണം. അവരുടെ പിതാവിനെ അഭിഷേകംചെയ്തതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്ന നിലയില്‍, അവർ, എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം,  തലമുറകളിലൂടെ നിലനില്‍ക്കുന്ന പൗരോഹിത്യത്തിലേക്കു് അവരെ നയിതും"

കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. 

ബസാലിന്റെയും ഓഹോലിയാബിന്റെയും നേതൃത്വത്തില്‍ ശില്പികള്‍ അഹോരാത്രം പണിയെടുത്തു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍നടന്നു. 

നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും *കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. ഒരേയളവിലുള്ള വിരികള്‍ക്ക്, നീ ഇരുപത്തെട്ടു മുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരുന്നു. അഞ്ചു വിരികള്‍വീതം ഒന്നിനോടൊന്നു യോജിപ്പിച്ചു; ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍, നീലനൂല്‍കൊണ്ടു വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും ചെയ്തു. ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതു വളയങ്ങള്‍വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ്, വളയങ്ങള്‍ നിര്‍മ്മിച്ചത്. അമ്പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരമൊന്നായിത്തീര്‍ന്നു.

ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടു കൂടാരത്തിനൊരാവരണവും അതിനുമീതേ കരടിത്തോലുകൊണ്ടു വേറെയൊരാവരണവും നിര്‍മ്മിച്ചു. പത്തുമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്‍ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി. നാലുവശങ്ങളിലും ഇരുപതു പലകകള്‍വീതവും ഓരോ പലകയ്ക്കും രണ്ടു പാദകൂടങ്ങള്‍ വീതവുമുണ്ടായിരുന്നു. കൂടാരത്തിന്റെ തൂണുകള്‍ കരുവേലകത്തടിയാല്‍ നിര്‍മ്മിച്ച്‌, സ്വര്‍ണ്ണം പൊതിഞ്ഞവയായിരുന്നു. 

രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴമുയരവുമുള്ള സാക്ഷ്യപേടകം, കരുവേലത്തടിയില്‍ നിര്‍മ്മിച്ച്, കൊത്തുപണികള്‍ചെയ്തു. അതിനുമീതെ, സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞു.

അപ്രകാരംതന്നെ വിളക്കുകാലുകളും ധൂപപീഠവും ദഹനബലിപീഠവും നിര്‍മ്മിച്ചു. ബലികള്‍ക്കാവശ്യമായ  പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, കലശങ്ങൾ തുടങ്ങിയവ ഓടുകൊണ്ടു നിര്‍മ്മിച്ചു. 

സ്വര്‍ണ്ണം, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ചു പുരോഹിതവസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. സ്വര്‍ണ്ണം തല്ലിപ്പരത്തി, നേരിയ നൂലുകളായി വെട്ടിയെടുത്ത്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു. പുരോഹിതവസ്ത്രങ്ങള്‍, മാണിക്യം, പുഷ്യരാഗം, വൈഡൂര്യം, മരതകം, ഇന്ദ്രനീലം, വജ്രം, പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം,  പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നീ രത്നങ്ങള്‍കൊണ്ടലങ്കരിച്ചു.  അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടുകളിലാണ് ഈ രത്നങ്ങള്‍ പതിച്ചത്. ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച്, പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര്, ഓരോ രത്നത്തിന്‍റെയുംമേല്‍, ആലേഖനംചെയ്തു.

ഒരുവര്‍ഷംകൊണ്ടു പണികള്‍ പൂര്‍ത്തിയായി. 
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഒന്നാംമാസത്തിന്റെ ഒന്നാംദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം. സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ചു തിരശ്ശീലകൊണ്ടു മറയ്ക്കണം. മേശ കൊണ്ടുവന്ന്, അതിന്റെ ഉപകരണങ്ങളെല്ലാം അതിന്മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്മേല്‍ വിളക്കുകളുറപ്പിക്കുക. ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം, സാക്ഷ്യപേടകത്തിന്റെ മുമ്പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിനു യവനികയിടുകയും വേണം. 

സമാഗമകൂടാരത്തിന്റെ വാതിലിനു മുമ്പില്‍ ദഹനബലിപീഠം സ്ഥാപിക്കണം. സമാഗമകൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മദ്ധ്യേ, ക്ഷാളനപാത്രംവച്ച്, അതില്‍ വെള്ളമൊഴിക്കുക. കൂടാരത്തിനുചുറ്റും അങ്കണമൊരുക്കി, അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം. അതിനുശേഷം അഭിഷേകതൈലമെടുത്ത്, കൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്യണം. അങ്ങനെ, കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും."

മോശ അപ്രകാരം പ്രവര്‍ത്തിച്ചു; രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. 

അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.  

പിന്നീട്, മേഘം കൂടാരത്തില്‍നിന്നുയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘമുയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല. കര്‍ത്താവിന്റെ മേഘം, പകല്‍സമയത്തു കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്തു മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം, മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഓരോഘട്ടത്തിലും ഇതു ദര്‍ശിച്ചു
----------------------------------------------------------
*കെരൂബുകൾ - മാലാഖമാർ

Sunday, 3 December 2017

40. സ്വര്‍ണ്ണക്കാള

ബൈബിൾക്കഥകൾ 40

കര്‍ത്താവില്‍നിന്നുള്ള സന്ദേശങ്ങള്‍ക്കായി ഉയര്‍ന്ന പര്‍വ്വതശിഖരത്തിലേക്കു കയറിപ്പോയ മോശയെക്കാത്തുനിന്ന ജോഷ്വാ അസ്വസ്ഥനായി. മൂന്നുദിവസങ്ങള്‍കഴിഞ്ഞിട്ടും മോശ മടങ്ങിയെത്തിയിട്ടില്ല. മോശമടങ്ങിയെത്താന്‍ ഇനിയും വൈകുന്നതെന്തേ?

ഇപ്പോഴിതാ, താഴെ, മലയടിവാരത്തില്‍ ഇസ്രായേല്‍ജനം കൂടാരമടിച്ച ഭാഗത്തുനിന്ന് കാഹളധ്വനികളും മനുഷ്യരുടെ അട്ടഹാസങ്ങളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കുന്നു. ശക്തരായ മറ്റേതെങ്കിലും ജനത ഇസ്രായേല്‍ജനതയെ ആക്രമിക്കാനെത്തിയോ? ഒന്നും വ്യക്തമല്ല. മോശയെ അന്വേഷിച്ചു മുകളിലേക്കു കയറണമോ? അതോ കൂടാരങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ താഴേയ്ക്കിറങ്ങണമോ? എന്തുചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ ജോഷ്വായ്ക്കു കഴിഞ്ഞില്ല.

ഇസ്രായേല്‍ജനത്തിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിക്കുന്നതുകണ്ട മോശ ചകിതനായി.

കര്‍ത്താവു പറഞ്ഞു; "അനുസരണമില്ലാത്ത ഈ ജനതയെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. എന്നാല്‍ നിന്നില്‍നിന്നു ഞാന്‍ വലിയൊരു ജനതയ്ക്കു രൂപംനല്കും."

മോശ കര്‍ത്താവിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു: "കര്‍ത്താവേ, കരുണതോന്നേണമേ! വലിയ ശക്തിയോടെയും അദ്ഭുതകരമായ മാർഗ്ഗങ്ങളിലൂടെയും അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കരുതേ....  മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തരുതേ കർത്താവേ! അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു!! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയുമോര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞതില്‍നിന്നു പിന്മാറരുതേ"

മോശയുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന കര്‍ത്താവിനെ ശാന്തനാക്കി. അവിടുന്നു പറഞ്ഞു' "നീ പോവുക, നിന്റെ ജനത്തെ അവരുടെ തിന്മകളില്‍നിന്നു പിന്തിരിപ്പിക്കുക...."

ഉടമ്പടിപത്രികയെഴുതിയ രണ്ടു കല്പലകകളുമായി, മോശ  താഴേക്കിറങ്ങി, ജോഷ്വയുടെ സമീപമെത്തി. പലകകളുടെ ഇരുവശത്തും എഴുത്തുണ്ടായിരുന്നു.

മോശയെക്കണ്ടപ്പോള്‍ ജോഷ്വായ്ക്ക് ആശ്വാസംതോന്നി. അവനോടിയെത്തി, മോശയുടെ കൈകളില്‍നിന്ന് ഉടമ്പടിപത്രികകള്‍ വാങ്ങാന്‍ശ്രമിച്ചു. എന്നാല്‍ മോശ അവ തന്റെ കൈകളില്‍ത്തന്നെ വഹിച്ചു.

"പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്." ജോഷ്വാ പറഞ്ഞു.

"വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല നീ കേള്‍ക്കുന്നത്. ദൈവനിഷേധത്തിന്റെ ഗാനാലാപമാണവിടെ; കര്‍ത്താവിനെ തള്ളിപ്പറയുന്നവരുടെ ആഘോഷോന്മാദ ശബ്ദം." 

ജോഷ്വായ്ക്ക് ഒന്നും മനസ്സിലായില്ല. അവന്‍, മിണ്ടാതെ മോശയ്ക്കൊപ്പം മലയിറങ്ങി.

താഴ്വരയില്‍ പാളയത്തിനടുത്തെത്തുന്നതിനു മുമ്പുതന്നെ  സ്വര്‍ണ്ണനിര്‍മ്മിതമായ കാളക്കുട്ടിയെ ജനങ്ങള്‍ വണങ്ങുന്നതും അതിനുമുമ്പില്‍ അവര്‍ നൃത്തംചെയ്യുന്നതും മോശയും ജോഷ്വായും കണ്ടു; മോശ  കോപംകൊണ്ടു വിറച്ചു. കൈയിലിരുന്ന കല്പലകകള്‍ അവന്‍ വലിച്ചെറിഞ്ഞു. മലയുടെ അടിവാരത്തില്‍വീണ് അവ തകര്‍ന്നുപോയി. 

മോശ അഹറോനോടു കയര്‍ത്തു: "നീ ഈ ജനത്തിന്റെമേല്‍ ഇത്രവലിയൊരു പാപംവരുത്തിവയ്ക്കാന്‍ അവര്‍ നിന്നോടെന്തുചെയ്തു?" 

ഇന്നുവരെ കണ്ടിട്ടില്ലാത്ത, മോശയുടെ കോപംനിറഞ്ഞ മുഖം അഹറോനെ ഭയപ്പെടുത്തി. അയാള്‍ സ്വയം ന്യായീകരിക്കാന്‍ശ്രമിച്ചു.  

അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കാതിരിക്കട്ടെ. തിന്മയിലേക്ക്, ഈ ജനത്തിനുള്ള ചായ്‌വ് അങ്ങേയ്ക്കറിയാമല്ലോ. ഞങ്ങളെ നയിക്കാന്‍ ദേവന്മാരെയുണ്ടാക്കിത്തരികയെന്ന് അവരെന്നോടാവശ്യപ്പെട്ടു. പോയിട്ടു ദിവസങ്ങളായെങ്കിലും അങ്ങു മലയില്‍നിന്നു മടങ്ങിവന്നതുമില്ല. ജനക്കൂട്ടം എന്റെ ജീവനപഹരിക്കുമെന്നു ഞാന്‍ ഭയന്നു. സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെയെന്നു ഞാന്‍ പറഞ്ഞു. അവര്‍ കൊണ്ടുവന്നു. ഞാനതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു."

"സ്വര്‍ണ്ണം തീയിലിട്ടാല്‍ അതു കാളക്കുട്ടിയായി പുറത്തുവരുമോ? ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് ഈ ജനത്തെ നീയെന്തിനനുവദിച്ചു?"

ആ സ്വര്‍ണ്ണക്കാളയെ, അതിനു  ദഹനബലിയര്‍പ്പിക്കാനായി ഒരുക്കിയ അഗ്നികുണ്ഡത്തിലേക്കുതന്നെ  മോശ വലിച്ചെറിഞ്ഞു. അതിനെ ഉരുക്കിചാമ്പലാക്കി. അതിന്റെ ചാരം, കുടിനീരില്‍ക്കലര്‍ത്തി ഇസ്രായേല്‍ക്കാരെ കുടിപ്പിച്ചു.

സ്വർണ്ണക്കാളക്കുട്ടിയെ ആരാധിച്ചവരിൽ ഒരുസംഘമാളുകൾ മോശയുടെ പ്രവൃത്തിയെ എതിർത്തു. അവർ വാളുകളും മറ്റായുധങ്ങളുമായി മോശയ്ക്കുനേരെയടുത്തു.

മോശ, ജോഷ്വായോടൊപ്പം പാളയത്തിന്റെ കവാടത്തില്‍നിന്നുകൊണ്ടു പറഞ്ഞു: "കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെയടുക്കല്‍ ഒന്നിച്ചുകൂടി. 

ജോഷ്വായും ലേവിഗോത്രജരും ഊരിയ വാളോടെ കാളക്കുട്ടിയെ ആരാധിച്ചവരെ നേരിട്ടു. ഇസ്രായേല്‍ത്താവളത്തില്‍ അന്നു വലിയ കൂട്ടക്കൊലനടന്നു. മൂവായിരത്തോളംപേര്‍ അന്നു പരലോകംപൂകി.

എല്ലാം ശാന്തമായപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: "നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ വീണ്ടും കര്‍ത്താവിന്റെയടുത്തേക്കു കയറിച്ചെല്ലാം; ഒരുപക്ഷേ,  നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും."
        
മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം വലിയ പാപംചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്നവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുത്തെ  ജീവന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേരു മായിച്ചുകളഞ്ഞാലും."       

കര്‍ത്താവു മോശയോടു പറഞ്ഞു: "എനിക്കെതിരായി പാപംചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി ഞാനവരെ  ശിക്ഷിക്കും. നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക. എന്റെ ദൂതന്‍ നിന്റെമുമ്പേ പോകും. ആ നാട്ടിലുള്ള കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനവിടെനിന്നോടിച്ചുകളയും. 

നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. എന്നോടുള്ള വിധേയത്തത്തിന്റെ പ്രതീകമായി, നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍." 

കര്‍ത്താവു വീണ്ടും  മോശയോടുപറഞ്ഞു: "ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാനതിലെഴുതാം."

കർത്താവിന്റെ വാക്കുകൾ ജനത്തെയറിയിക്കാനും കല്പലകകൾ ചെത്തിയൊരുക്കാനുമായി മോശ മലയിൽനിന്നിറങ്ങി. 

മോശ കൊണ്ടുവന്ന അശുഭമായ ഈ വാര്‍ത്തകേട്ടു ജനങ്ങള്‍  വിലപിച്ചു. ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം തങ്ങളുടെ ആഭരണങ്ങളഴിച്ചുമാറ്റി. ആരും ആഭരങ്ങളണിഞ്ഞില്ല. കര്‍ത്താവിനും  മോശയ്ക്കുമെതിരായ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ജനങ്ങള്‍ പശ്ചാത്തപിച്ചു

Sunday, 26 November 2017

39. പത്തുകല്പനകള്‍

ബൈബിൾക്കഥകൾ 39

മോശയും അഹറോനും മലമുകളിലേക്കു കയറി. മുകളിലേക്കു കയറുന്തോറും അനിർവചറിയമായൊരു സന്തോഷം ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു. മലമുകളില്‍, കര്‍ത്താവിന്റെ സാന്നിദ്ധ്യം അവരെ പൊതിഞ്ഞുനിന്നു. അഹറോനോട് ഇടയിലൊരിടത്ത് പ്രാർത്ഥനാപൂർവ്വം നില്ക്കാനാവശ്യപ്പെട്ടശേഷം മോശ അല്പംകൂടെ മുകളിലേക്കു കയറി. 

കര്‍ത്താവു മോശയോടു പറഞ്ഞു: "നിങ്ങളും നിങ്ങളുടെ തലമുറകളും വാഗ്ദത്തഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിക്കണം. അതിനാവശ്യമായ ജീവന്റെ നിയമങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. ഒരു സമൂഹമായി ഭൂമിയിൽ നിലനില്‍ക്കാനാവശ്യമായ ഭൗതികനിയമങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്കാം. "

പീഠതുല്യമായിപ്പരന്നുകിടന്ന ഒരു പാറപ്പുറത്തു മോശ മുട്ടുകുത്തി. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. ഇസ്രായേല്‍ജനമനുഷ്ഠിക്കേണ്ട, ദൈവാരാധനയെക്കുറിച്ചുള്ള നിയമങ്ങളും സാമൂഹികനിയമങ്ങളും കര്‍ത്താവു മോശയുടെ മനസ്സില്‍ പതിച്ചുകൊണ്ടിരുന്നു. ദൈവമായ കർത്താവ്, ഇസ്രായേല്‍ജനവുമായി പുതിയൊരുടമ്പടിയുറപ്പിക്കുകയായിരുന്നു.

"എനിക്കു വസിക്കാൻ മനുഷ്യനിർമ്മിതമായ ഒരാലയമാവശ്യമില്ല. എന്നാൽ എൻ്റെ സാന്നിദ്ധ്യം നിങ്ങൾക്കനുഭവവേദ്യമാകാൻ ഒരു സാന്നിദ്ധ്യകൂടാരം നിങ്ങൾ നിർമ്മിക്കണം"

കര്‍ത്താവിനായി തിരുസാന്നിദ്ധ്യകൂടാരവും അതിനോടുചേര്‍ന്ന ബലിപീഠവും നിര്‍മ്മിക്കാനുള്ള അളവുകളും അവിടുന്നു മോശയ്ക്കു നല്കി.

അഹറോനെയും അവന്റെ പുത്രന്മാരെയും തന്റെ പുരോഹിതശുശ്രൂഷകരായി ചുമതലപ്പെടുത്താൻ കർത്താവു മോശയോടു കല്പിച്ചു.

ദീർഘമായ പ്രാർത്ഥനയ്ക്കുശേഷം മോശ അഹറോനുസമീപത്തേയ്ക്കിറങ്ങിവന്നു.

മോശയുടെ ഹൃദയത്തിൽപ്പതിഞ്ഞ കര്‍ത്താവിന്റെ വചനങ്ങള്‍, അയാൾ അഹറോനോടു പറഞ്ഞു. അഹറോൻ അവയെല്ലാം എഴുത്തുചുരുളുകളിലെഴുതിവച്ചു.

മോശയും അഹറോനും മലയിൽനിന്നിറങ്ങി. 

മലയടിവാരത്തില്‍ മോശയൊരു ബലിപീഠമൊരുക്കി.. അതിനോടുചേർന്ന്,  ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ സൂചിപ്പിക്കാനായി പന്ത്രണ്ടു സ്തൂപങ്ങളുമുണ്ടാക്കി.

ഊനമറ്റൊരു കാളക്കിടാവിനെ  കര്‍ത്താവിനായി ബലിയര്‍പ്പിച്ചു. ബലിമൃഗത്തിന്റെ രക്തത്തില്‍ പകുതി അവന്‍ ബലിപീഠത്തില്‍ തളിച്ചു. ബാക്കി, പാത്രങ്ങളില്‍ ശേഖരിച്ചു.

കര്‍ത്താവ് ഇസ്രായേലുമായിച്ചെയ്യുന്ന ഉടമ്പടിയുടെ വചനങ്ങളെഴുതിയ എഴുത്തുചുരുള്‍ നിവര്‍ത്തി, അഹറോന്‍ ഉറക്കെ വായിച്ചു. 
കര്‍ത്താവിന്റെ എല്ലാവാക്കുകളും നിയമങ്ങളും അഹറോൻ  ജനങ്ങളെയറിയിച്ചു. അവർ അവയെല്ലാം തങ്ങളുടെ ഹൃദയത്തിൽ സ്വീകരിച്ചു. 

ഉടമ്പടി വചനങ്ങള്‍ ശ്രവിച്ച ജനങ്ങള്‍, ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു. "ഞങ്ങള്‍ കര്‍ത്താവിനോടു വിശ്വസ്തരായിരിക്കും. ഈ ഉടമ്പടിയിലെ എല്ലാക്കാര്യങ്ങളും ഞങ്ങള്‍ പാലിക്കും."

അപ്പോള്‍ പാത്രങ്ങളില്‍ ശേഖരിച്ച, ബലിമൃഗത്തിന്റെ  രക്തമെടുത്ത്, മോശ ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു. "ഇ്ഇ്ഇ്ഇസ്രായേല്‍ജനത, കര്‍ത്താവിനോടുചെയ്യുന്ന ഉ്ഉ്ഉ് ഉടമ്പടിയുടെ രക്തമാണിത്. ഇ്ഇ്ഇ്ഇതു നിങ്ങളെ എക്കാലവും സംരക്ഷിക്കട്ടെ..."

മോശയും അഹറോനും വാര്‍ദ്ധക്യത്തിലായിരുന്നതിനാല്‍ തങ്ങളെ സഹായിക്കാനായി  ജോഷ്വാ, ഹൂര്‍ എന്നീ ചെറുപ്പക്കാരെ സമൂഹത്തില്‍നിന്ന് അവര്‍ തിരഞ്ഞെടുത്തു.

കർത്താവിൻ്റെ സാന്നിദ്ധ്യമനുഭവിച്ച ആ മലയടിവാരത്തിൽ കൂടാരങ്ങളുറപ്പിച്ച ഇസ്രായേൽ, കുറച്ചേറെക്കാലം അവിടെത്തന്നെകഴിഞ്ഞു.

കര്‍ത്താവു വീണ്ടും മോശയോടു പറഞ്ഞു: "മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്‍ക്കുക. എല്ലാനിയമങ്ങള്‍ക്കുമടിസ്ഥാനമായ നിയമങ്ങളെഴുതിയ കല്പലകകള്‍ നിനക്കു നല്കാം. നീ അവ, ജനങ്ങളെ പഠിപ്പിക്കണം."

മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറഞ്ഞു. "ഞ്‍ഞ്‍ഞ്‍ഞാന്‍ ജോഷ്വായോടൊപ്പം സീനായ് മലയില്‍ ക്‍ക്‍ക്‍കര്ത്താവിന്റെ സന്നിധിയിലേക്കു പോകുന്നു. അ്‍അ്‍അ്‍അഹറോനും ഹൂറും ന്്ന്്ന് നിങ്ങള്‍ക്കൊപ്പം, താഴെത്തന്നെയുണ്ടാകും. ഞ്‍ഞ്‍ഞ്‍ഞങ്ങള്‍ മടങ്ങിവരുന്നതുവരെ ന്്ന്്നിങ്ങളിവിടെ കാത്തുനില്‍ക്കുവിന്‍..."

മോശയും ജോഷ്വായും മലമുകളിലേക്കു കയറിപ്പോയി. പർവ്വതമദ്ധ്യേ, തന്നെക്കാത്തുനില്ക്കാൻ ജോഷ്വായോടാവശ്യപ്പെട്ട്, മോശ വീണ്ടും മുകളിലേക്കു കയറി.

കര്‍ത്താവു നല്കിയ നിയമങ്ങളെക്കുറിച്ച്,  മോശ ഹൃദയത്തിൽ ധ്യാനിച്ചു. കർത്താവു വീണ്ടും മോശയോടു സംസാരിച്ചു.

കര്‍ത്താവു പറഞ്ഞു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.

ആറുദിവസം എല്ലാജോലികളും ചെയ്യുകയും അദ്ധ്വാനിക്കുകയും ചെയ്യുക. എന്നാല്‍ ഏഴാംദിവസം കര്‍ത്താവിന്റെ സാബത്താണ്. കര്‍ത്താവിന്റെ സാബത്തു വിശുദ്ധമായി ആചരിക്കുക. അന്നു മറ്റുജോലികളില്‍ വ്യാപൃതരാകരുത്.

നിന്റെ ദൈവമായ കര്‍ത്താവുതരുന്ന നാട്ടില്‍, നീ ദീര്‍ഘമായി ജീവിച്ചിരിക്കേണ്ടത്തിനു്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

ആരെയും കൊല്ലരുത്.

നീയൊരിക്കലും വ്യഭിചാരംചെയ്യരുത്.

മോഷ്ടിക്കരുത്.

ആര്‍ക്കുമെതിരെ വ്യാജസാക്ഷ്യം നല്‍കരുത്.

അയല്‍ക്കാരന്റെ ഭവനമോ, അവന്റെ ഭാര്യയേയോ, അവന്റെ എന്തെങ്കിലും വസ്തുവകകളോ മോഹിക്കരുത്...."

ഓരോ നിയമത്തെക്കുറിച്ചും ആഴമേറിയ ധ്യാനത്തിലേക്കു് കർത്താവു മോശയെ നയിച്ചു. 

രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. മോശയും ജോഷ്വായും മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരായി. കർത്താവിൻ്റെ മലയിലേക്കു കയറിപ്പോയി അവരെയന്വേഷിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.

ജനങ്ങൾ അഹറോൻ്റെയും ഹൂറിൻ്റെയും ചുറ്റുംകൂടി.
"ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍നിന്നു പുറത്തുകടക്കണം. ഞങ്ങളെ നയിക്കാനായി, നീ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരൂ."

ജനങ്ങളുടെ നിർബ്ബന്ധം സഹിക്കാനാവാതെവന്നപ്പോൾ
അഹറോന്‍ പറഞ്ഞു. "നിങ്ങളുടെ ഭാര്യമാരുടെയും പുത്രീപുത്രന്മാരുടെയും കാതുകളിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത്‌ എന്നെയേല്പിക്കുക. നിങ്ങൾക്കായി ഞാനൊരു ദേവനെയുണ്ടാക്കാം"

ജനങ്ങള്‍ അഹറോന്‍ പറഞ്ഞതുപോലെ ചെയ്തു. അഹറോന്‍ അതുവാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു.

വാര്‍പ്പുവിഗ്രഹത്തെക്കണ്ട ഇസ്രായേല്‍ജനം ആര്‍പ്പുവിളിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു. "ഇതാ ഈജിപ്തില്‍നിന്നു നമ്മളെ കൊണ്ടുവന്ന ദേവന്‍ ...."

ജനങ്ങളുടെ ആവേശംകണ്ടപ്പോള്‍, അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതു.

അയാള്‍ ഉറക്കെ പറഞ്ഞു. "നാളെ നമ്മള്‍ കര്‍ത്താവിന്റെ ഉത്സവംകൊണ്ടാടും...."

പിറ്റേന്ന്, ജനങ്ങള്‍ പുലര്‍കാലത്തുണര്‍ന്നു കാളക്കുട്ടിയുടെ പ്രതിമയ്ക്കു മുമ്പില്‍ ദഹനയാഗവും അനുരഞ്ജനയാഗവും നടത്തി. പിന്നെ, തീറ്റയും കുടിയുംകഴിഞ്ഞ്,  വിനോദങ്ങളിലേര്‍പ്പെട്ടു.

മോശ ധ്യാനത്തിൽനിന്നുണർന്നപ്പോൾ, തന്റെ കല്പനകലെഴുതിയ രണ്ടു കല്പലകകള്‍ കര്‍ത്താവ്, മോശയ്ക്കു നല്കി. തന്റെ വിരല്‍ത്തുമ്പാല്‍ കര്‍ത്താവു കല്പലകയിലെഴുതിയത്, അഗ്നിയാല്‍ കല്ലിനെ ഉരുക്കിയതുപോലെ കാണപ്പെട്ടു. 

മലയുടെ താഴ്വരയില്‍നിന്ന്, ഇസ്രായേല്‍ജനതയുടെ ആഘോഷങ്ങളുടെ ആരവം മോശയും ജോഷ്വായും കേൾക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

കര്‍ത്താവു മോശയോടു പറഞ്ഞു. "വേഗം താഴേക്കു ചെല്ലുക; നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനതയാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ എന്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങും...."