Sunday, 30 April 2017

9. ലോത്തിന്റെ പെണ്മക്കൾ

ബൈബിൾക്കഥകൾ - 9

വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ നിന്നു.

പെട്ടെന്ന്, അകത്തുനിന്നു വാതിൽ തുറക്കപ്പെട്ടു. പുറത്തേക്കു നീണ്ടുവന്നൊരു കൈ, ലോത്തിനെ വീടിനകത്തേക്കു വലിച്ചെടുത്തു. വാതിൽ വീണ്ടുമടഞ്ഞു.

ആ നിമിഷത്തിൽത്തന്നെ, പുറത്തുണ്ടായിരുന്ന മുഴുവൻപേരുടേയും കണ്ണുകൾ അന്ധമായിപ്പോയി. സംഭവിച്ചതെന്തെന്നറിയാതെ അവർ ഇരുളിൽ തപ്പിത്തടഞ്ഞു.

ലോത്തിന്റെ അതിഥികൾ യഥാർത്ഥത്തിൽ ദൈവദൂതന്മാർതന്നെയായിരുന്നു. സോദോമിന്റെ വിധിനിർണ്ണയിക്കാൻ ദൈവമയച്ച മാലാഖമാർ!

നേരം പുലരാറായപ്പോൾ ദൂതന്മാർ ലോത്തിനോടു പറഞ്ഞു: "ഈ നഗരത്തിന്റെ പാപങ്ങൾമൂലം കർത്താവ്, ഇതിനെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എഴുന്നേറ്റ്, നിന്റെ ഭാര്യയെയും പെണ്മക്കള്‍ രണ്ടുപേരെയുംകൂട്ടി വേഗമിവിടെനിന്നു പുറപ്പെടുക. എത്രയുംപെട്ടെന്ന്, ഈ നഗരത്തിൽനിന്നകലെയെത്തണം. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും."

എന്നാൽ പുറത്തുണ്ടായിരുന്ന അക്രമിസംഘത്തെക്കുറിച്ചോർത്തപ്പോൾ ലോത്ത്, വീടിനു പുറത്തേക്കിറങ്ങാൻ മടിച്ചു. 

ലോത്തിന്റെയും കുടുംബത്തിന്റെയുംമേൽ കർത്താവിനു കനിവുതോന്നിയതിനാൽ മാലാഖമാർ ലോത്തിനൊപ്പം ചെല്ലാൻ തയ്യാറായി. ലോത്തിനേയും കുടുംബത്തേയും അവർ നഗരകവാടത്തിനു പുറത്തെത്തിച്ചു.

ദൂതന്മാരിലൊരുവന്‍ പറഞ്ഞു: "ജീവന്‍വേണമെങ്കില്‍ ഇവിടെനിന്നോടിപ്പോവുക. പുറകിലെന്തുസംഭവിച്ചാലും നിങ്ങൾ പിന്തിരിഞ്ഞുനോക്കരുത്‌. താഴ്‌വരയുപേക്ഷിച്ച്, മലമുകളിലേക്ക്‌ ഓടി രക്ഷപെടുക."

ലോത്ത് പറഞ്ഞു. "യജമാനന്മാരേ, നിങ്ങൾക്കു ഞങ്ങളുടെമേൽ കരുണതോന്നിയതിനാൽ ഞങ്ങൾ കർത്താവിനു നന്ദിപറയുന്നു. എന്നാൽ ഈ മലമുകളിലേക്കു് ഓടിക്കയറാൻ ഞങ്ങൾക്കു സാധിക്കില്ല. അങ്ങകലെക്കാണുന്ന സോവാർ എന്ന ചെറിയ പട്ടണത്തിലേക്കു ഞങ്ങൾ പോയിക്കൊള്ളട്ടേ?"

മാലാഖമാർ അവരെയതിനനുവദിച്ചു. "നീയാഗ്രഹിക്കുന്നതുപോലെ, ആ പട്ടണത്തിലേക്കു വേഗം രക്ഷപ്പെട്ടുകൊള്ളൂ, ആ പട്ടണം സുരക്ഷിതമായിരിക്കും. നിങ്ങളവിടെയെത്തുന്നതുവരെ ഞങ്ങൾ കാത്തുനില്ക്കാം."

ലോത്തും കുടുംബവും സോവാർ പട്ടണത്തിലേക്കോടി. പട്ടണപ്രാന്തത്തിലെത്തുമ്പോൾ, സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു.

അവർ ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പുതന്നെ സോദോമിന്റെയും ഗൊമോറോയുടെയുംമേൽ ഗന്ധകവുമഗ്നിയും മഴയായി പെയ്തുതുടങ്ങി. രണ്ടു നഗരങ്ങളുംചേർന്നു്, അഗ്നിയുടെയൊരു ക്ഷുഭിതസാഗരമായിത്തീർന്നു അവിടെയുണ്ടായിരുന്ന മനുഷ്യരും മൃഗങ്ങളും ഹരിതസസ്യങ്ങളും വൃക്ഷങ്ങളും കത്തിയമർന്നു

ലോത്തും കുടുംബവും അപ്പോഴും ജീവൻ രക്ഷിക്കാനായി ഓടുകയായിരുന്നു.എല്ലാവർക്കും പിന്നിലായാണ്, ലോത്തിന്റെ ഭാര്യ ഓടിയെത്തിയത്. പിറകിൽനിന്നുവരുന്ന തീവ്രപ്രകാശവും ഭയാനകമായ ഇടിമുഴക്കങ്ങളുംകേട്ടപ്പോൾ ദൂതന്റെ വാക്കുകൾ അവൾ മറന്നുപോയി. എന്താണു സംഭവിക്കുന്നതെന്നറിയാൻ, ഒരു നിമിഷം അവളൊന്നു പിന്തിരിഞ്ഞുനോക്കി. അരക്ഷണത്തിൽ അവളുടെ ചലനം നിലച്ചു, ശരീരം മരവിച്ചു... ആർക്കും തിരിച്ചറിയാനാവാത്തവിധം അവളുടെ ശരീരം ഉപ്പുതൂണായി മണ്ണിലുറച്ചുപോയി...

സൂര്യോദയമായപ്പോൾ അബ്രാഹമെഴുന്നേറ്റ്‌, ഓക്കുമരത്തോട്ടത്തിലെത്തി. സോദോമിന്റെയും ഗൊമോറായുടേയും ദിക്കിൽനിന്ന്  തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങുന്നതാണവൻ കണ്ടതു്.. ആ നഗരങ്ങൾക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥന വ്യർത്ഥമായെന്നവനറിഞ്ഞു.

ലോത്ത് സോവാർ പട്ടണത്തിലെത്തിയതിനുശേഷംമാത്രമാണ്, തന്റെ ഭാര്യ തന്നോടൊപ്പമില്ലെന്നു തിരിച്ചറിഞ്ഞത്! ഭാര്യയും വീടും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടു തകർന്നുപോയ ആ മനുഷ്യൻ തന്റെ പെണ്മക്കളെ ഇരുവശത്തും ചേർത്തുപിടിച്ച് സോവാർ പട്ടണത്തിന്റെ കവാടത്തിനു പുറത്തിരുന്നു കരഞ്ഞു.

അപരിചിതമായ ആ പട്ടണത്തിൽ അഭയംതേടാൻ അവനു ഭയമായിരുന്നു. അതിനാൽ ലോത്ത്, തന്റെ മക്കളോടൊത്ത്, മലമുകളിലേക്കു നടന്നു. അരുവിയിലെ ജലവും കാട്ടുപഴങ്ങളും കഴിച്ചു ക്ഷീണംതീർത്ത ആ കുടുംബം ഒരു ഗുഹയിൽ താമസിക്കാനിടംകണ്ടെത്തി.

കാട്ടുപഴങ്ങളും കാട്ടരുവിയിലെ ജലവും ലോത്തിന്റെയും മക്കളുടേയും ജീവൻ നിലനിറുത്തി. ദിവസങ്ങൾ മുമ്പോട്ടുപോകവേ, തങ്ങൾ താമസിച്ചിരുന്ന ഗുഹയ്ക്കു ചുറ്റുമായി അവർ മുന്തിരിയും ധാന്യങ്ങളും കൃഷിചെയ്തുതുടങ്ങി.

ലോത്തുമാത്രം വല്ലപ്പോഴും സോവാറിലെ ചന്തയിലേക്കുപോയിരുന്നതല്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ കുടുംബത്തിന്റെ ദിനരാത്രങ്ങൾ കടന്നുപോയി. അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും സോദോമിൽപ്പെയ്ത അഗ്നിമഴയിൽ, കരിഞ്ഞുചാരമായിപ്പോയിരുന്നു.

വർഷങ്ങൾ പലതു കഴിഞ്ഞുപോയി. മറ്റുമനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തൊരു തുരുത്തായി അവർ കഴിഞ്ഞു. ഋതുഭേദങ്ങളെല്ലാം അവർക്കൊരുപോലെയായിരുന്നു. 

കിനാവുവറ്റിയ മനസ്സും കണ്ണുനീർവറ്റിയ മിഴികളുമായി ജീവിതം കൺമുമ്പിൽ വിറങ്ങലിച്ചുനിന്ന ദിവസങ്ങളിലൊന്നിൽ ലോത്തിന്റെ മൂത്തമകൾ അനുജത്തിയോടു പറഞ്ഞു: "നമ്മുടെ പിതാവിനു പ്രായമായിരിക്കുന്നു. വനത്തിലെ ഈ ഗുഹയ്ക്കുള്ളിൽ നമ്മുടെ യൗവനവുമവസാനിക്കുന്നു. ലോകനടപ്പനുസരിച്ചു നമ്മളെ വിവാഹംകഴിക്കാനും നമ്മിൽ ജീവന്റെ വിത്തുവിതയ്ക്കാനും ഇനിയുമേതെങ്കിലുമൊരു  പുരുഷനെത്തുമോ?" ചേച്ചിയുടെ വാക്കുകൾ സത്യമാണെന്ന് ഇളയവൾക്കും തോന്നി.

അവരിരുവരുംചേർന്ന്, ഒരു തീരുമാനത്തിലെത്തി.

അന്നുരാത്രി, അവർ പിതാവിനായി ധാരാളം വീഞ്ഞുവിളമ്പി. ലോത്ത്, വീഞ്ഞുകുടിച്ചുന്മത്തനായപ്പോൾ മൂത്തവൾ പിതാവിനോടുകൂടെ ശയിച്ചു. അവള്‍വന്നു തന്നോടു ചേർന്നുകിടന്നതോ എഴുന്നേറ്റുപോയതോ ലോത്തറിഞ്ഞില്ല.

അടുത്ത രാത്രിയിലും ആ രാത്രിയുടെ തനിയാവർത്തനമായിരുന്നു. ഇളയവളും ചേച്ചിയുടെ വഴിതന്നെ പിന്തുടർന്നു. മദ്യത്തിന്റെയുന്മാദമൂർച്ഛയിൽ സംഭവിച്ചതൊന്നും ലോത്തിന്റെ ബോധമണ്ഡലത്തിനറിവുണ്ടായിരുന്നില്ല.

രണ്ടു പുത്രിമാരും തന്നില്‍നിന്നാണു ഗര്‍ഭിണികളായതെന്നറിഞ്ഞപ്പോൾ അയാൾ തകർന്നുപോയി! എന്നാൽ ലോത്തിന്റെ പെണ്മക്കൾക്കു ഖേദംതോന്നിയില്ല... 

അവർ സോദോമിൽ വളർന്നവരായിരുന്നു!

സമയത്തിന്റെ പൂർത്തിയിൽ രണ്ടാൺകുഞ്ഞുങ്ങൾകൂടെ ഭൂമിയിൽപ്പിറന്നു. ചേച്ചിയിൽനിന്നു മൊവാബും അനുജത്തിയിൽനിന്നു ബെൻ അമ്മിയും ജനിച്ചു. 

ഭാവിയിൽ അബ്രഹാമിന്റെ സന്തതികളോടു പടപൊരുതാനുള്ള *രണ്ടുവംശങ്ങൾ അവിടെ ഉടലെടുക്കുകയായിരുന്നു...

------------------------------------------
*മൊവാബിൽനിന്നു മൊവാബ്യജനത, ബെൻഅമ്മിയിൽനിന്ന് അമോന്യജനത


Sunday, 23 April 2017

8. സോദോം - ഗൊമോറോ

ബൈബിൾക്കഥകൾ - 8

ജോർദ്ദാൻനദിയുടെ സമതലത്തിൽ, ചെറുകുന്നുകളാലലംകൃതമായി, പച്ചപ്പട്ടണിഞ്ഞുനില്ക്കുന്ന ഇരട്ടനഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. 

കൃത്യതയോടെ പൊഴിയുന്ന മഞ്ഞും മഴയും... സൗമ്യതയോടെമാത്രം ഭൂമിയെത്തഴുകുന്ന സൂര്യകിരണങ്ങൾ.. 

ജോർദ്ദാൻനദിയിലെ കുളിർനീരും അനുകൂലമായ കാലാവസ്ഥയുംമൂലം
ഗോതമ്പുപാടങ്ങളും ബാർലിപ്പാടങ്ങളും നൂറുമേനി വിളവുനല്കിയിരുന്നു. സമൃദ്ധമായി വളരുന്ന പുൽമേടുകളിലൂടെ മേഞ്ഞുനടന്ന ആട്ടിൻപറ്റങ്ങൾ, മേന്മയേറിയ കമ്പിളി നല്കി. കോലാട്ടിൻകൂട്ടങ്ങളും കാലിക്കൂട്ടങ്ങളും പാലും മാംസവും സമൃദ്ധമായി നല്കി. തഴച്ചുവളരുന്ന മുന്തിരിവള്ളികൾനിറയെ വലിയ മുന്തിരിക്കുലകൾ കായ്ച്ചിരുന്നു. അത്തിമരങ്ങളും ഒലിവുമരങ്ങളും ഫലസമൃദ്ധിയാൽ ശിരസ്സു നമിച്ചുനിന്നു.

എവിടെ നോക്കിയാലും പ്രകൃതിഭംഗിയും ഫലസമൃദ്ധിയും  നിറഞ്ഞുനിന്നിരുന്ന നഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. സമ്പത്തും സൗഭാഗ്യങ്ങളുംമാത്രമനുഭവിച്ചിരുന്ന ജനങ്ങൾക്കു് ദാരിദ്ര്യത്തെക്കുറിച്ചു കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല. അവരുടെ ദിനങ്ങൾ ആഘോഷങ്ങളുടേതും ഉത്സവങ്ങളുടേതുംമാത്രമായിരുന്നു.
 
സോദോംനഗരത്തിൽ, ഗൊമോറോയുടെ അതിർത്തിയോടു ചേർന്നു്, നഗരകവാടത്തിനടുത്തായാണ്, ലോത്തും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്. ചുട്ടെടുത്ത ഇഷ്ടികയാൽ നിർമ്മിച്ച്, ദേവദാരുത്തടികൊണ്ടു വാതിലുകളും ജനാലകളുംതീർത്ത്,  ദേവദാരുത്തടികൊണ്ടുതന്നെ മച്ചിട്ടഭവനമായിരുന്നു അവരുടേത്.

സമ്പത്തിന്റെയും ആഘോഷത്തിമിർപ്പുകളുടേയും ലഹരിയിലായിരുന്ന സോദോം - ഗോമോറോ നിവാസികൾ, മദ്യാസക്തിയുടേയും കുത്തഴിഞ്ഞ ലൈംഗികതയുടെയും മ്ലേച്ഛതകളുടെയുമടിമകൾകൂടെയായിരുന്നു. ശിഥിലമായ കുടുംബബന്ധങ്ങൾമാത്രമായിരുന്നു ഇരുനഗരങ്ങളിലുമുണ്ടായിരുന്നത്. സ്വവർഗ്ഗലൈംഗികതയ്ക്കടിമപ്പെടാത്ത സ്ത്രീയോ പുരുഷനോ അവിടെയുണ്ടായിരുന്നില്ല.

അതിനാൽ സമ്പദ്സമൃദ്ധിയുടേയും ആഘോഷങ്ങളുടേയും നടുവിലായിരുന്നപ്പോഴും ലോത്ത് ഹൃദയത്തിൽ ഖിന്നനായിരുന്നു. അബ്രാമിൽനിന്നു പിരിയുമ്പോൾ സോദോമിന്റെ ബാഹ്യമോടിയിൽ കാഴ്ചയുടക്കിയതു വലിയ ബുദ്ധിമോശമായിപ്പോയെന്ന്, അവൻ തിരിച്ചറിഞ്ഞത് ഏറെവൈകിയാണ്. നാടിന്റെ പൊതുരീതികളിൽനിന്നു ഭിന്നമായിജീവിക്കാൻ ലോത്തും കുടുംബവും ഏറെ ബുദ്ധിമുട്ടി.
***   ***   ***  ***   ***   ***   ***  ***

അന്തിവെയിൽ, മാനത്തു ചെഞ്ചായംപുരട്ടിത്തുടങ്ങുമ്പോൾ, തന്റെ കൂടാരത്തിനരികേ, മാമ്രേയുടെ ഓക്കുമരത്തോപ്പിലെ ഒരു മരത്തിനു ചുവട്ടിൽ, ഇളംകാറ്റേറ്റിരിക്കുകയായിരുന്നൂ അബ്രഹാം. അപ്പോൾ കർത്താവിന്റെ മൃദുസ്വരം അവന്റെ കാതിൽപ്പതിഞ്ഞു:

"സോദോമിന്റേയും ഗൊമോറൊയുടേയും പാപം വളരെ വലുതാണ്. അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഞാനിന്ന് ആ നഗരങ്ങളിലേക്കു പോകുന്നു."

കർത്താവിന്റെ ക്രോധം ആ നഗരങ്ങളെ നശിപ്പിച്ചേക്കുമെന്ന് അബ്രഹാമിനുതോന്നി. അവൻ കർത്താവിനോടു ചോദിച്ചു:

"നന്മയുള്ള ചിലരെങ്കിലും അവിടെയുണ്ടാകില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അമ്പതു നീതിമാന്മാരുണ്ടെങ്കില്‍, അവരെയും നശിപ്പിച്ചുകളയുമോ? ആ നീതിമാന്മാരെപ്രതി ആ നഗരങ്ങളെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ?"

"ആ നഗരങ്ങളിൽ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി, ആ നഗരത്തെ ഞാൻ സംരക്ഷിക്കും." കർത്താവു പറഞ്ഞു.

അബ്രഹാമിന്റെ ഹൃദയത്തിൽനിന്നു പിന്നെയും സന്ദേഹമൊഴിഞ്ഞില്ല. സഹോദരപുത്രനായ ലോത്തും കുടുംബവും താമസിക്കുന്ന നഗരമാണത്. ആ നഗരത്തിനൊന്നും സംഭവിച്ചുകൂടാ. അതിനാൽ അവൻ കർത്താവിനോടു ചോദിച്ചു.

"നീതിമാന്മാരായവർ അമ്പതിന്‌, അഞ്ചു കുറവാണെന്നുവന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെമുഴുവന്‍ അങ്ങു നശിപ്പിക്കുമോ?" 

കർത്താവു പറഞ്ഞു: "നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനാ നഗരങ്ങളെ നശിപ്പിക്കുകയില്ല."

അബ്രഹാം വീണ്ടും ചോദിച്ചു: "നാല്പതുപേരേയുള്ളുവെങ്കിലോ?"

ദുശ്ചരിതരല്ലാത്ത പത്തുപേരെയെങ്കിലും കണ്ടെത്താനായാൽ ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന് കർത്താവ് അബ്രഹാമിനുറപ്പു നല്കി.
***   ***   ***  ***   ***   ***   ***  ***

ഇരുൾവീണുതുടങ്ങുമ്പോൾ ലോത്ത്, സോദോമിന്റെ നഗരകവാടത്തിലിരിക്കുകയായിരുന്നു. അവനവിടെനിന്നെഴുന്നേറ്റു വീട്ടിലേക്കു നടക്കുമ്പോൾ, തെരുവിലെ ഒരൊലിവുമരച്ചുവട്ടിൽ രണ്ടു യുവാക്കളിരിക്കുന്നതു കണ്ടു. അതീവകോമളന്മാരായ അവരെ ഇതിനുമുമ്പൊരിക്കലും സോദോമിൽ കണ്ടിരുന്നില്ല. ലോത്ത് അവരുടെ സമീപത്തെത്തി, അവരെ വണങ്ങി.

"നിങ്ങളെ ഈ നഗരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലല്ലോ? ഈ രാത്രിയിൽ, ഈ ദാസന്റെ അതിഥികളായി എന്റെ വീട്ടിലേയ്ക്ക്, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. അവിടെത്തങ്ങി, അത്താഴംകഴിച്ചു വിശ്രമിക്കാം. രാവിലെയെഴുന്നേറ്റു യാത്രതുടരാം. "

യുവാക്കൾ ലോത്തിന്റെ ക്ഷണം നിരസിച്ചു: "വേണ്ടാ, താങ്കളെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ല. രാത്രി ഞങ്ങളീ തെരുവില്‍ത്തന്നെ കഴിച്ചുകൊള്ളാം."

"അങ്ങനെയല്ലാ, ഇവിടുത്തെ തെരുവുകളിലെ രാത്രികൾ ഒട്ടും സുരക്ഷിതമല്ലാ. എന്റെ ഭവനത്തിൽ നിങ്ങൾക്കു സൗകര്യമൊരുക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല!"

ഒടുവിൽ, ലോത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവരവനോടൊപ്പം അവന്റെ വീട്ടിലേക്കു ചെന്നു. 

അത്താഴംകഴിഞ്ഞ്, വിളക്കണയ്ക്കുന്നതിനുമുമ്പായി, വീടിനുപുറത്ത് ഒരാരവംകേട്ട്, 
ലോത്ത്‌ വീടിനു പുറത്തിറങ്ങി. നഗരത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുറേപ്പേർ, യുവാക്കൾമുതല്‍ വൃദ്ധന്മാര്‍വരെ വീടിനുമുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
 
കതകടച്ചിട്ട്‌, ലോത്ത് അവരുടെയടുത്തേക്കുചെന്നു.
"സുന്ദരന്മാരായ രണ്ടു യുവാക്കളെ നിന്റെ വീട്ടിൽ നീ ഒളിപ്പിച്ചിട്ടില്ലേ? നിനക്കുമാത്രം പോരാ, ഞങ്ങൾക്കുമവരെ വേണം! ഈ രാത്രിയിൽ ഞങ്ങൾക്കവരോടൊത്തു രമിക്കണം!"

"സഹോദരന്മാരേ, അവർ ഈ നഗരത്തിന്റെ അതിഥികളാണ്. അവരോടു മ്ലേച്ഛതകാട്ടരുത്. ദയവായി നിങ്ങൾ പിരിഞ്ഞുപോകണം." ലോത്ത് കൈകൂപ്പി യാചിച്ചു.

"നീയവരെ ഞങ്ങൾക്കു വിട്ടുതരുന്നോ, അതോ ഞങ്ങൾ വാതിൽ തകർത്ത്, അവരെ പിടിച്ചുകൊണ്ടുപോകണോ?" ജനക്കൂട്ടം ലോത്തിനുനേരേ അലറിക്കൊണ്ടിരുന്നു.

"സഹോദരന്മാരേ, അതിഥികളെ ദൈവദൂതന്മാരായ മാലാഖമാരായിക്കാണണം. നിങ്ങളാവശ്യപ്പെടുന്ന മറ്റെന്തും നിങ്ങൾക്കു ഞാൻ തരാം. കന്യകകളായ രണ്ടു പെണ്മക്കളെനിക്കുണ്ടു്. എന്റെ അതിഥികളെപ്രതി അവരെപ്പോലും നിങ്ങൾക്കു വിട്ടുതരാൻ ഞാൻ തയ്യാറാണ്. ദയവായി ആ യുവാക്കളെ നിങ്ങളുപദ്രവിക്കരുത്." ലോത്ത് കേണപേക്ഷിച്ചു.

"ഇവനോടൊന്നും സംസാരിച്ചിട്ടുകാര്യമില്ല. വാതിൽ തല്ലിത്തകർത്ത് അവരെ പുറത്തിറക്കൂ..." ആൾക്കൂട്ടത്തിൽനിന്നാരോ വിളിച്ചുപറഞ്ഞു.
 
ആൾക്കൂട്ടം ലോത്തിന്റെ വീടിന്റെ വാതിലിനുനേരെ പാഞ്ഞടുത്തു. വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ കൈകൾവിരിച്ചു നിന്നു. 

Sunday, 16 April 2017

7. ഇസ്മായേൽ

ബൈബിൾക്കഥകൾ 7

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ്, അബ്രാമിനോടു പറഞ്ഞു:

“നീ നില്ക്കുന്നേടത്തുനിന്നു നാലുചുറ്റും നോക്കുക. നീ കാണുന്ന പ്രദേശങ്ങളെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കുമായി  ഞാന്‍തരും. ഭൂമിയിലെ മണൽപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം അന്നുതന്നെ, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപത്തേയ്ക്കു താമസംമാറ്റി. അവിടെയും അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. 

അവിടെവച്ച്, സ്വപ്നദര്‍ശനത്തില്‍ കര്‍ത്താവു വീണ്ടും അബ്രാമിനോടു പറഞ്ഞു; 

“അബ്രാം, എന്നിൽ വിശ്വാസമർപ്പിച്ച്, പിതൃഭവനത്തെയും ബന്ധുമിത്രങ്ങളെയുമുപേക്ഷിച്ച് നീയെന്നെ പിന്തുടർന്നതിനാൽ നിനക്കു ഞാൻ വലിയപ്രതിഫലം നല്കും!" 

“കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തുകിട്ടിയിട്ടുമെന്തു കാര്യം? എന്റെ കാലശേഷം എനിക്കുള്ളതെല്ലാം അന്യാധീനപ്പെടില്ലേ..?”

“ഒരിക്കലുമില്ല. നിന്റെ ഭാര്യയിലൂടെ നിനക്കു ജനിക്കുന്ന പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണിത്തിട്ടപ്പെടുത്താനാവത്തവിധം അസംഖ്യമായിരിക്കും നിന്റെ സന്താനപരമ്പര.."

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. അബ്രാമിന്റെ വാക്കുകളിൽ സാറായിയും പ്രത്യാശയർപ്പിച്ചു.

എന്നാൽ, പിന്നെയും വര്‍ഷങ്ങൾ പലതു കടന്നുപോയെങ്കിലും സാറായി ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോചെയ്തില്ല. 

സാറായി അബ്രാമിനോടു പറഞ്ഞു: ''നിങ്ങളുടെ കർത്താവു പറയുന്നതുപോലെ, വൃദ്ധയായ എനിക്കിനി മക്കളുണ്ടാകുകയില്ല. എന്റെ ദാസിയായ ഹാഗാറിനെ നിങ്ങള്‍ക്കു ഞാൻ നല്കാം. ഒരുപക്ഷേ, അവളിലൂടെ നമുക്കു സന്താനസൗഭാഗ്യമുണ്ടായേക്കാം. അവൾ പ്രസവിക്കുന്ന കുഞ്ഞിനെ അവൾ, എന്റെ മടിയിൽവച്ചുതരും. എന്റെ കുഞ്ഞായിത്തന്നെ ഞാനവനെ വളർത്തും ..."


സാറായിയുടെ വാക്കുകൾ ശരിയാണെന്ന് അബ്രാമിനുംതോന്നി.  
അബ്രാം സാറായിയുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറിനോടൊത്തു ശയിച്ചു. അവള്‍ ഗര്‍ഭംധരിക്കുകയുംചെയ്‌തു. 

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ,
ഹാഗാറിന്റെ ഭാവംമാറി. അവള്‍ സാറായിയെ നിന്ദിക്കുകയും അവളോടു കയർത്തുസംസാരിക്കുകയും ചെയ്തുതുടങ്ങി. മറ്റു ദാസരുടെ മുമ്പിൽവച്ചുപോലും ഹാഗാർ സാറായിയെ പുച്ഛിച്ചു.

തന്റെ പുത്രനെ ഉദരത്തിൽവഹിക്കുന്നതിനാൽ, അബ്രാം ഹാഗാറിനെ കൂടുതൽ സ്നേഹിക്കുന്നതായി സാറായി കരുതി. അതിനാലവൾ ഹാഗാറിന്റെ പ്രവൃത്തികളെല്ലാം നിശബ്ദയായി സഹിച്ചു. സാറായിയുടെ മൗനം, ഹാഗാർ കൂടുതൽ മുതലെടുത്തു. മറ്റു ദാസീദാസന്മാരുടെ കാര്യങ്ങളിലും അവളിടപെട്ടുതുടങ്ങി. അവൾ എല്ലാവരുടേയുംമേൽ അധികാരംസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ജീവിതം കൂടുതൽദുസ്സഹമായപ്പോൾ സാറായി അബ്രാമിനുമുമ്പിൽ പരാതിയുമായെത്തി..

"ഈജിപ്തുകാരിയായ ഹാഗാർനിമിത്തം ഞാനെത്ര കഷ്ടപ്പെടുന്നുവെന്നു നിങ്ങളറിയുന്നുണ്ടോ? എന്റെ ദാസിയെ നിങ്ങൾക്കു ഞാൻ വിട്ടുതന്നു. എന്നാൽ അവൾ നിങ്ങളിൽനിന്നു ഗര്‍ഭിണിയായതോടെ ഞാനവള്‍ക്കു നിന്ദാപാത്രമായിരിക്കുന്നു. നിങ്ങൾ രണ്ടാളുംമൂലം എന്റെ ജീവിതം ദുരിതപൂർണ്ണമായി. എനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ കര്‍ത്താവുതന്നെ വിധിയാളനാകട്ടെ!"

അബ്രാം പറഞ്ഞു: "നീയെന്തിനെന്നോടു പരാതിപ്പെടുന്നു? അവളിപ്പോഴും നിന്റെ ദാസിതന്നെയാണല്ലോ. നിന്റെ ദാസിയോട് എങ്ങനെ പെരുമാറണമെന്നു നീയല്ലേ തീരുമാനിക്കേണ്ടതു്?" 

അബ്രാമിന്റെ മനസ്സിപ്പോഴും തനിക്കൊപ്പംതന്നെയെന്നുറപ്പായപ്പോൾ, സാറായി ഹാഗാറിനോടു പ്രതികരിച്ചുതുടങ്ങി. ഹാഗാറിനോടുള്ള അവളുടെ പെരുമാറ്റം ക്രൂരമായിത്തുടങ്ങി.

സാറായി, ഹാഗാറിനോടുകാട്ടുന്ന ക്രൂരതകളറിഞ്ഞിട്ടും സഹദാസരിലൊരാൾപോലും ഹാഗാറിനോടു സഹതപിക്കാനുണ്ടായില്ല. അബ്രാമിന്റെ പാളയത്തിൽ താൻ ഒറ്റപ്പെട്ടെന്നു ഹാഗാർ തിരിച്ചറിഞ്ഞു. അവൾ അബ്രാമിനേയും സാറായിയേയുംവിട്ട് പാളയത്തിൽനിന്നോടിപ്പോയി. 

എവിടേയ്ക്കെന്നറിയാതെ, മരുഭൂമിയുടെ വന്യതയിൽ ഹാഗാർ അലഞ്ഞുതിരിഞ്ഞു. വിശപ്പും ക്ഷീണവും അവളെയലട്ടി. ദാഹമകറ്റാൻ ഒരിറ്റുവെള്ളംപോലും കിട്ടാതെ, മരുഭൂമിയിൽവീണുമരിച്ചുപോകുമെന്ന് അവൾ ഭയന്നു. ഒടുവിലെങ്ങനെയോ ഷൂറിലേയ്ക്കുള്ള വഴിയില്‍, മരുഭൂമിയിലുള്ള ഒരു നീരുറവയുടെ യടുത്ത് അവളെത്തി. ആ ഉറവയേക്കാൾ വലുതായി ലോകത്തിൽ മറ്റൊന്നുമില്ലെന്നാണ് അവൾക്കപ്പോൾ തോന്നിയത്! ഉറവയിലെ വെള്ളംകുടിച്ച്, ഒരു മരച്ചുവട്ടിൽ അവൾ തളർന്നിരുന്നു. ക്ഷീണത്താൽ പെട്ടെന്നുതന്നെ അവൾ ഗാഢനിദ്രയിലേക്കു വഴുതിവീണു. 

അപ്പോൾ കർത്താവിന്റെ ദൂതൻ അവളുടെ മുമ്പിൽ പ്രത്യക്ഷനായി. :

"സാറായിയുടെ ദാസിയായ ഹാഗാർ, നീയെവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു?" ദൂതൻ അവളോടു ചോദിച്ചു

"യജമാനത്തിയുടെ ക്രൂരതസഹിക്കാനാകാതെ അവളുടെയടുത്തുനിന്ന് ഓടിപ്പോന്നതാണു ഞാൻ. എവിടേയ്ക്കാണു പോകേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ."

"ഭയപ്പെടേണ്ടാ! കര്‍ത്താവു നിന്റെ വിലാപംകേട്ടിരിക്കുന്നു. നിന്റെ യജമാനത്തിയുടെയടുത്തേക്കുതന്നെ നീ തിരിച്ചുപോകുക, എല്ലാക്കാര്യങ്ങളിലും അവള്‍ക്കു വിധേയയായിരിക്കുക. അപ്പോൾ അവൾ നിന്നെയുപദ്രവിക്കുകയില്ല. നീ പ്രസവിക്കുന്ന കുട്ടിക്ക്, ഇസ്‌മായേല്‍ എന്നു പേരിടണം. 
എണ്ണിയാല്‍ത്തീരാത്തത്രയധികമായി നിന്റെ സന്തതിയെ കർത്താവു വര്‍ദ്ധിപ്പിക്കും. കാട്ടുകഴുതയ്‌ക്കൊത്ത കരുത്തുള്ളവനായി അവൻ വളരും. അവന്‍ സകലർക്കുമെതിരായി തന്റെ കൈയുയർത്തും. എല്ലാവരും അവനെതിരായിത്തീരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വർത്തിക്കുന്നവനായിരിക്കും"

തന്റെ ദൂതനിലൂടെ കർത്താവരുൾചെയ്ത വാക്കുകൾ ഹാഗാറിനെ സന്തുഷ്ടയാക്കി. ദൂതൻ പറഞ്ഞതുപോലെ, അവൾ പാളയത്തിലേക്കു മടങ്ങിപ്പോയി. 
തിരികെയെത്തിയപ്പോൾ, സാറായി
അവളെ തള്ളിക്കളഞ്ഞില്ല. ഗർഭിണിയായ ഹാഗാറിനെ അവൾ തന്റെ കൂടാരത്തിൽ വീണ്ടും സ്വീകരിച്ചു.

സമയത്തിന്റെ തികവിൽ ഹാഗാർ ഒരു പുത്രനെ പ്രസവിച്ചു. അവൻ ജനിക്കുമ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സുണ്ടായിരുന്നു. ദൈവദൂതൻ ഹാഗാറിനോടു കല്പിച്ചതനുസരിച്ച്, അബ്രാം തന്റെ പുത്രന് ഇസ്‌മായേല്‍ എന്നുപേരിട്ടു. ഹാഗാറിനോടും പുത്രനോടും സാറായി അനിഷ്ടമൊന്നും കാണിച്ചില്ല. പ്രത്യേകപരിഗണന നല്കിയതുമില്ല.

കാലം പിന്നെയും കടന്നുപോയി. ഇസ്മായേൽ ശൈശവത്തിൽനിന്നു ബാല്യത്തിലേയ്ക്കു കടന്നു. സാറായിയുടെ ഉദരം അപ്പോഴും വന്ധ്യമായിത്തുടർന്നു.

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുമവനു പ്രത്യക്ഷപ്പെട്ടു. അബ്രാം കർത്താവിനുമുമ്പിൽ സാഷ്‌ടാംഗം പ്രണമിച്ചു. 

"നീയുമായി ഞാനൊരുടമ്പടിചെയ്യും. ഞാന്‍ നിനക്കു നിരവധി സന്താനങ്ങളെ നല്കും..."

കർത്താവ് അവനോടരുളിച്ചെയ്‌തു: ''നീയുമായുള്ള എന്റെ ഉടമ്പടിയിതാണ്. ഇനിമേല്‍ നീ അബ്രാമെന്നു വിളിക്കപ്പെടുകയില്ല. ഞാന്‍ നിന്നെ, അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. അതിനാൽ നിന്റെ പേര്‌, അബ്രാഹം എന്നായിരിക്കും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. നിരവധി രാജവംശങ്ങൾ നിന്നില്‍നിന്നുദ്‌ഭവിക്കും. നീയുമായും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതികളുമായും എന്നേയ്ക്കും ഞാനെന്റെയുടമ്പടി നിലനിറുത്തും. നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായുള്ള ഉടമ്പടിപാലിച്ചാൽ, നീ പരദേശിയായിപ്പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍, നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അതവരുടേതായിരിക്കുകയുംചെയ്യും. 

എന്റെയുടമ്പടി, നിങ്ങളുടെ മാംസത്തില്‍, ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെയടയാളമായി, നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങള്‍ ലിംഗത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കണം. നിങ്ങളുടെ വീട്ടില്‍പ്പിറന്നവനോ നിങ്ങൾ വിലയ്‌ക്കുവാങ്ങുന്ന പരദേശിയായ ദാസനോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. ഇനിമേലിൽപ്പിറക്കുന്ന ആണ്‍കുട്ടികളെയെല്ലാം എട്ടാം ദിവസത്തിൽ പരിച്ഛേദനംചെയ്യണം. പരിച്ഛേദനംചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. 

നിന്റെ ഭാര്യ സാറായിയെ ഇനിയും സാറായിയെന്നു വിളിക്കരുത്, ഞാനവളെയനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്കൊരു പുത്രനെ നല്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാരുദ്‌ഭവിക്കും! അതിനാൽ ഇനിമേൽ അവളുടെ പേര്‌ സാറാ എന്നായിരിക്കും."

അതുകേട്ടപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുപോയി! നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമെന്നോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമെന്നോ?

ചിരിയടക്കി, അബ്രാഹം ദൈവത്തോടു പറഞ്ഞു: "കർത്താവേ, എനിക്കിനിയുമൊരു കുഞ്ഞുവേണമെന്ന ആഗ്രഹമില്ല. ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍മാത്രം മതി."

"നിന്റെ ഭാര്യ സാറാതന്നെ നിന്റെ പുത്രനെ പ്രസവിക്കും. നീയവന്, ഇസഹാക്ക്‌ എന്നു പേരിടണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായൊരുടമ്പടി സ്ഥാപിക്കും.
ഇസ്‌മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ സ്വീകരിക്കുന്നു. അവൻ സന്താനപുഷ്‌ടിയുള്ളവനായിരിക്കും. അവനില്‍നിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
എന്നാല്‍, സാറായില്‍നിന്നു നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടായിരിക്കും എന്റെയുടമ്പടി ശാശ്വതമായുറപ്പിക്കുന്നത്."

കർത്താവിന്റെ വാക്കുകൾ അബ്രാം തന്റെ ഹൃദയത്തിൽ സ്വീകരിച്ചു.

ദൈവകല്പനപോലെ ആ ദിവസംതന്നെ മകന്‍ ഇസ്‌മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വിലകൊടുത്തു വാങ്ങിയവരുമായ സകലപുരുഷന്മാരെയും അബ്രാഹം പരിച്ഛേദനംചെയ്‌തു. അബ്രാഹാമും പരിച്ഛേദനംചെയ്യപ്പെട്ടു.

Sunday, 9 April 2017

6. ദൈവവിളി

ബൈബിൾക്കഥകൾ - 6

മഹാപ്രളയത്തിനുശേഷം, പലനൂറ്റാണ്ടുകൾ പിന്നെയും കൊഴിഞ്ഞുവീണു. ലോകത്ത്, വ്യത്യസ്തങ്ങളായ നിരവധിഭാഷകളുണ്ടായി. ഭാഷകളുടെ അടിസ്ഥാനത്തിൽ മനുഷ്യർ പലസമൂഹങ്ങളായിത്തീർന്നതോടെ, ഭൂമിയിൽ നവീനസംസ്കാരങ്ങളുടലെടുത്തു. 

മനുഷ്യർ, പ്രകൃതിശക്തികളെ ദൈവമാക്കിയാരാധിച്ചുതുടങ്ങി. പുതിയ ദേവീദേവന്മാർക്കായി അവർ ബലികളർപ്പിക്കുകയും 
 ഉത്സവങ്ങളാഘോഷിക്കുകയുംചെയ്തു. എന്നാൽ കർത്താവിനെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരുവൻപോലും ഭൂമിയിലില്ലാതെയായി.

അക്കാലത്ത്, മെസെപ്പൊട്ടോമിയയിലെ ഊർ എന്ന ദേശത്ത്, നോഹയുടെ പുത്രനായ ഷേമിന്റെ വംശത്തിൽപ്പിറന്ന, നാഹോറിന്റെ പുത്രനായ തേരാഹ് എന്നൊരാൾ ജീവിച്ചിരുന്നു.

തേരഹിന്, ഹാരാൻ, നാഹോർ, അബ്രാം എന്നീ പുത്രന്മാരാണുണ്ടായിരുന്നത്. മൂത്തവനായ ഹാരാൻ , യൗവനത്തിൽത്തന്നെ മരണമടഞ്ഞു. ഹാരാൻ മരിക്കുമ്പോൾ അവൻ്റെ പുത്രനായ ലോത്ത്, ബാലനായിരുന്നു. 

കുറച്ചുനാളുകൾക്കുശേഷം, തേരഹ് തന്റെ മക്കൾക്കും പേരക്കുട്ടികളോടുമൊപ്പം, ഊറിനേക്കാൾ കൂടുതൽഫലഭൂയിഷ്ഠമായ മറ്റൊരു ദേശത്തേയ്ക്കു കുടിയേറി. തന്റെ കടിഞ്ഞൂൽപ്പുത്രന്റെ ഓർമ്മയ്ക്കായി, തേരഹ്, ആ ദേശത്തിനു ഹാരാൻ എന്നു പേരുവിളിച്ചു.

ഹാരാനിൽവച്ച്, തേരാഹിൻ്റെ ഇളയപുത്രന്മാരായ അബ്രാമും നാഹോറും വിവാഹിതരായി. അർദ്ധസഹോദരിയായ സാറായി അബ്രാമിനു ഭാര്യയായപ്പോൾ, സഹോദരനായ ഹാരാന്റെ മകൾ മിൽക്കയെയാണ് നാഹോർ വിവാഹംകഴിച്ചത്. 

ഹാരാൻദേശത്തിന്റെ സമൃദ്ധിയിൽ, തേരാഹിന്റെയും പുത്രന്മാരുടേയും സമ്പത്ത്, അത്യധികമായി വർദ്ധിച്ചു. ആലകളിൽ ആട്ടിൻപറ്റങ്ങളും തൊഴുത്തിൽ കാലികളും നിറഞ്ഞു. അവയ്ക്കെല്ലാം മേയാൻവേണ്ടത്ര സമൃദ്ധമായ മേച്ചിൽപ്പുറങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടന്നിരുന്നു. 

കാലത്തിന്റെ തികവിൽ നാഹോറിനും മിൽക്കയ്ക്കും പുത്രീപുത്രന്മാർ ജനിച്ചു. എന്നാൽ സാറായി വന്ധ്യയായിരുന്നതിനാൽ അബ്രാമിനു സന്താനഭാഗ്യമുണ്ടായില്ല. സഹോദരപുത്രനായ ലോത്തിനെ അബ്രാം തന്നോടൊപ്പം നിറുത്തി.

ഒരു രാത്രിയിൽ, അബ്രാം ഗാഢനിദ്രയിലായിരുന്നപ്പോൾ, ഒരു സ്വപ്നദർശനത്തിൽ, കർത്താവ് അവനോടു സംസാരിച്ചു. 

"ആകാശവും ഭൂമിയുംസൃഷ്ടിച്ച, കർത്താവായ ദൈവമാണു ഞാൻ!  ഭൂമി മുഴുവനിലുമുള്ള മനുഷ്യർ എന്നിൽനിന്നകന്നിരിക്കുന്നു. സ്രഷ്ടാവായ എന്നെയന്വേഷിക്കുന്ന ഒരുവൻപോലുമില്ലാതായിരിക്കുന്നു... ഇതാ, ഇന്നു ഞാൻ, നിന്നെ തിരഞ്ഞെടുത്ത്, മറ്റുമനുഷ്യരിൽനിന്നു വേർതിരിച്ചുനിറുത്തുന്നു.

ഈ ദേശത്തെയും നിന്റെപിതൃഭവനത്തെയും ബന്ധുമിത്രാദികളേയുമുപേക്ഷിച്ച്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേയ്ക്കു പോകുക. അവിടെ, വലിയൊരു ജനതയാക്കി നിന്നെ ഞാൻ വളർത്തും...." 

അബ്രാം നിദ്രയിൽനിന്നുണർന്നു. ചുറ്റുമന്ധകാരംമാത്രം! രാപ്പാടികളുടെ ദുർബ്ബലമായ ശബ്ദമൊഴികെ, എവിടെയും തികഞ്ഞ നിശ്ശബ്ദതമാത്രം! 

കേട്ടതെല്ലാം സത്യംതന്നെയോ? അബ്രാമിന് ഒന്നും മനസ്സിലായില്ല. ആ ദിവസംവരെ അവൻ അങ്ങനെയൊരു ദൈവത്തെക്കുറിച്ചു കേട്ടിരുന്നില്ല...  എങ്കിലും ശുഭകരമായതെന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻപോകുന്നെന്ന് അവന്റെ ഹൃദയം, അവനോടു പറഞ്ഞു....

അബ്രാം മനസ്സു ശാന്തമാക്കി, അല്പനേരം ധ്യാനനിമഗ്നനായി. അപ്പോൾ, ഒരിക്കൽക്കൂടെ ആ ശബ്ദം, അവൻ്റെ കർണ്ണപടങ്ങളിൽ മുഴങ്ങി., 

''നീ പോകുക, നിന്റെ നാമം ഞാൻ മഹത്തരമാക്കും. നീയെന്നുമൊരനുഗ്രഹമായിരിക്കും.
നിന്നെയനുഗ്രഹിക്കുന്നവരെ ഞാനുമനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ മനുഷ്യവംശങ്ങളെല്ലാം അനുഗൃഹീതമാകും.!"

ഇന്നുവരെ താനറിയുകയോ ആരാധിക്കുകയോചെയ്തിട്ടില്ലാത്തൊരു ദൈവം തന്നെത്തേടിയെത്തിയിരിക്കുന്നു. അവന്റെ ഹൃദയം ആവേശഭരിതമായി.

"കർത്താവേ, ഇതാ ഞാൻ!" അബ്രാം തന്റെ സമ്മതമറിയിച്ചു.

അബ്രാമിനു ധാരാളം ദാസീദാസന്മാരും ആടുമാടുകളും സ്വര്‍ണ്ണവും വെള്ളിയുമുണ്ടായിരുന്നു. പിറ്റേന്നു പുലർച്ചേ, അബ്രാമും ഭാര്യ സാറായിയും തങ്ങളുടെ ദാസീദാസന്മാരേയും ആടുമാടുകളേയും യാത്രയ്ക്കു തയ്യാറാക്കി. സ്വർണ്ണവും വെള്ളിയുമടക്കമുള്ള സമ്പാദ്യങ്ങൾ ഭാണ്ഡങ്ങളിൽ നിറച്ച്,  കഴുതച്ചുമടുകളായെടുത്തു.

അബ്രാമിന്റെ തീരുമാനമറിഞ്ഞപ്പോൾ ലോത്തും 
അവനോടൊപ്പം പുറപ്പെടാൻ തയ്യാറായി. അബ്രാം അവനെത്തടഞ്ഞെങ്കിലും ലോത്ത് പിന്മാറിയില്ലാ. തന്റെ ഭാര്യ, രണ്ടു പെൺകുഞ്ഞുങ്ങൾ, ദാസീദാസന്മാർ, ആടുമാടുകൾ എന്നിവയുമായി ലോത്ത്, അബ്രാമിനും സാറായിക്കുമൊപ്പം പുറപ്പെട്ടു.

അബ്രാമിന് എഴുപത്തഞ്ചു വയസ്സുള്ളപ്പോളാണ് അവർ ഹാരാൻ വിട്ടത്.

അബ്രാമും സംഘവും ദീർഘദൂരം സഞ്ചരിച്ച്‌, കാനാൻകാരുടെ ദേശത്ത്, ഷെക്കെമിലെ മോറെയുടെ ഓക്കുമരംവരെയെത്തി. അവിടെയവർ കൂടാരമടിച്ചു.

അവിടെവച്ച്, കര്‍ത്താവ്‌ അബ്രാമിനു പ്രത്യക്ഷപ്പെട്ടു. "നിന്റെ സന്തതികള്‍ക്കായി, ഈ നാടുമുഴുവൻ ഞാന്‍ നല്കും!"  അവിടുന്നു വാഗ്ദാനംചെയ്തു.

അബ്രാമും സാറയും അനപത്യരായ വൃദ്ധരായിരുന്നെങ്കിലും അബ്രാം കർത്താവിന്റെ വാഗ്ദാനത്തിൽ പ്രത്യാശയർപ്പിച്ചു. അവൻ അവിടെയൊരു ബലിപീഠംപണിതു. തന്നെ വിളിച്ചുവേർതിരിച്ച കര്‍ത്താവിനായി, അവനന്നാദ്യമായി ഒരു ബലിയർപ്പിച്ചു.

അവിടെനിന്ന്‌, അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേയ്ക്കു കടന്ന്‌, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായുള്ള ഒരുസ്ഥലത്തു കൂടാരമടിച്ചു. അവിടെയുമൊരു ബലിപീഠംപണിത്‌, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. 

കാലാവസ്ഥയുടെ മാറ്റവും ജലത്തിന്റെയും മേച്ചിൽപ്പുറങ്ങളുടേയും ലഭ്യതയുമനുസരിച്ച്, അബ്രാമും കൂട്ടരും നാടോടികളായി സഞ്ചരിച്ചുകൊണ്ടിരുന്നു.

വീണ്ടും കുറേ വർഷങ്ങൾക്കുശേഷം, ബഥേലിനും ആയിയ്‌ക്കുമിടയ്ക്ക്, മുമ്പു കൂടാരമടിച്ചതും, ബലിപീഠം പണിതതുമായ സ്‌ഥലത്തേയ്ക്ക് അവർ മടങ്ങിയെത്തി.

അക്കാലത്തിനിടയിൽ, അബ്രാമിന്റെയും ലോത്തിന്റെയും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും ദാസീദാസന്മാരും വളരെയധികം വർദ്ധിച്ചിരുന്നു. അവര്‍ക്ക്‌ ഒന്നിച്ചു താമസിക്കാന്‍ ആ ദേശമപ്പോൾ മതിയായിരുന്നില്ല. 

അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ മേയ്‌ക്കുന്നവര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുമുണ്ടായി. 
ഒരു സായാഹ്നത്തിൽ, ആ പ്രദേശത്തെ ഏറ്റവുമുയർന്ന ഒരു കുന്നിൻമുകളിലേയ്ക്കു്, അബ്രാം ലോത്തിനെക്കൂട്ടിക്കൊണ്ടുപോയി. 

അബ്രാം പറഞ്ഞു: "നമ്മള്‍തമ്മിലും നമ്മുടെ ഇടയന്മാര്‍തമ്മിലും കലഹമുണ്ടാകരുത്‌. കാരണം, നമ്മള്‍ ഒരേ രക്തമാണ്. ഇതാ! വിശാലമായ ഈ ദേശമത്രയും ഇപ്പോൾ നമ്മുടെ കണ്മുമ്പിലുണ്ടല്ലോ. ഇവിടെമുതൽ നമുക്കു രണ്ടുദേശങ്ങളിലേയ്ക്കു പിരിയാം. ഇടതുഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേയ്ക്കു പൊയ്‌ക്കൊള്ളാം. വലതുഭാഗമാണു നിനക്കിഷ്ടമെങ്കില്‍ ഞാനിടത്തേയ്ക്കു പോയിക്കൊള്ളാം".

ലോത്ത് ചുറ്റും കണ്ണോടിച്ചു. വലതുഭാഗത്ത്, ജോര്‍ദ്ദാന്‍ സമതലംമുഴുവന്‍ ജലപുഷ്‌ടിയുള്ള, കൃഷിയ്ക്കും കാലിവളർത്തലിനും അനുയോജ്യമായ ഭൂമിയാണെന്നു ലോത്ത്‌ കണ്ടു. അവർ നിന്നിരുന്ന കുന്നിന് ഇടതുഭാഗത്തുള്ള, പടിഞ്ഞാറൻദേശമായ കാനാൻപ്രദേശം അത്രമെച്ചമായിരുന്നില്ല.

പിറ്റേന്നു പ്രഭാതത്തിൽ അവർതമ്മിൽ പിരിഞ്ഞു.

ലോത്ത്, കിഴക്കുള്ള ജോർദ്ദാൻസമതലം തിരഞ്ഞെടുത്തു. സോദോം, ഗോമോറോ എന്നീ പട്ടണങ്ങൾക്കു നടുവിലുള്ള താഴ്‌വരയിൽ അവൻ കൂടാരമടിച്ചു.

അബ്രാം പടിഞ്ഞാറൻദേശമായ കാനാൻദേശത്തു പാളയമുറപ്പിച്ചു.

Sunday, 2 April 2017

5. ബാബേൽഗോപുരം

ബൈബിൾക്കഥകൾ - 5

പ്രളയകാലം കഴിഞ്ഞു. ഋതുക്കൾ ക്രമംതെറ്റാതെ ഭൂമിയിലേക്കു വീണ്ടും കടന്നുവന്നുതുടങ്ങി. ഭൂമി ഹരിതവസ്ത്രങ്ങളണിഞ്ഞ്, കൂടുതൽ സുന്ദരിയായി. പക്ഷിമൃഗാദികൾ ഭൂമിയിൽ പെറ്റുപെരുകി.

നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനും യാഫെത്തിനുമുണ്ടായ പുത്രീപുത്രന്മാരിലൂടെ ഭൂമിയിൽ വീണ്ടും മനുഷ്യർ നിറഞ്ഞു. മാനവസമൂഹങ്ങൾ ഭൂമിയിലെങ്ങും വ്യാപിച്ചു. 

കാലം മുമ്പോട്ടുപോകവേ, മനുഷ്യർ പുതിയപുതിയ വിദ്യകളിൽ നിപുണരാകുകയും നവീനങ്ങളായ കണ്ടുപിടുത്തങ്ങളിലൂടെ അന്നുവരെയില്ലാതിരുന്ന പലതും സൃഷ്ടിക്കുകയുംചെയ്തു. 

അക്കാലത്ത്, ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും ആശയസംവേദനത്തിനായി ഒരു ഭാഷതന്നെയാണുണ്ടായിരുന്നത്.

കല്ലും കുമ്മായവുമുപയോഗിച്ചുള്ള കെട്ടിടനിർമ്മാണവിദ്യ സ്വായത്തമായപ്പോൾ, അവർ ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. കളിമണ്ണുകൊണ്ടുമെനഞ്ഞു ചുട്ടെടുക്കുന്ന ഇഷ്ടികളുണ്ടാക്കാൻപഠിച്ചതോടെ സമൂഹമായി ജീവിക്കാനുതകുന്ന കൊച്ചുകൊച്ചു പട്ടണങ്ങൾതന്നെ തീർത്തു. കളിമണ്ണിൽ ചില പ്രത്യേകവസ്തുക്കൾ ചേർത്താൽ കുമ്മായത്തേക്കാൾ ഉറപ്പുണ്ടെന്നു കണ്ടെത്തിയപ്പോൾ, കെട്ടിടങ്ങൾ കുടുതൽ ഉയരത്തിലേക്കു വളർന്നുതുടങ്ങി. ദൈവകൃപയാൽ, എവിടെയും സമ്പദ്‌സമൃദ്ധി കളിയാടിയിരുന്നു. വയലുകൾ സമ്യദ്ധമായ വിളവുനല്കി. കന്നുകാലികൾ പെറ്റുപെരുകി.

എന്നാൽ സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുന്നതിനൊപ്പം മനുഷ്യരുടെ ദൈവനിഷേധവും അഹങ്കാരവും ദിനംപ്രതി വര്‍ദ്ധിച്ചു. ഓരോ പുതിയ കണ്ടുപിടുത്തവും മനുഷ്യരെ കൂടുതൽകൂടുതൽ അഹങ്കാരികളാക്കിക്കൊണ്ടിരുന്നു. അവർ ദൈവത്തെ മറന്നു. അങ്ങനെയിരിക്കേ, അഹങ്കാരംമൂത്ത മനുഷ്യര്‍, ഷീനാര്‍ എന്ന സമതലപ്രദേശത്ത് ഒത്തുകൂടി.


“നമ്മുടെ പ്രശസ്തി എക്കാലവും നിലനിറുത്തുന്നതിനുവേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്കു നിര്‍മ്മിക്കാം. ആകാശവാതായനങ്ങളെല്ലാംകടന്ന്, സ്വര്‍ഗ്ഗത്തിലേയ്ക്കെത്തുന്ന ഒരു കൂറ്റന്‍ഗോപുരമാകണമത്. ദൈവസിംഹാസനത്തിനുമുയരത്തിലെത്തുന്ന ഗോപുരം.! ഗോപുരത്തിനുചുറ്റും മനോഹരങ്ങളായ പട്ടണങ്ങൾതീർത്ത്, നമുക്കവിടെ വസിക്കാം" അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകലമനുഷ്യരിലേയ്ക്കും ഈ സന്ദേശം പെട്ടന്നെത്തിക്കുവാന്‍കഴിഞ്ഞു.

ആകാശമേലാപ്പുംകടന്ന്, സ്വർഗ്ഗത്തിനുംമേലെയത്തുന്ന ഗോപുരത്തെക്കുറിച്ചുള്ള സ്വപ്നം, ഭൂമിയിലെ മനുഷ്യരുടെയെല്ലാം ഹൃദയങ്ങളിൽ നിറഞ്ഞു. വാസ്തുശില്പവിദഗ്ദ്ധർ ഗോപുരത്തിന്റെ രൂപരേഖകൾ തയ്യാറാക്കി. നിർമ്മാണവസ്തുക്കളുടെ കണക്കെടുപ്പു പൂർത്തിയായി. ഇഷ്ടികയും കുമ്മായവും കളിമണ്ണും തടിയും മറ്റെല്ലാ നിർമ്മാണവസ്തുക്കളും ഷീനാർ താഴ്‌വരയ്ക്കുചുറ്റും സംഭരിച്ചു. ആളുമർത്ഥവും അവിടേയ്‌ക്കൊഴുകി.

അധികംവൈകാതെതന്നെ, ഷീനാർസമതലത്തിൽ, ഗോപുരത്തിന്‍റെ നിര്‍മ്മാണമാരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണിൽത്തീർത്ത ചാന്തുമുപയോഗിച്ച്, ഗോപുരത്തിന്‍റെ പണികൾ വളരെവേഗം പുരോഗമിച്ചുകൊണ്ടിരുന്നു..

ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ഉത്സാഹത്തിമിർപ്പിലായിരുന്നു. മനുഷ്യരെല്ലാം ഗോപുരനിർമ്മാണത്തെ, ഒരു മഹോത്സവംപോലെ തങ്ങളുടെ ഹൃത്തോടുചേർത്തു.

മനുഷ്യര്‍ ഷീനാറിൽ നിര്‍മ്മിക്കുന്ന നഗരവും ഗോപുരവുംകാണാന്‍ കര്‍ത്താവിറങ്ങിവന്നു.

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍, ദുഷിച്ചചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുരനിര്‍മ്മാണംകാണാനെത്തിയ ദൈവം, മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേലമാത്രമായ മനുഷ്യന്‍, തന്നെയും കീഴ്പ്പെടുത്താനാഗ്രഹിക്കുന്നതറിഞ്ഞ്, കർത്താവു വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം, അവിടുത്തെ കോപത്തെ ജ്വലിപ്പിക്കുകയുംചെയ്തു.

ഗോപുരത്തിലേയ്ക്കുവയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കുന്നവരും ഒരൊറ്റജനതയുമായി മനുഷ്യരിനിയുംതുടര്‍ന്നാല്‍ അതു സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്ന്, ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകലതിന്മകളുംവരുന്നതു സാത്താനില്‍നിന്നാണ്.

അതിനാൽ, പരസ്പരം മനസ്സിലാക്കാനാവാത്തവിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ കർത്താവു തീരുമാനിച്ചു.

ആ നിമിഷംമുതല്‍ മനുഷ്യര്‍ക്കു പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരംപണിക്കാര്‍ക്ക് ആശയവിനിമയംനടത്താനാകാതെയായി. ശില്പികള്‍ പറയുന്നതു മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നതു പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുരനിര്‍മ്മാണം നിലച്ചു. അതിനൊപ്പം പട്ടണനിർമ്മാണവും!

വിവിധഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവു ഭൂമിയില്‍ പലയിടത്തായിച്ചിതറിച്ചു.
ദൈവം ഷീനാറില്‍വച്ചു ഭാഷകള്‍ ഭിന്നിപ്പിച്ചതിനുശേഷം, *'ബാബേല്‍' എന്നാണ് ആ പട്ടണമറിയപ്പെട്ടത്. പാതിവഴിയിൽ പണിമുടങ്ങിപ്പോയ ഗോപുരത്തിനു ബാബേൽഗോപുരമെന്നു പേരുകിട്ടി.

മനുഷ്യർ വീണ്ടും ഭൂമിയിൽ പെരുകിക്കൊണ്ടിരുന്നു. ഒരേഭാഷ സംസാരിക്കാനാകുന്നവർ ഒന്നിച്ചുജീവിച്ചു. അങ്ങനെ പലഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ വിവിധദേശങ്ങളിൽ വളർന്നുവന്നു. വ്യത്യസ്തങ്ങളായ മനുഷ്യസംസ്കാരങ്ങൾ ഭൂമിയിലുദയംകൊണ്ടു. 

അപ്പോഴും കർത്താവിനെത്തേടുന്നവർ ഭൂമിയിലപൂർവ്വമായിരുന്നു....  മനുഷ്യർ പ്രകൃതിവസ്തുക്കളേയും തങ്ങളുടെ ഭാവനാസൃഷ്ടികളേയും ദൈവമായിക്കരുതി ആരാധിച്ചുതുടങ്ങിയത്, അക്കാലത്താണ്...
------------------------------------------------------------------------------------------------------------
* ബാബേൽ = ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നർത്ഥം.  

Sunday, 26 March 2017

4. മഹാപ്രളയം

ബൈബിൾക്കഥകൾ - 4

കാലത്തിന്റെ പ്രയാണംതുടരവേ, ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധിനിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. കർത്താവിനെവിളിച്ച്, പ്രാര്‍ത്ഥിക്കുന്നവരില്ലാതായി. 

എന്നാല്‍ ജനംമുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും കർത്താവിനെ ആരാധിക്കുകയും നന്മചെയ്യുന്നതിൽ താത്പര്യപ്പെടുകയുംചെയ്ത ഒരു കുടുംബം ഭൂമിയിലുണ്ടായിരുന്നു. ആദമിന്റെ പുത്രനായ സേത്തിന്റെ പരമ്പരയിൽപ്പിറന്ന, നോഹയുടെ കുടുംബമായിരുന്നു അത്‌. 

നോഹയും ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും പുത്രഭാര്യമാരുമടങ്ങിയതായിരുന്നു നോഹയുടെ കുടുംബം. നോഹ നീതിമാനായിരുന്നു. അന്നു ജീവിച്ചിരുന്ന തലമുറയിൽ, ദൈവമവനെ കുറ്റമറ്റവനായിക്കണ്ടു. അവന്റെ ഭാര്യയും പുത്രന്മാരും പുത്രഭാര്യമാരും നോഹയുടെ മാതൃകസ്വീകരിച്ചുതന്നെയാണു ജീവിച്ചത്.

ലോകത്തിലെ മുഴുവന്‍ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും, തന്നെയാരാധിക്കുന്നതില്‍ മടുപ്പുകാട്ടുകയുംചെയ്യുന്നത്, കർത്താവിനെ വേദനിപ്പിച്ചു. തന്റെ സൃഷ്ടിയായ മനുഷ്യനെ  ഭൂമുഖത്തുനിന്നില്ലാതാക്കാൻ കര്‍ത്താവു നിശ്ചയിച്ചു. മനുഷ്യനെമാത്രമല്ല, സകലജീവജാലങ്ങളേയും നശിപ്പിക്കാൻ ദൈവമുറച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. 

കർത്താവു നോഹയോടു പറഞ്ഞു: "ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളുംനിമിത്തം ലോകംമുഴുവന്‍ അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സർവ്വമനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി എന്റെ ഉടമ്പടി ഞാനുറപ്പിക്കും. ഞാന്‍ പറയുന്നതുപോലെ, നീയൊരു പെട്ടകമുണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവര്‍ക്കൊപ്പം നീ ആ പെട്ടകത്തിൽക്കയറണം. നിങ്ങള്‍ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍നിന്നും ആണും പെണ്ണുമായി രണ്ടെണ്ണത്തിനെവീതം പെട്ടകത്തില്‍ക്കയറ്റണം. എന്നാൽ ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റേണ്ടത്. നിന്റെ കുടുംബത്തിനും മറ്റുജീവജാലങ്ങള്‍ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കുകയുംവേണം.”

നോഹ, തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കർത്താവു നല്കിയ കല്പനയെക്കുറിച്ചും വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചും സംസാരിച്ചു. പെട്ടകനിർമ്മാണത്തിനു സഹായിക്കാനും അതുവഴി പ്രളയത്തെ ഒന്നിച്ചതിജീവിക്കാനുമായി നോഹ അവരെയും ക്ഷണിച്ചു. 

"കർത്താവു നിന്നോടു സംസാരിച്ചെങ്കിൽ നീതന്നെ പെട്ടകമുണ്ടാക്കിയാൽമതി! ഞങ്ങൾക്കു വേറേ ജോലിയുണ്ടു്. പ്രളയമുണ്ടാകാൻപോകുന്നത്രേ!" ആരും നോഹയുടെ വാക്കുകൾ വിശ്വസിച്ചില്ല.

എങ്കിലും നോഹയും കുടുംബവും ദൈവകല്പനപ്രകാരം പ്രവര്‍ത്തിക്കുവാന്‍തന്നെ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കിക്കൊണ്ടു ദൈവം അവരോടു‌ പറഞ്ഞു:

"ഗോഫേര്‍മരത്തിന്റെ തടികൊണ്ടാണു നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌. പെട്ടകത്തിന്, മുന്നൂറുമുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമുണ്ടാകണം. പലകകൾതമ്മിൽ ചേർക്കുന്ന ഇടങ്ങളില്ലെല്ലാം കീലുതേച്ചു ചോർച്ചയടയ്ക്കണം. പെട്ടകത്തിന്റെ അകത്തും പുറത്തും കീലുതേയ്‌ക്കണം. എല്ലാത്തരം ജീവികൾക്കും സുരക്ഷിതമായി ജീവിക്കാനാകുംവിധം അതില്‍ മുറികള്‍തിരിക്കണം...”

പെട്ടകം നിർമ്മിക്കുന്നതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും അളവുകളും കർത്താവു നോഹയ്ക്കു നല്കി.

സാധാരണമായി കടലിനോ പുഴയ്ക്കോ സമീപത്തായാണു പെട്ടകംപണിയാറുള്ളത്. എങ്കിലേ പണിതീരുമ്പോള്‍, എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. എന്നാൽ ഗോഫേർ വൃക്ഷങ്ങൾ സമൃദ്ധമായിവളരുന്നൊരു കുന്നിലാണ്, നോഹ പെട്ടകനിർമ്മാണത്തിനുള്ള ഇടംകണ്ടെത്തിയത്.

ദൈവംനല്കിയ അളവുകളനുസരിച്ച്‌, ഗോഫേര്‍മരത്തിന്റെ തടിയുപയോഗിച്ച്‌, നോഹയും മക്കളും പെട്ടകംപണിതു തുടങ്ങി.

ഇതുകണ്ടപ്പോൾ, ജനങ്ങളെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേയും വിഡ്ഢിത്തംനിറഞ്ഞ പ്രവൃത്തി നാട്ടിലെങ്ങും സംസാരവിഷയമായി.

"കണ്ടില്ലേ, നോഹയ്ക്കും മക്കള്‍ക്കും ഭ്രാന്തായിപ്പോയെന്നു തോന്നുന്നു. മലയുടെ മുകളിലാണു പെട്ടകംപണിയുന്നത്‌.. പമ്പരവിഡ്ഢികള്‍ ‍..ഹ..ഹ..ഹ.. "

"ഇതു ഭ്രാന്തുതന്നെ. അവന്റെ ദൈവം പറഞ്ഞതാണത്രേ, മലയുടെ മുകളില്‍ പെട്ടകംപണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലുംചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌?  വിവരദോഷികള്‍... "

അങ്ങനെപോയി, മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ .

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാടു വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച്‌, ദൈവഹിതം നിറവേറാന്‍മാത്രമാണ്‌ ആ കുടുംബം പ്രാര്‍ത്ഥിച്ചത്‌.

പെട്ടകംപണി പൂര്‍ത്തിയായപ്പോള്‍, ദൈവകല്പനപോലെ സകലജീവികളില്‍നിന്നും ആണുംപെണ്ണുമായി, രണ്ടുവീതം പെട്ടകത്തില്‍ക്കയറ്റി. ബലിയർപ്പണത്തിനായെടുക്കുന്ന ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റിയത്. ഒടുവിൽ നോഹയും കുടുംബവും പെട്ടകത്തില്‍ക്കയറിയശേഷം, കർത്താവു പെട്ടകത്തിന്റെ വാതിലടച്ചു. എല്ലാ ജീവജാലങ്ങൾക്കുംവേണ്ട ആഹാരം, പെട്ടകത്തിൽ സംഭരിച്ചിരുന്നു.

പ്രത്യേകതകളൊന്നുമില്ലാത്ത ചില ദിനരാത്രങ്ങൾകൂടെക്കടന്നുപോയി... സൂര്യൻ പതിവുപോലെ പ്രകാശിച്ചു. മഴയുടെ ലാഞ്ചനപോലും ഒരിടത്തുംകണ്ടില്ല. നോഹയുടെ പരിചയക്കാരെല്ലാം അവന്റെ ഭ്രാന്തിനെക്കുറിച്ചു പര്സപരംപറഞ്ഞു ചിരിച്ചു.

ഏഴുദിവസങ്ങൾകഴിഞ്ഞപ്പോള്‍ പ്രകൃതിയുടെ ഭാവംമാറി, മാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടിനിറഞ്ഞു. 

മഴ പെയ്തുതുടങ്ങി.... 

നോഹയ്ക്ക്, അറുന്നൂറു വയസ്സും രണ്ടുമാസവും പതിനേഴുദിവസവും പ്രായമായ ദിവസമാണു മഴതുടങ്ങിയത്.

പിന്നീടു നാല്പതുദിവസം, തോരാതെ പെരുമഴപെയ്തു. ദിവസംതോറും ഭൂമിയിലെ ജലനിരപ്പുയര്‍ന്നു. വീടുകളും ജനപദങ്ങളും മുങ്ങി... നാടെല്ലാം പ്രളയജലത്തിൽമുങ്ങി. 

ലോകത്തിലെ സകലപർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകംമാത്രം ജലോപരിതലത്തിലൂടെ ഒഴുകിനടന്നു. പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ, ഭൂമിയിലെ സകലജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. 

നാല്പതാംനാള്‍ മഴ തോര്‍ന്നു. എങ്കിലും പ്രളയമവസാനിച്ചില്ല. വെള്ളപ്പൊക്കം നൂറ്റിയമ്പതുനാള്‍ നീണ്ടുനിന്നു.

ദിവസങ്ങൾകഴിയവേ, പർവ്വതാഗ്രങ്ങൾ ജലപ്പരപ്പിനുമുകളിൽ കണ്ടുതുടങ്ങി. ഏഴാംമാസം പതിനേഴാംദിവസം നോഹയുടെപെട്ടകം അറാറാത്തു പര്‍വ്വതത്തിലുറച്ചു.

ഒരു മലങ്കാക്കയേയും ഒരു പ്രാവിനേയും നോഹപെട്ടകത്തിൽനിന്നു പുറത്തുവിട്ടു. കാക്ക മടങ്ങിവന്നില്ല. എന്നാൽ, കാലുകുത്താനിടംകാണാതെ, പ്രാവു പെട്ടകത്തിലേക്കുതന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. 

ഒരാഴ്ചയ്ക്കുശേഷം നോഹ പ്രാവിനെ, വീണ്ടും പുറത്തുവിട്ടു. അത്, ഒരൊലിവില കൊത്തിക്കൊണ്ടു മടങ്ങിവന്നു. ഭൂമിയിൽ, വീണ്ടും ജീവൻനിറയുന്നതിന്റെ അടയാളമായ ആ ഒലിവില, നോഹ തന്റെ നെഞ്ചോടു ചേർത്തുവച്ചു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്നു വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ ദിവസം, വെള്ളമെല്ലാം വറ്റിത്തീര്‍ന്നു. പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്‍ക്കുശേഷമാണ്, ഭൂമി പൂര്‍ണ്ണമായുണങ്ങിയത്.

ദൈവം നോഹയോടു പറഞ്ഞു:

"പെട്ടകത്തില്‍നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായിപ്പെരുകി, ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍നിന്നു പുറത്തുവന്നു. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ഇനംതിരിഞ്ഞു പുറത്തുവന്ന്, പല സ്ഥലങ്ങളിലേക്കു പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദിസൂചകമായി, നോഹ ഒരു ബലിപീഠമൊരുക്കി, കര്‍ത്താവിനു ദഹനബലിയര്‍പ്പിച്ചു.

ആ ബലിയുടെ ഹൃദ്യസുഗന്ധമാസ്വദിച്ചുകൊണ്ടു കര്‍ത്താവു പറഞ്ഞു:

“മനുഷ്യന്‍മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വജീവനും നാശംവിതയ്ക്കുന്നൊരു പ്രളയം ഇനിയൊരിക്കലുമുണ്ടാവുകയില്ല. നിങ്ങളുമായും ഭൂമിയിലുള്ള സകലജീവജാലങ്ങളുമായി, എല്ലാത്തലമുറകള്‍ക്കുവേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്കുമേലെ മഴമേഘങ്ങളയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്‍ക്കും; ഞാനതു പാലിക്കുകയുംചെയ്യും."

അതിനുശേഷം, അന്തരീക്ഷത്തില്‍ ജലകണങ്ങളുള്ളപ്പോളെല്ലാം അതിലൂടെ കടന്നുപോകുന്ന പ്രകാശം, മഴവില്ലായി മാനത്തു വിടർന്നുതുടങ്ങി. 

കർത്താവു വീണ്ടും നോഹയോടും മക്കളോടും പറഞ്ഞു:
 "സന്താനപുഷ്‌ടിയുള്ളവരായിപ്പെരുകി, നിങ്ങൾ ഭൂമിയില്‍ നിറയുവിന്‍. ഹരിതസസ്യങ്ങള്‍ നിങ്ങൾക്കാഹാരമായി നല്കിയിരുന്നതുപോലെ, ഇന്നുമുതൽ ചരിക്കുന്ന ജീവികളെയെല്ലാം നിങ്ങള്‍ക്കു ഞാൻ ആഹാരമായി നല്കുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്‌, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്‌. ജീവരക്തത്തിനു ഞാന്‍ കണക്കുചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം, മനുഷ്യന്‍തന്നെ ചൊരിയും; കാരണം എന്റെ ഛായയിലാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്..." 

നോഹയുടെ കാലംമുതൽ, മനുഷ്യർ സസ്യഭക്ഷണത്തോടൊപ്പം മാംസഭക്ഷണവും ആഹരിച്ചുതുടങ്ങി.

Sunday, 19 March 2017

3. സഹോദരന്റെ രക്തം

ബൈബിൾക്കഥകൾ 3

ഏദനിലെ സന്തോഷങ്ങളിൽനിന്ന്, ആദവും ഹവ്വയും പുറന്തള്ളപ്പെട്ടു. ദൈവസാന്നിദ്ധ്യത്തിന്റെ സുഖസൗഭാഗ്യങ്ങളിൽനിന്ന്, ഭൂമിയിലെ കഷ്ടതകളിലേയ്ക്കു മനുഷ്യൻ നിപതിച്ചു. അനുസരണക്കേടിന്റെ ശിക്ഷയുംപേറി, അവർ ഭൂമിയിലലഞ്ഞു. കൃഷിയും മൃഗപരിപാലനവുംവഴി, അവർ തങ്ങൾക്കുവേണ്ട ഭക്ഷണംകണ്ടെത്തി. 

ഏറെവൈകാതെ, ഭൂമിയിൽ ഒരദ്ഭുതമുണ്ടായി! ഹവ്വ ഗർഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു. ഭൂമിയിലെ ആദ്യത്തെ മനുഷ്യശിശു പിറന്നു... 

തന്നിൽനിന്നുരുവായ ആ അദ്ഭുതത്തെ സ്വന്തം നയനങ്ങളാൽക്കണ്ടപ്പോൾ, ഹവ്വ, ആഹ്ലാദത്തോടെ പറഞ്ഞു: "കർത്താവിന്റെ കൃപയാൽ എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു." ആദമവനെ കായേൻ എന്നുവിളിച്ചു. 

കായേൻ, മണ്ണിൽ പിച്ചവച്ചുനടന്നുതുടങ്ങിയപ്പോൾ ഹവ്വയ്ക്കു്, വീണ്ടുമൊരു കുഞ്ഞുപിറന്നു. അവൾ ആബേലിനെ പ്രസവിച്ചു. 

ഭൂമിയിൽ ഋതുചക്രങ്ങളുടെ കറക്കത്തിനൊപ്പം കുട്ടികൾ വളർന്നു. അദ്ധ്വാനിക്കാനുള്ള കായബലവും പ്രായവുമെത്തിയപ്പോൾ, ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിത്തീർന്നു.

ആദത്തിനും ഹവ്വയ്ക്കും വേറേയും പുത്രന്മാരും പുത്രിമാരുമുണ്ടായി. ആദത്തിന്റെ പുത്രന്മാർ മുതിർന്നപ്പോൾ, തങ്ങളുടെ സഹോദരിമാരിൽനിന്നുതന്നെ ഭാര്യമാരെ കണ്ടെത്തി. 

കാലം വീണ്ടുമുരുണ്ടു. ഏദൻതോട്ടത്തിൽനിന്നു മനുഷ്യൻ പുറത്താക്കപ്പെട്ടതിനുശേഷം, നൂറ്റിമുപ്പതിനടുത്തു വസന്തങ്ങൾ കടന്നുപോയി. മനുഷ്യരുടെ നിരവധി തലമുറകൾ ഭൂമിയിലുദയംചെയ്തു. കൃഷിയ്ക്കും കാലിവളർത്തലിനുമനുയോജ്യമായവിധം അവർ ചുറ്റുപാടുകളിലേയ്ക്കു മാറിത്താമസിച്ചു. ഓരോ കുടുംബവും ഓരോ ഗ്രാമങ്ങളായി വളർന്നു.

അക്കാലത്ത്, കായേന്‍ തന്റെ വിളവിലൊരുഭാഗം കര്‍ത്താവിനു കാഴ്‌ചയായി സമര്‍പ്പിച്ചു. 

ആബേൽ കായേനോടുപറഞ്ഞു: ''നമ്മുടെ മാതാപിതാക്കൾക്കു വസിക്കാനായി, ദൈവം ഏദൻതോട്ടം സൃഷ്ടിച്ചുനല്കി. തോട്ടത്തിനു നടുവിലുണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലത്തെക്കുറിച്ച്, നമ്മുടെ മാതാപിതാക്കൾ പറഞ്ഞിരുന്നതോർമ്മയില്ലേ? അതിൽനിന്നു ഭക്ഷിക്കുന്നതിൽനിന്ന്, കർത്താവ് അവരെ വിലക്കിയിരുന്നു. എന്നാൽ, കർത്താവിന്റെ കല്പനലംഘിച്ച്, അവരാക്കനി ഭക്ഷിച്ചുപാപംചെയ്തു. 

കർത്താവപ്പോൾ ഒരു മൃഗത്തെ ബലിയാക്കിയതും അതിന്റെ തോലിനാൽ അവർക്കു വസ്ത്രംനല്കിയതുമെല്ലാം അവർ നമ്മളോടു പറഞ്ഞിട്ടുള്ളതല്ലേ? അത്തിമരത്തിന്റെ ഇലകൾക്കുപകരം തുകൽവസ്ത്രം! അതിന്റെയർത്ഥമെന്തെന്നു നിനക്കറിവില്ലേ? എന്റെ ആടുകളിൽനിന്നു്, കൊഴുത്ത ഒന്നിനെ നിനക്കു ഞാൻ നല്കാം. അതിനെ, കർത്താവിനുള്ള ബലിയായി അർപ്പിച്ചുകൊള്ളൂ, അതാണ്, പാപപരിഹാരത്തിനുള്ള ബലി."

ഹൃദയത്തിലഹങ്കരിച്ചിരുന്നതിനാൽ, അനുജന്റെ വാക്കുകൾ ചെവിക്കൊള്ളാൻ കായേനു കഴിഞ്ഞില്ലാ. സഹോദരന്റെ സഹായംസ്വീകരിക്കാൻ അവന്റെയഹങ്കാരം അവനെയനുവദിച്ചതുമില്ലാ. താൻ കൃഷിചെയ്തുണ്ടാക്കിയവമാത്രംമതി, തന്റെ ബലിയർപ്പണത്തിനെന്ന് അവൻ തീരുമാനിച്ചു. 

ആബേലാകട്ടെ, തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെക്കൊന്ന്, അവയുടെ കൊഴുപ്പുള്ളഭാഗങ്ങള്‍ കർത്താവിനു കാഴ്‌ചവച്ചു. 

ആബേലിലും അവന്റെ കാഴ്‌ചവസ്‌തുക്കളിലും കർത്താവു പ്രസാദിച്ചു. എന്നാൽ കായേനെയും അവന്റെ കാഴ്‌ചവസ്‌തുക്കളേയും അവിടുന്നു സ്വീകരിച്ചില്ല. അതിനാൽ കായേൻ കോപിഷ്ഠനായി. 


ശബ്ദസാന്നിദ്ധ്യമായി കർത്താവപ്പോൾ കായേനു സമീപമെത്തി. കര്‍ത്താവവനോടു ചോദിച്ചു: "നീയെന്തിനാണു കോപിച്ചിരിക്കുന്നത്? നിന്റെ മുഖംവാടിയതെന്തുകൊണ്ട്‌? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാകുമല്ലോ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്നോര്‍ക്കണം. അതു നിന്നില്‍ താല്പര്യംവച്ചിരിക്കുന്നു; അതു നിന്നെ കീഴടക്കുന്നതിനുമുമ്പ്,  നീയതിനെ കീഴടക്കണം."

കർത്താവിനുമുമ്പിൽ, കായേൻ നിശ്ശബ്ദനായിരുന്നു. എന്നാൽ, അവന്റെ കോപമടങ്ങിയിരുന്നില്ല. അവന്റെ ഹൃദയത്തിൽ സഹോദരനെതിരേ പകയുടെ അഗ്നി ജ്വലിച്ചിരുന്നു. ആബേലിനെയില്ലാതാക്കാൻ അവൻ പദ്ധതികൾ മെനഞ്ഞു. എങ്കിലുമവൻ ആബേലിനോടു സൗഹാർദ്ദപൂർവ്വം പെരുമാറുന്നതായി നടിച്ചു. 

ഒരു ദിവസം, കായേന്‍ ആബേലിനെ തന്റെ വയലിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. വയലിലെത്തിയപ്പോൾ കായേന്റെ ഭാവംമാറി. മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപോലെ അവൻ ആബേലിനോടു കയർത്തുസംസാരിച്ചു. അവനെയാക്രമിക്കുകയും കൊലപ്പെടുത്തുകയുംചെയ്തു...!

ഭൂമിയിലെ ആദ്യത്തെ മരണം; ആദ്യത്തെ കൊലപാതകം!

സഹോദരന്റെ മൃതദേഹം വയലിലെ മണ്ണിൽ മറവുചെയ്ത കായേൻ, ഒന്നുമറിയാത്തവനെപ്പോലെ, മറ്റൊരാളുടേയും മുമ്പിൽപ്പെടാതെ, തന്റെ കൂടാരത്തിലേയ്ക്കു മടങ്ങി.

അവൻ കൂടാരത്തിൽ വിശ്രമിക്കുമ്പോൾ, കര്‍ത്താവിന്റെ ശബ്ദം അവിടെ മുഴങ്ങി: "കായേൻ, നിന്റെ സഹോദരനെവിടെ?" 

''സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍? അവനെവിടെയെന്ന് എനിക്കറിയില്ലാ." കായേൻ പരുഷമായിത്തന്നെ പ്രതികരിച്ചു.

"കായേൻ, നീയെന്തിനിതുചെയ്തു? നിന്റെ സഹോദരന്റെ രക്തം, മണ്ണില്‍നിന്ന്‌ എന്നെവിളിച്ചുകരയുന്നു! നിന്റെ കരങ്ങളാൽ, നിന്റെ സഹോദരന്റെ രക്തംചിതറിവീണ ഭൂമിയില്‍, നീ ശപിക്കപ്പെട്ടവനായിരിക്കും. നിന്റെ കൃഷിഭൂമി നിനക്കു വേണ്ടത്രഫലം തരില്ല... ഭൂമിയിൽ നീ അലഞ്ഞുതിരിയും..."  

കർത്താവിന്റെ വാക്കുകൾകേട്ട കായേന്റെ ഹൃദയത്തിൽ ഭയംനിറഞ്ഞു.

"കർത്താവേ, ഞാൻ പാപംചെയ്തുപോയി. താങ്ങാനാകുന്നതിലുമധികം ശിക്ഷ നീയെനിക്കു തരല്ലേ! ഈ ഭൂമിയിൽ ഞാൻ എവിടെയോടിയൊളിക്കും? ആബേലിന്റെ സന്താനങ്ങൾ എന്നെ വെറുതെവിടുമോ? എന്നെക്കാണുന്നവർ എന്നെക്കൊല്ലാൻ ശ്രമിക്കും."

കർത്താവിനു കായേന്റെമേൽ അലിവുതോന്നി. അവിടുന്നു പറഞ്ഞു: "മനുഷ്യരാരും നിന്നെയുപദ്രവിക്കുകയില്ല. ആരെങ്കിലുമതിനു തുനിഞ്ഞാൽ, കായേനെ ആക്രമിക്കുന്നവർക്കെതിരെ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും." 

കായേൻ തന്റെ ഭാര്യയോടൊത്ത് അവിടെനിന്നു കിഴക്ക്, വിദൂരമായൊരു നാട്ടിലേയ്ക്കു പോയി. ആ നാടിന്, അവൻ നോദ് എന്നുപേരിട്ടു. 

ആബേലിനു സംഭവിച്ചതറിഞ്ഞ്, ഹവ്വ ദുഃഖിച്ചു. അവൾ കർത്താവിനുമുമ്പിൽ കണ്ണുനീർവാർത്തു. 

ആദം വീണ്ടും തന്റെ ഭാര്യയോടുചേര്‍ന്നു. ഹവ്വയുടെ ഗർഭപാത്രത്തിൽ പുതിയൊരു ജീവൻകൂടെയങ്കുരിച്ചു. ദൈവം ആദത്തെ സൃഷ്ടിച്ചതിന്റെ നൂറ്റിമുപ്പതാം വർഷം, ഹവ്വ ഒരു പുത്രനെ പ്രസവിച്ചു. കായേന്‍ കൊലപ്പെടുത്തിയ ആബേലിനുപകരം ദൈവം, എനിക്കു തന്നതാണിവനെയെന്നു പറഞ്ഞ്, അവള്‍ ദൈവത്തെ സ്തുതിച്ചു. 

സേത്ത്‌ എന്നാണ്, അദവും ഹവ്വയും അവനു പേരിട്ടത്. 

സന്ധ്യയുമുഷസ്സും പലവട്ടമാവർത്തിച്ചു. സേത്തിന്റെ ജനനശേഷം പിന്നെയും എണ്ണൂറുവർഷങ്ങൾ ആദം ജീവിച്ചിരുന്നു. ആദത്തിനും ഹവ്വയ്ക്കും പിന്നെയും സന്താനസൗഭാഗ്യമുണ്ടായി.

ഋതുഭേദങ്ങളുടെ നിരവധിയാവർത്തനങ്ങൾക്കു ഭൂമി സാക്ഷിയായി. ഭൂമിയിൽ മനുഷ്യർ പെരുകി. ഒപ്പം പാപവും! മനുഷ്യഹൃദയത്തിൽനിന്നു നന്മയെ നിഷ്കാസനംചെയ്ത്, അവിടെ തിന്മകുടിയേറി. ഹൃദയത്തിൽ നന്മയുള്ളവർ ഭൂമിയിലില്ലാതെയായി... 

ഭൂമിയിലെവിടെയെങ്കിലും നന്മ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ, ദൈവം ഭൂമിയിലേയ്ക്കു നോക്കി. 

അഹങ്കാരവും കുടിലതയും അക്രമവുമല്ലാതെ മറ്റൊന്നുമവിടുന്നു കണ്ടില്ല. തന്നെ വിളിച്ചപേക്ഷിക്കുന്നവരുണ്ടോയെന്നു ദൈവം നോക്കി. ആരെയും അവിടുന്നു കണ്ടില്ല; ഭൂമിയിൽ എല്ലാവരുമൊന്നുപോലെ വഴിതെറ്റിയിരുന്നു. - ഒരു കുടുംബമൊഴികെ!

Sunday, 12 March 2017

2. കുറ്റവും ശിക്ഷയും

ബൈബിൾക്കഥകൾ 2

താൻസ്യഷ്ടിച്ച മനുഷ്യന്, ദൈവം ആദമെന്നു പേരുവിളിച്ചു. പ്രഞ്ചത്തിലെ സകലജീവജാലങ്ങളേയും ദൈവം ആദത്തിനുമുമ്പിൽ കൊണ്ടുവന്നു. അവയെയെല്ലാം അവൻ നോക്കിക്കണ്ടു. ഓരോ ജീവിയേയും ആദം വിളിച്ചപേരു്, ആ ജീവിവർഗ്ഗത്തിന്റെ പേരായിത്തീർന്നു. എല്ലാക്കന്നുകാലികള്‍ക്കും ആകാശത്തിലെപ്പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും ആദം പേരിട്ടു. 

പിന്നീട്, ദൈവമവനെ ഗാഢമായ നിദ്രയിലാഴ്ത്തി. ആദത്തിനുചേർന്ന ഇണയും തുണയുമായി, അവന്റെ വാരിയെല്ലിൽനിന്ന്, ദൈവമൊരു സ്ത്രീയെ സൃഷ്ടിച്ചു. അവളെയവന്റെ മുമ്പിൽ നിറുത്തിയതിനുശേഷം ദൈവമവനെ നിദ്രയിൽനിന്നുണർത്തി.

തന്റെ മുമ്പിൽനിന്ന സ്ത്രീയെ നോക്കി, ആദം പറഞ്ഞു: "ഇതാ, എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണിവൾ.. ഇവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്‌." 

ആദമവളെ ഹവ്വാ എന്നു പേരുവിളിച്ചു. നിറഞ്ഞസന്തോഷത്തോടെ ആദവും ഹവ്വയും ഏദനിൽ വസിച്ചു. എല്ലായ്പ്പോഴും അവരൊന്നിച്ചു സഞ്ചരിച്ചു. അവരിരുവരും നഗ്നരായിരുന്നു. എന്നാൽ തങ്ങളുടെ നഗ്നതയെപ്രതി അവർക്കൊരിക്കലും ലജ്ജതോന്നിയിരുന്നില്ല.

കർത്താവിന്റെ സൃഷ്ടികളിൽ ഏറ്റവും കൗശലമേറിയ ജീവിയായിരുന്നു സർപ്പം.. ഒരുദിവസം ആദത്തോടൊപ്പമല്ലാതെ, സർപ്പം ഹവ്വയെക്കാണാനിടയായി. അവൻ ഹവ്വയെ സമീപിച്ചു ചോദിച്ചു:

"ഏദൻതോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന്, ദൈവം നിങ്ങളോടു കല്പിച്ചിട്ടുണ്ടോ?"

ഹവ്വ പറഞ്ഞു: "എല്ലാ ഫലങ്ങളും ഭക്ഷിക്കാൻ ഞങ്ങൾക്കനുവാദമുണ്ട്. എന്നാൽ തോട്ടത്തിനു നടുവിലെ ഒരു വൃക്ഷത്തിലെ പഴംമാത്രം, ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്‌; അതു ഭക്ഷിച്ചാല്‍ ഞങ്ങള്‍ മരിക്കുമെന്നു ദൈവം പറഞ്ഞിട്ടുണ്ട്‌."

സർപ്പം ശബ്ദമില്ലാതെ ചിരിച്ചു. 

"നിങ്ങൾ മരിക്കില്ല! അതു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമാണ്. നിങ്ങൾക്ക്, ദൈവത്തിന്റെ ഛായയും സാദൃശ്യവുമാണുള്ളത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ ഉൾക്കണ്ണുകള്‍ തുറക്കുമെന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌, അപ്പോൾ നിങ്ങള്‍ പൂർണ്ണമായും ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം. അതിനാലാണ് അവൻ നിങ്ങളെ വിലക്കുന്നത്.."

സർപ്പം, ആ വ്യക്ഷത്തിന്റെ ഒരു പഴം, ഹവ്വയെക്കാണിച്ചു. 

"നോക്കൂ, കാഴ്ചയിൽത്തന്നെ ഇതെത്രമനോഹരവും ആസ്വാദ്യവുമാണ്? ഇതിൽനിന്ന് അല്പമൊന്നു രുചിച്ചുനോക്കൂ... അതീവസ്വാദിഷ്ടവുമാണിത്..."

ആ പഴം, കണ്ണിനു കൗതുകകകരമാണെന്നു ഹവ്വയറിഞ്ഞു. അവൾ അല്പമൊന്നു രുചിച്ചുനോക്കി. അതു വളരെ രുചികരമാണെന്നുകൂടെ അവളറിഞ്ഞു. 

അവൾ ആദത്തെയന്വേഷിച്ചോടി. അവനെക്കണ്ടപ്പോൾ, സർപ്പംതന്ന പഴത്തിന്റെ ഗുണഗണങ്ങൾ ആദത്തോടു വിസ്തരിച്ചുതന്നെ പറഞ്ഞു..

അവൾ പഴം ഭക്ഷിച്ചു, അവനും കൊടുത്തു. അതു കഴിച്ചുകഴിഞ്ഞപ്പോൾ  ഇതുവരെയറിയാതിരുന്ന എന്തൊക്കെയോ മാറ്റങ്ങളവരിലുണ്ടായി. തങ്ങള്‍ നഗ്നരാണെന്ന്‌ അവരറിഞ്ഞു! ഇരുവരും മറ്റെയാളിൽനിന്നു തന്റെ നഗ്നത മറയ്ക്കാൻശ്രമിച്ചു. അടുത്തുണ്ടായിരുന്ന അത്തിമരത്തിൽനിന്ന് ഇലകള്‍പറിച്ച്, കൂട്ടിത്തുന്നി, അവര്‍ തങ്ങൾക്കു വസ്ത്രങ്ങളുണ്ടാക്കി...!

അന്നുവരെയറിയാത്ത എന്തോ ഒന്ന് രണ്ടാളുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവരിരുവരും പരസ്പരംനോക്കാനും സംസാരിക്കാനും മടിച്ചു.

സായാഹ്നമായപ്പോൾ, തോട്ടത്തിലുലാത്തുന്ന കർത്താവിന്റെ സാന്നിദ്ധ്യം അവർ തിരിച്ചറിഞ്ഞു. കർത്താവിന്റെ കണ്ണിൽപ്പെടാതിരിക്കാനായി അവർ മരങ്ങൾക്കിടയിലൊളിച്ചു.

"ആദം, നീയെവിടെയാണ്?" കർത്താവ് ആദത്തെ വിളിച്ചു.

"അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. നഗ്നനായതുകൊണ്ട്, ഞാൻ ഭയന്നൊളിച്ചതാണ്‌." ആദം മറുപടിനല്കി.

"നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു?" 
 
ആദത്തിനു മറുപടിയുണ്ടായിരുന്നില്ലാ. അവൻ നിശ്ശബ്ദതപാലിച്ചു.
 
"തിന്നരുതെന്നു ഞാന്‍ കല്പിച്ച പഴം, നീ തിന്നോ?" 

താൻ പിടിക്കപ്പെട്ടുവെന്ന് ആദത്തിനു മനസ്സിലായി.

"അങ്ങെനിക്കു കൂട്ടിനുതന്ന സ്‌ത്രീയാണ് ആ പഴം എനിക്കുതന്നത്; ഞാനതു തിന്നു."

എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമെന്ന് ഹവ്വയെ വിശേഷിപ്പിച്ച അതേ നാവുകൊണ്ടുതന്നെ അവനവളെ തള്ളിപ്പറഞ്ഞു. അവളെ, തനിക്കു നല്കിയ ദൈവത്തെപ്പഴിച്ചു.

"നീ എന്തിനിതു ചെയ്‌തു?" ദൈവം സ്‌ത്രീയോടു ചോദിച്ചു

അവള്‍ പറഞ്ഞു: " അങ്ങുസൃഷ്ടിച്ച സര്‍പ്പം; അവനെന്നെ വഞ്ചിച്ചു; ഞാന്‍ പഴംതിന്നു." സർപ്പത്തെ സൃഷ്ടിച്ച ദൈവത്തെത്തന്നെയാണ് അവളും പഴിച്ചത്.

ദൈവമായ കര്‍ത്താവ്‌, സര്‍പ്പത്തെ ശപിച്ചു: "ഇതുചെയ്‌തതുകൊണ്ട്‌, നീ ശപിക്കപ്പെട്ടതായിരിക്കും. ജീവിതകാലംമുഴുവന്‍, നീ മണ്ണിലിഴഞ്ഞുനടക്കുകയും പൊടിതിന്നാനിടവരികയുംചെയ്യും.
നീയും സ്‌ത്രീയുംതമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയുംതമ്മിലും ശത്രുതയിലാകും. അവന്‍ നിന്റെ തല തകര്‍ക്കും. നീ, അവന്റെ കുതികാലില്‍ പരിക്കേല്പിക്കും."

അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നിനക്കു വർദ്ധിച്ചഗര്‍ഭാരിഷ്‌ടതകള്‍ ഞാൻനല്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ ആസക്തിയുണ്ടായിരിക്കും; അവന്‍ നിന്നെ ഭരിക്കുകയുംചെയ്യും."

ആദത്തോടു കർത്താവു പറഞ്ഞു: "തിന്നരുതെന്നു ഞാന്‍പറഞ്ഞ പഴം തിന്നതിനാൽ, നീമൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കുന്നു. ആയുഷ്‌കാലംമുഴുവന്‍ കഠിനാദ്ധ്വാനംചെയ്ത്, നീ അതില്‍നിന്നു ജീവനംതേടും. മണ്ണ്, മുള്ളും മുള്‍ച്ചെടികളും മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. നെറ്റിയിലെ വിയര്‍പ്പിനാൽ നീ ഭക്ഷണംസമ്പാദിക്കണം. നീ മണ്ണാണ്‌, മണ്ണിലേക്കുതന്നെ മടങ്ങും."

അനന്തരം ദൈവമായ കര്‍ത്താവ്‌ ഒരു മൃഗത്തെക്കൊന്നു...  പാപപരിഹാരത്തിനായുള്ള ആദ്യത്തെ രക്തബലിയർപ്പിക്കപ്പെട്ടു. അതിന്റെ തോലുകൊണ്ട്‌, ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.

കർത്താവു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയുമറിയാൻ പ്രാപ്തനായി, നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനിയവന്‍ ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടെ പറിച്ചുതിന്ന്‌, അമര്‍ത്ത്യനാകാനിടയാകരുത്‌." 

ജീവന്റെ വൃക്ഷത്തിലേയ്ക്കുള്ള വഴിയിൽ കർത്താവ് മാലാഖമാരെ കാവല്‍നിറുത്തി; ആദത്തേയും ഹവ്വയേയും ഏദൻതോട്ടത്തിൽനിന്നു പുറത്താക്കുകയുംചെയ്തു. 

Sunday, 5 March 2017

1. ഉൽപത്തി

ബൈബിൾക്കഥകൾ - 1


സാന്ദ്രതമസ്സിനാൽ പ്രപഞ്ചം നിറഞ്ഞിരുന്നു... 

പ്രപഞ്ചമെന്നാൽ, ഘോരമായ അന്ധകാരവും അചിന്ത്യമായ നിശബ്ദതയുംമാത്രം! ആ നിശബ്ദതയെ ഭേദിച്ച്, വല്ലപ്പോഴും ഓളമിളക്കുന്നൊരു ജലാശയം ആ അന്ധകാരത്തിലെവിടെയോ ഉണ്ടായിരുന്നു. ജലത്തിനുമീതേ ചലിച്ചിരുന്ന ആത്മരൂപനായ ദിവ്യചൈതന്യത്തിൽനിന്നൊരു വചനമുളവായി, ദൈവത്തിന്റെ വചനം!

"വെളിച്ചമുണ്ടാകട്ടെ...!" 

ദൈവമായ കർത്താവിന്റെ വചനം സൃഷ്ടികർമ്മമാരംഭിച്ചു...

വെളിച്ചമുണ്ടായിത്തുടങ്ങി...  പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സ്!

അതിസൂക്ഷ്മമായൊരു ബിന്ദുവിൽത്തുടങ്ങി, പൊട്ടുപോലെ വളർന്ന്, കൂടുതൽകൂടുതൽ വ്യാസദൈർഘ്യത്തിലേക്കു പ്രകാശമെത്തി. ദൈവതേജസ്സിൽനിന്നുള്ള പ്രകാശം! രൂപരഹിതവും ശൂന്യവുമായ പ്രപഞ്ചത്തിന്റെ പ്രാഗ്രൂപം തെളിഞ്ഞുതുടങ്ങി. മെല്ലെമെല്ലെ, പ്രകാശമതിന്റെ ജ്യോതിപൂർണ്ണതയിലേക്കെത്തി. പിന്നെയതു മടക്കയാത്രയാരംഭിച്ചു. പ്രകാശം അല്പാല്പമായി മങ്ങി, പ്രപഞ്ചം വീണ്ടുമിരുട്ടിലേയ്ക്കു മടങ്ങി... 

പ്രപഞ്ചത്തിലെ ആദ്യത്തെ ഉഷസ്സിൽനിന്ന് ആദ്യത്തെ സന്ധ്യയിലേക്കുള്ള യാത്ര... വെളിച്ചത്തിൽനിന്നു പ്രപഞ്ചം വീണ്ടും അന്ധകാരത്തിലേക്കു മടങ്ങി...

വെളിച്ചം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. വെളിച്ചത്തിനു പകലെന്നും ഇരുട്ടിനു രാത്രിയെന്നും ദൈവം പേരിട്ടു.

കാലഗണനയ്ക്കായി സമയസൂചികകളില്ലെങ്കിലും സന്ധ്യയായി...  ഉഷസ്സായി... സഹസ്രാബ്ദ്ധങ്ങളുടെ ദൈർഘ്യമുള്ള ആദ്യത്തെ ദിവസം പൂർത്തിയായി... 

ദൈവത്തിന്റെ വചനം വീണ്ടുമുയർന്നു...

"ജലമദ്ധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ..." 

സാവധാനം, ജലമദ്ധ്യത്തിലൂടെ ഒരു വിതാനം രൂപമെടുത്തു.. വിതാനത്തിനു മുകളിലും താഴെയുമായി പ്രപഞ്ചത്തിലെ ജലം രണ്ടായി വേർതിരിഞ്ഞു...  

ആ വിതാനത്തിന്, ദൈവം ആകാശമെന്നു പേരിട്ടു. ആകാശം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... രണ്ടാം ദിവസവും കടന്നുപോയി.

"ആകാശത്തിനുകീഴിലുള്ള ജലമെല്ലാം ഒരുമിച്ചുകൂടട്ടെ.. ജലമൊഴുകിമാറുന്ന ഇടങ്ങളിൽ കര പ്രത്യക്ഷപ്പെടട്ടെ.!" ദൈവവചനം വിണ്ടുമുയർന്നു. 

വചനം യാഥാർത്ഥ്യമായി. ജലംനിറഞ്ഞ പ്രദേശങ്ങളെ കടലെന്നും ജലമൊഴുകിമാറിയുണ്ടായ കരയെ ഭൂമിയെന്നും ദൈവം വിളിച്ചു. 

ദൈവമായ കര്‍ത്താവ്‌, ആകാശവും ഭൂമിയുംസൃഷ്‌ടിച്ച ആദ്യനാളുകളിൽ മഴപെയ്യിച്ചിരുന്നില്ല. അതിനാൽ പുല്ലോ ചെടിയോ ഭൂമിയില്‍
മുളച്ചിരുന്നുമില്ല.  

ദൈവമരുളിച്ചെയ്തു: "ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളേയും മുളപ്പിക്കട്ടെ... ധാന്യച്ചെടികളും ഫലവൃക്ഷങ്ങളുമുണ്ടാകട്ടെ..."

ദൈവവചനം യാഥാർത്ഥ്യമായി... ഹരിതസസ്യങ്ങളും ഫലവൃക്ഷങ്ങളും ഭൂമിയിൽ മുളച്ചുപൊന്തി... ഭൂമിയെ ഹരിതാഭമാക്കിയ സസ്യജാലം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. 

സന്ധ്യയായി...  ഉഷസ്സായി... സുദീർഘമായ മൂന്നാംദിവസവും പൂർത്തിയായി.

ദൈവം വീണ്ടുമരുളിച്ചെയ്തു. രാത്രിയേയും പകലിനേയും വേര്‍തിരിക്കാനായി ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങളുണ്ടാകട്ടെ. ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളുംകുറിക്കുന്ന അടയാളങ്ങളായി അവ മാറട്ടെ!"

അപ്രകാരം സംഭവിച്ചു. ആകാശത്തിൽ രണ്ടു മഹാദീപങ്ങളുണ്ടായി. ആ ദീപങ്ങളിൽ പ്രകാശംനിറഞ്ഞു.  

പകൽവേളയിൽ ഭൂമിയില്‍ പ്രകാശംചൊരിയാന്‍വേണ്ടി വലുതും പ്രകാശമേറിയതുമായ ഒരു മഹാദീപം. രാത്രിയിലേക്കായി പ്രകാശംകുറഞ്ഞ മറ്റൊരു മഹാദീപം....  പകലിന്റെ ദീപത്തിനു സൂര്യനെന്നും രാവിന്റെ ദീപത്തിനു ചന്ദ്രനെന്നും ദൈവം പേരിട്ടു. അവയ്ക്കൊപ്പം  ആകാശവിതാനത്തിനു മുകളിലായി, എണ്ണമറ്റ നക്ഷത്രങ്ങളേയും ദൈവം സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു.

സന്ധ്യയായി, ഉഷസ്സായി... സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി, പ്രപഞ്ചത്തിലെ നാലാം ദിവസത്തിന്റെ അവസാനമായി.

"ജലത്തിൽനിന്നു ജീവനുളവാകട്ടെ...!"  ദൈവമരുളിച്ചെയ്തു. ആ വചനംപോലെതന്നെ സംഭവിച്ചു. ഭീമാകാരങ്ങളായ ജലജന്തുക്കളും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന മത്സ്യങ്ങളും മറ്റെല്ലാത്തരം ജലജീവികളും സൃഷ്ടിക്കപ്പെട്ടു.

ജലജീവികളുടെ സൃഷ്ടി പൂർത്തിയായപ്പോൾ, ദൈവം പക്ഷികളെ സൃഷ്ടിച്ചു. അവ, ആകാശവിതാനത്തില്‍,  ഭൂമിയുടെമേലെ പറന്നു.

താൻസൃഷ്ടിച്ച ജീവികളെല്ലാം നല്ലതെന്നു ദൈവം കണ്ടു.

"ജലജീവികളേ, സമൃദ്ധമായിപ്പെരുകി, കടലിൽ നിറയുവിൻ. പക്ഷികളും ഭൂമിയില്‍ പെരുകട്ടെ..."  താൻ സൃഷ്ടിച്ച ജീവികളെയെല്ലാം ദൈവമനുഗ്രഹിച്ചു.

സന്ധ്യയായി, ഉഷസ്സായി... അഞ്ചാം ദിവസം പരിസമാപ്തമായി!

ദൈവം വീണ്ടുമരുളിച്ചെയ്‌തു:  കന്നുകാലികള്‍, ഇഴജന്തുക്കള്‍, വന്യജീവികൾതുടങ്ങിയ എല്ലാത്തരം മൃഗങ്ങളും ഭൂമിയിലുണ്ടാകട്ടെ!. അങ്ങനെ സംഭവിച്ചു. താൻ സൃഷ്ടിച്ച മൃഗങ്ങളും ഇഴജന്തുക്കളും നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.

ദൈവം പറഞ്ഞു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. അവനു കടലിലെ ജീവികളുടേയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ നാല്‍ക്കാലികളുടെയും ഇഴജന്തുക്കളുടേയും ഭൂമിമുഴുവന്റേയുംമേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ..."

ഭൂമിയിലെ പൂഴികൊണ്ട്, ദൈവം തന്റെ ഛായയില്‍ മനുഷ്യനെ രൂപപ്പെടുത്തി. അവന്റെ നാസികയിലേക്ക്, അവിടുന്നു തന്റെ ജീവശ്വാസം നിശ്വസിച്ചു. ദൈവത്തിന്റെ നിശ്വാസമേറ്റപ്പോൾ, മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

മനുഷ്യനുൾപ്പെടെ, ഭൂമിയിലെ എല്ലാ ജീവികൾക്കും സസ്യങ്ങളിൽനിന്നുമാത്രമാണ്,  ദൈവം ഭക്ഷണമനുവദിച്ചത്.

അവിടുന്നരുൾച്ചെയ്തു: "ഭൂമിയിൽ ഞാൻസൃഷ്ടിച്ച, ധാന്യംവിളയുന്ന എല്ലാച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്‌ക്കുന്ന എല്ലാ വൃക്ഷങ്ങളും നിങ്ങൾക്കു ഞാൻ ഭക്ഷണത്തിനായിത്തരുന്നു,"

സൂര്യനുദിക്കുന്ന ദിക്കിൽ കർത്താവൊരു തോട്ടം സൃഷ്ടിച്ചു. ആ തോട്ടത്തിൽ ഒരുറവയുണ്ടായി. ആ ഉറവ, നാലു നദികളായി പിരിഞ്ഞൊഴുകി. പിഷോൺ, ഗിഹോൻ, ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നിവയായിരുന്നു, ആ നാലുനദികൾ.

പ്രപഞ്ചത്തിലെ മറ്റെല്ലാസ്ഥലങ്ങളെക്കാളും മനോഹരമായ ആ തോട്ടത്തിന് ഏദൻ എന്നു ദൈവം പേരിട്ടു. കാണാൻ സുന്ദരവും ഭക്ഷിക്കാന്‍ സ്വാദുള്ളതുമായ ഫലങ്ങൾകായ്‌ക്കുന്ന നിരവധി വൃക്ഷങ്ങൾ, ആ തോട്ടത്തിലെ മണ്ണില്‍നിന്നു ദൈവം പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിലുണ്ടായിരുന്നു. ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽ താമസിപ്പിച്ചു. 

മനുഷ്യൻ തന്നോടു വിശ്വസ്തനായിരിക്കുമോയെന്നു പരീക്ഷിച്ചറിയാൻ ദൈവം നിശ്ചയിച്ചു. അവിടുന്നവനോടു കല്പിച്ചു: "തോട്ടത്തിലെ എല്ലാവൃക്ഷങ്ങളുടെയും ഫലം നിനക്കു ഭക്ഷിക്കാം. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുത്. അതു ഭക്ഷിച്ചാൽ നീ മരിക്കും."

മനുഷ്യൻ പ്രപഞ്ചംമുഴുവൻ കണ്ടു. പ്രപഞ്ചത്തിലെ സകലജീവജാലങ്ങളും അവന്റെ കണ്മുമ്പിലെത്തി. പ്രപഞ്ചത്തിലെ സകലസൃഷ്ടികളുടേയുംമേൽ അവനാധിപത്യമുണ്ടായിരുന്നു. എങ്കിലും മനുഷ്യന്റെ മുഖം മ്ലാനമായിരുന്നു. ഏദൻതോട്ടത്തിന്റെ മനോഹാരിതയ്ക്കു നടുവിലായിരുന്നിട്ടും അവന്റെ ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നില്ല.

തന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവം സൂക്ഷിച്ചുവീക്ഷിച്ചു. മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ലെന്നു ദൈവം കണ്ടു. അതിനാൽ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാഴ്‌ത്തി, അവന്റെ വാരിയെല്ലുകളിലൊന്ന്‌ ദൈവമവനിൽനിന്നു വേർപെടുത്തി, അതിന്റെ സ്ഥാനത്തു  മാംസംനിറച്ചു.

മനുഷ്യനില്‍നിന്നെടുത്ത വാരിയെല്ലുകൊണ്ട്‌, അവനു് അനുപൂരകമായ മറ്റൊരു മനുഷ്യരൂപം ദൈവം സൃഷ്ടിച്ചു. അവിടുന്ന്‌ ഒരു സ്‌ത്രീയ്ക്കു രൂപംകൊടുത്തു. അവളെ അവന്റെമുമ്പില്‍ നിറുത്തിയിട്ട്, ദൈവമവനെയുണർത്തി.

നിദ്രയിൽനിന്നുണർന്ന മനുഷ്യൻ, വിസ്മയഭരിതനായി. അദ്ഭുതംകൂറുന്ന മിഴികളോടെ അവൻ സ്ത്രിയെ നോക്കിക്കണ്ടു. അവന്റെ ഹൃദയം സന്തോഷഭരിതമായി. മുഖത്തെ മ്ലാനതയകന്നു...

അത്യാഹ്ലാദത്തോടെ അവന്‍ പറഞ്ഞു: "ഒടുവിലിതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ട്, ഇവൾ നാരിയെന്നു വിളിക്കപ്പെടും."
 
 
പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും അവർക്കു ലജ്ജതോന്നിയില്ല. എന്തെന്നാൽ ദൈവം സൃഷ്ടിച്ചവയെല്ലാം വിശുദ്ധവും ആസ്വാദ്യകരവുമായിരുന്നു. നിറഞ്ഞഹൃദയത്തോടെ പുരുഷൻ, സ്ത്രീയുടെനേരേ കൈനീട്ടി. അവൾ, അവനോടുചേർന്നു. അവർ ഒറ്റശരീരമായിത്തീർന്നു..
സന്ധ്യയായി, ഉഷസ്സായി... പ്രപഞ്ചസൃഷ്ടിയുടെ ആറാംദിവസം പൂർത്തിയായി.

ആറുദിനങ്ങൾകൊണ്ട്, പ്രപഞ്ചത്തിന്റെ സൃഷ്ടികർമ്മം പൂർത്തിയാക്കി, ഏഴാംദിവസം ദൈവം വിശ്രമിച്ചു. താൻ വിശ്രമിച്ച ഏഴാംദിവസത്തെ അവിടുന്ന്, അനുഗ്രഹിച്ചു വിശുദ്ധമാക്കി!  

Friday, 30 April 2010

അബ്രാഹം - വിശ്വാസികളുടെ പിതാവു്


"കുട്ടനങ്കിളേ, അബ്രാഹമിനെ വിശ്വാസികളുടെ പിതാവു് എന്നു വിളിക്കുന്നതെന്തുകൊണ്ടാണു്?"

ഞായറാഴ്ച രാവിലെ കുർബ്ബാനകഴിഞ്ഞു വീട്ടിലെത്തിയ ഉടനെയായിരുന്നു ഷിവാനിയുടെ ചോദ്യം.

"ഇതൊരു നല്ല ചോദ്യമാണല്ലോ! ലോകജനസംഖ്യയിലെ മഹാഭൂരിപക്ഷവും അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി ആദരിക്കുന്നു. അതിനുകാരണം അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതതന്നെയാണു്."

"ഞങ്ങൾക്കു് അബ്രാഹമിന്റെ കഥ പറഞ്ഞുതരുമോ?" കിച്ചുവിനു കഥയാണു കേൾക്കേണ്ടതു്.

"ബൈബിളിൽ ഉൽപത്തി പുസ്തകത്തിലാണു് അബ്രഹാമിന്റെ ജീവിതകഥ രേഖപ്പെടുത്തിയിട്ടുള്ളതു്. അതു കുട്ടനങ്കിൾ പറഞ്ഞുതരാം.



നോഹയുടെ വംശാവലിയില്‍ തെരാഹിന്‍റെ പുത്രനായാണ്‌ അബ്രാഹം ജനിച്ചത്. അബ്രാഹത്തിനു മാതാപിതാക്കള്‍ നല്‍കിയ പേര് അബ്രാം എന്നായിരുന്നു."

"പിന്നെങ്ങനെയാണ് അബ്രാം അബ്രാഹം ആയത്?" ചിന്നുമോള്‍ ചോദിച്ചു.

"അബ്രാം അബ്രാഹമായ കഥതന്നെയാണു നമ്മള്‍ പറയുന്നത്."

ഒരിക്കല്‍ ഒരു ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: നീ ഇപ്പോള്‍ ജീവിക്കുന്ന ഹാരാന്‍ദേശവും നിന്‍റെ ബന്ധുമിത്രാദികളെയുംവിട്ട് ഞാന്‍ പറയുന്ന നാട്ടിലേക്കുപോവുക. നിന്നെയും നിന്റെ തലമുറകളെയും ഭൂമിയിലുള്ള സകലര്‍ക്കും ഞാന്‍ അനുഗ്രഹമാക്കിമാറ്റും.

കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച അബ്രാം, ഭാര്യ സാറായിയോടും സഹോദരപുത്രനായ ലോത്തിനോടുമൊപ്പം കര്‍ത്താവുപറഞ്ഞ കാനാന്‍ദേശത്തേക്കു പുറപ്പെട്ടു.

അബ്രാമിനും ലോത്തിനും ധാരാളം കന്നുകാലികളുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന നാട്ടിലെ മേച്ചില്‍പ്പുറങ്ങള്‍ അവരുടെ കാലികള്‍ക്കു തികയാതെവന്നതിനാല്‍ അവരുടെ ഇടയന്മാര്‍തമ്മില്‍ പലപ്പോഴും കലഹങ്ങളുണ്ടായി. അതിനാല്‍ അബ്രാമും ലോത്തും രണ്ടിടങ്ങളിലായി വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു.

ദൈവം തനിക്കു നല്കിയ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന അബ്രാം ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം നീ തെരഞ്ഞെടുക്കുക. നീ തെരഞ്ഞെടുക്കുന്നതിന് എതിര്‍വശത്തേക്കു ഞാന്‍ പോകാം.

ജോര്‍ദ്ദാന്‍നദിയുടെ താഴ്വരയിലുള്ള, ഫലപുഷ്ടവും സമൃദ്ധവുമായ സോദോംനഗരത്തില്‍ താമസമുറപ്പിക്കാന്‍ ലോത്ത് തീരുമാനിച്ചു.

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു: “നീ തലയുയര്‍ത്തി നാലുചുറ്റും നോക്കുക. നീ കാണുന്നപ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. ഭൂമിയിലെ പൂഴിപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപം താമസമാക്കി. അവിടെ അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. വലിയ സമ്പന്നരായിരുന്നെങ്കിലും അബ്രാമിനും ഭാര്യ സാറായിയ്ക്കും സന്താനഭാഗ്യമുണ്ടായിരുന്നില്ല.

അബ്രാമിന് എഴുപത്തഞ്ചുവയസ്സു പ്രായമുള്ളപ്പോള്‍, അബ്രാമിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. ദര്‍ശനത്തില്‍ കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു; “അബ്രാം, നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും”

അബ്രാം പറഞ്ഞു: “കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്കെന്തു പ്രതിഫലമാണു ലഭിക്കാനുള്ളത്? എന്റെ കാലശേഷം ഈ സമ്പത്തെല്ലാം അന്യാധീനപ്പെട്ടുപോകില്ലേ?”

“നിന്റെ സമ്പത്ത് അന്യാധീനമാകില്ല, നിന്റെ പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. നീ ആകാശത്തേക്കു നോക്കുക; അവിടെക്കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. “

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.

വര്‍ഷങ്ങള്‍ ഒരുപാടു കടന്നുപോയി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാറാ ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോ ചെയ്തില്ല. അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുംപ്രത്യക്ഷപ്പെട്ടു പറഞ്ഞു: "സര്‍വ്വശക്തനായ ദൈവമാണു ഞാന്‍; എന്റെ മുമ്പില്‍ കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാനെന്റെയുടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും."

ഇതുകേട്ടപ്പോള്‍ അബ്രാം മണ്ണില്‍ കമിഴ്ന്നുകിടന്നു ചിരിച്ചുപോയി. നൂറുവയസ്സു തികഞ്ഞയാള്‍ അച്ഛനാകുമെന്നോ! തൊണ്ണൂറു തികഞ്ഞ സാറ, ഇനി പ്രസവിക്കുന്നതെങ്ങനെ? അബ്രാം മനസ്സില്‍ ചിന്തിച്ചു.

"അതുശരിയാണല്ലോ കുട്ടനങ്കിളേ, വയസ്സായ അമ്മുമ്മമാര്‍ക്കു മക്കളുണ്ടാകില്ലല്ലോ!" രോഷ്നി മനസ്സില്‍തോന്നിയതു വിളിച്ചുപറഞ്ഞു. കുട്ടികള്‍ കൂട്ടച്ചിരിയായി.

"മിണ്ടാതിരുന്നു കഥ കേള്‍ക്കുന്നുണ്ടോ?" ഷിവാനി മൂത്തചേച്ചിയുടെ അധികാരമെടുത്തു സഹോദരങ്ങളെ ശാസിച്ചു.

"അബ്രാം അങ്ങനെ മനസ്സില്‍ ചിന്തിച്ചതെന്തെന്നു ദൈവമറിഞ്ഞു." കുട്ടനങ്കിള്‍ കഥ തുടര്‍ന്നു. "ദൈവം പറഞ്ഞു: നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. കാരണം ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാനവളെയനുഗ്രഹിക്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. നിന്റെ ഭാര്യ സാറാ നിനക്കായൊരു പുത്രനെ പ്രസവിക്കും. നീയവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരുടമ്പടി സ്ഥാപിക്കും.

ഇതുസംഭവിക്കുന്നതിനുവേണ്ടി നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായി ഒരുടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടിയിതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനംചെയ്യണം. തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും."

"പരിച്ഛേദനമോ, അതെന്താ?" രോഹിത്ത് ചോദിച്ചു.

"അതു വളരെ എളുപ്പമുള്ള കാര്യമാണ്" കുട്ടനങ്കിള്‍ രോഹിത്തിനെ നോക്കി ചിരിച്ചു. എന്നിട്ടു തുടര്‍ന്നു. ആണ്‍കുട്ടികളുടെയെല്ലാം ചുക്കുമണിയുടെ അറ്റം മുറിച്ചുകളയണം"

"അയ്യോ, അതുശരിയാകില്ല..." ചിക്കുവിന്റെ പെട്ടെന്നുള്ള പ്രതികരണം വീണ്ടും കൂട്ടച്ചിരിയുയര്‍ത്തി.

"പക്ഷേ, അബ്രഹാം ചിക്കു പറഞ്ഞതുപോലെ പറഞ്ഞില്ല." കുട്ടനങ്കിള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. "ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് ഉറച്ചുവിശ്വസിച്ച അബ്രാഹം, തന്റെ ജോലിക്കാരടക്കം വീട്ടിലുള്ള സകലപുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്തു."

കുറച്ചുദിവസങ്ങള്‍ക്കുശേഷം കര്‍ത്താവു വീണ്ടും അബ്രഹാമിനെ സന്ദര്‍ശിച്ചു. ഒരുദിവസം ഉച്ചസമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കലിരിക്കുകയായിരുന്നു. അപ്പോൾ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അതിഥിസല്‍ക്കാരപ്രിയനായിരുന്ന അബ്രാഹം അവരെക്കണ്ട്, കൂടാരവാതില്‍ക്കല്‍നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്നു. അബ്രഹാം മൂന്നു വ്യക്തികളെയാണു കണ്ടത്. എന്നാല്‍ അതുകര്‍ത്താവായിരുന്നു.

അബ്രഹാം പറഞ്ഞു: "സ്നേഹിതരേ, വരൂ, അല്പനേരം എന്റെ കൂടാരത്തില്‍ വിശ്രമിച്ചു ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ക്കു യാത്രതുടരാം. കാലുകഴുകാന്‍ ഞാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. നിങ്ങള്‍ ഈ മരത്തണലിലിരുന്നു വിശ്രമിക്കുക."

അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ കാലിക്കൂട്ടത്തില്‍നിന്ന്, കൊഴുത്തുതടിച്ച ഒരിളം കാളക്കുട്ടിയെപ്പിടിച്ചു വേലക്കാരനെ ഏല്പിച്ചു. ഉടനെ അവനതു പാകംചെയ്തു.

അബ്രാഹം വെണ്ണയും പാലും, പാകംചെയ്ത മൂരിയിറച്ചിയും അതിഥികളുടെമുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടുനിന്നു.

അവര്‍ അവനോടു ചോദിച്ചു: "നിന്റെ ഭാര്യ സാറായെവിടെ?"

"കൂടാരത്തിലുണ്ട്" അവന്‍ മറുപടി പറഞ്ഞു.

കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേവരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്കൊരു മകനുണ്ടായിരിക്കും."

അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: "എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യമുണ്ടാകുമോ?"

"കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്? കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത്, വസന്തത്തില്‍ ഞാന്‍ നിന്റെയടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്കൊരു മകനുണ്ടായിരിക്കും."

അതിഥികള്‍ അവരെ അനുഗ്രഹിച്ചു യാത്രയായി. അബ്രഹാം ദൈവത്തിന്റെ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചു.

"അബ്രഹാത്തിന്റെ അതിഥികള്‍ ഭക്ഷണവും വിശ്രമവുംകഴിഞ്ഞു വീണ്ടും യാത്രയായല്ലോ! ഇനി ഇവിടുള്ളവര്‍ക്കും എന്തെങ്കിലും കഴിച്ചിട്ടാകാം, ബാക്കി കഥപറയല്‍ ..." ലവ് ലിയാന്റി കഥക്കൂട്ടത്തിനിടയിലേക്കു വന്നു.

"അതെയതെ, എനിക്കു വിശക്കുന്നുണ്ട്; ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് അബ്രഹാമിന്റെ കഥ തുടരാം." കുട്ടനങ്കിളും ലവ് ലിയാന്റിയുടെ അഭിപ്രായത്തോടു യോജിച്ചു.

അബ്രഹാമിന്റെ കഥയ്ക്ക് ഒരിടവേളനല്കി, കുട്ടനങ്കിളും കുട്ടികളും ഭക്ഷണമുറിയിലെത്തിയപ്പോൾ മേശപ്പുറത്തു ചൂടുള്ള ഇഡ്ഢലിയും ചട്നിയും തയ്യാറായിരുന്നു.

"ചായ കുടിക്കുന്നതിനൊപ്പംതന്നെ അബ്രാഹത്തിന്റെ കഥയും തുടർന്നാലോ?" കുട്ടനങ്കിൾ ചോദിച്ചു.

"കേൾക്കാൻ ഞങ്ങൾ റെഡി." കുട്ടികൾ ഒന്നിച്ചു പറഞ്ഞു.

"എന്നാൽ ഭക്ഷണത്തോടൊപ്പം നമുക്കു് അബ്രാഹത്തിന്റെ കഥയും തുടരാം."

വാഗ്ദാന ചെയ്തതുപോലെ, ദൈവം സാറായെ അനുഗ്രഹിച്ചു. നൂറുവയസ്സുതികഞ്ഞ അബ്രാഹാമിന്റെ ഭാര്യയും വൃദ്ധയുമായ സാറാ ഗർഭംധരിച്ചു. കർത്താവു പറഞ്ഞ സമയത്തുതന്നെ സാറ ഒരു പുത്രനെ പ്രസവിച്ചു.

അബ്രാഹത്തിനും സാറയ്ക്കും വലിയ സന്തോഷമായി. അവർ കുഞ്ഞിനു് ഇസഹാക്ക് എന്നു പേരുവിളിച്ചു. കുഞ്ഞു പിറന്നതിന്റെ എട്ടാംദിവസം, ദൈവകല്പനയനുസരിച്ചു്, അബ്രഹാം ഇസഹാക്കിനെ പരിച്ഛേദനംചെയ്തു.

കാലം പിന്നെയും കടന്നുപോയി. ഒരു ദിവസം കർത്താവു് അബ്രാഹിമിനോടു പറഞ്ഞു. "നീ സ്നേഹിക്കുന്ന, നിന്റെ പുത്രൻ ഇസഹാക്കിനെ, മോറിയാ ദേശത്തു ഞാൻ കാണിക്കുന്ന മലയിൽ എനിക്കു ദഹനബലിയായർപ്പിക്കണം."

"അയ്യോ, മകനെ ബലിയർപ്പിക്കാനോ? എന്നിട്ടു് അബ്രഹാം അതു സമ്മതിച്ചോ?" ഷിവാനി ചോദിച്ചു

"അതു് അബ്രാഹത്തിന്റെ വിശ്വാസമെത്രത്തോളമുണ്ടെന്ന പരീക്ഷണമായിരുന്നു. എന്നാൽ സാറാ പ്രസവിക്കുന്ന പുത്രനിലൂടെ അനവധി തലമുറകളുടെ പിതാവാക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിൽ അബ്രഹാം പൂർണ്ണമായും വിശ്വസിച്ചു.

പിറ്റേന്നു പുലർച്ചെ, രണ്ടു ദാസന്മാർക്കും ഇസഹാക്കിനുമൊപ്പം അബ്രഹാം മോറിയമലയിലേക്കു യാത്രയായി. ബലിക്കുള്ള വിറകും അവർ കരുതിയിരുന്നു. കഴുതപ്പുറത്തായിരുന്നു അവരുടെ യാത്ര.

മൂന്നാംദിവസം അവർ മോറിയ മലയുടെ താഴ്‌വരയിലെത്തി. അബ്രഹാം ദാസന്മാരോടു പറഞ്ഞു. "നിങ്ങൾ കഴുതയുമായി ഇവിടെ നില്കുക. ഞങ്ങൾ മലമുകളിൽപോയി, കർത്താവിനെ ആരാധിച്ചു മടങ്ങിയെത്താം"

ദഹനബലിക്കുള്ള വിറകു്, ഇസഹാക്ക് തോളിൽവച്ചു.. കത്തിയും തീയും അബ്രഹാമെടുത്തു. മലമുകളിലേക്കു കയറിത്തുടങ്ങിയപ്പോൾ ഇസഹാക്ക് ചോദിച്ചു: "പിതാവേ, നമ്മുടെ കൈയ്യിൽ തീയും വിറകുമുണ്ടല്ലോ! എന്നാൽ ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?"

അത്, അബ്രഹാമിന്റെ ഹൃദയം തകർക്കുന്നൊരു ചോദ്യമായിരുന്നു. ഒരു നിമിഷം അയാൾ മകന്റെ മുഖത്തേക്കു നോക്കി. ഇസഹാക്കിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അബ്രഹാത്തിന്റെ മനസ്സിൽ കർത്താവിന്റെ വാഗ്ദാനത്തിന്റെ ഓർമ്മയുണർന്നു.

നൂറാംവയസ്സിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം തനിക്കു പിറന്ന പുത്രൻ! അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കുന്ന കർത്താവിന്റെ ദാനമാണിവൻ. ഇവനിലൂടെ തന്റെ തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനംചെയ്തതും അതേ കർത്താവുതന്നെ! തൊണ്ണൂറുവയസ്സു കഴിഞ്ഞ സാറയിലൂടെ തനിക്കിവനെ നല്കിയ ദൈവം, അവനിലൂടെ തനിക്കു നിരവധി തലമുറകൾ നല്കുമെന്ന വാഗ്ദാനവും നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ അബ്രഹാം പറഞ്ഞു: "കുഞ്ഞാടിനെ ദൈവം തരും"

അവർ മലമുകളിലേക്കു കയറി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബ്രഹാം അവിടെയൊരു ബലിപീഠം നിർമ്മിച്ചു. വിറകടുക്കിവച്ച് അവൻ കണ്ണുകളടച്ചു. ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തെക്കുറിച്ചു് ഒരിക്കൽക്കൂടെ ധ്യാനിച്ചു.

പിന്നെ ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തിൽക്കിടത്തി. മകനെ ബലികഴിക്കാൻ കത്തി കൈയിലെടുത്തു. "

തൽക്ഷണം ആകാശത്തുനിന്നും 'അബ്രഹാം അബ്രഹാം' എന്നു വിളിയുയർന്നു. അബ്രഹാം വിളികേട്ടു. "കുട്ടിയുടെമേൽ കൈ വയ്ക്കരുതു്. പൂർണ്ണമനസ്സോടെ നീ എന്നെ അനുസരിക്കുന്നവനാണെന്നു് നിന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു."

അബ്രഹാം തലയുയർത്തി നോക്കിയപ്പോൾ തനിക്കുപിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കി നില്കുന്ന ഒരു മുട്ടനാടിനെക്കണ്ടു. ഇസഹാക്കിനുപകരം ആ മുട്ടാടിനെ അവൻ ബലിയർപ്പിച്ചു.

കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു:

കര്‍ത്താവരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്‌കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:

ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ദ്ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.

നീ, എന്റെ വാക്കനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.

"അല്ല, ഭക്ഷണത്തിനു മുമ്പിലും ഇങ്ങനെ കഥയും പറഞ്ഞിരുന്നാലെങ്ങനാ? വേഗം കഴിച്ചിട്ടെഴുന്നേറ്റു പോകൂ" ലവ് ലിയാന്റി അല്പം ദേഷ്യത്തിലാണു്.

"കഴിഞ്ഞു, കഴിഞ്ഞു." കുട്ടനങ്കിൾ പറഞ്ഞു. "ഇസഹാക്കിലൂടെ അനേകം തലമുറകളെ നല്കുമെന്നു വാഗ്ദാനംചെയ്ത കർത്താവു്, അവനെ ബലിയർപ്പിക്കാൻ പറഞ്ഞാൽ, ബലിക്കുമപ്പുറം, അവനെ പുനർജ്ജീവിപ്പിച്ചു വാഗ്ദാനംപാലിക്കുമെന്ന വിശ്വാസം പ്രവൃത്തിപഥത്തിലെത്തിച്ച അബ്രഹാം, വിശ്വാസികളുടെ പിതാവെന്നു വിളിക്കപ്പെടാൻ എന്തുകൊണ്ടും അർഹനല്ലേ?"