Sunday 18 March 2018

54. ജോര്‍ദ്ദാന്‍നദിയിലെ രാജപാത

ബൈബിള്‍ക്കഥകള്‍ - 54

പുറത്ത്, ഭടന്മാരുടെ കാലൊച്ചകള്‍ വീടിനടുത്തേക്കുവരുന്ന ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ, ഇസ്രായേല്‍ച്ചാരന്മാരെ ചണനൂലുകള്‍ അട്ടിയായി അടുക്കിവച്ചിരുന്ന ഒരു മുറിക്കുള്ളില്‍, റാഹാബ് ഒളിപ്പിച്ചിരുന്നു.

"ഇപ്പോള്‍ നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ ഞങ്ങളെയേല്പിക്കുക. അവര്‍ നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണ്"  ജെറീക്കോയിലെ രാജഭടന്മാര്‍, വാതില്‍തുറന്നു പുറത്തെത്തിയ റാഹാബിനോടാവശ്യപ്പെട്ടു.

അവള്‍ ഭയത്തോടെ പറഞ്ഞു: "ഇന്നു സന്ധ്യയ്ക്ക് ഇവിടെ ചിലര്‍ വന്നിരുന്നുവെന്നതു സത്യമാണ്. അവരെവിടുത്തുകാരാണെന്നെനിക്കറിയില്ല. ഒരുപാടു വൈകാതെതന്നെ അവര്‍ ഇവിടെനിന്നു മടങ്ങിപ്പോയി. അവരെവിടെയ്ക്കാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ"

"ഞങ്ങള്‍ക്കു നിന്റെ വീടൊന്നു പരിശോധിക്കണം." ഭടന്മാരിലൊരുവന്‍ വാതിലിലൂടെ അകത്തുകടന്നു,

ഒന്നു പരുങ്ങിയെങ്കിലും റാഹാബ് ധൈര്യമവലംബിച്ചു പറഞ്ഞു:

"നിങ്ങള്‍ വീടുമുഴുവന്‍ പരിശോധിക്കുന്നതില്‍ എനിക്കു വിരോധമില്ല; എന്നാല്‍ സമയംകളയാതെ, വേഗം പട്ടണവാതുക്കല്‍പ്പോയി അന്വേഷിച്ചാല്‍ അവര്‍ കടന്നുകളയുന്നതിനുമുമ്പുതന്നെ നിങ്ങള്‍ക്കവരെ പിടികൂടാനാകും." 

"അവള്‍ പറയുന്നതു സത്യമാകും; വരൂ, നമുക്കു കൊട്ടവാതുക്കല്‍നിന്നു ജോര്‍ദ്ദാന്റെ കടവിലേക്കുള്ള വഴിയില്‍ അവരെത്തിരയാം."

പുറത്തുനിന്നിരുന്ന ഭടന്മാര്‍, അകത്തേയ്ക്കു കയറിയ ആളെ തിരികെവിളിച്ചു. അവര്‍ തിടുക്കത്തില്‍ അവിടെനിന്നു യാത്രയായി.

ഒരു ദീര്‍ഘനിശ്വാസത്തോടെ റാഹാബ് അകത്തേയ്ക്കുകയറി.

അവള്‍ ഇസ്രായേല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു; "ഈജിപ്തില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവന്നനാള്‍മുതല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ നയിച്ചതെങ്ങനെയെന്നു ഞാന്‍ കേട്ടിട്ടുണ്ട്. രാത്രിചെലവഴിക്കാന്‍ എന്റെയടുക്കല്‍ വന്നിട്ടുള്ളവരെല്ലാം നിങ്ങളെക്കുറിച്ചു ഭീതിയോടെമാത്രമാണു സംസാരിച്ചിട്ടുള്ളത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ദേശം നിങ്ങള്‍ക്കുതരാന്‍ നിശ്ചയിച്ചിരിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളെ എന്റെ രാജാവിനു നിങ്ങളെ  ഏല്പിച്ചുകൊടുത്താലും നിങ്ങളുടെയാളുകൾ എന്റെ രാജ്യം പിടിച്ചടക്കുമെന്നെനിക്കറിയാം. അതുകൊണ്ട് ഞാനൊരിക്കല്‍ക്കൂടെ നിങ്ങളോടപേക്ഷിക്കുന്നു,  എന്നോടും എന്റെ ബന്ധുജനങ്ങളോടും നിങ്ങള്‍ കാരുണ്യംകാണിക്കണം."

"ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍, നിന്റെ വീടിന്റെ ജനാലകളില്‍ ചുവന്നചരടുകള്‍  കെട്ടിയലങ്കരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുക്കളെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം. ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോയാല്‍ അവന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, ഈ വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍, അവന്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും. ഇക്കാര്യങ്ങള്‍ നീ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും."

റാഹാബ് ആശ്വാസത്തോടെ പറഞ്ഞു: "നിങ്ങളുടെ കാരുണ്യത്തിനു നന്ദി. പട്ടണവാസികള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുവിന്‍. വീടുകളിലെ വിളക്കുകളെല്ലാമണയുമ്പോള്‍, കോട്ടമതിലിനുനേരേ തുറക്കുന്ന  ജനലിലൂടെ നിങ്ങള്‍ക്കു കോട്ടചാടിക്കടക്കാം. നിങ്ങളെ അന്വേഷിക്കുന്നവര്‍ ജോര്‍ദ്ദാന്‍കടവിനെ ലക്ഷ്യമാക്കിയാകും പോയിട്ടുണ്ടാകുക; അതുകൊണ്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച്, മലമുകളിലേക്കു കയറുക, അവിടെനിന്ന് കോട്ടയുടെ ഉള്ളിലുള്ള ഈ രാജ്യം മുഴുവൻ വ്യക്തമായിക്കാണാം. ആരുംനിങ്ങളെ പിന്തുടരാനില്ലെന്നുറപ്പുവരുത്തിയശേഷം, നിങ്ങൾക്കു ജോര്‍ദ്ദാന്‍നദി കടക്കാം."

ജനല്‍വഴി, കോട്ട ചാടിക്കടക്കാനുതാകുംവിധം ചണനൂലിനാല്‍ തീര്‍ത്ത നീളമുള്ള ഒരുവടം അവളവര്‍ക്കു നല്കി. പട്ടണംമുഴുവന്‍ ഉറങ്ങിയപ്പോള്‍, അവര്‍ കോട്ട ചാടിക്കടന്നു. മൂന്നുദിവസം മലമുകളില്‍ ഒളിച്ചുതാമസിച്ച്, ജെറീക്കോയെ വ്യക്തമായി മനസ്സിലാക്കിയശേഷം, നാലാംദിവസം അവര്‍ ജോഷ്വയുടെപക്കല്‍ മടങ്ങിയെത്തി.

"ആ ദേശം കര്‍ത്താവു നമുക്കേല്പിച്ചുതന്നിരിക്കുന്നുവെന്നതു തീര്‍ച്ചയാണ്. കാരണം,അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്" അവര്‍ എല്ലാക്കാര്യങ്ങളും ജോഷ്വയോടു വിശദമായിപ്പറഞ്ഞു. മലമുകളിൽനിന്നു കണ്ട ജെറീക്കോയുടെ ഒരു രൂപരേഖ തുകൽച്ചുരുളിൽ വരച്ചു ജോഷ്വവയ്ക്കു കൈമാറുകയുംചെയ്തു. 

റാഹാബിനു നല്കിയ വാഗ്ദാനം പാലിക്കപ്പെടുമെന്ന്, ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ മുമ്പില്‍വച്ച്, ജോഷ്വാ അവര്‍ക്കുറപ്പു നല്കി.

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ജനം ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍കരയിലെത്തി. കരകവിഞ്ഞൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുടെ കരയില്‍ ജോഷ്വാ മുട്ടുകുത്തിനിന്നു. കര്‍ത്താവായ യാഹ്വേയുടെ കാരുണ്യത്തിനായി പ്രാര്‍ത്ഥനാനിരതനായ ജോഷ്വായോടു കര്‍ത്താവു പറഞ്ഞു: "ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് ജനമറിയുന്നതിനുവേണ്ടി, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ഞാന്‍ പറയുന്നതുപോലെ ചെയ്യുക."

ജോഷ്വ ജനത്തോടു പറഞ്ഞു: "ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ പാളയത്തിലുടനീളം നടന്നു ജനങ്ങളോടു പറഞ്ഞു: "എല്ലാവരും ആത്മാവിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിൻ... നിങ്ങളുടെ ദൈവവും കര്‍ത്താവുമായ യാഹ്വേയുടെ വാഗ്ദാനപേടകം, ലേവ്യപുരോഹിതന്മാര്‍ സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെയനുഗമിക്കുവിന്‍. ഈ വഴിയിലൂടെ ഇതിനുമുമ്പ്‌ നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരം മുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്."

ഒടുവിലിതാ, വാഗ്ദത്തദേശം പിടിച്ചടക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേലിന്റെ പുതുതലമുറ ആവേശഭരിതരായിരുന്നു...
മൂന്നാംദിവസം, മനസ്സും ശരീരവും വിശുദ്ധീകരിച്ച്, ജനംമുഴുവന്‍ ജോര്‍ദ്ദാന്‍നദി കടക്കാന്‍ തയ്യാറായി. 

ജോഷ്വാ ജനങ്ങളെമുഴുവന്‍ വിളിച്ചുകൂട്ടി പറഞ്ഞു: "ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും നിങ്ങളറിയണം. അതിനാൽ ആർക്കുമാശങ്കവേണ്ടാ. നിങ്ങളുടെ ആകുലതകളെല്ലാം കർത്താവിനു സമര്പ്പിച്ച്, അവിടുത്തെ ശക്തിയിലാശ്രയിക്കുവിൻ.

നിങ്ങളുടെ പിതാക്കന്മാർ ചെങ്കടൽ കടന്നതുപോലെതന്നെ, നിങ്ങളിന്നു ജോർദ്ദാൻ കടക്കും. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍, ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും."     

വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍നദീതീരത്തെത്തി. കരയിലേക്കു കടന്നെത്തുമോയെന്നു തോന്നുംവിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജോർദ്ദാൻനദി അവരെ ഭയപ്പെടുത്തിയില്ല.

പേടകം വഹിച്ചിരുന്ന പുരോഹിതന്മാർ ആദ്യം നദീതീരത്തെത്തി. പുരോഹിതരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു.. കരകവിയുംവിധമൊഴുകിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക്, സാവധാനം നിലച്ചുതുടങ്ങി. പാദങ്ങൾമാത്രം പൂർണ്ണമായി നനയുംവിധം പുരോഹിതന്മാർ നടിയിലേക്കിറങ്ങിനിന്നു... സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ, ജലം ചിറപോലെ പൊങ്ങി. അതിനപ്പുറമുള്ള വെള്ളം മുഴുവൻ, അരാബാ ഉപ്പുകടലിലേക്കൊഴുകി, നിശ്ശേഷം വാര്‍ന്നുപോയി. 

ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.       

ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട്, പുരോഹിതന്മാര്‍ ജോര്‍ദ്ദാന്റെ മദ്ധ്യത്തില്‍ വരണ്ടനിലത്തുനിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെത്തന്നെ നിന്നു.

No comments:

Post a Comment