Sunday 19 November 2017

38. സീനായ് മലയിലെ ഇടിമുഴക്കങ്ങള്‍


ബൈബിൾക്കഥകൾ 38 

ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടിട്ടു മൂന്നുമാസങ്ങള്‍കഴിഞ്ഞു.

നന്മവരുമ്പോള്‍ ദൈവത്തെ സ്തുതിച്ചും സന്നിഗ്ദ്ധാവസ്ഥകളില്‍ ദൈവത്തെയും മോശയേയും പഴിച്ചും അവര്‍ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു. മൂന്നു മാസവും ഒരു ദിവസവുംതികഞ്ഞ ദിവസം ഇസ്രായേല്‍, സീനായ് മലയുടെ താഴ്വാരത്തിലെത്തി. അവിടെ, ഒരു നീരുറവയോടുചേർന്നുള്ളൊരു പ്രദേശത്ത്, അവർ താവളമടിച്ചു. മലയടിവാരത്തിൽ, ഉറവയോടടുത്ത പ്രദേശങ്ങൾ കാട്ടുപുല്ലുകളും അവിടവിടെയായിക്കാണുന്ന കുറ്റിച്ചെടികളും വളർന്ന്, ചെറിയൊരു ഹരിതാഭ പകർന്നിരുന്നു.

മുൾച്ചെടികൾമാത്രം വളരുന്ന മരുപ്രദേശത്തുനിന്ന്, അല്പംകൂടെ പ്രശാന്തതനിറഞ്ഞ ഒരു പ്രദേശത്തെത്തിയതിൽ ജനങ്ങളെല്ലാം ആഹ്ലാദത്തിലായിരുന്നു. കൂടാരങ്ങളടിക്കുന്ന തിരക്കും നർമ്മസല്ലാപങ്ങളും കലാകായികവിനോദങ്ങളുമൊക്കെയായി എല്ലായിടത്തും ബഹളംതന്നെ!

കോലാഹലങ്ങളിൽനിന്നകന്ന്, ശാന്തതയിൽ പ്രാര്‍ത്ഥനയിലായിരിക്കാൻ മോശ മലമുകളിലേക്കു കയറി.

കര്‍ത്താവു മോശയോടു പറഞ്ഞു: "ഈജിപ്തിനോടു ഞാന്‍ ചെയ്തതെന്തെന്നും നിങ്ങളെ എങ്ങനെ ഞാന്‍ എന്റെയടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഈ ഭൂമിമുഴുവന്‍ എന്റെതാണ്. അതുകൊണ്ട്, നിങ്ങളെന്റെ വാക്കുകേള്‍ക്കുകയും എന്റെയുടമ്പടി പാലിക്കുകയുംചെയ്‌താല്‍, എല്ലാജനതകളിലുംവച്ച്, എനിക്കേറ്റവും പ്രിയപ്പെട്ട, എന്റെ സ്വന്തം ജനമായിരിക്കും നിങ്ങള്‍! നിങ്ങളെനിക്കു വിശുദ്ധജനവും പുരോഹിതരാജ്യവുമായിരിക്കും."

മലയിൽനിന്നു താഴെയിറങ്ങിയ ഉടനെ, മോശ ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരെ വിളിച്ചു കൂട്ടി, കര്‍ത്താവറിയിച്ച കാര്യങ്ങള്‍ അവരോടു വിശദീകരിച്ചു.

ശ്രേഷ്ടന്മാർ, തങ്ങൾക്കേല്പിക്കപ്പെട്ട കൂട്ടായ്മകളുമായി സംവദിച്ചു. എല്ലാവരും കർത്താവിനെയനുസരിക്കാനുള്ള സന്നദ്ധതയറിയിച്ചു.

"കര്‍ത്താവു കല്പിക്കുന്നതെല്ലാം ഞങ്ങളനുസരിച്ചു കൊള്ളാം." ഇസ്രായേല്‍ ഏകസ്വരത്തില്‍ മോശയോടു പറഞ്ഞു.

മോശ വീണ്ടും മലമുകളിലേക്കു കയറി. കര്‍ത്താവിന്റെ സന്നിധിയിലേക്കു് തൻ്റെ ഹൃദയമുയർത്തി. ജനങ്ങളുടെ വാക്കുകളറിയിച്ചപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു.

"ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ വിശ്വസിക്കുന്നതിനുംവേണ്ടി, ഒരു കനത്തമേഘത്തില്‍ ഞാന്‍ നിങ്ങളുടെ മദ്ധ്യത്തിലേക്കു വരുന്നു. നീ ചെന്ന്, ഇസ്രായേല്‍ജനതയെ വിശുദ്ധീകരിക്കുക. മനസ്സിലും ശരീരത്തിലും ആത്മാവിലും എല്ലാവരും വിശുദ്ധിയുള്ളവരായിരിക്കട്ടെ. മൂന്നാംദിവസം എല്ലാവരും തയ്യാറായിരിക്കണം. എന്തെന്നാല്‍, ജനംമുഴുവന്‍കാണ്‍കേ, ഞാന്‍ സീനായ് മലയില്‍ ഇറങ്ങിവരും. മലയ്ക്കുചുറ്റും നീ അതിര്‍ത്തി നിശ്ചയിക്കണം. ആരും ആ അതിര്‍ത്തികടന്നു മലയില്‍ക്കയറരുത്. അതിര്‍ത്തി കടക്കുന്നതു മനുഷ്യനായാലും മൃഗമായാലും ജീവൻ നഷ്ടപ്പെടും."

കര്‍ത്താവിന്റെ കല്പന, അഹറോൻവഴി, മോശ ജനങ്ങളെയറിയിച്ചു.

"നിങ്ങള്‍ മനസ്സിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിന്‍. വസ്ത്രങ്ങളലക്കുകയും കൂടാരങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യണം. ആരും ലൈംഗികവേഴ്ചയിലേര്‍പ്പെടരുത്..."

ജനങ്ങള്‍ മോശയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചു. എല്ലാവരും കർത്താവിനായി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.

മൂന്നാംദിവസം പ്രഭാതത്തില്‍, വലിയ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളുമുണ്ടായി. മലമുകളില്‍, കനത്തവെണ്മേഘങ്ങൾ നിറഞ്ഞു. അന്തരീക്ഷത്തിലെങ്ങും കാഹളധ്വനികള്‍ മുഴങ്ങി.

ദൈവത്തെക്കാണുന്നതിനായി മോശ ജനങ്ങളെ കൂടാരങ്ങളില്‍നിന്നു പുറത്തുകൊണ്ടുവന്നു. ഭയത്തോടെയും അദ്ഭുതത്തോടെയും
അവര്‍ മലയടിവാരത്തില്‍, മോശ നിശ്ചയിച്ച അതിർത്തിക്കു പുറത്തായി നിലയുറപ്പിച്ചു.

സീനായ് മലമുകളില്‍, ഇടിമുഴ ക്കങ്ങളുടെ അകമ്പടിയോടെ വെണ്മേഘങ്ങൾക്കുനടുവിൽ ഒരഗ്നിജ്വാലയായി കര്‍ത്താവിറങ്ങിവന്നു. മലമുഴുവന്‍ ധൂമാവൃതമായി. ചൂളയില്‍നിന്നെന്നപോലെ, പുകയുയര്‍ന്നുകൊണ്ടിരുന്നു. വലിയഭൂകമ്പത്താലെന്നപോലെ മല ശക്തമായി ഇളകിവിറച്ചു. ഇസ്രായേൽക്കാരെല്ലാം അതു വ്യക്തമായിക്കണ്ടു. എന്നാൽ മോശകല്പിച്ച അതിർത്തിക്കു പുറത്ത്, ജനങ്ങൾനിന്നിരുന്ന പ്രദേശങ്ങളും കൂടാരങ്ങളും ഇളകിയില്ല.

മോശ കര്‍ത്താവിനോടു സംസാരിച്ചു. കര്‍ത്താവ് ഇടിമുഴക്കത്തിൻ്റെ ശബ്ദത്തില്‍ അവനുത്തരംനല്കി.

കര്‍ത്താവു മോശയോടു പറഞ്ഞു. "നീ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കുക. ഇല്ലെങ്കില്‍ അനേകംപേര്‍ എന്നെ സമീപിക്കുകയും തല്‍ഫലമായി മരിക്കുകയുംചെയ്യും."

മോശ പറഞ്ഞു. "ജ് ജ് ജ് ജനങ്ങള്‍ക്കാര്‍ക്കും സീനായ് മലയിലേക്കു കയറാന്‍ ക് ക് ക് കഴിയില്ല. അ്അ്അ്അങ്ങു കല്പിച്ചതുപോലെ അതിര്‍ത്തി നിര്‍ണ്ണയിച്ച്, മ് മ് മ് മലയെ വിശുദ്ധസ്ഥലമായി ഞ് ഞ് ഞ് ഞങ്ങള്‍ പരിഗണിച്ചുകഴിഞ്ഞു."

"നീ അഹറോനോടൊപ്പം മലയിലേക്കു കയറിവരിക. എന്നാല്‍ ജനങ്ങളും ശ്രേഷ്ടന്മാരും അതിര്‍ത്തിലംഘിച്ച്, എന്റെ പക്കലേക്കു വരാതിരിക്കട്ടെ. അങ്ങനെസംഭവിച്ചാല്‍ എന്റെ കോപം, അവരുടെമേല്‍ പതിക്കും "

ഇടിമുഴക്കവും കാഹളധ്വനികളും കേള്‍ക്കുകയും മിന്നല്‍പ്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നുവിറച്ച്, അകലെ മാറിനിന്നു.

ജനങ്ങള്‍ മോശയോടു പറഞ്ഞു.

"ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍മതി ദൈവം ഞങ്ങളോടു സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും. "

മോശ പറഞ്ഞു: "ഭ്ഭ്ഭ്ഭയപ്പെടേണ്ട, ന് ന് ന് നിങ്ങളെ പരീക്ഷിക്കുന്നതിനും പ് പ് പ് പാപംചെയ്യാതിരിക്കാനായി ന് ന് ന് നിങ്ങളില്‍ ദൈവഭയമുളവാക്കുന്നതിനുംവേണ്ടിയാണു ക് ക് ക് കര്‍ത്താവു വന്നിരിക്കുന്നത്... കാത്തിരിക്കുക. ഞ് ഞ് ഞാൻ അഹറോനോടൊപ്പം മലമുകളിലേക്കു ക് ക് ക് കയറുന്നു..."

മലമുകളിൽ, ദൈവം സന്നിഹിതനായിരുന്ന കനത്തമേഘത്തിനടുത്തേക്കു് മോശ കയറിച്ചെന്നു. അഹറോന്‍ മോശയെ അനുഗമിച്ചു.

ജനങ്ങൾ ഭയത്തോടെ, കൂടുതൽ അകലേയ്ക്കു മാറിനിന്നു.

No comments:

Post a Comment